Prabodhanm Weekly

Pages

Search

2022 മെയ് 20

3252

1443 ശവ്വാല്‍ 19

വംശഹത്യാ ഭീഷണിയുടെ കാലത്ത്  ഇന്ത്യന്‍ മുസ്‌ലിംകളുടെ  കര്‍മ പദ്ധതികള്‍

ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍  അഹ്മദ് യാസീന്‍, ലുഖ്മാന്‍ പുല്ലൂപ്പി

 

അഭിമുഖം / 

വംശീയ ഉന്മൂലനാഹ്വാനങ്ങളുടെ കാലത്തെ ഇന്ത്യന്‍ മുസ്‌ലിംകളെ കുറിച്ച്, മത-സമുദായ സംഘടനകള്‍ക്കിടയില്‍ രൂപപ്പെടേണ്ട ഐക്യത്തെയും പ്രവര്‍ത്തന പരിപാടികളെയും കുറിച്ച് പ്രബോധനം വാരികയുമായി തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് ദല്‍ഹി ന്യൂനപക്ഷ കമീഷന്‍ മുന്‍ ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍. ദല്‍ഹി ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനായിരിക്കെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ദല്‍ഹി കലാപകാലത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുലര്‍ത്തിയ മൗനവും അഭിമുഖത്തില്‍ കടന്ന് വരുന്നു.


അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലത്തെയും ഉത്തര്‍പ്രദേശിലെ രണ്ടാം യോഗി ഭരണത്തെയും എങ്ങനെയാണ് വിലയിരുത്തുന്നത്?

- തെരഞ്ഞെടുപ്പിന് മുമ്പുള്ള സൂചനകള്‍ പ്രകാരം ബിജെപി വിജയിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നു. രാഷ്ട്രീയ-സാമ്പത്തിക-പ്രതിരോധ മേഖല ഉള്‍പ്പെടെ എല്ലായിടങ്ങളിലും അവര്‍ പരാജയപ്പെട്ടു. കോവിഡിനെ നേരിടുന്നതിലും അവര്‍ പരാജയമായിരുന്നു. മറ്റു രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം നടത്തിയ ഇവര്‍ സ്വന്തം രാജ്യത്തെ ജനങ്ങളെ പരിഗണിച്ചില്ല. അതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പ് ഫലം ആശ്ചര്യകരമാണ്. എന്റെ നിരീക്ഷണത്തില്‍ 'വെറുപ്പ് ' ആണ് ഇവരുടെ വിജയ കാരണം. തെരഞ്ഞെടുപ്പ് വിജയത്തിനും  അധികാരത്തുടര്‍ച്ചക്കും വേണ്ടിയുള്ള ഇവരുടെ അജണ്ടയും ഇതുതന്നെ. യോഗി ആദിത്യനാഥിന്റെ 80:20 പ്രസ്താവന ഇത് വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ ന്യൂനതകളും പരാജയങ്ങളും മറച്ചുവെക്കാന്‍ വെറുപ്പിനെ ആയുധമാക്കുകയാണ്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും 'ബുള്‍ഡോസര്‍ ബാബ'മാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. രണ്ടിടങ്ങളിലും അവര്‍ അന്യായമായി ജനങ്ങളുടെ വീടുകള്‍ തകര്‍ത്തുകളയുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. നൈതികത തൊട്ടു തീണ്ടിയിട്ടില്ലാത്ത നീക്കമാണ്. നാസികള്‍ക്കും ഫാഷിസ്റ്റുകള്‍ക്കും മാത്രമാണ് ഇങ്ങനെ ചെയ്യാന്‍ കഴിയുക. നമുക്കിപ്പോള്‍ കുഞ്ഞു മുസോളിനിമാരും കുഞ്ഞു ഹിറ്റ്‌ലര്‍മാരുമുണ്ട്. അവരാണ് നമ്മുടെ വിശ്വാസങ്ങള്‍ തീരുമാനിക്കുന്നത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണം ഒരു പ്രധാന ഘടകമായി വിലയിരുത്തപ്പെടാറുണ്ട്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഒരളവോളം ഇത് സംഭവിച്ചിട്ടുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാവാം പ്രതീക്ഷക്ക് വിരുദ്ധമായ ഒരു തെരഞ്ഞെടുപ്പ് ഫലം?

- മുസ്‌ലിം വോട്ടുകളുടെ ഏകീകരണം സംഭവിച്ചിട്ടുണ്ട്. അതിന് ഞാനവരെ അഭിനന്ദിക്കുന്നു. അവര്‍ക്കറിയാം എങ്ങനെ, ആര്‍ക്ക് തങ്ങളുടെ വോട്ട് നല്‍കണമെന്ന്. എന്നാലതിന് തടസ്സമായത് ബി.എസ്.പി, കോണ്‍ഗ്രസ്, എ.ഐ.എം.ഐ.എം പോലുള്ള പാര്‍ട്ടികളുടെ സാന്നിധ്യമാണ്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ സവിശേഷമാണ്. ഇവിടെ വോട്ടുകളുടെ സംഖ്യക്കാണ് പരിഗണന, ശതമാനത്തിനല്ല. 51 ശതമാനം വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥിയാണ് യഥാര്‍ഥത്തില്‍ വിജയിക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി വിജയിക്കുകയും എന്നാല്‍ 51 ശതമാനം വോട്ട് ലഭിക്കാതിരിക്കുകയും ചെയ്താല്‍ അവിടെ റീപോളിംഗ് നടത്തുകയാണ് വേണ്ടത്. പ്രസ്തുത ശതമാനം ലഭിക്കുന്നതുവരെ തുടര്‍-തെരഞ്ഞെടുപ്പ് നടന്നുകൊണ്ടേയിരിക്കണം. ഇവിടെ വിജയിക്കുന്നവര്‍ വളരെ നേരിയ ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. മറുഭാഗത്ത് വലിയൊരു ശതമാനത്തിന്റെ ഹിതം പ്രതിഫലിക്കാതിരിക്കുകയും ചെയ്യുന്നു. ഈ സമ്പ്രദായം അയുക്തികവും ജനാധിപത്യവിരുദ്ധവുമാണ്. ഈ പ്രക്രിയക്ക് മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

ഈ നിര്‍ദേശം പ്രായോഗികമാണോ?

- ഞാനങ്ങനെ കരുതുന്നില്ല. ബി.ജെ.പി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഖ്യ കക്ഷികള്‍ക്ക് ഇതില്‍ നിന്ന് നേട്ടമുണ്ട്. സ്വാഭാവികമായും അവര്‍ അതില്‍ മാറ്റം വരുത്തില്ല.

മുസ്‌ലിം പ്രാതിനിധ്യവും രാഷ്ട്രീയ ഉന്നമനവും മുന്നോട്ടുവെക്കുന്ന എ.ഐ.എം.ഐ.എം, മുസ്‌ലിം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍, മറുഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയതക്ക് ആക്കം കൂട്ടുന്നു എന്ന് ആരോപണമുണ്ട്. ഈ ആരോപണം വസ്തുനിഷ്ഠമാണോ? തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുസ്‌ലിം പ്രതിനിധാനം എപ്രകാരമാകണം എന്നാണ് താങ്കള്‍ കരുതുന്നത്?

- മുസ്‌ലിം പ്രാതിനിധ്യം സ്ഥാനാര്‍ഥിത്വത്തില്‍ ഇല്ലാത്തതല്ല ഇവിടത്തെ പ്രശ്‌നം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി ബി.ജെ.പി പോലും മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താറുണ്ട്. ഉത്തര്‍പ്രദേശില്‍, സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് മത്സരിക്കുന്ന മുസ്‌ലിം സ്ഥാനാര്‍ഥികള്‍ വിജയിക്കാറുമുണ്ട്. ഞാന്‍ കരുതുന്നത് മുസ്‌ലിം വോട്ടര്‍മാര്‍ ജാഗ്രതയോടെ തങ്ങള്‍ക്ക് അനുയോജ്യരായ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുകയാണെങ്കില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താനാവും എന്നാണ്.

സമാജ് വാദി പാര്‍ട്ടിയുടെ കാര്യത്തില്‍ തന്നെ, അവര്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ടെങ്കില്‍ കൂടി മുസ്‌ലിം പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ അവര്‍ക്കാവുന്നില്ല. ഇത്തരമൊരു അവസ്ഥയില്‍ മുസ്ലിം കര്‍തൃത്വത്തിലുള്ള രാഷ്ട്രീയ സംഘടനകളുടെ പ്രസക്തി പൂര്‍ണമായും നിരാകരിക്കാനാവുന്നതാണോ?

- എ.ഐ.എം.ഐ.എമ്മിന്റെ കാര്യമെടുത്താല്‍ അവര്‍ക്ക് ഉത്തര്‍പ്രദേശില്‍ യാതൊരു വേരുകളുമില്ല. അവരുടെ സാന്നിധ്യം വിള്ളലുണ്ടാക്കാന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ. മുസ്‌ലിം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും ഉലമാ കൗണ്‍സിലും പോലുള്ള ചെറിയ കക്ഷികളുടെ അവസ്ഥയും ഇതുതന്നെ. വിജയം ഉറപ്പുള്ള ഇടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതാവും ഉചിതം. അതിനുവേണ്ടി അവര്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന്റെ വേളയില്‍ മാത്രമല്ല അഞ്ച് വര്‍ഷവും പരിപൂര്‍ണമായും രംഗത്തുണ്ടാവണം. അങ്ങനെയെങ്കില്‍ റാംപൂര്‍, മുറാദാബാദ് പോലുള്ള വിജയിക്കാനാവുന്ന മണ്ഡലങ്ങള്‍ ഇപ്പോഴുമുണ്ട്. ഉത്തര്‍പ്രദേശില്‍ ഒന്നാമതായി വേണ്ടത് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് നില്‍ക്കണം എന്നതാണ്. ഉത്തര്‍പ്രദേശില്‍ മുസ്‌ലിം ജനസംഖ്യ ഇരുപത് ശതമാനമാണെങ്കിലും സൗത്ത് ആസാം, ഹൈദരാബാദ്, ഉത്തര കേരളം എന്നിവിടങ്ങളിലേതു പോലെ വ്യവസ്ഥാപിത സംഘടനകള്‍ ഇവിടെയില്ല. അവര്‍ സംഘടിതരല്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള പാര്‍ട്ടികളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് നല്ലത്. നിലവില്‍ ഉത്തര്‍പ്രദേശിലെ മുസ്‌ലിംകള്‍ക്ക് അവലംബിക്കാവുന്ന രാഷ്ട്രീയ സംഘടന സമാജ്വാദി പാര്‍ട്ടിയാണ്, എന്തുതന്നെ പോരായ്മകളുണ്ടെങ്കിലും. പ്രധാന പോരായ്മ അവരും ഹിന്ദുത്വ രാഷ്ട്രീയം സംസാരിക്കാന്‍ തുടങ്ങി എന്നതാണ്. അതേസമയം മുസ്‌ലിംകള്‍ക്ക് സ്വന്തമായി തങ്ങളുടെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയ രൂപങ്ങളുണ്ടാവണം. അതിനായി അവര്‍ അത്യധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ വരും തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വിജയിക്കാനാവും.

ഇസ്‌ലാമോഫോബിയ പോലെതന്നെ പ്രചാരത്തിലുള്ള മറ്റൊരു പദമാണ് വംശഹത്യ (Genocide). ജെനസൈഡ് വാച്ച് അധ്യക്ഷന്‍ ഗ്രിഗറി സ്റ്റാന്‍ടന്‍, 'ഇന്ത്യ വംശഹത്യയുടെ വക്കിലാണ്' എന്ന് പറയുകയുണ്ടായി. പ്രവചന സ്വഭാവമുള്ള ഈ പ്രസ്താവനയെ താങ്കള്‍ എങ്ങനെ കാണുന്നു?

- ജെനസൈഡ് വാച്ചിന്റെ ഈ പ്രവചനത്തിനു പിന്നിലെ കാരണങ്ങളില്‍ ഒട്ടുമിക്കതും നിലവില്‍ ഇന്ത്യയില്‍ യാഥാര്‍ഥ്യമാണ്. ഇവിടെ ഹിന്ദുത്വശക്തികള്‍ മുസ്‌ലിംകളെ പൊതു ശത്രുവായി പ്രതിഷ്ഠിച്ചു കഴിഞ്ഞു. വിവിധ സന്ദര്‍ഭങ്ങളിലായി ഹിന്ദുത്വ സംഘടനകള്‍ വംശീയ ഉന്മൂലനത്തിനായുള്ള ആഹ്വാനം നടത്തിക്കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അവരതിന് ശ്രമിക്കുന്നുണ്ട്. പക്ഷേ ഒരു ചരിത്ര പഠിതാവെന്ന നിലയില്‍ അവരതില്‍ വിജയിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും. ഇന്ത്യയിലെ മുസ്ലിം സമുദായം റോഹിങ്ക്യകളെ പോലെയല്ല. അവര്‍ രാജ്യമൊട്ടാകെ പരന്നുകിടക്കുന്നു. അവര്‍ ശക്തരാണ്. 3000 ത്തോളം മുസ്‌ലിംകള്‍ ഗുജറാത്തില്‍ കൂട്ടക്കുരുതിക്ക് ഇരയായി എന്നത് ശരിതന്നെ. പക്ഷേ മുസ്‌ലിം സമുദായത്തെ പൂര്‍ണമായും ഉന്മൂലനം ചെയ്യാന്‍ അവര്‍ക്ക് ആയിട്ടില്ല. അവര്‍ അവരുടെ പാദങ്ങളില്‍ എഴുന്നേറ്റു നില്‍ക്കുന്നു. ഹിന്ദുത്വ ശക്തികള്‍ ഇന്ത്യയില്‍ വംശഹത്യക്ക് ശ്രമിക്കുകയാണെങ്കില്‍ ലോകമൊന്നടങ്കം അവര്‍ക്കെതിരെ സംസാരിക്കും. ഇന്ത്യയുടെ തകര്‍ച്ചയായിരിക്കും അതിന്റെ ഫലം.

ഗ്രിഗറി സ്റ്റാന്‍ടന്‍, അസം, കശ്മീര്‍ എന്നീ രണ്ട് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ പ്രവചനം നടത്തിയത്. അതെന്തു കൊണ്ടാവാം?

- അസമില്‍ 36 ശതമാനവും കശ്മീരില്‍ 64 ശതമാനവും ആണ് മുസ്‌ലിം ജനസംഖ്യ. ഇത് ഹിന്ദുത്വ ശക്തികള്‍ക്ക് തലവേദനയുണ്ടാക്കുമെന്ന് അവര്‍ കരുതുന്നു. എന്റെ അഭിപ്രായത്തില്‍ ഒരു പുറന്തള്ളല്‍ സാധ്യമായാല്‍ ജനസംഖ്യയില്‍ ഗണ്യമായ കുറവ് വരും. മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. അഭിമാനത്തോടെ അവര്‍ ശബ്ദം ഉയര്‍ത്തരുത്. അവകാശങ്ങള്‍ക്ക് വേണ്ടി ധൈര്യത്തോടെ ചോദ്യം ചെയ്യരുത്. അതിലൂടെ അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടണം. ഇതാണ് അവര്‍ക്ക് വേണ്ടത്. എന്നാല്‍, ഇങ്ങനെ സംഭവിച്ചാല്‍ ലോകമൊന്നാകെ ഹിന്ദുത്വ ശക്തികള്‍ക്കെതിരെ രംഗത്തുവരും. ഹിന്ദുത്വ ആശയത്തെ ചോദ്യം ചെയ്യുകയും ചെയ്യും.

ആഗോള തലത്തില്‍, ഇസ്‌ലാമോഫോബിയക്കെതിരെ ധാരാളം പ്രതിരോധങ്ങള്‍ രൂപപ്പെടുന്നുണ്ട്. ഇന്ത്യയില്‍, രാഷ്ട്രീയ-സാമുദായിക സംഘടനകള്‍ രൂപപ്പെടുത്തുന്ന പ്രതിരോധങ്ങള്‍ അവയ്ക്ക് എത്രത്തോളം ആനുപാതികമാണ്?

- ഇല്ല, ഇന്ത്യയില്‍ അത് നടക്കുന്നില്ല. അമേരിക്കന്‍ കോണ്‍ഗ്രസ് ഇസ്‌ലാമോഫോബിയക്കെതിരെ നിയമം പാസ്സാക്കി. ഐക്യരാഷ്ട്രസഭയും അതിനെതിരെ പ്രമേയത്തിന് അംഗീകാരം നല്‍കി. ഇന്ത്യയില്‍ അങ്ങനെ ഒരു പ്രമേയം പാസാകാനുള്ള സാധ്യത ഇപ്പോള്‍ ഞാന്‍ കാണുന്നില്ല. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്ക് ഇസ്‌ലാമോഫോബിയയില്‍ നിന്ന് നേട്ടമുണ്ട്. കൂടുതല്‍ വോട്ട് നേടുന്നതിനുള്ള ഉപാധിയായാണ് അവര്‍ അതിനെ കാണുന്നത്. മറ്റു മുഖ്യധാരാ കക്ഷികളും ഇതില്‍നിന്ന് വിളവ് കൊയ്യുന്നു. മൃദുഹിന്ദുത്വത്തിന്റെ യുക്തിയെ അവരും അംഗീകരിക്കുന്നു. എന്നാല്‍, ഈ പ്രവണത ദീര്‍ഘകാലം നിലനില്‍ക്കില്ല. തീര്‍ച്ചയായും അവരുടെ ഊന്നലുകളില്‍ മാറ്റം വരും. ദൈവം ഉദ്ദേശിച്ചാല്‍, ഹിന്ദുത്വ പ്രത്യയശാസ്ത്രം കുറഞ്ഞ കാലംകൊണ്ട് സ്വാഭാവിക മരണത്തിന് കീഴടങ്ങും.

ആഗോളതലത്തിലുള്ള ഇത്തരം പ്രതിരോധങ്ങള്‍ ഇന്ത്യന്‍ ഭരണ നേതൃത്വത്തെ തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്താന്‍ സ്വാധീനിക്കുമോ?

- ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ കൈയൊഴിയാന്‍ സമ്മര്‍ദമില്ലാത്തിടത്തോളം ബി.ജെ.പി അവരുടെ നയങ്ങളില്‍ മാറ്റം വരുത്തില്ല. കാരണം ഹിന്ദുത്വ എന്നാല്‍ മുസ്‌ലിംവിരുദ്ധത എന്നാണ്. നിലവില്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും യാതൊരു സമ്മര്‍ദവുമില്ല.

ഹിജാബ് വിഷയവും അതിനെത്തുടര്‍ന്നുള്ള കോടതി വ്യവഹാരങ്ങളും ഒരുപാട് വിവാദങ്ങളുണ്ടാക്കി. ഇടക്കാല ഉത്തരവ് തന്നെ സങ്കീര്‍ണമാണ്. കര്‍ണാടക ഹൈക്കോടതിയുടെ ഈ വിധിയെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

- പല കാരണങ്ങളാല്‍ കര്‍ണാടക ഹൈക്കോടതി വിധി തെറ്റാണ്. തദ്വിഷയകമായി ഇസ്‌ലാമിക പണ്ഡിതന്മാരെ അവര്‍ സമീപിച്ചില്ല. ആധികാരിക ഇസ്‌ലാമിക ഗ്രന്ഥങ്ങളെ അവലംബിച്ചതുമില്ല. ജഡ്ജിമാര്‍ക്ക് ഇസ്‌ലാം എന്താണെന്നറിയില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് തീര്‍പ്പുകല്‍പിക്കുന്നതിനു മുമ്പ് ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതന്മാരെ അവര്‍ സമീപിക്കേണ്ടതുണ്ടായിരുന്നു. ഇസ്‌ലാമില്‍ ഹിജാബില്ല എന്ന് അവര്‍ക്ക് പറയാനാവില്ല. തലയും കഴുത്തും മാറിടവും മറയ്ക്കുന്നതിനെപ്പറ്റി ഖുര്‍ആനില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ വിഷയത്തില്‍ തുടക്കത്തില്‍ തന്നെ ജഡ്ജി പക്ഷപാതം കാണിച്ചിരുന്നു. ആധികാരിക ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കല്ലാതെ ജഡ്ജിമാര്‍ക്കോ പാര്‍ലമെന്റിനോ അസംബ്ലികള്‍ക്കോ ഇസ്‌ലാമിനെ വ്യാഖ്യാനിക്കാനുള്ള അവകാശമില്ല.

മുഖ്യധാരാ മാധ്യമമായിട്ടും 'മീഡിയവണി'നെ കേന്ദ്രസര്‍ക്കാര്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നത് അതിന്റെ കര്‍തൃത്വത്തിലുള്ള മുസ്‌ലിം വേര് കാരണമാണോ?

- ഇന്ത്യയില്‍ 1200-ഓളം ചാനലുകളുണ്ട്. അതില്‍ ചിലത് വളരെ മോശമാണ്. സുദര്‍ശന്‍ പോലെ ലൈസന്‍സ് നിഷേധിക്കപ്പെടേണ്ട ചാനലുകളുമുണ്ട്. അവര്‍ വിഷമാണ് സംപ്രേക്ഷണം ചെയ്യുന്നത്. സര്‍ക്കാരിന് അതില്‍ നിന്നും നേട്ടമുണ്ട്. എനിക്കറിയാവുന്നിടത്തോളം ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനം നിര്‍വഹിക്കുന്ന പ്രഫഷണല്‍ ടി.വി ചാനലാണ് മീഡിയവണ്‍. മുസ്‌ലിം ഉടമസ്ഥത ആണ് അവരുടെ 'തെറ്റ്'. ഇന്ത്യയില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഒരു ചാനലും സര്‍ക്കാര്‍ അനുവദിക്കില്ല. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇത്തരം ചാനലുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കും. ആരാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത്? മീഡിയ വണിന്റെ കാര്യത്തിലാകട്ടെ, കേന്ദ്രസര്‍ക്കാര്‍ ജഡ്ജിക്ക് 'ക്ലോസ്ഡ് എന്‍വലപ്പ്' സമര്‍പ്പിക്കുകയുണ്ടായി. ഇത് സുതാര്യമായ ജനാധിപത്യ വ്യവസ്ഥയില്‍ സ്വീകാര്യമായ ഒന്നല്ല. എതിര്‍കക്ഷിക്ക് അവര്‍ക്കു മേല്‍ ആരോപിക്കപ്പെട്ട കുറ്റം അറിയാന്‍ കഴിയാത്തത് തെറ്റും അനീതിയുമാണ്. ഇത് ഹിന്ദുത്വ ഉല്‍പന്നമാണ്.
മീഡിയവണിന് മാത്രമല്ല നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാകുന്നു. ഒന്നരവര്‍ഷമായി സിദ്ദീഖ് കാപ്പന്‍ ജയിലിലാണ്. എനിക്കും ഇത്തരം ഭീഷണികളുണ്ട്. ഞാനും ജയിലിലടക്കപ്പെട്ടേക്കാം. കാരണം,നമ്മള്‍ സംസാരിക്കും. മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ ഈയിടെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. സര്‍ക്കാരിനെതിരെ സംസാരിക്കുന്ന ആരെയും, പൊതുവായി മുസ്‌ലിംകളെ അവര്‍ മോശക്കാരാക്കും. കേന്ദ്രസര്‍ക്കാരിനെ സ്തുതിച്ചില്ല എന്നതാണ് മീഡിയവണിന്റെ കുറ്റം.

സാമൂഹിക മാധ്യമങ്ങളിലെ ഇസ്‌ലാമോഫോബിയ ഉള്ളടക്കങ്ങള്‍ ഇന്ത്യന്‍ ബഹുസ്വരസമൂഹത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലേ?

- എന്റെ നിരീക്ഷണത്തില്‍, ബി.ജെ.പി - ഹിന്ദുത്വ പ്രവര്‍ത്തകര്‍ വലിയതോതില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.  ട്രോളുകള്‍ നിര്‍മിക്കുന്നതിനും വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി വിദ്വേഷ പ്രചാരണം നടത്തുന്നതിനും ആയിരത്തോളം സ്ഥിരം ജീവനക്കാരെ അവര്‍ നിയമിച്ചിട്ടുണ്ട്. അധികാരവും പണവും ഉപയോഗിച്ച് അവര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നു. സൈബര്‍ പോലീസ് അവരുടെ കൈയിലാണെന്നിരിക്കെ പരാതികള്‍ കൊണ്ട് കാര്യമില്ല. ദല്‍ഹി ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനായിരിക്കെ ഞാന്‍ പത്തോളം പരാതികള്‍ ദല്‍ഹി പോലീസില്‍ നല്‍കിയിട്ടും ഒന്നില്‍ പോലും ഒരു പരിഹാരവുമുണ്ടായിട്ടില്ല.

ഹിന്ദുത്വ പ്രൊഫൈലുകളില്‍ നിന്നുള്ള സുള്ളി ഡീല്‍സ്, ബുള്ളി ഭായ് ആപ്പുകള്‍ സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കുന്നുണ്ട്. ഇത്തരം ആപ്പുകളും വിദ്വേഷ പ്രചാരണങ്ങളും മുസ്‌ലിം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടോ?

- യഥാര്‍ഥത്തില്‍, അവര്‍ക്കെതിരെ സംസാരിക്കുന്ന എല്ലാ മുസ്‌ലിംകള്‍ക്കും എതിരെയുള്ളതാണ് ഈ ആപ്പുകള്‍. അവരെ അപമാനിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇവിടെ അവര്‍ ഉന്നമിട്ടത് പത്രപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും എഴുത്തുകാരികളുമായിട്ടുള്ള മുസ്‌ലിം സ്ത്രീകളെയാണ്. എന്നാല്‍ അപമാനിക്കപ്പെട്ടത് ഇതിന്റെ പ്രചാരകര്‍ തന്നെയാണ്. അവര്‍ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെട്ടു. 'നിങ്ങള്‍ വെറുക്കുന്നതെന്തോ അത് നന്മയായി ഭവിക്കും' എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. യഥാര്‍ഥത്തില്‍, ഈ ആപ്പുകള്‍ അവര്‍ക്ക് വിനയായി ഭവിക്കുകയാണുണ്ടായത്.

മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധി എന്ന നിലയ്ക്ക്, ഇത്തരത്തില്‍ താങ്കളും അരക്ഷിതാവസ്ഥയിലാണോ?

- ഞാന്‍ അരക്ഷിതാവസ്ഥയിലല്ല. കാരണം എനിക്ക് നേരെ വരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അടിത്തറ എനിക്കുണ്ട്. ഞാന്‍ ആശങ്കപ്പെടുന്നത് ഇത്തരം അടിത്തറ ഇല്ലാത്തവരുടെ അഭിമുഖീകരണ ശേഷിയിലാണ്

താങ്കളുടെ അനുഭവത്തില്‍ മുസ്‌ലിം യുവാക്കളുടെ ശേഷിയില്‍ എത്രത്തോളം പ്രതീക്ഷയുണ്ട്?

- 'ഇന്ന് ഇന്നലെയെക്കാള്‍ മികച്ചതാണ്; നാളെ ഇന്നിനെക്കാള്‍ മികച്ചതാവും.' ഏറ്റവും പ്രധാനപ്പെട്ട കാര്യം മുസ്‌ലിം യുവാക്കള്‍ വിദ്യാഭ്യാസം നേടുന്നുണ്ട് എന്നതാണ്. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദ്യാഭ്യാസപരമായി ഇന്ന് വളരെയേറെ മുന്നിലാണ് അവര്‍. വിദ്യാഭ്യാസം നിങ്ങള്‍ക്ക് ബലം നല്‍കും. അല്ലാത്തപക്ഷം പ്രശ്‌നങ്ങളോ സങ്കീര്‍ണതകളോ മനസ്സിലാക്കാനാവില്ല. ഇന്ന് നമ്മുടെ യുവാക്കള്‍ മികച്ച നിലയിലാണ്. അവര്‍ക്ക് പോരാടാനുള്ള ശേഷിയുണ്ട്. അവരുടെ പ്രതികരണത്തെ ആസൂത്രണം ചെയ്യാനുള്ള കഴിവും, അവരുടെ കുടുംബത്തെയും സമൂഹത്തെയും ഉന്നതിയിലെത്തിക്കാനുള്ള പ്രാപ്തിയുമുണ്ട്.

ഹിജാബ് പ്രതിഷേധങ്ങളില്‍ ഉയര്‍ന്നുവന്ന 'അല്ലാഹു അക്ബര്‍' മുദ്രാവാക്യം പ്രധാന ചര്‍ച്ചയായിരുന്നു. 'അല്ലാഹു അക്ബര്‍' വിളികള്‍ ബ്രാന്‍ഡ് ചെയ്യപ്പെടുന്നത് രാഷ്ട്രീയമായി മുസ്‌ലിം സമുദായത്തില്‍ ഉണ്ടാക്കുന്ന ഫലം എന്താണ്? അത് അനിവാര്യമായ ഒന്നാണോ?

- അനിവാര്യമായ ഒന്നല്ലെങ്കിലും 'അല്ലാഹു അക്ബര്‍' വിളികള്‍ സാധാരണ മുസ്‌ലിമിന് കരുത്തു നല്‍കും. കീഴടങ്ങലില്‍ നിന്നും മാപ്പപേക്ഷകളില്‍ നിന്നും അവര്‍ക്ക് അഭയം നല്‍കുന്ന ഒന്നാണത്. മുസ്‌ലിംകള്‍ ഏതു വേളയിലും ഉപയോഗിക്കുന്ന ഒന്നാണത്. കര്‍ണാടകയിലെ പെണ്‍കുട്ടി ക്രിമിനലുകളായ സംഘം വലയം ചെയ്തപ്പോള്‍ 'അല്ലാഹു അക്ബര്‍' വിളിച്ചത് സ്വാഭാവികമായാണ്. അതിനെ ലോകം കണ്ടത് പ്രതീക്ഷയുടെയും, കീഴടങ്ങാന്‍ ഞങ്ങള്‍ ഒരുക്കമല്ല  എന്നതിന്റെയും പ്രതീകമായുമാണ്. വ്യക്തിപരമായി അന്നു തന്നെ അവരെ ഞാന്‍ ബന്ധപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മറുഭാഗത്ത് ഇത് ഹിന്ദുത്വ ഏകീകരണത്തിന് സഹായിക്കുന്നില്ലേ?

-  ഇതിന്റെ പേരില്‍ ആ പെണ്‍കുട്ടിയെ പഴിക്കുന്നത് ശരിയല്ല. അവരുടെ ജനനത്തിന് പോലും മുമ്പ് തന്നെ ഇവിടെ ഹിന്ദുത്വ ഏകീകരണമുണ്ട്. അവര്‍ക്ക് അവരുടേതായ പദ്ധതിയും ആസൂത്രണ രീതികളുമുണ്ട്. ആത്യന്തികമായി അവരുടെ ഉന്നം മുസ്‌ലിം വിരുദ്ധതയാണ്.

ഐക്യത്തെയും സമുദായ ഉന്നമനത്തെയും പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്? മുസ്‌ലിം സംഘടനകള്‍ ഇതില്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട്?

- മുസ്‌ലിം ഉന്നമനം സാധ്യമാവുക വിദ്യാഭ്യാസത്തിലൂടെയാണ്. 45 ശതമാനം നിരക്ഷരരുള്ള ഒരു സമുദായത്തില്‍ ഉന്നമനം എങ്ങനെ സാധ്യമാകും? അവര്‍ക്ക് എങ്ങനെയാണ് പോരാടാന്‍ കഴിയുക? മുസ്‌ലിം സമുദായത്തിന്റെ നിരക്ഷരതാ നിരക്ക് പൂജ്യം ശതമാനം ആകണം. ഇസ്‌ലാമിക ഐക്യത്തിന്റെ അഭാവം ഇന്ത്യയിലുണ്ട്. പള്ളികളെയും സംഘടനകളെയും കേന്ദ്രീകരിച്ച് അവര്‍ക്ക് ഐക്യപ്പെടാന്‍ കഴിയണം. അതുപോലെ, ധാര്‍മിക വിദ്യാഭ്യാസവും പ്രധാനമായ ഒന്നാണ്. ഈ മൂന്ന് കാര്യങ്ങള്‍ക്കായി മുസ്ലിം നേതൃത്വം അത്യധ്വാനം ചെയ്യണം.
മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ അനൈക്യമുണ്ട്. ഓരോ സംഘടനയും തങ്ങളുടേതായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത  അവര്‍ പലപ്പോഴും കാണിക്കുന്നില്ല. എല്ലാ സംഘടനകളും ഒരുമിച്ച് നിന്ന് ആസൂത്രിതമായി തങ്ങളുടെ വിഭവങ്ങള്‍ വിനിയോഗിക്കുകയാണെങ്കില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും.

'ഓള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ'യുടെ മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ അതിന്റെ നിലവിലെ പ്രവര്‍ത്തനത്തില്‍ താങ്കള്‍ തൃപ്തനാണോ?

- രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍  തുടര്‍ക്കഥയായപ്പോള്‍ അതിന്റെ പ്രതികരണമെന്നോണമാണ് 1964-ല്‍ മുശാവറ രൂപീകരിക്കപ്പെട്ടത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒരുമിച്ച് നില്‍ക്കാനും വെല്ലുവിളികളെ അഭിമുഖീകരിക്കാനുമുള്ള വേദി എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അമ്പത് വര്‍ഷത്തോളം അത് സജീവമായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അത് ഏകദേശം മരിച്ച അവസ്ഥയിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പശ്ചാത്തലമുള്ള ഒരാള്‍ മുശാവറയുടെ നേതൃസ്ഥാനം ഏറ്റെടുത്തത് മുതല്‍ അത് നിര്‍ജ്ജീവാവസ്ഥയിലാണ്. അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 2014-15 വര്‍ഷങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മുസ്‌ലിം ഐക്യത്തെയും അവരുടെ കര്‍മശേഷിയെയും അടയാളപ്പെടുത്തുന്നതായിരുന്നു അത്തരം പരിപാടികള്‍. എന്നാല്‍ ഇത് രാജ്യത്തെ ചില അധികാര ശക്തികളെ അലോസരപ്പെടുത്തി. അവരുടെ ഇടപെടല്‍ മുശാവറയെ നിര്‍ജ്ജീവാവസ്ഥയിലാക്കി.

'മില്ലി ഗസറ്റി'ന്റെ ശബ്ദത്തിന് മുമ്പുണ്ടായിരുന്ന ഗാഢത ഇപ്പോഴുമുണ്ടോ?

- 2000-ത്തിലാണ് ഞങ്ങള്‍ മില്ലി ഗസറ്റ് മാഗസിന്‍ ആരംഭിക്കുന്നത്. 2016 ഡിസംബര്‍ വരെ അതിന്റെ പ്രസിദ്ധീകരണം തുടര്‍ന്നു. ഈ കാലയളവിലുടനീളം ഞങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയുണ്ടായി. സമുദായത്തിനകത്ത് നിന്നോ പുറത്തു നിന്നോ മതിയായ പരസ്യം അതിന് ലഭിച്ചിരുന്നില്ല. പരസ്യം കൂടാതെ എങ്ങനെയാണ് ഒരു പത്രത്തിന് പ്രവര്‍ത്തിക്കാനാവുക?   2016-ല്‍ ഞങ്ങള്‍ക്ക് മറ്റ് വെല്ലുവിളികളുമുണ്ടായി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരാതിയിന്മേലുള്ള കേസ് ഉള്‍പ്പെടെ ആ വര്‍ഷം മൂന്ന് കേസുകളാണ് ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. സാമ്പത്തികമായി മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന നില വന്നപ്പോള്‍ പ്രസിദ്ധീകരണം ഓണ്‍ലൈനില്‍ മാത്രമായി പരിമിതപ്പെടുത്തി.
സമുദായത്തിനകത്ത് നിന്നും ഇംഗ്ലീഷില്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ ലോകത്തിന് ഇന്ത്യയിലെന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഞാന്‍ പ്രതീക്ഷിക്കുന്നത് മുസ്‌ലിം സമുദായത്തിലെ വ്യവസായികളോ യുവാക്കളോ ഈ ഒരു ഉദ്യമവുമായി മുന്നോട്ടു വരും എന്നാണ്.

പൗരത്വനിയമ വിരുദ്ധ സമരത്തിന്റെയും ദല്‍ഹി കലാപത്തിന്റെയും കാലത്ത് ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ആയിരുന്ന താങ്കള്‍ അവസരോചിതമായി പ്രവര്‍ത്തിച്ചെന്ന് വിശ്വസിക്കുന്നുണ്ടോ?

-  എനിക്ക് കഴിയുന്നതിലും കൂടുതല്‍ ചെയ്‌തെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ തെറ്റുകള്‍ക്കും മുസ്‌ലിംകളെ പഴിചാരിക്കൊണ്ടിരുന്ന കേന്ദ്രസര്‍ക്കാരിന് കമ്മീഷന്റെ പ്രവര്‍ത്തനം ഏറെ തലവേദന സൃഷ്ടിച്ചു. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് എവിടെയും ഉപയോഗപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയെ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സമീപിച്ചിരിക്കുകയാണ്. അവരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും റിപ്പോര്‍ട്ട് തുറന്നുകാട്ടി. കോവിഡിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് ഞങ്ങള്‍ ആ  റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതോടൊപ്പം മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ലഭ്യമാകുന്നതിനായി ഓണ്‍ലൈനിലും അത് പ്രസിദ്ധീകരിച്ചു.

ചെയര്‍മാനെന്ന നിലയില്‍ ദല്‍ഹി കലാപ സമയത്തെ കെജ്രിവാളിന്റെ 'നിശ്ശബ്ദത'യെ നിങ്ങള്‍ ചോദ്യം ചെയ്തിരുന്നോ?

- ഈ വിഷയത്തില്‍, ഞങ്ങള്‍ ദല്‍ഹി പോലീസിനെയും സര്‍ക്കാരിനെയും സമീപിച്ചിരുന്നു. ഒരു അന്വേഷണ കമ്മീഷന്‍ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അവരത് ചെവിക്കൊണ്ടില്ല. അപ്പോഴാണ്, ഒരു വസ്തുതാന്വേഷണ കമ്മിറ്റി നിയമിച്ച് ഞങ്ങള്‍ മുന്നോട്ടു പോയത്. കലാപ ഇരകള്‍ക്കായി കെജ്രിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമായിരുന്നു. ഇത് വര്‍ദ്ധിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഫലം കണ്ടു. ഞങ്ങളുടെ റിപ്പോര്‍ട്ടിനെപ്പറ്റി കെജ്രിവാള്‍ ഒരുതരത്തിലും പ്രതികരിച്ചില്ല. അദ്ദേഹം മൗനം അവലംബിക്കുകയായിരുന്നു.

സി.എ.എയെ കുറിച്ചുള്ള താങ്കളുടെ കണക്കുകൂട്ടലുകള്‍ എന്താണ്? പ്രതിഷേധങ്ങളുടെ ഭാവി എന്തായിരിക്കും?

- തുടര്‍ച്ചയായി മൂന്നുമാസത്തോളം രാജ്യത്തെ എഴുന്നൂറോളം ഇടങ്ങളിലായി നടന്ന സി.എ.എ വിരുദ്ധ സമരം കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. അവര്‍ ഇപ്പോഴും അതിന്റെ പുറകിലുണ്ട്. എല്ലാ ആറു മാസത്തിലും ചട്ടം നിര്‍മിക്കുന്നതിനായി അവര്‍ അധികസമയം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവര്‍ തുടര്‍ പ്രക്രിയകളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ വീണ്ടും സമരവുമായി മുസ്‌ലിം സമുദായം തെരുവിലുണ്ടാകും.

'രാമനവമി'യുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ഉത്സവങ്ങളും വിദ്വേഷ പ്രചരണത്തിനായുള്ള അവസരങ്ങളാവുന്നതിന്റെ സൂചനയാണല്ലോ. മുഖ്യധാരയില്‍ നിന്നുള്ള മൗനം എന്ത് സന്ദേശമാണ് നല്‍കുന്നത്?

- ഹിന്ദുത്വ, മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലേക്കും ഊര്‍ന്നിറങ്ങിയിരിക്കുന്നു. ഇത് ഹിന്ദുത്വയുടെ ശക്തിയാണ് തുറന്നുകാണിക്കുന്നത്. ഇടതുപക്ഷവും ലിബറലുകളും സോഷ്യലിസ്റ്റുകളും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ഒരു പരിധി വരെയെങ്കിലും നീങ്ങുന്നു. ഇത്  അപകടകരവും വലിയ പ്രശ്‌നവുമാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-10-12
ടി.കെ ഉബൈദ്‌

ഹദീസ്‌

ഞാനറിയുന്നത് നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍...
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌