Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 29

3250

1443 റമദാന്‍ 27

കളര്‍ഫുളാണ്  ആഫ്രിക്കന്‍ പെരുന്നാള്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ആഫ്രിക്കന്‍  രാഷ്ട്രങ്ങളിലെ മുസ്ലിം സമൂഹം നിരവധി സാമൂഹിക സാംസ്‌കാരിക സാമ്പത്തിക പ്രതിസന്ധികളില്‍പ്പെട്ടുഴലുമ്പോഴും ഓരോ വര്‍ഷവും കടന്നുവരുന്ന പെരുന്നാള്‍ ആഘോഷത്തിലും പ്രതിസന്ധികള്‍ക്ക് വിരാമമാകുമെന്ന പ്രതീക്ഷ അവര്‍ വെച്ചുപുലര്‍ത്തുന്നു. 
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇസ്ലാമിന്റെ വെള്ളിവെളിച്ചം തല്ലിക്കെടുത്താനാണ് സാമ്രാജ്യത്വ കൊളോണിയല്‍ ശക്തികള്‍ അധിനിവേശാനന്തരം ആദ്യമായി ശ്രമിച്ചത്. ഈ നാടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അക്കാര്യം വ്യക്തമാകും. എന്നാല്‍ ഈ വന്‍കരയില്‍പ്പെട്ട ഒട്ടുമിക്ക രാജ്യങ്ങളും ഇപ്പോള്‍ തിരിച്ചറിവിന്റെയും തിരിഞ്ഞു നടത്തത്തിന്റെയും പാതയിലാണ്. ഇസ്ലാമിക ബോധമുള്ള സമൂഹമായി അവര്‍  മാറിക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വ നിര്‍മിതികളായ ബോക്കോ ഹറാം പോലുള്ള ഭീകര സംഘടനകളുടെ നിഴല്‍ ദുരൂഹമായി പിന്തുടരുന്നുവെങ്കിലും അത്തരം പ്രതിസന്ധികളെ വിശ്വാസം കൊണ്ട് മറികടക്കാനുള്ള ശ്രമത്തിലാണ് ആഫ്രിക്കന്‍ മുസ്ലിം  സമൂഹം. 
ആഫ്രിക്കന്‍ മുസ്ലിം സമൂഹം  ഇതര മുസ്ലിം സമൂഹങ്ങളെപ്പോലെ വ്രതമാസത്തെ ഭക്തി സാന്ദ്രമാക്കുകയും  പെരുന്നാള്‍ ആഘോഷങ്ങളെ നെഞ്ചേറ്റുകയും ചെയ്യുന്നവരാണ്. പുത്തനുടുപ്പണിഞ്ഞും അത്തര്‍ പുരട്ടിയും വിവിധ നാടന്‍ കലകള്‍ ആസ്വദിച്ചും രുചിഭേദങ്ങള്‍ നിറഞ്ഞ പരമ്പരാഗത ഭക്ഷണങ്ങള്‍ പാകം ചെയ്തും അവര്‍ പെരുന്നാളിനെ സമൃദ്ധമാക്കുന്നു. 
പെരുന്നാളിന് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആഫ്രിക്കന്‍ നാടുകളില്‍ പ്രത്യേകം 'ടേസ്റ്റ്' തന്നെയാണെന്ന് പറയാം. നമുക്കപരിചിതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്  ആഫ്രിക്കന്‍ ജനതയുടേത്. തലമുറകളായി കൈമാറിവന്ന പെരുന്നാള്‍ ആഘോഷ സമ്പ്രദായങ്ങള്‍  അവരുടെ വസ്ത്രങ്ങളിലും ഭക്ഷണങ്ങളിലുമൊക്കെ കാണാന്‍ കഴിയും.
ആഫ്രിക്കന്‍ നാടുകളിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇസ്ലാമിക രീതികള്‍ക്കൊപ്പം പ്രാദേശികവും പരമ്പരാഗതവുമായ മാനങ്ങളുമുണ്ട്. സുഡാന്‍, ലിബിയ, തുനീഷ്യ, മൊറോക്കോ, അള്‍ജീരിയ, കാമറൂണ്‍, മുസംബിക്, സോമാലിയ, നൈജീരിയ, എത്യോപ്യ, ഛാഡ്, സിനിഗള്‍, ഘാന, ഗാംബിയ തുടങ്ങിയ മുസ്ലിം രാജ്യങ്ങളോ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളോ ആയ എല്ലാ ആഫ്രിക്കന്‍ നാടുകളിലും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന രീതികളുണ്ട്. റമദാന്‍ രണ്ടാം പകുതി പിന്നിടുന്നതോടെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ഓരോ നാട്ടിലും പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം തങ്ങളുടെ പ്രാദേശിക വസ്ത്രങ്ങള്‍ അണിഞ്ഞാണ് പെരുന്നാളിനെ വരവേല്‍ക്കുന്നത്. അറബ് കാലിഗ്രഫി തുന്നിപ്പിടിപ്പിച്ചും മറ്റും നെയ്തെടുക്കുന്ന വസ്ത്രങ്ങളുടെ ചാരുത ആരെയും ആകര്‍ഷിക്കും.
പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം അരങ്ങേറുന്ന നാടന്‍ കലകളുടെ സമ്മേളനമാണ് ആഫ്രിക്കന്‍ നാടുകളിലെ പെരുന്നാള്‍ ആഘോഷങ്ങളുടെ മറ്റൊരു പ്രത്യേകത. അതാത് നാടുകളിലെ ഏറ്റവും പ്രശസ്തരായ ഗായകര്‍ അണിനിരക്കുന്ന സംഗീത വിരുന്നുകളിലേക്ക് ആബാലവൃന്ദം ജനങ്ങള്‍ കൂട്ടത്തോടെ ഒഴുകിയെത്തും. പെരുന്നാള്‍ നമസ്‌കാരത്തിനെത്തുന്ന തങ്ങളുടെ ഭരണാധികാരികളെ റോഡിനിരുവശത്തും അണിനിരന്ന് സ്വീകരിച്ചാനയിക്കുന്ന രീതികളും ചില ആഫ്രിക്കന്‍ നാടുകളില്‍ നിലനില്‍ക്കുന്നു. പുരാതന സംസ്‌കാരത്തിന്റെ ഭാഗമായ കതിന വെടിയും നമസ്‌കാരത്തിനെത്തുന്നവരെ  ദഫ് മുട്ടി സ്വീകരിക്കുന്നതും പെരുന്നാള്‍ ശീലങ്ങളുടെ ഭാഗമാണ്. ഈദ് നമസ്‌കാരം കഴിഞ്ഞു പിരിഞ്ഞുപോകുമ്പോള്‍ നാടന്‍ പാനീയങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്യുന്നതും പതിവാണ്. 
പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കാമറൂണ്‍, എത്യോപ്യ, ഛാഡ്, നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ നാടുകളില്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന പതിവുണ്ട്. ഫുട്ബാള്‍, ഗുസ്തി മത്സരം എന്നിവക്കാണ് പ്രാമുഖ്യം. വിനോദ യാത്രകള്‍ സംഘടിപ്പിക്കുകയും പ്രത്യേകം തയാറാക്കിയ ഈദ് കേക്കുകള്‍ വിതരണം ചെയ്യുകയും കുട്ടികള്‍ക്ക്  'ഈദ് കൈനീട്ടം' നല്‍കുകയും ചെയ്യുന്ന രീതികളും ഈ നാടുകളില്‍ കാണാം. പെരുന്നാളിനോടനുബന്ധിച്ച് സമൂഹ വിവാഹങ്ങളും ചില ആഫ്രിക്കന്‍ നാടുകളില്‍ സംഘടിപ്പിക്കാറുണ്ട്.
ഒരു പ്രൊജെക്ടിന്റെ ഭാഗമായി അള്‍ജീരിയയിലായിരുന്നു ഈ വര്‍ഷത്തെ വ്രതമാസം. അള്‍ജീരിയയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അവസരം ലഭിച്ചപ്പോള്‍ അവിടങ്ങളിലെ വ്രതമാസ അനുഭവങ്ങള്‍ നേരില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. പൊതുവെ മത ബോധമുള്ളവരും ഇസ്ലാമിക ജീവിതം നയിക്കാന്‍ ശ്രദ്ധിക്കുന്നവരുമാണ് അള്‍ജിരീയക്കാര്‍. അന്‍പതോളം അള്‍ജീരിയന്‍ ജീവനക്കാര്‍ പ്രോജക്ടിന്റെ ഭാഗമായി ഞങ്ങളുടെ കൂടെയുണ്ട്. എല്ലാവരും ആരാധനാ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധയുള്ളവരാണെന്ന് പറയാം. വ്രത മാസമായതിനാല്‍ നോമ്പെടുക്കുന്നതിലും ക്യാമ്പില്‍  ഇഫ്താര്‍ ഒരുക്കുന്നതിലും അവര്‍ ശ്രദ്ധ പുലര്‍ത്തുന്നു. 
മറ്റു ആഫ്രിക്കന്‍ നാടുകളെ അപേക്ഷിച്ച് അഭിപ്രായ സ്വാതന്ത്ര്യം ആസ്വദിക്കുന്നവരാണ് അള്‍ജീരിയന്‍ ജനത എന്നത് എടുത്തു പറയേണ്ടതാണ്. റമദാനിലെ ജുമുഅ നമസ്‌കാരത്തിനു തെമിമൂണ്‍ നഗരത്തിലെ ഏറ്റവും വലിയ പള്ളിയായ ഗ്രാന്‍ഡ് മസ്ജിദിലാണ് പങ്കെടുത്തിരുന്നത്. ജുമുഅ ഖുതുബ യില്‍ പ്രാദേശിക ഭരണാധികാരികളെ വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അക്കാരും ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ എല്ലാ അര്‍ഥത്തിലും അഭിപ്രായ സ്വാതന്ത്ര്യം അനുഭവിക്കുന്ന ജനതയാണ്' എന്നായിരുന്നു അള്‍ജീരിയന്‍ സുഹൃത്തിന്റെ പ്രതികരണം. 
ഏറ്റവും വലിയ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരയുടെ ജനസംഖ്യ 2021-ലെ കണക്ക് പ്രകാരം നാലര കോടിയാണ്. തുനീഷ്യ, മൊറോക്കോ, ലിബിയ, നൈജര്‍, മാലി, മൊറീത്താനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. സഹാറ മരുഭൂമിയുടെ വലിയൊരു ഭാഗം അള്‍ജീരിയയിലാണ്. സഹാറയുടെ വന്യമായ സൗന്ദര്യം ആസ്വദിക്കാന്‍ മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടെ സഞ്ചാരികളെത്തുന്നുണ്ട്. 
ആഫിക്കയിലാണെങ്കിലും യൂറോപ്പിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് അള്‍ജീരിയ. കടല്‍ കടന്നാല്‍ ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെത്താം. ഫ്രഞ്ച് ആധിപത്യത്തിലായിരുന്നതിനാല്‍ അള്‍ജീരിയയില്‍ രണ്ടാം ഭാഷയായി ഫ്രഞ്ച് ഭാഷയാണ് പഠിപ്പിക്കപ്പെടുന്നത്. ഔദ്യോഗിക രേഖകളിലും മറ്റും അറബി കഴിഞ്ഞാല്‍ ഫ്രഞ്ച് ഭാഷയാണ് ഉപയോഗിക്കപ്പെടുന്നതും. 
സമാധാന പ്രിയരാണ് 99 ശതമാനം മുസ്‌ലിംകളുള്ള അള്‍ജീരിയന്‍ ജനത. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം ശാന്തമാണ് ജീവിതം. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പെട്രോള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് അള്‍ജീരിയ. പ്രകൃതി വാതകത്തിന്റെ വന്‍ ശേഖരവും അള്‍ജീരിയയിലുണ്ട്. എങ്കിലും അള്‍ജീരിയന്‍ ദീനാറിന്റെ മൂല്യശോഷണം നമ്മെ അല്‍ഭുതപ്പെടുത്തും. 
അള്‍ജീരിയയില്‍ ഏറെ വൈവിധ്യമുള്ളതാണ് പെരുന്നാള്‍ ആഘോഷങ്ങള്‍. പെരുന്നാള്‍ നമസ്‌കാര ശേഷം  കുടുംബത്തിലെ കുട്ടികളടക്കമുള്ള മുഴുവന്‍ കുടുംബാംഗങ്ങളെയും കൂട്ടി തൊട്ടടുത്ത ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്ന പതിവുണ്ട്. കുടുംബത്തിലെ പ്രായമായവരെയും അവശരെയും സന്ദര്‍ശിക്കുക പെരുന്നാളിന്റെ ഭാഗമാണ്. കുടുംബത്തില്‍നിന്ന് വിട്ടുപിരിഞ്ഞുപോയ ഉറ്റവരുടെയും ഉടയവരുടെയും ഓര്‍മക്കായി പെരുന്നാള്‍ നമസ്‌കാര ശേഷം അവരുടെ ഖബ്‌റുകള്‍ സന്ദര്‍ശിക്കും. 
പെരുന്നാള്‍ നാളുകളില്‍ അള്‍ജീരിയയില്‍ കച്ചവട കേന്ദ്രങ്ങള്‍ കൂടുതല്‍ സജീവമാകുമെന്നും എല്ലാ വീടുകളിലും പെരുന്നാള്‍  വിഭവമായ 'കുസ്‌കുസ്' ആസ്വദിക്കാന്‍ കുടുംബങ്ങള്‍ ഒത്തുചേരുമെന്നും ഞങ്ങളുടെ പ്രോജെക്ടില്‍ ജോലിചെയ്യുന്ന തെമിമൂണ്‍ സ്വദേശിയായ അല്‍അറബി അല്‍ മസൂമി പറഞ്ഞു. സ്‌നേഹ സൗഹൃദങ്ങളുടെ കൈമാറ്റമാണ് പെരുന്നാളിനെ അള്‍ജീരിയയില്‍ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
റമദാന്‍ പകുതി കഴിയുന്നതോടെ അള്‍ജീരിയയില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. വിശുദ്ധ റമദാനിലെ അവസാന നാളുകളിലെ പ്രത്യേക ആരാധനാ കര്‍മങ്ങള്‍ക്കൊപ്പം പെരുന്നാളിനെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങളുമുണ്ടാകും. 
പരമ്പരാഗത പാട്ടുകളും കളികളുമായി അള്‍ജീരിയന്‍ ഈദ് അവധി ദിനങ്ങള്‍ ആഘോഷങ്ങളിലേക്ക് ഊര്‍ന്നിറങ്ങും. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്കെത്തുന്ന സന്ദര്‍ശകരായ അതിഥികളെ സ്വീകരിക്കാനും നമസ്‌കാരത്തിനെത്തുന്നവര്‍ക്ക് വിതരണം ചെയ്യാനുമൊക്കെയായി വിവിധ തരം മധുരപലഹാരങ്ങള്‍ തയാറാക്കിയിട്ടുണ്ടാവും.  കുട്ടികള്‍ക്കായി പ്രത്യേകം ആഘോഷ പരിപാടികള്‍ തന്നെ സംഘടിപ്പിക്കും. എല്ലാ കാര്യങ്ങളിലും പരമ്പരാഗത രീതികള്‍ മുറുകെ പിടിക്കുന്നതോടൊപ്പം ഇസ്ലാമിക സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അള്‍ജീരിയക്കാര്‍.  
നിറങ്ങളെ ഇഷ്ടപ്പെടുന്നവരാണ് ആഫ്രിക്കന്‍ ജനത. അതുകൊണ്ട്തന്നെ എല്ലാ അര്‍ഥത്തിലും 'കളര്‍ഫുള്‍' ആണ് അള്‍ജീരിയന്‍ പെരുന്നാള്‍.
പ്രിയ പ്രബോധനം വായനക്കാര്‍ക്ക് അള്‍ജീരിയയില്‍നിന്ന് അറബ് ആഫ്രിക്കന്‍ നിറമുള്ള പെരുന്നാള്‍ ആശംസകള്‍ നേരുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

ദാനം ഒരു നിക്ഷേപമാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്