Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 29

3250

1443 റമദാന്‍ 27

നിയമവാഴ്ച തകരുന്നു ഈ ജുറാസിക് പാര്‍ക്കില്‍  ആരൊക്കെ ബാക്കിയുണ്ടാവും?     

 എ. റശീദുദ്ദീന്‍  

ഹരിദ്വാറിലെയും ദല്‍ഹിയിലെയും ഹിന്ദുധര്‍മ സംസദുകള്‍ക്കു ശേഷം നാലു മാസം പിന്നിട്ടിട്ടും ഉദാത്തമായ മൗനം പാലിച്ച് മാതൃക കാണിക്കുന്നയാളാണ് ബഹുമാന്യ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുക്കള്‍ മുസ്ലിംകള്‍ക്കെതിരെ ആയുധമെടുക്കണമെന്നും മ്യാന്മര്‍ മാതൃകയില്‍ അവരെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യണമെന്നുമാണ് ഹിന്ദു 'ധര്‍മ' സംരക്ഷണത്തിനായി യോഗം വിളിച്ചു ചേര്‍ത്ത് യതി നര്‍സിംഹാനന്ദ് എന്ന സന്യാസി ആഹ്വാനം ചെയ്തത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയും രാംനാഥ് കോവിന്ദ് പ്രസിഡന്റുമായിട്ടും 'ഇസ്ലാമിക ഇന്ത്യയില്‍ ഹിന്ദുക്കളുടെ ഭാവി' എന്ന തനി അസംബന്ധമായിരുന്നു ധര്‍മ സംസദിന്റെ തലക്കെട്ട്. ഓണ്‍ലൈനിലും നേരിട്ടുമായി ഏതാണ്ടെല്ലാ ഇന്ത്യക്കാരും സ്വാമിയുടെ ദുഷിച്ച വംശവെറി പ്രഭാഷണം കേട്ടുവെന്നും, ലോകം മുഴുക്കെയും അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്നും വ്യക്തമായതിന് ശേഷവും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സചിവോത്തമനും മിണ്ടാതിരുന്നു. ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നതു പോലെ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു ഊരും പേരുമൊന്നും പറയാതെ ഹിന്ദു സന്യാസികളുടേതെന്ന് തോന്നിപ്പിക്കുന്ന ആ പ്രസംഗങ്ങളെ തള്ളിപ്പറഞ്ഞു. അതായത് ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊന്നിനെതിരെ ഇളക്കിവിടുന്നത് രാജ്യത്തിനെതിരെ നടത്തുന്ന നീക്കമാണെന്ന്. അവരെ പേരെടുത്തു പറയുന്നത് എന്തോ വലിയ മഹാപരാധം പോലെയായിരുന്നു നായിഡുവിന്റെ പ്രഭാഷണം. എങ്കില്‍ പോലും, അങ്ങനെയൊരു നീക്കം രാജ്യത്തെവിടെയോ നടക്കുന്നുണ്ടെന്ന് ഭരണഘടനാ സ്ഥാപനമായ ഉപരാഷ്ട്രപതി അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക്, അല്ലെങ്കില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ഫാലി എസ്.നരിമാന്‍ പരസ്യമായി ഇക്കാര്യത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച സ്ഥിതിക്ക് നാടു ഭരിക്കുന്നവര്‍ക്ക് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കാമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, കേന്ദ്രസര്‍ക്കാറിന്റെ മൗനം എല്ലാതരം അധര്‍മ സംസദുകള്‍ക്കുമുള്ള സമ്മതമാണെന്ന് സംശയിക്കാന്‍ വഴിയൊരുക്കുന്ന അന്തരീക്ഷമാണ് പിന്നീടുണ്ടായത്. തുടര്‍ന്നിങ്ങോട്ടുള്ള ഏതാനും ആഴ്ചകളില്‍ രാമനവമിയുടെ പേരില്‍ രാജ്യത്തുടനീളം വംശീയാക്രമണങ്ങള്‍ കോവിഡു പോലെ പടരുന്നതിന് ഇന്ത്യ സാക്ഷിയായി.
അന്താരാഷ്ട്ര സംഘടനകള്‍ ഇന്ത്യയിലെ തകര്‍ന്നടിഞ്ഞ മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളുടെ തുടര്‍ച്ചയായ ലംഘനവും ചൂണ്ടിക്കാട്ടുന്നുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണല്‍, ജെനോസൈഡ് വാച്ച്, യു.എസ് കമീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) തുടങ്ങിയവ ഉദാഹരണം. ഇന്ത്യയെ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തണമെന്നാണ് യു.എസ്.സി.ഐ.ആര്‍.എഫ് ആവശ്യപ്പെട്ടത്. 2020-ലും 2021-ലും കമീഷന്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും ട്രംപും ബൈഡനും തല്‍ക്കാലത്തേക്ക് അത് മാറ്റിവെക്കുകയായിരുന്നു. അമേരിക്കയിലെ ഹിന്ദുത്വ സംഘടനകള്‍ ഇക്കാര്യത്തില്‍ കമീഷനു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ അതിരൂക്ഷമായി മോദി സര്‍ക്കാറിനെ വിമര്‍ശിച്ചു. ബെര്‍ണി സാന്‍ഡേഴ്സ്, ക്രിസ് വാന്‍ ഹോളന്‍, ബോബ് മെനന്‍ഡസ് എന്നീ സെനറ്റ് അംഗങ്ങളും മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ കോപ്പു കൂട്ടുന്ന വംശഹത്യയെ കണ്ടില്ലെന്ന് നടിക്കുന്ന അമേരിക്കന്‍ നയത്തിനെതിരെ പരസ്യമായി രംഗത്തു വന്നു. അമേരിക്കന്‍ സെനറ്റിന്റെ വിദേശകാര്യ കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ് മെനന്‍ഡസ്. അസമിലെ ദറംഗ് ജില്ലയില്‍ നടന്ന പോലീസ് കുടിയൊഴിപ്പിക്കലും കാണ്‍പൂരിലെ നിര്‍ബന്ധിത ജയ്ശ്രീറാം വിളിപ്പിക്കലുമൊക്കെ ഏറ്റവുമൊടുവില്‍ പുറത്തുവന്ന അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 2020 - 21 വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇടം കണ്ടെത്തി. കസ്റ്റഡി പീഡനങ്ങളെ കുറിച്ചും അനന്തമായ വിചാരണ തടങ്കലുകളെ കുറിച്ചും സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തെയും ഒമര്‍ ഖാലിദിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനെ കുറിച്ചുമൊക്കെ റിപ്പോര്‍ട്ട് എടുത്തു പറയുന്നുണ്ട്. ദല്‍ഹിയിലെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ ഒരുവശത്ത് രാജ്നാഥ് സിംഗിനെയും മറുവശത്ത് വിദേശകാര്യ മന്ത്രി ജയ്ശങ്കറെയും നിര്‍ത്തിയാണ് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടിവരുന്നത് അമേരിക്കയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ന്യൂദല്‍ഹിയില്‍ പരസ്യമായി തുറന്നു പറഞ്ഞത്. അതൊന്നും പക്ഷേ ആരെയും തരിമ്പും അലോസരപ്പെടുത്തുന്നില്ല.
ലഭ്യമായിടത്തോളം സൂചനകളനുസരിച്ച് 2024 വരെ വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ അതിശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെയാണ് നാടു ഭരിക്കുന്നവരുടെ തീരുമാനം. ചെറിയ ചെറിയ കലാപങ്ങളിലൂടെയും വര്‍ഗീയ സംഘര്‍ഷത്തിന് വഴിമരുന്നിടുന്ന പ്രവൃത്തികളിലൂടെയും ഈ കാലയളവില്‍ സാമുദായിക അസ്വസ്ഥതകള്‍ അവര്‍ ജ്വലിപ്പിച്ചു നിര്‍ത്തും. ഇന്ത്യയെ വേറെയെന്തോ ഒരു രാജ്യമാക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്ന് ആര്‍.എസ്.എസ് മുഖ്യന്‍ സൂചന നല്‍കിയത് ഈ ബഹളകോലാഹലങ്ങള്‍ക്കിടയിലാണ്. രാജ്യം ഇപ്പോള്‍ നേരിടുന്ന ദുരവസ്ഥക്ക് ഹിന്ദുരാഷ്ട്രം എന്ന പേര് നല്‍കാന്‍ ഉടനെ തന്നെ അദ്ദേഹം മോദിയോട് ആവശ്യപ്പെടുമായിരിക്കും. അല്ലെങ്കിലും ബി.ജെ.പി ഭരണമേറ്റതില്‍ പിന്നെ ഒരു ദിവസം പോലും ഭരണഘടന എന്ന അടിസ്ഥാനത്തെ പ്രവൃത്തിയില്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിച്ച ആര്‍.എസ്.എസുകാര്‍ക്ക് രാജ്യത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ സല്‍ക്കര്‍മം ഇപ്പോഴത്തെ വൃത്തികേടുകളെ ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ്, പരമാധികാര രാജ്യത്തിന്റെ അടിസ്ഥാനങ്ങളുമായി ചേര്‍ത്തുവെക്കാതിരിക്കലാണ്. ഭരണഘടനാ സ്ഥാപനങ്ങളോടുള്ള അവരുടെ പുഛം സകല അതിരുകളും മറികടന്ന് പരസ്യമായി പുറത്തു വരുന്നുണ്ടല്ലോ. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി അടിച്ചു തകര്‍ക്കാന്‍ പുറപ്പട്ട് ജയിലിലായ എട്ട് യുവമോര്‍ച്ചക്കാരെ ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു ശേഷം ബി.ജെ.പി ആസ്ഥാനത്ത് പൂമാലയിട്ട് സ്വീകരിക്കുകയും കെജ്‌രിവാളിനെതിരെ വിപ്ലവം നയിച്ചതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത പ്രശംസ കൊണ്ട് മൂടുകയും ചെയ്തത് ഉദാഹരണം.
കശ്മീര്‍ ഫയല്‍സ് എന്ന കൂതറ സിനിമയെ, അതര്‍ഹിക്കുന്ന വിധം പുഛിച്ചതിനാണ് ഒരു മുഖ്യമന്ത്രിയുടെ വീട് ഇവര്‍ തകര്‍ക്കാനൊരുമ്പെട്ടത്. ജാമ്യം കിട്ടാന്‍ പോലും എട്ടു ദിവസം ജയിലില്‍ കഴിയേണ്ടി വന്ന ഈ ഗുണ്ടകള്‍ ചെയ്തത് ആദേശ് ഗുപ്തയുടെ ഭാഷയില്‍ പക്ഷേ 'മഹാ വിപ്ലവ'മായിരുന്നു! ഹിന്ദിഭാഷയില്‍ പറഞ്ഞാല്‍ 'ക്രാന്തികാരി'കള്‍. തീര്‍ന്നില്ല ഈ നവ വിപ്ലവകാരികളെ കുറിച്ച വിവരങ്ങള്‍ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ച ഗുപ്ത പ്രധാനമന്ത്രിയെയും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെയും ടാഗ് ചെയ്തിട്ടുമുണ്ട്. ഇനിയും ഹിന്ദുവിരോധികള്‍ക്കെതിരെ കൂടുതല്‍ 'വിപ്ലവം' നടത്തുമെന്ന മുന്നറിയിപ്പും ഈ ട്വിറ്റര്‍ സന്ദേശത്തിലുണ്ട്. ഈ മഹല്‍കൃത്യം നാടു ഭരിക്കുന്ന നേതാക്കള്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുമെന്ന ഉറപ്പ് ഈ ഗുപ്തക്ക് തീര്‍ച്ചയായുമുണ്ട്. അല്ലെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ, മുഖ്യമന്ത്രിയുടെ വീട് അവിടെ നില്‍ക്കട്ടെ, ഒരു വില്ലേജ് ഓഫീസിനു കല്ലെറിഞ്ഞവനെയെങ്കിലും പൂമാലയിട്ട് സ്വീകരിച്ച് നവവിപ്ലവകാരിയായി പരിചയപ്പെടുത്തി പ്രധാനമന്ത്രിക്ക് ടാഗ് ചെയ്താല്‍ നിയമവാഴ്ചയുള്ള രാജ്യത്ത് എന്തായിരിക്കും സംഭവിക്കുകയെന്ന്. ഒരു ചെറുമീനല്ല, നാടു ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ഘടകം  അധ്യക്ഷനാണ് മാതൃക കാണിക്കുന്നതെന്ന് ഓര്‍ക്കണം.
നിയമവാഴ്ച എന്നൊന്ന് ഇന്ത്യയില്‍ പൂര്‍ണമായും ഇല്ലാതാവുകയാണ്. കുറേക്കൂടി സത്യസന്ധമായി പറഞ്ഞാല്‍ ബോധപൂര്‍വം ഇല്ലാതാക്കുകയാണ്. മൂന്നു പേര്‍ ബൈക്കില്‍ കയറിയതിന് 'മുസ്ലിംകള്‍ക്ക് അല്ലാഹുവിന്റെ സമ്മാനമെന്ന' പേരില്‍ ഏതോ ഒരു കുട്ടന്‍പിള്ള 33,000 രൂപയുടെ ഫൈന്‍ എഴുതി കൊടുത്ത വാര്‍ത്ത ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഓടുന്നുണ്ടല്ലോ. പോലീസിന്റെ കുപ്പായമിട്ട ഈ വര്‍ഗീയ ക്രിമിനലിനെതിരെ ഈ ലേഖനമെഴുതുന്നതു വരെ ഒരു നടപടിയും എടുത്തിട്ടില്ല. എടുക്കാന്‍ വലിയ സാധ്യതയുമില്ല. കാരണം അയാളെ പോലുള്ളവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത നാടു ഭരിക്കുന്നവരുടെ ആലോചനാമൃതമാണ്. അത്തരക്കാര്‍ക്ക് പരിരക്ഷ നല്‍കുന്നതിലൂടെ രാജ്യത്തെ പോലീസ് സംവിധാനത്തിനകത്തേക്ക് ഭരണൂകൂടം വളരെ കൃത്യമായ ഒരു സന്ദേശം കൈമാറ്റം ചെയ്യുന്നുമുണ്ട്. നിയമ വാഴ്ചയുടെ എല്ലാ അടിസ്ഥാനങ്ങളെയും കാറ്റില്‍ പറത്തുന്ന കാഴ്ചയാണ് ചുറ്റിലും.
സുള്ളി ഭായി, ഭുള്ളി ഭായി ആപ്പ് കേസില്‍ നീരജ് ബിഷ്ണോയിക്കും ഓംകാരേശ്വര്‍ താക്കൂറിനും ജാമ്യം നല്‍കിയ ദല്‍ഹി മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ ഒരു അപ്പീലും ഇതുവരെ നല്‍കിയിട്ടില്ല. ജയിലിലെ വാസം ഇരുവരുടെയും ശാരീരിക സൗഖ്യത്തിന് തടസ്സമാവുമെന്നാണ് വിധിന്യായത്തില്‍ ജഡ്ജിയവര്‍കള്‍ രേഖപ്പെടുത്തിയ അഭിപ്രായം. മുസ്ലിം സ്ത്രീകളെ വില്‍പ്പനക്കു വെച്ച സുള്ളിഭായിയുടെ ഭാവി തകരാറിലാവുമെന്ന് വിലയിരുത്തി അയാള്‍ക്ക് ജാമ്യം അനുവദിച്ച കോടതി വിധി നിമവാഴ്ചയുടെ ഒന്നാന്തരം പരിഹാസമല്ലെങ്കില്‍ മറ്റെന്താണ്. ഈ വിധി ഇന്ത്യയിലെ ഏത് ക്രിമിനലിനും ബാധകമാക്കാവുന്നതല്ലേ ഉള്ളൂ!  ഈ വിധി പുറപ്പെടുവിച്ച ജഡ്ജിയെ വരും നാളുകളില്‍ കണ്ണിലെ കൃഷ്ണമണി പോലെ മോദി സര്‍ക്കാര്‍ സംരക്ഷിക്കുകയും ചെയ്യും. ദല്‍ഹി കലാപത്തിന് തുടക്കമിട്ട വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി നേതാവായ കപില്‍ മിശ്രക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട ജസ്റ്റിസ് എസ്. മുരളീധരനെ രായ്ക്കുരാമാനം സ്ഥലം മാറ്റിയതിലൂടെ, ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിലൂടെ, സഞ്ജീവ് ഭട്ട് മുതല്‍ക്ക് എണ്ണമറ്റ പോലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്ത രീതിയിലൂടെയൊക്കെ വളരെ കൃത്യമായ ഒരു സന്ദേശം രാജ്യത്തെ നിയമവാഴ്ചക്കകത്തേക്ക് ബി.ജെ.പി ഭരണകൂടം സംക്രമിപ്പിക്കുന്നുണ്ട്.
രാമനവമി ആഘോഷം രാജ്യത്തെ ഹിന്ദുക്കളുടേതാണെങ്കിലും അതിന്റെ പേരില്‍ ചുട്ടെരിക്കപ്പെട്ടത് രാവണന്റെ കോലങ്ങളേക്കാളേറെ പാവപ്പെട്ട മുസ്ലിം കച്ചവടക്കാരുടെ കടകളും ഭവനങ്ങളുമായിരുന്നു. രാജസ്ഥാനിലെ കര്‍ഗാംവിലും മധ്യപ്രദേശിലെ ഭഡ്വാണിയിലും ഒഡീഷയിലെ ജോദാ ടൗണിലും ഗുജറാത്തിലെ കംഭാത്തിലും മുംബൈയിലും മറ്റും മറ്റുമായി അരേങ്ങറിയ രാമനവമി കലാപങ്ങളില്‍ സര്‍ക്കാറിന്റെ വകയായും ഹിന്ദുത്വ കലാപകാരികളുടെ കൊള്ളിവെപ്പേറ്റും മുസ്ലിംകള്‍ക്കാണ് നാശനഷ്ടങ്ങളുണ്ടായത്. അതേസമയം, ഈ മൂന്നു പ്രദേശങ്ങളില്‍ നിന്നും അറസ്റ്റിലായവരുടെ കണക്കെടുത്താല്‍ അതിലെ 90 ശതമാനവും മുസ്ലിംകളാണ്. മധ്യപ്രദേശില്‍ കലാപം നടത്തിയെന്നാരാപിച്ച് മുസ്ലിംകളുടെ വീടുകള്‍ക്കും കടകള്‍ക്കും മുകളിലൂടെ ശിവരാജ് സിംഗ് ചൗഹാന്റെ ഗവണ്‍മെന്റ് ബുള്‍ഡോസറുകള്‍ കയറ്റിയിറക്കി. കുറ്റകൃത്യം അഥവാ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ പ്രതിയുടെ വീട് ഇടിച്ചു നിരത്തുന്ന ഈ ഏര്‍പ്പാട് മുസ്ലിംകളുടേതല്ലാത്ത ഒരു കേസിലും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഇന്ത്യന്‍ പീനല്‍ കോഡില്‍ എന്നല്ല മനുസ്മൃതിയില്‍ പോലും ഇങ്ങനെയൊരു ശിക്ഷാ സമ്പ്രദായം എഴുതി വെച്ചിട്ടുമില്ല. സി.എ.എ പ്രക്ഷോഭകാലത്ത് യു.പിയില്‍ നടപ്പാക്കിയ, സുപ്രീം കോടതിയെടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞ ആദിത്യനാഥിന്റെ 'സ്വത്തു കണ്ടുകെട്ടല്‍' നിയമത്തെ മറികടക്കാനുള്ള നീക്കമായിരുന്നു മധ്യപ്രദേശ് സര്‍ക്കാറിന്‍േറത്. മുസ്ലിം വിരുദ്ധതയില്‍ ആദിത്യനാഥിനേക്കാള്‍ താനാണ് കൂടുതല്‍ കേമനെന്ന് തെളിയിക്കാനും അടുത്ത പ്രധാനമന്ത്രിയാവാനുമുള്ള പുറപ്പാടിലായിരിക്കണം ശിവരാജ് സിംഗ് ചൗഹാന്‍. അക്കൂട്ടത്തില്‍ കുറ്റാരോപിതരായ ശഹ്ബാസ്, ഫക്രുദ്ദീന്‍, റഊഫ് എന്നീ യുവാക്കള്‍ കഴിഞ്ഞ ഒരു വര്‍ഷമായി മറ്റേതോ കേസിലുള്‍പ്പെട്ട് ജയിലാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. എന്നാല്‍ അവരെ ജയിലിലടച്ച അതേ ഭഡ്വാണി പോലീസ് തയാറാക്കിയ എഫ്.ഐ.ആര്‍ പറയുന്നത് ഇവര്‍ ഏപ്രില്‍ 10-ന് നടന്ന കലാപത്തില്‍ ഒരു മോട്ടോര്‍ സൈക്കിളിനും ഒരു ബൈക്കിനും തീവെച്ചതായാണ്. അതായത് ജയിലില്‍ നിന്നും ഒരു ദിവസത്തേക്ക് ഇവര്‍ അവധിയെടുത്ത് ഭഡ്വാണിയിലെത്തുകയും കലാപവും കൊള്ളിവെപ്പും നടത്തി അന്നു രാത്രി തന്നെ തിരികെ ജയിലിലേക്കു പോയെന്നുമാണ് മനസ്സിലാക്കേണ്ടത്! മധ്യപ്രദേശിലെ ഈ 'സുന്ദര സുരഭില കാരാഗൃഹവാസം' ജീവിതത്തില്‍ ഒരിക്കലെങ്കിലും തരപ്പെട്ടിരുന്നെങ്കിലെന്ന് മോഹിക്കാത്ത ഏത് ക്രിമിനലാണാവോ രാജ്യത്തുണ്ടാവുക!
ബി.ജെ.പി പരിചയപ്പെടുത്തുന്ന ഒരു പ്രത്യേക സാംസ്‌കാരിക ബോധവും അതിന്റെ ഉപോല്‍പ്പന്നമായ പരമതവിദ്വേഷവും ഇന്ത്യയുടെ പൊതുജീവിതത്തെ അപ്പാടെ ഗ്രസിച്ചു കഴിഞ്ഞു. മതസ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന അവകാശമാണെങ്കിലും തട്ടമിട്ട പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ കാണാന്‍ പാടില്ലെന്ന് കോടതികളാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. രാഷ്ട്രീയ യജമാനന്മാരെ സുഖിപ്പിക്കാനെന്ന് ആരും സംശയിച്ചു പോകുന്ന രീതിയില്‍ ജഡ്ജിമാരിരുന്ന് ഇസ്ലാം മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. മുംബൈയിലും അലിഗഡിലും പള്ളികളില്‍ ബാങ്ക് വിളിക്കാനായി ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ പുതിയ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. ഇനിയങ്ങോട്ട് ബാങ്കു വിളിക്കുന്ന സമയത്ത് കഴിയുന്നത്ര ഉച്ചത്തില്‍ അമ്പലങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും പാട്ടും ഭജനയും വെക്കാനാണ് ആഹ്വാനം. മുംബൈയില്‍ മെയ് 3-നകം പള്ളികളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് ശിവസേനയുടെ രാജ് താക്കറെ വിഭാഗം താക്കീത് നല്‍കിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് മുംബൈയിലെ പ്രമുഖനായ ഒരു ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഉച്ചഭാഷിണി വിതരണം നടത്താനുള്ള നീക്കവും സജീവമാണ്. പൊതുസമൂഹം ആദരിക്കുന്ന ഗായകനായ സോനുനിഗം നേരത്തെ മുതല്‍ക്കും അനുരാധാ പൊതുവാള്‍ ഏറ്റവും ഒടുവിലായും മസ്ജിദുകളില്‍ ബാങ്ക് വിളിക്കുന്നതിനെതിരെ രംഗത്തുണ്ട്. ഭജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ മസ്ജിദുകള്‍ക്ക് മുമ്പില്‍ ഹനുമാന്‍ ചാലീസ് നടത്തുമെന്ന് ഭീഷണി മുഴക്കിയതോടെ അലിഗഡില്‍ റമദാനിലെ ജുമുഅ നമസ്‌കാരങ്ങളും തറാവീഹുമൊക്കെ പോലീസിന്റെ കാവലിലാണ് നടത്തേണ്ടി വന്നത്.
പച്ചയായ വര്‍ഗീയത മൈക്കിലൂടെ വാരി വിതറുമ്പോഴും യു.പിയിലെയും ദല്‍ഹിയിലെയുമൊക്കെ പോലീസ് 'വിഷയം പഠിച്ചുവരുന്ന'തേ ഉള്ളൂ. പാറ്റ്നാ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അഞ്ജനാ പ്രകാശും പത്രപ്രവര്‍ത്തകനായ ഖുര്‍ബാന്‍ അലിയും നല്‍കിയ സംയുക്ത ഹരജിയെ തുടര്‍ന്നാണ് ദല്‍ഹിയിലെ വംശീയവെറി പ്രസംഗത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതും സുപ്രീംകോടതി കണ്ണുരുട്ടിയതു കൊണ്ടു മാത്രം. ഹിന്ദു യുവവാഹിനി യോഗത്തിന്റെ മുഖ്യലക്ഷ്യമായ ആത്മീയ പ്രഭാഷണങ്ങള്‍ അവഗണിച്ച് ചില ഒറ്റപ്പെട്ട പരാമര്‍ശങ്ങള്‍ ഹരജിക്കാര്‍ ഏറ്റുപിടിക്കുകയാണ് ചെയ്തതെന്നും അവര്‍ കോടതിയില്‍ ഹാജരാക്കിയ വീഡിയോ ടേപ്പുകള്‍ ശാസ്ത്രീയ പരിശോധന നടത്താത്തവയാണെന്നും ദല്‍ഹി പോലീസ് ചൂണ്ടിക്കാട്ടി. അതായത്, വംശീയവെറിയല്ല മതപരമായ ഉദ്‌ബോധനങ്ങള്‍ മാത്രമാണ് ഈ യോഗങ്ങളില്‍ നടന്നതെന്ന്.
2020-ലെ ദല്‍ഹി കലാപത്തില്‍ അശോക് നഗറിലെ പള്ളിയുടെ മുകളില്‍ കാവിക്കൊടി നാട്ടിയപ്പോഴും ശിവ് വിഹാറിലെ മദീന മസ്ജിദ് തകര്‍ത്തപ്പോഴും ദല്‍ഹി പോലീസ് നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നല്ല അങ്ങനെയൊരു കൊടിനാട്ടല്‍ നടന്നിട്ടില്ലെന്ന് നുണ പറയാന്‍ പോലും പോലീസ് ആദ്യഘട്ടത്തില്‍ ശ്രമിച്ചു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ കേസെടുത്തുവെങ്കിലും  ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ 172-ാം വകുപ്പ് പ്രകാരം ഈ കേസിന്റെ സ്റ്റേഷന്‍ ഡയറികള്‍ സൂക്ഷിക്കാത്തതിന് ഒടുവില്‍ കോടതിയുടെ വിമര്‍ശം ഏറ്റുവാങ്ങി. പിന്നീട് കലാപം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച മുസ്ലിം നേതാക്കളെയടക്കം തെരഞ്ഞുപിടിച്ച് അവര്‍ക്കെതിരെ കേസെടുത്തു. സമാനമായ നിഷേധവും ഒത്തുകളിയുമാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 17-ന് ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ ദല്‍ഹിയിലെ ജഹാംഗീര്‍പൂര്‍ മസ്ജിദില്‍ കാവിക്കൊടി നാട്ടിയപ്പോഴും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ആദ്യം നിഷേധിച്ചു. ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ പറപറക്കാന്‍ തുടങ്ങിയപ്പോള്‍ ദല്‍ഹി പോലീസ് കമ്മീഷണറും സംഘ്പരിവാറിന്റെ മുഖ്യ ഒത്താശക്കാരനുമായ രാകേഷ് അസ്താന അനധികൃത കെട്ടിട നിര്‍മാണത്തിന് പള്ളിക്കെതിരെ കേസെടുത്തു. പള്ളിയെ ആക്രമിക്കാനായി അങ്ങോട്ടേക്ക് പുറപ്പെട്ടു പോയ ഘോഷയാത്രാസംഘത്തിന്റെ പ്രധാനികളെ വെറുതെ വിട്ട പോലീസ് അവരെ എതിരിട്ട മുസ്ലിംകളെ മുഴുവന്‍ തലയെണ്ണി പിടിച്ച് അകത്തിടുകയും ചെയ്തു. മുസ്ലിംകള്‍ക്ക് അവരുടെ വീടു കത്തിച്ചവരെ അറിയുന്ന കേസുകളില്‍ പോലും എഫ്.ഐ.ആറുകളില്‍ അഞ്ജാതര്‍ എന്നു മാത്രമേ പോലീസ് പറയുന്നതനുസരിച്ച് എഴുതി വെക്കാന്‍ ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ കഴിയുന്നുള്ളൂ. നിയമവാഴ്ച എന്ന ഏര്‍പ്പാടിന്റെ സാധ്യമായ ഏറ്റവും നെറികെട്ട പ്രായോഗിക രൂപമായിരുന്നു ഇത്. 
ഹിന്ദു രാഷ്ട്ര പ്രഖ്യാപനം വരുന്നതിനു മുമ്പെ ഘട്ടംഘട്ടമായി പൊതു ധാര്‍മികബോധത്തെ നിശ്ശബ്ദമാക്കുകയാണ് ബി.ജെ.പി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രാമന്റെ പേരില്‍ കലാപം നടത്തിയതിനെ ചൊല്ലി രാജ്യത്താരും ഇത്തവണ പത്മഭൂഷണ്‍ ബഹുമതികള്‍ തിരികെ ഏല്‍പ്പിച്ചിട്ടില്ല. വിരലില്‍ എണ്ണാവുന്ന സെലിബ്രറ്റികളാണ് മോദി സര്‍ക്കാറിനെതിരെ പരസ്യമായി എന്തെങ്കിലും പറയുന്നത്. മറുഭാഗത്ത് ഈ സര്‍ക്കാര്‍ ഭരണം തുടങ്ങിയതില്‍ പിന്നെ രാജ്യം ഉത്തരോത്തരം പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും ഇന്ത്യ വിശ്വ നേതാവായെന്നുമാണ് പശുബെല്‍റ്റില്‍ ജീവിക്കുന്ന ഏത് സാധാരണക്കാരന്റെയും വിശ്വാസം. പെട്രോളിന് അമിതവില കൊടുക്കേണ്ടി വരുന്നത് ഇന്ത്യയുടെ അന്താരാഷ്ട്ര കടം വീട്ടാനാണെന്നും ഈ കടം വീട്ടികഴിഞ്ഞാല്‍ ഗ്യാസും പെട്രോളും തുഛവിലക്ക് കിട്ടുമെന്നും ബി.ജെ.പി പാവങ്ങളെ പറഞ്ഞു പറ്റിക്കുന്നുണ്ട്. പക്ഷേ 2020-ല്‍ തന്നെ ആളോഹരി വരുമാനത്തിന്റെ 90 ശതമാനവും കടബാധ്യതയുള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നതാണ് വസ്തുത. ബ്രസീലിനും അര്‍ജന്റീനക്കും പുറകില്‍ ഏറ്റവും കടബാധ്യതയുള്ള മൂന്നു രാജ്യങ്ങളുടെ പട്ടികയിലാണ് നിലവില്‍ സ്ഥാനമെങ്കിലും മോദി ഇന്ത്യയെ ആഗോള സാമ്പത്തിക ഭീമന്മാരുടെ പട്ടികയിലേക്ക് കൊണ്ടെത്തിച്ചു കഴിഞ്ഞതായാണ് വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റികള്‍ അവകാശപ്പെടുന്നത്. യു.പി.എ കാലത്തെ ദുര്‍ഭരണമാണ് ഇന്ധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാക്കിയതെന്നും നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവില നല്‍കേണ്ടി വരുന്നതും യുവാക്കള്‍ തൊഴിലില്ലാതെ തെണ്ടിത്തിരിയുന്നതും മന്‍മോഹന്‍ സിംഗ് ഇന്ത്യ ഭരിച്ചതിലൂടെ ഉണ്ടായ ദുരന്തങ്ങളാണെന്നുമാണ് പ്രചരിപ്പിക്കപ്പെടുന്നത്.
ഈ സത്യങ്ങളില്‍ നിന്നെല്ലാം പൊതുജനത്തെ ശ്രീരാമന്റെ പേരില്‍ കലാപം നടത്തുന്നതിലേക്കും പള്ളിയുടെ മുമ്പില്‍ ഹനുമാന്‍ ചാലിസ വായിക്കുന്നതിലേക്കും മുസ്ലിം പെണ്‍കുട്ടികളുടെ തട്ടംപിടിച്ചു വലിക്കുന്നതിലേക്കും രാജ്യം ഭരിക്കുന്നവരുടെ പാര്‍ട്ടി ആട്ടിത്തെളിക്കുമ്പോള്‍ കുറ്റകരമായ പക്ഷം ചേരലാണ് മാധ്യമങ്ങളുടേത്. രാജ്യത്തെ മിക്ക മാധ്യമ ശിങ്കങ്ങളെയും മയക്കുവെടിവെച്ച് വായിലെ പല്ലെണ്ണുകയാണ് മോദി സര്‍ക്കാര്‍. 2017-ല്‍ സ്മൃതി ഇറാനി കൊണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ട മാധ്യമ നിയന്ത്രണ നിയമം ഒരെതിര്‍പ്പുമില്ലാതെ പി.ഐ.ബിയുടെ ഓഫീസ് ഉത്തരവിലൂടെ രാജ്യത്ത് നടപ്പില്‍ വരുത്തി കഴിഞ്ഞു. സര്‍ക്കാറിന് വഴിപ്പെട്ടേ മതിയാകൂ. വഴങ്ങാന്‍ കൂട്ടാക്കാത്തവരെ നേര്‍ക്കുനേരെ വെടിവെക്കുന്നുമുണ്ട്. രാജ്യമെന്ന നിലയില്‍ ഇന്ത്യയെ കൂട്ടി യോജിപ്പിച്ചു നിര്‍ത്തുന്ന മുഴുവന്‍ ഘടകങ്ങളും ഇല്ലാതായാല്‍, നിയമ വ്യവസ്ഥയും നീതിപീഠങ്ങളും കാവിവല്‍ക്കരിക്കപ്പെട്ടാല്‍, ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതാക്കിയാല്‍, സന്നദ്ധ സംഘടനകളെ അടച്ചു സീല്‍ വെച്ചാല്‍, സി.ബി.ഐയെയും ഐ.ഡിയെയും പറഞ്ഞയച്ച് എതിരാളികളെ മുഴുവന്‍ നിശ്ശബ്ദരാക്കിയാല്‍ പിന്നെ പരസ്യ കമ്പനികളുടെയും പി.ആര്‍ ഏജന്‍സികളുടെയും ആവശ്യം മാത്രമല്ലേ രാജ്യത്തുണ്ടാവൂ എന്നു പോലും തിരിച്ചറിയാതെയാണ് മാധ്യമങ്ങള്‍ മോദിക്ക് കുഴലൂതുന്നത്. ജനങ്ങളെ അടിസ്ഥാനപരമായി ബാധിക്കുന്ന ഒരു വിഷയവും നിലവില്‍ ഈ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. പെട്രോളിന്റെ വില നൂറ് കടന്ന ദിവസങ്ങളില്‍ അമ്മായിയമ്മ പോര് എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് നിരവധി ലേഖനങ്ങള്‍ പ്രധാനപ്പെട്ട ഹിന്ദി മാധ്യമങ്ങളില്‍ ഒരേസമയം പ്രത്യക്ഷപ്പെട്ടത് എന്‍.ഡി.ടി.വി എടുത്തു കാട്ടിയത് ശ്രദ്ധിക്കുക. അവയുടെ സ്വഭാവവും വിശദാംശങ്ങളുമൊക്കെ ഏറക്കുറെ ഒന്നായതു കൊണ്ട് ഈ ലേഖനങ്ങള്‍ വരുന്ന വഴി ഏതെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും വേണ്ടി വരില്ല.
കോടതികള്‍, നീതിവാഴ്ച, പാര്‍ലമെന്റ്, ഭരണകൂടങ്ങള്‍, പരസ്പര വിശ്വാസം എന്നിവയെല്ലാം തകര്‍ന്നടിഞ്ഞതിനു ശേഷം എന്ത് രാജ്യം വന്നാലും അതിന് എത്രനാള്‍ പിടിച്ചു നില്‍ക്കാനാവും? ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ കൂട്ടിവായിക്കുമ്പോള്‍ അത്രയൊന്നും ശുഭോദര്‍ക്കമല്ല രാജ്യത്തിന്റെ ഭാവിയെന്ന് വ്യക്തം. ക
പില്‍ സിബല്‍ രാജ്യസഭയില്‍ നടത്തിയ ഒരു പ്രയോഗം കടമെടുത്താല്‍ രണ്ട് ദിനോസറുകള്‍ ബാക്കിയുള്ള ഒരു ജുറാസിക് പാര്‍ക്കായി മാറും ഇന്ത്യ. പാര്‍ക്കിലെ ചെറുജീവികള്‍ക്കിടയില്‍ വേറെ വകഭേദങ്ങളൊന്നും ഉണ്ടാവാനുള്ള ഒരു സാധ്യതയുമില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

ദാനം ഒരു നിക്ഷേപമാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്