Prabodhanm Weekly

Pages

Search

2022 ജൂണ്‍ 10

3255

1443 ദുല്‍ഖഅദ് 10

തുനീഷ്യ എങ്ങോട്ട്?

സ്വലാഹുദ്ദീന്‍ അല്‍ ജൂര്‍ശി

ഫലം എന്തു തന്നെ ആയിക്കൊള്ളട്ടെ, താന്‍ മുന്നില്‍ കാണുന്ന രാഷ്ട്രീയ അജണ്ടയുമായി മുന്നോട്ടു പോകുമെന്ന വാശിയിലാണ് തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്. ഒരു തിരിച്ചിറക്കം സാധ്യമല്ലാത്ത നിലയിലാണ് അദ്ദേഹത്തിന്റെ ചുവടുവെപ്പുകള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം മുപ്പതാം നമ്പര്‍ വിജ്ഞാപനം ഇറക്കിയത്. അത് പ്രകാരം, 'പുതിയ റിപ്പബ്ലിക്കിന് വേണ്ടിയുള്ള ദേശീയ കൂടിയാലോചനാ സമിതി'യുടെ അധ്യക്ഷനായി, ഭരണഘടനാ നിയമത്തില്‍ വിദഗ്ധനായ സ്വാദിഖ് ബല്‍ഈദിനെ നിശ്ചയിച്ചിരിക്കുകയാണ്. ഈ സമിതി ഒരു ഭരണഘടനാ കരടുണ്ടാക്കി പ്രസിഡന്റിന് സമര്‍പ്പിക്കണം. അതില്‍ വേണ്ട പുനഃപരിശോധനകളൊക്കെ പ്രസിഡന്റ് നടത്തും. അതിന് മുമ്പായി വരുന്ന ജൂലൈ 25-ന് ആ പുതിയ ഭരണഘടന ജനഹിത പരിശോധനക്കായി സമര്‍പ്പിക്കുമെന്നും പറഞ്ഞിരിക്കുന്നു. ഇതുവഴി തുനീഷ്യയുടെ ഭൂതകാലമൊന്നാകെ ചുരുട്ടിക്കെട്ടി മാറ്റിവെക്കാനാവുമെന്നും ഇനി പുതിയൊരു ചരിത്രമായിരിക്കുമെന്നുമാണ് ഈ പ്രസിഡന്റ് വിശ്വസിക്കുന്നത്.
ഇതെല്ലാം കണ്ട് തുനീഷ്യന്‍ പൊതുജനം എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടിരിപ്പാണ്. അതേസമയം, തങ്ങളുടെ അതിസങ്കീര്‍ണവും കൈപുറ്റതുമായ വര്‍ത്തമാന കാലത്തെ പ്രതിഫലിപ്പിക്കാത്ത, തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഒരു വീഡിയോ കാണുമ്പോഴുള്ള നിസ്സംഗതയാണ് അവരുടെ മുഖത്ത്. പണപ്പെരുപ്പത്തില്‍ ആധി കൊള്ളുകയാണ് അവര്‍. അതിപ്പോള്‍ എട്ട് ശതമാനം കടന്നിരിക്കുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ നിഗമനമനുസരിച്ച് ഉടന്‍ തന്നെ അത് പത്ത് ശതമാനത്തിലെത്തും. ഈ സാമ്പത്തിക പ്രതിസന്ധിയാണ് സാധാരണക്കാരായ തുനീഷ്യക്കാരെ ഭയപ്പെടുത്തുന്നത്. അനുദിനം തങ്ങളുടെ വാങ്ങല്‍ ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അവര്‍ മനസ്സിലാക്കുന്നു. ഒരു നീക്കവും നടത്താനാവാതെ ഭരണകൂടം അനക്കമറ്റ് നില്‍ക്കുന്നു. വഷളായിക്കൊണ്ടിരിക്കുന്ന ഈ സാമ്പത്തിക പ്രതിസന്ധിക്ക്, പ്രസിഡന്റ് ഖൈസ് സഈദ് മറ്റാരെയും കൂട്ടാതെ താന്‍ ഒറ്റക്ക് കൊണ്ടുവരാന്‍ പോകുന്ന 'പുതിയ ഭരണഘടന'യുമായി അഭേദ്യ ബന്ധമുണ്ടെന്ന കാര്യം ജനം തിരിച്ചറിയുന്നില്ല. എന്നാലിത് 'സംഘട്ടനങ്ങളുടെ മാതാവ്' ആണെന്നും, ജനങ്ങളെ മികച്ച ഭാവിയിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്ന പാലമാണ് താനെന്നുമാണ് പ്രസിഡന്റിന്റെ അവകാശവാദം.
പ്രസിഡന്റ് ഖൈസ് സഈദ് നേരത്തെ യൂനിവേഴ്‌സിറ്റിയില്‍ നിയമ വിഭാഗം പ്രഫസറായിരുന്നു. അദ്ദേഹത്തെ പോലെ നിയമ വിദഗ്ധരായ നിരവധി അക്കാദമിഷ്യന്മാര്‍ ആ യൂനിവേഴ്‌സിറ്റിയില്‍ ഉണ്ട്. അവരൊക്കെയും, ഇത്തരം രാഷ്ട്രീയ അജണ്ടകളില്‍ യൂനിവേഴ്‌സിറ്റിയെ ഇടപെടുത്തരുതെന്ന പക്ഷക്കാരാണ്. പ്രസിഡന്റ് രൂപീകരിച്ചിരിക്കുന്ന സമിതിയുമായി സഹകരിക്കരുതെന്നും അധ്യാപകരോടും സ്ഥാപന മേധാവികളോടും അവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
നേരത്തെ ഈ പ്രസിഡന്റിനെ കണ്ണുമടച്ച് പിന്തുണച്ച ചിലരുണ്ട്. അവര്‍ ശരിക്കും ആപ്പിലായിരിക്കുന്നു. പ്രസിഡന്റിന്റെ ഓരോ പ്രഖ്യാപനത്തെയും കൈയടിച്ച് വരവേല്‍ക്കുകയും അവസാന നിമിഷം വരെ അതിന് വേണ്ടി വാദിക്കുകയും ചെയ്തവരാണവര്‍. ഇപ്പോഴിതാ ഈ ഗ്രൂപ്പിനെ തീരുമാനമെടുക്കുന്ന വൃത്തങ്ങളില്‍ നിന്ന് പൂര്‍ണമായി പുറന്തള്ളിയിരിക്കുന്നു. അവരുടെ പങ്കാളിത്തത്തെപ്പറ്റി എവിടെയും പരാമര്‍ശമില്ല. ഈ 'നേട്ടങ്ങളി'ല്‍ അവര്‍ക്കെന്തെങ്കിലും റോള്‍ ഉണ്ടെന്ന് അംഗീകരിക്കാന്‍ ഖൈസ് തയാറാവുന്നില്ല. അറ്റ കൈ പ്രയോഗം എന്ന നിലക്ക്, കഴിഞ്ഞ ജൂലൈ 25-ന് ഖൈസ് നടത്തിയ അട്ടിമറിയെ ന്യായീകരിച്ചുകൊണ്ടിരുന്ന സംഘടനകളും സംഘങ്ങളും സംയുക്തമായി, അകത്ത് നിന്നും പുറത്ത് നിന്നുമുള്ള സകല സമ്മര്‍ദങ്ങളെയും അതിജീവിച്ച് പുതിയ രാഷ്ട്ര സംവിധാനത്തെക്കുറിച്ച ദേശീയ ചര്‍ച്ച എത്രയും പെട്ടെന്ന് തുടങ്ങിവെക്കണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു നോക്കി. പക്ഷേ, ഈ കൂട്ടാളികളെക്കുറിച്ച് മേല്‍പ്പറഞ്ഞ വിജ്ഞാപനത്തില്‍ മിണ്ടിയതേയില്ല. തന്നെ പിന്തുണച്ച സകല പാര്‍ട്ടികളെയും അദ്ദേഹം അകറ്റി നിര്‍ത്തിയിരിക്കുകയാണ്. തന്റെ 'പുതിയ റിപ്പബ്ലിക്കി'ല്‍ ഇക്കൂട്ടര്‍ക്ക് എന്തെങ്കിലും റോള്‍ ഉണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടാവില്ല. പുതിയ വിജ്ഞാപനത്തെപ്പറ്റി പ്രസിഡന്റിന്റെ അടുപ്പക്കാരില്‍ പെട്ട ഒരാള്‍ തന്നെ പറഞ്ഞത് ഇങ്ങനെയാണ്: 'സുഹൃത്തുക്കളുടെ എണ്ണം കുറക്കുന്നതും ശത്രുക്കളെ ശക്തിപ്പെടുത്തുന്നതുമാണ് ഈ നീക്കം.' അവരുടെ ശ്രമങ്ങളത്രയും വെള്ളത്തിലായിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഈ മനുഷ്യനെ അവര്‍ക്ക് മനസ്സിലായില്ല എന്നതാണ് കാരണം. തങ്ങളുടെ നിലപാടുകളിലേക്ക് അയാളെ കൊണ്ടുവരാം എന്നാണവര്‍ കരുതിയത്. രാഷ്ട്രീയമായും ചരിത്രപരമായും അവര്‍ അരികിലേക്ക് ഒതുക്കപ്പെട്ടു എന്നതാണതിന്റെ ഫലം.
അപകടം പിടിച്ച, വളഞ്ഞുപുളഞ്ഞു പോകുന്ന, ചെങ്കുത്തായ പാതയിലാണ് പ്രതിപക്ഷത്തെ ഈ പ്രസിഡന്റ് കൊണ്ടുനിര്‍ത്തിയിരിക്കുന്നത്. 'ദേശീയ ചര്‍ച്ച' സംഘടിപ്പിക്കാനും ഭരണഘടന ഉണ്ടാക്കാനും പ്രസിഡന്റ് നിയോഗിച്ച സമിതിയെ അവര്‍ കാര്യഗൗരവത്തിലെടുക്കുന്നില്ലെങ്കിലും, 'പുതിയ റിപ്പബ്ലിക്ക്' വന്നാലുള്ള അപകടങ്ങളെക്കുറിച്ച് പ്രതിപക്ഷം ബോധവാന്‍മാരാണ്. അതിനാല്‍, പ്രസിഡന്റിന്റെ ഈ നീക്കം എന്ത് വില കൊടുത്തും തടയുമെന്ന നിശ്ചയത്തിലാണ് പ്രതിപക്ഷം. ആ അജണ്ട നടപ്പാവാതിരിക്കാന്‍ സകല തടസ്സങ്ങളും അവര്‍ വഴിയില്‍ വലിച്ചിടും. പക്ഷേ, എങ്ങനെ എന്നതാണ് ചോദ്യം.
ഹബീബ് ബൂറഖീബ റോഡില്‍ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ് വേണ്ടെതന്ന് പറയുന്നവരുണ്ട്. ഭരണ കേന്ദ്രങ്ങളെയും ഖര്‍ത്വാജിലെ പ്രസിഡന്റിന്റെ കൊട്ടാരത്തെയും ഉപരോധിക്കുന്ന വിധത്തില്‍ അത് വിപുലമാകണം. അസാധാരണമാം വിധം പ്രയാസകരമായ ഒരു നിലയിലാണ് പ്രതിപക്ഷം എത്തിപ്പെട്ടിരിക്കുന്നത്. ഈ പ്രസിഡന്റ് അധികാരത്തില്‍ തുടരുന്നത് ഏത് വിധേനയെങ്കിലും അവര്‍ ഉടന്‍ തടഞ്ഞേ മതിയാവൂ. ചുരുങ്ങിയ പക്ഷം ഖൈസ് ഇതുവരെ എടുത്ത തീരുമാനങ്ങള്‍ പിന്‍വലിപ്പിക്കാനെങ്കിലും കഴിയണം. ഇപ്പോള്‍ എടുക്കുന്ന ഏത് പിഴച്ച ചുവടുവെപ്പിനും പ്രതിപക്ഷം വലിയ വില നല്‍കേണ്ടിവരും.
എല്ലാവര്‍ക്ക് മുമ്പിലും ഖൈസ് സഈദ് വാതില്‍ കൊട്ടിയടക്കുകയാണ്. ഒരാളെയും അദ്ദേഹം കേള്‍ക്കുന്നില്ല. എല്ലാം സ്വന്തമായി ചിന്തിച്ചു കൂട്ടുകയാണ്. സഹായികളായി കുറച്ചു അടുപ്പക്കാര്‍ മാത്രം. അവരുടെപോലും അഭിപ്രായങ്ങളെ അദ്ദേഹം മുഖവിലക്കെടുക്കുന്നുണ്ടോ എന്ന് പടച്ചവനറിയാം!
ഖൈസ് സഈദിനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ സൈന്യത്തിന്റെ സഹായം തേടാമെന്ന പക്ഷക്കാരുണ്ട്. അവര്‍ ആ ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. എന്നിട്ട് സൈന്യം അധികാരം ജനത്തിന് തിരികെ നല്‍കുകയും പാര്‍ലമെന്റ്-പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നേരത്തെ നടത്തുകയും ചെയ്യുക. ഫലം എന്തെന്ന് പ്രവചിക്കാനാവാത്ത സാഹസികതയായിരിക്കും ഈ നീക്കമെന്നുറപ്പ്. സൈന്യം അധികാരമേല്‍ക്കുന്നതോടെ വിവിധ സിവിലിയന്‍ ഗ്രൂപ്പുകള്‍ക്കിടയില്‍, ഇനിയെന്ത് എന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതായാണ് കണ്ടുവരുന്നത്. എന്ത് ചെയ്യണമെന്നറിയാതെ സൈന്യവും ബുദ്ധിമുട്ടിലാവും. തുനീഷ്യന്‍ ജനറല്‍മാരൊന്നും ഇതുവരെ ഇങ്ങനെയൊരു ചിന്തയിലേക്കെത്തിയിട്ടില്ല. 'സൈന്യം നിയമാനുസൃത സംവിധാനത്തെ സേവിക്കും'  എന്ന് മാത്രമാണ് അവര്‍ പറഞ്ഞിട്ടുള്ളത്. അതേസമയം രാഷ്ട്രം അതിഭീഷണമായ ഒരു രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും അത് ദിനം പ്രതി കൂടുതല്‍ വഷളായി വരികയാണെന്നും സൈന്യത്തിന് ബോധ്യമുണ്ട്. ഒടുവില്‍ ഏതെങ്കിലും നിലക്ക് ഇടപെടാന്‍ അവര്‍ നിര്‍ബന്ധിതരായേക്കാം.
ഉത്തരവാദിത്വ ബോധത്തോടെയാണ് സൈന്യം പെരുമാറുന്നതെങ്കിലും, തന്റെ പ്രതിയോഗികളുമായുള്ള, പ്രത്യേകിച്ച് അന്നഹ്ദ പാര്‍ട്ടിയുമായുള്ള ഖൈസ് സഈദിന്റെ കൊമ്പുകോര്‍ക്കലില്‍ പ്രയോഗതലത്തില്‍ അയാളോട് ചായ്വ്  പുലര്‍ത്തിയാണ് അതിന്റെ നില്‍പ്പ്. തുനീഷ്യക്ക് അതിന്റെ രണ്ട് പ്രധാന സഖ്യ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു എന്നതും സൈന്യത്തെ അസ്വസ്ഥമാക്കുന്നുണ്ട്.
വരുന്ന ഏതാനും ആഴ്ചകള്‍ തുനീഷ്യയെ സംബന്ധിച്ച് വിധിനിര്‍ണായകമായേക്കാം. അപ്രതീക്ഷിതമായ പലതും സംഭവിച്ചേക്കാം. തുനീഷ്യ എന്ന കപ്പല്‍ ആടിയുലയുകയാണ്. നയതന്ത്ര കേന്ദ്രങ്ങള്‍ അസാധാരണമായ നീക്കങ്ങള്‍ നടത്താനിടയുണ്ട്. തുനീഷ്യ ഫയല്‍ കേന്ദ്രീകരിച്ച് പാരീസ്- വാഷിംഗ്ടണ്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ കാര്യഗൗരവത്തില്‍ നടക്കുകയാണ്. ഇത് സംബന്ധിച്ച വെനീസ് കമീഷന്‍ പോലുള്ള അന്താരാഷ്ട്ര സമിതികളുടെ നിലപാടുകളും നിര്‍ണായകമാവും. കഴിഞ്ഞ ജൂലൈ 25 മുതല്‍ ഖൈസ് സഈദ് സ്വീകരിച്ച മുഴുവന്‍ നിലപാടുകളെയും വെനീസ് കമീഷന്‍ തള്ളിയേക്കും.
അന്താരാഷ്ട്ര പിന്നാമ്പുറങ്ങളില്‍ എന്താണ് നടക്കുന്നതെന്നും പ്രശ്‌നത്തില്‍ ഇടപെട്ട വിദേശ ശക്തികള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നും ആര്‍ക്കും തിട്ടമില്ല. ഏതായാലും ഇപ്പോഴത്തെ അവസ്ഥ 'സ്വാഭാവികം' എന്ന് പറഞ്ഞ് ഒഴിയാനാവില്ലെന്ന് തീര്‍ച്ച. തന്റെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഖൈസ് സഈദിന്റെ നീക്കം രാഷ്ട്രീയമായി ശരിപ്പെടുത്താനാവാത്ത വലിയ പൊട്ടലുകളാണ് അവശേഷിപ്പിക്കുന്നത്. ഏറ്റവുമൊടുവില്‍ തുനീഷ്യന്‍ ലേബര്‍ യൂനിയനുമായുള്ള ഖര്‍ത്വാജ് കൊട്ടാരത്തിന്റെ ഒത്തുതീര്‍പ്പു ചര്‍ച്ചകളും തെറ്റിപ്പിരിയുകയാണുണ്ടായത്. 

(തുനീഷ്യന്‍ രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 22-25
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് വിശ്വാസിയുടെ ബാധ്യത
സുബൈര്‍ കുന്ദമംഗലം