Prabodhanm Weekly

Pages

Search

2022 ജൂണ്‍ 10

3255

1443 ദുല്‍ഖഅദ് 10

ഓര്‍മകളില്‍ ജീവിക്കുന്ന  ശൈഖ് അഹ്മദുല്‍ ഖത്താന്‍

പി.കെ ജമാല്‍

ശൈഖ് അഹ്മദുല്‍ ഖത്താന്‍ പരലോകത്തേക്ക് യാത്ര തിരിച്ചു. ഒരു പുരുഷായുസ്സ് മുഴുവന്‍ ഇസ്‌ലാമിക പ്രബോധനത്തിന് സമര്‍പ്പിച്ച ശൈഖ് ഖത്താന്‍ കുവൈത്തില്‍ മാത്രമല്ല, ലോകമെങ്ങും വാഴ്ത്തപ്പെടുന്ന മഹദ് വ്യക്തിത്വമായി. ഘനഗംഭീരവും വശ്യമനോഹരവും ശക്തവുമായ ആ ശബ്ദം ഖത്താനെ ഇസ്‌ലാമിക പ്രഭാഷണ കലയിലെ കുലപതിയാക്കി. ശ്രോതാവിന്റെ കാതുകളിലേക്ക് തേന്‍തുള്ളിയായി പെയ്തിറങ്ങുന്ന പ്രസംഗ പെരുമഴ ഹൃദയങ്ങളില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുകയും വിപ്ലവത്തിന്റെ തീജ്വാലയായി ലോകമെങ്ങും പടരുകയും ചെയ്തു. യുദ്ധക്കളത്തില്‍ ശത്രുവിനെ നേരിടുന്ന സൈനികന്റെ വീറും ആവേശവുമായിരുന്നു ആ വാക്കുകളിലും വാചകങ്ങളിലും കത്തിനിന്നത്. ജാഹിലിയ്യത്തിന്റെ ഘനാന്ധകാരത്തെ കീറിമുറിക്കുന്ന വജ്രായുധമാണ് ഖത്താന്റെ പ്രസംഗം. താഗൂത്തിന്റെ തലകള്‍ അവിടെ വെട്ടേറ്റു വീണു. ഖത്താന്‍ ഖുത്വ്ബ നിര്‍വഹിച്ച കുവൈത്തിലെ നിരവധി പള്ളികളില്‍ ആ പ്രസംഗം ശ്രവിക്കാന്‍ ഭാഗ്യമുണ്ടായ വ്യക്തിയാണ് ഈ ലേഖകന്‍. ആനുകാലിക വിഷയങ്ങളെ ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ കൈയാളുകയും ഇസ്‌ലാമിന്റെ കാഴ്ചപ്പാട് വ്യക്തമായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും. ഖുത്വ്ബ തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പേ തന്നെ പള്ളിയും പരിസരവും ജനനിബിഡമാകും. വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമാകും. വിശ്വാസത്തിന് പുതുജീവന്‍ പകരുന്ന ആ പ്രസംഗം സൃഷ്ടിക്കുന്ന പ്രതികരണത്തിന്റെ ശക്തി, ഇരുന്ന് വിറയ്ക്കുകയും വിറച്ചു കരയുകയും ചെയ്യുന്ന ശ്രോതാവിന്റെ കണ്ണീര്‍ തുള്ളികളില്‍ കാണാം. വര്‍ത്തമാന കാലത്തിന്റെ ക്രൂരവും നിഷ്‌കരുണവുമായ ആഘാതങ്ങളേറ്റ് ശബ്ദമില്ലാത്ത നിലവിളിയുമായി പകച്ചുനില്‍ക്കുന്ന സഹജീവികളുടെ സമസ്ത വേദനകളും ഏറ്റുവാങ്ങി സ്വയം വെന്തുരുകുന്നു, ഖത്താന്റെ പ്രഭാഷണ/ഖുത്വ്ബാ സദസ്സില്‍ സംബന്ധിക്കുന്ന ഓരോ വ്യക്തിയും.
പ്രബോധന വിജയത്തിന്റെ പ്രധാന ഘടകം പ്രബോധകന്റെ മാതൃകാ വ്യക്തിത്വമാണെന്ന് ഖത്താന്‍ വിശ്വസിച്ചു. കുടുംബത്തോടും ബഹുജനങ്ങളോടും ഇടപെടുമ്പോള്‍ അതില്‍ നിഷ്ഠ പുലര്‍ത്തി. വിശ്വാസ പ്രചോദിതമായ പ്രവര്‍ത്തനങ്ങള്‍ ജനമനസ്സുകളെ സ്വാധീനിക്കുന്ന രീതി ഖത്താന്‍ ഒരിക്കല്‍ വിവരിച്ചുതന്നതോര്‍ക്കുന്നു: ''വാതരോഗം പിടിപ്പെട്ട് എന്റെ പിതാവ് 15 വര്‍ഷത്തോളം കിടപ്പിലായിരുന്നു. തന്നെ കാണാന്‍ വന്ന ഒരു പണ്ഡിതനോട് അരികത്തിരുന്ന് ഖുര്‍ആന്‍ ഓതിക്കൊടുക്കാനും മന്ത്രിച്ച് ഊതാനും പിതാവ് അഭ്യര്‍ഥിച്ചു. പ്രതിഫലം തന്നാല്‍ ആവാമെന്ന് ശൈഖ്. അഞ്ച് രൂപയാണ് ആവശ്യപ്പെട്ടത് (ഇന്ത്യന്‍ രൂപയായിരുന്നു അന്ന് വിനിമയത്തില്‍). പിതാവിന്റെ കൈയില്‍ അത്രയും രൂപയുണ്ടായിരുന്നില്ല. പണത്തിന് ശഠിച്ച ശൈഖിന്റെ സമീപനം പിതാവിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. പിതാവിന്റെ ഹൃദയത്തില്‍ ഈ അനുഭവം മായാതെ കിടന്നിരുന്നു. ആയിടെയാണ് ഒരു അമേരിക്കന്‍ ഇവാഞ്ചലിക്കല്‍ സംഘം തങ്ങളുടെ സുവിശേഷ പ്രഘോഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കുവൈത്തില്‍ വന്നത്. എന്റെ പിതാവിന്റെ രോഗത്തെക്കുറിച്ച് കേട്ടറിഞ്ഞ അവര്‍ വീട്ടിലെത്തി. ചികിത്സിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം,  പരിചരിക്കാന്‍ ആളുകള്‍. ദിവസങ്ങളോളം അവരുടെ സാന്നിധ്യമുണ്ടായി. ഒടുവില്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ചികിത്സച്ച ഡോക്ടര്‍ എന്റെ പിതാവിന്റെ കുപ്പായ കീശയില്‍ അഞ്ച് രൂപയും വെച്ചുകൊടുത്തു. ഇതൊരു വലിയ പരീക്ഷണമായിരുന്നു. പിതാവിന്റെ മനസ്സിനെ ഈ സംഭവം ഉലച്ചു. മുസ്‌ലിം ശൈഖ് പണമില്ലാതെ പ്രാര്‍ഥനയില്ലെന്ന് ശഠിക്കുന്നു. ക്രിസ്ത്യന്‍ ഡോക്ടര്‍ ചികിത്സിച്ചും പരിചരിച്ചും ഒടുവില്‍ പണം അങ്ങോട്ടു നല്‍കുന്നു. പിതാവിന്റെ മനസ്സിലെ ചാഞ്ചാട്ടങ്ങള്‍ എന്റെയും നീറുന്ന പ്രശ്‌നമായി. പിതാവിന്റെ ഓര്‍മയില്‍നിന്ന് ഈ സംഭവത്തിന്റെ പാടുകള്‍ മായ്ച്ചു കളഞ്ഞില്ലെങ്കില്‍ സംഭവിച്ചേക്കാവുന്ന വിശ്വാസ വ്യതിയാനത്തെക്കുറിച്ചായിരുന്നു എന്റെ ആധിയത്രയും. മരണത്തിലേക്ക് നയിച്ച രോഗശയ്യയിലായി പിതാവ്. ഞാന്‍ എന്റെ പിതാവിന്റെ അരികത്തിരുന്നു മുഴു സമയവും ഇമവെട്ടാതെ പരിചരിച്ചുകൊണ്ടിരുന്നു. മലമൂത്ര വിസര്‍ജ്യങ്ങള്‍ ഞാന്‍ തന്നെ എന്റെ കൈകള്‍ കൊണ്ട് വൃത്തിയാക്കും. ശരീരം നനച്ച് തുടച്ചു കൊടുക്കും. പിതാവിന്റെ അരികത്തിരുന്ന് ഏകാന്തതയകറ്റും. ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് തന്റെ മകന്റെ മതബോധത്താലും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മോഹിച്ചുമാണെന്ന് എന്റെ പിതാവിന് ബോധ്യമായി. ഒടുവില്‍ എന്റെ പിതാവ് മൊഴിഞ്ഞ വാക്കുകള്‍ എന്റെ ഉള്ളം കുളിര്‍പ്പിച്ചു: ഇതാണ് പ്രിയ മകനേ, ഇസ്‌ലാം.''
****
മസ്ജിദുല്‍ അഖ്‌സ്വായുടെ മോചനമായിരുന്നു ഖത്താന്റെ മനസ്സ് നിറയെ. ലോക മുസ്‌ലിം സമൂഹത്തിന്റെ വിചാരങ്ങളുടെ അച്ചുതണ്ട് മസ്ജിദുല്‍ അഖ്‌സ്വാ ആവണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പലരും കൊച്ചു കൊച്ചു കാര്യങ്ങളെ ചൊല്ലി തര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏര്‍പ്പെടുന്നത് അദ്ദേഹം അവജ്ഞയോടെയാണ് കണ്ടത്. ''കൊച്ചു കുഞ്ഞുങ്ങള്‍ മണല്‍ കൊണ്ട് കുടിലുകള്‍ കെട്ടി കളിക്കുമ്പോള്‍ മുതിര്‍ന്നവരായ നാം അവരെ നോക്കിക്കാണുന്ന മനോഭാവമില്ലേ, അതാണ് അത്തരം കാര്യങ്ങളോട് എന്റെ നിലപാട്.'' റസൂലിന്റെ ആ വചനവും ഖത്താന്‍ ഓര്‍മപ്പെടുത്തി: ''മഹോന്നതമായ കാര്യങ്ങളിലേക്കാണ് അല്ലാഹുവിന്റെ നോട്ടം. തറയിലെ ചപ്പുചവറുകള്‍ അവന് ഇഷ്ടമല്ല.'' വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ നമുക്ക് കേസു കൊടുത്തു കൂടെ എന്ന് ഒരിക്കല്‍ മകള്‍ ഡോ. ഹനാന്‍ ചോദിച്ചപ്പോള്‍ ഖത്താന്റെ മറുപടി: ''മകളേ, അവര്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നതൊക്കെ കാര്യമായെടുക്കാന്‍ ഞാന്‍ ഇഹലോകപൂജകനല്ല. എന്റെ പ്രബോധനസരണിയില്‍ സഞ്ചരിക്കുമ്പോള്‍ അല്ലാഹുവുമായി കരാറില്‍ ഏര്‍പ്പെട്ട വ്യക്തിയാണ് ഞാനെന്ന് തിരിച്ചറിയുന്നു. ഞാന്‍ എന്റെ പ്രതിയോഗികള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുന്നുണ്ട്. തിന്മയെ തിന്മ കൊണ്ട് ഞാന്‍ നേരിടുകയില്ല. അതാണ് എന്റെ രീതി. 'വിശ്വാസികളെ അല്ലാഹു പ്രതിരോധിച്ചു കൊള്ളും' എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞുവന്നിട്ടുള്ളത്.''

****
ഒരിക്കല്‍ ശൈഖ് അഹ്മദുല്‍ ഖത്താനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. ശൗകത്ത് കോറോത്തുമുണ്ട് കൂടെ. ഞങ്ങള്‍ ഖത്താനോട് ആരാഞ്ഞു: ''കുവൈത്തില്‍ ഇറാഖ് അധിനിവേശം നടത്തിയ കാലത്ത് കുവൈത്തിലെ ഇഖ്‌വാന്‍ സംഘടന സദ്ദാമിനോടൊപ്പം നിലകൊണ്ടവരാണെന്നും അഞ്ചാംപത്തികളായ ഇസ്‌ലാമിസ്റ്റുകളെ അകറ്റിനിര്‍ത്തണമെന്നും ചിലര്‍ പ്രചാരണം നടത്തുന്നുണ്ടല്ലോ. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അറബ് നാടുകളിലുമൊക്കെ സഞ്ചരിച്ച് കുവൈത്തിന്റെ വക്താവായി മഹാ റാലികളെ അഭിസംബോധന ചെയ്യാന്‍ അങ്ങയെ വിപ്രവാസ ഗവണ്‍മെന്റ് ഉത്തരവാദപ്പെടുത്തിയെന്നും കേട്ടിട്ടുണ്ട്.''
ഖത്താന്‍ നിറഞ്ഞ ചിരിയോടെയാണ് അതിന് മറുപടി നല്‍കിയത്: ''പ്രധാനമന്ത്രിയായ ശൈഖ് സബാഹുല്‍ അഹ്മദ് (പിന്നീട് അദ്ദേഹം കുവൈത്ത് അമീറായി) അത്തരം ആരോപണങ്ങള്‍ക്ക് നല്‍കിയ മറുപടി ഞാന്‍ ഉദ്ധരിക്കാം: ഞങ്ങള്‍ കുവൈത്ത് അമീര്‍ ശൈഖ് ജാബിറിന്റെ നേതൃത്വത്തില്‍ സുഊദി അറേബ്യയില്‍ ഇരുന്ന് കുവൈത്ത് ഭരിക്കുകയും ലോകാഭിപ്രായം കുവൈത്തിനനുകൂലമാക്കാന്‍ അധ്വാനിക്കുകയുമായിരുന്നു. ഇഖ്‌വാന്‍ നേതൃത്വവും പ്രവര്‍ത്തകരുമാണ് കുവൈത്തില്‍ നിന്ന് പോകാതെ രാജ്യത്ത് നിലയുറപ്പിച്ച് കുവൈത്തിലെ ആഭ്യന്തര ഭരണം നടത്തിയത്. നിയമക്രമ സമാധാന പാലനം (ലോ ആന്റ് ഓര്‍ഡര്‍), ഭക്ഷ്യ വിതരണം, മയ്യിത്ത് സംസ്‌കരണം തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഞങ്ങള്‍ ചുമതലപ്പെടുത്തിയത് ഇഖ്‌വാന്‍ പ്രവര്‍ത്തകരെയും നേതാക്കളെയുമാണ്.'' ശൈഖ് സബാഹിന്റെ മറുപടിക്ക് മുന്നില്‍ എല്ലാ ആരോപണങ്ങളും അപ്രസക്തമായി.'' ഖത്താന്‍ തുടര്‍ന്ന് പറഞ്ഞു: 'ഞങ്ങള്‍ക്ക് വേണ്ടി രാജ്യം ഭരിച്ചവരെയാണോ നിങ്ങള്‍ അവമതിക്കുന്നത്?' ശൈഖ് സബാഹിന്റെ വാക്കുകള്‍ ആരോപകരെ നിശ്ശബ്ദരാക്കി. കുവൈത്തിലെ ഇറാഖിന്റെ അധിനിവേശത്തിന് രണ്ടാഴ്ച മുമ്പാണ് ഫഹാഹീല്‍ ടീച്ചേഴ്‌സ് യൂനിയന്‍ ഹാളില്‍ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് സംഘടിപ്പിച്ച പഠനക്യാമ്പില്‍ ശൈഖ് അഹ്മദുല്‍ ഖത്താന്‍ 'മശാഹിദുല്‍ ഖിയാമ' എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തിയത്.

****
പണ്ഡിതനും വാഗ്മിയും പ്രബോധകനുമായ ശൈഖ് അഹ്മദുല്‍ ഖത്താന്‍ അറബ്-ഇസ്‌ലാമിക ലോകത്തെ വിശ്രുത വ്യക്തിത്വമാണ്. ഖത്താന്റെ ഖുത്വ്ബകളും പ്രഭാഷണങ്ങളും ക്ലാസ്സുകളും ആയിരക്കണക്കായ ഹൃദയങ്ങളെ ഇസ്‌ലാമിന്റെ വെളിച്ചത്തിലേക്ക് നയിച്ചിട്ടുണ്ട്. 'മിനാരങ്ങള്‍ക്ക് ഒരു സുവര്‍ണ രേഖ' എന്ന തലക്കെട്ടില്‍ ശൈഖ് ഖത്താനെക്കുറിച്ചും അദ്ദേഹം ഖുത്വ്ബ നടത്തിയ പള്ളിയെക്കുറിച്ചും പ്രബോധനം വാരിക(1982 മാര്‍ച്ച് 13)യില്‍ ഞാന്‍ ഒരു ലേഖനമെഴുതുകയുണ്ടായി. കുവൈത്തിലെ ഇസ്‌ലാമിക ഹൃദയങ്ങള്‍ ഖത്താന് ചുറ്റും കറങ്ങുന്ന കാലമായിരുന്നു അത്. വിഷയങ്ങളുടെ വൈവിധ്യം അദ്ദേഹത്തിന്റെ ഖുത്വ്ബകളെ വേറിട്ടു നിര്‍ത്തി. ദേശീയ-അന്താരാഷ്ട്ര-സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഖത്താന്റെ നാവില്‍നിന്ന് മരണം, മരണാനന്തര ജീവിതം, സ്വര്‍ഗം, നരകം, ദജ്ജാല്‍ എല്ലാം അവര്‍ കേട്ടുപഠിച്ചു. നബി(സ)യുടെ വഫാത്ത് ഖത്താന്റെ നാവിലൂടെ കേട്ടുകഴിഞ്ഞപ്പോള്‍ ശ്രോതാക്കള്‍ തേങ്ങി. ദുഃഖഭാരത്താല്‍ ഘനീഭവിച്ച ഹൃദയങ്ങളും കരയുന്ന കണ്ണുകളുമായി ഒരു മരണവീട്ടില്‍ നിന്നെന്ന പോലെയാണ് ജനം പള്ളി വിട്ടിറങ്ങിയത്. ആ ഹൃദയത്തില്‍ തുടിക്കുന്ന വിശ്വാസത്തിന്റെയും വിപ്ലവത്തിന്റെയും വികാരങ്ങളേറ്റുവാങ്ങി പ്രചോദനം കൊള്ളാന്‍ കഴിയുന്ന ആയിരങ്ങളില്‍ ഒരുവനാവാന്‍ കഴിഞ്ഞല്ലോ എന്ന സായൂജ്യത്തോടെയാണ് അന്ന് ഞാനും മസ്ജിദുല്‍ അല്‍ബാന്‍ വിട്ടിറങ്ങിയത്. കാറില്‍ ഇരുന്ന് തേങ്ങിക്കരഞ്ഞുകൊണ്ടിരുന്ന കെ.എം അബ്ദുര്‍റഹീം സാഹിബിന്റെ മുഖം എന്റെ മനസ്സിലുണ്ട്, ഈ വരികള്‍ കുറിക്കുമ്പോള്‍. മസ്ജിദുല്‍ അഖ്‌സ്വായുടെ മോചനത്തിന് സമര്‍പ്പിച്ച മിമ്പറാണ് തന്റേതെന്ന് (മിമ്പറുല്‍ മസ്ജിദുല്‍ അഖ്‌സ്വാ) ഓര്‍മിപ്പിക്കുന്ന ഖത്താന്‍, ഹമാസിനും ഇന്‍തിഫാദക്കും വേണ്ടി ശബ്ദിക്കുന്നതും ത്രസിക്കുന്നതും സ്വാഭാവികം. അഫ്ഗാനിസ്താനിലെ അബ്ദുര്‍റസൂല്‍ സയ്യാഫിനും ശൈഖ് യൂസുഫുല്‍ ഖറദാവിക്കും ഫലസ്ത്വീന്‍ പോരാളി അബ്ദുല്ലാ അസ്സാമിനും മിമ്പര്‍ ഒഴിഞ്ഞുകൊടുക്കുമ്പോള്‍ ആ നേതാക്കള്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തോടും പ്രവര്‍ത്തന രീതിയോടുമുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
നിരീശ്വരവാദിയും നിര്‍മതനും കമ്യൂണിസ്റ്റുമായി ജീവിച്ച ഒരു ഭൂതകാലം ശൈഖ് ഖത്താന് കഴിഞ്ഞുപോയിട്ടുണ്ട്. ശൈഖ് ഹസന്‍ അയ്യൂബിന്റെ പ്രഭാഷണങ്ങളും ക്ലാസ്സുകളും കേട്ട് താന്‍ ഇസ്‌ലാമിലേക്ക് വന്ന ചരിത്രം ഖത്താന്‍ വിശദീകരിച്ച അഭിമുഖം 2008 നവംബര്‍ ഒന്ന്, എട്ട് തീയതികളില്‍ പ്രബോധനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇഖ്‌വാനുമായുള്ള തന്റെ ആത്മബന്ധവും നിരീശ്വര-നിര്‍മത പ്രസ്ഥാനങ്ങള്‍ യുവാക്കളെ തങ്ങളിലേക്കാകര്‍ഷിക്കാന്‍ സ്വീകരിക്കുന്ന തന്ത്രങ്ങളും രീതികളും ഖത്താന്‍ ആ അഭിമുഖത്തില്‍ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

****
കുവൈത്തിലെ പത്രങ്ങളും ടെലിവിഷനും ഖത്താന്റെ മരണ വാര്‍ത്തക്കും സംസ്‌കരണ ചടങ്ങുകള്‍ക്കും നല്‍കിയ കവറേജ് ജനഹൃദയങ്ങളില്‍ ജീവിച്ച ആ പണ്ഡിത വ്യക്തിത്വത്തോടുള്ള ആദരവിന്റെ അടയാളമായിരുന്നു. കുവൈത്ത് അമീറിന്റെയും ആഭ്യന്തര മന്ത്രിയുടെയും അനുശോചനവും രാഷ്ട്രീയ- മത-സാംസ്‌കാരിക നേതൃത്വങ്ങള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ സംബന്ധിച്ച ജനാസ നമസ്‌കാരവും കുവൈത്തിന്റെ മണ്ണില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന മഹാ വ്യക്തിത്വത്തിന്റെ സ്ഥാനം രേഖപ്പെടുത്തുന്നതായിരുന്നു. കുവൈത്തിലും പുറത്തുമുള്ള നിരവധി ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ ഉപദേഷ്ടാവും മാര്‍ഗദര്‍ശിയുമായ ഖത്താന്‍, ലോകത്തിന്റെ പല ഭാഗങ്ങളില്‍ തന്റെ നേതൃത്വത്തിലുള്ള സംഘടനകള്‍ നടപ്പാക്കിക്കൊണ്ടിരുന്ന പദ്ധതികള്‍ നേരിട്ട് സന്ദര്‍ശിക്കുകയും പരിശോധിക്കുകയും ചെയ്യുക പതിവായിരുന്നു.
ഇത്തിഹാദുല്‍ ആലമി ലി ഉലമാഇല്‍ മുസ്‌ലിമീന്‍ സെക്രട്ടറി ജനറല്‍ ഡോ. അലി അല്‍ ഖറദാഗി ശൈഖ് ഖത്താനെക്കുറിച്ച് അനുസ്മരണക്കുറിപ്പ് അവസാനിപ്പിച്ചതിങ്ങനെ: ''ഖത്താന്റെ പ്രവര്‍ത്തന രീതിയുടെ ഔന്നത്യം നാല് മേഖലകളിലാണ് തെളിഞ്ഞു കാണുന്നത്. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സന്തുലിതവും മിതവാദപരവുമായ സമീപനം (അല്‍ വസത്വിയ്യ) ആണ് ആദ്യത്തേത്. ഇസ്‌ലാമിന് വേണ്ടി പ്രതിരോധം നടത്തുന്ന മുന്നണിപ്പോരാളി എന്നതാണ് മറ്റൊരു മേഖല. ആദര്‍ശബോധവും പ്രതിബദ്ധതയുമുള്ള തലമുറയെ ശിക്ഷണം നല്‍കി വളര്‍ത്തുന്നതിലാണ് മൂന്നാമതായി ശ്രദ്ധ കേന്ദ്രീകരിച്ചത്. എണ്‍പതുകളില്‍ സിറിയന്‍ തടവറകളില്‍ പൊലിഞ്ഞ ആയിരക്കണക്കായ ജനങ്ങള്‍ക്ക് വേണ്ടി, അലപ്പോവില്‍ ബോംബു വര്‍ഷത്തില്‍ മരിച്ചുവീണ പതിനായിരങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിച്ച് നാവിനെ പടവാളാക്കി ക്രൂരരായ ഭരണാധികാരികളുടെ ഉറക്കം കെടുത്തിയിട്ടുമുണ്ട് ഖത്താന്‍.''
ഒരു കാലത്ത് ഭരണാധികാരികളെ വിമര്‍ശിച്ചും രാഷ്ട്രീയ നേതൃത്വങ്ങളുടെ നേരെ വിരല്‍ ചൂണ്ടിയും കത്തിക്കയറിയ ഖത്താന്റെ ഖുത്വ്ബകള്‍, സമീപകാലത്ത് സംസ്‌കരണ പ്രധാനമായ വിഷയങ്ങളിലേക്ക് വഴിമാറിയതിനെക്കുറിച്ച് അല്‍ ജസീറ ലേഖകന്‍ ഉന്നയിച്ച ചോദ്യത്തിന് ഖത്താന്‍ നല്‍കിയ മറുപടി: ''അന്ന് ആ രീതി ഏറെ ആവശ്യമായിരുന്നു. അത് ഫലം ചെയ്തു. ഭൗതികതയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ഭരണ രീതികള്‍ക്ക് മൂക്കുകയറിടാന്‍ അന്ന് ആ ഖുത്വ്ബകള്‍ക്ക് സാധിച്ചു. പലപ്പോഴും നിരോധം നേരിടേണ്ടിവന്നിട്ടുണ്ട്, കോടതി കയറേണ്ടി വന്നിട്ടുണ്ട്. നാം പറയുന്ന വസ്തുതകള്‍ അനിഷേധ്യമാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഇന്ന് ഭരണകൂടം ഇസ്‌ലാമിക ശക്തികളുടെ ശബ്ദത്തിന് കാതോര്‍ക്കുന്നു. നല്ല വ്യക്തി, നല്ല കുടുംബം, നല്ല സമൂഹം, നല്ല രാജ്യം എന്ന സംസ്‌കരണ പ്രക്രിയയിലൂടെ, ബല്‍ദത്തുന്‍ ത്വയ്യിബത്തുന്‍ വറബ്ബുന്‍ ഗഫൂര്‍ (നല്ല രാജ്യം, പാപങ്ങള്‍ പൊറുക്കുന്ന രക്ഷിതാവ്) എന്ന അല്ലാഹു നല്‍കിയ സ്വപ്‌നത്തിലേക്ക് ജനങ്ങളെ വഴിനടത്തുകയാണ് എന്റെ ഇപ്പോഴത്തെ ദൗത്യമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.''
സുഊദി പണ്ഡിതന്മാരായ ശൈഖ് സഊദ് ശുറൈം, ഹറമൈന്‍ ഇമാമായ ശൈഖ് അബ്ദുര്‍റഹ്മാന്‍ അസ്സുദൈസ്, ശൈഖ് ആഇളുല്‍ ഖര്‍നി, അബ്ദുല്‍ വഹാബ് അത്ത്വരീരി, ശൈഖ് സഅ്ദുല്‍ ബരീക് തുടങ്ങിയവര്‍ ഖത്താന്റെ ശിഷ്യഗണങ്ങളാണ്. കുവൈത്തിലെ പ്രശസ്ത പണ്ഡിതന്മാരായ ശൈഖ് ഹസന്‍ അയ്യൂബ്, ശൈഖ് ഹസന്‍ തനൂന്‍, ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ്, ശൈഖ് ഉമര്‍ അശ്ഖര്‍ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച ഖത്താന്റെ സംഭവബഹുലമായ ജീവിതത്തിന് 76-ാം വയസ്സില്‍ കഴിഞ്ഞ മെയ് 23-ന് തിരശ്ശീല വീണു.
 

 

 

മൂല്യച്യുതിക്കെതിരെ മുഴങ്ങിയ സിംഹഗര്‍ജനം

സ്മരണ/ ശൗക്കത്ത്   കോറോത്ത്

മത പഠന സ്‌കൂളില്‍ വര്‍ഷങ്ങളോളം പഠിച്ചിട്ടും മതമില്ലാത്തവനായി  പുറത്തുവന്ന ഒരു ചെറുപ്പക്കാരന്‍. മതകാര്യങ്ങളിലോ ഇബാദത്തുകളിലോ അത്രയൊന്നും താല്‍പര്യമില്ലാത്ത ഒരു പിതാവിന്റെ മകന്‍. കവിതയും കലാപ്രവര്‍ത്തനങ്ങളുമായി ലക്ഷ്യമേതുമില്ലാതെ തെക്കു വടക്കു നടന്നു സമയം കളഞ്ഞ ചെറുപ്പകാലം. മത നിരാസനായി ചുറ്റിത്തിരിഞ്ഞ  ചെറുപ്പക്കാരനിലെ സര്‍ഗാത്മക കഴിവുകളും സാഹിത്യാഭിരുചിയും വാക്ചാതുരിയും പ്രയോജനപ്പെടുത്തിയത് അന്നത്തെ കമ്യൂണിസ്റ്റുകള്‍. ഈജിപ്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ബോധിച്ച ആ യുവാവിനെ കുവൈത്തില്‍ പാര്‍ട്ടി വളര്‍ത്താന്‍ അവര്‍ പരമാവധി പ്രയോജനപ്പെടുത്തി. പക്ഷേ, ദൈവ നിശ്ചയം മറ്റൊന്നായിരുന്നു. തന്റെ നേതാക്കളുടെ വഴിവിട്ട ജീവിതവും, ബാങ്കുവിളി കേള്‍ക്കുമ്പോള്‍ പോലും അല്ലാഹുവിനെയും പ്രവാചകനെയും അതിരുവിട്ടു പരിഹസിക്കുന്ന അവരുടെ രീതികളും ദുസ്സഹമായപ്പോള്‍ ചരിത്രം വഴിമാറി - ശുദ്ധ പ്രകൃതത്തിലെ ആ ഉള്‍വിളി എങ്ങനെ ഈമാനികാവേശമായി മാറിയെന്ന് ശൈഖ് അഹ്മദ് ഖത്താന്‍ വിശദീകരിച്ചിട്ടുണ്ട്. മത വിരുദ്ധരായിരുന്ന സഹപ്രവര്‍ത്തകരില്‍ ചിലരെയെങ്കിലും ഇസ്ലാമിക പാതയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞതും, പിന്നീട് ഈജിപ്ഷ്യന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ പോലും അദ്ദേഹത്തോടു  സംസാരിക്കാന്‍ ഭയപ്പെട്ടതും അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിനെയും റെഡ് ഹൗസിനെയും (റഷ്യ) അവിടെപ്പോയി ത്വവാഫ് ചെയ്യുന്ന മുസ്‌ലിം ഭരണാധികാരികളെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരിക്കും ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഖുത്വ്ബകളുടെ തുടക്കം. പിന്നെ ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും വിപ്ലവ കവിതാ ശകലങ്ങളും കോര്‍ത്തിണക്കി അത് കത്തിക്കയറും. അറബ് ഭരണകൂടങ്ങളുടെ കപടതയും അല്‍ അഖ്സ്വാ അടക്കമുള്ള മുസ്‌ലിം പ്രശ്നങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന അഴകൊഴമ്പന്‍ നിലപാടുകളും അദ്ദേഹം തുറന്ന് കാട്ടും. ആവേശത്തോടെ ഖുത്വ്ബ കേള്‍ക്കാന്‍ ഓടിയെത്തുന്ന ജനങ്ങളെ നിരാശരാക്കിക്കൊണ്ട് ഖുത്വ്ബക്ക് എത്തുന്ന അദ്ദേഹത്തെ ആഭ്യന്തര മന്ത്രാലയം പലപ്പോഴും തടഞ്ഞുവെച്ചു. ചൂടപ്പം പോലെ വിറ്റഴിയുന്ന, ഞങ്ങള്‍ ഇന്ത്യക്കാര്‍ പോലും ആവേശത്തോടെ വാങ്ങിയിരുന്ന, മുന്‍ ആഴ്ചയിലെ അദ്ദേഹത്തിന്റെ ഖുത്വ്ബാ കാസറ്റ് കൗണ്ടറുകള്‍ എടുത്തുനീക്കി കാസറ്റുകള്‍ പോലീസ് പലകുറി കണ്ടുകെട്ടി. ഇഖ്വാന്‍ മനസ്സുള്ള ഔഖാഫ് മന്ത്രിമാര്‍ പോലും ശൈഖ് ഖത്താനെതിരെ നെറ്റി ചുളിച്ചു.
ഒരിക്കല്‍ ഖുത്വ്ബക്കു ശേഷം പള്ളിയില്‍ വെച്ച്, ശാന്തപുരം സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ഞാനും പി.കെ ജമാല്‍ സാഹിബും ശൈഖിനെ ക്ഷണിച്ചു. സന്തോഷത്തോടെ ക്ഷണം നിരസിച്ച അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ കാണുന്നില്ലേ നാടിന്റെ അവസ്ഥ. എന്റെ യുവാക്കളെ  ഈ നിലയില്‍ വിട്ടിട്ട് ഞാന്‍ എങ്ങനെ അങ്ങോട്ട് വരും?' പിന്നീടൊരിക്കല്‍ അദാനിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഞങ്ങള്‍ ഇരുവരും അദ്ദേഹത്തെ കണ്ടു. കേരളത്തിലേക്ക് വീണ്ടും ക്ഷണിച്ചു. റമദാനിലെ നസ്വീഹത്തുകള്‍ക്കായി വീട്ടില്‍ ഒരുക്കിയ പ്രത്യേക ടി.വി റിക്കോര്‍ഡിംഗ് സംവിധാനങ്ങള്‍ അദ്ദേഹം ഞങ്ങളെ കാണിച്ചു. ലോക ഇസ്ലാമിക ചലനങ്ങളെക്കുറിച്ചും മറ്റും സംസാരിച്ചു. യാത്ര ചെയ്യാന്‍ ശാരീരിക അവസ്ഥ അനുവദിക്കുന്നില്ല എന്നും ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശം ഉണ്ടെന്നും അദ്ദേഹം ഞങ്ങളെ ധരിപ്പിച്ചു. ശീതള പാനീയം നല്‍കി വീടിനു പുറത്തുവരെ വന്നു അദ്ദേഹം ഞങ്ങളെ യാത്രയാക്കി.
കേരളക്കാരോട്  ശൈഖിനു പ്രത്യേകമായ സ്‌നേഹം ഉണ്ടായിരുന്നു. കാണുമ്പോഴെല്ലാം കേരളത്തിലെ ഇസ്ലാമിക ചലനങ്ങളെക്കുറിച്ച് ആവേശത്തോടെ ചോദിച്ചറിയും. 'കേരള' എന്ന് ഞങ്ങള്‍ പറയുമ്പോള്‍ 'കേരള' അല്ല. 'ഖൈറല്ല' (അല്ലാഹുവിന്റെ നന്മ) ആണെന്ന് ശൈഖ് ഞങ്ങളെ തിരുത്തും. 
വാദിഹുദയിലെ എസ്.എ.പി സലാം സാഹിബിന്റെ അന്നത്തെ ചെറിയ ലാന്‍സര്‍ കാറില്‍ തിക്കിക്കയറി ഖത്താന്റെ ഖുത്വ്ബ കേള്‍ക്കാനുള്ള ഞങ്ങളുടെ പുറപ്പാട് ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. വെള്ളിയാഴ്ചകളിലെ ആവേശവും ആഘോഷവും ആയിരുന്നു ആ യാത്രകള്‍. അതിഥികളായി കേരളത്തില്‍നിന്ന് എത്തുന്ന പ്രസ്ഥാന നേതാക്കളും ഞങ്ങളോടൊപ്പം കാറിലുണ്ടാകും. മസ്ജിദുല്‍ അഖ്സ്വായെ കുറിച്ച ഏറ്റവും പുതിയ വര്‍ത്തമാനങ്ങളും, ഫലസ്ത്വീന്‍ പോരാളികളുടെ ശൂരതകളും, നൂതനമായ ലോക ഇസ്ലാമിക ചലനങ്ങളും, അവക്കെതിരില്‍ അകത്തു നിന്നും പുറത്തുനിന്നും ഉയരുന്ന ഭീഷണികളും ഒക്കെ ഞങ്ങള്‍ ആ നാവില്‍നിന്ന് സാകൂതം കേട്ടറിഞ്ഞു. അറബി ഭാഷയുടെ സൗന്ദര്യം ആസ്വദിക്കാനും ആ ഭാഷയോട് മാനസികമായ അടുപ്പം സൃഷ്ടിക്കാനും അദ്ദേഹത്തിന്റെ ഖുത്വ്ബകള്‍ കാരണമായിട്ടുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 22-25
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് വിശ്വാസിയുടെ ബാധ്യത
സുബൈര്‍ കുന്ദമംഗലം