Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 22

3249

1443 റമദാന്‍ 20

മുസ്‌ലിം അതിജീവനത്തിന്റെ രണ്ട് അടിത്തറകള്‍

ഷാനവാസ് ഫാറൂഖി

മുസ്‌ലിം സമൂഹത്തിന്റെ സഹസ്രാബ്ദങ്ങളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ചരിത്രത്തില്‍ മുസ്‌ലിംകളുടെ നിലനില്‍പും സുരക്ഷയും ഉറപ്പുവരുത്താന്‍ സാധിച്ചത് രണ്ടു സുപ്രധാന അടിത്തറകളുടെ അടിസ്ഥാനത്തിലായിരുന്നു. സത്യദീനിനോടുള്ള പ്രതിബദ്ധതയും സ്‌നേഹവുമായിരുന്നു ഒന്നാമത്തേത്. അകത്തും പുറത്തും അസത്യത്തെ ചെറുത്തു തോല്‍പിക്കാനുള്ള വികാരമായിരുന്നു മറ്റൊന്ന്.
ഇബ്‌റാഹീം (അ) കേവലം ഒരു വ്യക്തിയായിരുന്നു. രാജ്യമില്ല, അധികാരമില്ല, സൈന്യമില്ല, അദ്ദേഹത്തെ പിന്തുണക്കുന്ന അനുയായി വൃന്ദവുമില്ല. നംറൂദും ഇബ്‌റാഹീമും തമ്മില്‍ ഭൗതിക വിഭവങ്ങളില്‍ ഭയാനകമായ അസന്തുലിതത്വമുണ്ടായിരുന്നു.
നംറൂദ് ആ രാജ്യത്തിലെ രാജാവായിരുന്നു. അയാള്‍ക്ക് അധികാരശക്തിയുണ്ട്. സൈന്യമുണ്ട്. അയാളുടെ ജനത അയാളെ പൂജിക്കുക പോലും ചെയ്തിരുന്നു. അതെല്ലാം അവഗണിച്ചാണ് ഇബ്‌റാഹീം കൊട്ടാരത്തിലെത്തി നംറുദിനെ വെല്ലുവിളിച്ചത്. അതിന്റെ അനന്തരഫലം ഉടന്‍ വെളിപ്പെടുകയും ചെയ്തു. ഇബ്‌റാഹീമിനെ തീയിലിടാന്‍ നംറൂദ് ഗൂഢാലോചന നടത്തി. ഇബ്‌റാഹീമിനെ സംബന്ധിച്ചേടത്തോളം തീക്ഷ്ണമായ  പരീക്ഷണമായിരുന്നു അത്. പക്ഷേ ഇബ്‌റാഹീം (അ) അഗ്നിപരീക്ഷണത്തില്‍ നിന്നു വിജയശ്രീലാളിതനായി പുറത്തുവന്നു. അല്ലാഹു അഗ്നിയെ അദ്ദേഹത്തിനു ശാന്തിയും സമാധാനവുമാക്കി. അങ്ങനെ സത്യം അസത്യത്തിനു മേല്‍ വിജയം വരിച്ചു.
മൂസാ നബി (അ) ഈജിപ്തിലെ സ്വേഛാധിപതിയായ ഫറോവയെയാണ് വെല്ലുവിളിച്ചത്. അയാള്‍ക്ക് രാജ്യമുണ്ട്. ഭരണകൂടമുണ്ട്. പട്ടാളമുണ്ട്. സമ്പത്തിന്റെ കലവറയുമുണ്ട്.  മൂസ അതൊന്നുമില്ലാത്ത വ്യക്തി മാത്രമായിരുന്നു. രാജ്യമില്ല. അധികാരശക്തിയില്ല. സമ്പത്തിന്റെ കൂമ്പാരങ്ങളുമില്ല. ചെറുത്തു നില്‍പിനുതകുന്ന ഒരു സംഘവും അദ്ദേഹത്തോടൊപ്പമില്ല. സഹായിയായി തന്റെ സഹോദരന്‍ ഹാറൂന്‍ മാത്രം. ശക്തിയിലുള്ള ഈ ഭീമമായ അസന്തുലിതത്വം പരിഗണിക്കാതെ ഫറോവയുടെ കൊട്ടാരത്തിലെത്തി അയാളെ വെല്ലുവിളിക്കാന്‍ ആജ്ഞാപിക്കുകയായിരുന്നു അല്ലാഹു. മൂസാ (അ), ഭരണാധികാരവും സൈന്യവും തരൂ, എങ്കില്‍ ഫിര്‍ഔനിനെ നേരിടാം എന്ന് അല്ലാഹുവിനോട് തര്‍ക്കിച്ചില്ല. തന്റെ സഹോദരനോടൊപ്പം ഫറോവയുടെ മുന്നിലെത്തി സത്യസന്ദേശം കേള്‍പ്പിക്കുകയും അസത്യത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തുകയുമായിരുന്നു. അതോടു കൂടി ഫറോവ മൂസായുടെയും സമുദായത്തിന്റെയും പ്രത്യക്ഷ ശത്രുവായി. അവരെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനക്ക് ആക്കവും കൂട്ടി. അമാനുഷികമായ രീതിയില്‍ ഇബ്‌റാഹീമി(അ)നെ രക്ഷിച്ചത് പോലെ മൂസാ(അ)യെയും സമൂഹത്തെയും അല്ലാഹു രക്ഷിച്ചു.
മുഹമ്മദ് നബി (സ) സത്യസംസ്ഥാപനത്തിനായി നടത്തിയ ശ്രമങ്ങളുടെ വിശദമായ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. അദ്ദേഹത്തിനും അധികാര ശക്തിയോ പട്ടാളമോ പണക്കൂമ്പാരമോ സംഘബലമോ ഒന്നും ഉണ്ടായിരുന്നില്ല.  മക്കയിലെ അവിശ്വാസികളാവട്ടെ, രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും സുശക്തരുമായിരുന്നു. ആ അവസ്ഥയിലും അവരുടെ വിശ്വാസത്തെ വെല്ലുവിളിക്കാനായിരുന്നു കല്‍പിക്കപ്പെട്ടത്. അതനുസരിച്ച് മുന്നോട്ട് പോയപ്പോള്‍ ഇന്നലെ വരെ അദ്ദേഹത്തെ സത്യസന്ധനും വിശ്വസ്തനുമായി കണ്ടിരുന്നവര്‍ അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ തുനിഞ്ഞിറങ്ങി. സംഘര്‍ഷത്തിന്റെ ഒരു ഘട്ടത്തില്‍ പരസ്പര ധാരണയിലെത്തിച്ചേരാമെന്ന നിര്‍ദേശം പോലും ശത്രുപക്ഷം മുന്നോട്ടു വെച്ചു. ഞങ്ങള്‍ നിന്റെ ദൈവത്തെ അധിക്ഷേപിക്കുകയില്ല; നീ ഞങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിക്കുകയില്ലെന്ന് ഉറപ്പു തന്നാല്‍ മതി. പക്ഷേ അസത്യവുമായി സന്ധിയിലാവാന്‍ പ്രവാചകന്‍ സന്നദ്ധനായില്ല. നബിയെ വധിക്കാനൊരുങ്ങിയ മക്കക്കാരില്‍ നിന്നും  അല്ലാഹു അമാനുഷികമായ രൂപത്തില്‍ രക്ഷിച്ച് മദീനയിലെത്തിച്ചില്ലായിരുന്നുവെങ്കില്‍ അവരദ്ദേഹത്തിന്റെ ജീവനെടുക്കുമായിരുന്നു.
പ്രവാചക ചരിത്രത്തിലെ മറ്റൊരു സുപ്രധാന സംഭവമാണ് ബദ്ര്‍ യുദ്ധം. ഭയാനകമായ ഒരു അസന്തുലിതത്വം അവിടെയുമുണ്ട്. ആകെ മുന്നൂറ്റി പതിമൂന്ന് യോദ്ധാക്കള്‍. എഴുപതു ഒട്ടകങ്ങളും രണ്ട് കുതിരകളും ഏതാനും വാളും കുന്തവും അമ്പുകളുമായിരുന്നു അവരുടെ ആയുധങ്ങള്‍. മറുഭാഗത്ത് സായുധ സജ്ജരായ ആയിരത്തിലേറെ സൈനികര്‍. വേണ്ടത്ര ഒട്ടകങ്ങളും കുതിരകളുമുണ്ട്. ഒരര്‍ഥത്തിലും മുസ്‌ലിംകള്‍ ജയിക്കാന്‍ സാധ്യതയില്ലാത്ത യുദ്ധമാണെന്ന് ആര്‍ക്കും തോന്നാം. ഭൗതികോപാധികളൊന്നും മുസ്‌ലിംകള്‍ക്ക് അനുകൂലമല്ല. പക്ഷേ മുസ്‌ലിംസൈന്യം അങ്ങേയറ്റം സംതൃപ്തരായിരുന്നു. രാത്രി മുഴുവന്‍ തിരുദൂതര്‍ ഉറക്കമിളച്ചു ആരാധനയില്‍ വ്യാപൃതനായി സത്യത്തിന്റെ വിജയത്തിനായി മനമുരുകി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. പ്രഭാതം പുലര്‍ന്നപ്പോള്‍ ഇനിയെങ്കിലും പ്രാര്‍ഥനയില്‍ നിന്ന് വിരമിച്ചു കൂടേ എന്ന് അബൂബക്ര്‍ (റ)  ചോദിച്ചു പോയി. വിശ്വാസികളെ സംബന്ധിച്ചേടത്തോളം കടുത്ത പരീക്ഷണമായിരുന്നു. ആരാണ് ഭൗതിക വിഭവങ്ങളെ ആശ്രയിക്കുന്നതെന്നും ആരാണ് അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നതെന്നും വേര്‍തിരിക്കാനുള്ള പരീക്ഷണമായിരുന്നു. ബദ്‌റില്‍ പങ്കെടുത്ത സ്വഹാബിമാര്‍ തങ്ങള്‍ അല്ലാഹുവിലാണ് സര്‍വം അര്‍പ്പിക്കുന്നതെന്നും, അസത്യത്തോടുള്ള പോരാട്ടത്തില്‍ ഏതറ്റം വരെയും പോകാന്‍ സന്നദ്ധരാണെന്നും തെളിയിച്ചു. ഏതു ഗുരുതരാവസ്ഥയെയും നേരിടാന്‍ മുസ്‌ലിംകള്‍ തയാറായിരുന്നു. അന്നേരം മാലാഖമാരുടെ സഹായം ലഭിക്കുമെന്ന് പ്രവാചകന്‍ സന്തോഷവാര്‍ത്ത കേള്‍പ്പിച്ചു.
പ്രവാചകന്റെ പത്തുവര്‍ഷം നീണ്ട മദീനാ ജീവിതത്തില്‍ അറുപതോളം ചെറുതും വലുതുമായ സായുധ സംഘട്ടനങ്ങള്‍ നടന്നു. അവസാനം അറേബ്യന്‍ ഉപദ്വീപില്‍ നിന്നും അസത്യം നാമാവശേഷമായി. പ്രവാചകന്മാരായ ഇബ്‌റാഹീമും മൂസായും മുഹമ്മദും അമാനുഷികമായ രൂപത്തില്‍ സഹായിക്കപ്പെട്ടു. അവരെല്ലാം സത്യത്തില്‍ അടിയുറച്ചു നില്‍ക്കുകയും അസത്യത്തോട് പോരാടാനുള്ള മുന്നുപാധികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തപ്പോഴാണ് സഹായം ലഭിച്ചത്. ഖലീഫ ഉമറിന്റെ ഭരണകാലത്ത് അവര്‍ രണ്ടു വന്‍ശക്തികളെ പരാജയപ്പെടുത്തി. അപ്പോഴേക്കും മുസ്‌ലിംകള്‍ താരതമ്യേന ശക്തിപ്പെട്ടിരുന്നെങ്കിലും സീസറും ഖൊസ്‌റോയും അവരേക്കാള്‍ അതിശക്തരായിരുന്നു. പക്ഷേ മുസ്‌ലിംകള്‍ ഇസ്‌ലാമിനോട് അഗാധമായ സ്‌നേഹവും പ്രതിബദ്ധതയും നിലനിര്‍ത്തിയതോടൊപ്പം ചെറുത്തുനില്‍പ് വികാരവുമുള്ളവരായിരുന്നു.
പ്രവാചകന്റെയും ഖലീഫമാരുടെയും പോലുള്ള  കാലം പീന്നീട് ആവര്‍ത്തിച്ചിട്ടില്ല. എന്നാലും അതിന്റെ വെളിച്ചവും അനുഗ്രഹവും എന്നും അവരോടൊപ്പമുണ്ടായിരുന്നു. അതിനാലാണ് ഭൗതിക ശേഷിയിലും ശക്തിയിലും ദുര്‍ബലമായിട്ടും വീരകൃത്യങ്ങള്‍ നിര്‍വഹിക്കാനായത്. ഒരു ലക്ഷം വരുന്ന സൈനിക വ്യൂഹത്തെ പരാജയപ്പെടുത്തിയപ്പോള്‍ ത്വാരിഖ് ബിന്‍ സിയാദിന്റെ കൂടെയുണ്ടായിരുന്നത് പതിനേഴായിരം പട്ടാളക്കാര്‍ മാത്രമായിരുന്നു. അങ്ങനെയാണ് അദ്ദേഹം സ്‌പെയ്‌നിന്റെ വിശാലമായ ഭൂപ്രദേശം ജയിച്ചടക്കിയത്. ശാക്തികമായ അസന്തുലനം താനും സൈന്യവും കടല്‍ മുറിച്ചുകടന്ന കപ്പലുകള്‍ പോലും അഗ്നിക്കിരയാക്കാന്‍ നിര്‍ബന്ധിച്ചു. തന്നോടൊപ്പമുള്ള പട്ടാളത്തില്‍ നിന്നൊരാളും യുദ്ധരംഗം വിട്ടോടാന്‍ ചിന്തിക്കരുതെന്ന ദീര്‍ഘവീക്ഷണത്തോടെയായിരുന്നു ആ  നീക്കം. ആ വിജയം യൂറോപ്പില്‍ ആറു ശതകങ്ങള്‍ നീണ്ടു നിന്ന  ഇസ്‌ലാമിക രാഷ്ട്ര സംസ്ഥാപനത്തിനു തുടക്കമിടുകയും ചെയ്തു. പതിനായിരത്തിലധികം വരുന്ന മുസ്‌ലിം സൈന്യം ദീനിനോട് അതീവ അനുരാഗമുള്ളവരും അസത്യത്തെ പരാജയപ്പെടുത്താന്‍ അത്യധികം ആവേശമുള്ളവരുമായിരുന്നത് കൊണ്ടാണ് അത് സാധിച്ചത്.
സിന്ധ് പ്രദേശങ്ങള്‍ ജയിച്ചടക്കിയ മുഹമ്മദ് ബിന്‍ ഖാസിമിനോടൊപ്പമുണ്ടായിരുന്നത് പതിനൊന്നായിരമോ പതിനെട്ടായിരമോ പട്ടാളക്കാര്‍ മാത്രമായിരുന്നു.  ഒരു ലക്ഷം സൈന്യവുമായി യുദ്ധമുഖത്തുള്ള ദാഹിര്‍ രാജാവിനെ തോല്‍പിച്ച് മുഹമ്മദ് ബിന്‍ ഖാസിം സിന്ധ് കീഴടക്കുകയായിരുന്നു. ഇന്ത്യ ജയിച്ചടക്കിയ ബാബര്‍ ലക്ഷം വരുന്ന പട്ടാളത്തെയാണ് നേരിട്ടത്. തുടക്കത്തിലുള്ള തന്റെ പല ശ്രമങ്ങളും വിജയം കാണാതിരുന്നത് തന്നിലുള്ള ചില ദുശ്ശീലങ്ങള്‍ മൂലമാണെന്ന് അയാള്‍ തിരിച്ചറിയുകയും അത് പാടേ ഉപേക്ഷിക്കുകയും ചെയ്തു. ബാബര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുഗള്‍ രാജഭരണത്തിന് അടിത്തറ പാകിയത് തുഛമായ സൈനിക ശക്തി കൊണ്ടായിരുന്നു.
ഇരുപത് - ഇരുപത്തൊന്ന് നൂറ്റാണ്ടുകളില്‍ എണ്ണത്തില്‍ വരെ കുറവും ദുര്‍ബലരുമായ അഫ്ഗാന്‍ മുജാഹിദുകള്‍ രണ്ട് വന്‍ശക്തികളായ സോവിയറ്റ് യൂനിയനെയും അമേരിക്കയെയും പരാജയപ്പെടുത്തിയതിന് നാം സാക്ഷികളാണ്. ഏത് രാജ്യത്ത് അധിനിവേശം നടത്തിയാലും അവിടന്ന് തിരിച്ചു പോകാത്തവരാണ് സോവിയറ്റുകാര്‍. ചെറുസംഘമായ മുജാഹിദുകളില്‍ നിന്ന് ഏറ്റുവാങ്ങിയ തോല്‍വിയുടെ ആഘാതത്തില്‍ അവര്‍ക്ക് സ്വന്തം പ്രത്യയശാസ്ത്രമോ ഭൂപ്രദേശങ്ങള്‍  പോലുമോ സംരക്ഷിച്ച് നിര്‍ത്താനായില്ല. അഫ്ഗാനിലെ സോവിയറ്റ് യൂനിയന്റെ പരാജയത്തെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും വിജയമാണെന്ന് അംഗീകരിക്കാന്‍ ഇസ്‌ലാംവിരുദ്ധ ശക്തികള്‍ തയാറായില്ലെന്ന് മാത്രമല്ല, അവര്‍ അതിനെ അമേരിക്കയുടെയും യൂറോപ്പിന്റെയും വിജയമായി വിലയിരുത്തുകയായിരുന്നു. അഫ്ഗാനികളുടെ ശക്തമായ ചെറുത്തുനില്‍പ്പ് കാരണം ഇരുപതു വര്‍ഷത്തിനുള്ളില്‍ അമേരിക്കയും സഖ്യകക്ഷികളും ലജ്ജാവഹമായ പരാജയം നേരിട്ടു. അമേരിക്ക അഫ്ഗാന്‍ കടന്നാക്രമണത്തിനു രണ്ടു ബില്യന്‍ ഡോളറാണ് ചെലവഴിച്ചത്. രണ്ടായിരം സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. പന്ത്രണ്ടായിരം പട്ടാളക്കാര്‍ക്ക് പരിക്കേറ്റു. അവസാനം ക്രൂരതയും കാടത്തവും ആരോപിക്കപ്പെട്ട ത്വാലിബാന് തന്നെ അഫ്ഗാനിന്റെ നിയന്ത്രണം കൈമാറുകയും ചെയ്തു.
മുസ്‌ലിംകളുടെ സത്യത്തോടുള്ള പ്രതിബദ്ധതയും  പ്രത്യാക്രമണ വികാരവും ധൈഷണികമണ്ഡലത്തിലും ചരിത്രത്തിന്റെ ഗതി മാറ്റിത്തിരുത്തിയിട്ടുണ്ട്. ഇമാം ഗസ്സാലിയുടെ കാലഘട്ടത്തില്‍ സമൂഹത്തിലെ സമുന്നതരും കുലീനരുമായ പലരും ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെ പിടിയിലമര്‍ന്നിരുന്നു. ഇബ്‌നു സീനാ, ഫാറാബി പോലുള്ള ചിന്തകര്‍ക്ക് പോലും വിശ്വാസ വ്യതിയാനം സംഭവിച്ചിരുന്നു. ദൈവത്തിന് പ്രപഞ്ചസാകല്യത്തെക്കുറിച്ച അറിവുണ്ട്, പക്ഷേ വിശദാംശങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞാനമില്ല എന്ന് അവരും വിശ്വസിച്ചു. പ്രപഞ്ചം ആദിയില്‍ തന്നെയുള്ളതാണെന്നായിരുന്നു മറ്റൊരു വിശ്വാസം. ഇത് യഥാര്‍ഥ ഇസ്‌ലാമിക വിശ്വാസ ദര്‍ശത്തിനെതിരാണ്. ആദിയിലുള്ളവനും എന്നും ജീവിച്ചിരിക്കുന്നവനും അല്ലാഹു മാത്രമാണെന്നാണ് ഇസ്‌ലാമിക വിശ്വാസം. പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയാണ്. അത് മുമ്പുണ്ടായിരുന്നില്ല. അത് ഒരിക്കല്‍ ഇല്ലാതാവുകയും ചെയ്യും. അല്ലാഹു എന്നും ഉണ്ടായിരുന്നു. എന്നും ഉണ്ടാവുകയും ചെയ്യും. ഇമാം ഗസ്സാലി ഗ്രീക്ക് തത്ത്വശാസ്ത്രത്തെ പിന്നീട് ഒരിക്കലും മുസ്‌ലിം ലോകത്തു തലപൊക്കാനാവാത്ത വിധം നിശിതവിമര്‍ശനത്തിന് വിധേയമാക്കി. ഇമാം ഗസ്സാലി യവന തത്ത്വശാസ്‌ത്തെ ഖണ്ഡിച്ച് തോല്‍പിച്ചില്ലായിരുന്നുവെങ്കില്‍ ക്രൈസ്തവതക്ക് സംഭവിച്ച അതേ പരിണതി ഇസ്‌ലാമിനും സംഭവിക്കുമായിരുന്നു. ഒരു സമൂഹം നിര്‍വഹിക്കേണ്ട ദൗത്യമാണ് ഏകനായി ഇമാം ഗസ്സാലി പൂര്‍ത്തിയാക്കിയത്.എഴുപതാണ്ടുകള്‍ക്ക് ശേഷമാണ് ഗസ്സാലിയുടെ 'തഹാഫുതു ഫലാസിഫ'(തത്ത്വജ്ഞാനികളുടെ പതനം)ക്ക് ഇബ്‌നു റുശ്ദ് മറുപടി കുറിക്കുന്നത്. പക്ഷേ അതിന് സ്വീകാര്യത നേടാനോ ഗസ്സാലിയുടെ വിമര്‍ശനങ്ങളെ കവച്ചു വെക്കാനോ കഴിഞ്ഞില്ല.
ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ചരിത്രവും നമ്മുടെ മുമ്പിലുണ്ട്. അക്ബര്‍ ചക്രവര്‍ത്തി ഹിന്ദു സമൂഹത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി ഇസ്‌ലാമിക ദര്‍ശനത്തിന് വിരുദ്ധമായ പല നടപടിക്രമങ്ങള്‍ക്കും തുടക്കം കുറിച്ചു. രാജ ദര്‍ബാറിലെത്തുന്നവര്‍ രാജാവിന്റെ മുന്നില്‍ ആദരസൂചകമായി സാഷ്ടാംഗം ചെയ്യുന്ന സമ്പ്രദായമായിരുന്നു വലിയ പ്രശ്‌നമായി ഉന്നയിക്കപ്പെട്ടത്. ഹിന്ദുക്കളെ സന്തോഷിപ്പിക്കാനായി ഗോവധ നിരോധം ഏര്‍പ്പെടുത്തി. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തും ഇത്തരം വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു. 'ഞാന്‍ ഫാറൂഖിയാണ്, ഇസ്‌ലാം വിരുദ്ധ നീക്കങ്ങള്‍  എന്റെ  ഫാറൂഖീ രക്തധമനികളെ ചൂട് പിടിപ്പിക്കുന്നു' എന്ന് മുജിദ്ദിദ് അല്‍ഫ് ഥാനി (രണ്ടാം സഹസ്രാബ്ദത്തിലെ പരിഷ്‌കര്‍ത്താവ്) എന്ന പേരില്‍ അറിയപ്പെട്ട അഹ്മദ് സര്‍ ഹിന്ദി  പറഞ്ഞിട്ടുണ്ട്. രാജകൊട്ടാരത്തിന്റെ ഇസ്‌ലാമികാദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനങ്ങള്‍ അസഹനീയമായപ്പോള്‍  ഒറ്റക്കായിട്ടും അദ്ദേഹം രാജാവിനെ വെല്ലുവിളിച്ചു. രാജാവ് അദ്ദേഹത്തെ ജയിലിലടച്ചു. അല്‍ഫ് ഥാനിയില്‍ നിന്ന് പ്രത്യക്ഷമായ ചില അത്ഭുതങ്ങള്‍  രാജാവിനെ ചകിതനാക്കിയെന്നും അങ്ങനെ സര്‍ഹിന്ദിയുടെ  ആവശ്യങ്ങള്‍ അംഗീകരിച്ച് അദ്ദേഹത്തെ വിട്ടയച്ചുവെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അങ്ങനെ സൂഫിവര്യനായ ഒരു വ്യക്തി രാജാവിനെയും രാജ്യത്തെയും തിരുത്തുകയായിരുന്നു.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് മേധാവിത്വം സര്‍ സയ്യിദിനെപ്പോലുള്ളവരെപ്പോലും അന്ധാളിപ്പിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് ദാസ്യവേല ചെയ്യുന്നതിനു മുമ്പ് അദ്ദേഹം ഒരു സാധാരണ മുസ്‌ലിമായിരുന്നു. നാം വിശ്വസിക്കുന്നത് തന്നെയാണ് അദ്ദേഹവും വിശ്വസിച്ചിരുന്നത്. സര്‍ സയ്യിദ് ബ്രിട്ടീഷുകാരുടെ അടിമത്തം സ്വീകരിച്ചെന്ന് മാത്രമല്ല അത് ദൈവകാരുണ്യമായി കണക്കാക്കുകയും ചെയ്തു. ആ വിധേയത്വത്തില്‍ ഹദീസിനെ തള്ളിപ്പറഞ്ഞു. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളെ മുഴുവന്‍ അസാധുവായി കണ്ടു.'ഇജ്മാഇ'ന്റെ അടിത്തറകളെ പാടെ നിരാകരിച്ചു. ഉര്‍ദു - അറബി - പേര്‍ഷ്യന്‍ ഭാഷകള്‍ കൊണ്ടു ഒരു ഉപകാരവുമില്ലെന്ന് ചിന്തിച്ചു. ഇംഗ്ലീഷും ഫ്രഞ്ചും സ്വായത്തമാക്കാന്‍ മുസ്‌ലിംകളോടു ആഹ്വാനം  ചെയ്തു. ഈ അടിമത്ത മനോഭാവം മേധാവിത്വം പുലര്‍ത്തിയ കാലത്തു തന്നെയാണ് അക്ബര്‍ ഇലാഹാബാദി തന്റെ വിശ്വാസത്താലും ചെറുത്തു നില്‍പു വികാരത്താലും പ്രചോദിതനായി തന്റെ അസാമാന്യവും അസാധാരണവുമായ കാവ്യ ശില്‍പങ്ങളിലൂടെ പോരാട്ട മുഖങ്ങള്‍ തുറന്നത്. ആ കവിതകള്‍ സാഹിതീയ  മഹാ വിസ്മയം തന്നെയായിരുന്നു. യുദ്ധമുഖത്ത് പരാജയപ്പെട്ട മുസ്‌ലിം സമൂഹത്തെ തന്റെ കവിത കൊണ്ട് അക്ബര്‍ ഇലാഹാബാദി വിജയ സോപാനത്തിലെത്തിച്ചു. ഇലാഹാബാദിയുടെ മരണ ശേഷം കുടുംബത്തിന് അല്ലാമ മുഹമ്മദ് ഇഖ്ബാല്‍  അയച്ച കമ്പി സന്ദേശം അദ്ദേഹത്തിന്റെ മഹത്വത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. അക്ബറിന്റെ പുത്രനെ സംബോധന ചെയ്ത ടെലഗ്രാമില്‍ ഇഖ്ബാല്‍ കുറിച്ചു: ''താങ്കളുടെ പിതാവിന്ന് തുല്യനായി ഏഷ്യയില്‍ മറ്റൊരു കവിയുമില്ല.'' ഇഖ്ബാലും ബ്രിട്ടീഷ് സാമ്രാജ്യത്തിനു മേധാവിത്വമുള്ള കാലത്താണ് ജീവിച്ചത്. അദ്ദേഹത്തിന്റെ ഇസ്‌ലാമിനോടുള്ള പ്രതിബദ്ധതയും പോരാട്ട വീര്യവുമാണ് ലക്ഷക്കണക്കിനാളുകള്‍ക്ക്  പാശ്ചാത്യ ചിന്തകകളെ ചെറുത്ത്‌നില്‍ക്കാന്‍ പ്രചോദനമായത്.
ബ്രിട്ടീഷ് അധിനിവേശകാലത്ത്  തന്നെയാണ് സയ്യിദ് മൗദൂദിയുടെ രംഗപ്രവേശവും. അദ്ദേഹത്തിന് ഇസ്‌ലാമിക ദര്‍ശനത്തോടുള്ള പ്രതിപത്തിയും പ്രതിരോധ വീര്യവും അടിമത്ത യുഗത്തിലും സ്വാതന്ത്ര്യം സ്വപ്‌നം കാണാന്‍ മാത്രം തീക്ഷ്ണവും തീവ്രവുമായിരുന്നു. സയ്യിദ് തന്റെ ധൈഷണിക പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ച കാലത്ത് ഇസ്‌ലാമിന് പുതുതായൊന്നും സംഭാവന ചെയ്യാനില്ല, അത് കാലാഹരണപ്പെട്ടിരിക്കുന്നു എന്നായിരുന്നു പാശ്ചാത്യ ചിന്തകര്‍ പ്രചരിപ്പിരുന്നത്. എന്നാല്‍ സയ്യിദ് മൗദൂദി ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണെന്ന ദര്‍ശനം മുന്നോട്ടു വെച്ചു. മുസ്‌ലിം ലോകം പാശ്ചാത്യശക്തികളുടെ അടിമത്ത നുകത്തിന് കീഴില്‍ അമര്‍ന്ന ആ കാലത്ത് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രബോധനം സാര്‍വത്രികമാക്കാന്‍ മുസ്‌ലിം സമൂഹത്തെ അദ്ദേഹം ആഹ്വാനം ചെയതു. ജിഹാദിന്റെ കാലം കഴിഞ്ഞു പോയി എന്ന് അവകാശപ്പെടുന്ന ഘട്ടത്തില്‍ തന്നെയാണ് മൗദൂദി തന്റെ 'അല്‍ജിഹാദ്' എന്ന ഗ്രന്ഥം രചിക്കുന്നത്. കമ്യൂണിസം ആധിപത്യം വാഴുകയും ലിബറലിസം വിജയഭേരി മുഴക്കുകയും ചെയ്ത കാലത്തു തന്നെയാണ് സയ്യിദ് മൗദൂദി പറഞ്ഞത്, കമ്യൂണിസത്തിന് അതിന്റെ ആസ്ഥാനമായ മോസ്‌കോയിലും, ലിബറലിസത്തിനും സെക്യുലറിസത്തിനും ലണ്ടനിലും പാരീസിലും  അഭയം  ലഭിക്കാത്ത ഒരു കാലം വരും എന്ന്. സയ്യിദ് മൗദൂദിയുടെ ചിന്തകള്‍ ലക്ഷോപലക്ഷം മനുഷ്യരുടെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തു.
വര്‍ത്തമാനകാലത്തേക്ക്  വരാം. ഇരുപതു കോടി വരുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ മതില്‍ക്കെട്ടുകള്‍ക്ക് പിന്നില്‍ തളച്ചിടപ്പെട്ടവരാണ്. തീവ്ര ഹിന്ദുത്വക്കാര്‍ അവരെ രാഷ്ട്രീയമായി  യാതൊരു വിലയും നിലയുമില്ലാത്ത ഗതിയിലെത്തിച്ചിരിക്കുന്നു. ഇന്ത്യന്‍ മുസ്‌ലിംകള്‍ വിദ്യാഭ്യാസപരമായും വളരെ പരിതോവസ്ഥയിലാണ്. ഉര്‍ദു ഭാഷ പോലും പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ വിധിയെ അവര്‍ക്ക് മാറ്റി മാറിക്കാന്‍ സാധിക്കില്ല. എങ്കിലും കര്‍ണാടകയിലെ പര്‍ദാ ധാരിണിയായ ഒരു വിദ്യാര്‍ഥിനി 'അല്ലാഹു അക്ബര്‍' എന്ന തക്ബീര്‍ മുദ്രാവാക്യം മുഴക്കി ഹിന്ദുത്വ വാദികളെ നേരിട്ട സംഭവം മുസ്‌ലിംകളുടെ ദീനീവീര്യം ദുര്‍ബലമായിട്ടുണ്ടെങ്കിലും അത് നാമാവശേഷമായിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. അസാധ്യമായത് സാധ്യമാക്കിയവരാണ് ഇന്ത്യന്‍ മുസ്‌ലിംകളെന്ന് അവരുടെ ചരിത്രത്തിലുടെ  കണ്ണോടിച്ചാല്‍ ബോധ്യപ്പെടും. അവര്‍ ഇരുപതു കോടിവരും. അത് ചെറിയ ഒരു സംഖ്യയല്ല. ഹിന്ദുത്വ ഭൂരിപക്ഷത്തിന് അവരെ ഭീതിപ്പെടുത്താനായേക്കാം, അവരെ പിഴുതെറിയാനാവുകയില്ല. അല്ലാഹുവിനെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കുമെന്ന യാഥാര്‍ഥ്യം അവര്‍ ഓര്‍മിക്കണം. അടച്ചിട്ട വാതിലുകള്‍ തുറക്കാന്‍ കരുത്തേകുന്നതാണ് ചെറുത്ത് നില്‍പ്. ഇനി വാതില്‍ തന്നെയില്ലെങ്കില്‍ പുതിയ വാതില്‍ നിര്‍മിക്കണം. 
വിവ: അബൂ സ്വാബിര്‍ അന്തമാന്‍
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 79-85
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇഅ്തികാഫിന്റെ ചൈതന്യം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്