Prabodhanm Weekly

Pages

Search

2022 മെയ് 27

3253

1443 ശവ്വാല്‍ 26

ഹദീസുകളെ  എങ്ങനെ സമീപിക്കണം

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

ദീനീ വിഷയങ്ങളില്‍ നബിയുടെ വാക്കും പ്രവൃത്തിയും പിന്തുടരേണ്ടത് നിര്‍ബന്ധമാണ്. ഖുര്‍ആന് ശേഷം ദീനിനെക്കുറിച്ച് നമുക്ക് അറിയാനുള്ള മാര്‍ഗവും നബിതിരുമേനിയുടെ ചര്യ മാത്രമാണ്. എല്ലാ മുസ്‌ലിംകളും അനിഷേധ്യമായി അംഗീകരിക്കുന്നതാണ് ഈ കാര്യങ്ങള്‍. പിന്നെ, ഒരു ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. നബിചര്യ മനസ്സിലാക്കാന്‍ എന്തെല്ലാം രൂപങ്ങളാണുള്ളത്? ആ രൂപങ്ങളില്‍ ഓരോന്നിനും ദീനിലുള്ള സ്ഥാനമെന്താണ്?

മുതവാതിറും ആഹാദും
നബിതിരുമേനിയില്‍നിന്ന് നമുക്ക് വന്നു കിട്ടിയ ഹദീസ് ശേഖരങ്ങളെ രണ്ടായി ഭാഗിക്കാം. അവിശ്വസിക്കാന്‍ കഴിയാത്ത വിധം പരസഹസ്രം പരമ്പരകളിലൂടെ, അഥവാ 'തവാതുര്‍' ആയി വന്നതാണ് ഒന്ന്; അത് വൃത്താന്ത രൂപത്തിലുള്ള 'തവാതുറാ'കട്ടെ, കര്‍മ രൂപത്തിലുള്ള 'തവാതുര്‍' ആകട്ടെ. ഇങ്ങനെ തവാതുര്‍ അല്ലാതെ വന്ന് കിട്ടിയതാണ് രണ്ടാമത്തെ ഇനം. ഇതില്‍ ആദ്യത്തെ ഇനം നിസ്സംശയം വിശ്വസനീയമാണെന്ന് ഉറപ്പുള്ളതാണെന്ന (യഖീനി) കാര്യത്തില്‍ മുസ്‌ലിം ലോകം ആകമാനം (ഉമ്മത്ത്) ഏകാഭിപ്രായക്കാരാണ്. അതൊരു സ്ഥാപിത യാഥാര്‍ഥ്യമായി അംഗീകരിക്കണമെന്ന് ബുദ്ധിയും തീര്‍പ്പു കല്‍പിക്കുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍ പരസഹസ്രം ശൃംഖലകളിലൂടെ വരുന്നത് ഉറപ്പുള്ള സംഗതിയാണെന്നത് സുസമ്മത യാഥാര്‍ഥ്യങ്ങളില്‍ പെട്ടതത്രെ. ഇനി, രണ്ടാമത്തെ ഇനമാകട്ടെ അടിസ്ഥാനപരമായി അതിന്റെ സ്വഭാവം ഊഹാധിഷ്ഠിതമാണെന്നും എല്ലാവരും അംഗീകരിക്കുന്നുണ്ട്. അത് ഉറപ്പുള്ള അറിവ് പ്രദാനം ചെയ്യുന്നതാണെന്ന് ആര്‍ക്കും വാദമില്ല. എന്നാല്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യം ഈ ഊഹാധിഷ്ഠിത സ്വഭാവത്തോടു കൂടിയുള്ള ഒറ്റപ്പെട്ട പരമ്പരയിലൂടെ വരുന്ന വൃത്താന്തങ്ങ(അഖ്ബാര്‍ ആഹാദ്)ളോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിലാണ്. ഈ പ്രശ്‌നത്തില്‍ മൂന്ന് വ്യത്യസ്ത സമീപനങ്ങളാണുള്ളത്.
ഹദീസ് ശേഖരങ്ങളൊക്കെയും ഊഹാധിഷ്ഠിത അറിവ് (ളന്നീ) മാത്രം പകര്‍ന്ന് തരുന്നതാണെന്നും അതിനാല്‍ അവ അപ്പാടെ തള്ളിക്കളയേണ്ടതാണെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. കാരണം, ഊഹാധിഷ്ഠിതമായ ഒരു സംഗതി സ്ഥാപിത യാഥാര്‍ഥ്യമാവുകയില്ല. സ്ഥാപിതമാകാത്ത ഒരു സംഗതി പിന്‍പറ്റാന്‍ യോഗ്യവുമല്ല. എന്നാല്‍ അല്‍പമൊന്ന് പരിചിന്തനം ചെയ്താല്‍ ഈ സമീപനത്തിന്റെ അബദ്ധം വ്യക്തമാകും. 'ഊഹാധിഷ്ഠിത'(മള്‌നൂന്‍)മായ ഒരു കാര്യം 'സ്ഥാപിത'മാകില്ലെന്നതില്‍ സംശയമില്ല. എന്നാല്‍ ഒരു കാര്യം സ്ഥാപിതമല്ല എന്നതിനാല്‍ മാത്രം അത് തള്ളപ്പെടേണ്ടതാണെന്ന് എങ്ങനെ പറയാന്‍ കഴിയും? പിന്‍പറ്റണമെങ്കില്‍ അത് 'ഉറപ്പുള്ള കാര്യങ്ങള്‍' (യഖീനിയാത്ത്) ആകണമെന്നാണെങ്കില്‍ അത്തരം ഉറപ്പുള്ള കാര്യങ്ങള്‍ ലോകത്ത് എത്രയുണ്ട്? ഉറപ്പുള്ളത് മാത്രം പിന്‍പറ്റുകയും ഊഹാധിഷ്ഠിത നിഗമനങ്ങളൊക്കെയും തള്ളിക്കളയുകയും ചെയ്യുന്ന എത്ര വ്യവഹാരങ്ങളാണ് നിങ്ങളുടെ ജീവിതത്തിലുള്ളത്? അപഗ്രഥനങ്ങളുടെയും വിശകലനങ്ങളുടെയും ഏതാനും പടവുകള്‍ കടന്ന് കയറുന്നതോടെ ഈ തത്ത്വം ജീവിതത്തില്‍ ഒരിക്കലും പ്രായോഗികമായിട്ടില്ലെന്നും പ്രായോഗികമാവുക സാധ്യമല്ലെന്നും നിങ്ങള്‍ക്ക് ബോധ്യപ്പെടുന്നതാണ്. ഊഹങ്ങള്‍ അപ്പാടെ സ്വീകരിക്കുന്നത് എന്തൊരു ന്യായത്തിന്മേല്‍ അബദ്ധമാണോ അതേ ന്യായത്തില്‍ തന്നെ അബദ്ധമാണ് അപ്പാടെ അവ തള്ളിക്കളയുന്നതും. എല്ലാ ഊഹാധിഷ്ഠിത വിവരങ്ങള്‍ക്കും ഒരേ തളപ്പല്ല ഉപയോഗിക്കേണ്ടത് എന്നതാണ് നേര്‍ ബുദ്ധിയുടെ താല്‍പര്യം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആളുകള്‍ പിന്തുടരുന്നതും അതു തന്നെ. പ്രത്യുത, വിവേചന ബുദ്ധിയോടെ അവ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. അവയില്‍ ഓരോന്നും വെവ്വേറെ എടുത്ത് പരിശോധിക്കണം. അന്വേഷണത്തിന്റെ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി 'ഉറപ്പുള്ള' സംഗതി ഏതെന്നും അത് എത്രമാത്രം സമീപസ്ഥമാണ്, അല്ലെങ്കില്‍ വിദൂരസ്ഥമാണ് എന്നും കണ്ടെത്തണം.
ഈ അടിസ്ഥാന തത്ത്വങ്ങള്‍ക്കനുസൃതമായാണ് ലോകത്തിലെ എല്ലാ കാര്യങ്ങളും നടക്കുന്നത്. നമ്മുടെ ദീന്‍ യുക്തിരഹിതമല്ലാത്തതിനാല്‍  ദീനീ കാര്യങ്ങളിലും പിന്‍പറ്റേണ്ടത് ഈ രീതി തന്നെയാണ്. ഈ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണെന്ന് സ്ഥാപിക്കുന്ന ഒരു സൂക്തം പോലും ചുരുങ്ങിയ പക്ഷം ഖുര്‍ആനില്‍ നമുക്ക് കണ്ടെത്താനാകില്ല. ഊഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ ദോഷം പരാമര്‍ശിക്കുന്ന സൂക്തങ്ങളില്‍ തന്നെ അത് തീര്‍ത്തും കുറ്റകരമാണെന്ന് പറയുന്നില്ല. പൂര്‍ണമായും അത് ഉപേക്ഷിക്കേണ്ടത് നിര്‍ബന്ധമാണെന്നും പറയുന്നില്ല. മറിച്ച് ഊഹാപോഹങ്ങള്‍ വഹ്‌യിന് എതിരാണെന്ന് പറയുക മാത്രമാണ് അതിന്റെ ഉദ്ദേശ്യം. അഥവാ വഹ്‌യിനെ നിസ്സാരമാക്കി തള്ളി സ്വീകരിക്കുന്നതെന്തും ദുര്‍മാര്‍ഗമായിരിക്കും.

വിനകള്‍
ഹദീസുകള്‍ അപ്പാടെ തള്ളുന്നതിന്റെ ഒരു ദോഷം ശാഖാപരമായ കാര്യങ്ങളില്‍ മനുഷ്യന് പ്രവാചകത്വത്തിന്റെ മാര്‍ഗദര്‍ശനം നഷ്ടപ്പെടുകയും, അടിസ്ഥാന വിധികളുടെ സാക്ഷാല്‍ ചൈതന്യം തന്നെ പാഴായിപ്പോകുമോ എന്ന് ഭയപ്പെടുമാറ് ദീന്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ വിശദ രൂപങ്ങള്‍ ഊഹിച്ചെടുക്കേണ്ടിവരികയും ചെയ്യുക എന്നതാണ്. മിക്ക വിശദാംശങ്ങളിലും യാതൊരു അവലംബവുമില്ലാതിരിക്കുമ്പോള്‍ ആത്മനിഷ്ഠമായ വ്യാഖ്യാനങ്ങളുടെ വഴിയിലാവുക എന്ന അപകടവും അതിലുണ്ട്.  അപ്പോള്‍ ഓരോ വ്യക്തിയും സ്വാഭിപ്രായത്തിനും തന്റെ പ്രവണതക്കും അുസരിച്ചുള്ള രൂപങ്ങളായിരിക്കും സ്വീകരിക്കുക. അതോടെ പിളര്‍പ്പും ശൈഥില്യവും കര്‍മഭിന്നതയും ആത്മനിഷ്ഠമായ നിലപാടിന്റെ ആത്യന്തികതയിലെത്തിക്കുന്നതില്‍നിന്ന് തടയാന്‍ ഒരു ശക്തിയും അവശേഷിക്കാത്ത അവസ്ഥയും സംജാതമാകും. ഉദാഹരണത്തിന് ജുമുഅ നമസ്‌കാരം തന്നെ എടുക്കുക. നമ്മുടെ കൈവശം സംശയലേശമന്യേ വിവരമറിയാനുള്ള പ്രഥമവും പ്രധാനവുമായ മാര്‍ഗം വിശുദ്ധ ഖുര്‍ആനാണ്. ആ ഖുര്‍ആനാകട്ടെ ജുമുഅക്ക് ബാങ്ക് വിളിച്ചാല്‍ മറ്റെല്ലാ ജോലികളും ഉപേക്ഷിച്ച് അങ്ങോട്ട് ഉടന്‍ പുറപ്പെടുക എന്ന ഒരു പൊതു നിര്‍ദേശം മാത്രമേ നല്‍കുന്നുള്ളൂ. മറ്റൊരു മാര്‍ഗം മുതവാതിറായ പ്രവൃത്തി അഥവാ സുദീര്‍ഘവും പരമ്പരാഗതവുമായ പ്രവര്‍ത്തന രൂപമാണ്. അത് നമ്മെ കുറേക്കൂടി മുന്നോട്ടു കൊണ്ടുപോയി ഉപേക്ഷിക്കുന്നു. ളുഹ്‌റിന്റെ സമയമാണ് ജുമുഅയുടെ സമയം, അതിന് സംഘടിത രൂപം (ജമാഅത്ത്) നിര്‍ബന്ധമാണ്, അതിന് മുമ്പ് ഖുത്വ്ബ (പ്രസംഗം) ഉണ്ടായിരിക്കണം, അതിന്റെ റക്അത്തുകള്‍ രണ്ടാണ്, അതിന് ബാങ്ക് വിളി നിര്‍ബന്ധമാണ് എന്നിത്യാദി വിവരങ്ങള്‍ മാത്രമാണ് അത് നല്‍കുന്നത്. ഇതിനൊക്കെ പുറമെ എന്തെല്ലാം പ്രാവര്‍ത്തിക ഘടകങ്ങളുണ്ടോ അവയൊന്നും തന്നെ ഖുര്‍ആനിലൂടെയോ മുതവാതിറായ പ്രവര്‍ത്തന രൂപത്തിലൂടെയോ നമുക്ക് ലഭിക്കുന്നില്ല. അപ്പോള്‍ ഏക പരമ്പരയിലൂടെ വരുന്ന വൃത്താന്തങ്ങള്‍ (അഖ്ബാര്‍ ആഹാദ്) അപ്പാടെ തള്ളിക്കളയേണ്ടതാണെന്ന അടിസ്ഥാനം സ്വീകരിച്ചാല്‍ ആ ഘടകങ്ങള്‍ ഓരോ വ്യക്തിയും തോന്നിയ വിധം തീരുമാനിക്കും എന്നതായിരിക്കും അതിന്റെ അനന്തരഫലം. മുസ്‌ലിംകളില്‍ ഏതെങ്കിലും വലിയൊരു വിഭാഗത്തിന് മേല്‍ പിന്‍പറ്റല്‍ നിര്‍ബന്ധമാക്കുമാറ് ഏതെങ്കിലും അഭിപ്രായത്തിന് മറ്റൊരഭിപ്രായത്തേക്കാള്‍ മുന്‍ഗണന നല്‍കാന്‍ മാത്രം അതിന് ബലം സിദ്ധിക്കുകയില്ല. ഇതുവഴി ശാഖാപരമായ കാര്യങ്ങളില്‍ എന്തുമാത്രം ശൈഥില്യമാണ് സംഭവിക്കുക എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. സംഘടിത വ്യവസ്ഥക്ക് അത് എത്രമാത്രം ഹാനികരമായിരിക്കുമെന്നും, ചില രൂപങ്ങളില്‍ ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെ എപ്രകാരം നഷ്ടപ്പെട്ടുപോകുമെന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതാണ്. ഏക നിവേദന പരമ്പരാവൃത്താന്തങ്ങളില്‍ (അഖ്ബാര്‍ ആഹാദ്)നിന്ന് മനസ്സിലാകുന്ന വിശദാംശങ്ങളും ഏറക്കുറെ വ്യത്യസ്തങ്ങളായിരിക്കുമെന്നതില്‍ സംശയമില്ല. അതിന്റെ അടിസ്ഥാനത്തിലും വിഭിന്ന ചിന്താ സരണികള്‍ (മദ്ഹബുകള്‍) പൊട്ടിപ്പുറപ്പെടാം. എന്നാല്‍, ഒന്നാമതായി അവയില്‍ കഷ്ടിച്ച് അഞ്ചോ ഏഴോ മദ്ഹബുകള്‍ പുറത്ത് വരാനുള്ള പഴുതുണ്ട്. ഇനി എത്ര മദ്ഹബുകള്‍ ഉണ്ടായാലും അവയില്‍ ഓരോന്നിനും സകല മുസ്‌ലിംകളും അംഗീകരിക്കുന്നതും ആ ബലത്തില്‍ മുസ്‌ലിംകളില്‍ വലിയൊരു സംഘം പിന്തുടരുന്നതുമായ ഒരു ഉന്നതാധികാര കേന്ദ്രത്തിന്റെ പിന്‍ബലം ലഭിക്കുന്നു. മറുവശത്ത് ഏക പരമ്പരയിലൂടെ നിവേദനം ചെയ്യപ്പെടുന്ന വൃത്താന്തങ്ങള്‍ (അഖ്ബാര്‍ ആഹാദ്) ആകട്ടെ അപ്പാടെ അവ തള്ളപ്പെടുന്നതോടെ ഉടലെടുക്കുന്ന അനേകം മദ്ഹബുകളി(ചിന്താസരണി)ല്‍ ഒന്നിനും രണ്ട് മുസ്‌ലിംകളെ പോലും ശാഖാപരമായ ഒരു വിഷയത്തില്‍ ഒരു വഴിയില്‍ ഒത്തൊരുമിപ്പിക്കാന്‍ മാത്രമുള്ള അവലംബം കിട്ടുന്നുമില്ല. ഫലം എന്താണെന്ന് വളരെ വ്യക്തം- ജുമുഅ എന്ന സമഗ്രമായ ഏകീകരണ ശക്തിക്ക് അന്ത്യം കുറിക്കപ്പെടുന്നു! എന്തിനു വേണ്ടിയാണോ ജുമുഅ നിര്‍ബന്ധമാക്കിയത് ആ അടിസ്ഥാന ലക്ഷ്യം തന്നെ കര്‍മ ഭിന്നതയോടെ അന്ത്യം കുറിക്കപ്പെടുന്നു.
ജുമുഅ ഒരു ഉദാഹരണം എന്ന നിലയില്‍ പറഞ്ഞുവെന്നു മാത്രം. അല്ലെങ്കില്‍ അല്‍പമൊന്ന് ചിന്തിച്ചാല്‍ ഒരു കാര്യം നിങ്ങള്‍ക്ക് മനസ്സിലാകുന്നതാണ്. ഇസ്‌ലാമിന്റെ ശര്‍ഈ വ്യവസ്ഥയെ ഒരു സ്വതന്ത്ര കര്‍മ വ്യവസ്ഥയാക്കുന്നത് എന്താണോ, മുസ്‌ലിംകളുടെ സാംസ്‌കാരിക, നാഗരിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വ്യവഹാരങ്ങളടക്കം അവരുടെ മുഴുവന്‍ സാമൂഹിക ജീവിതത്തിനും,  വ്യക്തിഗതമായ പെരുമാറ്റങ്ങള്‍ക്കും വിശദ രൂപം നല്‍കുന്നതെന്താണോ അത് അഖ്ബാര്‍ ആഹാദ് അഥവാ ഏക പരമ്പരയിലൂടെ ലഭ്യമാകുന്ന അതേ ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. പ്രവാചകന്റെ പൊതു ജീവിതം, സ്വകാര്യ ജീവിതം, സ്വഭാവങ്ങള്‍, സമ്പ്രദായങ്ങള്‍, ആരാധനാ രീതികള്‍, വിദ്യാഭ്യാസ ക്രമം, പ്രബോധന രൂപം, നീതിന്യായ സംവിധാനം, നിയമ തീര്‍പ്പുകള്‍, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളെ ബാധിക്കുന്ന സന്മാര്‍ഗ നിര്‍ദേശങ്ങള്‍, കര്‍മരീതി, നബിയുടെ പിന്‍ഗാമികളായ ഭരണകര്‍ത്താക്ക(ഖുലഫാ)ളുടെയും സ്വഹാബികളുടെയും താബിഉകളുടെയും നബി കുടുംബത്തിന്റെയും ശിഷ്ട പാരമ്പര്യങ്ങള്‍- ഇവയൊക്കെ ചേര്‍ന്നാണ് ഇസ്‌ലാമിന്റെ പ്രായോഗിക ജീവിതത്തിന് പൂര്‍ണ രൂപം നല്‍കുന്നത്. ഈ രൂപത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയായി മാറുന്നത്. എന്നാല്‍ ഇവ ലഭ്യമാകുന്നത് ഖുര്‍ആനിലൂടെയോ 'മുതവാതിറാ'യ നിവേദന പരമ്പരയിലൂടെയോ അല്ല. വിവരങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും ഈ മഹാ ശേഖരമത്രയും നമുക്ക് ലഭ്യമായിരിക്കുന്നത് ഏക നിവേദന പരമ്പരയിലൂടെയുള്ള വൃത്താന്തങ്ങളിലൂടെ (അഖ്ബാര്‍ ആഹാദ്) മാത്രമാകുന്നു. അത് മായ്ച്ചു കളഞ്ഞാല്‍ പിന്നെ അവശേഷിക്കുക ഇസ്‌ലാമിന്റെ ഒരു അസ്ഥികൂടം മാത്രമാകും. അതില്‍ മാംസം പൊതിഞ്ഞിട്ടുണ്ടാകില്ല. അപ്പോള്‍ അതിന്റെ ആകാര രൂപങ്ങള്‍ ആര്‍ക്കും എങ്ങനെയും തോന്നിയ മട്ടില്‍ നിര്‍മിക്കാന്‍ സാധിക്കുന്നതാണ്. അത്തരമൊരു രൂപത്തില്‍ ഒരു സംഘടനാ വ്യവസ്ഥ ഉണ്ടാക്കാന്‍ തന്നെ യഥാര്‍ഥത്തില്‍ സാധിക്കുകയില്ല; എന്നിട്ടല്ലേ, ഇസ്‌ലാമിക സംസ്‌കാരം എന്ന് വിളിക്കാവുന്ന ഒരു സംസ്‌കാരം നിലവില്‍ വരിക! അതുകൊണ്ടാണ് ഹദീസിനെ നിരാകരിക്കുന്നവരില്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സംവിധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവരെ നാം മുന്‍പന്തിയില്‍ കാണുന്നത്. അതിന്റെ സുനിര്‍ണിത പരിധികളില്‍ സ്വന്തം ഇഛകള്‍ പിന്തുടരാന്‍ ഒരു പഴുതും അവര്‍ കാണുന്നില്ല. അതിനാല്‍ ആ സംവിധാനത്തിന്റെ നിലനില്‍പിനെ തുടച്ചുമാറ്റുന്നതിനുള്ള മാര്‍ഗം അവര്‍ സ്വീകരിച്ചു. അങ്ങനെ ചെയ്യുന്നതോടെ ഇസ്‌ലാമിന്റെ അസ്ഥികൂടത്തില്‍ എങ്ങനെ വേണമെങ്കിലും മാംസം പൊതിഞ്ഞ് സ്വാഭീഷ്ടാനുസാരം അതിന് രൂപം നല്‍കാം.
ഹദീസുകള്‍ ഒന്നായി തള്ളാന്‍ വേണ്ടി, പ്രവാചകന്മാര്‍ക്ക് ആക്ഷേപകരമായതോ, വ്യക്തമായ ബുദ്ധിക്കും ഖുര്‍ആന്നും വിരുദ്ധമായതോ ആയ ഹദീസുകള്‍ ഉദാഹരണാര്‍ഥം സമര്‍പ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യാറുള്ളത്. ഇങ്ങനെയുള്ള ഒറ്റപ്പെട്ട ഹദീസുകളെ അവലംബമാക്കി മൊത്തം ഹദീസുകള്‍ മുഴുവന്‍ തെറ്റും തള്ളപ്പെടേണ്ടതുമാണെന്ന് സമര്‍ഥിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ ഒരു സമുദായത്തിലെ ഏതാനും വ്യക്തികള്‍ ദുര്‍നടപ്പുകാരാണെന്നതിന്റെ പേരില്‍ ആ സമുദായം മുഴുവന്‍ ദുര്‍നടപ്പുകാരാണെന്ന് ആരോപിക്കുന്നത് പോലെയാകുന്നു ഇത്. ഓരോ ഹദീസും നിവേദന പരമ്പരയുടെയും (രിവായത്ത്) ഉള്ളടക്ക(മത്ന്‍)ത്തിന്റെയും അടിസ്ഥാനത്തില്‍ ഒന്നിനൊന്ന് വ്യത്യസ്തമായതിനാല്‍ ഓരോന്നും വെവ്വേറെ എടുത്ത് പരിശോധിച്ച് അത് സ്വീകാര്യ യോഗ്യമാണോ നിരാകരണ യോഗ്യമാണോ എന്ന് തീരുമാനിക്കുകയാണ് വേണ്ടിയിരുന്നത്. എല്ലാം മൊത്തമായെടുത്ത് അവയെ കുറിച്ച് ഒന്നാകെ അഭിപ്രായ രൂപീകരണം നടത്തുക എന്നത് സാമാന്യ ബുദ്ധിയുള്ള ഒരാളില്‍നിന്നും പ്രതീക്ഷിക്കാവുന്ന നടപടിയല്ല. ഇക്കൂട്ടര്‍ ഹദീസുകള്‍ ഒറ്റയൊറ്റയായി എടുത്ത് പരിശോധിച്ചിരുന്നെങ്കില്‍, ഹദീസുകളുടെ കൂട്ടത്തില്‍ ചെറിയൊരു ശതമാനം നബിയുടേതാകാന്‍ സാധ്യമല്ലെന്ന് മനസ്സ് സാക്ഷ്യം വഹിക്കുമ്പോള്‍ തന്നെ അവയില്‍ വലിയൊരു ശതമാനവും യുക്തിബന്ധുരവും, നിയമത്തിന്റെയും സദാചാര മൂല്യങ്ങളുടെയും വിശിഷ്ട തത്ത്വങ്ങള്‍ പ്രതിനിധാനം ചെയ്യുന്നവയും, ഇസ്‌ലാമിന്റെ യാഥാര്‍ഥ്യത്തിലേക്കും നന്മകളിലേക്കും വെളിച്ചം വീശുന്നവയുമാണെന്നും അതിനാല്‍ത്തന്നെ അവ ഒരു നബിയുടേതാകാന്‍ സാധ്യതയുള്ളതാണെന്നും മനസ്സ് സാക്ഷ്യം വഹിക്കുന്നതായും അവര്‍ക്ക് കാണാവുന്നതാണ്. പിന്നെ ഇക്കൂട്ടര്‍ സത്യസന്ധരും നീതിബോധമുള്ളവരുമാണെങ്കില്‍, പ്രവാചകന്റെയും സ്വഹാബിവര്യന്മാരുടെയും കാലഘട്ടങ്ങളിലെ വൃത്താന്തങ്ങളും അടയാളങ്ങളും ശേഖരിക്കുന്നതിലും അവ പരിശോധനവിധേയമാക്കി സംരക്ഷിക്കുന്നതിലും ഈ ഹദീസ് പണ്ഡിതന്മാര്‍ നിര്‍വഹിച്ച കഠിനാധ്വാനത്തിന് തുല്യമായി ലോകത്തിലെ ഏതെങ്കിലും കാലഘട്ടത്തിലെ സ്ഥിതിഗതികള്‍ ശേഖരിക്കുന്നതിനായി ലോകത്തിലെ ഒരു വിഭാഗവും അധ്വാനിച്ചിട്ടില്ലെന്ന് ഇവര്‍ക്ക് ബോധ്യപ്പെടുന്നതാണ്. ഹദീസ് വിമര്‍ശനത്തിനും സംശോധനക്കും അവര്‍ സ്വീകരിച്ച വഴിയേക്കാള്‍ മികച്ച മറ്റൊരു വഴി കഴിഞ്ഞ കാലഘട്ടങ്ങളിലെ ഏതെങ്കിലും സ്ഥിതിവിവരങ്ങള്‍ക്കായി മനുഷ്യബുദ്ധിക്ക് ഇന്നേവരെയും കണ്ടെത്താന്‍ കഴിയാത്തതാണ്. അന്വേഷണ ഗവേഷണങ്ങള്‍ക്കായി പരമാവധി അവലംബനീയവും മനുഷ്യസാധ്യവുമായ എല്ലാ വഴികളും മുഹദ്ദിസുകള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. എത്രത്തോളമെന്നാല്‍ ചരിത്രത്തിലെ ഒരു ഘട്ടത്തിലും തുല്യതയില്ലാത്തവിധം അത്രയും കണിശമായാണ് അവര്‍ അത് ഉപയോഗപ്പെടുത്തിയത്. ഈ മഹത്തായ സേവനത്തിന് യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ തന്നെ ഉതവിയുണ്ടായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. തന്റെ അന്തിമ വേദത്തിന്റെ സംരക്ഷണത്തിനായി അസാധാരണമായ സംവിധാനം സ്വീകരിച്ച അതേ ദൈവം തന്നെ തന്റെ അന്ത്യപ്രവാചകന്റെ പാദമുദ്രകളുടെയും വഴിയടയാളങ്ങളുടെയും സംരക്ഷണത്തിനും തുല്യതയില്ലാത്ത വഴി സ്വീകരിക്കുകയായിരുന്നു.

മറ്റൊരു ആത്യന്തികത
ഇത് ഹദീസുകള്‍ ഊഹാധിഷ്ഠിതമാണെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ അപ്പാടെ തള്ളിക്കളയുന്നവരുടെ നിലപാട്. ഇനി മറ്റൊരു ആത്യന്തികതയിലെത്തിയ വേറൊരു വിഭാഗത്തിന്റെ നിലപാട് പരിശോധിച്ചു നോക്കാം. അവര്‍ പറയുന്നത് ഇതാണ്: ബഹുമാന്യരായ മുഹദ്ദിസുകള്‍ പാല് പാലായും വെള്ളം വെള്ളമായും വേര്‍തിരിച്ച് വെച്ചിട്ടുണ്ട്. ഓരോരോ ഹദീസും പരിശോധിച്ച് അത് ഏതളവില്‍ പരിഗണനീയമാണെന്നും ഏതളവില്‍ തള്ളപ്പെടേണ്ടതാണെന്നും അവര്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇനി നമുക്ക് ഒരു കാര്യം മാത്രമേ ചെയ്യേണ്ടതായുള്ളൂ. ആ മഹാന്മാര്‍ ഹദീസുകള്‍ക്ക് ഏതെല്ലാം പദവികള്‍ നിര്‍ണയിച്ചിട്ടുണ്ടോ അവയുടെ അടിസ്ഥാനത്തില്‍ ഹദീസുകളുടെ പരിഗണനയുടെയും പ്രാമാണികതയുടെയും സ്ഥാനം നിര്‍ണയിക്കുക. ഉദാഹരണത്തിന് പ്രബലമായ പരമ്പരക്കെതിരെ ദുര്‍ബല പരമ്പരയില്‍ വന്ന ഹദീസുകള്‍ ഉപേക്ഷിക്കുക. അവര്‍ പ്രബലമെന്ന് തീരുമാനിച്ചതിനെ പ്രബലമായി അംഗീകരിക്കുക. സുബദ്ധതയില്‍ ന്യൂനത കണ്ടെത്തിയതിനെ അവലംബിക്കാതിരിക്കുക. അവര്‍ 'മഅ്‌റൂഫ്' (സുജ്ഞാതം) എന്ന് വിധിച്ചതിനെ മഅ്‌റൂഫായും മുന്‍കര്‍ (അപരിചിതം) ആയി വിധിച്ചതിനെ മുന്‍കറുമായി മാനിക്കുക. റിപ്പോര്‍ട്ടര്‍മാരുടെ നീതി, വിശ്വസ്തത, കൃത്യത എന്നിവയെക്കുറിച്ച് അവര്‍ എന്ത് അഭിപ്രായം പ്രകടിപ്പിച്ചോ അത് അതേപടി ഈമാന്‍ കൊള്ളുക. അവരുടെ ദൃഷ്ടിയില്‍ ഹദീസുകള്‍ പരിഗണിക്കപ്പെടുന്നതിനും പരിഗണിക്കപ്പെടാതിരിക്കുന്നതിനുമുള്ള മാനദണ്ഡം എന്താണോ അതേ മാനദണ്ഡം തന്നെ നാമും പാലിക്കുക. ഉദാഹരണത്തിന്, 'ശാദ്ദി' (ഒറ്റപ്പെട്ടത്)നേക്കാള്‍ മശ്ഹൂറിനും (പ്രസിദ്ധം), മുര്‍സലി (നബിയിലേക്ക് എത്താത്ത താബിഇ ഉദ്ധരിച്ചത്)തിനേക്കാള്‍ മര്‍ഫൂഇനും (നബിയിലേക്ക് എത്തിയത്), മുന്‍ഖത്വിഇനേക്കാള്‍ (താബിഇ സ്വന്തമായി ഉദ്ധരിക്കുന്നത്) മുസല്‍സലി*നും നാമും മുന്‍ഗണന നല്‍കണം. ദീനില്‍നിന്നും ദീന്‍ നിര്‍ണയിച്ച പരിധിയില്‍നിന്നും മുടിനാരിഴ പോലും വിട്ടുകടക്കരുത്. ഈയൊരു വീക്ഷണത്തിന്റെ കാര്‍ക്കശ്യമാണ് വിവരം കുറഞ്ഞ ആളുകള്‍ ഹദീസുകളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ആത്യന്തിക നിലപാട് സ്വീകരിക്കാന്‍ നിമിത്തമായത്.
മഹാന്മാരായ മുഹദ്ദിസുകള്‍ ഹദീസ് ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ അംഗീകരിക്കപ്പെട്ടത് തന്നെ. അവര്‍ ആവിഷ്‌കരിച്ച ഹദീസ് വിമര്‍ശന മാനദണ്ഡങ്ങള്‍ ഹിജ്‌റ പ്രഥമ നൂറ്റാണ്ട് മുതല്‍ക്കുള്ള വൃത്താന്തങ്ങളുടെയും പില്‍ക്കാല വാര്‍ത്തകളുടെയും പരിശോധനകള്‍ക്കും സ്ഥിരീകരണത്തിനും വളരെ പ്രയോജനകരമാണെന്നതിലും തര്‍ക്കമില്ല. അതല്ല വിഷയം. സമ്പൂര്‍ണമായും അവയെ അവലംബിക്കണമെന്നത് എത്രമാത്രം ശരിയാണെന്നതാണ് വിഷയം. എന്തു തന്നെയായാലും അവരും മനുഷ്യരാണ്. മനുഷ്യന്റെ ജ്ഞാന പരിധി പ്രകൃത്യാ തന്നെ അല്ലാഹു നിര്‍ണയിച്ചു വെച്ചിട്ടുള്ളതാണ്. ആ നിര്‍ണിത പരിധി മുറിച്ചു കടക്കാന്‍ മനുഷ്യന് സാധിക്കുകയില്ല. മനുഷ്യന്റെ പ്രവൃത്തികളില്‍ സ്വഭാവേന ന്യൂനതകള്‍ ഉണ്ടാകുമ്പോള്‍ ആ ന്യൂനതകളില്‍നിന്ന് അവന്റെ പ്രവൃത്തികള്‍ എങ്ങനെ സുരക്ഷിതമാകാനാണ്? അവര്‍ ശരിയെന്ന് നിശ്ചയിച്ചത് യഥാര്‍ഥത്തില്‍ തന്നെ ശരിയാണെന്ന് പിന്നെ നിങ്ങള്‍ക്കെങ്ങനെ പറയാനാകും? 

വിവ: വി.എ.കെ

* നിവേദന പരമ്പരയില്‍ ഓരോ റിപ്പോര്‍ട്ടറും വാക്കുകളിലോ പ്രവര്‍ത്തനത്തിലോ വിശേഷണത്തിലോ അവസ്ഥയിലോ ഉള്ളടക്കത്തിലോ ആവര്‍ത്തിച്ച് തുടരുന്നതിനാണ് 'മുസല്‍സല്‍' എന്ന് പറയുക. അബൂഹുറയ്‌റയുടെ നിവേദനം ഉദാഹരണം, 'പ്രവാചകന്‍ എന്റെ കൈകോര്‍ത്ത് പിടിച്ച് പറഞ്ഞു.' ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്ന പരമ്പരയിലെ ഓരോ റിപ്പോര്‍ട്ടറും കൈകോര്‍ത്ത് പിടിച്ചുകൊണ്ടാണ് അത് റിപ്പോര്‍ട്ട് ചെയ്യുക- വിവര്‍ത്തകന്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -13-16
ടി.കെ ഉബൈദ്‌

ഹദീസ്‌

സത്കര്‍മങ്ങളുടെ സ്വീകാര്യത
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌