Prabodhanm Weekly

Pages

Search

2022 മെയ് 27

3253

1443 ശവ്വാല്‍ 26

കരി നിയമങ്ങള്‍ക്കെതിരെ  കോടതിയുടെ പൂട്ട്

ഹബീബ് റഹ്മാന്‍ കൊടുവള്ളി

 


രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷ നിര്‍ണയിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ  വകുപ്പാണ് 124 എ. അത് പ്രകാരം, 'എഴുതുകയോ പറയുകയോ  ചെയ്യുന്ന വാക്കുകളാലോ, ചിഹ്നങ്ങളാലോ, കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ അല്ലെങ്കില്‍ മറ്റു ഏതെങ്കിലും വഴിക്കോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളര്‍ത്തുന്ന' എന്തും രാജ്യദ്രോഹമാവും.  ഗവണ്‍മെന്റിനോടുള്ള 'മമതക്കുറവും' ഈ വകുപ്പിന്റെ പരിധിയില്‍ പെടുത്താവുന്നതേയുള്ളൂ. രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയും, പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം കൂടി തടവുമാണ്.
ബ്രിട്ടീഷ് ഇന്ത്യയില്‍ ഗവണ്‍മെന്റിനെതിരെ ഉയരുന്ന രോഷത്തെ തടുക്കാനും സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താനുമായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഈ വകുപ്പ് ഉള്‍പ്പെടുത്താനുള്ള തോമസ് മക്കാളെ പ്രഭുവിന്റെ നിര്‍ദേശം ബ്രിട്ടീഷ് ഗവണ്‍മെന്റ് അംഗീകരിച്ച് 1870-ല്‍ ഐ.പി.സി ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 1898-ല്‍ ഒരു ഭേദഗതിയിലൂടെ  ഇപ്പോള്‍ നിലവിലുള്ള രൂപത്തില്‍ 124 എ വകുപ്പ് ആവിഷ്‌കരിക്കപ്പെട്ടു. ഈ നിയമത്തിന്റെ ആദ്യ രൂപത്തില്‍ നിയമാനുസൃതം രൂപീകൃതമായ ഭരണകൂടത്തോടുള്ള 'മമതക്കുറവ്' ആണ് രാജ്യദ്രോഹമായി നിര്‍വചിച്ചിരുന്നതെങ്കില്‍  നിലവിലുള്ള നിയമത്തില്‍ ഭരണകൂടത്തിനെതിരെ വെറുപ്പോ വിദ്വേഷമോ ഉളവാക്കുന്ന പ്രവൃത്തികള്‍ മാത്രമല്ല, ഭരണകൂടത്തിനെതിരെ നാമുയര്‍ത്തുന്ന ജനാധിപത്യ പ്രതിഷേധം പോലും ശിക്ഷാര്‍ഹമാണ്!  ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ ഇത്തരം കരിനിയമങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ നിയമ സംവിധാനത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു എന്നത് തന്നെ ഏറെ അപമാനകരവും വിരോധാഭാസവുമാണ്.
ഭരണകൂടത്തോടുള്ള 'മമതക്കുറവ്' അഥവാ താല്‍പര്യക്കുറവ് എന്നതില്‍ തന്നെ എല്ലാ തരത്തിലുള്ള എതിര്‍പ്പും  ഉള്‍പ്പെടും. രാജ്യദ്രോഹക്കുറ്റം കൃത്യമായി നിര്‍വചിക്കപ്പെടാനാകാത്ത ഒന്നായതുകൊണ്ട്, ഭരണകൂടത്തിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ വരെ ഈ കുറ്റം ചുമത്തി എപ്പോള്‍ വേണമെങ്കിലും പിടിച്ചുകൊണ്ടു പോകാം. അടിമുടി ആശയക്കുഴപ്പം നിറഞ്ഞ ഈ നിയമമാണ് ഈ അടുത്തകാലത്തായി വളരെയേറെ ദുരുപയോഗം ചെയ്യപ്പെടുന്നത്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു  ഈ നിയമത്തിനെതിരായിരുന്നു. ലോക്‌സഭയില്‍ തന്റെ ആദ്യ ഭരണഘടനാ ഭേദഗതി ബില്ലിനെപ്പറ്റി സംസാരിക്കവെ, ഈ വകുപ്പ് ഏറെ നിന്ദ്യവും, പ്രായോഗികവും ചരിത്രപരവുമായ കാരണങ്ങളാല്‍ നമ്മുടെ ഭരണഘടനയില്‍ തുടരാന്‍ പാടില്ലാത്തതും ആണെന്നും,  അതിനാല്‍ ഈ നിയമം എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.  ഗാന്ധിജിയാകട്ടെ, 'പൗരന്റെ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനായി രൂപീകരിച്ച വകുപ്പ്' എന്നാണ് ഈ ഇതിനെ പരിഹസിച്ചത്.  ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ ഒതുക്കാന്‍ ബ്രിട്ടീഷുകാര്‍ പടച്ചുണ്ടാക്കിയ ഈ വകുപ്പിന് ഇന്ന് നിയമസാധുത ഉണ്ടോ എന്ന ചര്‍ച്ചയാണ് നടന്നു വരുന്നത്.
ഈ രാജ്യദ്രോഹ നിയമപ്രകാരം കേസ് എടുക്കുന്നതും നിലവിലെ കേസുകളില്‍ വിചാരണ തുടരുന്നതും സുപ്രീംകോടതി തടഞ്ഞിരിക്കുകയാണിപ്പോള്‍. ഇത്തരം തീവ്രവാദക്കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുനഃപരിശോധന നടപടി പൂര്‍ത്തിയാകുന്നതുവരെ വിലക്ക് തുടരും. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കൊഹ്ലി എന്നിവരടങ്ങിയ ബഞ്ചാണ് പൗര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നാഴികക്കല്ലായി മാറിയ ഇടക്കാല വിധി പുറപ്പെടുവിച്ചത്. 800-ല്‍ പരം രാജ്യദ്രോഹ കേസുകളിലായി 13000-ലധികം പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ ജയിലുകളില്‍ കഴിയുന്നത്.
വിവാദ രാജ്യദ്രോഹ നിയമവ്യവസ്ഥ കോടതി മരവിപ്പിച്ച നടപടി കേന്ദ്ര ഗവണ്‍മെന്റിന് ഒട്ടുമേ ദഹിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പല എതിര്‍ വാദമുഖങ്ങളും നിരത്തിയെങ്കിലും ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ ശക്തമായ നിലപാടിനു മുന്നില്‍ പത്തി മടക്കുകയായിരുന്നു.
മഹാത്മാഗാന്ധി, ബാലഗംഗാധര തിലകന്‍ മുതല്‍ ബുക്കര്‍ ജേതാവ് അരുന്ധതി റോയി, ഗോത്ര സമൂഹത്തിന്റെ ഉന്നമനത്തിനായി പരിശ്രമിച്ച സ്റ്റാന്‍ സ്വാമി, കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ദിശ രവി, എന്തിനധികം ബലാത്സംഗം ചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന സിദ്ദീഖ് കാപ്പന്‍, വിദ്യാര്‍ഥികളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെല്ലാമെതിരെ ഈ രാജ്യദ്രോഹ നിയമമാണ് എടുത്തു പയറ്റിയത്. നമ്മുടെ സംസ്ഥാനത്ത്  കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലായി 42 ഓളം കേസുകള്‍ രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതലും പോസ്റ്റര്‍ പതിച്ചതിനും ലഘുലേഖ വിതരണം ചെയ്തതിനുമൊക്കെയാണ്!
പൗരത്വ സമരത്തില്‍ പങ്കെടുത്തതിന്, ഭരണകൂടത്തിന്റെ വിവേചനങ്ങളെ വിമര്‍ശിച്ചതിന്, വിനാശകാരിയായി മാറിയേക്കാവുന്ന കൂടംകുളം ആണവനിലയത്തെ എതിര്‍ത്തതിന്, രാജ്യത്തും അയല്‍ രാജ്യത്തും സമാധാനം ഉണ്ടാവട്ടെ എന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്  തുടങ്ങി ഗവണ്‍മെന്റിന് അഹിതകരമായി എന്തെങ്കിലും ചെയ്ത ആര്‍ക്കെതിരെയും  ഈ നിയമത്തിന്റെ കരങ്ങള്‍ നീണ്ടു വരാം. ഇപ്പോള്‍തന്നെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ  പ്രസംഗിക്കുകയോ എഴുതുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തതിന്റെ പേരില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ നാട്ടില്‍ രാജ്യദ്രോഹക്കുറ്റത്തില്‍ കുരുക്കപ്പെട്ടിരിക്കുന്നത് എത്രായിരം പേരാണെന്ന് യാതൊരു തിട്ടവുമില്ല.
     ഈ ചരിത്ര വിധിയുടെ സന്ദര്‍ഭത്തില്‍ തന്നെ സോളിസിറ്റര്‍ ജനറലിന്റെ നിലപാടും വിധിക്കുശേഷം കോടതി ലക്ഷ്മണരേഖ മറികടക്കരുത് എന്ന നിയമ മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയുമൊക്കെ കേന്ദ്ര ഭരണകൂടത്തിന് ഈ വിധിയോടുള്ള ശക്തമായ എതിര്‍പ്പ് വിളിച്ചോതുന്നുണ്ട്. മാത്രമല്ല 2014 ന് ശേഷമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളും  നിയമനിര്‍മ്മാണങ്ങളും ജന താല്‍പര്യത്തിനോ  രാജ്യതാല്‍പര്യത്തിനോ അനുഗുണമല്ല എന്നും നമുക്ക് അറിയാം. അതുകൊണ്ടാണ്, ഈ കോടതി വിധി ശരിയായ രീതിയില്‍ നടപ്പാക്കപ്പെടുന്നുണ്ടെന്നും ഇതിനേക്കാള്‍ ഗുരുതരമായ കരിനിയമങ്ങള്‍ പാര്‍ലമെന്റ് ചുട്ടെടുക്കുന്നില്ലെന്നും ഉറപ്പാക്കാന്‍ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പുറമെ കോടതി തന്നെ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അഡ്വക്കറ്റ് കാളീശ്വരം രാജിനെ പോലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. 


വിദ്വേഷകാലത്തും മത 
സൗഹൃദത്തിന്റെ 
വര്‍ണരാജികള്‍

റഹ്മാന്‍ മധുരക്കുഴി

ഈദ് ഗാഹിന് വേണ്ടി 1.2 കോടി വിലപിടിപ്പുള്ള സ്ഥലം സൗജന്യമായി വിട്ടുകൊടുക്കണമെന്ന പ്രിയ പിതാവ് ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ ജില്ലയിലെ ലാലാ ബ്രിജ് നന്ദന്‍ റസ്‌നോഗിയുടെ അന്ത്യാഭിലാഷം സാക്ഷാത്കരിച്ച ഹിന്ദു സഹോദരിമാരായ അനിതയും സരോജവും നമ്മുടെ ഹൃദയാന്തരാളത്തില്‍ അങ്കുരിപ്പിക്കുന്ന വികാരം എന്തുമാത്രം പ്രോജ്ജ്വലമല്ല! കര്‍ണാടകയിലെ ഹൊസക്കോട്ടെ തെഹസിലെ, ഹനുമാന്‍ ക്ഷേത്ര നവീകരണത്തിനായി സ്ഥലം ആവശ്യമായി വന്നപ്പോള്‍ 80 ലക്ഷം രൂപ വിലവരുന്ന ഭൂമി സൗജന്യമായി വിട്ടുകൊടുത്ത മുസ്‌ലിം വ്യാപാരി എച്ച്.എം.ജി ബാഷ കാണിച്ച സന്മനസ്സ് എന്തുമാത്രം ആദരണീയമല്ല!
ആമപ്പൊയില്‍ കൈതമണ്ണ മഹാ ക്ഷേത്രത്തിന് ശ്രീകോവില്‍ പണിയാന്‍ ഒറ്റത്തടി മരം തേടി നടന്ന ക്ഷേത്ര ഭാരവാഹികള്‍ക്ക് ഒരു ലക്ഷം രൂപയോളം വില വരുന്ന മരത്തടി വിട്ടുകൊടുത്ത് മത സൗഹൃദത്തിന്റെ ശ്രീകോവിലൊരുക്കിയ പരേതനായ കുഞ്ഞാപ്പ ഹാജിയുടെ കുടുംബം (മാതൃഭൂമി 12-5-22) ജാതിഭേദവും മതദ്വേഷവും കൂടാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ രാഷ്ട്ര സൃഷ്ടിയുടെ കാഹള ധ്വനിയല്ലേ മുഴക്കിയത്?
മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്ക് വിളിക്കെതിരെ, പൊതു സ്ഥലങ്ങളില്‍ ഹനുമാന്‍ ചാലിസ മുഴക്കി തടസ്സം സൃഷ്ടിക്കാന്‍ എല്ലാ ഹിന്ദുക്കള്‍ക്കും സൗജന്യമായി ഉച്ചഭാഷിണി നല്‍കുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് രംഗത്ത് വന്നപ്പോള്‍, കെല്‍വാദ് ഗ്രാമത്തിലെ ഹൈന്ദവ സഹോദരന്മാര്‍ പിരിവ് നടത്തി, പള്ളിയിലേക്ക് ഉച്ചഭാഷിണി വാങ്ങിക്കൊടുത്തുകൊണ്ടാണ് സംഘ് പരിവാര്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.
വിദ്വേഷ ചെയ്തികളെ മത സൗഹൃദത്തിന്റെയും മാനവികതയുടെയും ബലിഷ്ഠ ഹസ്തങ്ങളാലാണ് പ്രതിരോധിക്കേണ്ടതെന്ന മഹിത സന്ദേശമാണ് ഇരു മത വിഭാഗത്തില്‍ നിന്നുമുള്ള മനുഷ്യ സ്‌നേഹികള്‍ നമുക്കിവിടെ പകര്‍ന്നു തന്നത്.  


പുതുമയാര്‍ന്ന ലേഖനം

ഫര്‍സീന്‍ മാളിയേക്കല്‍

'മില്ലേനിയല്‍സ് ഒരു തലമുറയെ രൂപപ്പെടുത്തുന്ന വേലിയേറ്റങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ (ലക്കം 3252) മെഹദ് മഖ്ബൂല്‍ എഴുതിയ ലേഖനം  ഈ യുവ തലമുറയെ കൃത്യമായി അഡ്രസ് ചെയ്യുന്നുണ്ട്്. ലേഖനത്തില്‍ അദ്ദേഹം ഉപയോഗിച്ച മില്ലേനിയല്‍സ്, ജനറേഷന്‍ ഇസഡ്, ജനറേഷന്‍ ആല്‍ഫ, ഡിജിറ്റല്‍ ഫാസ്റ്റിംഗ് തുടങ്ങിയ പ്രയോഗങ്ങള്‍ തന്നെ എന്നെ സംബന്ധിച്ചു പുതിയ അറിവുകളാണ്. വളരെ കൃത്യമായി തന്നെ ഈ തലമുറ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും അവരോടുള്ള സമീപനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും ലേഖകന്‍ കൈകാര്യം ചെയ്യുന്നുണ്ട്. ലേഖകന്‍ അഡ്രസ് ചെയ്യുന്ന മില്ലേനിയല്‍സിന്റെ ഒരു പ്രതിനിധി എന്ന നിലക്ക് ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി മൊബൈല്‍ തന്നെയാണ്. ബന്ധങ്ങളെയും ഒരുമിച്ചിരിക്കുന്ന സമയങ്ങളെയും പുതിയ സ്‌കില്ലുകള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളെയും ഒക്കെ മൊബൈല്‍ കവര്‍ന്നെടുക്കുന്നുണ്ടെന്ന സത്യം സമ്മതിക്കാതെ വയ്യ. ലേഖകന്‍ പരിചയപ്പെടുത്തുന്ന ഡിജിറ്റല്‍ ഫാസ്റ്റിംഗ് എന്ന രീതി തീര്‍ച്ചയായും ഈ തലമുറ ഫോളോ ചെയ്യേണ്ടത് തന്നെയാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -13-16
ടി.കെ ഉബൈദ്‌

ഹദീസ്‌

സത്കര്‍മങ്ങളുടെ സ്വീകാര്യത
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌