Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 22

3249

1443 റമദാന്‍ 20

ഫാഷിസ്റ്റ്കാല ഇന്ത്യയെ  അഭിമുഖീകരിക്കുമ്പോള്‍

ഹമീദ് വാണിയമ്പലം

ഇന്ത്യയില്‍ ഫാഷിസം യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ഭരണകൂട പിന്‍ബലത്തില്‍ ആധുനിക സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയും മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും വിലയ്‌ക്കെടുത്തുമാണവര്‍ അത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.  വെറുപ്പിന്റെ പൊതുബോധനിര്‍മിതിയും സാമൂഹിക സംഘാടനവും അതിന്റെ പൂര്‍ണതയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു എന്നതിന്റെ അവസാനത്തെ സൂചനയാണ് യു.പി തെരഞ്ഞെടുപ്പ് ഫലം.
ഈ ഫാഷിസ്റ്റ് കാലത്തെ അഭിമുഖീകരിക്കാന്‍ നിലവില്‍ സംഘടനകളും കൂട്ടായ്മകളും സെറ്റ് ചെയ്ത അജണ്ടകള്‍ കൊണ്ടാവില്ല. നിലവിലെ സംഘടനാ സ്ട്രക്ച്ചറുകളിലും മുന്‍ഗണനകളിലുമെല്ലാം അടിമുടി മാറ്റം വരുത്തിയേ ഫാഷിസ്റ്റ് കാലത്തെ അഭിമുഖീകരിക്കാനാവൂ. ഈ യാഥാര്‍ഥ്യം ഫാഷിസവിരുദ്ധ നിലപാടുള്ളവരും മതന്യൂനപക്ഷങ്ങളും വിശേഷിച്ച് വംശഹത്യക്ക് ഇരയാക്കപ്പെടുന്ന മുസ്‌ലിം സമുദായ സംഘടനകളും ആദ്യം അംഗീകരിക്കേണ്ടതുണ്ട്. ഫാഷിസത്തെ രാഷ്ട്രീയമായി തോല്‍പിക്കുക, ഫാഷിസവിരുദ്ധ മുന്നണി രൂപീകരിച്ച് നേരിടുക, ഭരണകൂട ഭീകരതയെക്കുറിച്ചും ജനദ്രോഹ നടപടികളെക്കുറിച്ചും കാമ്പയിന്‍ നടത്തുക തുടങ്ങിയ നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അവഗണിക്കേണ്ടതില്ലെന്ന് സമ്മതിച്ചാലും ഇതൊന്നും മതിയായ പരിഹാരമല്ല. ഫാഷിസം ഇന്ത്യയില്‍ ഇന്ന് ഒരു ഭരണകൂടമാണ്.  അതിനുമപ്പുറം മനുഷ്യ മനസ്സുകളില്‍ വേരുറപ്പിക്കുന്ന, വിഷം വമിക്കുന്ന വംശീയതയാണ്. അപര ഭീതിയിലും അത് ഉല്‍പാദിപ്പിക്കുന്ന വെറുപ്പിലും വെറുക്കപ്പെട്ടവരുടെ വംശഹത്യയിലും അവസാനിക്കുന്ന ഒന്നായി അത് വളരുന്നു.
20 ശതമാനം വരുന്ന അപരരെക്കുറിച്ച ഭീതിയില്‍ 80 ശതമാനം വരുന്ന ഭൂരിപക്ഷ സമുദായങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്ന ഹിന്ദുത്വ രാഷ്ട്രത്തെക്കുറിച്ച പ്രതീക്ഷയില്‍ ദാരിദ്ര്യവും പട്ടിണിയും വികസന മുരടിപ്പും അഴിമതിയും മറക്കാവുന്നതേയുള്ളൂ എന്ന ബോധ്യത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നതില്‍ ഫാഷിസം വിജയിച്ചിരിക്കുന്നു. മുസ്‌ലിംവിരുദ്ധ പൊതുബോധം രാജ്യത്ത് നിര്‍മിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഈ ഘട്ടം പിറന്നിരിക്കുന്നുവെന്ന തിരിച്ചറിവിലാണ് നമ്മുടെ അജണ്ടകള്‍ സെറ്റ് ചെയ്യേണ്ടത്.  
ഫാഷിസം മനുഷ്യ ബോധ്യങ്ങളിലെ അയുക്തിയിലാണ് സ്ഥാപിതമാകുന്നത്. 80 ശതമാനം ഹിന്ദുക്കള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ വോട്ട് ചോദിക്കുന്നതെന്ന യോഗിയുടെ പ്രസ്താവന വിജയമായി മാറുന്നത് അങ്ങനെയാണ്. ഈ മനഃശാസ്ത്രവും സോഷ്യല്‍ എഞ്ചിനീയറിംഗും മനസ്സിലാക്കുകയാണ് പ്രധാനം. അല്ലാതെ ഫാഷിസത്തിനെതിരായ പരമ്പരാഗത പാര്‍ട്ടികളുടെ പരാജയങ്ങളെ കുറ്റപ്പെടുത്തുകയല്ല. അവരെ കൊണ്ട് മറികടക്കാവുന്ന കാലമല്ല മുന്നിലുള്ളത്..
നുണകള്‍ നിര്‍മിച്ചെടുക്കുക, നിര്‍മിച്ചെടുത്ത നുണകള്‍ ആവര്‍ത്തിക്കുക,  ഉപബോധ മനസ്സുകളില്‍  അത് യാഥാര്‍ഥ്യമായി സ്ഥാപിച്ചെടുക്കുക ഇത്രയുമായാല്‍ പൊതുബോധനിര്‍മിതിക്ക് മനുഷ്യമനസ്സ് പാകമായി. ഇത്തരം പാകപ്പെടലുകളിലാണ് ഫാഷിസം ഇരുപ്പുറപ്പിക്കുന്നത്.
ഫാഷിസത്തിന്റെ ജൈവികാടിത്തറയായ വംശീയതയുടെ ഉറവിടം അപര ഭീതിയിലാണ്. ഇത് അപര മത ഭീതിയായും, അപര രാഷ്ട്ര ഭീതിയായും പ്രവര്‍ത്തിപ്പിക്കും. മുസ്‌ലിമും പാകിസ്താനും പ്രശ്‌നവല്‍കരിക്കപ്പെടുന്നത് അതുകൊണ്ടാണ്.
ഇന്ത്യയില്‍ അപരര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവരാണെന്ന് 'വിചാരധാര' വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ അപകടകാരികളും പുറത്താക്കപ്പെടേണ്ടവരും തന്നെയാണ്. ആര്‍.എസ്.എസിന്റെ തന്ത്രപരമായ സമീപനം എന്ന നിലക്ക് ഇപ്പോള്‍ അപരത്വം ചാര്‍ത്തപ്പെടുന്നത് മുസ്‌ലിംകള്‍ക്ക് മേല്‍ മാത്രമാണ്. മുസ്ലിംകളെ ഭീകരവല്‍ക്കരിച്ചും പൈശാചികവല്‍ക്കരിച്ചും ഭീതി സൃഷ്ടിക്കുന്നു. കൂടെ ജീവിക്കുന്ന മുസ്‌ലിമില്‍ ഭീകരത കാണാനില്ലെങ്കിലും മുസ്‌ലിം ഭീകരവാദി തന്നെയാവും എന്ന നിഗമനത്തിലേക്ക് എത്തിച്ചേരുന്നു. അങ്ങനെ മുസ്‌ലിം ഭീതി മുസ്‌ലിം സമുദായത്തെത്തന്നെ ഉന്മൂലനം ചെയ്യാനുള്ള ത്വരയായി പരിണമിക്കുന്നു.
ഗുജറാത്ത് വംശഹത്യയില്‍ ഈ അപര ഭീതി എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് നരോദ പാട്യയിലെ അയല്‍ക്കാരായ അബ്ദുല്‍ മജീദിന്റെയും ജയഭവാനിയുടെയും സംഭവം പറഞ്ഞു തരുന്നുണ്ട്. രണ്ട് കുടുംബങ്ങളും സന്തോഷത്തോടെ കഴിയുന്നതിനിടക്കാണ് ഗുജറാത്ത് വംശഹത്യ അരങ്ങേറുന്നത്. പ്രദേശം വളഞ്ഞ സംഘ് ഗുണ്ടകള്‍ക്ക് മുന്നിലേക്ക് മജീദിനെ വിളിച്ചിറക്കി കൊണ്ടുപോകുന്നത് ആയുധമേന്തിയ സുഹൃത്ത് ജയ് ഭവാനിയാണ്. ക്ഷേത്രത്തില്‍ അഭയം തേടിയ മജീദിന്റെ കുടുംബത്തെ സംഘ് ഭീകരര്‍ ക്രൂരമായി കൊന്നൊടുക്കിയപ്പോഴും പൂര്‍ണ ഗര്‍ഭിണിയായ കൗസര്‍ഭിയുടെ വയര്‍ കുത്തിക്കീറി ഗര്‍ഭസ്ഥ ശിശുവിനെയടക്കം കുത്തിയെടുത്തപ്പോഴും ജയ്ഭവാനി ആയുധവുമായി സാക്ഷിയായിട്ടുണ്ടായിരുന്നു.
പ്രിയപ്പെട്ട അയല്‍വാസിക്ക് ചെകുത്താനെപ്പോലെ പെരുമാറാന്‍ കഴിയുന്നതെങ്ങനെ? മാനസികാവസ്ഥയില്‍ സൃഷ്ടിക്കുന്ന ഈ മാറ്റത്തെ മനസ്സിലാക്കലും അഭിമുഖീകരിക്കലുമാണ് ഫാഷിസ പ്രതിരോധത്തില്‍ പ്രധാനം.
ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ്, പശുഹത്യ, പാകിസ്താനെ പിന്തുണക്കുന്നവര്‍, ഹിന്ദുക്കളെ നശിപ്പിച്ച മുഗളരുടെ പിന്മുറക്കാര്‍, ക്ഷേത്ര ധ്വംസകര്‍ തുടങ്ങി നിര്‍മിച്ചെടുത്ത നുണകള്‍ക്ക് വ്യാപകമായ പ്രചാരം നല്‍കിയും ഗോ സംരക്ഷണ പ്രക്ഷോഭങ്ങളിലൂടെയും  ഹിന്ദു മത ആചാരചിഹ്നങ്ങള്‍ ഉപയോഗിച്ചുമാണ് വെറുപ്പിന്റെ സാമുഹിക സംഘാടനം സാധ്യമാക്കുന്നത്.
മുസ്‌ലിംകള്‍ക്കെതിരെ എല്ലാ സാമൂഹിക വിഭാഗങ്ങളും സ്വരക്ഷക്കും രാജ്യസുരക്ഷക്കും ഒന്നിച്ചുനില്‍ക്കണമെന്ന തോന്നലാണ് ഇവിടെ നിര്‍മിക്കപ്പെടുന്നത്. ഒപ്പം, ഹിന്ദു ഏകീകരണത്തിന് തടസ്സം നില്‍ക്കുന്ന, അസമത്വത്തിനും വിവേചനത്തിനും വിശ്വാസപരമായി തന്നെ സംരക്ഷണമൊരുക്കുന്ന ജാതിവ്യവസ്ഥയെ അപര ഭീതി സൃഷ്ടിച്ച് മറികടക്കാനും അവര്‍ക്ക് കഴിയുന്നുണ്ട്.
മുസ്‌ലിംകള്‍ക്കെതിരെ മറ്റു മതന്യൂനപക്ഷങ്ങളെയും ദലിത് ആദിവാസി പിന്നാക്ക വിഭാഗങ്ങളെയും അപര ഭീതിയില്‍ അണിനിരത്താനുള്ള ഈ ഫാഷിസ്റ്റ് തന്ത്രത്തിന് മുസ്‌ലിം അദൃശ്യത ഉറപ്പാകുന്നതുവരെ മാത്രമേ നിലനില്‍പ്പുള്ളു. അതിനു മുമ്പ് തന്നെ,  ചര്‍ച്ചുകള്‍ക്ക് നേരെയും കന്യാസ്ത്രീകള്‍ക്കു നേരെയും നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും ദലിത് കൂട്ടക്കൊലകളും സവര്‍ണ വംശീയതയുടെ സ്വാഭാവിക പ്രതികരണമാണ്.
അയോധ്യയില്‍ കര്‍സേവക്ക് പോയ, പിന്നീട് അംബേദ്കര്‍ ജന കല്യാണ്‍ പരിഷത്തിന്റെ പ്രസിഡന്റായ ഹരിശങ്കര്‍ ഹിന്ദു ഐക്യം എന്ന തട്ടിപ്പിനെക്കുറിച്ച് പറയുന്നുണ്ട്: ''തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ദലിതരെ ഉപയോഗിച്ച ശേഷം ജാതീയമായ ശ്രേണി രൂപപ്പെടുത്താന്‍ മര്യാദയും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ വി.എച്ച്.പിയും ബി.ജെ.പിയും തങ്ങളെ വഞ്ചിച്ചു.'' ഗുജറാത്ത്  വംശീയ കലാപത്തില്‍  ദലിതര്‍  ഉപയോഗപ്പെടുത്തപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ചും ന്യൂനപക്ഷങ്ങളും ദലിത് വിഭാഗങ്ങളും ഒരുമിച്ചുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചും ദലിത് ബുദ്ധിജീവികളും എഴുത്തുകാരും പിന്നീട് നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അപരവല്‍ക്കരിച്ചും ദലിത് ആദിവാസി പിന്നാക്ക വിഭാഗങ്ങളെ അടിമത്തവല്‍ക്കരിച്ചും സവര്‍ണ വംശീയതയും മേല്‍ക്കോയ്മയും ഉറപ്പു വരുത്തുന്ന സോഷ്യല്‍ എഞ്ചിനീയ
റിംഗാണ് ഫാഷിസം ലക്ഷ്യം വെക്കുന്നത്.
'ദേശീയത' ഫാഷിസത്തിന് അടിസ്ഥാന സങ്കേതമാണ്. കള്‍ച്ചറല്‍ നാഷണലിസം എന്ന ആശയത്തിലൂടെയാണ് ഹിന്ദുത്വ ദേശീയതയെ സ്ഥാപിച്ചെടുക്കുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ദേശീയത  നിരാകരിക്കുന്ന ഒന്നാണ് കള്‍ച്ചറല്‍ നാഷണലിസം അഥവാ ഹിന്ദുത്വ ദേശീയത. വിവിധ സാമൂഹിക വിഭാഗങ്ങള്‍ അധിനിവേശ ശക്തികള്‍ക്കെതിരെ നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലൂടെയാണ് ഇന്ത്യയുടെ ദേശീയത പുരോഗമിച്ചതും രൂപപ്പെട്ടതും. അത് വ്യത്യസ്ത വിശ്വാസങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ഉള്‍ച്ചേര്‍ന്നതാണ്. വൈവിധ്യങ്ങളുടെയും വ്യത്യസ്തതകളുടെയും മഴവില്‍ സൗന്ദര്യമാണ് ഇന്ത്യയുടെ ദേശീയത. ഈ സൗന്ദര്യത്തെ നിരാകരിക്കുന്ന ഹിന്ദുത്വയുടെ ഏകശിലാ സംസ്‌കാരം അഥവാ സാംസ്‌കാരിക ദേശീയത യഥാര്‍ഥ ഇന്ത്യന്‍ ദേശീയതയെ  റദ്ദ് ചെയ്യുന്നതാണ്.
വംശീയതയുടെ സാമൂഹിക സംഘാടനത്തെയും പൊതുബോധ നിര്‍മിതിയെയും അഭിമുഖീകരിക്കുക എന്നതാണ് ഫാഷിസ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനം. ഇന്ത്യയില്‍ ഫാഷിസം  വന്നുകഴിഞ്ഞോ എന്ന് സന്ദേഹിക്കുന്നവരും, അതിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ തോല്‍പ്പിച്ചു കളയാം എന്ന് വിചാരിക്കുന്നവരും  ഫാഷിസ പ്രതിരോധത്തിന്റെ ദുര്‍ബല കണ്ണികളാണ്. ഫാഷിസം അധികാരത്തില്‍നിന്ന് പുറത്തായാലും ഇന്ത്യയുടെ സാമൂഹിക ശരീരത്തില്‍ അള്ളിപ്പിടിച്ചുനില്‍ക്കാനും വളരാനുമുള്ള ശേഷി അത് നേടിക്കഴിഞ്ഞിട്ടുണ്ട്. ഇറ്റലിയിലും ജര്‍മനിയിലും ഫാഷിസവും നാസിസവും പരാജയപ്പെട്ടത് വംശീയ രാഷ്ട്രീയത്തിന് പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ഒരു സാമൂഹികഘടന അവിടെ ഇല്ലായിരുന്നു എന്നത് കൊണ്ടാണ്. ഇന്ത്യയില്‍ ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ സാമൂഹിക ഘടന ഇന്ത്യന്‍ ഫാഷിസത്തിന് അനുകൂലമായ മണ്ണൊരുക്കിയിട്ടുണ്ട്.
മൃദുഹിന്ദുത്വ നിലപാട് കൊണ്ടും, ഭൂരിപക്ഷ വര്‍ഗീയത / ന്യൂനപക്ഷ വര്‍ഗീയത തുടങ്ങിയ ദ്വന്ദ്വ നിര്‍മിതികള്‍ കൊണ്ടും ഹിന്ദു മത ചിഹ്നങ്ങള്‍ ഉപയോഗിച്ചുകൊണ്ടും ഫാഷിസത്തെ പ്രതിരോധിക്കാനിറങ്ങുന്നവര്‍ യഥാര്‍ഥത്തില്‍ വംശീയ രാഷ്ട്രീയത്തിന് മണ്ണൊരുക്കുകയാണ്.
വിവിധ സാമൂഹിക വിഭാഗങ്ങളുടെയും  ജാതി വിഭാഗങ്ങളുടെയും  സ്വത്വബോധം ഉണര്‍ത്തിയും, അന്തസ്സും അഭിമാനവും തുല്യതയും നീതിയും ഉറപ്പുവരുത്തി അതിനനുസൃതമായ  സോഷ്യല്‍ എഞ്ചിനീയറിംഗിലൂടെ ഹിന്ദു ഏകീകരണം എന്ന വഞ്ചനയെ പ്രതിരോധിച്ചും, വൈവിധ്യങ്ങളുടെ കൂടിച്ചേരല്‍ എന്ന മഴവില്‍ ദേശീയതയെ  പൊതുബോധമായി രൂപപ്പെടുത്തിയെടുത്തും ഫാഷിസത്തിനെതിരെ അതിശക്തമായ  ആശയ പോരാട്ടം നിര്‍വഹിച്ചു മാത്രമേ ഇന്ത്യന്‍ ഫാഷിസത്തെ പരാജയപ്പെടുത്താനാവൂ.
വേട്ടയാടപ്പെടുന്നവരുടെ മുന്‍കൈയില്‍ മാത്രമേ പുതിയകാല അഭിമുഖീകരണ ഭാവനകളും രൂപപ്പെടുകയുള്ളൂ. മറ്റുള്ളവര്‍ എല്ലാം ചെയ്യുമെന്നും അപ്പോഴവരെ പിന്തുണച്ച് പിന്നില്‍ അണിനിരക്കാമെന്നുമുള്ള ആലോചനയുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇരയാക്കപ്പെടുന്നവര്‍ മുന്നില്‍ നിന്ന് തന്നെ നയിക്കണം. മറ്റുള്ളവരെ കൂടി ഇറങ്ങിവരാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമൊരുക്കണം. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തണം. അതിന് പക്ഷേ, പിന്നിലല്ല മുന്നില്‍ തന്നെയാണ് നില്‍ക്കേണ്ടത്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 79-85
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇഅ്തികാഫിന്റെ ചൈതന്യം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്