Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 22

3249

1443 റമദാന്‍ 20

പ്രാര്‍ഥന അര്‍ഥപൂര്‍ണമാകുന്നത്

ശൈഖ് മുഹമ്മദ് കാരകുന്ന്

എന്തിനോടും ഏതിനോടും ആരോടുമുള്ള അടുപ്പത്തിന്റെ അടിസ്ഥാനം സ്‌നേഹമാണ്. അകല്‍ച്ചക്ക് കാരണം വെറുപ്പും. സ്‌നേഹത്തിന്റെ ഏറ്റക്കുറവനുസരിച്ച് അടുപ്പം കൂടിയും കുറഞ്ഞും കൊണ്ടിരിക്കും. അത്‌കൊണ്ടുതന്നെ അല്ലാഹുവുമായി നമുക്കുണ്ടാവേണ്ട ഏറ്റവും ശക്തമായ വികാരം സ്‌നേഹമാണ്. എന്നല്ല, അല്ലാഹുവെ പരമമായി സ്‌നേഹിക്കുമ്പോള്‍ മാത്രമേ അവനുമായി അടുക്കാന്‍ കഴിയുകയുള്ളൂ. അവനിലുള്ള വിശ്വാസം പൂര്‍ണമാവുകയുള്ളൂ. അത്‌കൊണ്ടുതന്നെ അല്ലാഹുവോടുള്ള സ്‌നേഹത്തിന് അതിരുകളും പരിധികളും ഉണ്ടാവരുത്. അത് കലവറയില്ലാത്തതും കലര്‍പ്പില്ലാത്തതുമാകണം (ഖുര്‍ആന്‍ 2:165).
മനസ്സ് സ്രഷ്ടാവിനോടുള്ള സ്‌നേഹം കൊണ്ട് നിറയുമ്പോള്‍ അത് സദാ അവനെ സംബന്ധിച്ച സ്മരണകളാല്‍ സമ്പുഷ്ടമായിരിക്കും. ശാന്തവും സന്തുഷ്ടവും സംതൃപ്തവുമായിരിക്കും.
''സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക, ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്'' (13:28).
അത്തരം മനസ്സിന്റെ ഉടമയെയാണ്  ഖുര്‍ആന്‍ 'ശാന്തി നേടിയ ആത്മാവെ'ന്ന് വിശേഷിപ്പിച്ചത്. ''അല്ലയോ ശാന്തി നേടിയ ആത്മാവേ, നീ നിന്റെ നാഥങ്കലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചു ചെല്ലുക'' (89:27,28).
വിശ്വാസി അല്ലാഹുവോട് നടത്തുന്ന സ്‌നേഹപ്രകടനമാണ് പ്രാര്‍ഥന. അത് അവനോടുള്ള സ്‌നേഹാര്‍ഥന കൂടിയാണ്. തൃപ്തി തേടലാണ്. സ്‌നേഹം പോലെത്തന്നെ തൃപ്തി  നല്‍കിക്കൊണ്ട് മാത്രമേ അത് നേടാന്‍ കഴിയുള്ളൂ. മനുഷ്യന് എത്താവുന്ന ഏറ്റവും നല്ല അവസ്ഥയും ഉന്നത സ്ഥാനവും അതുതന്നെ. അവര്‍ക്കാണ് അല്ലാഹുവിന്റെ സ്വര്‍ഗപ്പൂങ്കാവനത്തിലേക്കുള്ള  സ്‌നേഹപൂര്‍വമായ ക്ഷണം ലഭിക്കുകയെന്ന് മുകളിലുദ്ധരിച്ച ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നു.

ശുഭപ്രതീക്ഷ
ഞാന്‍ അല്ലാഹുവോടൊപ്പമാണ്. അല്ലാഹു എന്നോടൊപ്പവും. അവന്‍ എന്റെ കണ്ഠനാഡിയേക്കാള്‍ എന്നോടടുത്തവനാണ്. എന്റെ മനസ്സിന്റെ വികാരവിചാരങ്ങളും നേത്ര ചലനങ്ങളും എന്നെക്കാള്‍ സൂക്ഷ്മമായി അറിയുന്നവനാണ് (58:7,40:19,50:16).
അല്ലാഹു എന്റെ പ്രാര്‍ഥനകള്‍ കാരുണ്യത്തോടെ കേള്‍ക്കും. ഉദാരതയോടെ ഉത്തരമേകും. എന്നാല്‍ ഉത്തരം എപ്പോഴെന്നും എങ്ങനെയായിരിക്കുമെന്നും എനിക്കറിയില്ല. ചിലപ്പോള്‍ ചോദിച്ചത് തന്നെ തന്ന് കൊണ്ടായിരിക്കും. അല്ലെങ്കില്‍ കൂടുതല്‍ നല്ലത് നല്‍കിക്കൊണ്ടും. മറ്റു ചിലപ്പോള്‍, വരാനിരിക്കുന്ന വന്‍ വിപത്തുകള്‍ തടഞ്ഞു കൊണ്ടായിരിക്കും. ചോദിച്ചത് നല്‍കാതിരിക്കലാണ്  നന്മയെങ്കില്‍ അങ്ങനെയുമാവാം. എങ്ങനെയായാലും എല്ലാ പ്രാര്‍ഥനകളും പരലോകത്തേക്കുള്ള വിലപിടിച്ച വിഭവമാണ്. സമാനതകളില്ലാത്ത സമ്പാദ്യമാണ്. പ്രാര്‍ഥന ആത്മാര്‍ഥമെങ്കില്‍ ഫലം ഉറപ്പെന്ന ഉറച്ച വിശ്വാസത്തോടെയാണത് നിര്‍വഹിക്കേണ്ടത്. അല്‍പം മാത്രം അറിയുന്ന എളിയ ദാസനാണ് താനെന്നും, അതിരുകളില്ലാത്ത അറിവിന്റെ ഉടമയായ യജമാനനോടാണ് തന്റെ പ്രാര്‍ഥനയെന്നും ഉറച്ച ബോധ്യമുണ്ടാകണം. ചോദിക്കുന്നതിനെല്ലാം ഉത്തരം നല്‍കുമെന്നത് അവന്റെ വാഗ്ദാനമാണ്.
''എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം'' (2:186).
അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയില്ലെന്ന ഉറച്ച വിശ്വാസവും ബോധ്യവും പ്രാര്‍ഥിക്കുന്നവനുണ്ടാകണം.
''അല്ലാഹുവിന്റെ വാഗ്ദാനമാണിത്. അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷേ, മനുഷ്യരിലേറെ പേരും ഇതറിയുന്നില്ല'' (30:6).
ഈ ശുഭപ്രതീക്ഷയോടെയാണ് പ്രാര്‍ഥനകള്‍ നിര്‍വഹിക്കേണ്ടത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ പ്രാര്‍ഥനയെപ്പറ്റി അല്ലാഹു പറയുന്നു: ''പേടിയോടും പ്രത്യാശയോടും കൂടി തങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ ഉയര്‍ന്ന് അകന്നുപോകും. നാം അവര്‍ക്കു നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും'' (32:16).
പ്രാര്‍ഥനയിലൂടെ മനുഷ്യന്‍ അല്ലാഹുവിലേക്ക് അടുക്കുകയാണ്. എല്ലാ തടസ്സങ്ങളും വകഞ്ഞു മാറ്റി അവനുമായി സന്ധിക്കുകയാണ്. അവനോടുള്ള അതിരുകളില്ലാത്ത സ്‌നേഹത്തിന് തടസ്സം നില്‍ക്കുന്നവയെയെല്ലാം തട്ടിമാറ്റുന്നു. പലരുടെയും മുമ്പിലെ പ്രതിബന്ധങ്ങള്‍ പലതായിരിക്കും. എന്നാല്‍ പൊതുവേ എല്ലാവര്‍ക്കും ബാധകമായ ചിലത് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്.
''പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നഷ്ടം നേരിടുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ക്കേറെ പ്രിയപ്പെട്ട പാര്‍പ്പിടങ്ങളുമാണ് നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലെ അധ്വാനപരിശ്രമത്തെക്കാളും പ്രിയപ്പെട്ടവയെങ്കില്‍  അല്ലാഹു തന്റെ കല്‍പന നടപ്പില്‍  വരുത്തുന്നത് കാത്തിരുന്നുകൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (9:24).

ജീവിതം പ്രാര്‍ഥനയാകുമ്പോള്‍
വിശ്വാസിയുടെ ജീവിതം മുഴുവനും ഇബാദത്താണ്. എല്ലാം അല്ലാഹുവിന് സമര്‍പ്പിതമാണ്. അവന്റെ നിയമ നിര്‍ദേശങ്ങള്‍ക്ക് വിധേയമാണ്. പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചുള്ളവയാണ്. തീനും കുടിയും ഉറക്കവും ഉണര്‍ച്ചയും നടത്തവും കിടത്തവും കേള്‍വിയും കാഴ്ചയും വാക്കും പ്രവൃത്തിയും വിവാഹവും ലൈംഗിക ബന്ധവും കച്ചവടവും കൃഷിയും സ്വഭാവവും പെരുമാറ്റവും സമീപനവും സമ്പ്രദായവും ഇടപാടുകളും ഇടപഴകലുകളുമൊന്നും തന്നെ ഇതില്‍നിന്നൊഴിവല്ല. അതിനാല്‍ അവയൊക്കെയും തന്നെ മൗനമായ പ്രാര്‍ഥനകളായി മാറുന്നു. അതോടൊപ്പം അവയോട് അനുബന്ധമായി നിശ്ചിതമായ വാചിക പ്രാര്‍ഥനകളുമുണ്ട്. രാവിലെ ഉണരുന്നത് പ്രാര്‍ഥനയോടെയാണ്. രാത്രി ഉറങ്ങുന്നതും പ്രാര്‍ഥനയോടെയാണ്. അവയ്ക്കിടയിലുള്ളതൊക്കെയും അങ്ങനെത്തന്നെ.
പ്രാര്‍ഥനകളെ അര്‍ഥപൂര്‍ണമാക്കുന്നത്, ഉപയോഗിക്കുന്ന വാചകങ്ങളെക്കാള്‍ അതിലെ ആത്മാര്‍ഥതയാണ്. ഹൃദയ സാന്നിധ്യമാണ്. പലപ്പോഴും ആത്മവിലാപങ്ങളും ഹൃദയ നൊമ്പരങ്ങളും മനോവികാരങ്ങളും ശബ്ദമില്ലാത്ത പ്രാര്‍ഥനകളായി മാറാറുണ്ട്. പ്രാര്‍ഥനാ വേളകളില്‍ അനുഭവപ്പെടുന്ന ദിവ്യ സാമീപ്യമാണ് പ്രധാനം. അകക്കണ്ണ് കൊണ്ട് അല്ലാഹുവെ കണ്ടു കൊണ്ട് നടത്തുന്ന പ്രാര്‍ഥന.
''നിങ്ങള്‍ വിനയത്തോടെയും രഹസ്യമായും നിങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കുക. പരിധി ലംഘിക്കുന്നവരെ അവനിഷ്ടമില്ല; തീര്‍ച്ച'' (7:55).

അഭൗതിക ഇടപെടല്‍
ദൈവവിധിയില്‍ മാറ്റം വരുത്തുക പ്രാര്‍ഥന മാത്രമാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. പ്രാര്‍ഥനയുടെ ഫലമായി കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായ ദൈവിക ഇടപെടലുകള്‍ സംഭവിക്കുമെന്ന് വ്യക്തമാക്കുന്ന പല സംഭവങ്ങളും ഖുര്‍ആനിലുണ്ട്. അങ്ങനെ സംഭവിക്കുമെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു.
''നൂഹ് നബി തന്റെ ജനതയോട് ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വീഴ്ത്തിത്തരും. സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും. അരുവികളൊരുക്കിത്തരും'' (71:10-12)
ഹൂദ് നബി തന്റെ ജനതയോട് പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കിലവന്‍ നിങ്ങള്‍ക്ക് മാനത്തുനിന്ന് വേണ്ടുവോളം മഴ വീഴ്ത്തിത്തരും. നിങ്ങള്‍ക്ക് ഇപ്പോഴുള്ള ശക്തി വളരെയേറെ വര്‍ധിപ്പിച്ചുതരും. അതിനാല്‍ പാപികളായി പിന്തിരിഞ്ഞ് പോവരുത്'' (11:52).
കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അല്ലാഹു അഭൗതിക മാര്‍ഗത്തിലൂടെ തന്നെ സഹായിക്കുമെന്ന അടിയുറച്ച ബോധത്തോടെയും ബോധ്യത്തോടെയുമാണ് വിശ്വാസി തന്റെ നാഥനോട് പ്രാര്‍ഥിക്കേണ്ടത്. ആ ബോധവും ബോധ്യവും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണല്ലോ. പ്രാര്‍ഥന സാര്‍ഥകമാകാന്‍ അതും അനിവാര്യമാണ്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 79-85
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇഅ്തികാഫിന്റെ ചൈതന്യം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്