Prabodhanm Weekly

Pages

Search

2022 മെയ് 20

3252

1443 ശവ്വാല്‍ 19

മൗനം കൊണ്ട്  ഉടയാട തുന്നിയ രാജ്യത്തോടൊരു  വാക്ക് 

യാസീന്‍ വാണിയക്കാട്

'ഈ കളിക്കുപ്പായം ഇനിയെങ്കിലും നിനക്ക് ഊരി വെക്കരുതോ?' നെഞ്ചുനീറുന്ന ഓര്‍മകളാല്‍ ഭാരം താങ്ങാനാവാതെ മൈതാനങ്ങളെ അല്‍പ കാലത്തേക്കെങ്കിലും വെറുക്കേണ്ടിവന്ന തന്റെ പ്രിയ മകനോട് പിതാവ്  സ്‌നേഹമസൃണമായ വാക്കുകളാല്‍ തലോടുന്ന രംഗമാണിത്. മൈതാനത്തെ കുമ്മായ വരയ്ക്കരികില്‍ നില്‍ക്കുമ്പോള്‍ കൂക്കിവിളികളാലും, വംശീയ വിദ്വേഷം നിറയുന്ന ജര്‍മന്‍ ഈരടികളാലും തന്റെ മകന്റെ നെഞ്ചില്‍ ആഞ്ഞുതറക്കുന്ന വാക്കിന്‍ മുനകളെ തടുത്തു നിര്‍ത്താന്‍ ഒരു പിതാവിന് ഇതില്‍പ്പരം എന്ത്  ഉപദേശമാണ് നല്‍കാനാവുക! പിന്നെയും കുറച്ചു നാളെടുത്തു ധവളിമയാല്‍ തിളങ്ങുന്ന ജര്‍മന്‍ കളിക്കുപ്പായവും അതിനേക്കാള്‍ ധാവള്യമിയന്ന തന്റെ രാജ്യാന്തര കരിയറും ഊരി താഴെ വെക്കാന്‍.  
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നതോടു കൂടിയാണ് ജര്‍മന്‍ ജനതക്ക് അനഭിമതനായ ഒരു കാല്‍പന്തു കളിക്കാരന്‍, മെസൂദ് ഓസില്‍, മികച്ച ഫോമില്‍ നില്‍ക്കെ, എട്ട് എന്ന അക്കം കൊത്തിയ രാജ്യത്തിന്റെ കളിക്കുപ്പായം ഊരി താഴെ വെക്കാന്‍ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത്. ഇരട്ട പൗരത്വമുള്ളവരെ ഇനി ജര്‍മനിക്ക് വേണ്ടി പന്ത് തട്ടാന്‍ അനുവദിക്കരുത് എന്ന് ജനം പുലമ്പാന്‍ തുടങ്ങിയ സമയം, കാലിലിനിയും ഏറെ മാന്ത്രികത ബാക്കി ഉണ്ടായിട്ടും, നിറഞ്ഞു തുളുമ്പാന്‍ കാല്‍പന്തുരുളുന്ന ഓര്‍മയറകളില്‍ ഏറെ ഇടമുണ്ടായിട്ടും അനവസരത്തില്‍ റെഡ്കാര്‍ഡ് കിട്ടിയവനെ പോലെ തല കുനിച്ചയാള്‍ തിരിഞ്ഞു നടന്നു.
താനൊരു ജര്‍മന്‍-തുര്‍ക്കി വംശജനായതു കൊണ്ടാണോ, മുസ്‌ലിമായതു കൊണ്ടുമാണോ ഇത്തരത്തില്‍ വിവേചനം നേരിടുന്നതെന്നും അദ്ദേഹം ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന് അയച്ച കത്തില്‍ വിഷാദഛവി കലര്‍ന്ന വാക്കാല്‍ കുറിച്ചിരുന്നു. ആ കത്തിലെ വരികള്‍ക്കിടയില്‍ മാത്രമല്ല, തുകല്‍പ്പന്തിനെ വശ്യമായി പറക്കാന്‍ ശീലിപ്പിച്ച പച്ചപ്പുല്ലിലും ഓസിലിന്റെ അശ്രു കണങ്ങള്‍ കല്ലിച്ചുകിടപ്പുണ്ട്.
വീണ്ടും മെസൂദ് ഓസില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. കൂക്കി വിളികളാലും വംശീയ വിദ്വേഷ ഗര്‍ജനത്താലും അയാളുടെ മുറിവുകളില്‍ തിടം വെക്കുകയാണ്. ഇന്നത് പക്ഷേ, ജര്‍മന്‍ ഭാഷയിലല്ല; ഇന്ത്യന്‍ ഭാഷകളിലാണെന്ന് മാത്രം.
ഇന്ത്യന്‍ ജനാധിപത്യം പണികഴിപ്പിച്ച മുറിയില്‍ തഴച്ചു വളരുന്ന ഏകാധിപത്യത്തോട് മൗനം കൊണ്ട് രാജിയാകുന്ന പ്രവണതകളെ ആൃലമസ വേല ശെഹലിരല എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ വിമര്‍ശിച്ചതോടെയാണ് മെസൂദ് ഓസില്‍ വീണ്ടും വംശീയാധിക്ഷേപത്തിന് ഇരയാകുന്നത്.
ബുള്‍ഡോസറുകള്‍ മാത്രം മിണ്ടിത്തുടങ്ങുകയും, അതിന്റെ ഉരുക്കു കൈകളുടെ മൂര്‍ച്ചയേറിയ വിരല്‍ തട്ടി ഇരകളുടെ വിലാപങ്ങളുടെ ഇരമ്പല്‍ കെട്ടുപോവുകയും, രാജ്യം ഒന്നുമറിയാത്ത മട്ടില്‍ മൗനത്തിന്റെ വാല്‍മീകത്തില്‍ തല പൂഴ്ത്തി ആ വിലാപങ്ങളില്‍ ആനന്ദം തിരയുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ 'നിശ്ശബ്ദത വെടിയുക' എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഹിന്ദുത്വയെ വിറളി പിടിപ്പിക്കുന്നതില്‍ അതിശയപ്പെടാനില്ല.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് വിളിക്കപ്പെടുന്ന ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ക്കിന്ന് എന്താണ് സംഭവിക്കുന്നത് എന്ന് ദല്‍ഹി ജമാ മസ്ജിദിന്റെയും പ്രാര്‍ഥനക്കെത്തിയ മുസ്ലിം ജനക്കൂട്ടത്തിന്റെയും ചിത്രം പങ്കുവെച്ച് കൊണ്ട് അദ്ദേഹം പരിഭവപ്പെടുന്നു. സംഘ് പരിവാര്‍ നൃശംസതയെ ലോകം നോക്കിക്കാണുന്നുണ്ട് എന്ന് അദ്ദേഹം കുറിച്ച ഓരോ വാക്കും വിളിച്ചു പറയുന്നു. ലൈലത്തുല്‍ ഖദ്‌റിന്റെ ഈ പരിശുദ്ധമായ രാവില്‍ മുഴുവന്‍ മുസ്ലിം സഹോദരീ സഹോദരന്മാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു, ലജ്ജാവഹമായ ഈ സാഹചര്യത്തില്‍ നമുക്ക് ബോധവത്കരണം നടത്താം എന്നും ഓസില്‍ ട്വിറ്ററില്‍ കുറിച്ചു.
ഉയ്ഗൂര്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന ചൈനീസ് ഭരണകൂടത്തിന്റെ കിരാതമായ വംശഹത്യക്കെതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ ഓസില്‍  കയര്‍ത്തിട്ടുണ്ട്. അതിലും ലോക മുസ്‌ലിം ജനതയോട് മൗനം വെടിയാനാവശ്യപ്പെടുന്നത് കാണാം. അന്ന് താന്‍ കളിച്ചിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സണലിന്റെ കളി സംപ്രേഷണം നിരോധിച്ചും, ചൈനീസ് നിര്‍മിത ഫുട്ബാള്‍ ഗെയിം ആപ്പുകളില്‍ നിന്നും മെസൂദ് ഓസില്‍ എന്ന പേര് പിന്‍വലിച്ചുമാണ് ചൈനീസ് ഭരണകൂടം അദ്ദേഹത്തോട് പക തീര്‍ത്തത്.
ഗോള്‍പോസ്റ്റ് മൗനത്തിന്റെ പ്രതീകമാണ്. ഇരുപാതിയിലും അലഞ്ഞുതിരിഞ്ഞ് പന്തുകള്‍ വലക്കണ്ണിയെ തൊട്ടുണര്‍ത്തുമ്പോളാണ് അത് മൗനം വെടിയുക, അലകള്‍ പോലെ ഇളകിയാടുക. അപ്പോളാണത് നിശ്ശബ്ദത ഭേദിക്കാന്‍ നിമിത്തമായ കാലുകള്‍ക്ക് നന്ദി പറയുക. പക്ഷേ, ഓസില്‍, പ്രിയപ്പെട്ടവനേ... താങ്കള്‍ നിശ്ശബ്ദത ഭേദിക്കാന്‍ പറഞ്ഞത് മൗനം കൊണ്ട് ഉടയാട തുന്നിയ ഒരു രാജ്യത്തോടാണ്. നിയമപാലകര്‍, മാധ്യമങ്ങള്‍, നീതിന്യായ വ്യവസ്ഥകളൊക്കെ തന്നെയും മൗനവുമായി അദൃശ്യമായ ഉടമ്പടിയിലാണ്. ഇന്നിവിടം ബുള്‍ഡോസറുകളുടെ അട്ടഹാസങ്ങളും വര്‍ഗീയ പ്രഘോഷണങ്ങളുമാണ് ഇന്ത്യന്‍ നിശ്ശബ്ദതയെ ഭേദിക്കുന്ന ശബ്ദങ്ങളായി ബാക്കിയുള്ളത്. വിയോജിപ്പുകളുടെ നേര്‍ത്ത ശബ്ദങ്ങള്‍, ജയിലറയിലേക്കുള്ള ചുങ്കമില്ലാത്ത പാതയിലൂടെ നിശ്ശബ്ദം യാത്ര ചെയ്യുകയാണ്!
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-10-12
ടി.കെ ഉബൈദ്‌

ഹദീസ്‌

ഞാനറിയുന്നത് നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍...
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌