Prabodhanm Weekly

Pages

Search

2022 മെയ് 20

3252

1443 ശവ്വാല്‍ 19

തൗഹീദ് പ്രപഞ്ചത്തിന്റെ ശ്വാസമാണ്

ഹാഫിള് സല്‍മാനുല്‍ ഫാരിസി

 

ആഴത്തില്‍ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും, ഈ മഹാ പ്രപഞ്ചത്തിനുള്ളത് ഒരൊറ്റ സ്രോതസ്സിനെ ആശ്രയിക്കുന്ന താളമാണെന്ന് മനസ്സിലാകും. പ്രപഞ്ച നാഥന്‍  സൃഷ്ടിച്ചിട്ടുള്ളത് തനിക്ക് വിധേയപ്പെടുന്ന /മുസ്‌ലിമായ പ്രപഞ്ചത്തെയാണ്.
വാനഭുവനങ്ങളിലെ സകലതും പ്രപഞ്ച സ്രഷ്ടാവിന് സങ്കീര്‍ത്തനം ചെയ്യുകയാണെന്ന് ഖുര്‍ആന്‍ തന്നെ  വ്യക്തമാക്കിയിട്ടുണ്ട്: ''ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷേ അവരുടെ കീര്‍ത്തനം നിങ്ങള്‍ക്ക് ഗ്രാഹ്യമാകുന്നില്ലെന്നു മാത്രം. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു'' (17:44). 
ഈ വചനത്തിന്റെ ആത്മാവറിഞ്ഞുള്ള വ്യാഖ്യാനം നടത്തിയിട്ടുണ്ട് ശഹീദ് സയ്യിദ് ഖുത്വ്ബ് തന്റെ  ഫീ ളിലാലില്‍ ഖുര്‍ആനില്‍: ''ഈ മഹാ പ്രപഞ്ചത്തിലെ ഓരോ അണുവിനും രോമാഞ്ചമുണ്ടാക്കുന്ന ആവിഷ്‌കാരം! അല്ലാഹുവിനു കീര്‍ത്തനമാലപിക്കുന്ന ആത്മചേതനകളെ പുളകം കൊള്ളിക്കുന്ന ആഖ്യാനം. അങ്ങനെ പ്രപഞ്ചമഖിലം ചലിക്കുന്നത് പോലെ, ജീവിക്കുന്നത് പോലെ. സര്‍വലോകവും ഒരേ മനസ്സോടെ ഏറ്റു പാടുന്ന ഒരു കീര്‍ത്തനമുണ്ട്, അതാണ് 'അല്ലാഹു അക്ബര്‍.' ഏകനായ സൃഷ്ടികര്‍ത്താവിലേക്ക് സകലതും അങ്ങനെ ബഹുമാനപൂര്‍വം ഉയര്‍ന്നുപോകുന്നു. ഹൃദയം വിചാര നിര്‍ഭരമാവുമ്പോള്‍ പ്രപഞ്ചമതാ സവിശേഷമായൊരു ദൃശ്യം കണക്കെ രൂപാന്തരപ്പെടുന്നു! അതിലെ ഓരോ കല്ലും ഓരോ മണല്‍ത്തരിയും ഓരോ ധാന്യമണിയും ഓരോ ഇലയും ഓരോ പൂവും ഓരോ കായും ഓരോ ചെടിയും ഓരോ മരവും ഓരോ പുഴുവും ഓരോ മൃഗവും ഓരോ മനുഷ്യനും ഭൂമിയിലും വെള്ളത്തിലും അന്തരീക്ഷത്തിലുമെല്ലാമുള്ള ഓരോ ജീവിയും ഓരോ ആകാശവാസിയും അല്ലാഹുവിലേക്കു തിരിഞ്ഞു നിന്ന് കീര്‍ത്തനമാലപിക്കുന്നു. തനിക്കു ചുറ്റുമുള്ള ദൃശ്യവും അദൃശ്യവുമായ ജീവജാലങ്ങളില്‍ ജീവന്റെ തുടിപ്പുകളുണ്ട് എന്നറിയുന്നതോടെ മനുഷ്യന്റെ മനസ്സ് കോരിത്തരിക്കുന്നു. വല്ലതും കൈകൊണ്ട് തൊടാന്‍ ഭാവിക്കുമ്പോഴോ, കാലുകൊണ്ട് ചവിട്ടാന്‍ മുതിരുമ്പോഴോ ജീവസ്പന്ദനങ്ങളോടെ അവ ദൈവ കീര്‍ത്തനം പാടുന്നത് അവന് കേള്‍ക്കാനാവുന്നു..''
പ്രപഞ്ചത്തിലെ ഓരോ അണുവും ഈ അര്‍ഥത്തില്‍ തന്റെ സ്രഷ്ടാവിനോടുള്ള പ്രകീര്‍ത്തനത്തിലാണ്, സങ്കീര്‍ത്തനത്തിലാണ്. 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല' എന്നു സാക്ഷ്യം വഹിക്കലും അടിയുറച്ചു വിശ്വസിക്കലുമാണ് തൗഹീദ്. പ്രത്യക്ഷത്തില്‍ നിഷേധരൂപത്തിലുള്ള ഈ വാക്യം ഏറ്റവും ധന്യവും മഹത്തരവുമായ അര്‍ഥങ്ങളെ ഏറ്റവും സംക്ഷിപ്തമായി പ്രതിനിധീകരിക്കുന്നു. പ്രപഞ്ചം യുക്തിഭദ്രവും സമര്‍ഥവുമായ ഒരു ഇഛാശക്തിയുടെ ഫലമാണെന്നും, പ്രാപഞ്ചിക വ്യവസ്ഥ നന്മയിലും ഔദാര്യത്തിലും കാരുണ്യത്തിലും അധിഷ്ഠിതവും ചരാചരങ്ങളെ അവയുടെ ഉത്ഭവ ലക്ഷ്യത്തിലെത്തിക്കാന്‍ സഹായിക്കുന്നതുമാണെന്നും ഗ്രഹിക്കലാണ് തൗഹീദിന്റെ പ്രപഞ്ച വീക്ഷണം. പ്രപഞ്ചസത്തയുടെ പ്രഭവസ്ഥാനവും പ്രാപ്യസ്ഥാനവും ദൈവമാണെന്നാണ് ഇത് പഠിപ്പിക്കുന്നത്.
'തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ  ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും' (2:156). ഒരസ്തിത്വവും ഉദ്ദേശ്യരഹിതമായി സൃഷ്ടിക്കപ്പെട്ടിട്ടില്ല. ചരാചരങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠ പദവിയുള്ള മനുഷ്യന് തന്റെ സദുദ്ദേശ്യത്തിനും സല്‍ക്കര്‍മത്തിനും ദൈവത്തിങ്കല്‍നിന്ന് സദ്ഫലങ്ങള്‍ ലഭിക്കും.
ഏക ദൈവത്തെ തിരസ്‌കരിക്കുന്നവര്‍ ചരിത്രത്തില്‍ ന്യൂനപക്ഷമാണെങ്കിലും ആധുനിക പാശ്ചാത്യ രാഷ്ട്രങ്ങളില്‍ അവര്‍ ചെറിയ കൂട്ടമല്ല. വ്യവസ്ഥാപിത മതങ്ങളുടെ പരാജയങ്ങളും യുദ്ധങ്ങളുമാണതിന്റെ മുഖ്യ കാരണം. നിരീശ്വരത്വത്തിന്റെ ഫലം അരാജകത്വവും സാംസ്‌കാരിക ജീവിതത്തിന്റെ നിഷേധവുമാണെന്ന് വിശ്വസാഹിത്യകാരന്‍ ടി.എസ് എലിയറ്റ് പറഞ്ഞിട്ടുണ്ട്: 'നിങ്ങള്‍ക്ക് ദൈവമില്ലെങ്കില്‍ ഹിറ്റ്‌ലറെയും സ്റ്റാലിനെയും നിങ്ങള്‍ക്ക് വണങ്ങേണ്ടിവരും. വ്യക്തികള്‍ തോന്നിയത് പോലെ ജീവിക്കുന്ന സമൂഹം അരാജകത്വം (അിമൃരവശാെ) നിറഞ്ഞതായിരിക്കും.' സമൂഹത്തിന്റെ സുഗമമായ നിലനില്‍പിന് നിയമം ആവശ്യമാണ്. അത് നിര്‍മിക്കാനുള്ള പരമാധികാരം കൈയടക്കി വെക്കുന്നവരായിരിക്കും യജമാനന്മാര്‍. മനുഷ്യന്‍ തന്നെപ്പോലെയുള്ള മനുഷ്യരുടെ അടിമയാവരുത് എന്നും സ്രഷ്ടാവിന്റെ മാത്രം അടിമത്തം സ്വീകരിക്കണമെന്നും തൗഹീദ് പറയുന്നു. കള്ളദൈവങ്ങളെ തള്ളിപ്പറയാനും മുഴുവന്‍ മനുഷ്യരോടും തങ്ങളുടെ സ്വാതന്ത്ര്യവും വിമോചനവും പ്രഖ്യാപിക്കാനും പ്രേരണ നല്‍കുന്നു. സ്‌നേഹം, നീതി, കരുണ എന്നിവയില്ലാതെ ഭൗതിക താല്‍പര്യങ്ങള്‍ക്ക് പിറകെ പോയി ഇതര ജനതകളെയും മലിനപ്പെടുത്തുന്നവരാണ് ബഹുദൈവാരാധകര്‍. ബഹുദൈവത്വ സമൂഹത്തില്‍ നീതി (അദ്ല്‍), സൂക്ഷ്മത (ഇഹ്‌സാന്‍), കാരുണ്യം (റഹ്മത്ത്), ഹിക്മത്ത് (നീതി, കാരുണ്യം, ജ്ഞാനം എന്നിവയാല്‍ പ്രചോദിതമായ ചെയ്തി) എന്നിവയുണ്ടാവില്ല. അതുകൊണ്ടുതന്നെ ബഹുദൈവത്വം ഏറ്റവും വലിയ പാപമാണ്.
സര്‍വ പ്രപഞ്ചത്തിന്റെയും കര്‍ത്താവും നിയന്താവും നിമിത്തവുമായ അല്ലാഹു എന്ന വീക്ഷണത്തില്‍ നിന്നാണ് മനുഷ്യന്റെ സത്തയും ലക്ഷ്യവും ഉരുത്തിരിയുന്നതെന്ന് തൗഹീദ് വ്യക്തമാക്കുന്നു. സ്രഷ്ടാവിനെ സംബന്ധിച്ച വീക്ഷണം തെറ്റാകുമ്പോള്‍ മനുഷ്യന്റെ പ്രപഞ്ച വീക്ഷണവും ജീവിത ദര്‍ശനവും അബദ്ധജടിലമായിത്തീരുന്നു. അന്ധവിശ്വാസങ്ങളിലാണ് ബഹുദൈവത്വം നിലനില്‍ക്കുന്നത്. ദുഃശക്തികളാല്‍ ചൂഷണം ചെയ്യപ്പെടാന്‍ മനുഷ്യന്‍ സന്നദ്ധനായി നില്‍ക്കുകയാണ്. ജോത്സ്യന്മാരും കൈനോട്ടക്കാരും കണക്ക്, ലക്ഷണം, മുഹൂര്‍ത്തം, ശകുനം, രാഹുകാലം എന്നിവ നോക്കുന്നവരും പുരോഹിതന്മാരും ബഹുദൈവത്വവാദിയെ ചൂഷണം ചെയ്യുന്നു. അങ്ങനെ പ്രാപഞ്ചിക യാഥാര്‍ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാവുകയാണ് ശിര്‍ക്ക്. പ്രപഞ്ചത്തിന്റെ ഓരോ കണികയിലും യുക്തിമാനും സര്‍വജ്ഞനുമായ ദൈവത്തിന്റെ സൂചനകള്‍ അടങ്ങിയിരിക്കുന്നു. ഓരോ ഇതളിലും സര്‍വലോക പരിപാലകനെപ്പറ്റിയുള്ള ജ്ഞാനശേഖരമുണ്ട്. ഈ പ്രപഞ്ചത്തിന് രണ്ട് യജമാനന്മാരെ അനുസരിക്കാനാവില്ല. നിയന്ത്രണത്തിന് പരമാധികാരമുള്ള ഒന്നിലധികം കേന്ദ്രങ്ങളുണ്ടാവുമ്പോള്‍ പ്രപഞ്ചത്തിന് വ്യവസ്ഥാപിതമായി ചലിക്കാന്‍ കഴിയാതെവരും. 
വിശുദ്ധ ഖുര്‍ആനിത് വ്യക്തമാക്കുന്നുണ്ട്: ''ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!'' (21:22).
''സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉദ്‌ബോധനവും കൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്. എന്നിട്ട് അവര്‍ തങ്ങള്‍ക്കുള്ള ഉദ്‌ബോധനത്തില്‍നിന്ന് തിരിഞ്ഞുകളയുകയാകുന്നു'' (23:71).
''അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!'' (23: 91).
ചുരുക്കത്തില്‍, പ്രാപഞ്ചിക യാഥാര്‍ഥ്യത്തിന്റെ അംഗീകാരമാണ് തൗഹീദ്. ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന എല്ലാ അക്രമങ്ങളുടെയും അനീതികളുടെയും അരാജകത്വത്തിന്റെയും നാരായവേരാണ് ശിര്‍ക്ക്. അതുകൊണ്ടുതന്നെ ശിര്‍ക്ക് മഹാ അതിക്രമവും പാപവുമാണ്. മാത്രവുമല്ല, തൗഹീദിലൂടെ പ്രകൃതിയെ പ്രാക്തന മതത്തിന്റെ ദൈവങ്ങളില്‍ നിന്നും ദേവതകളില്‍ നിന്നും അജ്ഞരുടെ അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമാക്കുന്നു ഇസ്‌ലാം. പ്രകൃതിയെ ഉപയോഗിക്കുന്നത് ധാര്‍മികമാകണമെന്ന് തൗഹീദിന് നിര്‍ബന്ധമുണ്ട്. പിടിച്ചുപറി, ചൂഷണം, കുത്തകവല്‍ക്കരണം, സഹജീവികളുടെ ആവശ്യങ്ങളെ പരിഗണിക്കാതിരിക്കല്‍, പൂഴ്ത്തിവെപ്പ്, അഹന്ത എന്നിവ ദൈവത്തിന്റെ പ്രതിനിധിയായ മനുഷ്യന് വിലക്കപ്പെട്ടിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള സോദ്ദേശ്യ ശ്രമങ്ങള്‍ മനുഷ്യന്റെ ഭാഗത്തു നിന്നുള്ള ആരാധനയും സ്രഷ്ടാവിനുള്ള സ്തുതിഗീതങ്ങളുമാണ്.
മനുഷ്യന്‍ ഒരു സോദ്ദേശ്യ സൃഷ്ടിയാണെന്നാണ് ഖുര്‍ആനിക നിലപാട്. ബുദ്ധിയും ഭാഷണ സിദ്ധിയും മറ്റും നല്‍കിയിരിക്കുന്നത്  'ഖലീഫ' എന്ന തന്റെ ഉത്തരവാദിത്ത നിര്‍വഹണത്തിന് വേണ്ടിയാണ്. മനുഷ്യന്റെ ചെയ്തികള്‍ ധാര്‍മികമാകുന്നത് അയാള്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുമ്പോഴാണ്. തൗഹീദ്, മനുഷ്യരെയെല്ലാം തുല്യരായി കാണുന്നു. അറിവും ദൈവഭക്തിയുമാണ്  മഹത്വത്തിന് നിദാനം. തൗഹീദ് മനുഷ്യന്റെ ഉല്‍പത്തിപരമായ ഏകത്വത്തെയും പ്രഖ്യാപിക്കുന്നുണ്ട്. ഇസ്‌ലാമിലെ 'ഉമ്മത്ത്'  സാര്‍വലൗകിക സമൂഹത്തെ പ്രതിനിധീകരിക്കുന്നു. ഓരോ മനുഷ്യനും അവന്‍ സമ്പാദിച്ചത് മാത്രമേയുള്ളൂ. ജനനത്തിന് മുമ്പുള്ള ഏതൊരു സംഭവത്തിലും, പൈതൃക പാപത്തിലും മനുഷ്യന്നുത്തരവാദിത്തമില്ല. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധം ഒരു കരാര്‍ അടിസ്ഥാനത്തിലാണ്. ഇതിനെ നന്മ ചെയ്താലും ഇല്ലെങ്കിലും ദൈവം അനുഗ്രഹിക്കുമെന്ന വാഗ്ദാനമാക്കി മാറ്റുകയാണ് ജൂത-ക്രൈസ്തവതകള്‍ ചെയ്തതെന്ന് ഖുര്‍ആന്‍ കുറ്റാരോപണമുയര്‍ത്തുന്നു.
ആവശ്യക്കാരനും പാവപ്പെട്ടവനും തന്റെ സമ്പത്തിലെ ഒരു ഭാഗം നീക്കിവെക്കുന്നവരാണ് വിജയം വരിച്ചവര്‍. അനാഥയെ തള്ളിപ്പറയുകയും അഗതികള്‍ക്ക് ആഹാരം നല്‍കുന്ന വ്യവസ്ഥ സൃഷ്ടിക്കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്നവന്‍ ഇസ്‌ലാമിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഐന്‍സ്റ്റീന്‍ പറഞ്ഞ പോലെ 'പ്രകൃതി നിയമങ്ങളുടെ താളബദ്ധത അന്ധാളിപ്പുളവാക്കും വിധം ഹര്‍ഷോന്മാദം പകരുകയും എല്ലാ മാനുഷിക ചിന്താപദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും അതിന്റെ ഗാംഭീര്യത്തില്‍ നിസ്സാരമാക്കുകയും ചെയ്യുന്നു.'
ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ ചില മുന്‍ധാരണകള്‍ ഉണ്ടാവാതെ തരമില്ല. അവയാകട്ടെ യുക്തിബാഹ്യമായി നിലകൊള്ളുന്നവയാണ് താനും. പ്രഫ. ഡേവിഡ് ഹെറോബിന്‍ പറയുന്നു: ''തെളിയിക്കാനാവാത്ത രണ്ട് സങ്കല്‍പങ്ങളില്‍ ഓരോ ശാസ്ത്രകാരനും വിശ്വസിച്ചേ പറ്റൂ. ഒന്നാമത്തേത് പ്രപഞ്ചം ക്രമമായി വര്‍ത്തിക്കുന്നു എന്നതാണ്. രണ്ടാമത്തേത് മനുഷ്യന്റെ തലച്ചോറിന് ഈ ക്രമത്തെ തിരിച്ചറിയാനുള്ള കഴിവുണ്ട് എന്നതും.'' സി.എസ് ലീവീസിന്റെ വാദവും ശ്രദ്ധേയമാണ്: ''മനുഷ്യന്റെ യുക്തി പ്രസക്തമല്ലെങ്കില്‍ ശാസ്ത്രം അസാധ്യമാണ്.''
മനുഷ്യന്‍ എന്ന ഉല്‍പന്നം ആകസ്മികമായ മ്യൂട്ടേഷന്റെ മാത്രം ഫലമാണെന്ന് വിശ്വസിക്കാനാവില്ല. ആധുനിക നിയോ - ഡാര്‍വിനിയന്‍ സിദ്ധാന്തം അങ്ങനെ പറയുന്നില്ല. ചലന നിയമങ്ങളും ക്വാണ്ടം ബലതന്ത്രവും അനുസരിച്ചുള്ള അജ്ഞേയത്വം (Indeterminacy) മനുഷ്യമനസ്സിന്റെ പരിമിതി മാത്രമാണ്; മൊത്തം പാറ്റേണുകളെ ആകസ്മികമാണെന്ന് തെളിയിക്കുന്നതല്ല. അന്ധമായ ആകസ്മികത കാരുണ്യത്തെയും സ്‌നേഹത്തെയും പ്രതിക്കൂട്ടിലാക്കുന്നു. ആരുമായും  'കടപ്പാടില്ലാത്ത മനുഷ്യന്‍' എന്ന അവസ്ഥ സൃഷ്ടിക്കുന്ന ദാര്‍ശനിക വ്യഥ അപരിഹാര്യമാണ്. മനുഷ്യന്റെ ഉല്‍പത്തി, വളര്‍ച്ച, പ്രപഞ്ചത്തിന്റെ ചലനം, ഗതി, പ്രകൃതിയുടെ വിവിധ പ്രക്രിയകള്‍ എന്നിവ ആകസ്മികതയുടെ ഫലമാണെന്നും അവയ്ക്കു പിന്നില്‍ കാരണം അന്വേഷിക്കുന്നത് വ്യര്‍ഥമാണെന്നും ഭൗതികവാദം ശഠിക്കുന്നു. ഴാന്‍ പോള്‍ സാര്‍ത്രെ (1905-1980) മനുഷ്യാവസ്ഥയെക്കുറിച്ച് ഈ വിലയിരുത്തല്‍ എത്തിപ്പെടുന്ന പാരമ്യം വ്യക്തമാക്കുന്നു: ''മനുഷ്യന്‍ സ്വതന്ത്രനാവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.'' നന്മ തിന്മകളെക്കുറിച്ച മനോഭാവങ്ങളെ ഇത് അപകടത്തിലാക്കും. ഈ കാഴ്ചപ്പാട് നിരാശയിലേക്കും നിരര്‍ഥതയിലേക്കും മനുഷ്യനെ തള്ളിവിടും. ആധുനികോത്തര ഭൗതികവാദ ചിന്തകന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് ഈ വശം ഊന്നിപ്പറഞ്ഞിട്ടുണ്ട്: ''എല്ലാറ്റിന്റെയും അടിയാധാരമായി യാതൊരു ആസൂത്രണവുമില്ല, ലക്ഷ്യവുമില്ല, നന്മയും തിന്മയുമില്ല. ആകെയുള്ളത് കരുണയില്ലാത്ത വിമുഖത മാത്രം.'' എന്നാല്‍ കൂടുതല്‍ ആഴത്തില്‍ വസ്തുതകളെ പരിശോധിച്ച ശാസ്ത്രകാരന്മാര്‍ മറ്റൊരു നിഗമനത്തിലെത്തിയിട്ടുണ്ട്. നൊബേല്‍ സമ്മാന ജേതാവായ ക്രിസ്ത്യന്‍ ഡെ ഡുവെ എഴുതുന്നു: ''ഈ പ്രപഞ്ചത്തെ ഒരു കോസ്മിക് തമാശയായല്ല ഞാന്‍ കാണുന്നത്. മറിച്ച്, അര്‍ഥമുള്ള ഒന്നായാണ്.'' ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വ്യക്തമാക്കി: ''അതീവ മനോജ്ഞമായി വിന്യസിക്കപ്പെട്ട നിയമബദ്ധിതമായ പ്രപഞ്ചമാണിത്; ആ നിയമങ്ങള്‍ നമുക്ക് ജ്ഞേയമല്ലെങ്കിലും.'' ശാസ്ത്ര ചിന്തകന്‍ മാര്‍ട്ടിന്‍ ഗാര്‍ഡിനര്‍ എഴുതുന്നു: ''ഒരു പൂച്ചക്ക് കാല്‍ക്കുലസ് ദുര്‍ജ്ഞേയമായതു പോലെ, നമുക്കറിയാത്ത സത്യങ്ങളുണ്ട്.'' ഈ വിനീതഭാവം ആധുനിക ശാസ്ത്രജ്ഞരില്‍ ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്നു. ബുദ്ധിസ്റ്റ് ചിന്തകനും കോസ്‌മോളിസ്റ്റുമായ ചന്ദ്രവിക്രമസിംഹെ, ഫ്രെഡ് ഹോയിലുമായി ചേര്‍ന്ന് എഴുതി: ''പ്രപഞ്ചം നിരര്‍ഥകമായി ഉണ്ടായതാണെന്നും അതിന് ലക്ഷ്യമില്ലെന്നുമുള്ള നിരീശ്വരവാദ വീക്ഷണം പ്രപഞ്ചത്തിന്റെ ഉജ്ജ്വലമായ താര്‍ക്കിക ഘടനയുമായി പൊരുത്തപ്പെടുന്നില്ല.''
വ്യവസ്ഥാപിത പ്രപഞ്ചമെന്നതാണ് താഹീദീ സങ്കല്‍പം:
''തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു'' (54:49). തൗഹീദ് ശാസ്ത്ര മുന്നേറ്റത്തിന്റെ ചാലകശക്തിയായി മാറിയതായി എം.എന്‍ റോയ് ആവര്‍ത്തിച്ചെഴുതിയിട്ടുണ്ട്. ജീവപ്രപഞ്ചത്തിന്റെ ഉള്ളറകളിലേക്ക് ദൃഷ്ടി പായിക്കുന്ന പക്വമതികളുടെ വീക്ഷണം ഖുര്‍ആന്‍ ഉദ്ധരിക്കുന്നതിങ്ങനെയാണ്: ''സൃഷ്ടിക്കുകയും സന്തുലിതത്വം സ്ഥാപിക്കുകയും വിധി നിര്‍ണയിക്കുകയും പിന്നെ വഴികാട്ടുകയും ചെയ്തവനായ താങ്കളുടെ അത്യുന്നതനായ റബ്ബിന്റെ നാമം പ്രകീര്‍ത്തിക്കുക'' (87:1-3). 2770 പേജുകള്‍ വീതമുള്ള വെബ്സ്റ്റര്‍ നിഘണ്ടുവിലേക്ക് മനുഷ്യന്റെ ജനിതകവിവരം സംഗ്രഹിച്ചാല്‍ 42 വാള്യങ്ങള്‍ വരുമെന്നാണ് കണക്ക്. ഇവ വായിച്ചെടുക്കാനുള്ള 'ഹ്യൂമന്‍ ജിനോം പ്രോജക്ട്' സൂക്ഷ്മവും സമഗ്രവുമായി വിവരം രേഖപ്പെടുത്തിയവനെ പ്രകീര്‍ത്തിക്കാന്‍ പ്രേരകമാണ്.
പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ്, ആ സ്രഷ്ടാവിന്റെ സൃഷ്ടികളായ മനുഷ്യരാകെ ഒരു സമൂഹം എന്ന ആശയമാണ് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നത് (4:1, 49:13). സൃഷ്ടികളെല്ലാം സ്രഷ്ടാവിന്റെ ആശ്രിതരാണ്. അതിനാല്‍, അവന് ഏറെ പ്രിയപ്പെട്ടവര്‍ തന്റെ ആശ്രിതര്‍ക്ക് ഏറ്റവുമധികം പ്രയോജനപ്പെടുന്നവരത്രെ. പ്രാപഞ്ചികത (ഡിശ്‌ലൃമെഹശാെ) എന്ന ആശയത്തെ എത്ര മനോജ്ഞമായാണ് ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്നത്!  തൗഹീദിന്റെ പ്രപഞ്ച വീക്ഷണം ജീവിതത്തിന് അര്‍ഥവും ലക്ഷ്യവും ചൈതന്യവും നല്‍കുന്നു. മനഷ്യപ്രകൃതി, മനുഷ്യ ചരിത്രം, ശാസ്ത്രം വെളിപ്പെടുത്തുന്ന പ്രകൃതിയെക്കുറിച്ചുള്ള അറിവ് എന്നിവ ദൈവാസ്തിത്വത്തിന്റെ നിദര്‍ശനങ്ങളാണ്.  പ്രപഞ്ച സ്രഷ്ടാവും പരിപാലകനുമായ ദൈവത്തിന് തുല്യനായി ആരുമില്ല. പ്രപഞ്ചം പരസ്പരം പോരടിക്കുന്ന ഘടകങ്ങളുടെ സമാഹാരമല്ല; മറിച്ച് സര്‍വജ്ഞാനിയും സകലതിനും കഴിവുറ്റവനും കരുണാവാരിധിയുമായവന്റെ അധികാരമണ്ഡലമാണ്.
ഖുര്‍ആനിക വീക്ഷണപ്രകാരം മനുഷ്യന്റെ ഏറ്റവും പ്രാഥമിക ലോകവീക്ഷണം 'തൗഹീദി'ലധിഷ്ഠിതമായിരുന്നു. എല്ലാ പ്രാമാണിക മതതത്ത്വങ്ങളും ഒന്നു തന്നെയാണ്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിശദാംശങ്ങളില്‍ വ്യത്യാസങ്ങള്‍ കണ്ടേക്കാം. ദ്വന്ദ്വം, ത്രിത്വം, ബഹുത്വം എന്നിങ്ങനെ ദൈവസത്തയില്‍ പങ്കു ചേര്‍ത്ത് മതങ്ങള്‍ ഉണ്ടാവുകയായിരുന്നു. രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, യേശു എന്നിവര്‍ അങ്ങനെയാണ് ദൈവാവതാരങ്ങളായത്. മനുഷ്യാരംഭം മുതലേ ജനങ്ങളുടെ സന്മാര്‍ഗദര്‍ശനത്തിനായി ആഗതരായ ദൈവദൂതന്മാര്‍ ഏതൊരു അടിസ്ഥാന സിദ്ധാന്തത്തിലേക്ക് ജനതയെ ക്ഷണിച്ചുവോ അതില്‍ നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നില്ല മുഹമ്മദ് നബിയുടെയും ദൗത്യം. തൗഹീദീ ദര്‍ശനത്തെ സകല കൂട്ടിച്ചേര്‍ക്കലുകളില്‍ നിന്നും മാറ്റത്തിരുത്തലുകളില്‍ നിന്നും ശുദ്ധീകരിച്ച് പ്രാപഞ്ചികതയും മനുഷ്യ സാഹോദര്യവും ഊട്ടിയുറപ്പിച്ച് തദടിസ്ഥാനത്തില്‍ ജീവിതത്തെ ക്രമപ്പെടുത്തുന്ന പ്രായോഗിക പദ്ധതി സമര്‍പ്പിക്കുക, മര്‍ദിതര്‍ക്കും അശരണര്‍ക്കും ഭൗതികവും ആത്മീയവുമായ വിമോചനത്തിനുള്ള പാഥേയമൊരുക്കുക, മനുഷ്യ ജീവിതത്തെ ധാര്‍മികതയുടെ അടിത്തറയില്‍ പുനഃസംവിധാനിച്ച് ഇഹപര ജീവിതങ്ങളെ സമഞ്ജസമായി സമ്മേളിപ്പിക്കുക എന്നിവയൊക്കെ മുഹമ്മദീയ പ്രവാചകത്വത്തിന്റെ ദൗത്യങ്ങളില്‍പ്പെടുന്നു. എല്ലാറ്റിനും പ്രേരകമായി വര്‍ത്തിക്കുന്നത് തൗഹീദ് അഥവാ കലര്‍പ്പറ്റ ഏക ദൈവ ദര്‍ശനമാണ്. കര്‍മത്തിലും ചലനത്തിലുമുള്ള ഒരാളുടെ അഗാധവും അനന്യവുമായ വിശ്വാസമാണിത്. വികാസം, പുരോഗതി എന്നിവയോടുള്ള പ്രതിബദ്ധത, മാനുഷിക ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള വ്യഗ്രത എന്നിവ തൗഹീദ് മനുഷ്യന്റെ മുഖമുദ്രയാക്കുന്നു. മതങ്ങളിലെ മാലിന്യങ്ങളെ തെരഞ്ഞുപിടിച്ച് മാറ്റിയാല്‍ അവയൊക്കെ ഒരൊറ്റ ദര്‍ശനമായി തിരിച്ചറിയാനാകുമെന്നതാണ് മാനവിക ഐക്യത്തിനായുള്ള വിശുദ്ധ ഖുര്‍ആനിന്റെ വിപ്ലവകരമായ സന്ദേശം. അതുകൊണ്ട് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സന്ദേശത്തിലേക്കുള്ള ആഹ്വാനം യഥാര്‍ഥത്തില്‍ മതങ്ങളുടെ ഐക്യത്തിനും നീതിക്കും വേണ്ടിയുള്ള നിതാന്ത പോരാട്ടത്തിനും മനുഷ്യവംശത്തിന്റെ ഏകത്വത്തിനും വേണ്ടിയുള്ള ആഹ്വാനം കൂടിയാണ്. മറ്റൊരു വാക്കില്‍, ഈ മഹാ പ്രപഞ്ചത്തിന്റെ നൈസര്‍ഗിക ഭാവത്തിനും പ്രാപഞ്ചിക താളബദ്ധതക്കുമാണ് തൗഹീദ് എന്ന് പറയുക. 
റഫറന്‍സ്:
1. Holy Quran
2. Bukhari
3. Thafseer al- kabeer
4. T.S Eliot, Idea of a Christian Society, P.64
5. Albert Einstein, Ideas of Opinions, P.46
6. David F. Herrobin, Science is God, 1969 P.13
7. C.S Lewis, Miracles, Geofry Bles: London, 1947, P.26
8. Jean-Paul Sartre, Existentialism and Humanism, London, 1969, P.13
9. Jacques Monad, ’Chance and Necessity’ N. York, 2016
10. D. Brian, Einstein-A life N. York. 1996, P.39
11. Richard Dawkins, ’Science and God (1997) P. 890-893
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-10-12
ടി.കെ ഉബൈദ്‌

ഹദീസ്‌

ഞാനറിയുന്നത് നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍...
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌