Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 08

3247

1443 റമദാന്‍ 6

വെള്ളാനാവളപ്പില്‍ മുഹമ്മദ്

സി.പി അന്‍വര്‍ സാദത്ത് റിയാദ്,  സുഊദി അറേബ്യ

 


തിരൂരങ്ങാടി ഏരിയയിലെ കരിപറമ്പ് കാര്‍കൂന്‍ ഹല്‍ഖയിലെ പ്രവര്‍ത്തകനായിരുന്നു വെള്ളാനാവളപ്പില്‍ മുഹമ്മദ് സാഹിബ്. കരിപറമ്പിലും പരിസരത്തും പ്രസ്ഥാനത്തിന്റെ ശബ്ദമെത്തിച്ച ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം. പത്താം വയസ്സില്‍ തന്നെ ജോലി തേടി ദീര്‍ഘകാലം ചെന്നൈയിലും ശേഷം ജിദ്ദയിലും മലേഷ്യയിലും പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തി പ്രസ്ഥാന മാര്‍ഗത്തില്‍ സജീവമായി നിലകൊണ്ടു.
തിമിരം ബാധിച്ചു കണ്ണിന്റെ കാഴ്ച്ച ശക്തിക്ക് മങ്ങലേറ്റിട്ട് പോലും മങ്ങിയ കാഴ്ചയില്‍ നടക്കാന്‍ കഴിയുന്ന കാലം വരെ വരാന്ത യോഗങ്ങളില്‍ കൃത്യമായി പങ്കെടുത്തിരുന്നു. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ആവേശവുമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. കേവലം രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അദ്ദേഹം സ്വപ്രയത്‌നത്തിലൂടെ വായനയും എഴുത്തും പഠിക്കുകയും ഖുര്‍ആന്‍ തഫ്സീറുകളുടെയും മറ്റു ഇസ്‌ലാമിക ഗ്രസ്ഥങ്ങളുടെയും വായന പതിവാക്കുകയും ചെയ്തു.  റേഡിയോവിലൂടെയും പത്ര വായനയിലൂടെയും ടി.വിയിലൂടെയും ദേശിയ അന്തര്‍ദേശീയ വിവരങ്ങള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യുമായിരുന്നു.
സ്‌ട്രോക്ക് ബാധിച്ചു കിടപ്പിലായ സമയത്ത് പോലും മീഡിയവണ്‍ കേസിനെ കുറിച്ചും, യുക്രെയ്ന്‍ യുദ്ധത്തെ കുറിച്ചും അന്വേഷിച്ചുകൊണ്ടിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ബിക്കുട്ടി സാഹിബയുടെ പെട്ടെന്നുള്ള വേര്‍പാട്.
ജമാഅത്തില്‍ അംഗത്വമെടുക്കാന്‍  അതിയായി ആഗ്രഹിക്കുകയും  അതിനു വേണ്ടിയുള്ള പഠനങ്ങളും വായനയും തുടരുകയും ചെയ്തിരുന്നുവെങ്കിലും ആ ആഗ്രഹം ബാക്കി വെച്ചാണ് അദ്ദേഹം യാത്രയായത്.
മക്കള്‍: മുജീബ് റഹ്മാന്‍, ആയിഷുമ്മു (കൗണ്‍സിലര്‍ തിരൂരങ്ങാടി മുനിസിപ്പാലിറ്റി)

പക്കര്‍കുട്ടി (ഫഖ്‌റുദ്ദീന്‍)

കുട്ടമ്പൂര്‍ അരീക്കണ്ടിയില്‍ താമസിച്ചു വരികയായിരുന്ന നരിക്കുനി നെടിയനാട് കിണറ്റിന്‍ കരേടത്ത് പക്കര്‍കുട്ടി എന്ന ഫഖ്‌റുദ്ദീന്‍ സാഹിബ് (97) ഇക്കഴിഞ്ഞ ഫെബ്രുവരി 26-ന് അല്ലാഹുവിങ്കലേക്ക് യാത്രയായി. അറുപതുകളിലും എഴുപതുകളിലും അമ്മാവനായ കെ.എം പന്നിക്കോട്ടൂര്‍ യാഥാസ്ഥിതിക സമൂഹത്തിന് മുമ്പില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും മത സമൂഹത്തിലെ ജീര്‍ണതകള്‍ തുറന്ന് കാണിച്ച് അവക്കെതിരെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തപ്പോള്‍ അതിന് ഏറ്റവുമധികം സഹായവും പ്രോത്സാഹനവും നല്‍കിയത് ഇദ്ദേഹവും സഹോദരന്‍ കിണറ്റിന്‍ കരേടത്ത് അബ്ദുര്‍റഹ്മാന്‍ മൗലവിയും ആയിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വഴിയിലേക്ക് ആദ്യകാലത്ത് തന്നെ എത്തിച്ചേരുന്നതിന് വഴിയൊരുക്കിയത് അമ്മാവനായ കെ.എം പന്നിക്കോട്ടൂരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. നേരത്തെ താമസിച്ചിരുന്ന കട്ടിപ്പാറ പ്രദേശത്ത് നിന്ന് ജമാഅത്തുകാരനായതിന്റെ പേരില്‍ മഹല്ലില്‍നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. മഹല്ല് അംഗത്വമില്ലാത്തത് രോഗിയായ ഭാര്യക്കും മക്കള്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന ചിന്തയില്‍ ആ നാട് ഉപേക്ഷിക്കുകയും നരിക്കുനിക്കടുത്ത് കുട്ടമ്പൂരില്‍ താമസമാക്കുകയുമായിരുന്നു. 1985-ലെ എസ്.ഐ.ഒവിന്റെ പ്രഥമ സംസ്ഥാന സമ്മേളന (ഫറോക്ക് ദാറുല്‍ ഇസ്‌ലാം)ത്തിന് ഒരുക്കം നടക്കുന്നത് മുതല്‍ അവിടെ സഹായിയായി അദ്ദേഹം എത്തി. അങ്ങനെ ജമാഅത്ത് നേതാക്കള്‍ക്കും സമ്മേളന നടത്തിപ്പുകാര്‍ക്കും അദ്ദേഹം സുപരിചിതനായി. വലിയ പന്തല്‍ നിര്‍മിച്ചുള്ള സമ്മേളന ഒരുക്കങ്ങള്‍ക്കായി, മാസങ്ങള്‍ക്ക് മുമ്പ് സമ്മേളന സ്ഥലത്ത് എത്തിയതും സമ്മേളനാനന്തരം ബാക്കി പണികള്‍ കൂടി പൂര്‍ത്തീകരിച്ച് മടങ്ങിയതും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി അനുസ്മരിക്കാറുണ്ടായിരുന്നു. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, പി.സി ഹംസ, കെ.എം അബ്ദുര്‍റഹീം തുടങ്ങിയവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. പ്രസ്ഥാന നേതാക്കളോടും സുഹൃത്തുക്കളായ പ്രവര്‍ത്തകരോടും വലിയ മതിപ്പും സ്‌നേഹവുമായിരുന്നു. അവരോട് അഭിപ്രായം ചോദിക്കുകയും ചെയ്യുമായിരുന്നു.
കൂലിപ്പണി, മീന്‍കച്ചവടം, മദ്‌റസാധ്യാപനം, മരം കയറല്‍, വാച്ച്മാന്‍, വാര്‍ഡന്‍ തുടങ്ങിയ ജോലികളെല്ലാം ചെയ്തിട്ടുണ്ട്. തിരൂര്‍ക്കാട് ഇലാഹിയ്യാ കോളേജ്, വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജ്, പഴയങ്ങാടി വാദിഹുദാ, കോഴിക്കോട് ഹിദായത്ത് തുടങ്ങിയ സ്ഥാപനങ്ങളില്‍ വാച്ച്മാനും വാര്‍ഡനുമായിരുന്നു. മാഹിയില്‍ കെ.എം അബ്ദുര്‍റഹീം സാഹിബിന്റെയും കോഴിക്കോട് കെ.എം രിയാളു സാഹിബിന്റെയും കീഴില്‍ ജോലി ചെയ്തിട്ടുണ്ട്. പ്രായാധിക്യം മൂലം കിടപ്പിലാവുന്നത് വരെ പ്രസ്ഥാ
ന പരിപാടികളില്‍ താല്‍പര്യപൂര്‍വം പങ്കെടുത്തു. കട്ടിപ്പാറ താമസമായിരുന്നപ്പോള്‍ താമരശ്ശേരി ഹല്‍ഖയിലായിരുന്നു. കുട്ടമ്പൂര്‍ ഹല്‍ഖയിലും ജോലി സ്ഥലത്തെ ഹല്‍ഖകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രയാസങ്ങള്‍ക്കിടയിലും മക്കള്‍ക്ക് ദീനീ വിദ്യാഭ്യാസം നല്‍കുന്നതിനും ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതിനും ഏറെ ശ്രദ്ധപുലര്‍ത്തി.
ഭാര്യമാര്‍: ആമിനക്കുട്ടി(ഓമശ്ശേരി), പരേതയായ ആഇശ (പുന്നശ്ശേരി). മക്കള്‍: മുഹമ്മദ്, അബ്ദുര്‍റഹിമാന്‍ ഉമരി, മജീദ് കുട്ടമ്പൂര്‍, ഖദീജ, സലാഹുദ്ദീന്‍.


എം.പി അബ്ദുസ്സലാം കൊടോളി
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 71-76
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രാര്‍ഥനകള്‍ സഫലമാകാതിരിക്കില്ല
സഈദ് ഉമരി മുത്തനൂര്‍