Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 15

3248

1443 റമദാന്‍ 13

ലിബറലിസമൊഴുക്കുന്ന  പിണറായി സര്‍ക്കാര്‍

ടി. മുഹമ്മദ് വേളം

കേരള ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള സര്‍ക്കാറായിരിക്കും രണ്ടാം പിണറായി ഗവണ്‍മെന്റ്. കേരളത്തിന്റെ മുതലാളിത്തവല്‍ക്കരണത്തില്‍ ഏറ്റവും സംഭാവനകളര്‍പ്പിച്ച സര്‍ക്കാര്‍ എന്നതായിരിക്കും ചരിത്രത്തില്‍ അതിന്റെ സ്ഥാനം. തങ്ങള്‍ക്ക് ലഭ്യമാവുന്ന അധികാരത്തിലൂടെ മുതലാളിത്തത്തിന്റ ആഗോളവല്‍ക്കരണത്തിന്  സാധ്യമാവുന്ന ബദലുകള്‍ ഉണ്ടാക്കുക എന്ന ആശയം സി.പി.എം പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുന്നു  എന്നാണ് രണ്ടാം പിണറായി സര്‍ക്കാറിന്റെ ഭരണനടപടികളില്‍ നിന്നും പുതിയ പാര്‍ട്ടി സംസ്ഥാന സമ്മേളന വികസന രേഖയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.
പത്തുകോടിയിലധികം വിറ്റുവരവുള്ള ഐ.ടി കമ്പനികള്‍ക്ക് പ്രീമിയം മദ്യഷാപ്പുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്ന മദ്യനയമാണ് ഈ ദിശയിലെ പുതിയ വിശേഷം. ഇത് ഒന്നാം പിണറായി സര്‍ക്കാരിന്റെ മദ്യനയത്തിന്റെ തുടര്‍ച്ചയാണ്. മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളഞ്ഞത് കഴിഞ്ഞ പിണറായി സര്‍ക്കാറായിരുന്നു.
മദ്യം യൂറോപ്യന്‍ മുതലാളിത്ത സംസ്‌കാരത്തിന്റെ വളരെ സുപ്രധാനമായ ഭാഗമാണ്. മദ്യപാനം അവിടെ മാന്യതയുടെ ലക്ഷണമാണ്. അയഞ്ഞ കുടുംബബന്ധങ്ങളും  തുറന്ന ലൈംഗികതയും സാര്‍വത്രികമായ മദ്യപാനവും അടിസ്ഥാനമാക്കിയ ഒരു നാഗരികതയാണത്.
കേരളത്തിലെ കമ്യൂണിസ്റ്റ്പാര്‍ട്ടി സമ്പൂര്‍ണ മുതലാളിത്തവല്‍ക്കരണത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തു എന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
ഇത് കമ്യൂണിസത്തിന്റെ വ്യതിചലനമാണോ സ്വാഭാവികതയാണോ എന്ന ചര്‍ച്ചക്ക് പ്രസക്തിയുണ്ട്. കാരണം മുതലാളിത്തവല്‍ക്കരണത്തിനു ശേഷം സോഷ്യലിസം ഉണ്ടാകുമെന്നാണ് മാര്‍ക്സ് പഠിപ്പിക്കുന്ന ചരിത്രത്തിന്റെ ക്രമം. അപ്പോള്‍ ആ മുതലാളിത്തവല്‍ക്കരണത്തിന് ഒരു കമ്യൂണിസ്റ്റ്പാര്‍ട്ടി ശ്രമിക്കുന്നു എന്നത് കമ്യൂണിസ്റ്റ് വിരുദ്ധമാണ് എന്ന് പറയാന്‍ കഴിയുമോ? ഇത് കമ്യൂണിസത്തെക്കുറിച്ച ആലോചനാവിഷയമാണ്. സമൂഹത്തെ കുറിച്ച ആലോചനാവിഷയമല്ല. സമ്പൂര്‍ണ ലിബറല്‍ സാമ്പത്തിക കാഴ്ചപ്പാടും സദാചാര സങ്കല്‍പ്പവുമൊക്കെ കമ്യൂണിസ്റ്റുകള്‍ നടപ്പിലാക്കിയാലും കാപിറ്റലിസ്റ്റുകള്‍ നടപ്പിലാക്കിയാലും സമൂഹത്തിന് അപകടകരമായിരിക്കും.
പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജെന്‍ഡര്‍ പോളിസിയും മദ്യനയവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ബാലുശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ഉദ്ഘാടനം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞത് കേരളീയ സമൂഹത്തിലെ ഹെട്രോനോര്‍മാറ്റീവ് എന്ന അവസ്ഥ ഇല്ലാതാകണം എന്നായിരുന്നു. അഥവാ മനുഷ്യന്റെ ലിംഗപരമായ സ്വാഭാവികത ആണും പെണ്ണുമാണ് എന്ന ബോധത്തെയാണ് ഹെട്രോനോര്‍മാറ്റീവ് എന്നുപറയുക. സ്വവര്‍ഗ ലൈംഗികതകളും, ആണ്‍ ശരീരത്തിന് പെണ്ണെന്ന് തോന്നുന്നതും, പെണ്‍ ശരീരത്തിന് ആണെന്ന് തോന്നുന്നതും, ലൈംഗിക വര്‍ണരാജിയിലെ മറ്റനേകം തോന്നലുകളുമെല്ലാം വ്യതിയാനങ്ങളല്ല സ്വാഭാവികങ്ങളാണെന്ന ബോധം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കണമെന്നര്‍ത്ഥം. ആണും പെണ്ണും എന്നതാണ് സ്വാഭാവികം എന്ന ബോധത്തെ തകര്‍ക്കാനാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പിലാക്കിയത് എന്നാണ് മന്ത്രി തന്നെ പറയുന്നത്. ഇത് മാര്‍ക്സിസത്തിന്റ ആചാര്യന്മാരുടെ പാഠത്തിനുതന്നെ എതിരാണ്. ഏംഗല്‍സ് സ്വവര്‍ഗലൈഗികതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് കാണാന്‍ കഴിയും.
ധാര്‍മികതയുടെ സ്ഥാനത്ത് വ്യക്തി സ്വാതന്ത്ര്യത്തെ സ്ഥാപിക്കുകയാണ് മുതലാളിത്തം ചെയ്തത്. മുതലാളിത്തത്തിന്റെ കുഴപ്പങ്ങള്‍  മാര്‍ക്സിസം എണ്ണിയെണ്ണി പറയുന്നുണ്ട്. പക്ഷേ അത് പരിഹരിക്കാന്‍ കണ്ട വഴി സ്വകാര്യസ്വത്ത് ഇല്ലാതാക്കുക എന്നത് മാത്രമാണ്. സ്വകാര്യ സ്വത്താവട്ടെ  മനുഷ്യന്റെ ഒരു നൈസര്‍ഗിക ചോദനയുമാണ്. നൈസര്‍ഗികതകളോട് ഏറ്റുമുട്ടുന്നവര്‍ തകരുകയല്ലാതെ നൈസര്‍ഗികത ഒരിക്കലും തകരുകയില്ല; കാമത്തെ പാപമായി പ്രഖ്യാപിച്ച മതങ്ങള്‍ അതിനു മുന്നില്‍ തോറ്റമ്പിയതുപോലെ.
ഒരു സോഷ്യലിസ്റ്റ് സമൂഹം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് മാര്‍ക്സിസം കാര്യമായൊന്നും പറഞ്ഞിട്ടില്ല. സ്വകാര്യസ്വത്ത് ഇല്ലാതായാല്‍  വ്യക്തിയും സമൂഹവും സ്വാഭാവികമായി നല്ലതായിത്തീരും എന്നതായിരുന്നു അതിന്റെ കണക്കുകൂട്ടല്‍. സമൂഹത്തെക്കുറിച്ച ഒരു സങ്കല്‍പ്പമോ നിയമസംഹിതയോ മുന്നോട്ടുവെക്കാത്തതു കൊണ്ടാണ് സോവിയറ്റ് കമ്യൂണിസത്തിനോ കേരള കമ്യൂണിസത്തിനോ മുതലാളിത്തത്തിന് ബദലാവാന്‍ കഴിയാതെ പോയത്. മറ്റൊരര്‍ത്ഥത്തില്‍ ശരീഅത്തില്ലാത്ത മതമാണ് മാര്‍ക്സിസം. മാര്‍ക്സിസത്തിന് ഒരു പരിധിവരെ മുതലാളിത്തത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു വിശ്വാസപ്രമാണമുണ്ട്. പക്ഷേ അതിന് മുതലാളിത്തത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു നിയമസംഹിത (ശരീഅത്ത്) ഇല്ല. അപ്പോള്‍ സ്വാഭാവികമായും അതു മുതലാളിത്തത്തിന്റെ നിയമസംഹിതയെ തന്നെ ധാര്‍മ്മിക നിയമസംഹിതയായി സ്വീകരിക്കുന്നു. അതുകൊണ്ടാണ് എവിടെയും കമ്മ്യൂണിസത്തിന് മുതലാളിത്തത്തിന് ബദലായ ഒരു നാഗരികതയാവാന്‍ കഴിയാതെ പോകുന്നത്. അപ്പോള്‍ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒരു ജനാധിപത്യ സര്‍ക്കാരിനെക്കാള്‍ കാര്യക്ഷമമായി മദ്യം ഒഴുക്കുകയും തുറന്ന ലൈംഗിക സംസ്‌കാരം വ്യാപിപ്പിക്കുകയും ചെയ്യും. ഏകാധിപത്യം എപ്പോഴും ജനാധിപത്യത്തേക്കാള്‍ കാര്യക്ഷമമായിരിക്കും. ഏകാധിപത്യപ്രവണത കമ്യൂണിസത്തിന്റെ സഹജ സ്വഭാവവുമാണ്. പിണറായി വിജയന്റെ മാത്രം സവിശേഷതയല്ലെന്നര്‍ഥം.
ഈ ഭരണ നടപടികളിലൂടെയെല്ലാം കേരളം മാറുകയാണ്. ആധുനിക കേരളത്തെ നിര്‍ണയിച്ചിരുന്നത് നവോത്ഥാന മൂല്യങ്ങളായിരുന്നു. നവോത്ഥാന മൂല്യങ്ങളില്‍  ഇസ്ലാമിന്റേത് ഉള്‍പ്പെടെയുള്ള സ്വാധീനം വളരെ  ശക്തമായിരുന്നു. ശ്രീനാരായണഗുരുവാണല്ലോ നവോത്ഥാന കേരളത്തിന്റ ഏറ്റവും വലിയ പ്രതീകം. ജാതിക്കും മദ്യത്തിനുമെതിരെയാണ് അദ്ദേഹം ഏറ്റവും ശക്തമായി പോരാടിയത്. എം.കെ സാനു എഴുതുന്നു. ''നമ്മുടെ ഈ കൊച്ചുകേരളത്തില്‍ ജനജീവിതവുമായി ഇടപഴകുകയും അവരുടെ ദുരിതങ്ങളൊക്കെയും ഉള്‍ക്കാഴ്ചയോടെ തിരിച്ചറിയുകയും ചെയ്ത ജനനേതാവായിരുന്നു ശ്രീനാരായണഗുരു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സമൂഹത്തെ ആഴത്തില്‍ അലട്ടുന്നുണ്ട് എന്ന് അദ്ദേഹം കാണാതിരുന്നില്ല. അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നതിനും പറയുന്നതിനും അദ്ദേഹം ജീവിതകാലം മുഴുവന്‍ സന്നദ്ധനാവുകയും ചെയ്തു. പക്ഷേ അക്കാര്യത്തില്‍ അദ്ദേഹം അവലംബിച്ചത് മൃദുലമായ ഒരു സമീപനമാണ്. സവര്‍ണ മേധാവിത്വത്തെ ശകാരിക്കുന്ന ഒറ്റ വാക്കുപോലും അദ്ദേഹം പറയുന്നില്ല. അവര്‍ണ വര്‍ഗക്കാരുടെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം ഉപയോഗിച്ച വാക്കുകളും പ്രകോപനപരമായിരുന്നില്ല. സംയമനത്തിന്റെ ഒരു മാര്‍ഗമാണ് ഇത്തരം കാര്യങ്ങളിലെല്ലാം ആ ഗുരുവര്യന്‍ തുടര്‍ന്നു പോന്നത്. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം ആ പുണ്യാത്മാവ് അക്രമോത്സുകമായ ശൈലി ഉപയോഗിച്ചു എന്ന വസ്തുത നാം വിസ്മരിച്ചുകൂടാത്തതാകുന്നു. അത് പ്രയുക്തമായത് മദ്യത്തിനെതിരായിട്ടാണ്. 'മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്, കുടിക്കരുത് കൊടുക്കരുത്' എന്ന് പറയുന്നത് കൊണ്ട് മാത്രം അദ്ദേഹം തൃപ്തനായില്ല. 'മദ്യപാനി തൊട്ടതെല്ലാം നാറും' എന്നു പറഞ്ഞിട്ടേ അദ്ദേഹത്തിന് തൃപ്തിവന്നുള്ളൂ. മദ്യംമൂലം സമൂഹം അനുഭവിക്കുന്ന ഘോരമായ വിപത്ത് എന്താണെന്ന് നിരീക്ഷിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് അത്രയും പരുഷമായി മദ്യത്തെ അപലപിക്കാന്‍ അദ്ദേഹം മുതിര്‍ന്നത്'' (ഉന്മാദത്തില്‍നിന്ന് പ്രബുദ്ധതയിലേക്ക് അവതാരിക, കറന്റ് ബുക്ക്സ്, തൃശ്ശൂര്‍).
നവോത്ഥാന കേരളത്തിന്റെ സമ്പൂര്‍ണ ഖബ്‌റടക്കം നടത്തി നവകേരളം സൃഷ്ടിക്കുക എന്ന അജണ്ടയാണ് പിണറായി ഗവണ്‍മെന്റ് ഏറ്റെടുത്തിരിക്കുന്നത്. നവകേരളം നവോത്ഥാന കേരളമല്ല. പുതിയ മുതലാളിത്ത കേരളമാണ്. നവോത്ഥാനത്തിന് ഒരു പരിമിതിയും ഉണ്ടായിരുന്നില്ല എന്ന അര്‍ത്ഥത്തിലല്ല ഇതു പറയുന്നത്. നവോത്ഥാനവും മുതലാളിത്തവും തമ്മിലുള്ള ബന്ധത്തെ വിസ്മരിച്ചുകൊണ്ടുമല്ല. കേരളീയ നവോത്ഥാനത്തെ നിര്‍ണയിച്ചതിലെ ഒരു ശക്തി മാത്രമാണ് മുതലാളിത്തം.  അതിലെ ഇസ്ലാമിന്റെതടക്കമുള്ള സ്വാധീനങ്ങളെ അവഗണിച്ചു അതൊരു മുതലാളിത്ത പദ്ധതി മാത്രമായിരുന്നു എന്ന് മനസ്സിലാക്കുന്നത് അബദ്ധമായിരിക്കും. പിന്നെ പഴയ മുതലാളിത്തത്തിന്റെ  തന്നെ ധാര്‍മികതയെ കിഴിച്ചതിന്റെ ഫലം കൂടിയാണ് പുതിയ മുതലാളിത്തം.
നാം ചവിട്ടി നില്‍ക്കുന്ന മണ്ണ് മാറുന്നു എന്ന  തിരിച്ചറിവ് കേരളത്തിലെ മുസ്ലിം സമൂഹത്തിന് ഉണ്ടാവുക എന്നത് പരമപ്രധാനമാണ്. കേരളം സമ്പൂര്‍ണ മുതലാളിത്തത്തിന്റെ സ്വന്തം നാടാവാന്‍ പോവുകയാണ്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും, സാംസ്‌കാരികമായി ന്യൂയോര്‍ക്കും  ലണ്ടനും പാരീസുമാകും. ഇത്തരമൊരു മാറ്റത്തെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. മാറിയ കാലത്ത് സമുദായത്തിന്റെ സാംസ്‌കാരികമായ അതിജീവനം എങ്ങനെ സാധ്യമാക്കാം എന്ന ആലോചനകളും നടക്കേണ്ടതുണ്ട്.
ഈ ധാര്‍മിക ഉദാരവാദ പ്രളയത്തിനിടയിലും മനുഷ്യസമൂഹത്തെ നിലനിര്‍ത്തുന്ന മൂല്യങ്ങളില്‍   വിശ്വസിക്കുന്നവരുമായി സമുദായം പലതരത്തിലുള്ള ഐക്യമുന്നണികളുണ്ടാക്കേണ്ടതുണ്ട്. നന്മകല്‍പ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നത് സമൂഹത്തില്‍ അത് പടരാതിരിക്കാന്‍ വേണ്ടി മാത്രമല്ല. സമൂഹത്തില്‍ പടര്‍ന്നാലും നമ്മുടെ ഉള്ളില്‍ പടരാതിരിക്കാന്‍ വേണ്ടികൂടിയാണ്. ധാര്‍മ്മികതയിലൂന്നിയ, ലിബറലിസത്തെ ചെറുക്കുന്ന ഒരു പൊതു രാഷ്ട്രീയത്തെ രാജ്യത്ത് വികസിപ്പിക്കാന്‍ മുസ്ലിം സമൂഹം മുന്‍കൈയെടുക്കേണ്ടതുണ്ട്.
സാമൂഹിക ധാര്‍മികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം വികസന പ്രശ്നങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളും കൂടിയാണ്. മദ്യം വ്യക്തിസ്വാതന്ത്ര്യവുമായും വ്യക്തിധാര്‍മികതയുമായും മാത്രം ബന്ധപ്പെട്ട വിഷയമല്ല. ഒരു വികസന വിഷയമാണ്. നമ്മുടെ മനുഷ്യവിഭവശേഷിയുടെ ഗുണമേന്മയെ തകര്‍ക്കുന്ന ഏറ്റവും വലിയ സംഹാരശക്തിയാണ് ലഹരി. മദ്യവ്യാപനത്തിന്റെ അടുത്തപടി മയക്കുമരുന്നുകളുടെ വ്യാപനമാണ്. തുടര്‍ന്നുള്ള ഘട്ടം മയക്കുമരുന്നുകള്‍ നിയമാനുസൃതമായിത്തീരുക എന്നതാണ്. എന്നാലും രാജ്യത്തെയും സംസ്ഥാനത്തയും മനുഷ്യ വിഭവശേഷി ഗുണമേന്മയോടെ നിലനില്‍ക്കുമെന്നു കരുതുന്നതിന് ഒരു യുക്തിയുമില്ല. ടി.പി കുഞ്ഞിക്കണ്ണനെപ്പോലുള്ള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാക്കള്‍ ലഹരി എങ്ങെനെയാണ് കേരള വികസന മാതൃകയെ തകര്‍ക്കുന്നതെന്ന് നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ധാര്‍മ്മികതയെ രാഷ്ട്രീയത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഒരു നവരാഷ്ട്രീയത്തെയാണ് കേരളം അടിയന്തിരമായി ആവശ്യപ്പെടുന്നത്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 77-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ഏകാഗ്രതക്ക് ഭംഗം വരുത്താതിരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി