Prabodhanm Weekly

Pages

Search

2022 ജൂണ്‍ 17

3255

1443 ദുല്‍ഖഅദ് 17

തൃക്കാക്കര നല്‍കുന്ന പാഠം

എ.ആര്‍

സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് നാന്ദി കുറിച്ചിരിക്കുന്നു തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് ഫലമെന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. മണ്ഡലം നിലവില്‍വന്നത് മുതല്‍ ഇതുവരെ നടന്ന എല്ലാ നിയമസ സഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന പാരമ്പര്യമുള്ള തൃക്കാക്കരയില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെത്തുടര്‍ന്ന് അനിവാര്യമായ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് പാര്‍ട്ടി നിലനിര്‍ത്തിയതില്‍ അസാധാരണമായൊന്നുമുണ്ടാവേണ്ടതില്ല.  ഇലക്ഷന്‍ പ്രചാരണം ആരംഭിച്ചത് മുതല്‍ വോട്ടെണ്ണുന്നത് വരെ ഇടത്-വലത് മുന്നണികള്‍ ഒരുപോലെ വിജയാവകാശവാദം ഉന്നയിച്ചതിലുമില്ല അസാധാരണമായൊന്നും. പിന്നെയെങ്ങനെ, ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുമ്പൊരിക്കലും കാണാത്ത വിധം പ്രതിപക്ഷത്ത് അത്യാഹ്ലാദവും ഭരണപക്ഷത്ത് മ്ലാനതയും ദൃശ്യമായി എന്ന് ചോദിക്കുമ്പോഴാണ് അപ്രതീക്ഷിതവും അസാധാരണവുമാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടേണ്ടിവരുന്നത്.
പി.ടി തോമസിന്റെ ജീവിത പങ്കാളി ഉമാ തോമസിന് അവര്‍ പോലും പ്രതീക്ഷിക്കാത്ത മഹാഭൂരിപക്ഷം മണ്ഡലം സമ്മാനിച്ചത് എന്തുകൊണ്ട് എന്നതാണ് ചര്‍ച്ചാ വിഷയം. പി.ടി തോമസ് നേടിയെടുത്തതിനെക്കാള്‍ കവിഞ്ഞ ഭൂരിപക്ഷം ഉമ സ്വന്തമാക്കുമെന്ന് പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നെങ്കിലും അത് ജനങ്ങള്‍ മുഖവിലക്കെടുത്തിരുന്നില്ല. എന്നാല്‍, തോമസിന്റെ 14329-ന്റെ ഭൂരിപക്ഷം ഉമ 25,016 ആയി ഉയര്‍ത്തിയതാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. മൊത്തം 239 ബൂത്തുകളില്‍ 24 എണ്ണത്തില്‍ മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ലീഡ് നേടിയത്. പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയത് മുതല്‍ അവസാന ബൂത്തിലെ വോട്ടുകള്‍ എണ്ണിത്തീരുന്നത് വരെയുള്ള ഒരു ഘട്ടത്തിലും ഡോ. ജോ ജോസഫിന് ഉമയെ മറികടക്കാന്‍ കഴിഞ്ഞില്ലെന്നത് അതിശയകരം തന്നെയായിരുന്നു. ഈ തോല്‍വി അപ്രതീക്ഷിതമാണെന്ന് സി.പി.എമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനും, പ്രതീക്ഷിച്ചതു പോലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമ്മതിക്കേണ്ടിവന്നു. ക്യാപ്റ്റന്‍ പിണറായിയാവട്ടെ, മിണ്ടുന്നേയില്ല. പാര്‍ട്ടി പ്രതികരിച്ചാല്‍ മതി എന്നാണ് ഇതേപ്പറ്റി മറ്റുള്ളവരുടെ ന്യായം. എന്നാല്‍, ഇടത് മുന്നണിക്കേറ്റത് തിരിച്ചടിയല്ലെന്ന് സി.പി.എമ്മോ ഇടതു മുന്നണിയിലെ മറ്റു ഘടക കക്ഷികളോ അവകാശപ്പെടുന്നില്ലെന്ന് മാത്രമല്ല, കനത്ത പരാജയമായിത്തന്നെ ഭംഗ്യന്തരേണ ചൂണ്ടിക്കാട്ടുന്നവരാണ് പലരും.
പരമ്പരാഗത യു.ഡി.എഫ് മണ്ഡലം ഇത്തവണയും അവരോടൊപ്പം നിന്നെന്ന് പറഞ്ഞൊഴിയുമ്പോഴും, സഹതാപ വോട്ടാണ് ഉമയുടെ ഭൂരിപക്ഷമുയര്‍ത്തിയതെന്ന് വാദിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും 62 എം.എല്‍.എമാരും ഇടത് നേതാക്കളും ഇടതടവില്ലാതെ വീടുവീടാന്തരം കാമ്പയിന്‍ നടത്തിയിട്ടും എന്തേ ചരിത്രത്തില്‍ തുല്യതയില്ലാത്ത തോല്‍വി മുന്നണിയും പാര്‍ട്ടിയും ഏറ്റുവാങ്ങേണ്ടിവന്നു എന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ സി.പി.എം ബാധ്യസ്ഥമാണ്. കേവലം ഒരു വര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 140-ല്‍ 99-ഉം അടിച്ചെടുത്തു അനിഷേധ്യ വിജയം നേടി തുടര്‍ ഭരണം ഉറപ്പാക്കിയ പിണറായി വിജയന്‍ ക്യാപ്റ്റന്‍ പദവിയില്‍ അതുല്യനായി വിരാജിക്കെ, യു.ഡി.എഫിലെ മുഖ്യ ഘടക കക്ഷി ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വീര്‍പ്പ് മുട്ടി വീണ്ടെടുപ്പിന് പ്രയാസപ്പെടവെ ഇവ്വിധമൊരു തിരിച്ചടിയില്‍ ഞെട്ടേണ്ടിവന്നത് ആഴത്തിലുള്ള ചിന്തക്കും തദനുസൃതമായ തിരുത്തലിനും വഴിയൊരുക്കേണ്ടതാണ്. വിശിഷ്യാ, കേരളത്തിന്റെ ഒരു പരിഛേദമെന്ന് പറയാവുന്ന തൃക്കാക്കരയില്‍ വിവിധ ജില്ലകളില്‍നിന്ന് വന്നവരും ഇതര സംസ്ഥാനക്കാരുമെല്ലാം സമ്മതി ദായകരായുണ്ടെന്നിരിക്കെ.
ഒരു പ്രത്യേക സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ വോട്ട് മാത്രം ലാക്കാക്കി ആവിഷ്‌കരിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രം വിജയിക്കാന്‍  പോവുന്നില്ലെന്നതാണ് പ്രാഥമിക പാഠം. പ്രാദേശിക പാര്‍ട്ടി ഘടകത്തിന് സ്വീകാര്യനും ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിക്ക് വേണ്ടിയുള്ള ഇടപെടലില്‍ ശ്രദ്ധേയനുമായ അരുണ്‍ കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടു, അണികള്‍ ചുമരെഴുത്തു പോലും ആരംഭിച്ചേടത്ത് നിന്ന് രായ്ക്കുരാമാനം അദ്ദേഹത്തെ പിടിച്ചു മാറ്റി കത്തോലിക്കാ സഭ നേരിട്ടു നടത്തുന്ന ആശുപത്രിയിലെ, പൊതുകാര്യ പ്രസക്തനല്ലാത്ത ഒരു ഡോക്ടറെ ആശുപത്രിയില്‍ വെച്ചുതന്നെ നാടകീയമായി സ്ഥാനാര്‍ഥിയായി അവരോധിച്ചതിന് എന്തുണ്ട് ന്യായീകരണം? സി.പി.എം നേതൃത്വം തിരുത്തിയാലും നടന്നത് പരസ്യമായ പൗരോഹിത്യ പ്രീണനമായിരുന്നു എന്നു തന്നെ ജനങ്ങള്‍ കരുതുന്നു. മണ്ഡലത്തില്‍ 32 ശതമാനം വരുന്ന ക്രൈസ്തവ വോട്ടുകളെപ്പോലും ഭാഗികമായി സ്വാധീനിക്കാനേ ഇപ്പണി കൊണ്ട് പറ്റുമായിരുന്നുള്ളൂ. 21-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സമുദായത്തെ പരസ്യമായി തഴഞ്ഞ് ക്രൈസ്തവ പുരോഹിതരില്‍ പ്രബല വിഭാഗത്തെ കൂടെ നിര്‍ത്തി കളിച്ച കളി ലാഭകരമായിരുന്നു എന്ന കണക്ക് കൂട്ടല്‍ ശരിയായാലും തെറ്റായാലും തുടര്‍ന്നങ്ങോട്ടും അതേ സമീപനം തുടരുന്നുവെന്ന തോന്നല്‍ മുസ്‌ലിം സമൂഹത്തില്‍ സൃഷ്ടിച്ച വിരുദ്ധ വികാരം തിരിച്ചറിയുന്നതില്‍ സി.പി.എം നേതൃത്വം പരാജയപ്പെട്ടുവെന്നാണ് തൃക്കാക്കര ഫലം തെളിയിച്ചിരിക്കുന്നത്. 20 ശതമാനത്തോളം വരുന്ന  മുസ്‌ലിം വോട്ടുകള്‍ അപ്പാടെ കൈപ്പത്തി അടയാളത്തില്‍ പതിയുന്നതിലാണ് ഈ വിവേചനം കലാശിച്ചിരിക്കുന്നത്. അതോടൊപ്പം പരമ്പരാഗതമായി ചുവപ്പ് പാളയത്തില്‍ ഇരുപ്പുറപ്പിച്ച ഒരു മുസ്‌ലിം മത സംഘടനയുടെ സ്വാധീനം അളക്കുന്നതിലും പാര്‍ട്ടിക്ക് തെറ്റ് പറ്റിയിട്ടുണ്ട്.
തീവ്രവാദത്തിനെതിരെ എന്ന പേരില്‍ ബി.ജെ.പി- ആര്‍.എസ്.എസ് സംഘത്തിന്റെ കാടിളക്കലും അതിനെ സ്ഥിരീകരിക്കുന്ന മട്ടിലുള്ള പിണറായി പോലീസിന്റെ നടപടികളും സി.പി.എമ്മിന്റെ നിലപാടുകളെ സ്വാധീനിക്കുന്നുവെന്ന വസ്തുത കണ്ടില്ലെന്ന് നടിച്ചത് എല്‍.ഡി.എഫിനും സര്‍ക്കാറിനും തന്നെയാണ് ദോഷകരമായിത്തീര്‍ന്നത്. വര്‍ഗീയതയും തീവ്രവാദപരമായ ചെയ്തികളും ആരുടെ ഭാഗത്ത് നിന്നുണ്ടായാലും തുറന്നെതിര്‍ക്കണം; കര്‍ക്കശമായി തടയുകയും വേണം. പക്ഷേ, കാലഹരണപ്പെട്ട സമവാക്യങ്ങളാവരുത് മതനിരപേക്ഷതയുടെ കുത്തക അവകാശപ്പെടുന്ന പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും സമീപനങ്ങള്‍ക്കാധാരം.
പരിസ്ഥിതിക്ക് കടുത്ത ആഘാതമേല്‍പിക്കുന്ന, ആയിരക്കണക്കില്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയോ അവരുടെ ഭൂസ്വത്ത് വിനിമയം തടസ്സപ്പെടുത്തുകയോ ചെയ്യുന്ന, ലക്ഷം കോടിയിലധികം ചെലവ് വരുന്ന, ചെലവിനനുസരിച്ച് വരുമാനം ഉറപ്പു വരുത്താനാവാത്ത ഒന്നാണ് സില്‍വര്‍ ലൈന്‍, അഥവാ കെ. റെയില്‍ സ്വപ്ന പദ്ധതി. അതേപ്പറ്റി കെ. റെയില്‍ പുറത്തുവിട്ട ഡി.പി.ആര്‍ പൂര്‍ണമോ സൂക്ഷ്മമോ അല്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര സര്‍ക്കാറാവട്ടെ പദ്ധതിക്ക് അന്തിമമായി പച്ചക്കൊടി കാട്ടിയിട്ടുമില്ല.
അതൊക്കെയും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് അതൊന്ന് മാത്രമേ പോംവഴിയുള്ളൂവെന്ന് ശഠിച്ചു, എതിര്‍ക്കുന്നവരെയൊക്കെ വികസന വിരുദ്ധരെന്ന് മുദ്രകുത്തി. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് സില്‍വര്‍ ലൈനിന്റെ ഹിതപരിശോധനയാണെന്ന് വെല്ലുവിളിച്ച് രംഗത്തിറങ്ങുകയായിരുന്നു മുഖ്യമന്ത്രിയും സി.പി.എമ്മും. ഈയവകാശ വാദത്തില്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ജനഹിതം സമ്പൂര്‍ണമായി കെ. റെയിലിനെതിരാണെന്ന് തെളിഞ്ഞിരിക്കെ സ്വപ്ന പദ്ധതി മരവിപ്പിക്കുകയെങ്കിലും ചെയ്യാനുള്ള ധാര്‍മിക ബാധ്യത ഇടത് സര്‍ക്കാറിനുണ്ട്. ഇല്ലെങ്കില്‍ ഇപ്പോള്‍ ലഭിച്ച നവോന്മേഷവും ഊര്‍ജവും വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രതിപക്ഷം ആയുധമാക്കുമെന്നതില്‍ സംശയമില്ല. എല്‍.ഡി.എഫിലെ വലിയ രണ്ടാമത്തെ കക്ഷിയുടെ പോലും പിന്തുണ സര്‍ക്കാറിന് ഉറപ്പാക്കാനുമാവില്ല.
മുസ്‌ലിം സംഘടനകളെയും ജനസമൂഹത്തെയും അവരുടെ വിശ്വാസാചാരങ്ങളെയും ശകാരിക്കാനും അവര്‍ക്കെതിരെ വിദ്വേഷം പ്രസരിപ്പിക്കാനും മാത്രമേ വായ തുറക്കൂ എന്ന രീതിയില്‍ പെരുമാറുന്ന ഹിന്ദുത്വ നേതാക്കള്‍ക്ക് തൃക്കാക്കര സമ്മാനിച്ചത് സമാനതകളില്ലാത്ത തിരിച്ചടിയാണ്. രാഷ്ട്രീയ സദാചാരത്തിന്റെ വിപരീത ശബ്ദമായ പി.സി ജോര്‍ജിനെ ഇറക്കി കോടതി വിലക്കുകളെ പോലും വെല്ലുവിളിച്ച് അവസാന നിമിഷം അശ്വമേധയാഗം നടത്തിയിട്ടും ബി.ജെ.പി സംസ്ഥാന നേതാവിന് കെട്ടിവെച്ച തുക പോലും നഷ്ടമായെങ്കില്‍ കേരളം ഉത്തരേന്ത്യയല്ലെന്ന പ്രാഥമിക പാഠമെങ്കിലും സംഘ് പരിവാര്‍ പഠിക്കേണ്ടിയിരിക്കുന്നു. ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ സമുദായങ്ങളെ പരസ്പരം ചോരയൊലിപ്പിച്ചു ഈറയും ദാഹവും തീര്‍ക്കാമെന്ന പൂതി ഇനിയുമവര്‍ വെച്ചുപുലര്‍ത്തുന്നുവെങ്കില്‍ സുനിശ്ചിതമാണ്, മലയാള നാട് അവര്‍ക്കൊപ്പമല്ല. അവരെ പേടിച്ചു മതനിരപേക്ഷ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്ന മതേതര പാര്‍ട്ടികളും പഠിക്കേണ്ട പാഠം അതുതന്നെ.
ഉത്തരേന്ത്യയിലെന്ന പോലെ കേരളത്തിലും യു.ഡി.എഫിലെ മുഖ്യ ഘടകമായ കോണ്‍ഗ്രസ് തമ്മില്‍ തല്ലിയും സ്ഥാനമാനങ്ങള്‍ക്കായി കലഹിച്ചും ആത്മഹത്യക്കൊരുങ്ങിക്കൊണ്ടിരുന്നപ്പോള്‍ അപ്രതീക്ഷിതമായി കൈവന്ന വരദാനമാണ് തൃക്കാക്കരയിലെ അവിശ്വസനീയ വിജയം. അതിന്റെ ക്രെഡിറ്റ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിട്ടു നല്‍കാന്‍ ചില നേതാക്കള്‍ക്ക് വൈമനസ്യമുണ്ടെങ്കിലും ഇല്ലെങ്കിലും അര്‍ധ കാഡര്‍ പാര്‍ട്ടിയെങ്കിലുമായി പാര്‍ട്ടിയെ മാറ്റിയെടുക്കാനും അച്ചടക്കത്തിന്റെ പ്രാഥമിക താല്‍പര്യങ്ങളെങ്കിലും സംരക്ഷിക്കാനും, അവര്‍ തുടങ്ങിവെച്ച യത്നവുമായി സഹകരിക്കാനുമുള്ള പ്രതിബദ്ധത അണികള്‍ കാണിച്ചാല്‍ യു.ഡി.എഫിനെ ബാധിച്ച തളര്‍ച്ച മാറ്റിയെടുക്കാനാവും. വീറും വീര്യവുമുള്ള ഒരു പ്രതിപക്ഷം കേരളത്തില്‍ ഉയര്‍ന്നുവരും. ജനാധിപത്യ സംവിധാനത്തിന്റെ വിജയത്തിന് കരുത്തുറ്റ പ്രതിപക്ഷത്തിന്റെ അനിവാര്യത അംഗീകരിക്കാത്തവരുണ്ടാവില്ല.
ദേശീയ തലത്തില്‍ രാജ്യം നേരിടുന്ന ഏകകക്ഷി ഭരണത്തിന് സമാനമായ ഭീതിതാവസ്ഥക്ക് കാരണം ആരോഗ്യകരമായ പ്രതിപക്ഷത്തിന്റെ അഭാവം കൂടിയാണ്. കേരളത്തിലെങ്കിലും അതിനവസരമൊരുക്കാതിരിക്കാന്‍ തൃക്കാക്കരയിലെ അഭൂതപൂര്‍വമായ വിജയം കോണ്‍ഗ്രസ്സിനെയും, തദ്വാരാ ഐക്യ ജനാധിപത്യ മുന്നണിയെയും പ്രേരിപ്പിക്കേണ്ടതാണ്. കെ.വി തോമസിന്റെ പതനത്തില്‍നിന്ന് പാഠം പഠിച്ചുവെങ്കില്‍ ഇനി തലമുതിര്‍ന്ന കോണ്‍ഗ്രസ്സുകാരാരും പാര്‍ട്ടിയെ കൈയൊഴിയാന്‍ തല്‍ക്കാലം ധൈര്യപ്പെടില്ല. അരയും തലയും മുറുക്കി കളത്തിലിറങ്ങി കോണ്‍ഗ്രസ്സിന് പിടിവള്ളിയൊരുക്കുന്നതില്‍ വിജയിച്ച യുവ നേതൃത്വമാണ് ഇനിയങ്ങോട്ട് പാര്‍ട്ടിയെ നയിക്കുന്നതെങ്കില്‍ മതനിരപേക്ഷ ജനാധിപത്യ സമൂഹവും മതന്യൂനപക്ഷങ്ങളും ഒപ്പം നില്‍ക്കും; അതിജീവനത്തിന്റെ ഗ്യാരണ്ടിയും അതുതന്നെ.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 26-29
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജും ജിഹാദും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌