Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 15

3248

1443 റമദാന്‍ 13

വെളിപാടിന്റെ വെള്ളി വെളിച്ചത്തില്‍ ഒരു പഥികന്‍

ബശീര്‍ മുഹ്‌യിദ്ദീന്‍

ഉപ്പ (കെ. മൊയ്തു മൗലവി) തന്നെയായിരുന്നു ഖുര്‍ആനിലേക്കും ഞങ്ങളെ വഴിനടത്തിയത്. അങ്ങനെ കുഞ്ഞുനാളില്‍ തന്നെ ദിവ്യവചനങ്ങളുടെ തിരുമധുരം നാവിലും നിനവിലും പുരുണ്ടു തുടങ്ങി. ഉപ്പ ചൊല്ലിപ്പഠിപ്പിച്ച അക്ഷരങ്ങള്‍ക്കെല്ലാം ജീവനുണ്ടായിരുന്നു. ഓരോ അക്ഷരം ഉച്ചരിക്കുമ്പോഴും ആ മുഖത്ത് വ്യത്യസ്ത ഭാവങ്ങള്‍ വിരിയും. അറബി കവിതയുടെ മേമ്പൊടിയോടു കൂടിയ പാഠങ്ങള്‍ കല്ലിലെഴുതിയ പോലെ നെഞ്ചകത്ത് തറക്കും. അറബി അക്ഷരമാല, പ്രവാചക നാമങ്ങള്‍, പ്രവാചക പത്‌നിമാരുടെ നാമങ്ങള്‍, ഖുര്‍ആനിലെ മുപ്പത് ഭാഗങ്ങളുടെ നാമങ്ങള്‍ എല്ലാം കവിതാ രൂപത്തിലാണ് പകര്‍ന്നു തന്നത്. അക്ഷരങ്ങളുടെ സ്വതന്ത്ര രൂപം, ആദ്യത്തിലും മധ്യത്തിലും അന്ത്യത്തിലും ഒരു അക്ഷരത്തിന് തന്നെ സംഭവിക്കുന്ന രൂപ മാറ്റങ്ങള്‍ തുടങ്ങിയവ പ്രത്യേക പട്ടിക തയാറാക്കി പറഞ്ഞുതരും.
ഖുര്‍ആന്‍ പാരായണവും ഉപ്പയില്‍നിന്ന് തന്നെ അഭ്യസിച്ചു. അക്ഷരങ്ങളുടെ ഉച്ചാരണവും പാരായണ നിയമങ്ങളും പരിശീലിക്കല്‍ ധ്യാനനിരതമായ ഒരു അുഷ്ഠാനമാണ്. ശബ്ദരൂപത്തില്‍ അക്ഷരങ്ങളെ ആവിഷ്‌കരിക്കാന്‍ നിരന്തരമായ മുങ്ങിനിവരല്‍ അനിവാര്യം.
കണ്ണൂര്‍ പഴയങ്ങാടി വാദിഹുദയിലെ പഠനകാലത്താണ് ഖുര്‍ആന്‍ പാരായണം മാറ്റുരക്കപ്പെട്ടു തുടങ്ങിയത്. ലോക പ്രസിദ്ധ ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ അബ്ദുല്‍ ബാസിത് അബ്ദുസ്സമദിന്റെ പാരായണമാണ് അന്ന് ഏറെ ആകര്‍ഷകം. ക്ലാസിക്കല്‍ ശൈലിയില്‍ മധ്യനിലയിലുള്ള അദ്ദേഹത്തിന്റെ പാരായണം മാസ്മരികമായ ഒരു അനുഭവമാണ്. ഹാജിമാര്‍ കൊണ്ടുവരുന്ന കാസറ്റുകള്‍ മാത്രമായിരുന്നു അന്ന് ആശ്രയം. ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ പുലര്‍കാലങ്ങളില്‍ ആ പാരായണം ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കപ്പെട്ടിരുന്നു.
പാരായണം അഭ്യസിപ്പിക്കവെ ഉപ്പ ഓര്‍മപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. 'അവന് നാം രണ്ട് കണ്ണുകളും ഒരു നാവും രണ്ട് ചുണ്ടുകളും നല്‍കിയില്ലേ' എന്നൊരു ചോദ്യമുണ്ടല്ലോ ഖുര്‍ആനില്‍. സത്യാന്വേഷണവും ഖുര്‍ആന്‍ പഠന പാരായണവുമാണ് ഈ അവയവങ്ങളുടെ പ്രധാന ഉപയോഗം. അതിനാല്‍ ആ അവയവങ്ങള്‍ ഖുര്‍ആനിന് വഴങ്ങുവോളം പരിശീലനം തുടരണം.
രണ്ടായിരത്തില്‍ ആണല്ലോ സ്‌നേഹത്തിന്റെ പ്രവാചക കമലാ സുറയ്യ ശുദ്ധ പ്രകൃതിയെ പുണരുന്നത്. അത് ഒരു റമദാനില്‍ ആയിരുന്നു. പിറ്റേന്ന് കാലത്ത് തന്നെ ഞങ്ങള്‍ എറണാകുളത്ത് കടവന്ത്രയിലെ റോയല്‍ സ്‌റ്റേഡിയം മാന്‍ഷനിലെത്തി. കൂടെയുള്ള സുഹൃത്ത് പരിചയപ്പെടുത്തി: 'പദ്മ ജംഗ്ഷനിലുള്ള മദീന മസ്ജിദ് ഇമാമാണ്. ഖുര്‍ആന്‍ പാരായണം ചെയ്യും.' പിന്നീട് ഉമ്മയോളം മനസ്സില്‍ പതിഞ്ഞ കമലാ സുറയ്യ എന്ന മഹാ പ്രതിഭ ഖുര്‍ആന്‍ കേള്‍ക്കാനായി കാതോര്‍ത്തിരുന്നു. ഒന്നാം അധ്യായമായ അല്‍ ഫാതിഹ കേള്‍പ്പിച്ചു. പതിയെ ആ കണ്ണുകള്‍ കൂമ്പിയടഞ്ഞു. ധ്യാനാത്മകമായ ഒരു ലോകത്തേക്ക് ഉമ്മ പറന്നുയര്‍ന്നു. പാരായണം പൂര്‍ണമാകുമ്പോഴേക്കും കണ്ണുകള്‍ സജലങ്ങളായിരുന്നു.
'ദൈവദൂതന് വെളിപ്പെട്ട വചനപ്പെയ്ത്തില്‍ കാത് ചേര്‍ത്തുവെക്കുമ്പോള്‍ സത്യത്തെ പുണര്‍ന്ന് അവരുടെ കണ്‍തടങ്ങള്‍ ചാലിട്ടൊഴുകുന്നത് നിനക്ക് കാണാം'  എന്ന കാവ്യവചനം ആള്‍രൂപം പൂണ്ടതായി അനുഭവപ്പെട്ട നിമിഷങ്ങളായിരുന്നു അത്. നല്ല ഭൂമിയില്‍ നാഥന്റെ അനുമതിയോടെ നല്ല സസ്യങ്ങള്‍ കിളിര്‍ത്തുവരുമെന്നല്ലേ അരുളപ്പാട്.
പിന്നീട് നിരന്തരമായ സംവാദങ്ങളുടെയും ബോധ്യപ്പെടലുകളുടെയും നാളുകളായിരുന്നു. വെള്ളിയാഴ്ചകളിലെ വൈകുന്നേരങ്ങളില്‍ ആയിരുന്നു ഉമ്മയുമായുള്ള കൂടിക്കാഴ്ചകള്‍. അന്നത്തെ ഖുത്വ്ബയിലെ ഖുര്‍ആന്‍ സൂക്തം കേള്‍പ്പിച്ച് വിശദീകരിച്ചു കൊണ്ടാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നത്.
കന്യാമര്‍യം ദൈവനിശ്ചയത്താല്‍ ഗര്‍ഭിണിയായതും കുഞ്ഞിന് ജന്മം നല്‍കും മുമ്പേ ഞാന്‍ മരിച്ചുപോയെങ്കില്‍, വിസ്മൃതയായെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് വിലപിച്ചതും അല്ലാഹു മര്‍യമിന് ആത്മവിശ്വാസം നല്‍കുന്നതുമായ സൂക്തങ്ങള്‍ ഉമ്മയുടെ മനസ്സിനെ ഏറെ സ്വാധീനിച്ചിരുന്നു. ഖുര്‍ആനിലെ ഉപമകളും ചരിത്രങ്ങളും കേട്ടിരിക്കാന്‍ ഉമ്മക്ക് കൊച്ചു കുട്ടികളുടെ കൗതുകമായിരുന്നു.
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള സ്ഥാപിതമായത് കേരളത്തിലെ ഖുര്‍ആന്‍ പഠനരംഗത്തെ വേറിട്ട ഒരു കാല്‍വെപ്പായിരുന്നു. ഒരുപാട് സത്യാന്വേഷികള്‍ക്ക് ഖുര്‍ആനിന്റെ തണലിലേക്ക് ചേര്‍ന്നു നില്‍ക്കാന്‍ അത് അവസരമൊരുക്കിയിട്ടുണ്ട്. എത്രയോ കുടുംബങ്ങള്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വഴി സത്യപാതയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതില്‍ സ്റ്റഡി സെന്ററുകളുടെ പങ്ക് വളരെ വലുതാണ്. പണ്ഡിതന്മാര്‍ക്ക് മാത്രം പ്രാപിക്കാന്‍ കഴിഞ്ഞിരുന്ന ഖുര്‍ആനിക വിജ്ഞാനങ്ങള്‍ ഏത് സാധാരണക്കാരനും എത്തിപ്പിടിക്കാന്‍ കഴിയുന്ന വെളിച്ചമാണ് എന്ന് ജനം അറിഞ്ഞു തുടങ്ങിയത് ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആരംഭത്തോടെയാണ്.
എറണാകുളത്ത് വനിതകളുടെ രണ്ട് ക്ലാസ്സുകള്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കലൂര്‍ ഫ്രൈഡെ ക്ലബ് ബാച്ചും കലൂര്‍ ഹബീബുനാ സ്റ്റഡി സെന്ററും. പന്ത്രണ്ട് വര്‍ഷം കൊണ്ടാണ് അവര്‍ മുപ്പത് ജുസ്അ് പഠിച്ചത്.
ഫ്രൈഡെ ക്ലബ് സ്റ്റഡി സെന്റര്‍ എറണാകുളത്തെ ആദ്യ വനിതാ ക്ലാസ്സാണ്. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ ധാരാളം വനിതകള്‍ ആ ക്ലാസ്സില്‍ പങ്കെടുത്തിരുന്നു. ക്ലാസ്സുകള്‍ അക്ഷര പഠനത്തോടെയാണ് ആരംഭിച്ചിരുന്നത്. അറബി അക്ഷരമാല അറിയാത്തവര്‍ക്കും, പഠിച്ച് മറന്നവര്‍ക്കും അത് ഏറെ പ്രയോജനപ്പെട്ടു. തുടര്‍ന്ന് കൂട്ടെഴുത്തും പദപരിചയവും പരിശീലിക്കും. പിന്നീടാണ് ഖുര്‍ആനിലേക്ക് പ്രവേശിക്കുക. അത് ഫാതിഹ പഠിച്ചതിന് ശേഷം അവസാന അധ്യായമായ അന്നാസ് മുതല്‍ മുകൡലക്കാണ് പഠനം പുരോഗമിക്കുക.
ഓരോ ആഴ്ചയും ക്ലാസ് ആരംഭിക്കുന്നത് കഴിഞ്ഞ ക്ലാസിലെ പാഠഭാഗങ്ങള്‍ എല്ലാവരും പാരായണം ചെയ്തതിനു ശേഷമായിരിക്കും. ഓരോ ക്ലാസിലെയും പാഠഭാഗങ്ങള്‍ എല്ലാവരും വീട്ടില്‍ വെച്ച് എഴുതി കൊണ്ടുവരും. ഓരോ പഠിതാവിന്റെയും നോട്ട് പരിശോധിച്ച് തെറ്റു തിരുത്തിക്കൊടുക്കും.
ക്ലാസ്സില്‍ പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ വചനങ്ങളുടെ ആശയങ്ങള്‍ എല്ലാവരും എഴുതിയെടുക്കും. അങ്ങനെ പന്ത്രണ്ട് വര്‍ഷം കൊണ്ട് അവരെല്ലാം സ്വന്തം കൈപ്പടിയില്‍ ഖുര്‍ആന്‍ വ്യാഖ്യാനം എഴുതി പൂര്‍ത്തീകരിച്ചു. തങ്ങള്‍ ജീവിതത്തില്‍ നേടിയെടുത്ത മഹത്തായ അനുഗ്രഹത്തിന്റെ നേര്‍ സാക്ഷ്യമായി ആ നോട്ട് പുസ്തകങ്ങള്‍ അവര്‍ നിധിപോലെ കാത്തുസൂക്ഷിക്കുന്നു. മക്കളും പേരമക്കളും അതില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നു.
ആ പഠിതാക്കളില്‍ ചിലര്‍ അല്ലാഹുവിലേക്ക് യാത്രയായി. ഒരു പഠിതാവിന്റെ മകന്‍ തന്റെ ഉമ്മയെ പറ്റി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്: ''ഉമ്മയെ ഓര്‍ക്കുന്വോഴെല്ലാം ഞാന്‍ ആ നോട്ടു പുസ്തകങ്ങള്‍ മറിച്ചു നോക്കും. ചില ദിവസങ്ങളില്‍ പാതിരാത്രി വരെ ഉമ്മ എഴുതാനിരിക്കും. അന്ന് ഞാന്‍ ഉമ്മ എന്താണ് എഴുതുന്നത് എന്ന് ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് ആ നോട്ടു പുസ്തകങ്ങള്‍ എന്റെ വഴികാട്ടിയായിരിക്കുന്നു.' പിന്നീട് അദ്ദേഹവും ഒരു ക്ലാസ്സിലെ പഠിതാവായി മാറി.
ഓരോ അധ്യായവും പഠിച്ച് കഴിയുമ്പോള്‍ ക്ലാസ് ടെസ്റ്റുകള്‍ നടത്തിയിരുന്നു. വളരെ ആവേശപൂര്‍വമാണ് പഠിതാക്കള്‍ അതില്‍ പങ്കുകൊണ്ടത്. ക്ലാസ്സുകള്‍ സ്വയം നടത്താനുള്ള പ്രായോഗിക പരിശീലനവും അന്ന് നല്‍കിയിരുന്നു. അതുവഴി ഖുര്‍ആന്‍ പഠിപ്പിക്കാന്‍ കഴിവുള്ള ധാരാളം അധ്യാപികമാരെയും ആ ക്ലാസ്സുകളില്‍നിന്ന് ലഭിച്ചു.
എറണാകുളത്തും പരിസര പ്രദേശങ്ങളിലും അന്ന് ഒരു നിശ്ശബ്ദ വിപ്ലവം അരങ്ങേറുകയായിരുന്നു. പത്മ ജംഗ്ഷനിലുള്ള മദീനാ മസ്ജിദ്, പുല്ലേപ്പടി ഇസ്‌ലാമിക് സെന്റര്‍, എസ്.ആര്‍.എം റോഡ് ഹിറാ സെന്റര്‍, കലൂര്‍ ദഅ്‌വാ സെന്റര്‍, ഫ്രൈഡെ ക്ലബ് സെന്റര്‍, ഗാന്ധി നഗര്‍, എളമക്കര, ഇടപ്പള്ളി, ഇ.സി.ഇസി സെന്റര്‍, തമ്മനം അല്‍ബയാന്‍, കലൂര്‍ ഹബീബ്‌നാ സെന്റര്‍, പാനായിക്കുളം, പച്ചാളം, കൊച്ചിയിലെ ചുള്ളിക്കല്‍, പടമുകള്‍, കാക്കനാട്, ആലുവ, കളമശ്ശേരി, വാഴക്കാല, ഇടപ്പള്ളി കുന്നുംപുറം, പാലാരിവട്ടം, കീര്‍ത്തി നഗര്‍, തേവര തുടങ്ങി എറണാകുളം പട്ടണത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ക്ലാസ്സുകളില്‍ നൂറു കണക്കിന് പഠിതാക്കള്‍ വന്നു ചേര്‍ന്നു.
പൗരോഹിത്യത്തിന്റെയോ പാരമ്പര്യങ്ങളുടെയോ മതില്‍ക്കെട്ടുകളില്ലാതെ ഖുര്‍ആനിന്റെ തെളിമയാര്‍ന്ന ആശയങ്ങളിലേക്ക് ആ പഠിതാക്കള്‍ അതിവേഗം ആകര്‍ഷിക്കപ്പെട്ടു. അവരുടെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളില്‍ ഖുര്‍ആന്‍ സ്വാധീനിച്ചു തുടങ്ങി.
വിവാഹങ്ങള്‍, അനന്തരാവകാശ വിഷയങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, കച്ചവട ഇടപാടുകള്‍, വ്യക്തി ബന്ധങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, മക്കളുടെ ഇസ്‌ലാമിക പഠനം, കുടുംബത്തിന്റെ ഇസ്‌ലാമികവല്‍ക്കരണം തുടങ്ങി എല്ലാ മേഖലകളിലും അവസാന വാക്ക് ഖുര്‍ആനിന്റേതായി.
ഇസ്‌ലാമിക പ്രബോധകരും പ്രവര്‍ത്തകരും ഖുര്‍ആനിന്റെ ജീവിക്കുന്ന പതിപ്പുകളായ വ്യക്തികളും കുടുംബങ്ങളും രൂപപ്പെട്ടു. പലരും ദീനീ സംരംഭങ്ങളുടെ നേതൃനിരയിലേക്കുയര്‍ന്നു.
ദിവ്യാനുരാഗത്തിന്റെ, കാരുണ്യത്തിന്റെ, സകലം പൊറുക്കുന്ന വിട്ടുവീഴ്ചയുടെ, ഉള്ളില്‍ വഴിഞ്ഞൊഴുകുന്ന സ്‌നേഹത്തെ ചിറകെട്ടി നിര്‍ത്തിയുള്ള അവന്റെ കുറ്റപ്പെടുത്തലുകളുടെ, സ്വന്തത്തോട് അതിക്രമം കാട്ടുന്നവരോടുള്ള ചേര്‍ത്തു പിടിക്കലിന്റെ വൈകാരിക തലങ്ങളെ തൊട്ടുണര്‍ത്തിയാണ് ക്ലാസ്സുകള്‍ മുന്നേറിയിരുന്നത്. ഖുര്‍ആനിന്റെ ഹൃദയവും പഠിതാവിന്റെ ഹൃദയവും ഒന്നിച്ചു മിടിക്കുന്ന ഒരു താളലയം സാധ്യമാകുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍. അപ്പോള്‍ നമ്മള്‍ നേരിട്ടറിയും. ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ പോലും കരുതലും കാരുണ്യവുമായി മാറും.
ഖുര്‍ആന്‍ ഒരു നിയമ സംഹിതയും, ദൈവിക ശാസനകളും താക്കീതുകളും ഉള്‍ക്കൊള്ളുന്ന പ്രമാണവും ആയിരിക്കെ തന്നെ നിയമങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചുവെക്കപ്പെട്ട മാനുഷിക പരിഗണനകളും ഇളവുകളും പ്രായോഗിക സമീപനങ്ങളും തിരിച്ചറിയുമ്പോള്‍ നമ്മള്‍ വീണ്ടും അല്ലാഹുവിന്റെ സ്‌നേഹ വലയത്തില്‍ കൂടുതല്‍ അകപ്പെട്ടുപോകും.
ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറുന്ന വചനങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ. മാതാക്കള്‍ കുഞ്ഞുങ്ങളെ രണ്ട് പൂര്‍ണ വര്‍ഷം മുലയൂട്ടണം എന്ന് നിര്‍ദേശിക്കുമ്പോള്‍, വിവാഹമോചിതയുടെ അവകാശങ്ങള്‍ക്കായി ശബ്ദിക്കുമ്പോള്‍, അവഗണിക്കപ്പെടുന്ന വിധവയുടെ പുനര്‍ വിവാഹത്തിന് അവസരമൊരുക്കുമ്പോള്‍, ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിക്ക് പരലോകത്ത് നീതി ഉറപ്പുവരുത്തുമ്പോള്‍ എന്തൊരു കരുത്താണ് ആ വചനങ്ങള്‍ക്ക്.
നിന്റെ നാഥന്‍ നിന്നെ കൈവെടിഞ്ഞിട്ടില്ല, വെറുത്തിട്ടുമില്ല എന്ന് ആശയറ്റവനെ ചേര്‍ത്ത് പിടിച്ച് കാതില്‍ മന്ത്രിക്കുമ്പോള്‍ ലഭിക്കുന്ന ഉള്‍ക്കരുത്തിനെ നമുക്ക് എങ്ങനെ വാക്കുകളില്‍ ആവിഷ്‌കരിക്കാനാകും! ക്ലാസ്സുകളില്‍ വെൡപ്പെടുന്ന ഇത്തരം മുഹൂര്‍ത്തങ്ങള്‍ ഏത് ശിലാഹൃദയത്തിലാണ് കനിവിന്റെ തെളിനീര്‍ പ്രവഹിപ്പിക്കാത്തത്!
എറണാകുളത്തെ മദീനാ മസ്ജിദില്‍ സ്വുബ്ഹ് നമസ്‌കാര ശേഷം ഞങ്ങള്‍ വട്ടത്തിലിരുന്ന് ഖുര്‍ആന്‍ പാരായണ പരിശീലനവും ആശയപഠനവും നടത്തിയിരുന്നു. അതിരാവിലെ പച്ചക്കറി മാര്‍ക്കറ്റില്‍ എത്തിച്ചേരേണ്ട കുറച്ച് യുവ സുഹൃത്തുകള്‍ ആ ക്ലാസ്സില്‍ സംബന്ധിച്ചിരുന്നു. പത്ത് വര്‍ഷം കൊണ്ടാണ് അവര്‍ ദിനേന നടന്ന് വന്നിരുന്ന ആ ക്ലാസ്സിലൂടെ ഖുര്‍ആന്‍ പഠനം പൂര്‍ത്തീകരിച്ചത്. ആ യുവാക്കള്‍ മുന്‍കൈയെടുത്ത് മാര്‍ക്കറ്റ് പരിസരത്ത് ആരംഭിച്ച ഖുര്‍ആന്‍ പഠന ക്ലാസ്സും ധാരാളം പേര്‍ പ്രയോജനപ്പെടുത്തി.
പഠനം പൂര്‍ത്തീകരിച്ച മറ്റൊരു സംഘം ഹബീബ്‌നാ സ്റ്റഡീ സെന്ററിലാണ് പഠിച്ചിരുന്നത്. മുഹമ്മദ് ഹബീബുല്ലാഹ് എന്ന ഖുര്‍ആന്‍ സ്‌നേഹിയുടെ ഭവനമാണ് ഹബീബ്‌നാ. ആ കുടുംബം അവിടെ താമസമാക്കിയത് മുതല്‍ ഖുര്‍ആന്‍ ക്ലാസ് അവിടെ നടന്നുവരുന്നു. ഹബീബ് സാഹിബ് അതിനിടെ അല്ലാഹുവിങ്കലേക്ക് യാത്രയായി. മക്കളും കുടുംബവും പിതാവിന്റെ പാതയില്‍ സജീവമായി നിലകൊള്ളുന്നു.
ഇസ്‌ലാമിക നിയമ വിധികളെ പറ്റിയുള്ള അജ്ഞതയാല്‍ ഒരു പിതാവ് മുഴുവന്‍ സ്വത്തും ഏക മകളുടെ പേരില്‍ എഴുതിവെച്ച് മരണമടഞ്ഞു. നമ്മുടെ ക്ലാസ്സിലെ ഒരു സജീവ പഠിതാവായിരുന്നു ആ പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ഇസ്‌ലാമിലെ അനന്തരാവകാശ നിയമമനുസരിച്ച് ഏക മകള്‍ക്ക് മാതാപിതാക്കളുടെ സ്വത്തിന്റെ നേര്‍ പകുതി മാത്രമേ അവകാശമുണ്ടാകൂ എന്ന് അദ്ദേഹം ക്ലാസ്സില്‍ വെച്ച് പഠിച്ചു. ഉടന്‍ ഭാര്യയെയും ഭാര്യാ മാതാവിനെയും കാര്യം ബോധ്യപ്പെടുത്തി. അങ്ങനെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് മറ്റു അവകാശികള്‍ക്ക് കൂടി വിഹിതം വെച്ചു നല്‍കി. ഖുര്‍ആനിക ആശയങ്ങള്‍ മനുഷ്യനില്‍ സൃഷ്ടിക്കുന്ന മാറ്റം അത്ഭുതാവഹം തന്നെ.
ഔപചാരിക ക്ലാസ്സുകള്‍ക്കപ്പുറം ഖുര്‍ആനിക സന്ദേശങ്ങള്‍ ഹൃദയങ്ങളിലേക്കെത്തിക്കാന്‍ ആ മഹാ നഗരത്തില്‍ ധാരാളം സാധ്യതകള്‍ ഉണ്ടായിരുന്നു.
ഹൈക്കോടതി അഭിഭാഷകര്‍ കേസുകളുമായി ബന്ധപ്പെട്ട് ഖുര്‍ആനിക വിധികള്‍ അന്വേഷിക്കും. സങ്കീര്‍ണമായ കുടുംബ പ്രശ്‌നങ്ങളില്‍ ഖുര്‍ആന്‍ നല്‍കുന്ന പരിഹാരമാര്‍ഗങ്ങള്‍ എത്രയെത്ര ദാമ്പത്യങ്ങളെയാണ് വീണ്ടും കൂട്ടിച്ചേര്‍ത്തത്.
മറൈന്‍ ഡ്രൈവിലെ സായാഹ്ന സവാരിയില്‍ കണ്ടുമുട്ടുന്നവര്‍, മെല്ലെ മെല്ലെ ചങ്ങാത്തം കൂടുന്നവര്‍, ഖുര്‍ആന്റെ രാജപാതയെ പുല്‍കിയ അനുഭവങ്ങള്‍ പലതാണ്. മദ്യപിച്ചും മയക്കുമരുന്ന് കുത്തിവെച്ചും വഴിയോരങ്ങളില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്നവര്‍, ഗുണ്ടാസംഘങ്ങളില്‍ അകപ്പെട്ടവര്‍, തൊഴില്‍ തേടിയെത്തുന്നവര്‍ തുടങ്ങി ജീവിതത്തിന്റെ പല സാഹചര്യങ്ങളില്‍നിന്ന് ഖുര്‍ആന്‍ വഴിയും വെളിച്ചവുമാക്കിയവരുമുണ്ട്. ദിവ്യ വചനങ്ങളുടെ അകമ്പടിയോടെയുള്ള വര്‍ത്തമാനങ്ങള്‍ അവരുടെ മനസ്സുകളില്‍ നന്മയുടെ തോരാ മഴയാണ് വര്‍ഷിച്ചത്.
ഖുര്‍ആനിക സഹവാസം നല്‍കുന്ന മനസ്സമാധാനം അപാരമാണ്. എല്ലാം നാഥനില്‍ സമര്‍പ്പിച്ചുള്ള ജീവിത യാത്ര എത്ര പ്രശാന്തമായിരിക്കും!
പട്ടണത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വെച്ചാണ് ബാബു എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടിയത്. ആരെയോ തേടിയെന്ന പോലെ കറങ്ങി നടക്കുമ്പോള്‍ പൊടുന്നനെയാണ് കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞത്. ബാബുവിന്റെ രോഗം ഗുരുതരമായിരുന്നു. വീട്ടുകാര്‍ ഉപേക്ഷിച്ചതാണ്. നാളുകള്‍ എണ്ണപ്പെട്ട അവസ്ഥയില്‍, പ്രതീക്ഷ നഷ്ടപ്പെട്ട് ഒരു പഴന്തുണിക്കെട്ട് പോലെ ചുരുണ്ടു കൂടിയ ഒരു ശരീരം. അടുത്തു കൂടി വര്‍ത്തമാനം പറഞ്ഞ് മെല്ലെ മെല്ലെ വാക്കുകള്‍ ഖുര്‍ആനായി പെയ്തപ്പോള്‍ ആ കണ്ണുകള്‍ക്ക് തിളക്കം വെച്ചു. വരണ്ട ഭൂമിയില്‍ വേനല്‍മഴകൊണ്ട പോലെ ആ മനം തുടിക്കുന്നതും സ്വപ്‌നങ്ങളുടെ ചിറകിലേറി പറക്കുന്നതും കാണേണ്ട കാഴ്ച തന്നെയായിരുന്നു. ആരു പറഞ്ഞു ഖുര്‍ആനിന്റെ അമാനുഷികതക്ക് തനിയാര്‍വര്‍ത്തനങ്ങളുണ്ടാകില്ലെന്ന്? വെളിപാടിന്റെ വെളിച്ചം ഇരുള്‍ വീണ ഹൃദയങ്ങളില്‍ പതിക്കുമ്പോള്‍ പ്രതീക്ഷയുടെ നിലാമഴയും വെള്ളിവെയിലും നട്ടുച്ചകളും മിന്നല്‍പ്പിണരുകളും മനസ്സകങ്ങളില്‍ പുഞ്ചിരിക്കും.
ഇരുള്‍ മൂടിക്കിടക്കുന്ന മനസ്സുകള്‍ എത്രയോ നമുക്ക് ചുറ്റിലുമുണ്ട്. നമുക്ക് സ്വയം ഖുര്‍ആനിന്റെ തിരിനാളങ്ങളാകാം. സ്വയം ജ്വലിച്ചും, ജ്വലിപ്പിച്ചും മുന്നേറാം. ഈ യാത്രയില്‍ വല്ലാതെ അസൂയപ്പെടുത്തിയ ചിലരുണ്ട്. നാഥന്റെ സന്നിധിയില്‍ മാത്രം അടയാളപ്പെടുന്നവരാണവര്‍. ഖുര്‍ആന്‍ ക്ലാസ്സുകളുടെ സംഘാടകരാണവര്‍. ക്ലാസ്സിന്റെ ഭൗതിക സംവിധാനങ്ങള്‍ ഒരുക്കിയും പഠിതാക്കളെ സംഘടിപ്പിച്ചും സമയവും അധ്വാനവും സമ്പത്തും ചെലവഴിച്ചും തിരശ്ശീലക്ക് പിന്നില്‍ മാത്രം നിലയുറപ്പിക്കുന്നവരാണവര്‍. നബി (സ) അവരെപ്പറ്റിയാണല്ലോ ഇങ്ങനെ പറഞ്ഞത്: ''അല്ലാഹു ഇഷ്ടപ്പെടുന്ന ചിലരുണ്ട്. സൂക്ഷ്മതയുള്ളവരും ഒതുങ്ങിക്കഴിയുന്നവരുമാണവര്‍. അവരുടെ സാന്നിധ്യം ആരും അറിയുകയില്ല. അസാന്നിധ്യത്തെപ്പറ്റി ആരും അന്വേഷിക്കുകയുമില്ല. അവരുടെ മനസ്സുകള്‍ സന്മാര്‍ഗത്തിന്റെ വിളക്കുകളാണ്.
ഖുര്‍ആന്‍ പഠന സംവിധാനങ്ങള്‍ ഇനിയും ഒരുപാട് തലമുറകള്‍ക്ക് വഴിവെളിച്ചമായി പ്രശോഭിച്ച് നില്‍ക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 77-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ഏകാഗ്രതക്ക് ഭംഗം വരുത്താതിരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി