Prabodhanm Weekly

Pages

Search

2022 ജൂണ്‍ 03

3254

1443 ദുല്‍ഖഅദ് 03

മതം മതില്‍ക്കെട്ടല്ല

എ.ആര്‍

 

ക്രിസ്തുവര്‍ഷം പതിനഞ്ച്, പതിനാറ് ശതകങ്ങളിലെ മുസ്‌ലിം പടനായകരുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനോടൊപ്പവും പിന്നീടും പേര്‍ഷ്യയില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നുമൊക്കെയായി ഉപഭൂഖണ്ഡത്തിലെത്തിയ മതപ്രബോധകരും സൂഫിവര്യന്മാരും സംശുദ്ധമായ ഇസ്‌ലാമികാദര്‍ശത്തെയും സംസ്‌കാരത്തെയുമാണ് പ്രതിനിധീകരിച്ചിരുന്നതെന്ന് വിശ്വസിക്കാനോ തെളിയിക്കാനോ ചരിത്രരേഖകള്‍ സമ്മതിക്കുന്നില്ല. അവരുടെ ആത്മാര്‍ഥത നൂറ് ശതമാനവും അംഗീകരിച്ചുകൊടുത്താല്‍ പോലും വിശുദ്ധ ഖുര്‍ആനിനും പ്രവാചക ചര്യക്കും അന്യമായ വിശ്വാസാചാരങ്ങള്‍ അവര്‍ വെച്ചു പുലര്‍ത്തിയിരുന്നു എന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ. അതുപോലെത്തന്നെ അനിഷേധ്യ പരമാര്‍ഥമാണ് ഇസ് ലാം സമാശ്ലേഷിച്ച ഹൈന്ദവ ജനതയുടെ പൂര്‍വ വിശ്വാസാചാരങ്ങളിലും സംസ്‌കാരത്തിലും ചിലതൊക്കെ ബാക്കികിടന്നു എന്നുള്ളതും. ഉദാഹരണത്തിന് ശവകുടീരങ്ങളോ ദര്‍ഗകളോ നബിജയന്തിയോ നേര്‍ച്ചകളോ കൊടിയേറ്റങ്ങളോ അനുബന്ധാചാരങ്ങളോ ഒന്നും പ്രവാചകവര്യന്റെയും മാതൃകായോഗ്യരായ ശിഷ്യന്മാരുടെയും പിന്‍ഗാമികളുടെയും കാലത്ത് മുസ്‌ലിം സമൂഹത്തിന് പരിചിതമായിരുന്നില്ല. ഈയിനത്തില്‍പെട്ട ആചാര സമ്പ്രദായങ്ങള്‍ പലതും ഇന്നും അറബിനാടുകളില്‍ മിക്കതിലും കാണപ്പെടുന്നില്ലതാനും. മാത്രമല്ല കണിശമായ ഏകദൈവ വിശ്വാസത്തിന് നിരക്കാത്ത പലതും ഇക്കൂട്ടത്തിലുണ്ടെന്നത് സത്യമാണ്. വിശുദ്ധ ഖുര്‍ആന്‍ പാടെ നിരാകരിച്ച പൗരോഹിത്യം പിന്‍വാതിലിലൂടെ മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ കടന്ന് കയറിയതാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനില്‍ക്കാനും വളരാനും കാരണമായിത്തീര്‍ന്നതെന്ന് പഠനം തെളിയിക്കും.
ഈ പശ്ചാത്തലത്തിലാണ് മൂഢവിശ്വാസാചാര മുക്തമായ സമൂഹസൃഷ്ടിക്കുവേണ്ടി പണിയെടുത്ത പരിഷ്‌കര്‍ത്താക്കളുടെയും പണ്ഡിതന്മാരുടെയും പ്രസ്ഥാനങ്ങളുടെയും രംഗപ്രവേശം. തദ്ഫലമായി സമൂലവും സമഗ്രവുമായ വിശ്വാസ വിപ്ലവമൊന്നും നടന്നില്ലെങ്കിലും ഇസ്‌ലാമിന്റെ തനതായ രൂപം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ശരിയായ മാര്‍ഗദര്‍ശനം നല്‍കുന്ന സ്ഥാപനങ്ങളും സംഘടനകളും ഗ്രന്ഥങ്ങളും ഇരുപത്-ഇരുപത്തൊന്ന് നൂറ്റാണ്ടുകളിലായി ഇന്ത്യയിലും ഇന്ത്യന്‍ ഭാഷകളിലും സുലഭമായി. ഇന്ന് എന്തെല്ലാം ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ടെങ്കിലും സാക്ഷാല്‍ തൗഹീദും ഇസ്‌ലാമികാദര്‍ശങ്ങളും കര്‍മസരണിയും കണ്ടെത്താന്‍ പ്രയാസമേതുമില്ല. ഇന്ത്യന്‍ ഭാഷകളിലഖിലം ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങള്‍ ലഭ്യമാണ്. തദ്ഫലമായി ഇസ്‌ലാമിനെ തനതായ രൂപത്തില്‍ പഠിക്കുകയും അതിന്റെ പ്രബോധനത്തിനായി സ്വയം അര്‍പ്പിക്കുകയും ചെയ്ത യുവപണ്ഡിതന്മാരും പ്രവര്‍ത്തകരും ദൈവാനുഗ്രഹത്താല്‍ ആയിരക്കണക്കിലുണ്ട്. അവര്‍ ഒരേയവസരത്തില്‍ അവിശ്വാസത്തിനും അന്ധവിശ്വാസത്തിനുമെതിരായ സമരരംഗത്ത് സജീവരാണ് താനും. ഒന്നുകില്‍ ഗുരുക്കളുടെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന പ്രയോഗത്തെ ശരിവെക്കുന്നവരല്ല അവര്‍. മതത്തിന്റെയും വിവേകത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാന്‍ കടുത്ത പ്രതികൂല സാഹചര്യങ്ങളിലും അവര്‍ക്കാവുന്നുണ്ട്.
കേരളത്തിന്റെ സ്ഥിതിയും ഇത് തന്നെ. ഹിജ്‌റ ഒന്നാം ശതകത്തില്‍ തന്നെ യമനിലെ ഹദറമൗത്തില്‍നിന്ന് രണ്ടാം തലമുറയിലെ മാലികുബ്‌നു ദീനാറും സംഘവും കേരള കടലോരങ്ങളില്‍ കപ്പലിറങ്ങി കച്ചവടത്തോടൊപ്പം മതപ്രബോധനവും നടത്തി എന്നാണ് സാമാന്യമായി അറിയപ്പെടുന്ന ചരിത്രം. അതെന്തായാലും നൂറ്റാണ്ടുകളോളം കേരളത്തിലെ മുസ്‌ലിം സമൂഹം പിന്നീടെങ്ങനെ ജീവിച്ചുവെന്നതിനെക്കുറിച്ച് ചരിത്ര രേഖകള്‍ മൗനമാണ്. പോര്‍ച്ചുഗീസ് ആക്രമണവും സാമൂതിരിക്കുവേണ്ടി കുഞ്ഞാലിമരക്കാന്മാരുടെ ശക്തമായ പ്രതിരോധവുമെല്ലാം അരങ്ങേറുന്നത് 1500-കളിലാണ്. അതിനെ തുടര്‍ന്നുള്ള മുസ്‌ലിം ജീവിതമാണ് ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. മാല, മൗലിദ്, റാത്തീബ്, ചാവടിയന്തരം, മഖ്ബറകള്‍ കെട്ടിയുയര്‍ത്തല്‍, ഉറൂസ്, ചന്ദനക്കുടം, നബിജയന്തി തുടങ്ങിയ എല്ലാ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ആ കാലയളവില്‍ പ്രചാരത്തിലുണ്ട്. മറുവശത്ത് എഴുത്തും വായനയും വിദ്യാഭ്യാസവും വിശിഷ്യാ പെണ്‍കുട്ടികളുടെ കാര്യത്തില്‍ പുരോഹിതന്മാര്‍ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിരുന്നുതാനും. ഈ അനിസ്‌ലാമിക ജീവിതരീതികളില്‍നിന്ന് സമുദായത്തെ മുക്തമാക്കാനും നേരാംവണ്ണമുള്ള വിശ്വാസാചാരങ്ങള്‍ പഠിപ്പിക്കാനും രൂപപ്പെട്ട കൂട്ടായ്മയാണ് 1920-കളിലെ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പിന്‍ഗാമിയായി 1925-ല്‍ പിറവിയെടുത്ത കേരള ജംഇയ്യത്തുല്‍ ഉലമാ അഥവാ ഇസ്‌ലാഹീ പ്രസ്ഥാനം. യശശ്ശരീരരായ മക്തി തങ്ങള്‍, വക്കം അബ്ദുല്‍ഖാദര്‍ മൗലവി, കെ.എം മൗലവി മുതലായ നവോത്ഥാന നായകര്‍ നേതൃത്വം നല്‍കിയ ഇസ്‌ലാഹി പ്രസ്ഥാനം അന്ധവിശ്വാസാനാചാരങ്ങള്‍ക്ക് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ യാഥാസ്ഥിതിക മതപണ്ഡിതന്മാര്‍ 1926-ല്‍ സ്ഥാപിച്ച പണ്ഡിതസഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാ അലവി എന്ന വരക്കല്‍ മുല്ലക്കോയ തങ്ങളാണ് അതിന് ബീജാവാപം ചെയ്തത്. അന്ന് മുതല്‍ ഇന്ന് വരെ മുസ്‌ലിം കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള മതപണ്ഡിത സംഘടന എന്ന പദവി സമസ്ത നിലനിര്‍ത്തുന്നു. സംഘടനയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു 1933 മാര്‍ച്ച് മൂന്നിന് ഫറോക്കില്‍ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ചാലിയത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആറാം വാര്‍ഷിക സമ്മേളനം. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ സകല വിമര്‍ശനങ്ങളും തള്ളി തങ്ങളുടെ വിശ്വാസാചാരങ്ങളെ അരക്കിട്ടുറപ്പിക്കുന്ന 'ഫറോക്ക് എട്ടാം പ്രമേയം' എന്ന പേരില്‍ അറിയപ്പെടുന്ന 251 പ്രമുഖര്‍ ഒപ്പ് വെച്ച പ്രമേയത്തിലെ ഒരു ഖണ്ഡിക ശ്രദ്ധിക്കുക: ''(4) ആയത്ത്, ഹദീസ്, മറ്റു 'മുഅസ്സമായ' അസ്മാഉ, ഇവകൊണ്ട് മന്ത്രം ചെയ്യലും ഉറുക്ക് എഴുതി കെട്ടലും പിഞ്ഞാണം എഴുതിക്കൊടുക്കലും വെള്ളം, നൂല് മുതലായവ മന്ത്രിച്ചുകൊടുക്കലും ബുര്‍ദ ഓതി മന്ത്രിക്കലും (അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ഉലമാക്കളാല്‍ മതാനുസരണങ്ങളാണ്......).'' വേറെയും അന്ധവിശ്വാസാചാരങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ള ഫറോക്ക് പ്രമേയം ഇന്ന് വരെ സമസ്ത തിരുത്തിയിട്ടില്ലെന്നാണറിവ്. അതേസമയം അന്നത്തെ സമസ്തയാണോ ഇന്നത്തെ സമസ്ത എന്ന് ചോദിച്ചാല്‍, 'അല്ല' എന്ന് ഖണ്ഡിതമായി പറയാന്‍ പ്രേരിപ്പിക്കുന്നതാണ് ഇതഃപര്യന്തമുള്ള മാറ്റങ്ങള്‍. ഉപര്യുക്ത ആചാരങ്ങള്‍ ഇന്നും നിലനിര്‍ത്തുന്നവരും ന്യായീകരിക്കുന്നവരുമുണ്ടാവാം. എന്നാല്‍ പെണ്‍കുട്ടികളെ എഴുതാനും വായിക്കാനും അനുവദിക്കുക മാത്രമല്ല ഡോക്ടറേറ്റ് വരെ നേടാന്‍ അവര്‍ക്ക് വിലക്ക് കല്‍പിക്കാത്ത, അവര്‍ക്കും മറ്റുള്ളവര്‍ക്കുമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച, ദിനപത്രവും ചാനലും നടത്തുന്ന, സ്വന്തമായി യൂനിവേഴ്‌സിറ്റികള്‍ പോലും പണിതുയര്‍ത്തിയ സമസ്തയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഒരു കാലഘട്ടത്തില്‍ വിലക്കിയ ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനവും ആരാധനാ കര്‍മങ്ങള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കലുമെല്ലാം ഇന്ന് സമസ്തക്ക് നിഷിദ്ധമല്ലെന്ന് മാത്രമല്ല പല കാര്യങ്ങളിലും പുരോഗമന സംഘടനകളെ പോലും പിന്നിലാക്കുന്നുമുണ്ട്. പിഞ്ഞാണമെഴുതി കുടിച്ചും ഏലസ്സ് കെട്ടിയും ഉറുക്കും മന്ത്രവുമായും നടക്കുന്നവര്‍ സുന്നികളില്‍ ഇന്നുമുണ്ടാവാം. പക്ഷെ രോഗങ്ങള്‍ക്കും പ്രസവങ്ങള്‍ക്കുമെല്ലാം അത്യാധുനിക ആശുപത്രികളാണവര്‍ക്ക് പഥ്യം. ഈ മാറ്റം വിലകുറച്ചു കാണേണ്ടതല്ല. ആരും അടിച്ചേല്‍പിച്ചതുമല്ല. കാലം തിരുത്തിയ വിശ്വാസാചാരങ്ങളാണിതെല്ലാം.
സമുദായത്തിനകത്തെ പുരോഗമന വാദികളുടെയും പൊതുസമൂഹത്തിലെ മതനിഷേധികളുടെയും സ്ത്രീവാദികളുടെയുമെല്ലാം കൂട്ടായ ആക്രമണം സമസ്ത നേതൃത്വം നേരിടേണ്ടി വന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങളൊക്കെ ഇപ്പോള്‍ അനുസ്മരിക്കേണ്ടി വന്നത്. മലപ്പുറം ജില്ലയിലെ രാമപുരത്തിനടുത്ത പാതിരമണ്ണില്‍ ഒരു മദ്‌റസയുടെ പ്രത്യേക പരിപാടിയില്‍, പത്താംക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനിയെ പുരസ്‌കാരം സ്വീകരിക്കാന്‍ സ്റ്റേജില്‍ വിളിച്ചുവരുത്തിയപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്തയുടെ നേതൃനിരയിലെ ഒരു പ്രമുഖാംഗം മുതിര്‍ന്ന പെണ്‍കുട്ടികളെ പൊതുസ്റ്റേജിലേക്ക് കൊണ്ടുവന്നത് സമസ്തയുടെ കീഴ്‌വഴക്കത്തിനെതിരാണ് എന്ന് ചൂണ്ടിക്കാട്ടിയതും കുട്ടി ഇറങ്ങിപ്പോവേണ്ടി വന്നതുമാണ് സംഭവം. മതപണ്ഡിത സംഘടനയുടെ ഉത്തരവാദപ്പെട്ട ഭാരവാഹിയാവുമ്പോള്‍ മതപരമായ മാനം ഈ സംഭവത്തിലുണ്ടാവുക. സോഷ്യല്‍ മീഡിയ കുടില്‍ മുതല്‍ കൊട്ടാരം വരെ നിറഞ്ഞുനില്‍ക്കുന്ന വര്‍ത്തമാനകാലത്ത് അത് ചര്‍ച്ചാവിഷയമാവുന്നതും വിമര്‍ശന വിധേയമാവുന്നതും അപ്രതീക്ഷിതമല്ല. എന്നാല്‍ പുരോഗമന സംഘടനകളോ മഹിളാ കൂട്ടായ്മകളോ ഒന്നും മതസംഘടനയുടെ നടപടിക്കെതിരെ ശബ്ദമുയര്‍ത്താത്തതിലാണ് ഹമീദ് ചേന്ദമംഗല്ലൂരിന്റെ രോഷം മുഴുവന്‍ (മാതൃഭൂമി വാരാന്തപ്പതിപ്പ് മെയ് 22, 2022). മറ്റു സമുദായങ്ങളിലെ സമാന സംഭവങ്ങള്‍ക്കെതിരെ ഉറഞ്ഞു തുള്ളുന്നവരെല്ലാം 'മുസ്‌ലിംകള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍' കണ്ടില്ലെന്ന് നടിക്കുന്നു എന്നാണ് മതേതരമുസ്‌ലിം എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ഹമീദിന്റെ പ്രതിഷേധം. (മുസ്‌ലിം സമുദായത്തെ മൊത്തം പ്രതികൂട്ടില്‍ കയറ്റിക്കൊണ്ട് പാലാ കത്തോലിക്കാ മെത്രാന്റെ വിഷലിപ്ത കുറ്റാരോപണങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന നേരത്ത്, ഇടത്-വലത് മുന്നണികളോ യുക്തിവാദി ലിബറല്‍ കൂട്ടായ്മകളോ ഒന്നും ശബ്ദിക്കാതിരുന്നതില്‍ അങ്ങോര്‍ ധര്‍മരോഷമൊന്നും പ്രകടിപ്പിച്ചിരുന്നില്ല!) സംഭവത്തില്‍ സമസ്തയുടെ അനവധാനത ശത്രുക്കള്‍ക്ക് വടികൊടുക്കാന്‍ വഴിയൊരുക്കി എന്നതില്‍ സംശയമില്ല. സമസ്തയുടെ കീഴ്‌വഴക്കം ലംഘിച്ചു പെണ്‍കുട്ടിയെ സ്റ്റേജില്‍ ക്ഷണിച്ചു വരുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായതെങ്കില്‍ സ്വയംകൃതാനര്‍ഥമെന്നേ അതേപ്പറ്റി പറയാനാവൂ. അതേസമയം നിരവധി വിലക്കുകള്‍ കാലത്തിന് വഴിമാറിയത് മതനേതൃത്വം മനസ്സിലാക്കുകയും അതോട് പൊരുത്തപ്പെടുകയും ചെയ്തുവെങ്കില്‍, പെണ്‍വിദ്യാഭ്യാസത്തിലും മുന്നേറ്റത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവസമാനമായ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ പോവുന്നതെന്ത്‌കൊണ്ട് എന്നത് ആലോചനാ വിഷയമാണ്. മഹാനായ പ്രവാചകനും ശിഷ്യന്മാരും സ്ത്രീകള്‍ക്ക് തുറന്നുകൊടുത്ത ആരാധനാലയ വാതിലുകള്‍ കേരളത്തിലിനിയും അടഞ്ഞുകിടക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യവും സാന്ദര്‍ഭികമായി ഉയരുന്നു. കീഴ്‌വഴക്കങ്ങള്‍ മാറാനുള്ളതാണ്, മാറിയ ചരിത്രമാണ് മതസംഘടനകളുടേതും. ഒരു ഇജ്തിഹാദും സ്വന്തം നിലയില്‍ ശാശ്വതമൂല്യമുള്ളതല്ല. പ്രമാണങ്ങളാണ് പ്രധാനം. സാഹസികമായ വ്യാഖ്യാനങ്ങളിലൂടെ സ്വന്തം ഇജ്തിഹാദുകളെ ശാശ്വതീകരിക്കുന്നത് മൂലം കഷ്ടപ്പെടേണ്ടി വരിക മതനേതൃത്വം തന്നെയാണ്. പെണ്‍വിദ്യാഭ്യാസവും തൊഴിലുകളും സാമൂഹിക ഇടപെടലുകളും ധാര്‍മിക ചട്ടങ്ങള്‍ക്കുള്ളിലൊതുങ്ങിവേണം എന്ന് പണ്ഡിത സഭകള്‍ക്ക് നിഷ്‌കര്‍ഷിക്കാം. അതവരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ അങ്ങേയറ്റം കുടുസ്സായ ഉപാധികളിലൂടെ സ്ത്രീജീവിതത്തെ കെട്ടി വരിയുന്നതിന് ഇസ്‌ലാമില്‍ നീതീകരണമില്ല. മതം അവര്‍ക്ക് അനുവദിച്ച സ്വാതന്ത്ര്യത്തിനും തുല്യനീതിക്കും മതനേതാക്കളോ സംഘടനകളോ വിലങ്ങിടരുത്. അല്ലാതിരുന്നാല്‍ സംഭവിക്കുക പരിധികളുടെ അതിലംഘനവും നിയമനിഷേധവുമായിരിക്കും. അതാവട്ടെ മതവിരുദ്ധര്‍ ആഗ്രഹിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്ത്രീകള്‍ക്ക് ആദരവ്, പരിഗണന
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌