Prabodhanm Weekly

Pages

Search

2022 മെയ് 13

3251

1443 ശവ്വാല്‍ 12

ഫാഷിസ്റ്റ്  വിരുദ്ധ  മാനിഫെസ്‌റ്റോക്ക് ഒരാമുഖം

ഷംസീര്‍ ഇബ്‌റാഹീം

ഇന്ത്യയിലെ മുസ്‌ലിം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ഏകശിലാത്മക സ്വഭാവത്തിലുള്ളതല്ല. ജീവിത നിലവാരം, വിദ്യാഭ്യാസം, രാഷ്ട്രീയം, തുല്യത, അവസരസമത്വം തുടങ്ങി നീളത്തിലും ആഴത്തിലുമുള്ള അനീതികളും വിവേചനങ്ങളും കാലങ്ങളായി മുസ്‌ലിം സമൂഹം നേരിട്ടിട്ടുണ്ട്. ആത്മാഭിമാനത്തോടെയുള്ള നിലനില്‍പ് പോലും ചോദ്യം ചെയ്യപ്പെടുന്ന വിധത്തിലുള്ള അനുഭവങ്ങളിലൂടെയാണ് ഇന്ത്യന്‍ മുസ്‌ലിമിന്റെ ദൈനംദിന ജീവിതം കടന്നുപോകുന്നത്. കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ ഹിന്ദുത്വ ഭരണകൂടങ്ങളുടെ അധികാരത്തുടര്‍ച്ചകളും ഹിന്ദുരാഷ്ട്ര പദ്ധതിയുടെ അനിവാര്യ ഘടകമായ മുസ്‌ലിംവിരുദ്ധ നടപടികളും ഗതിവേഗം ആര്‍ജിക്കുന്നതും മുസ്‌ലിം സമൂഹത്തിനകത്തു ധാരാളം ആലോചനകള്‍ക്ക് വഴി വെച്ചിട്ടുണ്ട്.
ഇന്ത്യയിലെ മുസ്‌ലിം സമൂഹം സംഘ് പരിവാറിന്റെ ഹിന്ദുത്വ പദ്ധതികളുടെ മുമ്പിലെ ഏറ്റവും വലിയ വിലങ്ങുതടിയാണ്. 20 കോടിയോളം വരുന്ന, ഇന്ത്യയിലെ ജനസംഖ്യയുടെ 15 ശതമാനത്തിനടുത്തു വരുന്ന വലിയൊരു ജനവിഭാഗത്തോടുള്ള സമീപനം എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിച്ച് ആര്‍.എസ്.എസിനകത്തു തന്നെ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കെ.എസ് സുദര്‍ശന്‍ സര്‍സംഘ് ചാലക് ആയിരിക്കെ 2002 ഡിസംബറിലാണ് ആര്‍.എസ്.എസ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് രൂപീകരിക്കുന്നത്. സംഘ് പരിവാറിനകത്ത് ആഭ്യന്തരമായ ധാരാളം ചര്‍ച്ചകള്‍ മഞ്ചിന്റെ രൂപീകരണത്തിന് മുമ്പും ശേഷവും നടന്നിട്ടുണ്ട്. സമീപകാലത്ത് മോഹന്‍ ഭഗവത് അഹിന്ദു പ്രയോഗം ഒഴിവാക്കിയതായി പ്രഖ്യാപിക്കുന്നതും ഇന്ത്യയിലെ 'മുസ്‌ലിം പ്രശ്ന'ത്തെ എങ്ങനെ സമീപിക്കണം എന്ന ചര്‍ച്ചയുടെ ഭാഗമായാണ്.
സത്യാനന്തര കാലത്തെ  തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ് സംഘ് പ്രസ്ഥാനങ്ങള്‍. ഇന്ത്യയുടെ സുദീര്‍ഘമായ മുസ്‌ലിം ഭരണചരിത്രത്തെ  പുറമെ നിന്ന് വന്ന  വിദേശികള്‍ എന്ന രീതിയിലാണ്  അവര്‍  അവതരിപ്പിച്ചത്. ഇന്ത്യന്‍ സംസ്‌കാരവും ദേശീയതയും ഹിന്ദു സംസ്‌കാരമായും ഹിന്ദു ദേശീയതയായും അവര്‍ പ്രചരിപ്പിച്ചു.  വിഭജനവുമായി ബന്ധപ്പെട്ട് നിര്‍മിച്ചെടുത്ത മുസ്‌ലിം അപരവത്കരണ ശ്രമങ്ങളും അവര്‍ തുടര്‍ന്നുകൊണ്ടുപോയി. പിന്നാക്കം നില്‍ക്കുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിനു അര്‍ഹതപ്പെട്ട സര്‍ക്കാര്‍ പദ്ധതികളെ പോലും മുസ്‌ലിം പ്രീണനമായി ചിത്രീകരിക്കാനവര്‍ക്ക് നിഷ്പ്രയാസം സാധിച്ചു. ആഗോളതലത്തില്‍ ശക്തിപ്പെട്ട ഭീകരതക്കെതിരായ യുദ്ധത്തിന്റെയും ഇസ്‌ലാമോഫോബിയയുടെയും ഇന്ത്യന്‍ പതിപ്പുകള്‍ അവര്‍ ഭരണകൂട പിന്തുണയോടെ ഇവിടെ നിര്‍മിച്ചെടുത്തു.
ഇങ്ങനെ സംഘ് പരിവാര്‍ ശ്രദ്ധയും ഊര്‍ജവും സമയവും ചെലവഴിച്ച് രൂപപ്പെടുത്തി കൊണ്ടുവന്ന മുസ്‌ലിംവിരുദ്ധത കേവലം ആര്‍.എസ്.എസ് ശാഖകളില്‍  ഒതുങ്ങുന്നതായിരുന്നില്ല. ബി.ജെ.പിയിതര രാഷ്ട്രീയ പാര്‍ട്ടികളെയും ഹിന്ദു-ഹിന്ദുയിതര സമുദായങ്ങളെയും അത് വലിയ അളവില്‍ സ്വാധീനിച്ചു കഴിഞ്ഞു. ബി.ജെ.പിയിതര രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ നേതാക്കളും തങ്ങള്‍ ഹിന്ദു വിരുദ്ധമല്ലെന്നും മുസ്‌ലിം പ്രീണനം നടത്തുന്നില്ലെന്നും ഇടക്കിടെ ബോധിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് മുസ്‌ലിംവിരുദ്ധ പൊതുബോധത്തെ കൊണ്ട് വന്ന് നിര്‍ത്തുന്നതില്‍ സംഘ് പരിവാര്‍ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബി.ജെ.പിയിതര രാഷ്ട്രീയ പാര്‍ട്ടികള്‍ മറ്റേതൊരു സാമൂഹിക ജനവിഭാഗം നേരിടുന്ന അനീതികള്‍ക്കെതിരെ പ്രതികരിക്കുന്നതിനേക്കാളും കവിഞ്ഞ ജാഗ്രത മുസ്‌ലിം വിഷയങ്ങളെ കുറിച്ച പ്രതികരണങ്ങളില്‍ പുലര്‍ത്തുന്നത് കാണാന്‍ സാധിക്കും. ഒരേസമയം ഹിന്ദു പ്രീണനവും മുസ്‌ലിം വിഷയങ്ങളോടുള്ള അകല്‍ച്ചയും നയമായി സ്വീകരിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടമുറപ്പിക്കാന്‍ സാധിക്കൂ എന്ന തീര്‍പ്പിലേക്ക് മതേതര പാര്‍ട്ടികള്‍ എത്തുന്നത് അതുകൊണ്ടാണ്.
ഇന്ത്യന്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഒരു വാക്ക് വംശഹത്യ (genocide) ആണ്. വംശ്യഹത്യ പൊടുന്നനെ നടക്കുന്ന സംഭവം എന്നതിനേക്കാളുപരി അതിനെ ഒരു പ്രക്രിയ ആയി മനസ്സിലാക്കണം എന്നഭിപ്രായപ്പെട്ടത് ജെനസൈഡ് വാച്ചിന്റെ സ്ഥാപകന്‍ ഗ്രിഗറി സ്റ്റാന്‍ടണ്‍ ആണ്. അദ്ദേഹം പറയുന്നത് ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇപ്പോള്‍ വംശഹത്യ പ്രക്രിയയുടെ എട്ടാം ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണ്. ഇന്ത്യയിലെ 'മുസ്‌ലിം പ്രശ്നത്തെ' വിവിധ  രീതികളിലൂടെയാണ് ഇപ്പോള്‍ സംഘ് പരിവാര്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. പരിപൂര്‍ണ മുസ്‌ലിം ഉന്മൂലനം എന്നത് ഇന്ത്യയില്‍ അപ്രായോഗികമായ ഒരു പദ്ധതിയാണ്. വംശഹത്യാ ചരിത്രങ്ങളിലെ മറ്റു സമൂഹങ്ങളെ പോലെ എണ്ണത്തില്‍ കുറവുള്ള ഒരു സമൂഹമല്ല ഇന്ത്യയിലെ മുസ്‌ലിം സമൂഹം. അതേസമയം തന്നെ മുസ്‌ലിംവിരുദ്ധ കലാപങ്ങളും കൂട്ടക്കൊലകളും ഇന്ത്യയില്‍ ഇനിയും ആവര്‍ത്തിക്കപ്പെടാം. മുസ്‌ലിംകളെ കൊന്നും കച്ചവട സ്ഥാപനങ്ങളും മറ്റു ജീവസന്ധാരണ മാര്‍ഗങ്ങളും നശിപ്പിച്ചും വംശഹത്യ പ്രക്രിയ ഇന്ത്യയില്‍ തുടരാനുള്ള സാധ്യത ഏറെയാണ്. 'നിയമവിധേയം' എന്ന വ്യാജേന ഭരണകൂടങ്ങളും നിയമവിരുദ്ധമായി ഹിന്ദുത്വ സംഘടനകളും ഇതില്‍ പങ്കാളികളാകും. കൊന്നും കത്തിച്ചും മാത്രമല്ല വംശഹത്യാപ്രക്രിയകള്‍ അരങ്ങേറുക. സാംസ്‌കാരിക വംശഹത്യ സംഘ്പരിവാറിന്റെ മുമ്പിലുള്ള മറ്റൊരു മാര്‍ഗമാണ്. സമീപ കാലത്തു ശക്തിപ്പെട്ട ഹിജാബ്-ഹലാല്‍ പൈശാചികവല്‍ക്കരണത്തിലൂടെ സംഘ് പരിവാര്‍ ലക്ഷ്യം വെക്കുന്നത് മുസ്‌ലിംകളുടെ സവിശേഷമായ സാംസ്‌കാരിക-മതകീയ ശീലങ്ങളെയാണ്. അതോടൊപ്പം മുസ്‌ലിം സമൂഹത്തെ രണ്ടാം കിട പൗരന്മാരായി തരം താഴ്ത്താനുള്ള ശ്രമങ്ങളും പൂര്‍വാധികം ശക്തിപ്പെടും. നിയമ നിര്‍മാണ സഭകള്‍, ഉന്നത വിദ്യാഭ്യാസ രംഗം, ഭരണ കാര്യ നിര്‍വഹണവുമായി ബന്ധപ്പെട്ട വിവിധ മേഖലകള്‍, മാധ്യമ പ്രവര്‍ത്തന മേഖലകള്‍, വ്യാപാര  വ്യവസായ മേഖലകള്‍ തുടങ്ങിയ ഇടങ്ങളിലെ മുസ്‌ലിം സാന്നിധ്യങ്ങള്‍ തീര്‍ച്ചയായും സംഘ്പരിവാറിന്റെ ഉന്നങ്ങളില്‍ പെടും. പോലീസ് കോടതി സംവിധാനങ്ങളില്‍ നിന്ന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചും വൈകിപ്പിച്ചും തങ്ങള്‍ രണ്ടാം കിട പൗരന്മാരാണെന്ന് മുസ്‌ലിം സമൂഹത്തിനകത്തും, തുല്യതയും അവസര സമത്വവും സ്വാഭാവിക നീതിയും നിഷേധിക്കപ്പെടേണ്ടവരാണ് മുസ്‌ലിംകള്‍ എന്ന് പൊതുസമൂഹത്തിലും കൃത്രിമമായ ബോധ്യങ്ങള്‍  നിര്‍മിച്ചെടുക്കാനും സംഘ് പരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതോടൊപ്പം ഹിന്ദുത്വ സാംസ്‌കാരിക ദേശീയതയെ അംഗീകരിച്ചു കൊണ്ട് ഈ രാജ്യത്തു ജീവിക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലേക്ക് മുസ്‌ലിംകളെ എത്തിക്കുവാനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തി കൊണ്ടിരിക്കുുണ്ട്.
വിവിധ തലങ്ങളില്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള നിരവധി പദ്ധതികളിലൂടെ ഇന്ത്യയിലെ 'മുസ്‌ലിം പ്രശ്നത്തെ' നേരിടാനാണ് നിലവില്‍ സംഘ് പരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവരുടെ അതിജീവനം, മുന്നോട്ട് പോക്ക് തുടങ്ങിയവയിലേക്ക് വെളിച്ചം വീശുന്ന മാനിഫെസ്റ്റോയെ കുറിച്ച ചര്‍ച്ചകളുടെ പ്രസക്തി ഇവിടെയാണ്. മറ്റു പ്രദേശങ്ങളിലെ മുസ്‌ലിം സമൂഹങ്ങളെ അപേക്ഷിച്ചു പലവിധത്തിലുള്ള അനുകൂല ഘടകങ്ങള്‍ സ്വായത്തമാക്കിയ ഒരു കൂട്ടര്‍ എന്ന നിലയില്‍ കേരളീയ മുസ്‌ലിം സമൂഹത്തിന് ഈ ദിശയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കും. സേവനപ്രവര്‍ത്തന രംഗത്തും നാനാവിധത്തിലുള്ള സമുദായ ശാക്തീകരണ രംഗങ്ങളിലും മലയാളി മുസ്‌ലിം സമൂഹം ഇതിനോടകം തന്നെ ഇന്ത്യയുടെ നീളങ്ങളിലേക്കും വീതികളിലേക്കും കടന്നു ചെന്നിട്ടുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രസ്താവ്യമായ മലയാളി മുസ്‌ലിം സാന്നിധ്യത്തെ കുറിച്ച് 'മാര്‍ക്ക് ജിഹാദ്' പരാമര്‍ശങ്ങള്‍ വന്നത് ഈയടുത്ത കാലത്താണ്. കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളും കൂട്ടായ്മകളും പരിമിതമായ മേഖലകളില്‍ തുടങ്ങി വെച്ച ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കേണ്ടതുണ്ട്.
സാമൂഹിക-രാഷ്ട്രീയ-സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നായകത്വം വഹിക്കേണ്ട ദൗത്യം ഏറ്റെടുക്കേണ്ടത് തീര്‍ച്ചയായും മുസ്‌ലിം സമൂഹത്തിലെ മധ്യ-ഉപരിവര്‍ഗത്തില്‍ പെട്ടവരാണ്. മുസ്‌ലിം സമൂഹത്തിലെ അടിസ്ഥാനവര്‍ഗം അഭിമുഖീകരിക്കുന്ന പ്രാഥമിക ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോള്‍ തുടങ്ങി വെച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും തുടരണം എന്ന് മാത്രമല്ല, അവ കൂടുതല്‍ വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും കൂടി വേണം. അതേസമയം, ഇനിയങ്ങോട്ടുള്ള മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട സാമൂഹിക  രാഷ്ട്രീയ മേഖലകളിലെ ശാക്തീകരണത്തിന്റെ പ്രാഥമിക ഉന്നവും പ്രവര്‍ത്തന മണ്ഡലവും മുസ്‌ലിം സമൂഹത്തിലെ മധ്യ-ഉപരി വര്‍ഗമായിരിക്കണം. കാരണം, അതിജീവനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ഏതൊരു സമൂഹത്തിലെയും മധ്യ-ഉപരി വര്‍ഗങ്ങള്‍ക്കാണ് ഭാവിയിലേക്ക് നോക്കി അജണ്ടകള്‍ നിര്‍ണയിക്കാനും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും സാധിക്കുക.

സ്വയംബോധവും ആത്മാഭിമാനവും

ഏതൊരു ആലോചനകള്‍ക്കും മുമ്പായി ചരിത്രത്തിലെ അനിവാര്യമായ ഒരു പ്രതിസന്ധി ഘട്ടത്തില്‍ കൂടിയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ഥ്യ ബോധത്തിലേക്ക് മുസ്‌ലിം സമൂഹത്തെ എത്തിക്കുക എന്നത് പരമ പ്രധാനമാണ്. മുസ്‌ലിം എന്ന മേല്‍വിലാസം ഇന്ത്യയില്‍ തടവറകളില്‍ അടക്കപ്പെടുകയും കൂട്ടക്കൊല ചെയ്യപ്പെടുകയും പൗരത്വം നിഷേധിക്കപ്പെടുകയും നിരന്തരം പൈശാചികവത്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴും മുസ്‌ലിം സമൂഹത്തിന്റെ മുന്നോട്ട്‌പോക്ക് തടസ്സപ്പെടുകയോ അവരുടെ കാലുകള്‍ പതറിപ്പോവുകയോ ചെയ്യുകയില്ലെന്ന ദൃഢനിശ്ചയം സമുദായത്തിനുണ്ടാകണം. അഞ്ചു പേരെ ഭയപ്പെടുത്തി അഞ്ഞൂറ് പേരെ നിഷ്‌ക്രിയരാക്കാം എന്നത് ആധിപത്യ ശക്തികളുടെ യുദ്ധതന്ത്രമാണ്. അഞ്ചു പേര്‍ ഭയന്നാലും മറ്റൊരു അഞ്ചു പേര്‍ ജയിലുകളില്‍ അടക്കപ്പെട്ടാലും ഇനിയുമൊരു അഞ്ചു പേരെ കൊന്നു കളഞ്ഞാലും ബാക്കിയുള്ള 485 പേര്‍ ആലോചിക്കേണ്ടത് മുന്നോട്ട്‌പോകുന്നതിനെ കുറിച്ച് തന്നെയാണ്.

ഡോക്യുമെന്റേഷനും
അഡ്വക്കസിയും

മുസ്‌ലിം സമൂഹത്തിനെതിരില്‍ നടന്നു കൊണ്ടിരിക്കുന്ന നാനാവിധത്തിലുള്ള അനീതികളും പീഡനങ്ങളും കൃത്യമായും വ്യവസ്ഥാപിതമായും ഡോക്യുമെന്റ് ചെയ്യപ്പെടണം. ഒരു പീഡിത സമൂഹത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മുന്നോട്ട്‌പോക്കില്‍ അത്തരം രേഖകള്‍ തെളിവുകള്‍ മാത്രമല്ല, ആയുധങ്ങള്‍  കൂടിയാണ്. മുസ്‌ലിം സമൂഹത്തോളം അസ്തിത്വ പ്രതിസന്ധികള്‍  നേരിടാത്ത വിഭാഗങ്ങള്‍ പോലും ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു പോരുന്നുണ്ട്. ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മേഖലയില്‍ കൂടുതല്‍ നൈരന്തര്യത്തോടെയുള്ള വ്യവസ്ഥാപിത ശ്രമങ്ങള്‍ ശക്തിപ്പെടുത്തണം.
ഇന്ത്യയിലെ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന പീഡനങ്ങളും നീതിനിഷേധങ്ങളും ആഗോളതലത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. 2014-നു ശേഷം മിഡില്‍ ഈസ്റ്റ്-യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും വ്യത്യസ്ത ഔദ്യോഗിക അന്താരാഷ്ട്ര വേദികളിലും കൂട്ടായ്മകളിലും ഈ വിഷയം കാമ്പയിന്‍ സ്വഭാവത്തിലും മറ്റും ചര്‍ച്ചയാകുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പൗരത്വനിയമം ഭേദഗതി ചെയ്തപ്പോള്‍ അതിനെതിരില്‍ വലിയ പ്രതിഷേധങ്ങളും എതിര്‍പ്പുകളും രാജ്യത്തിന് പുറത്തു വിവിധ തലങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. അഥവാ ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ എന്നത് ലോകം ഇന്ന് കൂടുതല്‍ ശ്രദ്ധിക്കുകയും സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഗ്ലോബല്‍ വിഷയമാണ്. വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ കൂട്ടായ്മകളും മനുഷ്യാവകാശ-പത്രപ്രവര്‍ത്തക കൂട്ടായ്മകളും മുതല്‍ ജനപ്രതിനിധികളും മതപണ്ഡിതരും വരെ ഇതില്‍ ക്രിയാത്മകമായ റോള്‍ വഹിച്ചു പോരുന്നു. പുതിയ ലോകക്രമത്തില്‍ ഭരണകൂടങ്ങളുടെയും സിവില്‍ സൊസൈറ്റികളുടെയും സംഘടനകളുടെയും നയങ്ങളും ചെയ്തികളും തിരുത്താനും മനുഷ്യാവകാശവും സ്വാഭാവിക നീതിയും തങ്ങള്‍ ഉറപ്പ് വരുത്തുന്നുണ്ട് എന്ന് ആഗോള സമൂഹത്തെ കൂടുതല്‍ ബോധ്യപ്പെടുത്താനും ഇത്തരം കൂട്ടായ ശബ്ദങ്ങള്‍  സഹായിക്കും. അത്തരം വ്യത്യസ്ത വേദികളുടെയും കൂട്ടായ്മകളുടെയും മുമ്പാകെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും സമ്മര്‍ദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാനും ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിനു സംവിധാനങ്ങള്‍ വേണ്ടതുണ്ട്. ഒരു പിന്നാക്ക സമൂഹം എന്ന നിലയില്‍ വ്യാപാര-വ്യവസായ മേഖലകളിലെ പരസ്പര സഹകരണത്തിനും ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ അടക്കമുള്ള മുസ്‌ലിം സമൂഹത്തിന്റെ ശാക്തീകരണത്തിനും ഇത്തരം നെറ്റ് വര്‍ക്കുകള്‍ പ്രയോജനപ്പെടുത്തണം.
രാജ്യത്തെ പിടിച്ചു കുലുക്കിയ സി.എ.എ പ്രക്ഷോഭം വിജയമോ പരാജയമോ എന്ന ചര്‍ച്ച പ്രക്ഷോഭാനന്തരം ചിലയിടങ്ങളില്‍ നടന്നിട്ടുണ്ട്. നിയമ ഭേദഗതി ഇതുവരേക്കും സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല എന്ന അളവുകോലില്‍ പ്രക്ഷോഭങ്ങള്‍ പരാജയമാണെ് വിലയിരുത്തപ്പെട്ടേക്കാം. എന്നാല്‍ ഒരു സമരത്തെ / പ്രക്ഷോഭത്തെ വിലയിരുത്തേണ്ടത് പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവോ എന്നതുവെച്ച് മാത്രമായിരിക്കരുത്. സമരങ്ങളെയും പ്രക്ഷോഭങ്ങളെയും കാലത്തിന്റെ തുടര്‍ച്ചകളിലൂടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയ ആയിട്ട് വേണം മനസ്സിലാക്കാന്‍. കര്‍ഷക പ്രക്ഷോഭത്തെയും സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെയും താരതമ്യം ചെയ്യുമ്പോള്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ജനവിഭാഗങ്ങളുടെ സോഷ്യല്‍ ലൊക്കേഷന്‍ കൂടി കണക്കിലെടുക്കേണ്ടി വരും. പൗരത്വ നിയമ ഭേദഗതി പിന്‍വലിച്ചില്ലെങ്കിലും ആ പ്രക്ഷോഭം പല അര്‍ഥത്തില്‍ മുസ്‌ലിം സമൂഹത്തിന് ഗുണകരവും പ്രതീക്ഷാദായകവുമായിരുന്നു. പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുള്ള ഒരു സമുദായ നിര്‍മിതിക്കുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന തിരിച്ചറിവ് പ്രക്ഷോഭം നല്‍കുന്നുണ്ട്.
ഇന്ത്യന്‍ മുസ്‌ലിം സമൂഹം രാഷ്ട്രീയമായും സാമ്പത്തികമായും ഒക്കെ ചിതറിക്കിടക്കുന്ന ഒരു സമൂഹം കൂടിയാണ്. സി.എ.എ വിരുദ്ധ പ്രക്ഷോഭം ഈ സമൂഹത്തിന്റെ സ്ട്രീറ്റ് പൊട്ടന്‍ഷ്യലിനെയാണ് മറ നീക്കി കാണിച്ചു തന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചു നിരവധിയിടങ്ങളിലാണ് ഷാഹീന്‍ ബാഗ് മോഡല്‍ സമരപ്പന്തലുകള്‍ ഉയര്‍ന്നു വന്നത്. മുസ്‌ലിം സമുദായം ദിവസങ്ങളോളം തെരുവുകളില്‍ തന്നെയായിരുന്നു. സംഘടനാ നേതൃത്വങ്ങള്‍ക്കപ്പുറം ധാരാളം വിദ്യാര്‍ഥി-യുവ നേതൃത്വങ്ങളെ സമുദായം ആഘോഷിക്കുകയും അവരില്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്തു. അത്തരം നേതൃത്വങ്ങള്‍ ഇപ്പോഴും പലയിടങ്ങളിലായി ചിതറിക്കിടപ്പുണ്ട്. ആവശ്യം വേണ്ട പരിശീലനങ്ങളും ദിശാബോധവും സംവിധാനങ്ങളും നല്‍കി ആ യൂത്ത് പൊട്ടന്‍ഷ്യലിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം. ഇന്ത്യയിലെ കുറഞ്ഞത് 50 നഗര / ഗ്രാമ പ്രദേശങ്ങള്‍ എങ്കിലും കേന്ദ്രീകരിച്ചു രാഷ്ട്രീയ  സാമൂഹിക സംഘാടനങ്ങളില്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുന്ന മനുഷ്യവിഭവത്തെ വളര്‍ത്തിയെടുക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ സമുദായത്തിനുണ്ടാകണം.
മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കുന്നത് സമകാലിക ലോകത്തു മാധ്യമങ്ങള്‍ ഒരേ സമയം രാജ്യത്തെ എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും ലെജിസ്‌ലെയ്ച്ചറിനെയും തിരുത്താന്‍ ശേഷിയുള്ള കറക്ടീവ് മെക്കാനിസവും അതേ സമയം ഒരു അധികാര ശക്തി(പവര്‍ സ്ട്രക്ച്ചര്‍)യും കൂടി ആയതു കൊണ്ടാണ്. മാധ്യമങ്ങള്‍ ഇന്ത്യയില്‍ മുമ്പില്ലാത്തവിധം നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയിലെ നൂറു കണക്കിന് മുഴുസമയ സാറ്റലൈറ്റ് വാര്‍ത്താചാനലുകളില്‍ മുസ്‌ലിം ഉടമസ്ഥതയില്‍ അത്തരത്തിലുള്ള ഏക വാര്‍ത്താ ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തന രംഗത്തു ഉത്തരേന്ത്യന്‍ മുസ്‌ലിം സമൂഹത്തില്‍ നിന്ന് ദുര്‍ബലമെങ്കിലും പുതിയ സാധ്യതകള്‍ ആരായുന്ന ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ന്യൂസ് പോര്‍ട്ടല്‍, നവമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ചെറുമാധ്യമങ്ങള്‍ തുടങ്ങിയവ മുസ്‌ലിം കര്‍തൃത്വത്തില്‍ നടക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ അതിജീവനത്തിനും മുന്നോട്ട്‌പോക്കിനുമുള്ള അനിവാര്യ ഘടകമെന്ന നിലയില്‍ തന്നെ മനസ്സിലാക്കിക്കൊണ്ട് വിവിധ മാധ്യമ സംരംഭങ്ങളെ സമുദായം നിര്‍ലോഭം പിന്തുണക്കുകയും പ്രോല്‍ത്സാഹിപ്പിക്കുകയും ആ രംഗത്തു കഴിവുള്ള ഇന്‍ഫ്ലുവന്‍സേഴ്സിനെ വളര്‍ത്തിക്കൊണ്ട് വരുകയും വേണം. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാഠി, ആസാമീസ് തുടങ്ങിയ ഭാഷകളില്‍ ഇത്തരം ഉദ്യമങ്ങള്‍ തുടങ്ങി വെക്കേണ്ടതുണ്ട്. ലാഭകരമായ ഒരു സംരംഭമാകാന്‍ ഏറെ റിസ്‌ക് ഫാക്റ്റര്‍ ഉള്ള ഒരു മേഖല ആയതിനാല്‍ മുസ്‌ലിം സമൂഹത്തിന്റെയും സംഘടനകളുടെയും പ്രതിവര്‍ഷ സാമ്പത്തിക വ്യയത്തില്‍ കാര്യപ്പെട്ട വിഹിതമായി മാധ്യമ പ്രവര്‍ത്തനം ഇടം പിടിക്കാതെ നിര്‍വാഹമില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച മാധ്യമ പരിശീലന കേന്ദ്രങ്ങളില്‍   നിന്ന് പ്രതിവര്‍ഷം നിശ്ചിത എണ്ണം മുസ്‌ലിം ഔട്ട്പുട്ടുകള്‍ ഉറപ്പ് വരുത്തണം. 
മേല്‍പ്പറഞ്ഞ ഡോക്യുമെന്റേഷന്‍, ദേശീയ-അന്തര്‍ദേശീയ ലോബിയിങ്, നെറ്റ് വര്‍ക്കിംഗ്, ലീഡര്‍ഷിപ് ഡെവലപ്മെന്റ്, മാധ്യമ ശാക്തീകരണം തുടങ്ങിയവയ്ക്ക് മാത്രമായി ദേശീയതലത്തില്‍ ഒരു പൊതുവേദി രൂപീകരിക്കണം.

സംഘ്പദ്ധതികളോടുള്ള
പ്രതിരോധം

ഏകശിലാത്മകമായ ഹിന്ദുത്വ സാംസ്‌കാരിക ദേശീയതയെ ശക്തിപ്പെടുത്താനാണ് സംഘ്പരിവാര്‍ ഏറെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  അതിന്  സഹായകമാവുന്ന ധാരാളം പദ്ധതികള്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. പല തരം ഉപദേശീയതകളും മത-ജാതി-വിശ്വാസ വൈവിധ്യങ്ങളും ഹിന്ദുത്വ ദേശീയതക്ക് മുന്നിലെ പ്രതിബന്ധങ്ങളാണ്. സംഘ് പരിവാറിന്റെ സാംസ്‌കാരിക ഹിന്ദുത്വ ദേശീയതയുടെ ഒന്നാമത്തെ അപരസ്ഥാനത്തുള്ളവര്‍ മുസ്‌ലിം സമൂഹമാണ്. ഹിന്ദുത്വ ആശയ ധാരക്കുള്ളിലെ വൈരുധ്യങ്ങളെ മറച്ചു പിടിക്കാനും സ്ഥായിയായ ധ്രുവീകരണം നിലനിറുത്താനും മുസ്‌ലിം അപരം മികച്ച ആയുധമായി സംഘ് പരിവാര്‍ മനസ്സിലാക്കുന്നു. ഏകശിലാത്മകവും ഹിംസാത്മകവുമായ ഹിന്ദുത്വ ദേശീയതയെ ഉപദേശീയതകളുടെ വൈവിധ്യം കൊണ്ട് പ്രതിരോധിക്കേണ്ടതുണ്ട്. ഏകത്വത്തിനു മുമ്പ് പറയേണ്ടതും പഠിപ്പിക്കേണ്ടതും നാനാത്വം തന്നെയാണ്. വരുംകാലങ്ങളില്‍ സംഘ്പരിവാര്‍ വിരുദ്ധപക്ഷത്തുള്ള വൈവിധ്യങ്ങളെയും ഉപദേശീയതകളെയും ശക്തിപ്പെടുത്തുന്ന സാമൂഹിക രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ മുസ്‌ലിം സമൂഹത്തിനു സാധിക്കണം.
ലെജിസ്ലെയ്ച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാധ്യമങ്ങള്‍ തുടങ്ങിയ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ പരസ്പര തിരുത്തല്‍ ധര്‍മങ്ങള്‍ നിര്‍വഹിക്കുതിന് പകരം ലെജിസ്‌ലെയ്ച്ചറിനെ ഒരേ വഴിയില്‍ പിന്തുണക്കുന്ന പ്രവണത രാജ്യത്തു കൂടുതല്‍ ശക്തിപ്പെട്ടുവരുന്നുണ്ട്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സുപ്രധാന ലിറ്റ്മസ് ടെസ്റ്റ് ആയിരുന്നു ബാബരി വിധികള്‍. ഇന്ത്യയിലെ മര്‍ദിതരും അരികുവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ വിശ്വസ്തമായ ജനാധിപത്യ ഇടങ്ങളായി തെരുവുകള്‍ മാറിയ കാലം കൂടിയാണിത്. സി.എ.എ-കര്‍ഷക സമരങ്ങള്‍ തെരുവിന്റെ ജനാധിപത്യ സാധ്യതകളെ പ്രയോജനപ്പെടുത്തിയ സമരങ്ങളായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ തെരുവ് പ്രക്ഷോഭങ്ങള്‍ വളരെ പെട്ടെന്ന് ഭരണകൂട വേട്ടയ്ക്ക് വിധേയമാകാനുള്ള സാധ്യതകള്‍ കൂടുതലാണെങ്കിലും തെരുവിന്റെ സമ്മര്‍ദശക്തിയെ ഫലപ്രദമായി വിനിയോഗിക്കാന്‍ മുസ്‌ലിം സമൂഹത്തിനു സാധിക്കണം. അത്തരം മൂവ്മെന്റുകള്‍ക്കൊപ്പം ധാര്‍മികമായെങ്കിലും നിലയുറപ്പിക്കാന്‍ സംഘടനാ ഭേദമെന്യേ സമുദായത്തിന് സാധിക്കേണ്ടതുണ്ട്.

രാഷ്ട്രീയ സംഘാടനം

മുസ്‌ലിം രാഷ്ട്രീയ അരികുവത്കരണം സംഘ് പരിവാറിന്റെ അജണ്ടകളില്‍ സുപ്രധാനമാണ്. രാഷ്ട്രീയ അരികുവത്കരണത്തെ രാഷ്ട്രീയ പ്രാതിനിധ്യങ്ങള്‍ കൊണ്ടാണ് മറികടക്കേണ്ടത്. മുസ്‌ലിം കര്‍തൃത്വത്തില്‍ രൂപപ്പെട്ട എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരവസരത്തില്‍ അല്ലെങ്കില്‍ മറ്റൊരവസരത്തില്‍ 'വര്‍ഗീയ പാര്‍ട്ടികള്‍' എന്ന് വിശേഷിപ്പിക്കപ്പെടുകയോ 'മതേതരത്വ വിശുദ്ധി' തെളിയിക്കാന്‍ നിര്‍ബന്ധിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മറ്റു മത-ജാതി കര്‍തൃത്വങ്ങളില്‍ രൂപപ്പെട്ട ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത അധികബാധ്യതയോ ഭാരമോ ആണിത്. രാഷ്ട്രീയമായ പുതിയ ആലോചനകളും ചുവടുവെപ്പുകളും ഇന്ത്യയില്‍ മുസ്‌ലിം സമൂഹത്തിന്റെ ഭാഗത്തു നിന്നും രൂപപ്പെട്ടു വരണം. അതിവേഗം ഹിന്ദുത്വവത്കരിക്കപ്പെടുന്ന ഒരു രാജ്യത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ഒരു ജനസമൂഹം എന്ന നിലയില്‍ മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ സംബന്ധിച്ച് ജനാധിപത്യ വാദികളും സാമൂഹിക നീതിയുടെ വക്താക്കളും ഭരണഘടനാ-നീതിന്യായ വിദഗ്ധരും രാഷ്ട്രീയ സംഘടനകളും ഗൗരവത്തില്‍ ആലോചിക്കണം. മാറിയ സാമൂഹിക രാഷ്ട്രീയ കാലാവസ്ഥകള്‍ക്കനുസരിച്ചു ഭരണഘടനാ താല്‍പര്യങ്ങളെ വായിക്കാനും സമീപിക്കാനും സാധിക്കുമ്പോള്‍ മാത്രമേ ജനാധിപത്യം പുതുക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുകയുള്ളൂ.
ഔദ്യോഗികമായ സ്ഥിതി വിവരക്കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത് പ്രകാരം നിയമനിര്‍മാണ സഭകളിലെ മുസ്‌ലിം പ്രാതിനിധ്യം ശോഷിച്ചു വരുകയാണ്. ബോധപൂര്‍വമായ അടിച്ചമര്‍ത്തലിനെ മറികടക്കാന്‍ ബോധപൂര്‍വമായ തീരുമാനങ്ങളും നടപടിക്രമങ്ങളും ആവശ്യമായി വരും. എസ്.സി-എസ്.ടി സമൂഹങ്ങള്‍ക്ക് സമാനമായ രീതിയില്‍ ജനസംഖ്യാനുപാതികമായി മുസ്‌ലിം സമൂഹത്തിന് രാഷ്ട്രീയ സംവരണത്തെ കുറിച്ച ആലോചനകള്‍ക്ക് പൊതുസമൂഹത്തില്‍ തുടക്കം കുറിക്കേണ്ടിയിരിക്കുന്നു. പല സംസ്ഥാനങ്ങളിലും ഗണ്യമായ മുസ്‌ലിം ജനസംഖ്യയുള്ള മണ്ഡലങ്ങള്‍ ഇപ്പോള്‍ സംവരണ മണ്ഡലങ്ങളാണ്. പട്ടിക ജാതി-പട്ടിക വര്‍ഗ ജനസമൂഹങ്ങളുടെ സാന്നിധ്യം ഗണ്യമായുള്ളതും മുസ്‌ലിം സാന്നിധ്യം തുലോം കുറവുമായ മണ്ഡലങ്ങള്‍ പൊതു മണ്ഡലങ്ങളുമാണ്. രണ്ടാമത് പറഞ്ഞ മണ്ഡലങ്ങള്‍ പട്ടിക ജാതി-പട്ടിക വര്‍ഗ സംവരണത്തിനായി നീക്കി വെക്കുകയും, ഒന്നാമത് പറഞ്ഞ വിഭാഗത്തില്‍ പെട്ട മണ്ഡലങ്ങള്‍ ജനസംഖ്യാനുപാതികമായി മുസ്‌ലിംകള്‍ക്കായി സംവരണം ചെയ്യുകയും ചെയ്യുന്ന രീതിയില്‍ ഡീലിമിറ്റേഷന്‍ ഡിമാന്‍ഡുകളും ചര്‍ച്ചകളും ഉയര്‍ത്തേണ്ടതുണ്ട്.
അതോടൊപ്പം സംഘ്പരിവാറിനെ അധികാരത്തില്‍ നിന്നകറ്റി നിറുത്തുക എന്ന ഒറ്റ ബിന്ദുവില്‍ മുസ്‌ലിം രാഷ്ട്രീയ അഭിലാഷങ്ങള്‍ കുടുങ്ങിക്കിടക്കുന്നതും സമുദായത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണപരമായിരിക്കില്ല. അത് സമുദായത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഡെഡ്ലോക്ക് ആയി വര്‍ത്തിക്കും. ബി.ജെ.പിയിതര മതേതര രാഷ്ട്രീയത്തിന്റെ ആവശ്യവും മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ ആവശ്യവും ഒന്നാകുന്ന പോയിന്റില്‍ പിന്നെ വിലപേശലുകള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഇടങ്ങള്‍ ഉണ്ടാവില്ല. സംഘ് പരിവാറിനെ ഭരണത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യുക എന്നതിനപ്പുറം പ്രാതിനിധ്യം, ശാക്തീകരണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിറുത്തി മുസ്‌ലിം രാഷ്ട്രീയ അഭിലാഷങ്ങള്‍ വികസിപ്പിക്കണം. ഇതിന്റെ കൂടെ തന്നെ മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശാക്തീകരണവും  നടക്കേണ്ടതുണ്ട്. സ്വന്തം കാലില്‍ നില്‍ക്കാന്‍ പറ്റുന്ന ഇടങ്ങളില്‍ അങ്ങനെ നില്‍ക്കുവാനും സ്വയം പ്രതിനിധീകരിക്കുവാനും സമുദായത്തിന് രാഷ്ട്രീയ അജണ്ടകള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.

പ്രതിരോധ പ്ലാനുകള്‍

നേരത്തെ സൂചിപ്പിച്ച വംശഹത്യാ പ്രക്രിയകളുടെ ഭാഗമായി കലാപങ്ങള്‍ തുടരാനുള്ള പദ്ധതികള്‍ സംഘ്പരിവാര്‍ സംഘടനകള്‍ തയാറാക്കിയിട്ടുണ്ടാകും. സമീപകാലത്തു നടന്ന രാമനവമി ആഘോഷങ്ങളെ തുടര്‍ന്ന് മധ്യപ്രദേശ്, കര്‍ണാടക, യു പി, ബിഹാര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അരങ്ങേറിയ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ക്ക് ഒരേ പാറ്റേണ്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം സമൂഹം ഏതു രീതിയില്‍ സ്വയം സംരക്ഷണമൊരുക്കണം എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. ഭരണഘടനയും നിയമവും ഉറപ്പ് നല്‍കുന്ന സ്വയം സംരക്ഷണ മാര്‍ഗങ്ങളെ കുറിച്ച് മഹല്ല് തലങ്ങളില്‍ ആലോചനകള്‍ നടക്കണം. സംഘ് പരിവാര്‍ കലാപത്തിനായി ഉന്നമിടുന്ന പ്രദേശങ്ങളെ കാലേക്കൂട്ടി നിര്‍ണയിക്കാന്‍ സാധിക്കുകയും അത്തരം പ്രദേശങ്ങളിലെ മുസ്‌ലിം സമൂഹത്തിന്റെ ജീവന്‍, അഭിമാനം, സ്വത്ത്, കച്ചവട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ ഉണ്ടാവുകയും ചെയ്യേണ്ടതുണ്ട്. അതേ സമയം അവ മുസ്‌ലിം സമൂഹത്തിന്റെ ഭാഗത്തു നിുള്ള അന്യായത്തിലേക്കും അനീതിയിലേക്കും വഴുതി മാറുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ജാഗ്രതയും മഹല്ല് നേതൃത്വങ്ങള്‍ കൈക്കൊള്ളണം. ധാര്‍മിക ബോധവും നീതിബോധവും സത്യത്തോടുള്ള പ്രതിബദ്ധതയും മര്‍ദിത പക്ഷങ്ങള്‍ക്ക് പകരുന്ന കരുത്ത് അളവറ്റതായിരിക്കും. അനുഭവിക്കുന്ന അനീതിയെ കുറിച്ച് മുസ്‌ലിം സമൂഹം ഇതേ വരേക്കും പറഞ്ഞ വാക്കുകള്‍ ലോകം മുഖവിലക്കെടുക്കുകയും വിശ്വസിക്കുകയും ചെയ്തു പോന്നിട്ടുണ്ട്. ഈ ക്രെഡിബിലിറ്റി കാത്തു സൂക്ഷിക്കുന്നതും ഒരു പോരാട്ടം തന്നെയാണ്. സംഘ് പരിവാറിനെ പോലെ നുണകളിലൂടെ നിലനില്‍പ് ഉറപ്പ് വരുത്താം എന്ന് കരുതുന്നത് മുസ്‌ലിം സമൂഹത്തിനു വലിയ തിരിച്ചടികള്‍ ആയിരിക്കും സമ്മാനിക്കുക.
അനുഭവിക്കുന്ന പ്രശ്നങ്ങളെയും അനീതികളെയും കുറിച്ചു നിരന്തരം ആലോചിക്കുകയും സംസാരിക്കേണ്ടിവരുകയും ചെയ്യുന്ന ജനവിഭാഗങ്ങളെ ബാധിച്ചേക്കാവുന്ന വിപരീത വശങ്ങളെ കുറിച്ചും ഒരേ സമയം സമുദായത്തിന് ജാഗ്രത വേണം. ആത്മാഭിമാനവും ധീരതയും കൈമോശം വന്നു പോകാനോ തങ്ങള്‍ സ്വയം ഒരു രണ്ടാം കിട പൗരസമൂഹത്തിന്റെ ഭാഗമാണെന്ന ബോധം കൂടെയുണ്ടാകാനോ പാടില്ലാത്തതാണ്. തങ്ങളനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് മുസ്ലിം സമൂഹം പറഞ്ഞുകൊണ്ടിരിക്കുന്നത് അവ അവസാനിപ്പിക്കാനും കൂടുതല്‍ കരുത്തോടെ മുന്നോട്ട്‌പോകാനും വേണ്ടിയാവണം. ഒരേ സമയം അതിജീവനത്തെയും സമരത്തെയും ശാക്തീകരണത്തെയും കുറിച്ചു ആലോചിക്കേണ്ടി വരുക എന്നത് പ്രതിസന്ധിയാണ്. എന്നാല്‍ അതിനുള്ള കരുത്തും ശേഷിയും ഈ സമൂഹത്തിനു വേണ്ടുവോളമുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്‌ 5-9
ടി.കെ ഉബൈദ്‌