Prabodhanm Weekly

Pages

Search

2022 മെയ് 20

3252

1443 ശവ്വാല്‍ 19

മില്ലേനിയല്‍സ് ഒരു തലമുറയെ രൂപപ്പെടുത്തുന്ന വേലിയേറ്റങ്ങള്‍

മെഹദ് മഖ്ബൂല്‍

പറഞ്ഞു കേട്ട സംഭവമുണ്ട്. എട്ടോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധിയെന്ന് കണ്ട് ജയില്‍ മോചിതനായതായിരുന്നു അദ്ദേഹം. മാറിയ ലോകം കണ്ട് അദ്ദേഹം പതറി. ടെക്നോളജിയുടെയും സോഷ്യല്‍മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും പുതിയ ലോകം. ലൈക്കും ഷെയറും ടാഗുമൊന്നും തിരിയാതെ ആകെ അമ്പരപ്പും അങ്കലാപ്പും. മാസങ്ങളെടുത്തു എന്താണ് സംഭവമെന്ന് അദ്ദേഹത്തിന് മനസ്സിലാകാന്‍.
ദിവസങ്ങള്‍ക്കകം പുതിയ ടെക്നോളജികള്‍ വരുന്ന കാലത്ത് വര്‍ഷങ്ങള്‍ കൊണ്ടുള്ള മാറ്റങ്ങളെ പറ്റി പ്രത്യേകം പറയേണ്ടല്ലോ. ലോകം മാറുകയും നാം മാറാതിരിക്കുകയും ചെയ്യുക എന്നാല്‍ നാം കാലത്തിന് പറ്റിയവരാകാതിരിക്കുക എന്നാണര്‍ഥം. കമ്പ്യൂട്ടര്‍ വന്നതോടെ ടൈപ്പ് റൈറ്റിംഗ് സ്ഥാപനം നടത്തിയിരുന്ന ആള്‍ പ്രതിസന്ധിയിലാവുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവം നമ്മള്‍ കേട്ടതാണ്. മാറിക്കൊണ്ടേയിരിക്കുക എന്നത് തന്നെയാണ് കാലത്തിന്റെ സ്വഭാവം. ആ കാലത്തിന് പാകമുള്ളവരാകാന്‍ നമ്മളും മാറേണ്ടി വരും. മാറാന്‍ മനസ്സില്ലെന്ന ശാഠ്യമാണ് നമ്മെ വേറേതോ കാലത്തെ മനുഷ്യരാക്കുന്നത്.
മുമ്പുകാലങ്ങളിലുണ്ടായിരുന്ന വസ്ത്രധാരണമല്ല ഇന്നുള്ളത്. നമ്മളേറെ മാറിയിരിക്കുന്നുവെന്ന് പഴയകാല ഫോട്ടോകളും സിനിമകളും കാണുമ്പോള്‍ മനസ്സിലാകും. മാറ്റം പുറമേക്ക് മാത്രമല്ല നമ്മുടെ അകങ്ങളിലും സംഭവിക്കേണ്ടതുണ്ട്.  അകങ്ങളില്‍ മാറ്റം സംഭവിക്കാതിരിക്കുമ്പോഴാണ് ചിന്താപരമായി നമുക്ക് മുരടിപ്പ് ബാധിക്കുന്നത്, കാലാവധി കഴിഞ്ഞ തീര്‍പ്പുകളും തീരുമാനങ്ങളും നമ്മില്‍ നിന്നുണ്ടാകുന്നത്.
മാറ്റങ്ങള്‍ സ്വീകരിക്കുന്നതിന്റെ (Adopt) വ്യത്യാസത്തിനനുസരിച്ചാണ് ഓരോ തലമുറയും ഓരോ സ്വഭാവമായി മാറുന്നത്. ഈ മാറ്റങ്ങളാകട്ടെ  ഓരോ തലമുറയിലും വ്യത്യസ്ത പ്രതിഫലനങ്ങളാണുണ്ടാക്കുന്നത്. പല അനുഭവങ്ങളിലൂടെ കടന്നു വന്നവരായതുകൊണ്ടു തന്നെ അവര്‍ക്ക് പല തരം നിലപാടുകളും അറിവുകളുമായിരിക്കും. അവരുടെ ഉള്ളിലെ ലോകങ്ങള്‍ക്കും വ്യത്യസ്ത നിറങ്ങളായിരിക്കും. പട്ടിണി കിടന്ന് പഠിച്ചവരുടെ നിലപാടും രീതിയുമായിരിക്കില്ല, ലൈസും കിന്‍ഡര്‍ജോയിയും രുചിച്ച് വളര്‍ന്നവരുടേത്. അതങ്ങനെ വേണമെന്ന് വാശി പിടിക്കാനും വയ്യ. ഓരോ തലമുറയും എന്താണെന്നും എങ്ങനെയാണെന്നും അവരുടെ അഭിരുചികള്‍ എന്താണെന്നും പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുക എന്നതേ വഴിയുള്ളൂ.
ഓഫീസിലെ മില്ലേനിയല്‍ തലമുറയോട് എങ്ങനെ പെരുമാറണമെന്ന് കമ്പനിയിലെ തലവന്മാര്‍ക്ക് ട്രെയിനിംഗ് ക്ലാസ് വരെ നല്‍കുന്ന കാലമാണിത്. കാരണം അത്രയേറെ സ്വാതന്ത്ര്യം അനുഭവിച്ച തലമുറയോട് സ്ട്രിക്റ്റ് ആയ, പ്രായം ചെന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് ആ കമ്പനിയെ നഷ്ടത്തിലാക്കാനേ ഉപകരിക്കൂ. Managing the Multi-Generational Workforce; From the GI Generation to the Millenial എന്നൊരു പുസ്തകമുണ്ട്. നാല് വ്യത്യസ്ത സ്വഭാവങ്ങളുള്ള തലമുറകള്‍ ഒന്നിച്ച് ജോലി ചെയ്യുന്ന കാലമാണിതെന്ന് പുസ്തകം നിരീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ തലമുറ സംഘര്‍ഷങ്ങള്‍ (Generational Conflicts) സാധാരണമായിരിക്കുന്നു. ഓരോ തലമുറക്കും വ്യത്യസ്ത വീക്ഷണങ്ങളും പ്രതീക്ഷകളും പഠനരീതികളും ആഗ്രഹങ്ങളുമെല്ലാമാണ്. അവരുടെ ശീലങ്ങളും വ്യത്യസ്തമാണ്. അത് കൃത്യമായി മനസ്സിലാക്കിയാല്‍ മാത്രമാണ് എല്ലാവരും ഉള്ള ഇടങ്ങളും സംവിധാനങ്ങളും സുഗമമായി മുന്നോട്ട് പോകൂ.

മില്ലേനിയല്‍സ്

1980 മുതല്‍ 1996 വരെയുള്ള കാലത്ത് ജനിച്ച തലമുറയെയാണ് മില്ലേനിയല്‍സ് എന്ന് പറയുന്നത്. 2048 വരെ സമൂഹത്തെ നയിക്കുന്ന തലമുറയാണിത്. അതായത് കാലിക കാലത്തെ നിയന്ത്രിക്കുന്ന തലമുറ. ഈ തലമുറയിലുള്ളവരാണ് ഏതൊരു സംഘടനയുടെയും കാമ്പും കരുത്തും. കുടുംബത്തിന്റെയും സമൂഹത്തിന്റെയുമെല്ലാം നെടുംതൂണുകളാണ് ഈ തലമുറ. ടെക്നോളജിയോടൊപ്പം സഞ്ചരിച്ചവരാണവര്‍. 1980 മുതല്‍ സോണി വാക്മാനോടൊപ്പം തന്നെ ഈ തലമുറയുടെ ഡിജിറ്റല്‍ നടത്തവും തുടങ്ങി. കളര്‍ ടിവി വന്നതും ഇക്കാലത്ത് തന്നെ. ക്ലോസ്ഡ് എകണോമിയില്‍ നിന്ന് ഓപണ്‍ എകണോമിയിലേക്ക് പ്രവേശിച്ച കാലം കൂടിയാണിത്. ഫേസ്ബുക്കുണ്ടാക്കിയ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഇന്‍സ്റ്റഗ്രാമുണ്ടാക്കിയ കെവിന്‍ സിസ്ട്രോമും സ്നാപ് ചാറ്റ് ഉണ്ടാക്കിയ ഇവാന്‍ സ്പീഗലും ബോബി മര്‍ഫിയും ഡിസ്‌കോഡ് ഉണ്ടാക്കിയ ജേസണ്‍ സിട്രോനും ഈ തലമുറക്കാരാണ്. ഫ്ളിപ് കാര്‍ട്ട് ഉണ്ടായതും ഈ തലമുറയില്‍ നിന്നു തന്നെ. ഇങ്ങനെ പുതുമകള്‍ക്ക് വേണ്ടി പരക്കം പായുന്ന തലമുറയാണിതെന്നും പറയാം. പുതുമകള്‍ മാത്രമാണ് ഈ തലമുറയെ ആകര്‍ഷിക്കാനുള്ള മാര്‍ഗം. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വരെ ഈ തലമുറയെ കേന്ദ്രീകരിച്ചാണെന്ന് വിവാന്‍ മര്‍വഹ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.
ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണിലൂടെ സംസാരിക്കുന്നത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവാണ്. യൂനിയന്‍ ടെലികോം മിനിസ്റ്റര്‍ ഷുക്റാമുമായിട്ടായിരുന്നു സംസാരം. 1995 ജൂലൈ 31-നായിരുന്നു അത്. മിനിറ്റിന് എട്ട് രൂപയായിരുന്നു ചാര്‍ജ്. 2001-ലാണ് മൊബൈല്‍ ഫോണ്‍ പതിയെ പ്രചാരത്തിലാവുന്നത്. സീനിയര്‍ മില്ലേനിയല്‍സിന് അപ്പോള്‍ 20 വയസ്സ്. വീട്ടിലെ ലാന്റ് ഫോണ്‍ പോലും മുതിര്‍ന്നവരാണ് അന്ന് കൈകാര്യം ചെയ്തിരുന്നത്. ഉമ്മാ, ദേ ഫോണ്‍ എന്ന് നീട്ടി പറയല്‍ മാത്രമായിരുന്നു അന്നത്തെ കുട്ടികളുടെ പണി. മുതിര്‍ന്നവര്‍ക്ക് പ്രധാന കാര്യങ്ങള്‍ പറയാന്‍ മാത്രമുള്ളതായിരുന്നു ഫോണ്‍. മുതിര്‍ന്നവര്‍ മാത്രം സംസാരിച്ചിരുന്ന കാലത്തായിരുന്നു മില്ലേനിയല്‍സിന്റെ കുട്ടിക്കാലം. അന്ന് കുട്ടികള്‍ക്ക് വലിയ വോയ്സൊന്നും ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞ് സ്മാര്‍ട്ട് ഫോണ്‍ വന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ജനിക്കുമ്പോള്‍ തന്നെ ഡിജിറ്റല്‍ അല്ലാത്ത തലമുറയായിട്ട് കൂടി മില്ലേനിയല്‍സിന് വളരെ എളുപ്പത്തില്‍  പുതിയ ടെക്നോളജി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു.
എന്നാല്‍ മുതിര്‍ന്ന തലമുറകള്‍ക്ക് അത് അത്ര എളുപ്പം വഴങ്ങിയില്ല. പുതുമകളെ ഭയപ്പാടോടെ കാണുന്നവര്‍ക്ക് അതത്ര ലളിതമായിരുന്നില്ല. ഇന്ദ്രന്‍സ് അഭിനയിച്ച 'ഹോം' സിനിമയില്‍ മുതിര്‍ന്നവരുടെ ആ പങ്കപ്പാട് വ്യക്തമായി വരച്ചു കാണിക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ അവരും പുതിയ കാലത്തോട് സമരസപ്പെടാന്‍ തുടങ്ങി. കുട്ടികളുടെ മുന്നില്‍ അവര്‍ കുട്ടികളായി എല്ലാം അന്വേഷിച്ച് പഠിക്കാന്‍ തുടങ്ങി.
ഒരുപാട് എളുപ്പങ്ങളിലൂടെയായിരുന്നു മില്ലേനിയല്‍സിന്റെ ജീവിതയാത്ര. ചാറ്റിംഗും മണി ട്രാന്‍സാക്ഷനും എല്ലാം എളുപ്പമായി. വലിയ ക്യൂ നിന്ന് കരന്റ് ബില്‍ അടച്ച കാലമെല്ലാം ഓര്‍മയായി. വേണ്ടത് തെരഞ്ഞെടുത്ത് വാങ്ങുന്ന സൂപ്പര്‍മാര്‍ക്കറ്റ് കാലവും കഴിഞ്ഞ് സര്‍വതും വീട്ടുമുറ്റത്തെത്താന്‍ തുടങ്ങി.
മുതിര്‍ന്നവരെയും പുതിയ തലമുറയെയും ഒരു പോലെ മനസ്സിലാക്കാന്‍ സാധിക്കുന്ന തലമുറയെന്നതാണ് മില്ലേനിയല്‍സിന്റെ മറ്റൊരു പ്രത്യേകത. സമൂഹത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ അതുകൊണ്ടുതന്നെ ഈ തലമുറ മുന്നിട്ടിറങ്ങിയാല്‍ സാധിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംഘടനകളുടെയുമെല്ലാം സമീപഭാവിയാണീ തലമുറ. ആ തലമുറക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെങ്കില്‍, അവരെ കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്നില്ലെങ്കില്‍ സമീപ ഭാവിയെ തന്നെയാണ് അത് ദോഷകരമായി ബാധിക്കുക.

പ്രത്യാശയിലൂടെയും 
പ്രതിസന്ധിയിലൂടെയും

പ്രത്യാശയുടെയും പ്രതിസന്ധിയുടെയും അനുഭവങ്ങള്‍ മില്ലേനിയല്‍സിനുണ്ട്. 1984-ല്‍ നാല്‍പ്പതുകാരനായ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ ഈ തലമുറയുടെ ഭാവി മനോഹരമാകും എന്ന് സര്‍വരും കരുതി. ചെറുപ്പത്തിന്റെ ഉശിരും ഊര്‍ജവും രാജ്യത്തിന് ഗുണപ്പെടും എന്ന് എല്ലാവരും സ്വപ്നം കണ്ടു. എന്നാല്‍ അവിചാരിതങ്ങളായിരുന്നു പിന്നീട് സംഭവിച്ചത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. പല വഴിക്കും ഇന്ത്യ കലങ്ങി മറിഞ്ഞു. ബാബരി മസ്ജിദ് ധ്വംസനവും ബി.ജെ.പിയുടെ കടന്നുവരവും 2002-ലെ ഗുജറാത്ത് കലാപവുമെല്ലാം അസ്വസ്ഥതയോടെ നോക്കി നില്‍ക്കേണ്ടി വന്നു ഈ തലമുറക്ക്. ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്തവരെന്ന് അന്ന് മീഡിയ പറഞ്ഞ അതേ ആളുകള്‍ ഇന്ത്യയുടെ അമരത്തിരിക്കുന്നതും കാണേണ്ടി വന്ന ഹതഭാഗ്യരാണവര്‍. ആള്‍ക്കൂട്ടക്കൊലകളും ബീഫ് നിരോധനവും ഹിജാബ് നിരോധനവുമെല്ലാം കണ്ട് ഇതെന്താ വെള്ളരിക്കാ പട്ടണമോ എന്ന് ആശങ്കിച്ച് അത്രയേറെ അസ്വസ്ഥത ഉണ്ടിട്ടുണ്ട് ഈ തലമുറ.
സെപ്റ്റംബര്‍ പതിനൊന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങളും അവര്‍ കണ്ടു. 2008-ല്‍ ബറാക് ഒബാമ അധികാരത്തിലെത്തിയപ്പോള്‍ അവര്‍ ആശ്വസിച്ചു. ലോകം മാറുകയാണെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുക തന്നെ ചെയ്തു. അറബ് വസന്തങ്ങള്‍ അവരെ പുളകം കൊള്ളിച്ചു. ഏകാധിപതികള്‍ ഒന്നൊന്നായി നിലം പതിക്കുന്നത് കണ്ട് ഇതെന്താ സ്വപ്നമോ എന്നവര്‍ സ്വന്തത്തെ നുള്ളി നോക്കി. താമസിയാതെ എല്ലാ പോരാട്ടങ്ങളെയും അടിച്ചമര്‍ത്തി ഏകാധിപതികള്‍ തന്നെ വിജയിക്കുന്നതാണ് കാണുന്നത്. ഒബാമ മാറി പിന്നീട് ട്രംപ് വന്നു. യു.കെയില്‍ ബ്രെക്സിറ്റ് യാഥാര്‍ഥ്യമായി. ഇന്ത്യയില്‍ സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നു. അങ്ങനെ പലവിധങ്ങളായ മാനസിക ലോകത്തിലൂടെ കടന്നുപോയ തലമുറയാണ് മില്ലേനിയല്‍സ്. അവരുടെ ചിന്താ ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഈ സംഭവങ്ങളെല്ലാം ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടാകും.

ഇന്റര്‍നെറ്റ് തലമുറ

മില്ലേനിയല്‍സിന് ഇന്റര്‍നെറ്റ് ആണ് എല്ലാം. ഈ തലമുറ യൂട്യൂബ് നോക്കി സര്‍വതും കണ്ടുപഠിക്കുകയായിരുന്നു. അവരുടെ സെല്‍ഫ് ഇംപ്രൂവ്മെന്റ്ിന് സഹായിച്ചത് ഇന്റര്‍നെറ്റ് ആണ്. സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടിയ അഭിനന്ദനങ്ങളാണ് അവരെ മുന്നോട്ട് നയിച്ചത്. എന്ത് സംഗതി വാങ്ങുമ്പോഴും അതിന്റെ റിവ്യൂ നോക്കി മാത്രം വാങ്ങുകയും എന്ത് സംശയങ്ങള്‍ക്കുമുള്ള ഉത്തരം ഗൂഗിളില്‍ നിന്ന് കണ്ടെത്തുകയും ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുകയും ചെയ്യുന്ന തലമുറ. അവരുടെ ഏറ്റവും വലിയ ഗുരുനാഥര്‍ സോഷ്യല്‍ മീഡിയാ ഇടങ്ങളാണ്. സോഷ്യല്‍ മീഡിയാ ലോകത്തിന് മറ്റൊരു അപകടവശം കൂടിയുണ്ട്. സോഷ്യല്‍ മീഡിയ അതിന്റെ തുടക്ക കാലം പോലെ അല്ല ഇപ്പോള്‍. മിക്ക സംഘടനകളും സൈബര്‍ പോരാളികള്‍ എന്ന വിഭാഗത്തെ ക്രിയേറ്റ് ചെയ്തതോട് കൂടി അത്രമേല്‍ മലീമസമായി സോഷ്യല്‍ മീഡിയാ രംഗം. മാനസികമായി ഒരാളെ തകര്‍ക്കാന്‍ എളുപ്പം സാധിക്കുന്ന രൂപത്തിലായി. ഫേക്ക് ന്യൂസുകളും കട്ട് ചെയ്ത വീഡിയോകളും അവിടെ പാറി നടന്നു. കിട്ടാത്ത ലൈക്കുകളെ കുറിച്ച് സങ്കടങ്ങളായി, വിഷാദമായി. ആര്‍ക്കും ആരെയും തെറി വിളിക്കാം എന്നത് എത്രയോ പേരുടെ ജീവിതത്തെ താറുമാറാക്കി.
പലരുടെയും ആത്മഹത്യാ കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയിലായി. സത്യവും അസത്യവും കൂടിക്കുഴഞ്ഞ സോഷ്യല്‍ മീഡിയ ഇടങ്ങളിലൂടെയുള്ള ഓട്ടങ്ങള്‍ ഈ തലമുറയെയും മുതിര്‍ന്നവരെയും ഒരുപോലെ അവശരാക്കി. കുട്ടികള്‍ ആസ്വാദനത്തിന്റേതായ ആപ്പുകളിലേക്ക് കുടിയേറി.
സുഹൃദ് ബന്ധങ്ങളുണ്ടാക്കാന്‍ ഏറെ സഹായിക്കുന്ന സോഷ്യല്‍ മീഡിയയെ കൂടുതല്‍ വെറുപ്പുണ്ടാക്കാന്‍ ഉപയോഗിക്കില്ല എന്ന തീരുമാനമെടുക്കല്‍ നിര്‍ബന്ധമായ സാഹചര്യമാണ് ഇന്നുള്ളത്.
വലിയ മാറ്റങ്ങള്‍ വാതില്‍പ്പടിയില്‍ വന്നു നില്‍ക്കുന്ന കാലമാണിത്. ഇന്റര്‍നെറ്റിന് ശേഷം മെറ്റവേഴ്സിന്റെ (Metaverse) കാലമാണ് വരാനിരിക്കുന്നത്. മെറ്റവേഴ്സിന്റെ കാലത്ത് ജനറേഷന്‍ ഇസെഡും (1996-2010) ജനറേഷന്‍ ആല്‍ഫയും (2010-2024) മുന്നില്‍ നടക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. വെര്‍ച്വല്‍ റിയാലിറ്റിയും ഓഗ്‌മെന്റഡ് റിയാലിറ്റിയും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് അവരാണല്ലോ. മെറ്റവേഴ്സ് സ്വപ്നങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതാകട്ടെ സുക്കര്‍ബര്‍ഗിനെ പോലുള്ള മില്ലേനിയല്‍സ് ആണ്.

കുടുംബത്തിന്റെ അച്ചുതണ്ട്

കുടുംബത്തിന്റെ അച്ചുതണ്ടാണ് മില്ലേനിയല്‍സ്. ഒരേ സമയം അവര്‍ മക്കളും മാതാപിതാക്കളുമാണ്. അതുകൊണ്ടുതന്നെ അവരുടെ രീതികളും നിലപാടുകളും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ തലമുറയുടെ മക്കളാണ് ജനറേഷന്‍ ആല്‍ഫ. 2010-നും 2024-നും ഇടയിലെ തലമുറയാണത്. കണ്ടു വളരുന്ന തലമുറയാണവര്‍. അതുകൊണ്ട് അവര്‍ക്ക് കണ്ട് വളരാന്‍ മാത്രം മാതൃകയുള്ള ജീവിതമാകണം മില്ലേനിയല്‍സിന്റേത്. കുടുംബത്തിലെ സ്നേഹവും സമാധാനവും അവര്‍ക്ക് അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കണം. കണ്ട് ശീലിച്ച കാലങ്ങളില്‍ നിന്ന് കുതറി മാറാനുള്ള പ്രവണത മില്ലേനിയല്‍സിനുണ്ട്. അതുകൊണ്ടാണ് അടുക്കള പെണ്ണിന്റേത് മാത്രമല്ലെന്ന് മില്ലേനിയല്‍സ് വാദിക്കുന്നത്. എല്ലാവരും ഒന്നിച്ച് കുക്ക് ചെയ്യുന്ന രീതികള്‍ കുടുംബത്തെ കൂടുതല്‍ ഇമ്പമുള്ളതാക്കുമെന്ന് അവര്‍ക്കറിയാം.
എല്ലാവരും പരസ്പരം പങ്ക് വെക്കുന്ന, ഏറെ സംസാരിക്കുന്ന ഇടങ്ങളായി അങ്ങനെ അടുക്കളകള്‍ മാറുന്നു. മൊബൈല്‍ കാലം കട്ടെടുക്കുന്നത് ഇങ്ങനെ പരസ്പരം സംസാരിക്കുന്ന സമയങ്ങളാണ്. ബോധപൂര്‍വം അത് തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ മില്ലേനിയല്‍സില്‍ നിന്ന് ഉണ്ടാകേണ്ടത് അനിവാര്യമാണ്. അപ്പോഴാണ് കുടുംബാന്തരീക്ഷം സുന്ദരമാകുന്നത്. കുടുംബം എന്ന സിസ്റ്റം തന്നെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കവേ, സ്നേഹവും സന്തോഷവും നിറഞ്ഞ കുടുംബാന്തരീക്ഷം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ തന്നെയാണ് വേണ്ടത്.
സ്‌ക്രീന്‍ ടൈം

മില്ലേനിയല്‍സിന്റെ പ്രശ്നങ്ങളെ പറ്റി എഴുത്തുകാരനായ സൈമന്‍ സിനക് (Simon Sinek) പറയുന്നുണ്ട്. സോഷ്യല്‍ മീഡിയ അഡിക്ഷന്‍ ആണ് അതില്‍ പ്രധാനം. പുകവലിയും മദ്യപാനവും ചൂതാട്ടവും പോലെ തന്നെയാണ് ഈ അഡിക്ഷനും. അത്യാവശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താം. എന്നാല്‍ എല്ലാവരും കൂടി ഒരു ടേബിളിന് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും നിങ്ങള്‍ മൊബൈല്‍ ലോകത്താണെങ്കില്‍ അതിനെ അഡിക്ഷന്‍ എന്ന് വിളിക്കാം എന്നാണ് സൈമന്‍ പറയുന്നത്. ഉറങ്ങുന്നതും ഉണരുന്നതും മൊബൈല്‍ വെളിച്ചം കണ്ടിട്ടാണെങ്കില്‍ അതിനെയും അഡിക്ഷന്‍ എന്ന് വിളിക്കാം. ജീവിതത്തിന്റെ താളം തെറ്റിക്കാന്‍ മതിയായ പ്രശ്നമാണിതെന്നും അദ്ദേഹം പറയുന്നു.
സ്‌ക്രീന്‍ ടൈം കുറക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ പുസ്തകമാണ് കല്‍ ന്യൂപോര്‍ട്ടി(Cal Newport)ന്റെ 'ഡിജിറ്റല്‍ മിനിമലിസം.' ബഹളമയമായ അന്തരീക്ഷത്തില്‍ എങ്ങനെ ഫോകസ്ഡ് ആയി ജീവിക്കാം എന്നാണ് എഴുത്തുകാരന്‍ വിശദമാക്കുന്നത്. ഡിജിറ്റല്‍ എന്നാണ് പറയാറെങ്കിലും സോഷ്യല്‍ മീഡിയ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്നാണ് ഡിജിറ്റല്‍ മിനിമലിസം എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്. മുഴുനേരവും മൊബൈലിലാവുക എന്നത് ഈ തലമുറയുടെ വലിയ പ്രതിസന്ധി തന്നെയാണ്. മാതാപിതാക്കള്‍, ഭാര്യ, കുട്ടികള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ തുടങ്ങി അവരുടെ കൂടെ കഴിയേണ്ട, ചിരിക്കേണ്ട സമയമെല്ലാം കൈമോശം വന്നു പോകുന്നു. ചിലപ്പോള്‍ എല്ലാവരും മൊബൈലിലാവുക എന്ന അവസ്ഥയുണ്ടാകുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ കുടുംബബന്ധത്തിന്റെ  ആഴങ്ങള്‍ തകര്‍ക്കാന്‍ ഇത് മതിയാകും. എല്ലാവരും ഒന്നിച്ചിരിക്കുന്ന സമയങ്ങള്‍ കൂട്ടാനാണ് ശ്രദ്ധ വേണ്ടത്. ഡിജിറ്റല്‍ ഫാസ്റ്റിംഗ് എന്ന രീതി തന്നെയുണ്ട്. എല്ലാവരും വീട്ടിലോ മറ്റു കൂട്ടായ്മകളിലോ ഒന്നിച്ചുള്ള സമയങ്ങളില്‍ മൊബൈല്‍ തൊടില്ല എന്ന വ്രതമാണത്.

നമ്മുടെ സ്‌കില്ലുകള്‍

ഒന്നിനും സമയമില്ലെന്നും ആകെ തിരക്കാണെന്നും പൊതുവെ കേള്‍ക്കാറുണ്ട്. എത്ര സമയമില്ലെങ്കിലും നമ്മള്‍ പിറകിലായിപ്പോകാതിരിക്കാന്‍ ചെയ്യേണ്ട ഏറെ കാര്യങ്ങളുണ്ട്. സ്‌ക്രീന്‍ ടൈം കുറക്കുന്നതോടെ തന്നെ നമുക്ക് ഒരുപാട് സമയം കിട്ടും എന്നതാണ് നേര്. നമ്മുടെ സ്‌കില്ലുകള്‍ വളര്‍ത്താനുള്ള ശ്രമങ്ങള്‍ നിരന്തരം നടക്കണം. എന്തും എളുപ്പത്തില്‍ പഠിക്കാവുന്ന കാലത്ത് നമ്മളും നമ്മുടെ കഴിവുകളും പടരണം. അതിനുള്ള ബോധപൂര്‍വ ശ്രമങ്ങളാണ് നടക്കേണ്ടത്.
വളരെ വേഗം മാറി മറിയുന്ന, അറിവുകളുടെ പ്രളയത്തിന്റെ കാലമാണിത്. ഒരാള്‍ക്ക് എന്തും ആകാവുന്ന സാധ്യതകളുടെ കൂടിയ കാലം. അതുകൊണ്ട് നമ്മുടെ സ്‌കില്ലുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചേ മതിയാകൂ. ഷെയര്‍ ചെയ്യുന്നവന്‍ എന്നതില്‍ നിന്ന്  ക്രിയേറ്റ് ചെയ്യുന്നവനായി മാറണം. ഇനി വരുന്നത് ആജീവനാന്ത വിദ്യാഭ്യാസത്തിന്റെ കാലമാണ്. അതായത് ഇതുവരെയുള്ള പോലെയല്ല എന്നര്‍ഥം. പഠന കാലത്തിന് ശേഷം ജോലി നേടുകയും പിന്നീടൊന്നും പഠിക്കാതിരിക്കുകയും ചെയ്യുന്ന, ആ ജോലി അങ്ങനെ തന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്ന കാലമല്ല മുന്നില്‍. നിരന്തരം പഠിച്ചുകൊണ്ടേയിരിക്കേണ്ടത് അത്രയേറെ അനിവാര്യമായ, ആജീവനാന്ത വിദ്യാഭ്യാസത്തിന്റെ കാലമാണ്. കണ്ണഞ്ചും തുറന്നിരിക്കേണ്ട കാലം. ഇന്ത്യയില്‍ നിലവിലുള്ള 69 ശതമാനം തൊഴിലുകളെയും ബാധിക്കാന്‍ സാധ്യതയുള്ള കാലം. അതിലേറെ അവസരങ്ങള്‍ വരാനിരിക്കുന്ന കാലം. ഇങ്ങനെ നിരന്തരം നമ്മെ പുതുക്കണമെങ്കില്‍, പുതിയ സ്‌കില്ലുകള്‍ നേടണമെങ്കില്‍ ഏറെ ഒഴിവു സമയം വേണ്ടി വരും. അതും മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്കാണ് ഇക്കാലത്ത് രൂപം കൊടുക്കേണ്ടത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-10-12
ടി.കെ ഉബൈദ്‌

ഹദീസ്‌

ഞാനറിയുന്നത് നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍...
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌