Prabodhanm Weekly

Pages

Search

2022 മെയ് 13

3251

1443 ശവ്വാല്‍ 12

സ്വവര്‍ഗ  ലൈംഗികത മനുഷ്യകുലത്തിന്റെ അന്തകന്‍

ഹബീബ് റഹ്മാന്‍

മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഹെട്രോ സെക്ഷ്വാലിറ്റി (എതിര്‍വര്‍ഗ ലൈംഗികത) നിലനിന്നേ മതിയാകൂ. മറ്റെല്ലാ തരം വികല ലൈംഗികതകളും മനുഷ്യസമൂഹത്തോടുള്ള വെല്ലുവിളിയാണ്. കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിന്റെ ഭദ്രമായ സംവിധാനത്തിനുള്ളില്‍ എതിര്‍വര്‍ഗ ലൈംഗികതയിലൂടെയാണ് പുതിയ തലമുറ സൃഷ്ടിക്കപ്പെടുന്നതും കെട്ടുറപ്പുള്ള സമൂഹം നിലനില്‍ക്കുന്നതും. പ്രകൃതിയും ദൈവവും ആവശ്യപ്പെടുന്നതും അതുതന്നെയാണ്.
സ്വവര്‍ഗ ലൈംഗികത മുതല്‍ മനുഷ്യ നിര്‍മിതവും പ്രകൃതി വിരുദ്ധവുമായ ലൈംഗിക വര്‍ണരാജികളുടെ പുറകിലെ അസാന്മാര്‍ഗിക രാഷ്ട്രീയത്തെ തുറന്ന് കാട്ടുകയാണ് ഡോ. അഷ്‌റഫ് കല്‍പ്പറ്റ രചിച്ച 'സ്വവര്‍ഗ ലൈംഗികതയും ജെന്‍ഡര്‍ രാഷ്ട്രീയവും' എന്ന പുസ്തകം. ശാസ്ത്രീയ സത്യങ്ങളെ മൂടിവെച്ചും, തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും അന്താരാഷ്ട്ര ലോബികളുടെ നേതൃത്വത്തില്‍ ശക്തിയാര്‍ജിച്ച എല്‍.ജി.ബി.ടി ആക്ടിവിസം, മനുഷ്യരാശിക്ക് നഷ്ടമല്ലാതെ ഒന്നും വരുത്തുന്നില്ലെന്ന് ബോധ്യമാകാന്‍ ഈ പുസ്തകം ഒരാവൃത്തി വായിച്ചാല്‍ മതിയാകും. തികച്ചും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യവും വ്യക്തവുമായി പ്രസ്തുത വിഷയ സംബന്ധിയായി മറ്റൊരു വായന മലയാളത്തില്‍ സാധ്യമല്ലെന്ന് പറയേണ്ടിവരും.
ജീവശാസ്ത്രപരമായി ആണ്‍ പെണ്‍ ദ്വന്ദ്വങ്ങള്‍ ഗര്‍ഭാശയത്തില്‍ വെച്ചു തന്നെ നിര്‍ണയിക്കപ്പെടുന്നത് മുതല്‍ മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ എല്ലാ ശാരീരിക ഘടനയും ആണ്‍ പെണ്‍ വേര്‍തിരിവോടെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ക്രോമസോമുകള്‍, പല്ല്, എല്ല്, തലയോട്ടി, കീഴ്ത്താടിയെല്ല് എന്ന് വേണ്ട വിരലുകള്‍ വരെ സ്ത്രീ പുരുഷ ദ്വന്ദ്വങ്ങളുടെ നേര്‍സാക്ഷ്യമാണെന്ന് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കുന്നുണ്ട് ഈ പുസ്തകം. ലൈംഗികാവയവം മാറ്റിവെച്ചാല്‍ മാറുന്ന ഒന്നല്ല ആണ്‍പെണ്‍ ദ്വന്ദ്വങ്ങളെന്ന് ആദ്യ അധ്യായത്തില്‍ തന്നെ കൃത്യമായി അപഗ്രഥിക്കുന്ന പുസ്തകം, മനുഷ്യന്റെ നൈസര്‍ഗികമായ ആകര്‍ഷണം എതിര്‍ലിംഗത്തോട് മാത്രമേ ഉള്ളൂ എന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കുന്നു. സ്വവര്‍ഗ ലൈംഗികതയുടെ ചരിത്രം അന്വേഷിക്കുന്ന തുടര്‍ന്നുള്ള താളുകളില്‍ സ്വവര്‍ഗ ഭോഗ രാഷ്ട്രീയം ആഗോള തലത്തില്‍ പിടിമുറുക്കിയതിന്റെ പിന്നിലെ താല്‍പര്യങ്ങളും ലക്ഷ്യങ്ങളും  വായനക്കാരന് മുന്നില്‍ തുറന്ന് കാട്ടുന്നു. അമേരിക്ക പോലുള്ള വന്‍ ശക്തികള്‍, ഗൂഢമായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി ഫണ്ട് ചെയ്ത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഈ അശ്ലീലത, മനുഷ്യകുലത്തില്‍ സര്‍വനാശം വിതക്കാന്‍ മാത്രം അപകടകാരിയാണെന്ന് പുസ്തകത്തിലെ ഓരോ വരിയും നമ്മെ താക്കീത് ചെയ്യുന്നുണ്ട്. ഇരവാദം സൃഷ്ടിച്ച് മാത്രമല്ല, ഭീഷണി മുഴക്കിയും തങ്ങള്‍ക്കെതിരായ ശാസ്ത്രീയ പഠനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ എല്‍.ജി.ബി.ടി രാഷ്ട്രീയം കച്ചകെട്ടിയിറങ്ങിയതിന്റെ കഥകള്‍ കൃത്യമായി അവതരിപ്പിക്കുന്ന പുസ്തകം, നിഷ്പക്ഷമായി ജെന്‍ഡര്‍ രാഷ്ട്രീയത്തെ വായിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയ ദല്ലാളുകളും മാധ്യമങ്ങളും ചില സ്വയം പ്രഖ്യാപിത വിദ്യാസമ്പന്നരും മാത്രമല്ല കോര്‍പ്പറേറ്റ് ഭീമന്മാരും ഈ അശ്ലീല വ്യാപാരത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ  തെളിവുകള്‍ പുസ്തകം നിരത്തി വെക്കുന്നുണ്ട്.
ജനിതകവും ജീവശാസ്ത്രപരവുമായ ഒന്നും തന്നെ സ്വവര്‍ഗ ലൈംഗികത പ്രതിനിധീകരിക്കുന്നില്ലെന്ന് മാത്രമല്ല, അപ്രകാരം സ്ഥാപിക്കാന്‍ സ്വവര്‍ഗ ലൈംഗികതയുടെ വക്താക്കള്‍ നിര്‍മിച്ചെടുത്ത വ്യാജ പഠനങ്ങള്‍, ശാസ്ത്ര ലോകത്ത് നിന്നുള്ള അതികായര്‍ തന്നെ തള്ളിക്കളഞ്ഞത് വരച്ചു കാട്ടുന്നുമുണ്ട്.  ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ റോബര്‍ട്ട് വാര്‍ഡിംഗറിനെ ഉദ്ധരിച്ച് ഗ്രന്ഥകര്‍ത്താവ് പറയുന്നത് കാണുക: ''സ്വവര്‍ഗ ഭോഗത്തിന്റെ കാരണങ്ങള്‍ വിശദികരിച്ച് കൊണ്ട് ഗവേഷകന്മാര്‍ മനഃശാസ്ത്രപരവും ജീവശാസ്ത്രപരവുമായ ചില പരികല്‍പ്പനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ചുരുക്കത്തില്‍, സ്വവര്‍ഗ ഭോഗത്തിന്റെ കാരണങ്ങളായി അവതരിപ്പിച്ച എണ്ണമറ്റ മനശ്ശാസ്ത്ര, ജീവശാസ്ത്ര സിദ്ധാന്തങ്ങള്‍ തെളിയിക്കപ്പെടാത്തവയാണ്'' (പേജ്: 104).
ശാസ്ത്രീയമായി സ്വവര്‍ഗ ലൈംഗികതയുടെ സാധുതയെ ചോദ്യം ചെയ്യുമ്പോള്‍, മൃഗങ്ങളില്‍ ഈ പ്രവണത ആരോപിച്ച്, അതിനെ പ്രകൃതിക്കനുകൂലമാക്കാന്‍ ഓരിയിട്ടിരുന്നവരെയും ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തോടെ പൊളിച്ചെഴുതുന്നുണ്ട് ഈ കൃതി.
മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എഫ് പ്രസിദ്ധീകരിച്ച ഈ  കൃതിക്ക് പ്രമുഖ പണ്ഡിതന്‍ എം.എം അക്ബറാണ് അവതാരിക എഴുതിയത്. സ്വതന്ത്ര ലൈംഗികതയും സ്വവര്‍ഗഭോഗവും അലങ്കാരവും അവകാശവുമായി ഉദ്‌ഘോഷിക്കുന്നവര്‍, ഈ കൃതി ഒരാവൃത്തി വായിച്ച് സ്വയം ലജ്ജിക്കുക.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്‌ 5-9
ടി.കെ ഉബൈദ്‌