Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 29

3250

1443 റമദാന്‍ 27

ഇത്ര ലളിതമാണ് അവരുടെ നോമ്പ് തുറ; നമ്മുടേതോ?

സുബൈര്‍ ഓമശ്ശേരി

ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ റമദാന്‍  റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്‍ക്കത്തയില്‍ പോകുന്നതിന് വേണ്ടിയാണ് 2022 ഏപ്രില്‍ നാലിന് വൈകുന്നേരം 6 മണിക്ക് ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. അന്ന് നോമ്പ് രണ്ടാണ്. സാധാരണ കേരളത്തില്‍ നോമ്പു തുടങ്ങി പിറ്റേ ദിവസമാണ് ദല്‍ഹിയില്‍ നോമ്പു തുടങ്ങാറുള്ളത്. എന്നാല്‍ ഇത്തവണ ഒരേ ദിവസം തന്നെയാണ് ഇന്ത്യയില്‍ എല്ലായിടത്തും നോമ്പിന് തുടക്കം കുറിച്ചത്. അത് വലിയ ആശ്വാസമായി. യാത്രയില്‍ നമ്മുടെ ഇഷ്ടത്തിന്ന് നോമ്പുതുറക്കാനും നോല്‍ക്കാനും കഴിയില്ല എന്ന് അറിയുന്നതിനാല്‍ അത്യാവശ്യം ഡ്രൈ ഫ്രൂട്ട്‌സുകള്‍ കൈയില്‍ കരുതിയിട്ടുണ്ട്.
ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിനടുത്ത് ഒരു ചെറിയ പള്ളിയുണ്ട്. അവിടെ നോമ്പുതുറക്കാന്‍ ചെറിയ സൗകര്യം ഉണ്ടാകാറുണ്ട്. വണ്ടി വരാന്‍ ഇനിയും സമയമുള്ളതിനാല്‍ നോമ്പുതുറക്കാനും നമസ്‌കാരത്തിനുമായി പള്ളി ലക്ഷ്യമാക്കി നടന്നു. കവിഞ്ഞാല്‍ മുപ്പത് പേര്‍ക്ക് നമസ്‌കരിക്കാന്‍ പറ്റുന്ന ചെറിയ സൗകര്യം. വുദൂവെടുക്കാനും മലമൂത്രവിസര്‍ജനത്തിനും മറ്റും, ഉള്ള സ്ഥലത്ത്  സൗകര്യമൊരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ ബാഗുകളും കെട്ടുകളും അങ്ങിങ്ങായി വെച്ചത് കാണാം.
ചുവന്ന യൂനിഫോമിട്ട ഒരു പോര്‍ട്ടര്‍ വലിയ ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് വാഴപ്പഴം, ബത്തക്ക, പപ്പായ എന്നിവ ചെറുതാക്കി മുറിച്ചിട്ടുകൊണ്ടിരിക്കുന്നു. മറ്റൊരാള്‍  ബക്കറ്റില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍  പഞ്ചസാരയിട്ട് നന്നായി അലിയുന്നതിനായി ഇളക്കിക്കൊണ്ടിരുന്നു. അതിലേക്ക് റുഹ് ഹഫ്‌സ സര്‍ബത്തും പാലും ചേര്‍ക്കുന്നുണ്ട്. ബക്കറ്റിലേക്ക് വേണ്ട ബാക്കി വെള്ളം നിറക്കാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതം മൂളി. അപ്പോഴേക്ക് കുറെയാളുകള്‍ എത്തിയിരുന്നു. ചിലരുടെയൊക്കെ കൈയില്‍ പഴങ്ങളോ കാരക്കയോ ഉണ്ട്. ഒന്ന് രണ്ട് പോര്‍ട്ടര്‍മാര്‍ കൂടി എത്തി. ചെറിയ പ്ലേറ്റുകളില്‍ പഴങ്ങളും പ്ലാസ്റ്റിക് ഗ്ലാസ്സുകളില്‍ സര്‍ബത്തും ഒരുങ്ങി. എല്ലാവരും ഇരുന്നു.
ഒരാള്‍ കൈയില്‍ നാലഞ്ച് ചെറിയ കറുത്ത പ്ലാസ്റ്റിക് കാരി ബാഗുകളുമായി വന്നു. അത് സുപ്രയില്‍ അങ്ങിങ്ങായി വെച്ചു. അതില്‍ ബിരിയാണിയാണ്. നോമ്പു തുറക്കാന്‍ അഞ്ചു മിനിറ്റ് ബാക്കിയിരിക്കെ ഇമാം മൈക്കിലൂടെ എല്ലാവരും പ്രാര്‍ഥിച്ചോളൂ എന്ന നിര്‍ദേശം നല്‍കി. നോമ്പുതുറക്ക് സമയമായപ്പോള്‍ ബാങ്ക് കൊടുക്കാതെ നോമ്പുതുറക്കാന്‍ നിര്‍ദേശം നല്‍കുകയാണ് ചെയ്തത്. എല്ലാവരും അവരവരുടെ മുന്നിലെ വിഹിതം കൊണ്ട് നോമ്പുതുറന്നു. ഒരു പിടി ബിരിയാണി വീതം എല്ലാവര്‍ക്കും രുചിയറിയാന്‍ ലഭിച്ചു. എല്ലാവരും നോമ്പുതുറന്നതിന് ശേഷമാണ് ബാങ്ക് കൊടുത്തത്. ഉടനെ നമസ്‌കാരവും. നോമ്പുതുറയും നമസ്‌കാരവും കഴിഞ്ഞ് എല്ലാവരും അവരവരുടെ വണ്ടി ലക്ഷ്യമാക്കി ബാഗും തൂക്കി നടന്നകന്നു. അന്നത്തെ അത്താഴം കൈയില്‍ കരുതിയ ഡ്രൈ ഫ്രൂട്ട്‌സ് കൊണ്ട് വണ്ടിയില്‍ തന്നെ.
പിറ്റേ ദിവസം  ഉച്ചക്കാണ് കൊല്‍ക്കത്തയില്‍ ഇറങ്ങിയത്. അന്നത്തെ നോമ്പുതുറ ബംഗാള്‍ ജമാഅത്ത് ഓഫീസിലാണ്. അവിടെ എത്തുന്നവര്‍ക്ക് നോമ്പുതുറക്കുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നത് ഓഫീസ് ഇന്‍ ചാര്‍ജുള്ള അനീസ് ഭായിയാണ്. നോമ്പുതുറയുടെ അര മണിക്കൂര്‍ മുമ്പ് എത്ര ആളുകള്‍ ഓഫീസില്‍ ഉണ്ടോ അവര്‍ക്ക് കണക്കാക്കിയുണ്ടാക്കലാണ് പതിവ്. അതിനു ശേഷം എത്ര പേര്‍ വന്നാലും ഉള്ളത് കൊണ്ട് ഒപ്പിക്കണം. അന്നും പതിവു പോലെ ഒരുക്കിയതിലേക്ക് നാല് പേര്‍ കൂടി എത്തി. ശാന്തപുരം ജാമിഅയില്‍ പഠിക്കുന്ന മൂന്ന് കുട്ടികളും അന്ന് പിരിവിനായി കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. അവിടത്തെ പ്രധാന വിഭവം പൊരിയും (അരി കൊണ്ടുണ്ടാക്കുന്ന ഉത്സവസ്ഥലത്തെ പൊരി) കടല പുഴുക്കുമാണ്. പഴവര്‍ഗങ്ങളും കാണും. ഒന്നാമന്‍ പൊരി തന്നെ. പൊരിയില്ലെങ്കില്‍ മറ്റെന്തു തന്നെയുണ്ടായാലും പൂര്‍ത്തിയാവുകയില്ല. കടല പുഴുക്കും പൊരിയും ഒന്നായി കലര്‍ത്തിയാണ് കഴിക്കേണ്ടത്.
പിന്നെ തറാവീഹ് കഴിഞ്ഞതിന് ശേഷം എന്തെങ്കിലും കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ടാകും. അത്താഴ സമയത്ത് കൊല്‍ക്കത്തയിലെ ഗല്ലികളില്‍ എല്ലാ മുസ്‌ലിം ഹോട്ടലുകളും തുറന്നിരിക്കും. അതുകൊണ്ട് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും സൗകര്യമാണ്. ഏപ്രില്‍ എട്ടിന് ഒറീസയിലാണ് നോമ്പുതുറക്കേണ്ടത്. രാവിലെ ആറു മണിക്കാണ് ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ എത്തുന്നത്. ജമാഅത്ത് ഓഫീസില്‍ താമസം, വിശ്രമം. അന്ന് ജില്ലാ നാസിം സഫ്ദര്‍ ഹാശിം സാഹിബിന്റെ വീട്ടിലാണ് നോമ്പുതുറ. റൂര്‍ക്കലയില്‍ സ്വന്തമായുള്ള വീട് വാടകക്ക് കൊടുത്ത് ഭുവനേശ്വറില്‍ ഫ്‌ളാറ്റില്‍ വാടകക്ക് താമസിക്കുകയാണദ്ദേഹം. ജമാഅത്ത് പ്രവര്‍ത്തനത്തിനും ബിസിനസിനും കൂടുതല്‍ സൗകര്യം അതാണെന്ന് പറഞ്ഞു. ജമാഅത്ത് പ്രവര്‍ത്തകര്‍ എണ്ണത്തില്‍ കുറവാണെങ്കിലും നന്നായി പ്രവര്‍ത്തനം നടക്കുന്നുണ്ട്.
പകല്‍ സമയത്തെ വിതരണ പരിപാടികള്‍ക്ക് ശേഷം നോമ്പുതുറ സമയത്താണ് സഫ്ദര്‍ സാഹിബിന്റെ വീട്ടില്‍ എത്തുന്നത്. പല ലഘു വിഭവങ്ങളും കുറച്ചു വീതം ഒരുക്കി വെച്ചിട്ടുണ്ട്. എന്നാല്‍ ഒരു സ്‌പെഷല്‍, വിരുന്നുകാരന് വേണ്ടിയും ഒരുക്കിയിട്ടുണ്ട്. ചെറുപയര്‍ പരിപ്പ് വെള്ളത്തില്‍ കുതിര്‍ത്തിയത് വേവിക്കാതെ തക്കാളി, ഉള്ളി, ചപ്പ് എന്നിവയിട്ട് കൂട്ടിയിളക്കിയത്. അത് പ്രത്യേകം വിളമ്പി തന്ന് സല്‍ക്കരിക്കുന്നുണ്ട്. പിന്നെ തറാവീഹ് നമസ്‌കരിച്ചു കഴിഞ്ഞ് സാധാരണ പോലെ ഭക്ഷണം.
അടുത്ത ദിവസം  മൂന്ന് സ്ഥലങ്ങളില്‍ വിതരണ പരിപാടി നടക്കുന്നുണ്ട്. അന്നത്തെ നോമ്പുതുറ നാട്ടുകാരിയും ഭുവനേശ്വര്‍ ഐംസ് ഹോസ്പിറ്റലിലെ നഴ്‌സും സുഹൃത്തിന്റെ ഭാര്യയുമായ നഫ്‌ലയുടെ താമസ സ്ഥലത്തായിരുന്നു. നാടന്‍ പത്തിരിയും കറികളുമുള്ള നോമ്പുതുറക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത രുചി. സഫ്ദര്‍  സാഹിബും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന് കേരള വിഭവങ്ങള്‍ പുതിയ അനുഭവമായിരുന്നു. അദ്ദേഹം നന്നായി ആസ്വദിച്ചു കഴിച്ചു. ഏപ്രില്‍ 15-ന് രാജസ്ഥാനിലാണ് പോകേണ്ടത്. അന്ന് രാവിലെ 4 മണിക്കാണ് രാജസ്ഥാനിലെ ബാഡ്മറില്‍ ട്രെയിന്‍ എത്തുക. ആ സമയത്ത് സ്റ്റേഷനില്‍ എത്താമെന്നും അത്താഴത്തിനുള്ള ഭക്ഷണം കൈയില്‍ കരുതുമെന്നും സുഹൃത്ത് അറിയിച്ചു. അല്‍പം താമസിച്ച് എത്തിയ ട്രെയിന്‍ ഇറങ്ങി പുറത്ത് കടന്നപ്പോള്‍ സുഹൃത്ത് കൈയില്‍ ടിഫിന്‍ പിടിച്ച് കാത്തിരിക്കുന്നുണ്ട്. കൂടെ ഒരു സഹായിയുമുണ്ട്. അപ്പോള്‍ സമയം 4.30. അഞ്ചു മണിക്കാണ് അത്താഴ സമയം അവസാനിക്കുക. ഒരു സൈഡില്‍ മൂവരും ഇരുന്നു ടിഫിന്‍ തുറന്നു. പുലര്‍ച്ചെയുണ്ടാക്കിയ ചെറിയ ചൂട് ചപ്പാത്തി. കൂട്ടിക്കഴിക്കാന്‍ നല്ല പുളിയുള്ള തൈര്. വേറെ ചമ്മന്തിയോ അച്ചാറോ ഒന്നുമില്ല. അവര്‍ക്കൊപ്പിച്ച് ഞാന്‍ കഴിക്കാതിരുന്നാല്‍ അവര്‍ പിരിശപ്പെട്ട് ഉണ്ടാക്കിക്കൊണ്ടുവന്ന ഭക്ഷണത്തോട് ഞാന്‍ വേണ്ടത്ര ഇഷ്ടം കാണിച്ചില്ല എന്ന് വരും. അതിനാല്‍ ഒന്നും നോക്കാതെ ഞാനും നന്നായി കഴിച്ചു.
ബാഡ്മറില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ ദൂരെ ഗംഗേറിയ എന്ന സ്ഥലത്താണ് അന്നത്തെ പരിപാടി. പാകിസ്താനോട് അടുത്ത് കിടക്കുന്ന ബോര്‍ഡര്‍ പ്രദേശം. വളരെ പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശം. പരന്നു കിടക്കുന്ന മരുഭൂമിയില്‍ കുറ്റിമുള്‍ ചെടികള്‍ മാത്രം. നല്ല ചൂടുള്ള കാലാവസ്ഥ. അങ്ങിങ്ങായി അഞ്ചു മുതല്‍ പത്ത് വരെ ചെറിയ കൂരകള്‍ കെട്ടി ആളുകള്‍ താമസിക്കുന്നു. പുല്ലു കൊണ്ടുണ്ടാക്കിയ ചുമരും മേല്‍ക്കൂരയും. കൂരകളുടെ ഈ സമുച്ചയത്തിന്  ധാണി എന്നാണ് പറയുക. ഒന്നും രണ്ടും കിലോമീറ്റര്‍ വിട്ട് ധാണികള്‍ ഇടക്കിടെ കാണാം. അന്നത്തെ നോമ്പുതുറ സ്ഥലത്തെ ഒരു മദ്‌റസയിലാണ്. 50 കുട്ടികള്‍ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന സ്ഥലം. നമ്മുടെ ഭാഷയില്‍ പള്ളിദര്‍സ് എന്ന് പറയാം. പഴവര്‍ഗങ്ങള്‍ മാത്രമേയുള്ളൂ. എല്ലാവരും വട്ടത്തിലിരുന്ന് ഉള്ളത് പങ്കിട്ടു സന്തോഷത്തോടെ നടത്തുന്ന നോമ്പുതുറ.  തറാവീഹിന് ശേഷം സാധാരണ പോലെ ചപ്പാത്തിയും കറിയും.
ഒരു കാര്യം തീര്‍ച്ചയാണ്. നോമ്പുതുറ വലിയ കാര്യഗൗരവത്തോടെയെടുത്ത് വൈകുന്നേരം വരെ ഓടി നടന്ന് കണ്ടതെല്ലാം വാങ്ങി കൂട്ടി പലതരം വിഭവങ്ങള്‍ ഉണ്ടാക്കി, നോമ്പു തുറക്കുന്ന വേളയില്‍ വിശന്ന വയറിലേക്ക് വേണ്ടതും വേണ്ടാത്തതും മൂക്കറ്റം വലിച്ചു കയറ്റുന്ന സ്വഭാവം മലയാളികളില്‍ മാത്രമേ കാണാന്‍ കഴിയൂ. അതുകൊണ്ടുതന്നെ മലയാളികളല്ലാത്തവര്‍ക്ക് നോമ്പ് എന്നും ആരോഗ്യം വീണ്ടെടുക്കാനും സംരക്ഷിക്കാനുമുള്ള അവസരം കൂടിയായി മാറുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

ദാനം ഒരു നിക്ഷേപമാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്