Prabodhanm Weekly

Pages

Search

2022 ജൂണ്‍ 03

3254

1443 ദുല്‍ഖഅദ് 03

ബാബരി മുതല്‍ ഗ്യാന്‍വാപി വരെ കോടതി വ്യവഹാരങ്ങള്‍ ഹിന്ദുത്വവാദങ്ങളെ സഹായിക്കുന്നുവോ? 

ഉമങ് പോഡര്‍

പരാതികള്‍ മസ്ജിദുകള്‍ക്കെതിരെയാകുമ്പോള്‍ 1991-ലെ ആരാധനാലയ നിയമപ്രകാരം അവ തള്ളിക്കളയുന്നതിന് പകരം നീറിപ്പടരാന്‍ വിടുകയും അതുവഴി ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുകയുമാണ് നിയമപീഠങ്ങള്‍. 1986-ല്‍ ഉത്തര്‍പ്രദേശിലെ ഒരു ജില്ലാ കോടതി പുറപ്പെടുവിച്ച വിധിയാണ് അഞ്ചു വര്‍ഷം കഴിഞ്ഞ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിലെത്തിച്ച സംഭവ പരമ്പരകള്‍ക്ക് നാന്ദി കുറിക്കുന്നത്. 2010-ല്‍ അയോധ്യ ഉടമസ്ഥാവകാശ കേസില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.യു ഖാന്റെതാണ് ഈ നിരീക്ഷണം.
1986-ലെ കോടതി വിധി ബാബരി മസ്ജിദിന്റെ കവാടങ്ങള്‍ തുറക്കുന്നതിലേക്ക് നയിച്ചു. അതോടെ 'വിവാദം ദേശീയ (അന്തര്‍ദേശീയമെന്നു പറയുന്നതാകും കൂടുതല്‍ ശരി) തലത്തിലേക്ക് എടുത്തെറിയപ്പെട്ടു'- വിധിയില്‍ ഖാന്‍ പറയുന്നു. ''അതിന് മുമ്പ് അയോധ്യക്കും ഫൈസാബാദിനും പുറത്ത് ആര്‍ക്കും ഈ വിവാദത്തെ കുറിച്ച് അറിയുമായിരുന്നില്ല''.
ബാബരി മസ്ജിദ്, വാരാണസി ഗ്യാന്‍വാപി മസ്ജിദ്, മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ്, ദല്‍ഹി ഖുതുബ് മിനാര്‍, മധ്യപ്രദേശിലെ കമാലുദ്ദീന്‍ മസ്ജിദ് തുടങ്ങി ആരാധനാലയങ്ങളെ ചൊല്ലിയുള്ള നിരവധി തര്‍ക്കങ്ങളില്‍ പൊതുവായി കാണാവുന്ന രീതി ഈ പ്രസ്താവന ലഘുവായ വാക്കുകളില്‍ വ്യക്തമാക്കുന്നുണ്ട്. 
നീതിപീഠങ്ങള്‍, വിശിഷ്യാ താഴേ തലത്തിലുള്ളവ, ഇത്തരം തര്‍ക്കങ്ങള്‍ ഊതിവീര്‍പ്പിക്കുന്നതില്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്.

ബാബരിയുടെ പൂട്ട് തുറക്കപ്പെടുന്നു
അയോധ്യയിലാണ് ഇത് ആദ്യം പുറത്തുവരുന്നത്. ബാബരി മസ്ജിദിനകത്ത് ദുരൂഹമായി ശ്രീരാമ വിഗ്രഹം സ്ഥാപിക്കപ്പെട്ട 1949-നു ശേഷം പതിറ്റാണ്ടുകളോളം ഒന്നോ രണ്ടോ പുരോഹിതന്മാര്‍ അകത്തുകയറി പൂജ നടത്തിപ്പോരുന്നതായിരുന്നു രീതി. പൊതുജനത്തിനു വേണമെങ്കില്‍ മുന്നിലെ ഗ്രില്ലിനു മുന്നില്‍ നോക്കിനില്‍ക്കാം.
എന്നാല്‍, കേസുമായി ബന്ധമില്ലാതിരുന്ന ഒരു അഭിഭാഷകന്‍ 1986 ജനുവരി 31-ന് ഫൈസാബാദ് ജില്ലാ ജഡ്ജി കെ.എന്‍ പാണ്ഡെക്കു മുമ്പാകെ ഒരു അപ്പീല്‍ നല്‍കുന്നു. ഒരു ദിവസം ദിവസം കഴിഞ്ഞ് കോടതി അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു. ഹിന്ദുക്കള്‍ക്ക് ആരാധനക്കായി കവാടങ്ങള്‍ തുറന്നുകൊടുക്കണമെന്ന് ജഡ്ജി ഉത്തരവിടുകയും ചെയ്തു. ഉത്തരവിറങ്ങി മിനിറ്റുകള്‍ക്കകം ബാബരി മസ്ജിദിന്റെ പൂട്ടുകള്‍ തുറക്കപ്പെട്ടു.
ഈ നടപടിക്രമങ്ങള്‍ കേസിലെ യഥാര്‍ഥ കക്ഷികളിലാരും അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല. അറിവുള്ളയാള്‍ക്കാകട്ടെ, കേസില്‍ കക്ഷി ചേരാന്‍ അനുവാദവുമുണ്ടായില്ല. കോടതിയില്‍ ഹാജരുണ്ടായിരുന്ന ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും ഒരേ സ്വരത്തില്‍ കോടതിയെ അറിയിച്ചു, താഴുകള്‍ തുറക്കപ്പെടുന്നത് ഒരു തരത്തിലും പ്രശ്‌നങ്ങള്‍ക്കിടയാക്കില്ലെന്ന്.
സംഭവങ്ങള്‍ ചുരുള്‍ നിവര്‍ന്ന രീതിയില്‍ ജസ്റ്റിസ് എസ്.യു ഖാന്‍ 2010-ല്‍ ഞെട്ടല്‍ അറിയിക്കുന്നുണ്ട്. 'അപരിചിതനായ' ഒരാള്‍ 'നിലനില്‍ക്കാനാവാത്ത' ഒരു അപ്പീല്‍ സമര്‍പ്പിക്കുന്നു. കേസിലെ കക്ഷികളിലൊരാളുടെ കക്ഷി ചേരല്‍ 'തെറ്റായ കാരണങ്ങള്‍ പറഞ്ഞ് തള്ളപ്പെടുന്നു'. അതോടെ 'അപ്പീലിനെതിരെ ഒരാള്‍ പോലും എതിര്‍പ്പുമായി ഇല്ലെന്നു' വരുന്നു.

ഗ്യാന്‍വാപിയിലെ പുരാവസ്തു സര്‍വേ
മുഗള്‍ കാല മസ്ജിദായ ഗ്യാന്‍വാപിയിലെ ഹിന്ദുത്വ അവകാശവാദങ്ങളുടെ തുടര്‍ച്ചയായി വാരാണസിയിലെ സിവില്‍ കോടതികളില്‍ നല്‍കിയ രണ്ടു കേസുകളാണ് അടുത്ത വിവാദത്തിന് തിരി കൊളുത്തുന്നത്.
'സ്വയംഭൂ വിശ്വേശര ഭഗവാന്‍' സംഘടനയിലെ ഭക്തര്‍ 1991-ല്‍ വാരാണസി സിവില്‍ കോടതിയിലാണ് ആദ്യ കേസ് നല്‍കുന്നത്. ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് നേരത്തെ ക്ഷേത്രമുണ്ടായിരുന്നുവെന്നും അതിനാല്‍ അവിടെ ആരാധനക്ക് അനുമതി വേണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, 1991-ലെ ആരാധനാലയ നിയമ (പ്രത്യേക വകുപ്പുകള്‍) പ്രകാരം പരാതിയിലെ ചില ഭാഗങ്ങള്‍ നിലനില്‍ക്കുന്നില്ലെന്ന് 1997-ല്‍ കോടതി വിധിച്ചു. അയോധ്യ ക്ഷേത്ര പ്രസ്ഥാനം സജീവമായി നില്‍ക്കുന്ന ഘട്ടത്തിലായിരുന്നു ആരാധനാലയ നിയമം പാസാക്കുന്നത്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് 1947 ആഗസ്റ്റ് 15-ന് മുമ്പുള്ള സ്ഥിതി തുടരുമെന്നായിരുന്നു ഇതിലെ വ്യവസ്ഥ.
ഇതിനെതിരെ നല്‍കിയ അപ്പീലില്‍ 1998 സെപ്റ്റംബറില്‍ ജില്ലാ ജഡ്ജി വിധി മാറ്റിവെച്ചു. തെളിവുകള്‍ ശേഖരിക്കാതെ വിധി പറയാനാകില്ലെന്നായിരുന്നു ജഡ്ജിയുടെ വാക്കുകള്‍. എന്നാല്‍, വര്‍ഷാവസാനം അലഹാബാദ് ഹൈക്കോടതി ഈ നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്തു. 2020 വരെയേ ഈ സ്റ്റേ നിലവിലുള്ളൂ. കോടതി സ്റ്റേ വ്യക്തമായ വാക്കുകളില്‍ നീട്ടിയില്ലെങ്കില്‍ ആറു മാസം കഴിഞ്ഞശേഷം നിലനില്‍ക്കില്ലെന്ന 2018-ലെ സുപ്രീം കോടതി ഉത്തരവു പ്രകാരം ഗ്യാന്‍വാപി കേസ് പരിഗണിച്ച സിവില്‍ കോടതി വാദം കേള്‍ക്കല്‍ വീണ്ടും തുടങ്ങി. പരാതിക്കാര്‍ നല്‍കിയ അപേക്ഷയിലായിരുന്നു നടപടി. 2020 ഫെബ്രുവരിയില്‍ അലഹാബാദ് ഹൈക്കോടതി ഈ നടപടിയും സ്റ്റേ ചെയ്തു. 2020 മാര്‍ച്ചില്‍ വിധി പറയല്‍ മാറ്റി.
അതിനു ശേഷം സിവില്‍ കോടതി വിഷയത്തില്‍ വാദം കേള്‍ക്കല്‍ പുനരാരംഭിച്ചു. മസ്ജിദ് സ്ഥലത്ത് മുമ്പ് ക്ഷേത്രം നിലനിന്നോ എന്ന് പരിശോധന നടത്താന്‍ 2021 ഏപ്രിലില്‍ ദേശീയ പുരാവസ്തു വകുപ്പിനെ കോടതി ഏല്‍പിച്ചു. ഈ ഉത്തരവിന്റെ പേരില്‍ അതേ വര്‍ഷം സെപ്റ്റംബറില്‍ അലഹാബാദ് ഹൈക്കോടതി കീഴ് കോടതിയെ വിമര്‍ശിച്ചു. പുരാവസ്തു സര്‍വേ നിര്‍ദേശം സ്റ്റേ ചെയ്യുകയും ചെയ്തു.
'(അലഹാബാദ് വിധി കാത്തിരിക്കുകയെന്ന) അച്ചടക്കം പാലിക്കാനുള്ള മര്യാദ കീഴ്‌ക്കോടതിയില്‍നിന്ന് പ്രതീക്ഷിക്കപ്പെട്ടതായിരുന്നുവെങ്കിലും മനസ്സിലാകാത്ത കാരണങ്ങളാല്‍ അതുണ്ടായില്ല' എന്നായിരുന്നു കോടതി നിരീക്ഷണം.

ഗ്യാന്‍വാപി ദൃശ്യചിത്രീകരണം
അലഹാബാദ് ഹൈക്കോടതിയില്‍ ഒരു കേസ് പരിഗണനയിലിരിക്കെ 2021 ആഗസ്റ്റില്‍ വാരാണസി സിവില്‍ കോടതിയില്‍ രണ്ടാമതൊരു കേസ് കൂടി ഫയല്‍ ചെയ്യപ്പെടുന്നു. ഗ്യാന്‍വാപി സമുച്ചയത്തില്‍ പൂജകള്‍ നടത്താന്‍ അവകാശം തേടിയായിരുന്നു പരാതി. ഇവിടെ സാന്നിധ്യമുള്ള 'ഹിന്ദു ദൈവങ്ങളായ മാ ശ്രിംഗര്‍ ഗൗരി, ഗണേശന്‍, ഹനുമാന്‍ എന്നിവരുടെയും ദൃശ്യവും അദൃശ്യവുമായ മറ്റു ദൈവങ്ങളുടെയും സംരക്ഷണവും ഇവര്‍ ആവശ്യപ്പെട്ടു.
2022 ഏപ്രില്‍ എട്ടിന്, മസ്ജിദിന്റെ ദൃശ്യ ചിത്രീകരണം നടത്തി സമര്‍പിക്കാന്‍ അഡ്വക്കറ്റ് കമീഷണറായി അജയ് കുമാറിനെ സിവില്‍ ജഡ്ജി നിയമിച്ചു. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാനും നിര്‍ദേശം നല്‍കി. കുമാറിന്റെ നിയമനം പക്ഷേ, മുസ്‌ലിം പക്ഷം എതിര്‍ത്തു. പരാതിക്കാരാണ് ഇദ്ദേഹത്തെ വെച്ചതെന്നായിരുന്നു അവരുടെ വിമര്‍ശനം.
മേയ് 12-ന് കുമാറിനെ മാറ്റാന്‍ വിസമ്മതിച്ച കോടതി വിഡിയോഗ്രഫിയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ രണ്ടു പേരെ കൂടി വെച്ചു. ആവശ്യമെങ്കില്‍ പൂട്ടുപൊളിക്കാന്‍ ജില്ലാ ഭരണകൂടത്തിനും നിര്‍ദേശം നല്‍കി. ആരെങ്കിലും തടസ്സം നില്‍ക്കുന്നുവെങ്കില്‍ കേസ് എടുക്കാനും മേയ് 17-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇതോടൊപ്പം നിര്‍ദേശം നല്‍കി.
ഈ സര്‍വേ ആരാധനാലയ നിയമത്തിന് കടകവിരുദ്ധമാണെന്ന് പറയുന്നു, മുന്‍ അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അമര്‍ സരണ്‍. ഒരു ആരാധനാലയത്തെ രൂപം മാറ്റാനുള്ള ശ്രമങ്ങള്‍ പോലും നിയമം നിരോധിക്കുന്നുണ്ട്. 'നിയമവിരുദ്ധ കൃത്യത്തില്‍ കീഴ്‌ക്കോടതികളും പങ്കാളികളാണ്' എന്ന് ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുക പോലും ചെയ്യും മുമ്പ്, തിങ്കളാഴ്ച മസ്ജിദ് പ്രതിനിധികളില്ലാത്ത ഒരു വാദം കേള്‍ക്കലിനിടെ 'വുദു' എടുക്കുന്ന ജലസംഭരണിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദു വിഭാഗത്തിലെ പരാതിക്കാരുടെ വാദം കോടതി പരിഗണനക്കെടുക്കുന്നു. ഇത് മുഖവിലക്കെടുത്ത് പള്ളിയുടെ ഒരു ഭാഗം അടച്ചിടാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. പള്ളിയില്‍ 20 മുസ്‌ലിംകളെ മാത്രം ആരാധനക്ക് അനുവദിച്ചാല്‍ മതിയെന്നും കൂടി കോടതി ഉത്തരവിട്ടു.
ഈ അവകാശവാദം മസ്ജിദ് വിഭാഗം എതിര്‍ക്കുന്നു. ശിവലിംഗമെന്ന് അവകാശപ്പെട്ടത് ജലധാരയാണെന്നായിരുന്നു അവരുടെ മറുപടി. അതിനിടെ, വാര്‍ത്ത നേരത്തെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയ അഡ്വക്കറ്റ് കമീഷണറെ നീക്കം ചെയ്തു. അവശേഷിച്ച രണ്ട് കമീഷണര്‍മാര്‍ റിപ്പോര്‍ട്ട് മേയ് 19-ന് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.
മസ്ജിദ് വീഡിയോ ചിത്രീകരണത്തിനെതിരെ മസ്ജിദ് വിഭാഗം നേരത്തെ അലഹാബാദ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, 2021-ല്‍ കോടതി ഈ ആവശ്യം തള്ളി.
അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ഗ്യാന്‍വാപി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സുപ്രീം കോടതിയിലെത്തി. മുസ്‌ലിംകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിനുള്ള എല്ലാ വിലക്കുകളും നീക്കിയ സുപ്രീംകോടതി സര്‍വേക്കിടെ കണ്ടെത്തിയ നിര്‍മിതി സംരക്ഷിക്കാനും ഉത്തരവിട്ടു.

മഥുര കേസ്
സമാനമായി, മഥുരയിലെ കീഴ്‌ക്കോടതികളിലും അലഹാബാദ് ഹൈക്കോടതിയിലും ഒരു ഡസനിലേറെ കേസുകളുള്ളതാണ് മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ്. ഭഗവാന്‍ കൃഷ്ണന്റെ ജന്മസ്ഥലത്താണ് മസ്ജിദ് ഉയര്‍ന്നതെന്നാണ് ഒരു വിഭാഗം ഹിന്ദുക്കളുടെ വാദം. കേസുകളില്‍ തീര്‍പ്പാകുംവരെ ഈ ഭൂമി അവര്‍ക്ക് തിരികെ കിട്ടണമെന്നും മസ്ജിദിനകത്ത് ആരാധിക്കാന്‍ അവകാശം വേണമെന്നുമാണ് ആവശ്യം.
2019-ല്‍ അയോധ്യ തര്‍ക്കം ഹിന്ദുക്കള്‍ക്ക് അനുകൂലമായി വിധി വന്നതിനു പിറകെ 2020 സെപ്റ്റംബറിലാണ് ഇതില്‍ ആദ്യ കേസ് വരുന്നത്. മസ്ജിദ് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് രഞ്ജന അഗ്‌നിഹോത്രി എന്ന അഭിഭാഷക വഴി ആറ് ഭക്തര്‍ മഥുര കോടതിയില്‍ പരാതി നല്‍കി. അഗ്‌നിഹോത്രിയുടെ പരാതി 2020 സെപ്റ്റംബറില്‍ കോടതി തള്ളി. എന്നാല്‍, ഒരു മാസം കഴിഞ്ഞ് ലഭിച്ച അപ്പീലില്‍ ജില്ലാ ജഡ്ജി വീണ്ടും വാദം കേള്‍ക്കാന്‍ തീരുമാനമെടുത്തു.
നിരവധി അഭിഭാഷകരും യുനൈറ്റഡ് ഹിന്ദു ഫ്രണ്ട്, ധര്‍മ രക്ഷ സംഘ് വൃന്ദാവന്‍ പോലുള്ള സംഘടനകളും ചേര്‍ന്ന് മറ്റൊരു കേസ് നല്‍കി. കേസില്‍ ജൂലൈ ഒന്നിനാണ് അടുത്ത വാദം കേള്‍ക്കല്‍.
മസ്ജിദ് പൊളിച്ചുമാറ്റാനാവശ്യപ്പെട്ട് ലഭിച്ച റിട്ട് ഹരജി 2021 ജനുവരിയില്‍ അലഹാബാദ് ഹൈക്കോടതി തള്ളിയതാണ്. പരാതിക്കാരന്‍ എത്താത്തതായിരുന്നു കാരണം. 2022 മാര്‍ച്ചില്‍ പരാതി വീണ്ടും പരിഗണനക്കെടുത്ത കോടതി ജൂലൈയിലാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ പരാതികളിലേറെയും ഒന്നര വര്‍ഷത്തിലേറെയായി കോടതിയിലുള്ളതാണ്. ഇവ കോടതി അന്തിമമായി തള്ളിയിട്ടുമില്ല. ആരാധനാലയ നിയമങ്ങള്‍ ഈ പരാതികള്‍ വിലക്കുന്നുണ്ടെങ്കിലും. മാത്രവുമല്ല, 2019-ലെ അയോധ്യ വിധിയില്‍ 'ഹിന്ദു ആരാധനാലയങ്ങള്‍ക്കെതിരെ മുഗള്‍ ഭരണാധികാരികള്‍ ചെയ്ത പ്രവൃത്തികള്‍ പറഞ്ഞുള്ള അവകാശവാദങ്ങള്‍ കോടതികള്‍ക്ക് പരിഗണിക്കാനാകില്ല' എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഗ്യാന്‍വാപി വിധിയുടെ പശ്ചാത്തലത്തില്‍ അടുത്തിടെയായി, മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിലും സമാന വീഡിയോ സര്‍വേ വേണമെന്ന പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ട്. മുസ്‌ലിംകള്‍ 'തകര്‍ക്കാന്‍ ശ്രമിച്ച വിഗ്രഹാവശിഷ്ടങ്ങള്‍' ഇപ്പോഴും മസ്ജിദിനകത്തുണ്ടെന്നാണ് ഇവരുടെ വാദം. കേസില്‍ വാദം കേള്‍ക്കാമെന്ന് മഥുരയിലെ കീഴ്‌കോടതി മേയ് 18-ന് വ്യക്തമാക്കിയിരുന്നു. വരും മാസങ്ങളില്‍ കോടതി ഈ പരാതികളില്‍ തീരുമാനമെടുക്കും.

ഖുതബ് മിനാര്‍
മധ്യപ്രദേശില്‍, കമാലുദ്ദീന്‍ മസ്ജിദ് വ്യത്യസ്ത ദിനങ്ങളില്‍ മുസ്‌ലിംകളും ഹിന്ദുക്കളും മാറി മാറി ഉപയോഗിക്കണമെന്ന് 2003-ല്‍ ദേശീയ പുരാവസ്തു വിഭാഗം ഇറക്കിയ ഉത്തരവിനെതിരെ ഹിന്ദു സംഘടന നല്‍കിയ പരാതികളില്‍ മേയ് 11-ന് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. മുസ്‌ലിംകള്‍ ഇത് മസ്ജിദാണെന്ന് പറയുമ്പോള്‍  സരസ്വതി ദേവി ക്ഷേത്രമാണെന്ന് ഹിന്ദു വിഭാഗവും അവകാശപ്പെടുന്നു.
അതിനിടെ, മേയ് 24-ന് ദല്‍ഹിയിലെ സാകേത് കോടതി ഖുതബ് മിനാറുമായി ബന്ധപ്പെട്ട ഒരു കേസില്‍ വാദം കേള്‍ക്കാനിരിക്കുകയാണ്. ഈ സ്മാരകത്തിന് ഉള്‍വശത്ത് പള്ളി നിര്‍മാണത്തിന് നിരവധി ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടെന്നാണ് അവകാശവാദം. രണ്ടാം തവണയാണ് ഈ വിഷയം കോടതിയുടെ പരിഗണനക്കെത്തുന്നത്. ആദ്യം കേട്ട സിവില്‍ കോടതി 2021 നവംബറില്‍ അപ്പീല്‍ തള്ളി. 'വര്‍ത്തമാന കാലത്തെയും ഭാവിയിലെയും സമാധാനത്തിന് ഭംഗം വരുത്താന്‍ ഭൂത കാല ചെയ്തികള്‍' അടിസ്ഥാനമാക്കാനാകില്ലെന്ന് കോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
പലപ്പോഴും വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ സഹായിച്ച മുന്‍ മാതൃകകള്‍ക്ക് നേര്‍വിപരീതമായി, ആഗ്രയിലെ താജ്മഹല്‍ വിഷയത്തില്‍ ലഭിച്ച പരാതി കോടതി കടുത്ത നടപടിയുമായാണ് നേരിട്ടത്. അലഹാബാദ് ഹൈക്കോടതിയില്‍ ബി.ജെ.പി അയോധ്യ മാധ്യമ വിഭാഗം മേധാവി രജനീഷ് സിങ് നല്‍കിയ പരാതി മേയ് 12-ന് കോടതി തള്ളുകയായിരുന്നു. താജ് മഹലില്‍ പുരാവസ്തു സര്‍വേ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അത് ചരിത്രകാരന്മാര്‍ ചെയ്യേണ്ട പണിയാണെന്നായിരുന്നു കോടതിയുടെ മറുപടി.
(സ്‌ക്രോള്‍ ഡോട്ട് ഇന്‍, 2022 മെയ് 18)
വിവ: മന്‍സൂര്‍ മാവൂര്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്ത്രീകള്‍ക്ക് ആദരവ്, പരിഗണന
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌