Prabodhanm Weekly

Pages

Search

2022 ജൂണ്‍ 03

3254

1443 ദുല്‍ഖഅദ് 03

വ്യവസ്ഥ മുഴുക്കെ വംശീയ രാഷ്ട്രീയത്തിന്റെ മതബോധത്തിന് കീഴ്‌പ്പെടുമ്പോള്‍

എ. റശീദുദ്ദീന്‍

അയോധ്യാ കേസിന്റെ വിധി പുറത്തു വന്ന നാളുകളില്‍ ബി.ജെ.പിയും സംഘ്പരിവാറും മുസ്ലിം സമൂഹത്തിന്റെ ഭാഗത്തു നിന്നും പ്രതീക്ഷിച്ചിരുന്ന കനത്ത പ്രതിഷേധവും ദുഃഖാചരണവും, മറുഭാഗത്ത് ഹൈന്ദവ വിശ്വാസികളില്‍ നിന്നും ഉണ്ടാവുമെന്ന് അവര്‍ കരുതിയ അമിതമായ വിജയാഹ്ലാദവും, രണ്ടും സംഭവിക്കുകയുണ്ടായില്ല. എല്ലാ അര്‍ഥത്തിലും നിറം മങ്ങിയ വിജയമായിരുന്നു ഈ കേസില്‍ ഹിന്ദുത്വ സംഘടനകള്‍ നേടിയത്. കെട്ടു തുടങ്ങിയ ഈ മന്ദിര്‍ മസ്ജിദ് വിവാദങ്ങളെ പുതിയ കാലത്ത് ബി.ജെ.പി വീണ്ടും കത്തിച്ചെടുക്കുകയാണ്. ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അന്തിമമായ നീതി ലഭിക്കുമെന്ന് വിശ്വസിച്ചവര്‍ പോലും ഹിന്ദുപക്ഷത്തിന്റെ അഭിഭാഷകനായ പരാശരന്‍ ഒടുവില്‍ മുന്നോട്ടു വെച്ച കൈവശാവകാശത്തെ കുറിച്ച വാദത്തിനു ശേഷം പ്രതീക്ഷ കൈവെടിയുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയുടെ അണികളില്‍ മാത്രമാണ് അയോധ്യാ കേസിലെ വിധി പ്രത്യക്ഷത്തില്‍ ആഹ്ലാദമുണ്ടാക്കിയത്. ഹിന്ദുക്കളിലെയും മുസ്ലിംകളിലെയും നല്ലവരായ മനുഷ്യര്‍ രാജ്യത്തിന്റെ ഭാവിയോര്‍ത്ത് ആകുലപ്പെട്ടു. വ്യവസ്ഥകള്‍ ദുര്‍ബലമാകുന്നതില്‍ അവര്‍ വല്ലാതെ ആശങ്കപ്പെട്ടു.
എന്തായാലും ആ വിധിയോടെ രണ്ടു കാര്യങ്ങളാണ് ഇന്ത്യയില്‍ സംഭവിക്കേണ്ടിയിരുന്നത്. ഒന്ന്, സംഘ്പരിവാര്‍ അനുകൂലികള്‍ക്ക് ഉണ്ടാവേണ്ടിയിരുന്ന യാഥാര്‍ഥ്യബോധം. ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. സംഘ് പരിവാര്‍ മുന്നോട്ടുവെച്ച ക്ഷേത്രധ്വംസന കഥകളിലെ ഏറ്റവും കെട്ടുറപ്പുള്ളതെന്ന് അവര്‍ ഊറ്റം കൊണ്ടിരുന്ന അയോധ്യാ കേസില്‍ പോലും ചരിത്രമോ വസ്തുതകളോ ആയിരുന്നില്ല കൈയേറ്റം മാത്രമായിരുന്നു കോടതിയില്‍ ഹിന്ദുത്വത്തിന്റെ ഇന്ധനമായത്. അതായത് സ്വന്തം ആരാധ്യ പുരുഷനെ മാനം കെടുത്തിയാണ് ബി.ജെ.പി ഈ കേസില്‍ അനുകൂലമായി വിധി സമ്പാദിച്ചത്. രണ്ടാമതായി, ചരിത്രമെന്ന പേരില്‍ ബ്രിട്ടീഷുകാരുണ്ടാക്കിയ കെട്ടുകഥകള്‍ കോടതികളില്‍ എഴുന്നള്ളിക്കുന്നതിനെ കുറിച്ച് നിലവിലുള്ള നിയമങ്ങളുടെ വെളിച്ചത്തില്‍ അതിശക്തമായ ഒരു നിലപാട് സുപ്രീം കോടതിക്ക് സ്വീകരിക്കാമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയൊന്ന് ഉണ്ടായതുമില്ല. ഈ രണ്ട് സാഹചര്യങ്ങളുടെയും ബാക്കിപത്രമായ അരാജകത്വവും അതോടൊപ്പം മുസ്ലിം സമൂഹത്തിന്റെ നിസ്സഹായാവസ്ഥയുമാണ് പുതിയ തര്‍ക്കത്തില്‍ സംഘ്പരിവാര്‍ മുതലെടുക്കുന്നത്.
ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ചും തല്‍സ്ഥിതി തുടരുന്നത് സംബന്ധിച്ചുമൊക്കെ വളരെ കൃത്യമായ നിയമമുള്ള രാജ്യമാണ് ഇന്ത്യയെന്ന് 2019-ലെ അയോധ്യാ വിധിന്യായം തീര്‍ച്ചയായും ഹിന്ദുത്വ കക്ഷികളെ ഓര്‍മപ്പെടുത്തുന്നുണ്ട്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം സംരക്ഷിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സാധ്യമല്ലാത്ത നിയമമാണ് ഇതെന്ന് അഞ്ചംഗ ബെഞ്ച് അടിവരയിട്ട് ചൂണ്ടിക്കാട്ടി. 1991-ല്‍ നരസിംഹറാവു സര്‍ക്കാര്‍ കൊണ്ടുവന്ന ആ നിയമത്തില്‍ ഒരു ഭേദഗതി പോലും ഇതുവരെയും മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. എന്നിട്ടും ഈ വിഷയകമായി ഒന്നിനു പുറകെ മറ്റൊന്നായി നാടു ഭരിക്കുന്നവരുടെ കൂടി ഒത്താശയോടെ കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെടുകയാണ്. അയോധ്യ എന്ന ചത്ത കുതിരയെ ഇനിയും തല്ലിയോടിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി തിരിച്ചറിയുന്നുണ്ട്. എന്നാല്‍ അവര്‍ പുതിയ പോര്‍മുഖങ്ങള്‍ തുറക്കുകയാണ്. മഥുരയിലും കാശിയിലും കുറെക്കൂടി വൃത്തികെട്ട പുതിയ തര്‍ക്കങ്ങളിലേക്ക് സംഘ്പരിവാര്‍ ഇന്ത്യയെ ആട്ടിത്തെളിക്കുന്നത് നിയമവാഴ്ച ഉറപ്പു വരുത്തുന്നതില്‍ വ്യവസ്ഥക്ക് പക്ഷവാതം പിടിപെടുന്നതു കൊണ്ടാണെന്ന് രാജ്യത്തെ ദുര്‍ബല വിഭാഗങ്ങള്‍ സംശയിക്കുന്ന അവസ്ഥയെത്തി.
മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്ന ഹരജിയാണ് ഏറ്റവുമൊടുവില്‍ കോടതി ഫയലില്‍ സ്വീകരിച്ചത്. അതിന്റെ ഉടമസ്ഥാവകാശം ആരുടേതെന്ന ചോദ്യം പോലുമല്ല ഇവിടെ ചര്‍ച്ചക്കെത്തുന്നത്. വാരാണസിയില്‍ ഗ്യാന്‍വാപി പള്ളിയുടെ ഫോട്ടോ പോലും എടുക്കാന്‍ ഇക്കണ്ട കാലമത്രയും പുറമെ നിന്നുള്ള ആരെയും അനുവദിക്കാറുണ്ടായിരുന്നില്ല. സര്‍വെ ആകാമെന്ന് ഇപ്പോള്‍ പറയുന്ന അതേ മജിസ്ട്രേറ്റ് തന്നെയായിരുന്നല്ലോ ഇതുവരെയുള്ള കാലത്ത് അനുമതി നിഷേധിച്ചു കൊണ്ടിരുന്നതും. അപ്പോള്‍ ഒരു നിയമം അവിടെ ഉണ്ടായിരുന്നു എന്നര്‍ഥം. ഒരു കാളയുടെ വിഗ്രഹം പള്ളിവളപ്പില്‍ പട്ടാപ്പകല്‍ കുഴിച്ചിടാന്‍ നോക്കുന്നതിനിടെ മസ്ജിദ് കമ്മിറ്റി കൈയോടെ പിടികൂടി എടുത്തു മാറ്റിയ സംഭവം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍ അതേ കാളയുടെ വിഗ്രഹം ഭൂമിക്കടിയിലുണ്ടെന്നും ശിവലിംഗം പള്ളിക്കുളത്തില്‍ സ്വയംഭൂ ആയിട്ടുണ്ടെന്നും മറ്റു വിഗ്രഹങ്ങള്‍ പള്ളിയുടെ താഴെയുണ്ടെന്നും അവ ആരാധിക്കാനുള്ള അവകാശം നേടുന്നതിന്റെ ഭാഗമായി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് അഞ്ച് സംഘിണികള്‍ നല്‍കിയ ഹരജിയുടെ പുറത്ത് വാദം കേള്‍ക്കുക പോലും ചെയ്യാതെ ഉത്തരവ് ഇറങ്ങി. വാരാണസിയിലെ മജിസ്ട്രേറ്റ് ഉത്തരവിട്ട ഈ സര്‍വെയുടെ കാര്യത്തില്‍ ഇടപെടാനാവില്ലെന്നാണ് അലഹാബാദ് ഹൈക്കോടതി സ്വീകരിച്ച നിലപാട്. അങ്ങനെയാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയതും വാരാണസി അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദിന്റെ ആവശ്യം പരിഗണിച്ച് സ്റ്റേ അനുവദിച്ചതും.
ആരാധനാലയങ്ങളുടെ തല്‍സ്ഥിതി തുടരുന്നതു സംബന്ധിച്ച് നിലവിലുള്ള നിയമത്തിന്റെയും അയോധ്യ കേസിലെ വിധിയുടെയും അടിസ്ഥാനത്തില്‍ ഹൈക്കോടതി ശക്തമായ നിലപാട് എടുക്കാതിരുന്നതു കൊണ്ടാണ് ഹരജിയില്‍ സുപ്രീംകോടതിക്ക് വാദം കേള്‍ക്കേണ്ടി വന്നത്. അവരാകട്ടെ, ആരാധനാലയങ്ങളുടെ തല്‍സ്ഥിതി നിലനിര്‍ത്തണം എന്നല്ലാതെ അവയുടെ മതപരമായ യഥാര്‍ഥ ചിത്രം മനസ്സിലാക്കുന്നതിന് ആവശ്യമായ സര്‍വെകള്‍ നടത്തുന്നതിന് 1991-ലെ നിയമം എതിരല്ലെന്ന വിചിത്രവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്നതുമായ നിരീക്ഷണമാണ് മുന്നോട്ടു വെച്ചത്. ഹിന്ദുത്വ സംഘടനകളെ പിണക്കാതിരിക്കാനുള്ള തൂക്കമൊപ്പിക്കല്‍ പരിപാടിയാണ് അതെന്ന് വ്യക്തം. അടിമുടി നിയമവിരുദ്ധമായിരുന്ന ആ മജിസ്ട്രേറ്റ് ഉത്തരവ് വന്ന വഴിയെ എടുത്ത് ചവറ്റു കുട്ടയില്‍ ഇടുകയാണ് സുപ്രീംകോടതി ചെയ്യേണ്ടിയിരുന്നത്. മസ്ജിദ് അടച്ചിടാനുള്ള മജിസ്‌ട്രേറ്റിന്റെ ഉത്തരവ് സ്റ്റേ ചെയ്തെങ്കിലും അതിലെ വൈകാരിക അംശങ്ങളെ ജീവിപ്പിച്ചു നിര്‍ത്തുകയല്ലേ സുപ്രീം കോടതി ചെയ്തത്? സമൂഹത്തില്‍ വര്‍ഗീയ ജ്വരം പടര്‍ത്താനുള്ള വഴി എന്നതിലപ്പുറം അവിടെ ശിവലിംഗം ഉണ്ടോ ഇല്ലേ എന്ന ചോദ്യത്തിന്റെ ഉത്തരത്തിന് നിയമപരമായ എന്തു പ്രസക്തിയാണുള്ളത്? അതിന്റെ ഉത്തരം കേട്ടതിനു ശേഷം മാത്രം തീര്‍പ്പാക്കേണ്ട ഒരാവശ്യമായിരുന്നോ മുസ്ലിം സമൂഹം സമര്‍പ്പിച്ച ഹരജി? നിലവിലുള്ള നിയമമല്ലേ പ്രധാനം?
ലഖ്നൗവിലെ ഒരു സന്യാസി സംഘടനയും ബി.ജെ.പി നേതാവായ അശ്വിനി ഉപാധ്യായയും നരസിംഹറാവുവിന്റെ നിയമത്തിനെതിരെ നല്‍കിയ ഹരജിയില്‍ ഇതേ സുപ്രീംകോടതി ഇപ്പോഴും വിധി പറഞ്ഞിട്ടില്ല എന്നതു കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം. 1991-ലെ നിയമത്തെ പൂര്‍ണമായും അവഗണിച്ചാണ് ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് വന്നത്. അയോധ്യ കേസ് മാത്രമാണ് 1991-ല്‍ റാവു കൊണ്ടുവന്ന നിയമം ഒഴിച്ചു നിര്‍ത്തിയ ഒരേയൊരു ആരാധനാലയ തര്‍ക്കം. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച 1947 ആഗസ്ത് 15-ന് ഏത് സമൂഹത്തിന്റേതായിരുന്നോ ആരാധനാലയങ്ങള്‍ അവയുടെ മേല്‍ ഒരുതരം അവകാശവാദങ്ങളും മറ്റൊരു സമുദായം ഉന്നയിക്കുന്നത് വിചാരണക്കെടുക്കാന്‍ പോലും നിലവില്‍ കോടതികള്‍ക്ക് സാധ്യമല്ല. രാജ്യത്തെ വിവിധ കോടതികളില്‍ ഉണ്ടായിരുന്ന എല്ലാ ഇത്തരം കേസുകളും നിയമം മൂലം റദ്ദ് ചെയ്യപ്പെടുകയും ചെയ്തു. അതായത്, ഇപ്പോഴത്തെ സാഹചര്യത്തില്‍ കാശിയും മഥുരയും അടക്കമുള്ള മുഴുവന്‍ അവകാശവാദങ്ങളും രാജ്യത്തെ ഏതെങ്കിലുമൊരു കോടതി ഫയലില്‍ സ്വീകരിക്കണമെങ്കില്‍ 1991-ലെ നിയമം പാര്‍ലമെന്റ് റദ്ദ് ചെയ്യുകയോ ഭേദഗതി കൊണ്ടുവരികയോ അല്ലെങ്കില്‍ ആ നിയമത്തിലെ ഏതെങ്കിലും വകുപ്പുകള്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തുകയോ വേണമായിരുന്നു. ഇത് ചെയ്യാതെയാണ് ഇപ്പോള്‍ താഴെത്തട്ടു മുതല്‍ പരമോന്നതതലം വരെയുള്ള നീതിപീഠങ്ങള്‍ കാശിയിലെയും മഥുരയിലെയും കേസുകള്‍ ഫയലില്‍ സ്വീകരിച്ചത്.
അയോധ്യയില്‍ ബാബര്‍ തകര്‍ത്തുവെന്ന് ബി.ജെ.പി അവകാശപ്പെട്ട മസ്ജിദിന്റെ കാര്യത്തില്‍ ഒരു തെളിവും ഇല്ലെന്നാണ് സുപ്രീം കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയത്. ഹിന്ദുത്വ സംഘടനകള്‍ക്ക് തര്‍ക്കഭൂമി വിട്ടു കിട്ടാന്‍ വഴിയൊരുക്കിയ ഏക പഴുത് സുദീര്‍ഘമായ കാലഘട്ടം അവര്‍ പള്ളി നിലനിന്ന ഭൂമി കൈയേറി കൈവശം വെച്ചു എന്നതു മാത്രമായിരുന്നു. ഇത്തരം കേസുകളില്‍ പതിനഞ്ചു വര്‍ഷത്തിനകം പരാതി ഉന്നയിച്ചില്ലെങ്കില്‍ മാത്രമാണ് നിലവിലുള്ള നിയമമനുസരിച്ച് കൈയേറ്റക്കാരന് കൈവശാവകാശം ലഭിക്കുമായിരുന്നത്. എന്നിട്ടും സാമൂഹികമായ ചില പശ്ചാത്തലങ്ങളും നിയമാതീതമായ 'പൊതുവികാര'വും പരിഗണിച്ച് അത് വിട്ടു കൊടുത്തു. എന്നാല്‍ കൈവശാവകാശത്തിന്റെ ആ ദുര്‍വ്യാഖ്യാനമനുസരിച്ചു പോലും കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളിക്കളയേണ്ടിയിരുന്ന ഹരജികളാണ് മഥുരയിലേതും കാശിയിലേതും. ഇക്കാര്യത്തില്‍ മഥുരയിലെ കേസാണ് അങ്ങേയറ്റം അപഹാസ്യം. മായാവതിയുടെ കാലത്തുള്‍പ്പെടെ കൈയേറാന്‍ പലതവണ ശ്രമിച്ചിട്ടും ഇതുവരെയും കഴിയാതെ പോയ മഥുര ഈദ്ഗാഹ് മസ്ജിദ് ഒടുവില്‍ കോടതി ഇടപെട്ട് പൊളിച്ചു നീക്കണമെന്നാണ് ഒരു ഹരജി. അതായത് 'കര്‍സേവ'യിലൂടെ ബാബരി മസ്ജിദ് പൊളിച്ചതിന് ശേഷമാണ് ഹിന്ദുത്വ സംഘടനകള്‍ കൈവശാവകാശം സ്ഥാപിച്ചു കിട്ടാനുള്ള ന്യായമുണ്ടാക്കിയതെങ്കില്‍ മഥുരയില്‍ ആ പണിയും കൂടി നിയമ സംവിധാനങ്ങള്‍ ചെയ്തു കൊടുക്കണമെന്ന്! എന്നിട്ട് കോടതി ആ ഹരജി വാങ്ങി ഫയലില്‍ വെക്കുകയും! ഈ രണ്ട് ആരാധനാലയങ്ങളിലും ഹിന്ദുക്കള്‍ നിലവില്‍ പൂജയോ മറ്റെന്തെങ്കിലും രീതിയിലുള്ള ആരാധനകളോ നടത്തുന്നില്ലല്ലോ.
നുണക്കഥകളുടെ ചരിത്രത്തിലെ ഏറ്റവും വിഖ്യാതമായ ബാബരി ഏടുകള്‍ തകര്‍ന്നടിഞ്ഞിട്ടും അടുത്ത കഥയുമായിട്ടെത്തുന്ന സംഘികളെ ഇങ്ങനെ കോടതികളില്‍ അഴിഞ്ഞാടാന്‍ വിടുന്നതെന്തിന്? മൊത്തം വ്യവസ്ഥയെ ആണ് അവര്‍ തകര്‍ക്കുന്നതെന്ന് ബഹുമാനപ്പെട്ട നീതീപീഠത്തിന് മനസ്സിലാവാത്തതൊന്നുമല്ലല്ലോ. നാടു ഭരിക്കുന്നവരുടെ 'ശല്യമൂല്യ'മാണോ അതോ ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ ഭാവിയാണോ കൂടുതല്‍ പ്രധാനപ്പെട്ടത്? അടിസ്ഥാനപരമായ ഈ ചോദ്യങ്ങളേക്കാളേറെ പൊതുസമൂഹത്തെ അലട്ടാന്‍ പോകുന്നത് അവിടെ ശിവലിംഗം ഉണ്ടോ ഇല്ലേ എന്ന് കോടതി തന്നെയും ഉന്നയിച്ച ആ ഗമണ്ടന്‍ ചോദ്യമാണ്. 
ഗ്യാന്‍ വാപി മസ്ജിദുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉയര്‍ത്തികൊണ്ടു വരാന്‍ ശ്രമിക്കുന്നത് എന്താണെന്ന് വ്യക്തമായി തന്നെ തിരിച്ചറിയേണ്ടതുണ്ട്. 1991-ലെ നിയമത്തെ ചോദ്യം ചെയ്ത് അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിയില്‍ പറയുന്നത് 1947-നു ശേഷമുണ്ടായ നിയമവിരുദ്ധമായ കൈയേറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും തടയുന്നതിന് നരസിംഹ റാവു കൊണ്ടുവന്ന നിയമം പ്രതികൂലമാവുന്നുണ്ട് എന്നാണ്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം നടന്ന കൈയേറ്റങ്ങളെ കുറിച്ചാണ് ഹരജിയില്‍ പറയുന്നതെങ്കിലും 1947-നു മുമ്പെ നടന്ന കൈയേറ്റങ്ങള്‍ എന്തു ചെയ്യണമെന്ന ചോദ്യവും ഇതിലടങ്ങിയിട്ടുണ്ട്. ഭരണഘടനയുടെ 14, 15, 21, 25, 26, 29 വകുപ്പുകള്‍ക്ക് നിയമം എതിരാണെന്നും ഉപാധ്യായ ഹരജിയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ നിയമപരമായ അടിത്തറയിലൂന്നിയ വാദം. ഇത് ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രമായി പരിമിതപ്പെടുത്താനാവില്ലെന്നും ആരാധനാലയങ്ങള്‍ കൈയേറി പില്‍ക്കാലത്ത് മറ്റ് കെട്ടിടങ്ങളായി പ്രവര്‍ത്തിക്കുന്നവയുടെ കാര്യത്തില്‍ കൂടി ബാധകമാണെന്നുമുള്ള ഒരു വാദവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. മതിയായ സൂക്ഷ്മ പരിശോധന നടത്താതെ പാര്‍ലമെന്റില്‍ ധൃതിപിടിച്ച് റാവു ഈ നിയമം പാസാക്കിയതു കൊണ്ട് രാജ്യത്തിന്റെ പലഭാഗത്തും പൊതുസ്വത്ത് അന്യാധീനപ്പെട്ടുവെന്ന വാദവും ഹരജിക്കാര്‍ക്കുണ്ട്. പക്ഷെ കാര്യമായ ഒരു ഭൂരിപക്ഷവും ഇല്ലാതിരുന്നിട്ടും ഈ നിയമത്തെ റാവു പാസാക്കിയെടുത്തത് അന്ന് 120 സീറ്റുണ്ടായിരുന്ന ബി.ജെ.പിയുടെ നാവിറങ്ങിപ്പോയതു കൊണ്ടായിരുന്നോ? ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ബി.ജെ.പിക്ക് ഇങ്ങനെയൊരു വാദം ഉന്നയിക്കാന്‍ കഴിയുന്നുണ്ടാവാം. ആരാധനാലയങ്ങള്‍ പൊളിക്കുന്നതിന്റെ രാഷ്ട്രീയത്തെ തെരഞ്ഞെടുപ്പു ഗോദയില്‍ അവര്‍ കൃത്യമായി മാര്‍ക്കറ്റ് ചെയ്യുന്നത് കൊണ്ടാവാം ഈ ധാര്‍ഷ്ട്യം. അന്ന് പക്ഷെ തലയില്‍ മുണ്ടിട്ട് പാര്‍ലമെന്റില്‍ വരേണ്ട ഗതികേടിലായിരുന്നില്ലേ അന്നത്തെ ബി.ജെ.പി ശിങ്കങ്ങള്‍?
സംരക്ഷിക്കപ്പെടുന്ന ആരാധനാലയങ്ങളുടെ കാര്യത്തില്‍ പോലും അവയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് നിയമപരമായ തടസ്സങ്ങള്‍ ഉണ്ടാവരുതെന്ന വാദവും സംഘ്പരിവാറിനുണ്ട്. ഈ ആവശ്യത്തെ പ്രായോഗികമായി വിലയിരുത്തുകയാണെങ്കില്‍ അന്യമതസ്ഥരുടെ ആരാധനാലയത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കാനുള്ള സംഘ്പരിവാറിന്റെ കുടിലമായ നീക്കങ്ങള്‍ക്ക് നിയമപരമായ സംരക്ഷണവും അടിത്തറയും ഉണ്ടാക്കിയെടുക്കാനുള്ള അനുവാദമാണ് അവര്‍ ചോദിക്കുന്നത്. അയോധ്യയില്‍ ഭൂമി കുഴിച്ച് എ.എസ്.ഐ നടത്തിയ പരിശോധനയാണ് ഇക്കാര്യത്തില്‍ അവരുടെ ആലോചനാമൃതം. ഈ പരിശോധനയില്‍ രാമക്ഷേത്രത്തിന്റെതായ ഒരു തെളിവും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ കിട്ടിയ ഇഷ്ടികത്തുണ്ട് മുതല്‍ 11-ാം നൂറ്റാണ്ടിലെ കിനാതി മസ്ജിദിന്റെ  ഭാഗമാണെന്ന് പുരാവസ്തു ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടിയ, അതായത് ബാബരി മസ്ജിദിന്റെ താഴെ പള്ളി പണിയുന്നതിനും മൂന്നോ നാലോ നൂറ്റാണ്ട് മുമ്പെ ഉപേക്ഷിക്കപ്പെട്ട, ഒരു അവശിഷ്ടത്തെ വരെ പില്‍ക്കാലത്തെന്നോ ബാബര്‍ പൊളിച്ച രാമക്ഷേത്രത്തിന്റെ തെളിവായി വ്യാഖ്യാനിച്ചൊപ്പിച്ച കൂട്ടരാണിത്. അവര്‍ക്ക് കുഴിക്കാനുള്ള അനുവാദം മാത്രമേ വേണ്ടൂ. ആധുനിക കാലത്ത് ജീവിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിനെ സംഘിയും മഹാഭീരുവായിരുന്ന വേറൊരാളെ 'വീര'നുമാക്കിയവര്‍ക്കാണോ നൂറ്റാണ്ടുകള്‍ക്ക് അപ്പുറമുള്ള കാര്യങ്ങളെ വളച്ചൊടിക്കാന്‍ പ്രയാസം!
വാരാണസിയില്‍ ശിവലിംഗമായി കോടതിയില്‍ വ്യാഖ്യാനിച്ചത് പള്ളിക്കുളത്തിനകത്തെ വാട്ടര്‍ ഫൗണ്ടയിനെയാണ്. ഇവിടെ മറ്റൊരു കാപട്യം കൂടിയുണ്ട്. ദശാസമേത് ഘാട്ടിലേക്ക് വിശ്വനാഥ ക്ഷേത്രത്തില്‍ ഇടനാഴി ഉണ്ടാക്കുന്നതിനായി നരേന്ദ്രമോദി സര്‍ക്കാര്‍ 40-ലേറെ ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ ഇടിച്ചു നിരത്തിയിരുന്നല്ലോ. അന്ന് തന്റെ 'ഭഗവാനെ' കാണാതെ വിലപിക്കുന്ന ഒരു സന്യാസിയുടെ ദൃശ്യങ്ങള്‍ ഈ ലേഖകന്‍ തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. ഡസന്‍ കണക്കിന് വിഗ്രഹങ്ങളെയാണ് അന്ന് ഓടയില്‍ തള്ളിയത്. മുസ്ലിംകളുടെ കുളത്തിലെ വാട്ടര്‍ ഫൗണ്ടയിന് മാത്രമേ ശിവലിംഗത്തിന്റെ രൂപമുള്ളൂ? മോദി പൊളിപ്പിച്ച ക്ഷേത്രങ്ങളിലെ യഥാര്‍ഥ ശിവലിംഗങ്ങള്‍ക്കും ശിവവാഹനമായ നന്ദികള്‍ക്കുമൊന്നും ഒരു പ്രാധാന്യവുമില്ലേ? ആരാധിക്കാന്‍ അവസരമൊരുക്കണമെന്ന് ഇന്ന് ഹിന്ദുത്വക്കാര്‍ വിലപിക്കുന്ന നന്ദിയും ശിവനും മറ്റനേകം പ്രതിഷ്ഠകളുമൊക്കെ സ്വന്തം നിലക്ക് നശിപ്പിച്ച കൂട്ടരാണ് പള്ളിക്കുളത്തിലെ ജലധാരാ യന്ത്രത്തിന് പരമപ്രാധാന്യവും കല്‍പ്പിച്ച് രംഗത്തു വരുന്നത്!
നിയമവാഴ്ച മാത്രമല്ല ഇല്ലാതാവുന്നത്. ആത്മീയതയെ ലജ്ജാകരമായ രീതിയില്‍ രാഷ്ട്രീയ സ്വാര്‍ഥ ലാഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് ഇന്ത്യ കാണുന്നത്. ശിവലിംഗമല്ല വാട്ടര്‍ ഫൗണ്ടയിനാണ് കണ്ടതെന്ന് പറയുന്നവര്‍ക്കെതിരെ പോലും കേസെടുക്കുന്ന പരിഹസ്യതയിലേക്ക് നിയമവാഴ്ച എത്തിപ്പെടുന്നു. ദല്‍ഹി യൂണിവേഴ്സിറ്റി പ്രഫസര്‍ രത്തന്‍ലാലിനെ അറസ്റ്റ് ചെയ്തത് ഉദാഹരണം. തമിഴ്നാട്ടിലെ ഹിന്ദുമുന്നണി നേതാവിനും ദല്‍ഹിയിലെ തേജീന്ദര്‍ ബഗ്ഗക്കും അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന് ദേശീയതലത്തില്‍ അഭിപ്രായപ്പെടുന്ന അതേ കൂട്ടരാണ് ജിഗ്നേഷ് മേവാനിയെ മുതല്‍ കാര്‍ട്ടൂണിസ്റ്റുകളെ വരെ പിടിച്ച് ജയിലില്‍ ഇടുന്നതും. വ്യവസ്ഥ പൂര്‍ണമായും മലിനീകരിക്കപ്പെടുകയാണ്. അല്ല, കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതബോധത്തിന് കീഴ്പ്പെടുകയാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്ത്രീകള്‍ക്ക് ആദരവ്, പരിഗണന
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌