Prabodhanm Weekly

Pages

Search

2022 ജൂണ്‍ 03

3254

1443 ദുല്‍ഖഅദ് 03

വിവേചനങ്ങള്‍ക്കെതിരായ  എന്റെ പോരാട്ടമാണ് ഇസ്‌ലാം

 ഫാത്വിമ ശബരിമാല

പടച്ചവന് സ്തുതി, അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍. എല്ലാ സ്റ്റേജുകളിലും ഞാന്‍ പറയുന്ന വാക്കുകളാണിത്. കാരണവും പറയാം. കേരളത്തില്‍ ഇവിടത്തെ ശബരിമലയിലേക്ക് തുടര്‍ച്ചയായി അഞ്ചു വര്‍ഷം മാല ധരിച്ച് വന്നിട്ടുണ്ട് ഞാന്‍. അഞ്ച് വര്‍ഷം കഴിഞ്ഞ് ആറാമത്തെ വര്‍ഷം അഛനും സംഘവും ശബരിമലക്ക് പുറപ്പെടുകയാണ്. ഞാന്‍ വാശി പിടിച്ച് ഞാനും കൂടെ വരുമെന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു, പെണ്‍കുട്ടികള്‍ പത്ത് വയസ്സിന് മുകളിലുള്ളവരാണെങ്കില്‍ ശബരിമലയില്‍ പ്രവേശനമില്ല. അവിടെ തുടങ്ങിയ എന്റെ യാത്ര, എന്റെ ഇസ്‌ലാം അന്വേഷണം ഇന്ന് ഇതേ കേരളത്തില്‍ വിവിധ പള്ളികളിലായിട്ട് ഏകദേശം നൂറ്റിയിരുപത് സന്ദര്‍ശനങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നെ ഈ നിലയിലേക്ക് ഉയര്‍ത്തിയ അല്ലാഹുവാകുന്നു ഏറ്റവും വലിയന്‍, അല്ലാഹു അക്ബര്‍.
ഇതേ കേരളത്തില്‍ മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ വന്നിട്ടുണ്ട്. അന്ന് എനിക്ക് ഇസ്‌ലാമിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അറിയില്ല. നങ്ങേലി എന്ന പെണ്‍കുട്ടിയുടെ ചരിത്രം അന്വേഷിച്ചാണ് ഞാന്‍ വന്നത്. ബ്രാഹ്മണര്‍ക്ക് മാത്രം വസ്ത്രം ധരിക്കാന്‍ നിയമം ഉണ്ടായിരുന്ന ഈ നാട്ടില്‍ സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കണമെങ്കില്‍ നികുതി അടക്കണമെന്ന് പറഞ്ഞപ്പോള്‍, നികുതി പിരിക്കുന്ന വാഴയിലയില്‍ തന്റെ മുല വെട്ടി വെച്ച നങ്ങേലി എന്ന പെണ്‍കുട്ടി തീര്‍ത്ത വിപ്ലവ ഭൂമിയാണിത്. അവളുടെ നാടും വീടും കണ്ട് പിടിച്ച് അവിടെ വെച്ച് ഞാന്‍ ഒരു പ്രതിജ്ഞയെടുത്തു. ഇതുപോലെയുള്ള അടിമത്തം അടിച്ചേല്‍പിച്ച് ഒരു കൂട്ടമാളുകള്‍ നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കും; ഇതിനെ ചെറുക്കാനുള്ള പരിഹാരവുമായിട്ടേ ഇനി കേരളത്തിലേക്ക് തിരിച്ചുവരികയുള്ളൂ. ഇപ്പോള്‍ ഇസ്‌ലാം എന്ന പരിഹാരവുമായി ഞാനിതാ ഇവിടെ തിരിച്ചെത്തിയിരിക്കുന്നു. ഞാന്‍ ഈ ലോകത്തോട് ഉറക്കെ പറയുന്നു, അല്ലാഹു അക്ബര്‍.
ഈ സ്റ്റേജിലിരിക്കുന്നവര്‍ വലിയ സ്ഥാനങ്ങളില്‍ ഉള്ളവരാണ്. ഫലസ്ത്വീന്‍ അംബാസഡറുടെ മുന്നില്‍ വെച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് എനിക്ക് വല്ലാത്ത അഭിമാനബോധം നല്‍കുന്നു. മുസ്‌ലിം എന്ന കാരണത്താല്‍ ആളുകള്‍ കൊല്ലപ്പെടുന്ന നാടാണ് ഫലസ്ത്വീന്‍. അവിടെ ഒരു ചെറിയ കുട്ടി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്; 'ഇസ്‌ലാമായ കാരണത്താലാണ് നിങ്ങള്‍ ഞങ്ങളെ അടിച്ചമര്‍ത്തുന്നതെങ്കില്‍, അതേ ഇസ്‌ലാമിന് വേണ്ടി ഞങ്ങള്‍ ആയിരം മടങ്ങ് ശക്തിയില്‍ എഴുന്നേല്‍ക്കും.' കഅ്ബാലയത്തില്‍ ചെന്നപ്പോള്‍ രണ്ട് രാജ്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥിച്ചു. ഒന്ന് ശ്രീലങ്ക് വേണ്ടി, മറ്റൊന്ന് ഫലസ്ത്വീനു വേണ്ടി. ഈ രാജ്യത്ത് പടച്ചവന്‍ വലിയ വിജയം നല്‍കും എന്ന വിശ്വാസത്തോടു കൂടി ഞാന്‍ തിരിച്ചുവന്നു. എന്റെ പിറകില്‍ ആരാണ്? ഏതെങ്കിലും പാര്‍ട്ടിയോ പ്രസ്ഥാനമോ ആണോ? ആളുകള്‍ അന്വേഷിക്കുന്നുണ്ട്. എന്റെ പിറകിലുള്ളത് എന്റെ ജീവിതത്തിന്റെ വേദനകളാണ്. വേദനകളാണ് എന്നെ ഉന്തിക്കൊണ്ട് പോകുന്നത്. എനിക്ക് സംഭവിച്ചത് വേറെ ഒരു സ്ത്രീക്കും സംഭവിക്കാന്‍ പാടില്ല.
ഇവിടെ ഈ നിലയില്‍, വേദിയില്‍ സാധാരണക്കാരിയായ ഞാന്‍ നില്‍ക്കുന്നത് എനിക്ക് അഭിമാനമാണ്. നോക്കൂ, ഞാന്‍ ജനിച്ചപ്പോള്‍ എന്റെ അമ്മ എന്നെ കൈയിലെടുക്കുകയുണ്ടായില്ല. എന്തുകൊണ്ട്? പെണ്‍കുട്ടിയായത് കൊണ്ട്! പക്ഷേ ഇസ്‌ലാം പറയുന്നു, രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ച് അവരെ സ്‌നേഹത്തോടു കൂടി വളര്‍ത്തിയാല്‍ നിങ്ങള്‍ക്ക് സ്വര്‍ഗം തീര്‍ച്ച എന്ന്. ഇസ്‌ലാം മാത്രമാണ് അത് പഠിപ്പിച്ചത്. 13-ാം വയസ്സില്‍ എനിക്ക് പീരിയഡ്‌സ് ആയ ഘട്ടത്തില്‍ ചെരിപ്പ് ഊരി വെക്കുന്ന സ്ഥലത്ത് എന്നെ കൊണ്ടുപോയി ഒറ്റക്ക് ഇരുത്തിച്ചു. കാരണം ആര്‍ത്തവം അവര്‍ക്ക് വലിയ പാപം ആയിരുന്നു. എന്തുകൊണ്ട് ഇങ്ങനെ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമില്ല. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. കജാ ചുഴലിക്കാറ്റ് സമയത്ത് ഒരു ഏഴാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിക്ക് പീരിയഡ്‌സ് വന്നപ്പോള്‍, അവളെ തെരുവില്‍ ഓല കൊണ്ട് മറ കെട്ടി അതിനുള്ളില്‍ പാര്‍പ്പിച്ചു. ആ ചുഴലിക്കാറ്റില്‍ വീണ തെങ്ങുകളില്‍ ഒരെണ്ണം അവളുടെ മേലെയും വീണു. പിറ്റേ ദിവസം അവളുടെ മൃതദേഹമാണ് പുറത്തെടുത്തത്. എല്ലാറ്റിനും കാരണം ആര്‍ത്തവം ഉണ്ടായവരെ തൊട്ടു കൂടാ എന്ന വിശ്വാസം. ഇപ്പോഴും പല ഗ്രാമങ്ങളിലും ആര്‍ത്തവമുണ്ടായ സ്ത്രീകള്‍ക്ക് അഞ്ചു ദിവസം വീട്ടിനകത്ത് പ്രവേശനം ഇല്ല. മരത്തിന്‍ചുവട്ടില്‍ കിടന്നുറങ്ങി പാമ്പ് കടിയേറ്റ് മരിച്ച പെണ്‍കുട്ടികളുണ്ട് ഇവിടെ. പക്ഷേ ഇസ്‌ലാം പറയുന്നു, ആര്‍ത്തവം പാപമല്ല. ആര്‍ത്തവ കാലത്ത് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. എനിക്ക് ചുമ വരുന്നുണ്ട്. വോയ്‌സ് റെസ്റ്റ് എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ എന്റെ സമൂഹം നിലവിളിക്കുമ്പോള്‍ ഞാന്‍ എങ്ങനെയാണ് മൗനിയായി ഇരിക്കുക?
എനിക്ക് കല്യാണ പ്രായമെത്തിയപ്പോള്‍ എന്റെ അമ്മ വേവലാതിപ്പെട്ടു. എങ്ങനെയെങ്കിലും ഒരു 30-40 പവന്‍ സ്വര്‍ണം ഉണ്ടാക്കണമല്ലോ. പിച്ചക്കാശാണ്, 30 പവന്‍ 40 പവന്‍ കൊടുക്കണം. പക്ഷേ ഇസ്‌ലാം പറയുന്നു, സ്ത്രീധനം പാടില്ല. ഒരു സ്ത്രീയെ വിവാഹം ചെയ്യണമെങ്കില്‍ അവള്‍ ചോദിക്കുന്ന മഹ്ര്‍ അവള്‍ക്ക് കൊടുക്കുകയും വേണം. ഇത് വലിയൊരു വിപ്ലവം തന്നെയാണ്.
നീറ്റ് പരീക്ഷയില്‍ 1200-ല്‍ 1176 മാര്‍ക്ക് നേടിയ അനിത എന്ന പെണ്‍കുട്ടിക്ക് ഡോക്ടറാവാന്‍ കഴിയാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്യേണ്ടിവന്നു. കാരണം അവള്‍ കീഴ്ജാതി സമൂഹത്തില്‍നിന്ന് വന്നവളാണ്. ഞാന്‍ ഒറ്റക്ക് അവള്‍ക്ക് വേണ്ടി നിരാഹാര സമരം  തുടങ്ങി. എന്റെ മുന്നില്‍ കുറേ പോലീസുകാരും മാധ്യമങ്ങളും. പലരും എന്നെ ഭീഷണിപ്പെടുത്തി 'കൊന്നുകളയും, ജയിലിലടക്കും' എന്നൊക്കെ. അപ്പോള്‍ ഞാന്‍ പറഞ്ഞു, എന്റെ കുട്ടികള്‍ ഇവിടെ വിദ്യാഭ്യാസത്തിന് വേണ്ടി മരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ ഞാന്‍ സമരം ചെയ്യുന്നതിനെ തടയുന്നത് ഈ ഒരു ലക്ഷം രൂപ ശമ്പളം നല്‍കുന്ന ഗവണ്‍മെന്റ് ജോലിയാണെങ്കില്‍ ആ ജോലി ഞാനിതാ ഉപേക്ഷിച്ചിരിക്കുന്നു. അങ്ങനെ ഞാന്‍ സമരവുമായി മുന്നോട്ടുപോയി. ഈ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നാല്‍, ചെറുപ്രായത്തിലുള്ള പെണ്‍കുഞ്ഞുങ്ങള്‍,  മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞ് വരെ പീഡനത്തിനിരയാവുന്നു. കശ്മീരില്‍ ആസിഫ എന്ന ഏഴ് വയസ്സ് മാത്രം പ്രായമുള്ള ആ കുഞ്ഞിനെ ഏഴ് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്; അവള്‍ ഇസ്‌ലാം/ മുസ്‌ലിം ആയി എന്നതുകൊണ്ടു മാത്രം.
എന്ത് നീതിയാണ് പീഡിതര്‍ക്ക് ഇവിടെ ലഭിക്കാന്‍ പോകുന്നത്? മുഹമ്മദ് നബി(സ)യുടെയും ഖലീഫ ഉമറിന്റെയും ഭരണം ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഈ കൊടും കുറ്റവാളികളുടെ തല കാണുമായിരുന്നില്ല. ഇങ്ങനെ നീതിക്കായുള്ള പോരാട്ടം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ പലതും നമുക്ക് ത്യജിക്കേണ്ടിവരും. ജോലി, കുട്ടികള്‍, കുടുംബം എന്നിങ്ങനെ എന്തും നാം ത്യജിക്കാന്‍ തയാറാണ്.
ജമ്മി ജിബ് ക്യാമറകള്‍ക്ക് മുന്നില്‍ എന്റെ പത്ത് വര്‍ഷം ഞാന്‍ ചെലവഴിച്ചു, സംസാരം എന്ന ടൂള്‍ ഉപയോഗിച്ച് ഈ സമൂഹത്തെ മാറ്റാന്‍ കഴിയില്ലേ എന്ന ആലോചനയുമായി. അവര്‍ പറഞ്ഞു, ശബരിമാലക്ക് സൗന്ദര്യം ഇല്ല എന്ന്. അവള്‍ കറുപ്പാണ്, അവളുടെ സംസാരരീതി അത്ര ഫിറ്റല്ല എന്ന്. അവളെ കൊണ്ട് ഇത് ചെയ്യാന്‍ സാധിക്കില്ല എന്ന്. ടി.വി ചാനലുകളില്‍ സംസാരിക്കുമ്പോള്‍ ഹാസ്യത്തോടെ സംസാരിക്കണമത്രെ. എല്ലാം ഞാന്‍ സഹിച്ചു. കഅ്ബയില്‍ വെച്ച് ശഹാദത്ത് ചൊല്ലി ഞാന്‍ മുസ്‌ലിം ആണെന്ന് ആധികാരികമായി പ്രഖ്യാപിച്ചു. ആ വീഡിയോ ലോകം മുഴുവന്‍ വൈറലായി. ആ ഉംറ കഴിഞ്ഞ് വരുമ്പോള്‍ ഒരു സ്ത്രീ എന്നോട് ഇംഗ്ലീഷില്‍ ഇങ്ങനെ പറഞ്ഞു: ''യു ആര്‍ സോ ബ്യൂട്ടിഫുള്‍ റ്റു മൈ ഐസ്...'' ഇതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ പാതയിലേക്ക് കടന്നപ്പോള്‍ എത്ര മോശമായ വിമര്‍ശനങ്ങള്‍ ഞാന്‍ കേട്ടു എന്ന് നിങ്ങള്‍ക്കറിയുമോ? ഇപ്പോഴും അത് തുടരുന്നുണ്ട്. ത്വാഇഫില്‍ റസൂല്‍ (സ) അനുഭവിച്ച അതേ വേദന ഞാന്‍ അനുഭവിച്ചു. പക്ഷേ എല്ലാ ബന്ധുക്കളും രക്ഷിതാക്കളുമടക്കം എന്നെ വേണ്ടെന്ന് വെച്ചാലും പകരം എനിക്കിതാ അല്ലാഹു ഇന്ന് ഈ ലോകത്തെ നല്‍കിയിരിക്കുന്നു.  വിവിധ ഭാഷകളില്‍ അവര്‍ എനിക്ക് വേണ്ടി ദുആ ചെയ്യുന്നു. നിങ്ങളോട് എനിക്ക് ഒരു കാര്യം പങ്കുവെക്കാനുണ്ട്. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിനു വേണ്ടി, കുട്ടികള്‍ക്ക് വേണ്ടി ജീവിക്കുന്നു എന്നതിനപ്പുറം ഈ സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി ജീവിക്കും എന്ന് നിങ്ങള്‍ ചിന്തിക്കുക. പടച്ചവന്‍ നിങ്ങളെ കുറിച്ച് ചിന്തിക്കും.
ഇസ്‌ലാമോഫോബിയ എന്ന വാക്ക് ഈ സ്‌റ്റേജില്‍ ഞാന്‍ കുറേ പ്രാവശ്യം കേട്ടു. മുസ്‌ലിംകള്‍ തീവ്രവാദികളാണ്, ഇസ്‌ലാമില്‍ പെണ്‍കുട്ടികളെ അടിമകളായി വെച്ചിരിക്കുകയാണ് എന്നൊക്കെയാണ് ഇസ്‌ലാമോഫോബുകള്‍ പുലമ്പുന്നത്. ഹിജാബ് ധരിച്ച് പെണ്‍കുട്ടികള്‍ വന്നാല്‍ അവര്‍ ഭയപ്പെടുന്നു. ഇവര്‍ ഭാവിയില്‍ വലിയ ആളുകളായേക്കുമോ എന്നാണവരുടെ പേടി. അതുകൊണ്ട് ഹിജാബ് നിരോധിക്കണം. ഹിജാബ് നിരോധിച്ചാല്‍ അവര്‍ സ്‌കൂളുകൡലേക്ക് വരില്ല എന്ന് അവര്‍ വിചാരിക്കുന്നു. ഒരു കാര്യം മനസ്സിലാക്കുക. അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തില്‍നിന്ന് വന്ന, പഠിച്ചാല്‍ ചെവിയില്‍ ഈയം ഒഴിക്കുമെന്ന് പറഞ്ഞ സമൂഹത്തില്‍ നിന്ന് വന്ന ഈ ശബരിമാല, ഫാത്വിമ ശബരിമാല ആയെങ്കില്‍ എഴുതി വെച്ചുകൊള്ളുക, ഏത് പെണ്‍കുട്ടികളോട് നിങ്ങള്‍ ഹിജാബ് ധരിക്കാന്‍ പാടില്ല എന്ന് പറയുന്നുവോ അവര്‍ നാളെ പഠിച്ച് എം.പിയും എം.എല്‍.എയുമായി അവര്‍ക്കായി നിയമങ്ങള്‍ അവര്‍ തന്നെ പാര്‍ലമെന്റില്‍ പാസ്സാക്കുന്ന ദിവസം വരാനിരിക്കുന്നു. അനീതിക്കിരയായ ആസിഫയുടെ സമൂഹത്തിലെ അതേ കുട്ടികള്‍ തന്നെ പരമോന്നത കോടതികളിലെ ന്യായാധിപരായി വിധി മാറ്റി എഴുതുന്ന കാലം വരാനിരിക്കുന്നു. ചെന്നൈ ഐ.ഐ.ടിയില്‍ ഫാത്വിമ എന്ന പെണ്‍കുട്ടിയും ഇതുപോലെ കൊല ചെയ്യപ്പെട്ടുവല്ലോ. സഫിയ എന്ന പോലീസ് സെക്യൂരിറ്റി ഓഫീസര്‍ക്ക് 21 വയസ്സായിരുന്നു. അവളുടെ ഉമ്മ ചവറുകള്‍ പെറുക്കിയാണ് അവളെ പഠിപ്പിച്ചത്. ഇസ്‌ലാമായത് കൊണ്ടും, കൈക്കൂലിയെ എതിര്‍ത്തത് കൊണ്ടും 54 സ്ഥലങ്ങളില്‍ കത്തി കൊണ്ട് കുത്തിയും മുലകള്‍ മുറിച്ച് മാറ്റിയും അവളെ കൊന്നല്ലോ. അവള്‍ ആ കൈക്കൂലി വാങ്ങിയിരുന്നുവെങ്കില്‍ ഒരുപക്ഷേ അവള്‍ മരിക്കുമായിരുന്നില്ല. ഓരോ ദിവസവും നമസ്‌കരിച്ച് ഇസ്‌ലാമിനെ പഠിച്ചവളാണ് അവള്‍. കൈക്കൂലി വാങ്ങില്ലെന്ന വാശിയോടെ നിന്നു. പടച്ചോന്‍ അവളെ ശഹാദത്ത് നല്‍കി അനുഗ്രഹിച്ചു. ഞാന്‍ കടം വാങ്ങി ദല്‍ഹിയില്‍ ചെന്ന് അവളുടെ ഉമ്മയെ കണ്ടു. അവരുടെ ഭാഷ എനിക്കും എന്റെ ഭാഷ അവര്‍ക്കും മനസ്സിലായില്ല. പക്ഷേ അവരുടെ കണ്ണുനീര്‍ തുള്ളികള്‍ എനിക്ക് മനസ്സിലായി. അതിനൊരു ഭാഷയുടെയും ആവശ്യമില്ല. ആ ഉമ്മക്ക് വീടിന്റെ വാടക പോലും കൊടുക്കാനാകാത്ത സ്ഥിതിയായിരുന്നു. പടച്ചോനോട് പ്രാര്‍ഥിച്ച് ഒരു ഫണ്ട് റൈസിങ്ങിന് ഇറങ്ങി. ഏഴ് ദിവസങ്ങള്‍ക്കകം പത്ത് ലക്ഷം കിട്ടി. അത് അവരുടെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്തു. നീ പടച്ചോനോട് കൈ നീട്ടുന്നുണ്ടോ ഇല്ലേ എന്നതാണ് വിഷയം. നീ ചോദിച്ചാല്‍ നിന്റെ കൈ താഴുന്നതിന് മുമ്പ് അവന്‍ നിനക്ക് നല്‍കും.
ഇന്ന് ഈ യുവജന സംഗമത്തില്‍ സംസാരിക്കുമ്പോള്‍ എനിക്ക് വലിയ അഭിമാനം തോന്നുകയാണ്. ഈ കേരളത്തിന്റെ മണ്ണില്‍ അവര്‍ മാറ്റത്തിന്റെ വിത്തുകള്‍ വിതക്കും, തീര്‍ച്ച. അവര്‍ക്ക് ഒരു വലിയ കൈയടി കൊടുക്കുക. അവര്‍ക്ക് പ്രോത്സാഹനം നല്‍കി അവരുടെ ഈമാനെ ബലപ്പെടുത്തുക. അത് മാത്രമാണ് ഇപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുക. 
ഞാനിന്ന് കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയില്‍ പോയി വരികയാണ്. ഇന്ത്യയില്‍ ആദ്യത്തെ പള്ളി ഈ കേരള മണ്ണില്‍ വരണം എന്ന് അല്ലാഹു തീരുമാനിച്ചതാണ്. ഇതുപോലെ ഇന്ത്യയിലെ ഏതൊരു മഹത്തായ തുടക്കവും കേരളക്കരയില്‍ നിന്നാവട്ടെ. ഒന്നും വിഫലമാവുകയില്ല. ഇവിടെ ഞാന്‍ സംസാരിച്ച ഭാഷ എത്ര പേര്‍ക്ക് മനസ്സിലായി എന്ന് എനിക്കറിയില്ല. പക്ഷേ ശബരിമാല സംസാരിച്ചത് ഇസ്‌ലാമാണ്, അവള്‍ക്ക് വേണ്ടി എന്റെ ദുആ ഉണ്ട് എന്ന് വിചാരിക്കുന്ന ഹൃദയങ്ങളാണ് എന്റെ മുന്നിലുള്ളത്. ഇവിടെ ഉള്ളവരുടെ മുഖം ഞാന്‍ മറന്നുപോകും. പക്ഷേ എന്റെ ദുആയില്‍ നിങ്ങളെ കണ്ണീരോടെ ഞാന്‍ ഓര്‍ക്കും. ഏറക്കുറെ യത്തീം ആയി, ആരോരുമില്ലാത്തവളായി തീര്‍ന്ന എന്റെ ജീവിതത്തെ ഇസ്‌ലാം ദത്തെടുത്ത് ഇത്രയധികം ബന്ധങ്ങളെ അല്ലാഹു എനിക്ക് സമ്മാനിച്ചു. സമൂഹത്തിലെ എല്ലാ അതിക്രമങ്ങള്‍ക്കും അറുതിവരുത്താന്‍ ഇസ്‌ലാമിനേ കഴിയൂ എന്ന് നാം ഒറ്റക്കെട്ടായി നിന്ന് വിളിച്ചു പറയേണ്ട സമയമാണിത്. 

(ഈയിടെ ഇസ്‌ലാം സ്വീകരിച്ച തമിഴ്‌നാട്ടിലെ മോട്ടിവേഷന്‍ സ്പീക്കറും ആക്ടിവിസ്റ്റുമായ ഫാത്വിമ ശബരിമാല എറണാകുളത്ത് ചേര്‍ന്ന സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തിന്റെ സംഗ്രഹം- വി.എം സുഹൈല്‍ അഹ്മദ്, വേലന്താവളം)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്ത്രീകള്‍ക്ക് ആദരവ്, പരിഗണന
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌