Prabodhanm Weekly

Pages

Search

2022 മെയ് 13

3251

1443 ശവ്വാല്‍ 12

ഫാഷിസ്റ്റ് കാലം  പുതിയ അജണ്ടകള്‍  ആവശ്യപ്പെടുന്നുണ്ട്

നഹാസ് മാള / ബഷീര്‍ തൃപ്പനച്ചി

സോളിഡാരിറ്റി സംസ്ഥാന സമ്മേളനം മെയ് 21, 22 ദിവസങ്ങളില്‍ എറണാകുളത്ത് നടക്കുകയാണ്. ഫാഷിസ്റ്റ് കാലത്തെ ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ മുന്നോട്ടുപോക്കിനെ കുറിച്ചും സമ്മേളന പ്രമേയത്തെപ്പറ്റിയും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള സംസാരിക്കുന്നു.


മുസ്ലിം വിരുദ്ധ പ്രചാരണങ്ങളിലൂടെ വളര്‍ന്നു വന്ന ഫാഷിസം ഇന്ത്യയിലെ ഭരണകൂടമായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ മെഷിനറികള്‍ ഉപയോഗിച്ച് 'ജനാധിപത്യപരമായി' മുസ്‌ലിംവിരുദ്ധ അജണ്ടകള്‍ അവര്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാമൂഹിക സന്ദര്‍ഭത്തിലാണ് 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം' എന്ന പ്രമേയം മുന്‍നിര്‍ത്തി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് അതിന്റെ സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രമേയത്തിലൂടെ എങ്ങനെയാണ് പുതിയ ഇന്ത്യയെ സോളിഡാരിറ്റി അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നത്?
മുസ്ലിം വിരുദ്ധത മുഖ്യ അജണ്ടയാക്കിയ ഇന്ത്യന്‍ ഫാഷിസം അധികാര ശക്തിയായി മാറിയ കാലമാണിത്. ഇന്ത്യന്‍ ഭരണഘടനയുടെ പഴുതുകളുപയോഗിച്ച് ജനാധിപത്യ ഭൂരിപക്ഷത്തെ മുന്‍നിര്‍ത്തി മുസ്ലിംവിരുദ്ധ നിയമങ്ങള്‍ ഈ ഭരണകൂടം പടിപടിയായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സി.എ.എ, എന്‍.ആര്‍.സി, ഹിജാബ് വിലക്ക് ഇതെല്ലാം സമീപകാല ഉദാഹരണങ്ങള്‍ മാത്രം. ഏകസിവില്‍കോഡ്, മതപരിവര്‍ത്തന നിരോധന നിയമം, ബീഫ് നിരോധനം തുടങ്ങിയ സജീവ ചര്‍ച്ചയിലുള്ള നിയമങ്ങളെല്ലാം പ്രധാനമായും ഉന്നമിടുന്നത് മുസ്ലിം സമുദായത്തെയാണ്. ഭരണകൂടങ്ങള്‍ നിയമം ഉണ്ടാക്കുകയും അനുയായികളായ 'ആള്‍കൂട്ടത്തെ' ഉപയോഗിച്ച്, അത് ലംഘിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുകയും ചെയ്യുന്ന രീതിയാണ് ഫാഷിസം ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തീവ്രവാദത്തെ മുന്‍നിര്‍ത്തി നടത്തുന്ന ഭരണകൂടവേട്ടകളും ലൗജിഹാദ് പോലുള്ള ഹേറ്റ് കാമ്പയിനുകളും ഇതിന് പുറമെ നടക്കുന്ന ഫാഷിസ്റ്റ് അജണ്ടകളാണ്. മുസ്ലിംവിരുദ്ധത സമര്‍ഥമായി ഉപയോഗിച്ച് അധികാരത്തിലേറിയ ഫാഷിസം സാംസ്‌കാരികമായ പ്രചാരണങ്ങളിലൂടെ രാജ്യത്ത് മത ധ്രുവീകരണം ഉണ്ടാക്കിയിരിക്കുന്നു. ഫാഷിസത്തിന് വോട്ടു ചെയ്യാത്തവരില്‍ പോലും മുസ്ലിംവിരുദ്ധത പടര്‍ത്താനവര്‍ക്ക് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയാധികാരത്തിലെ ഫാഷിസത്തേക്കാള്‍ ഈ സാംസ്‌കാരിക ഫാഷിസം ഉണ്ടാക്കിയ ധ്രുവീകരണമാണ് കൂടുതല്‍ അപകടകരം.
ഫാഷിസം ഇങ്ങനെ ഇന്ത്യന്‍ സമൂഹത്തെ നിയന്ത്രിക്കുകയും അതിന്റെ മുഖ്യ ഇരകളായി മുസ്ലിം സമുദായം മാറുകയും ചെയ്ത സന്ദര്‍ഭത്തിലാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് അതിന്റെ സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചിരിക്കുന്നത്. ഫാഷിസത്തെ അഭിമുഖീകരിക്കാന്‍ മുസ്ലിം സമൂഹത്തെ വിശിഷ്യാ അതിലെ ചെറുപ്പത്തെ സജ്ജമാക്കുക എന്നതുതന്നെയാണ് ഈ സമ്മേളന പ്രമേയത്തിലൂടെ സോളിഡാരിറ്റി ലക്ഷ്യമിടുന്നത്. ഒട്ടേറെ പ്രതിസന്ധികളെ അതിജയിച്ച് തന്നെയാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇസ്ലാമിക സമൂഹം എത്തിയിരിക്കുന്നത്. അഭിമാനകരമായ പോരാട്ട ചരിത്രങ്ങളും അതിജീവന മാതൃകകളും ഇസ്ലാം ലോകത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.  ഇസ്ലാമിക വിശ്വാസം ഉള്‍ക്കൊണ്ടവര്‍ക്ക് വേണ്ടി മാത്രമല്ല സമൂഹത്തില്‍ ആധിപത്യ  വിഭാഗങ്ങളുടെ അനീതിക്ക് ഇരയായ മറ്റു സമൂഹങ്ങള്‍ക്ക് വേണ്ടിയും പോരാടിയ ചരിത്രം കൂടിയാണ് ഇസ്ലാമിനുള്ളത്.
വിശ്വാസം തന്നെയാണ്  ഇസ്ലാമിക സമൂഹത്തിന്റെ എക്കാലത്തെയും പോരാട്ടങ്ങളുടെ മുഖ്യ ഊര്‍ജം. ഏത് പ്രതിസന്ധി കാലത്തും വിശ്വാസം കൈയൊഴിച്ച് ആധിപത്യ ശക്തികള്‍ക്ക് വിധേയപ്പെടാനോ മാപ്പുസാക്ഷിത്വ ജീവിതം നയിക്കാനോ മുസ്ലിംഭൂരിപക്ഷം തയാറായിട്ടില്ല. അധികാരത്തിന്റെ പിന്‍ബലം ഉപയോഗിച്ച് മുസ്ലിം സമുദായത്തെയും അവരുടെ ആദര്‍ശ വിശ്വാസങ്ങളെയും നശിപ്പിച്ചു കളയാമെന്ന് വിചാരിച്ചിരുന്നവരെല്ലാം പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
അതിനാല്‍ ഇന്ത്യന്‍ ഫാഷിസം ഉയര്‍ത്തുന്ന ഈ ഭീഷണിക്ക് മുന്നിലും അഭിമാനപൂര്‍വം വിശ്വാസവും ഐഡന്റിറ്റിയും ഉയര്‍ത്തിപ്പിടിച്ചും, ഇന്ത്യയിലും കേരളത്തിലുമടക്കം നടന്ന സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യ പോരാട്ടമടക്കമുള്ള മുസ്ലിം സമൂഹത്തിന്റെ പാരമ്പര്യത്തില്‍ ഊന്നിയുമാണ് നമ്മള്‍ മുന്നോട്ട് പോകേണ്ടത്.

ഇസ്ലാമിക വിശ്വാസവും മുസ്ലിം സമുദായത്തിന്റെ വിമോചന പാരമ്പര്യവും ഊന്നിപ്പറയുക വഴി ഫാഷിസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ മുസ്ലിം സമുദായത്തിലേക്ക് ചുരുക്കുകയല്ലേ ചെയ്യുന്നത്? ഇന്ത്യയിലെ ബഹുസ്വരമായ മുഴുവന്‍ സാധ്യതകളെയും ഉള്‍ക്കൊണ്ടുള്ള മുദ്രാവാക്യം രൂപപ്പെടുത്തിയല്ലേ ഈ ഫാഷിസ്റ്റ് കാലത്തെ അഭിമുഖീകരിക്കേണ്ടത്?
ഇന്ത്യന്‍ ഫാഷിസത്തിന്റെ മുഖ്യ ടാര്‍ഗറ്റ് മുസ്ലിം സമുദായമാണ്. അതവര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. വ്യത്യസ്ത ഹേറ്റ് കാമ്പയിനുകള്‍ വഴി മുസ്ലിം ഉന്മൂലനത്തിന് പൊതു സമ്മതി നിര്‍മിച്ച് ആള്‍ക്കൂട്ടത്തെയും ഭരണകൂട മിഷനറികളെയും ഉപയോഗിച്ച് മുസ്ലിം വേട്ടക്ക് കളമൊരുക്കുകയാണ്. ഈയൊരു സന്ദര്‍ഭത്തില്‍ മുസ്ലിം സമുദായം വിശിഷ്യാ അതിലെ യുവത്വം നിഷ്‌ക്രിയതയിലേക്കും നിസ്സംഗതയിലേക്കും ഉള്‍വലിയാതെ സൂക്ഷിക്കേണ്ടത് ഒരു ഇസ്ലാമിക യുവജന പ്രസ്ഥാനത്തിന്റെ ബാധ്യതയാണ്. മറ്റെല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുമ്പോഴും വിശ്വാസവും അല്ലാഹുവിന്റെ സഹായത്തിലുള്ള പ്രതീക്ഷയുമാണ് മുസ്ലിം സമൂഹത്തില്‍ അവശേഷിക്കുക. അത്  മുന്‍നിര്‍ത്തി അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകണമെന്ന സന്ദേശമാണ് സോളിഡാരിറ്റി പങ്കുവെക്കുന്നത്. അത് ഈ സമുദായത്തിന് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതുമാണ്. ഇസ്ലാമിക സമൂഹത്തിന്റെ ചരിത്രത്തില്‍ ഒട്ടേറെ അതിജീവന മാതൃകകള്‍ മുസ്ലിം സമുദായം കേട്ടതും വായിച്ചതുമാണ്.
ഫാഷിസത്തിന്റെ ഇരകളും ശത്രുക്കളും മുസ്ലിം സമൂഹം മാത്രമല്ല; ഫാഷിസത്തെ എതിര്‍ക്കുന്ന വേറെയും ഒട്ടേറെ വിഭാഗങ്ങള്‍ ഉണ്ടുതാനും. വ്യത്യസ്തരായി നിലനില്‍ക്കെത്തന്നെ അവരെയെല്ലാം ഫാഷിസ്റ്റ്‌വിരുദ്ധ അജണ്ടയില്‍ ഏകീകരിക്കുക എന്നത് അടിയന്തര പ്രാധാന്യത്തോടെ രാജ്യത്ത് നടക്കേണ്ട ഒന്നാണ്. അതിലൊന്നും സോളിഡാരിറ്റിക്ക് യാതൊരു സംശയവുമില്ല. ദേശീയ തലത്തില്‍ അങ്ങനെ ഏകീകരണ ശ്രമം നടത്താനുള്ള രാഷ്ട്രീയ ശക്തി കോണ്‍ഗ്രസ്സിന് പോലും ഇല്ലാത്ത കാലത്താണ് നാമുള്ളത്. മറ്റു പ്രതിപക്ഷ ദേശീയ പാര്‍ട്ടികള്‍ക്കും അതിന് സാധിക്കാതെ വന്നിരിക്കുന്നു. ഇത്തരം രാഷ്ട്രീയ ഏകീകരണങ്ങള്‍ക്കും പുതിയ മൂവ്‌മെന്റുകള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. ശ്യൂന്യതയില്‍ നിന്ന് ഒന്നും ഉയര്‍ന്നു വരില്ല. ആസൂത്രണങ്ങള്‍കൊണ്ടും സംഘാടന ശ്രമങ്ങള്‍കൊണ്ടുമേ ബദല്‍ രാഷ്ട്രീയ ശക്തികള്‍ രൂപപ്പെടൂ. ഫാഷിസത്തിന്റെ മുഖ്യ ഇരയും ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്ന സമൂഹവുമെന്ന നിലക്ക്  ഈ പുതുരാഷ്ട്രീയ മുന്നേറ്റങ്ങള്‍ രൂപപ്പെടാനും മുസ്ലിം സമുദായം തന്നെ എല്ലാവരെയും അണിനിരത്തി ആസൂത്രണങ്ങള്‍ നടത്തേണ്ടി വരും.  മുസ്ലിം മുന്‍കൈയില്‍ പൗരത്വ സമരത്തിന് ജനകീയ ഭാഷ കൈവന്നപ്പോള്‍ ഫാഷിസ്റ്റ് വിരുദ്ധരൊന്നടങ്കം അതിന് പിന്തുണ നല്‍കിയതോര്‍ക്കുക. നമ്മുടെ പ്രശ്‌നം പരിഹരിക്കാന്‍ മറ്റുള്ളവര്‍ മുന്‍കൈയെടുക്കുമെന്ന മൗഢ്യം ഉപേക്ഷിക്കേണ്ട സമയം കൂടിയാണിത്. റിസ്‌കെടുത്ത് നമ്മള്‍ മുന്നിട്ടിറങ്ങിയാല്‍ കൂടെ അണിചേരാന്‍ ഒരു വലിയ സമൂഹം ഇന്ത്യയിലുണ്ടെന്നത് ഒരു പ്രതീക്ഷ തന്നെയാണ്.

ഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരെ മുസ്ലിം സമുദായത്തില്‍ നിന്ന് അടുത്തിടെ ഉയര്‍ന്നുവന്ന സമര പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് വിദ്യാര്‍ഥികളായ  യുവാക്കളും യുവതികളുമായിരുന്നു. അവരില്‍ ചിലര്‍ ഇന്നും യു.എ.പി.എ അടക്കം ചുമത്തപ്പെട്ട്  ജയിലറകളില്‍ ആണ്. ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന അക്കാദമിക ബിരുദങ്ങളും ഉള്ള ഇത്തരം ചെറുപ്പക്കാരിലധികവും സമുദായത്തിനകത്തെ ഒരു സംഘടനയുടെയും വക്താക്കളായിരുന്നില്ല. അവര്‍ ഉയര്‍ത്തിയ പുതിയ മുദ്രാവാക്യങ്ങളും  സമര രീതികളുമാണ്  പിന്നീട് ജനകീയ പൗരത്വ പ്രക്ഷോഭ സമരമൊക്കെയായി വികസിച്ചത്. പുതിയ  ചെറുപ്പത്തെയും അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളെയും ചിന്തകളെയും എത്രത്തോളം അക്കമഡേറ്റ്  ചെയ്യാന്‍ സമുദായത്തിനകത്തെ  സംഘടനകള്‍ക്ക് സാധിക്കുന്നുണ്ട്?
പൗരത്വ പ്രക്ഷോഭത്തിലൂടെ മുസ്ലിം സമൂഹത്തിന് ഒട്ടേറെ പുതു പ്രതീക്ഷകളാണ് ലഭിച്ചത്. തെരുവിലെ ജനകീയ സമരങ്ങള്‍ ഫാഷിസത്തെ അങ്കലാപ്പിലാക്കുമെന്ന് നമ്മള്‍ കണ്ടു. മുസ്ലിം സമൂഹത്തിലെ ചെറുപ്പം മുന്നിട്ടിറങ്ങിയാല്‍ ഈ രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങളെ ഫാഷിസത്തിനെതിരെ അണിനിരത്താമെന്ന് നാം അനുഭവിച്ചറിഞ്ഞു. പരമ്പരാഗത പ്രവര്‍ത്തനങ്ങള്‍ക്കപ്പുറമാണ് ജനകീയ സമരത്തിന്റെ സംഘാടനവും ഭാഷയും വ്യാകരണവുമെന്ന് പൗരത്വ സമരത്തിലൂടെ നമുക്ക് മനസ്സിലായി.  സമുദായത്തിലെ സംഘടനകളെക്കാള്‍ ഈ മാറ്റം പെട്ടെന്ന് ഉള്‍ക്കൊണ്ടതും തിരിച്ചറിഞ്ഞതും സാധാരണ ജനങ്ങളായിരുന്നു. പിന്നീടാണ് സംഘടനകളടക്കം ആ പ്രക്ഷോഭവും അതിന് നേതൃത്വം നല്‍കിയ ചെറുപ്പത്തെയും ഏറ്റെടുത്തത്.
മുസ്ലിം സമുദായത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വിധത്തിലുള്ള നിയമങ്ങളാണ് സി.എ.എ, എന്‍.ആര്‍.സി നിയമങ്ങളിലൂടെ സംഘ് പരിവാര്‍ ഭരണകൂടം ചുട്ടെടുത്തത്. അതിനാല്‍ അതിനോടുള്ള മുസ്ലിം ചെറുപ്പത്തിന്റെ പ്രതികരണവും പരമ്പരാഗത ശൈലിയിലുള്ളതായിരുന്നില്ല. പുതിയ രീതിയിലുള്ള സമരവും മുദ്രാവാക്യങ്ങളുമാണ് രൂപപ്പെട്ടത്. അവ ഓരോന്നും മുന്‍കൂട്ടി ആലോചിച്ച് രൂപപ്പെട്ടതുമായിരുന്നില്ല. തെരുവില്‍ നേര്‍ക്കുനേര്‍ ഭരണകൂടത്തെയും ഫാഷിസ്റ്റ് ആക്രോശങ്ങളുയര്‍ത്തിയ സംഘ് പരിവാര്‍ ഗുണ്ടകളെയും അഭിമുഖീകരിച്ചപ്പോള്‍ രൂപപ്പെട്ടുവന്നതാണതെല്ലാം. ജീവന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുമ്പോള്‍ വിശ്വാസവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പ്രക്ഷോഭങ്ങളിലും മുദ്രാവാക്യങ്ങളിലുമൊക്കെ പ്രതിഫലിക്കുക സ്വാഭാവികമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലടക്കം   അത്തരം മതകീയ ഉള്ളടക്കങ്ങള്‍ മുന്‍നിര്‍ത്തി തന്നെയുള്ള ഒട്ടേറെ പോരാട്ടങ്ങള്‍  കാണുവാന്‍ കഴിയും.  ലിബറല്‍ സെക്കുലര്‍ വിഭാഗങ്ങള്‍ അവ പ്രശ്‌നവത്കരിക്കുന്നത് സ്വാഭാവികമാണ്. അതിനെ മുന്‍നിര്‍ത്തി അത്തരം മുദ്രാവാക്യങ്ങളെയും അതുയര്‍ത്തിയ ചെറുപ്പത്തെയും തള്ളിപ്പറയാനാവില്ല. ഈ ചെറുപ്പം നയിച്ച പ്രക്ഷോഭങ്ങളും ത്യാഗങ്ങളുമാണ് മുസ്ലിം സമൂഹത്തിനും ഫാഷിസ്റ്റ് വിരുദ്ധ ഇന്ത്യക്കും പുതിയ പ്രതീക്ഷകള്‍ നല്‍കിയിട്ടുള്ളത്. അതിനവര്‍ നല്‍കിയ വിലയും വലുതായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച  യൂനിവേഴ്‌സിറ്റികളില്‍ എല്ലാ സൗകര്യങ്ങളോടും കൂടി റിസര്‍ച്ച് സ്റ്റഡീസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസം നേടിക്കൊണ്ടിരുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള യുവത്വമാണ് പോലീസിന്റെ മാരകമായ ആക്രമണം നേരിട്ടതും യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടക്കപ്പെട്ടതും. ദീര്‍ഘകാലം ജയിലില്‍ കിടന്നതിന് ശേഷമാണ് ഇവരില്‍ പലര്‍ക്കും ജാമ്യം ലഭിച്ചത്.  ഇപ്പോഴും ജാമ്യം ലഭിക്കാത്തവരുണ്ട്. ആര്‍ക്ക് വേണ്ടിയാണ് ഈ ചെറുപ്പം ഈ ത്യാഗം ഏറ്റെടുത്തത്? ഈ സമൂഹത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാണവരത് ചെയ്തത്. അവരെ അഭിമാനപൂര്‍വം സോളിഡാരിറ്റി അഭിവാദ്യം ചെയ്യുന്നു.

മുസ്ലിം സമുദായം സംഘ് പരിവാര്‍ ഭരണകൂടങ്ങളില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളും നിലവിലെ പ്രതിസന്ധികളും നിരന്തരം പറഞ്ഞ് അതിനെതിരെ സമുദായത്തെ സംഘടിപ്പിക്കുന്നത് ഇരവാദമാണ്. ഭരണകൂടം ആരായാലും അവരെ അംഗീകരിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. സമുദായത്തിനകത്തെ ചിലര്‍ ഉയര്‍ത്തുന്ന ഈ വാദത്തെ എങ്ങനെ അഡ്രസ്സ് ചെയ്യുന്നു?
അനീതിക്കെതിരെയുള്ള പോരാട്ടമെന്നത് ഇസ്ലാമിന്റെ തന്നെ അടിസ്ഥാന മൂല്യങ്ങളിലൊന്നാണ്. മുസ്ലിം സമുദായത്തിന് പുറത്തുള്ളവരാണ് അനീതിക്ക് വിധേയമാകുന്നതെങ്കില്‍ അവര്‍ക്കൊപ്പം അണിചേര്‍ന്നും അതിനെതിരെ പോരാടാനുള്ള ബാധ്യത മുസ്ലിം സമൂഹത്തിനുണ്ട്. ഇസ്ലാമിക പ്രമാണങ്ങളിലും  മുസ്ലിം ചരിത്രത്തിലും അതിനാവശ്യമായ പിന്‍ബലങ്ങളുണ്ട്. സാമൂഹിക നീതിക്കുവേണ്ടിയുള്ള ഈ സമര പോരാട്ടങ്ങള്‍ കൂടി ഉള്‍ച്ചേരുന്ന പദമാണ് ജിഹാദ്. ഈ ജിഹാദിനെ മൈനസ് ചെയ്യുന്ന ഒരു ഇസ്ലാം സാധ്യമല്ല. വിധേയത്വവും മാപ്പുസാക്ഷിത്വവും സ്വീകരിച്ചും, അനീതി ചെയ്യുന്ന ഭരണകൂടങ്ങളോടു വിധേയപ്പെട്ടും മുന്നോട്ടുനീങ്ങാന്‍ ആദര്‍ശവും അഭിമാനബോധവുമുള്ള മുസ്ലിം സമുദായത്തിനാവുകയില്ല.
ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് മാത്രമായി പ്രത്യേക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും, ഉണ്ടെന്നു വരുത്തുന്നത് ഇരവാദമാണെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് സംഘ് പരിവാറാണ്. ആ വാക്കിനെ അങ്ങനെ തന്നെ മുസ്ലിം കൂട്ടായ്മകളോ വ്യക്തികളോ കടമെടുക്കുന്നുണ്ടെങ്കില്‍ അവരുടെ രാഷ്ട്രീയത്തെയും ജാഗ്രതയോടെ ഈ സമുദായം സമീപിക്കേണ്ടി വരും. ഭരണകൂട അനീതിക്കെതിരെ നിരന്തരം സംസാരിച്ചും സമരങ്ങളിലേര്‍പ്പെട്ടുകൊണ്ടും മാത്രമേ നിലനില്‍നില്‍ക്കുന്ന വ്യവസ്ഥയില്‍ മുന്നോട്ട് പോകാനാവൂ. അതോടൊപ്പം തന്നെ രാജ്യത്തെ പൗരസമൂഹം എന്ന നിലക്ക് മുസ്ലിം സമൂഹത്തിന് ഭരണകൂടത്തില്‍ നിന്ന് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചും, നിഷേധിക്കപ്പെടുന്ന ആനുകൂല്യങ്ങളെ പറ്റിയും നിരന്തരം ഉത്തരവാദപ്പെട്ടവരെ ഉണര്‍ത്തുകയും വേണം. സമരവും പ്രതിഷേധങ്ങളും റദ്ദ് ചെയ്യാതെ തന്നെ ഇത് നടക്കേണ്ടതുണ്ട്. ആധിപത്യമുള്ളവരുടെ അനീതികളെ ചെറുക്കുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള ആസൂത്രണങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുമ്പോഴേ ദൈവികമായ ഇടപെടലുകള്‍ പോലും സംഭവിക്കൂ. അതിനാല്‍, ആധിപത്യ അനീതിക്കെതിരെയുള്ള ചോദ്യങ്ങളും സമരങ്ങളും തുടരുക തന്നെ വേണം.

ജനാധിപത്യവും ബഹുസ്വരതയും മതനിരപേക്ഷതയും ഉറപ്പുവരുത്തുന്ന രാജ്യത്തിന്റെ ഭരണഘടനയോട് പ്രതിബദ്ധതയുള്ളവര്‍ അധികാരത്തിലിരുന്ന കാലത്ത് രൂപപ്പെട്ട അജണ്ട വെച്ച് പ്രവര്‍ത്തിക്കുന്നവയാണ് ഇന്ത്യയിലെ മുഴുവന്‍ മുസ്ലിം സംഘടനകളും കൂട്ടായ്മകളും.  ഇന്ത്യന്‍ ഭരണഘടനയുടെ ഈ മൂല്യങ്ങളൊന്നും അംഗീകരിക്കാത്തവരുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ രാജ്യം. ഭരണകൂടം തന്നെ മുസ്ലിം സമുദായത്തെ ടാര്‍ഗറ്റ് ചെയ്തിരിക്കുന്നു. മാറിയ ഈ കാലത്ത് സംഘടനകളുടെയും കൂട്ടായ്മകളുടെയും അജണ്ടകളിലും മുന്‍ഗണനാക്രമങ്ങളിലും  മാറ്റം വേണ്ടതല്ലേ?
'ഫാഷിസം വരുന്നൂ' എന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. ഇപ്പോഴത് യാഥാര്‍ഥ്യമായിരിക്കുന്നു. കേന്ദ്ര ഭരണകൂടവും മിക്ക സംസ്ഥാനങ്ങളും മറ്റ് ഭരണസിരാ കേന്ദ്രങ്ങളും ഇന്ന് സംഘ് പരിവാറിന്റെ നിയന്ത്രണത്തിലാണുള്ളത്. സാംസ്‌കാരിക - അക്കാദമിക മേഖലകളിലും മീഡിയ രംഗത്തും അവരുടെ ആധിപത്യമാണ്. ദേശീയ തലത്തില്‍ ഒരു ബദലിന് നേതൃത്വം നല്‍കാന്‍ ശേഷിയുള്ള ഒരു പാര്‍ട്ടിയും നിലവില്‍ രാജ്യത്തില്ല. സാസ്‌കാരിക ഫാഷിസമാകട്ടെ ഫാഷിസ്റ്റ്‌വിരുദ്ധരുടെ അജണ്ടകളെ പോലും സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. മുസ്ലിം വിഭാഗത്തെ ഉന്നമിട്ട് പലതരം ഹേറ്റ് കാമ്പയിനുകള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. മീഡിയ അതേറ്റ് പിടിക്കുന്നു. ഇതിനെയെല്ലാം മറികടന്നുവേണം പുതിയ ഫാഷിസ്റ്റ്‌വിരുദ്ധ മുന്നേറ്റം രൂപപ്പെടാന്‍. അതിന് പരമ്പരാഗത അജണ്ടകളോ സംഘടനാ പ്രവര്‍ത്തനങ്ങളോ മതിയാവില്ല. ഫാഷിസ്റ്റ്‌വിരുദ്ധരായ മുഴുവന്‍ കൂട്ടായ്മകളും ഒന്നിച്ചണി നിരക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വ്യത്യസ്തരായി നിന്നുകൊണ്ട് സ്വന്തം മുന്‍ഗണനാ ക്രമങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഒരുമിച്ചു നില്‍ക്കാന്‍ പൊതു കൂട്ടായ്മകള്‍ രാജ്യത്തുടനീളം ഉയര്‍ന്നുവരണം. അത് സാധ്യമാകണമെങ്കില്‍ മുസ്ലിം സംഘടനകള്‍ നിലവിലെ മുന്‍ഗണനാ ക്രമങ്ങളിലും അജണ്ടകളിലും മാറ്റം വരുത്തി ഇത്തരമൊരു സംഘാടനത്തിന് മുന്നിട്ടിറങ്ങേണ്ടിവരും. പരസ്പരമുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തി തന്നെ സമുദായത്തിനിടയില്‍ ആദ്യമൊരു കോഡിനേഷന്‍ ഉണ്ടാവേണ്ടതുണ്ട്. സ്വന്തമായ അജണ്ടകളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും ഈയൊരു ആസൂത്രണത്തിനും സംഘാടനത്തിനും അതിലേറെ സമയവും ഊര്‍ജവും വിഭവങ്ങളും നീക്കിവെക്കാന്‍ മുഴുവന്‍ മുസ്ലിം കൂട്ടായ്മകളും തയ്യാറാകേണ്ട കാലമാണിത്. മുസ്ലിം സമുദായ സംഘടനകളിലും കൂട്ടായ്മകളിലും അത്തരം ആലോചനകളും ചര്‍ച്ചകളും നടക്കുമെന്ന് തന്നെയാണ് സോളിഡാരിറ്റി പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ മുസ്ലിംകള്‍ വംശഹത്യയുടെ ഘട്ടത്തിലാണുള്ളതെന്ന് വിവിധ അന്താരാഷ്ട്ര പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും മുസ്ലിംകള്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ വരാനിരിക്കുന്ന കാലത്തെ കുറിച്ച സൂചനകളാണ്. ഇത്തരമൊരു കാലത്ത് എന്തല്ലാം മുന്‍കരുതലുകളാണ് ഒരു സമുദായമെന്ന നിലക്ക് ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് സ്വീകരിക്കാനാവുക?
ഇന്ത്യയില്‍ മുസ്ലിം വംശഹത്യ എന്നോ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നൂ എന്നത് മാത്രമാണ് പുറത്ത് വന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ മുസ്ലിംകള്‍ താമസിക്കുന്ന ഏത് പ്രദേശത്തും എപ്പോഴും ആസൂത്രിതമായ വംശഹത്യകള്‍ നടക്കാം. അതിനുള്ള കാരണങ്ങളടക്കം സംഘ് പരിവാര്‍ തന്നെ ഉണ്ടാക്കും. ഭരണകൂടവും പോലീസും കലാപകാരികള്‍ക്കാവശ്യമായ സഹായവും ചെയ്യും. ഇതാണ് രാമനവമിയുമായി ബന്ധപ്പെട്ട ആക്രമണങ്ങളിലും നമ്മള്‍ കണ്ടത്. നേരത്തെ ഇന്ത്യയില്‍ നടന്ന വംശഹത്യകളും ഇതേ സ്വഭാവത്തില്‍ തന്നെയാണ് സംഘടിപ്പിച്ചിരുന്നത്.
വംശഹത്യാ കാലത്തെ അഭിമുഖീകരിക്കാനാവശ്യമായ അജണ്ടകളും ആസൂത്രണങ്ങളും സമുദായവും അതിലെ സംഘടനകളും കൂട്ടായ്മകളും അടിയന്തരമായി രൂപപ്പെടുത്തുക എന്നതാണ് പ്രഥമമായി നടക്കേണ്ടത്. ഭരണഘടനയും നിയമവും അംഗീകരിക്കുന്ന ഒട്ടേറെ മുന്‍കരുതലുകളും സ്വയം പ്രതിരോധ രീതികളും മൊത്തം സമുദായത്തിന് പകര്‍ന്ന് നല്‍കേണ്ടതുണ്ട്. ഇത് മുസ്ലിം സമുദായം ഒറ്റക്ക് ചെയ്യേണ്ടതുമല്ല. ഒരു പ്രദേശത്തെ ഫാഷിസ്റ്റ് വിരുദ്ധരായ മുഴുവന്‍ ജനവിഭാഗങ്ങളെയും ഇതില്‍ പങ്കാളികളാക്കാം.
ഫാഷിസ്റ്റ്‌വിരുദ്ധരായ മുഴുവന്‍ രാഷ്ട്രീയ സാമൂഹിക നേതാക്കളെയും ഉള്‍പ്പെടുത്തി ജാഗ്രതാ കോഡിനേഷന്‍ കമ്മിറ്റികള്‍ എല്ലായിടത്തും രൂപം കൊള്ളേണ്ടതുണ്ട്. അവര്‍ നിരന്തര സാമൂഹിക നിരീക്ഷണം നടത്തണം. ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം ഒത്ത് ചേര്‍ന്ന് സാമൂഹിക സാഹചര്യം വിലയിരുത്തണം. ഓരോ സന്ദര്‍ഭത്തിനും ആവശ്യമായ നടപടികള്‍ക്കവര്‍ രൂപം നല്‍കണം. ഓരോ പ്രദേശത്തെയും പോലീസും നിയമസഹായ വേദികളും ജാഗ്രതയോടെ നിലയുറപ്പിക്കുന്നുണ്ടെന്ന് ഈ ടീം ഉറപ്പു വരുത്തണം. ഇങ്ങനെയൊരു ജാഗ്രതാ ടീമിനെ രൂപപ്പെടുത്താന്‍ സമുദായം തന്നെ മുന്‍കൈയെടുക്കേണ്ടി വരും.
വംശഹത്യാ ആക്രമണങ്ങള്‍ക്കായി  തെരഞ്ഞെടുക്കാന്‍  സാധ്യതയുള്ള പ്രദേശങ്ങള്‍, അതില്‍ തന്നെ ഭരണകൂടവും പോലീസും നിഷ്‌ക്രിയരാവാനിടയുള്ള സ്ഥലങ്ങള്‍, പോലീസ് കലാപകാരികള്‍ക്കൊപ്പം ചേരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഇതൊക്കെ മുസ്ലിം നേതൃത്വം മുന്‍കൂട്ടി കാണേണ്ടതുണ്ട്. അതിനായി ഒരു ഇന്റേണല്‍  സംവിധാനം തന്നെ സമുദായത്തിനകത്ത് രൂപപ്പെടണം. ഇത്തരം സ്ഥലങ്ങളില്‍ അതിനനുസരിച്ച മുന്‍കരുതലുകളും ആസൂത്രണങ്ങളും ഉണ്ടാകണം. ഇങ്ങനെ നിയമാനുസൃതമായ മുഴുവന്‍ മുന്‍കരുതലുകളും ജാഗ്രതകളും ഉറപ്പുവരുത്തുന്നതിലേക്കെങ്കിലും സമുദായം എത്തേണ്ടതുണ്ട്. അതിനൊപ്പം നിലവില്‍ ഉയര്‍ന്ന വംശഹത്യാ ആശങ്കകളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ മുസ്ലിം നേതാക്കള്‍ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്നവരോട് സംസാരിക്കാന്‍ തയാറാവണം. അതിന്റെ ഫലം എന്തായാലും ഇതുമൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അങ്ങനെ എല്ലാവിധ ഇടപെടലുകളും നടത്തിയവരാണെന്ന് ഭാവിയില്‍ നമ്മുടെ മുസ്ലിം നേതാക്കളെ ലോകം അടയാളപ്പെടുത്തുകയെങ്കിലും ചെയ്യട്ടെ.

യു.പി ഇലക്ഷനില്‍ മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ പോലും അവര്‍ തെരഞ്ഞെടുക്കപ്പെടാത്ത വിധം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതി മാറിയിരിക്കുന്നു. ഞങ്ങളില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയും ഇല്ലെന്ന് ഭരണകക്ഷി വോട്ടു പിടിക്കാനുള്ള തന്ത്രമായി ഉയര്‍ത്തി കാണിക്കുന്നു. ഇത് പ്രതിപക്ഷ കക്ഷികളെയും പലനിലക്ക് സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യ ഇലക്ഷനിലൂടെ നിയമനിര്‍മാണ സഭകളില്‍ മതിയായ പ്രാതിനിധ്യം ലഭ്യമാവാത്ത കാലമാവും ഇനി വരിക. ഈ സന്ദര്‍ഭത്തില്‍ ഇത്തരം പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ മുസ്‌ലിം സമുദായത്തിന്റെ മുന്‍കൈയില്‍ പുതിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളും രാഷ്ട്രീയ ആവശ്യങ്ങളും ഉയര്‍ത്തേണ്ടതില്ലേ?
ഫാഷിസത്തിനെതിരെ പോരാടുമ്പോഴും നിലവിലെ ജനാധിപത്യ വ്യവസ്ഥക്കകത്ത് നടക്കേണ്ട രാഷ്ട്രീയ മാറ്റങ്ങള്‍ ഉന്നയിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. മുസ്ലിംകളെയും അവരുടെ ആവശ്യങ്ങളെയും പരിഗണിക്കുന്നത് ഭൂരിപക്ഷ സമുദായ വോട്ട് നഷ്ടപ്പെടുത്തുമെന്ന് മതേതര പാര്‍ട്ടികള്‍ പോലും വിചാരിക്കുന്നു. മുസ്ലിം നേതാക്കളെ തെരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ നിന്നും മാറ്റിനിര്‍ത്തുക, മുസ്ലിം സ്ഥാനാര്‍ഥിയെ പരമാവധി ഒഴിവാക്കുക  എന്ന നിലയിലേക്ക് ഫാഷിസ്റ്റ് വിരുദ്ധ മതേതര പാര്‍ട്ടികള്‍ പോലും മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പോയിട്ട് ഭരണ, നിയമ നിര്‍മാണ സഭകളില്‍ മുസ്ലിംകള്‍ തെരഞ്ഞെടുക്കപ്പെടുക തന്നെ അപൂര്‍വമാകുന്ന ഘട്ടത്തിലേക്ക് രാജ്യം നീങ്ങുകയാണ്. അതിന്റെ മുന്നറിയിപ്പുകളാണ് യു.പി ഇലക്ഷനില്‍ നാം കണ്ടത്.
ഈയൊരു ഘട്ടത്തില്‍ പുതിയ ചില രാഷ്ട്രീയ ആവശ്യങ്ങള്‍ മുസ്ലിം ന്യൂനപക്ഷ സമുദായം ഉയര്‍ത്തേണ്ടതുണ്ട്. ജനസംഖ്യാനുപാതികമായ  സംവരണ മണ്ഡലങ്ങള്‍ മുസ്ലിം സമുദായത്തിന് ലോകസഭയിലും നിയമസഭകളിലും നീക്കിവെക്കാന്‍  ആവശ്യപ്പെടേണ്ടതുണ്ട്. അതുപോലെ ലോകത്തിന്റെ പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന ഇന്‍ക്ലൂസീവ് ഡെമോക്രസി ഇന്ത്യയിലും നടപ്പാക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളാവിഷ്‌കരിക്കുമ്പോള്‍ ന്യൂനപക്ഷ ജന പ്രതിനിധികളുടെ ഭൂരിപക്ഷാഭിപ്രായം അതിന് ലഭിക്കണമെന്ന നിയമം ചില രാജ്യങ്ങളിലുണ്ട്. ജനാധിപത്യത്തിന്റെ തന്നെ മാതൃകാ ആവിഷ്‌കാരങ്ങളാണിത്. ഭൂരിപക്ഷത്തിന്റെ ആധിപത്യത്തില്‍ ന്യൂനപക്ഷാവകാശങ്ങളും അവരുടെ വിശ്വാസങ്ങളും സംസ്‌കാരങ്ങളും നശിപ്പിക്കപ്പെടരുതെന്ന ഉയര്‍ന്ന ജനാധിപത്യബോധമാണിത്. ഇത്തരം ജനാധിപത്യ രാഷ്ട്രീയ പരിഷ്‌കരണങ്ങളുംസമുദായം ഈ സന്ദര്‍ഭത്തില്‍ ഉയര്‍ത്തണം.

ഫാഷിസത്തിന്റെ വെല്ലുവിളികള്‍ വളരെ പ്രത്യക്ഷമാണ്. എന്നാല്‍ കേരളത്തിലടക്കം ലിബറലിസവും മതനിരാസവുമെല്ലാം ഒരു സമുദായമെന്ന നിലക്ക് മുസ്ലിംകളെ ലക്ഷ്യമിടുന്നതിനെക്കുറിച്ച്..?
രാജ്യത്ത് നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയ ഉപയോഗപ്പെടുത്തിയും അതിനെ ശക്തിപ്പെടുത്തിയും തന്നെയാണ് മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട്  ലിബറലിസവും മതനിരാസവും പ്രവര്‍ത്തിക്കുന്നത്. ഒരു ന്യൂനപക്ഷ സമൂഹമെന്ന നിലക്കുള്ള  മുസ്ലിം സമുദായത്തിന്റെ സവിശേഷമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും സംസ്‌കാരത്തെയും തന്നെയാണ് ലിബറലിസവും ലക്ഷ്യമിടുന്നത്. ലിബറല്‍ മോഡേണിറ്റി മുസ്ലിംകള്‍ക്കും ഇസ്ലാമിനുമെതിരെ അഴിച്ചു വിടുന്ന പ്രചാരണങ്ങളുടെ ഗുണഭോക്താക്കളും ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാഷിസ്റ്റുകളാണ്. മുസ്ലിം പെണ്ണിന്റെ വേഷവും ഹിജാബുമെല്ലാം പ്രശ്‌നവത്കരിക്കാന്‍ തുടക്കമിട്ടത് ലിബറലുകളായിരുന്നുവെങ്കിലും അത് തങ്ങളുടെ ധ്രുവീകരണ രാഷ്ട്രീയത്തിന് പറ്റിയ ടൂള്‍ ആണെന്ന് മനസ്സിലാക്കി സംഘ് പരിവാര്‍ ഉപയോഗപ്പെടുത്തുന്നത് നമ്മള്‍ കാണുകയാണ്. ധാര്‍മിക ചട്ടക്കൂടില്‍ പരസ്പര വിശ്വാസത്തോടെ കെട്ടിപ്പടുത്ത കുടുംബ വ്യവസ്ഥകളെയടക്കം ചോദ്യം ചെയ്യുന്ന ലിബറലിസം അരാജകത്വമാണ് ബാക്കി വെക്കുക. മുസ്ലിം സമുദായം ഈ അജണ്ടകളെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അത്തരം ബോധവല്‍ക്കരണങ്ങള്‍ സമുദായത്തിനകത്ത് പല കൂട്ടായ്മകളും നടത്തുന്നുമുണ്ട്. അതിനിയും തുടരണം. സോളിഡാരിറ്റിയും അതിന്റെതായ ഉത്തരവാദിത്വം ഈ മേഖലകളില്‍ നിര്‍വഹിക്കും.
ലിബറലിസം പരിക്കേല്‍പ്പിക്കുന്ന ഇസ്ലാമിക വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ച് യുവാക്കള്‍ക്കിടയില്‍ കൃത്യമായ ബോധവത്കരണം സോളിഡാരിറ്റി നിര്‍വഹിക്കും. യുവാക്കളെ ഇസ്ലാമിക വിശ്വാസവും സംസ്‌കാരവും മുറുകെ പിടിക്കുന്നവരായി വളര്‍ത്തുക എന്നതും, കുടുംബത്തിന്റെ ഇസ്ലാമികവത്കരണം അവര്‍ വഴി ഉറപ്പുവരുത്തുക എന്നതും സോളിഡാരിറ്റി അതിന്റെ മുഖ്യ പ്രവര്‍ത്തനമായിട്ടാണ് കാണുന്നത്.
ഫാഷിസ്റ്റുകള്‍ മാത്രമല്ല ലിബറലുകളും ഇടതുപക്ഷവുമടക്കം ഇസ്ലാമോഫോബിയാ അന്തരീക്ഷത്തെ ദുരുപയോഗം ചെയ്യുന്നത് കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കാനും സോളിഡാരിറ്റി ആഗ്രഹിക്കുന്നു. 'ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തില്‍ മെയ് 5-ന് കാസര്‍കോട് നിന്നാരംഭിച്ച് മെയ് 12-ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യൂത്ത്കാരവന്‍ ഇതിന്റെ ഭാഗമാണ്. ഇന്ത്യയിലും കേരളത്തിലും നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയയുടെ വിവിധ രൂപങ്ങളെ വിശദമാക്കും വിധമാണ് ഈ യൂത്ത് കാരവന്‍ സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട പ്രധാന പരിപാടികളിലൊന്നുമാണിത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്‌ 5-9
ടി.കെ ഉബൈദ്‌