Prabodhanm Weekly

Pages

Search

2022 ജൂണ്‍ 17

3255

1443 ദുല്‍ഖഅദ് 17

പ്രവാചക നിന്ദ  ഭരണകൂടത്തിന്റേത് കുറ്റകരമായ അനാസ്ഥ

 മുഹമ്മദ് നബിയെക്കുറിച്ചും അവിടുത്തെ പ്രിയ പത്‌നി ഹസ്രത്ത് ആഇശയെക്കുറിച്ചും ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മയും ദല്‍ഹി ബി.ജെ.പി ഐ.ടി സെല്‍ മേധാവി നവീന്‍ കുമാര്‍ ജിന്‍ഡലും നടത്തിയ അത്യന്തം നിന്ദാകരമായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ മോദിയുടെ വലംകൈയായ ആഭ്യന്തര മന്ത്രി അമിത് ഷായോ ഇതെഴുതും വരെ ഖേദപ്രകടനമോ ക്ഷമാപണമോ നടത്തിയിട്ടില്ല. അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് അവര്‍ കരുതുന്നത്. നൂപുര്‍ ശര്‍മയെയും നവീന്‍ കുമാറിനെയും അവര്‍ ഇരുന്നിരുന്ന സ്ഥാനങ്ങളില്‍നിന്ന് നീക്കുകയും പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ടല്ലോ, അതുതന്നെ ധാരാളം മതി എന്ന നിലപാടിലാണ് അവര്‍. ഈ രണ്ട് പേര്‍ 'ഫ്രിഞ്ച്' ഗ്രൂപ്പുകളില്‍ പെടുന്നവരാണെന്നും അവര്‍ക്ക് വേണ്ടി ഇന്ത്യാ ഗവണ്‍മെന്റ് മാപ്പ് പറയേണ്ടതില്ലെന്നും വരെ പറഞ്ഞുകളഞ്ഞു. ഇരുവരും ബി.ജെ.പിയുടെ ഔദ്യോഗിക വക്താക്കളല്ലേ? അവര്‍ ടി.വി ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും പറയുകയോ എഴുതുകയോ ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് ബി.ജെ.പിക്കും അത് നയിക്കുന്ന ഭരണകൂടത്തിനും എങ്ങനെ ഒഴിഞ്ഞു മാറാനാകും? യഥാര്‍ഥത്തില്‍ ഈ നിന്ദകരോടൊപ്പം തന്നെയാണ് ഭരണകൂടവും അതിനെ നയിക്കുന്ന ബി.ജെ.പിയും ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്നത്. നൂപുര്‍ ശര്‍മയും ജിന്‍ഡലും ചെയ്തത് തെറ്റാണെന്ന് ഭരണകൂടത്തിനും ഭരണകക്ഷിക്കും അഭിപ്രായമുണ്ടായിരുന്നെങ്കില്‍ പരാമര്‍ശങ്ങള്‍ വന്ന ഉടനെ തന്നെ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമായിരുന്നു. ഇന്ത്യയിലെ പല സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും നടപടിയെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നതുമാണ്. യു.എന്നും ഒ.ഐ.സിയും ജി.സി.സിയും പിന്നെ ഖത്തര്‍, കുവൈത്ത്, ഇറാന്‍, ബഹ്‌റൈന്‍, യു.എ.ഇ, ഇന്തോനേഷ്യ, ജോര്‍ദാന്‍ പോലുള്ള രാജ്യങ്ങളും കടുത്ത പ്രതിഷേധം അറിയിച്ചതോടെയാണ് അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഇത്തരം നാമമാത്ര നടപടികളെങ്കിലും ബി.ജെ.പി കൈക്കൊണ്ടത്. കാറ്റും കോളമടങ്ങുമ്പോള്‍ പാര്‍ട്ടിയിലെയോ ഭരണത്തിലെയോ ഇതിനെക്കാള്‍ വലിയ സ്ഥാനങ്ങളില്‍ രണ്ടു പേരും പ്രതിഷ്ഠിക്കപ്പെടുമെന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. പാര്‍ട്ടിയിലും ഭരണകൂടത്തിലും സ്ഥാനലബ്ധിയുടെ പ്രധാന മാനദണ്ഡങ്ങളിലൊന്നായി 'ഹേറ്റ് സ്പീച്ച്' മാറിക്കഴിഞ്ഞിട്ടുണ്ടല്ലോ.
ഭരണകൂടം നടത്തുന്ന ഒളിച്ചുകളി വളരെ വ്യക്തമാണ്. പ്രവാചക നിന്ദ നടത്തിയിരിക്കുന്നവര്‍ക്കെതിരെ ബി.ജെ.പിയാണ് നടപടി എടുത്തിരിക്കുന്നത്. പാര്‍ട്ടിക്ക് രണ്ടിലൊന്നേ ചെയ്യാനാവൂ. ഒന്നുകില്‍ സസ്‌പെന്റ് ചെയ്യുക, അല്ലെങ്കില്‍ പുറത്താക്കുക. ക്രിമിനല്‍ നടപടികളൊന്നും പാര്‍ട്ടിക്ക് എടുക്കാനാവില്ല. അത് ചെയ്യേണ്ടത് ഭരണകൂടമാണ്. ഭരണകൂടമാവട്ടെ പാര്‍ട്ടി കാര്യത്തില്‍ ഞങ്ങള്‍ക്കെന്ത് കാര്യം എന്ന മട്ടില്‍ കുറ്റകരമായ നിസ്സംഗത തുടരുകയും ചെയ്യുന്നു. ഭീഷണിയുണ്ടെന്ന് പറഞ്ഞ് ഇരുവര്‍ക്കും സുരക്ഷയൊരുക്കാന്‍ ഭരണകൂടം മുന്നിലുണ്ട് താനും.
ഇത്തരം നിന്ദാ വാക്കുകളൊന്നും നാക്ക് പിഴയല്ലെന്ന് വ്യക്തം. ഇന്ത്യയിലെ രണ്ട് പ്രബല മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള കുത്സിത അജണ്ടയുടെ ഭാഗമാണത്. ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും അവരുടെ മത  ചിഹ്നങ്ങളെക്കുറിച്ചും ഭീതി പരത്തിക്കൊണ്ടിരുന്നാല്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാനാവുമെന്ന് ഫാഷിസ്റ്റ് ശക്തികള്‍ മനസ്സിലാക്കിയിട്ടുണ്ട്. പ്രവാചകനെ വ്യക്തിഹത്യ നടത്തുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. ഇത്തരം ദുഷ്പ്രവണതകള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ പീനല്‍ കോഡില്‍ 294 എ, 153 തുടങ്ങിയ വകുപ്പുകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. ദുരുദ്ദേശ്യത്തോടെ മനപ്പൂര്‍വം മതത്തെയും മതവിശ്വാസങ്ങളെയും അവഹേളിക്കുന്നതും കലാപമുണ്ടാക്കുക എന്ന  ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കുന്നതും ഈ വകുപ്പുകള്‍ പ്രകാരം കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റകൃത്യമാണ്. വേറെയും വകുപ്പുകള്‍ ചാര്‍ത്തിയും കുറ്റവാളികള്‍ക്കെതിരെ കേസെടുക്കാം. മതവികാരം വ്രണപ്പെടുത്തിയതിനും പ്രകോപനം സൃഷ്ടിച്ചതിനുമുള്ള തെളിവുകള്‍ കണ്‍മുന്നിലുണ്ടായിരിക്കെ പാര്‍ട്ടിക്കാര്യം എന്ന് പറഞ്ഞ് തോളൊഴിയുന്ന ഭരണകൂടത്തിന്റേത് കുറ്റകരമായ അനാസ്ഥയാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 26-29
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജും ജിഹാദും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌