Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 08

3247

1443 റമദാന്‍ 6

പതിവാക്കാം ഖിയാമുല്ലൈല്‍

ജമാല്‍ ഇരിങ്ങല്‍

വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലും രാവിനെ കുറിച്ച പ്രതിപാദ്യമുണ്ട്. രാവിനെ ശാന്തിയായും വിശ്രമവേളയായും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു: ''നിദ്രയെ നിങ്ങള്‍ക്ക് ശാന്തിദായകവും രാവിനെ മൂടുപടവും പകലിനെ ജീവനവേളയുമാക്കിയില്ലയോ?'' (നബഅ് 9-11).  രാത്രിയില്‍ തന്നെയാണ് പലപ്പോഴും മനുഷ്യന്റെ പൈശാചിക ചിന്തകള്‍ ഉണരുന്നതും. കൊലയും കൊള്ളയും മറ്റു അധാര്‍മിക വൃത്തികളും കൂടുതല്‍ നടക്കുക രാത്രിയാണ്. അല്ലാഹുവിനെ കുറിച്ച നിതാന്ത ഓര്‍മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും  പരലോക ചിന്തയില്‍ ജീവിതം നയിക്കുന്നവര്‍ക്കും  മാത്രമേ രാവിന്റെ ഇരുണ്ട യാമങ്ങളില്‍ വഴിതെറ്റിക്കുന്ന പൈശാചിക ദുര്‍ബോധനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. മഞ്ഞുതുള്ളിയുടെ നൈര്‍മല്യം തുളുമ്പുന്ന മനസ്സുകളിലും ഇരുട്ടും ഏകാന്തതയും പാപത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍ ഹേതുവായിത്തീരും. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാര്‍ഥനകളിലൂടെ കൂടുതല്‍ ജാഗ്രതയുള്ളവരാകാന്‍ സത്യവിശ്വാസികളോട് അല്ലാഹു ആഹ്വാനം ചെയ്യുന്നുണ്ട്: ''ഇരുട്ടു മുറ്റിയ രാവിന്റെ ദ്രോഹത്തില്‍നിന്നും'' (അല്‍ ഫലഖ് 3).  ''അക്രമങ്ങളും പാപകൃത്യങ്ങളും ഏറെ നടക്കുന്നത് രാത്രിയിലായതുകൊണ്ടാണ് രാത്രിയുടെ അന്ധകാരത്തിന്റെ ശര്‍റില്‍നിന്ന് ശരണം തേടാന്‍ പ്രത്യേകം ഉപദേശിച്ചത്. ഉപദ്രവിക്കുന്ന ജന്തുക്കള്‍ പുറത്തുവരുന്നതും രാത്രികാലത്താണല്ലോ'' (സയ്യിദ് മൗദൂദി, തഫ്ഹീമുല്‍ ഖുര്‍ആന്‍).
ഇതുകൊണ്ടാണ് രാത്രി മുഴുസമയവും ഉറങ്ങാതെ കുറച്ചു സമയം നമസ്‌കാരത്തിന് വേണ്ടി മാറ്റിവെക്കണമെന്ന് അല്ലാഹുവും റസൂലും പഠിപ്പിക്കുന്നത്. ''പ്രഭാതത്തിലും പ്രദോഷത്തിലും നാഥന്റെ നാമം സ്മരിക്കുക. രാത്രിയിലും അവനു വേണ്ടി പ്രണാമം ചെയ്യുക. രാവില്‍ നീണ്ട നേരം അവനെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുക'' (അല്‍ ഇന്‍സാന്‍ 25, 26).  രാത്രി നമസ്‌കാരത്തിലൂടെ ഓരോ വിശ്വാസിയും നേടിയെടുക്കുന്നത് അനിര്‍വചനീയമായ ഈമാനിക കരുത്താണ്; കാലഘട്ടത്തിന്റെ ജാഹിലിയ്യത്തിനോട് സമരം ചെയ്യാനുള്ള ആവേശമാണ്; സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടാനുള്ള ഊര്‍ജമാണ്. ലോകം മുഴുക്കെ സുഖസുഷുപ്തിയിലാണ്ടിരിക്കെ അങ്ങേയറ്റത്തെ ദൈവ സ്‌നേഹത്താല്‍ പ്രചോദിതനായാണല്ലോ ഓരോ വിശ്വാസിയും തന്റെ കിടക്കപ്പായ വിട്ടെഴുന്നേല്‍ക്കുന്നത്. തന്റെ നാഥന്റെ മുന്നില്‍ എല്ലാ ഭാരവും ഇറക്കിവെക്കുകയാണ് അവന്‍ തന്റെ നമസ്‌കാരത്തിലൂടെ. അവിടെ അവരിരുവര്‍ക്കുമിടയില്‍ മൂന്നാമതൊരാളില്ല. വിശ്വാസി അവിടെ പടച്ചതമ്പുരാനുമായി കൂട്ടുകൂടുന്നു. വിശേഷങ്ങള്‍ പങ്കുവെക്കുന്നു. കുശലം പറയുന്നു. സങ്കടങ്ങള്‍ നിരത്തുന്നു. ചെയ്തു പോയ പാപങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ അഴിച്ചുവെക്കുന്നു. ഇടതടവില്ലാത്ത കണ്ണീര്‍പ്രവാഹത്തിലൂടെ, സംഭവിച്ചുപോയ തെറ്റുകളുടെ ചേറും ചെളിയും കഴുകിത്തുടക്കുന്നു. അങ്ങനെ സ്ഫടികസമാനമായി വെട്ടിത്തിളങ്ങുകയായി ഓരോ വിശ്വാസിയുടെ മനവും.
ഇസ്ലാമിലെ വളരെ പ്രാധാന്യമേറിയ ഇബാദത്താണ് രാത്രി നമസ്‌കാരം. സൃഷ്ടികര്‍ത്താവായ ദൈവം തമ്പുരാനിലേക്ക് കൂടുതല്‍ അടുക്കാന്‍ വിശ്വാസികള്‍ക്ക് ഈ ആരാധനയിലൂടെ സാധിക്കുന്നു.  ഇതില്‍ ഏര്‍പ്പെടുമ്പോള്‍ വിശ്വാസികള്‍ അനുഭവിക്കുന്നത് അപാരമായ  മനശ്ശാന്തിയും സന്തോഷവുമാണ്. ശരീഅത്തില്‍ ഈ ആരാധനാ കര്‍മം നിര്‍ബന്ധമായ ഒന്നല്ലെങ്കിലും ഏറെ പ്രതിഫലം ലഭിക്കുന്ന ഒരു കര്‍മം തന്നെയാണ്. ഈ ആരാധനക്ക് നിര്‍ണിതമായ സമയം നിശ്ചയിക്കപ്പെട്ടിട്ടില്ല. ഇശാ  നമസ്‌കാരത്തിന് ശേഷം ഫജ്ര്‍ നമസ്‌കാരം വരെയുള്ള ഏത് സമയത്തും ഇത് നിര്‍വഹിക്കാം.  ഫര്‍ദ് നമസ്‌കാരം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ശ്രേഷ്ഠകരമായ നമസ്‌കാരം രാത്രി നമസ്‌കാരമാണ്. മുഅക്കദായ (പ്രബലമായ) സുന്നത്ത് ആയിട്ടാണ് ശരീഅത്തില്‍ ഇത് പരിഗണിക്കപ്പെടുന്നത്. 
രാത്രി നമസ്‌കാരത്തില്‍ പ്രവാചകന്‍ ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടായിരുന്നു. തഹ്ലീലും  തസ്ബീഹും തഹ്മീദും മറ്റു കാര്യങ്ങളും ഒക്കെ ഈ നമസ്‌കാരത്തില്‍  അധികരിപ്പിക്കാവുന്നതാണ്. രാത്രി നമസ്‌കാരങ്ങളിലെ  സുജൂദുകളിലും റുകൂഉകളിലും പ്രവാചകന്‍ കൂടുതല്‍ സമയം ചെലവഴിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം.
ജീവിതത്തില്‍ പതിവായി നിര്‍വഹിക്കാന്‍ ആഗ്രഹമുണ്ടാവുമെങ്കിലും പ്രായോഗികമായി ഇത് പലര്‍ക്കും കഴിയാറില്ല എന്നതാണ് വാസ്തവം. ഉറക്കില്‍ നിന്നും എഴുന്നേല്‍ക്കാനുള്ള മടിയും ഉറക്കം ഉണരാത്തതുമൊക്കെയാണ് കാരണം. രാത്രി ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ നാം  എടുത്താല്‍ ഇത് എളുപ്പമാവും. ചില പരീക്ഷണങ്ങള്‍ നമുക്ക് നടത്തിനോക്കാം.

1) രാത്രിയിലുള്ള ഭക്ഷണത്തിന്റെ അളവ് കുറക്കുക.
2) പകല്‍ സമയങ്ങളില്‍ അനാവശ്യമായി ശരീരത്തെ ക്ഷീണിപ്പിക്കാതിരിക്കുക. കഠിനമായ ജോലികളിലും വ്യായാമങ്ങളിലും ഏര്‍പ്പെടുന്നവര്‍ ആവശ്യത്തിന് വിശ്രമിക്കുകയും പോഷകാഹാരങ്ങള്‍ കഴിക്കുകയും ചെയ്യുക.
3) സാധ്യത അനുസരിച്ചു പകല്‍ സമയം അല്‍പം ഉറക്കം പതിവാക്കുന്നത് രാത്രി നമസ്‌കാരത്തില്‍ ഏകാഗ്രത കിട്ടാനും ഉറക്കില്‍ നിന്ന് എളുപ്പത്തില്‍ എഴുന്നേല്‍ക്കാനും സഹായിക്കും.
4) നന്മയോടുള്ള പ്രതിപത്തി എപ്പോഴും കാത്തുസൂക്ഷിക്കുക. പരലോകത്തെ ഓര്‍മിച്ചുകൊണ്ട് ഉറങ്ങാന്‍ കിടക്കുക. നരകത്തിന്റെ ഭീകരതയും സ്വര്‍ഗത്തിന്റെ ആവേശവും മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഉറങ്ങാന്‍ കിടക്കുന്നവന് പാതിരാത്രി ഉറക്കില്‍ നിന്ന് എളുപ്പത്തില്‍ എഴുന്നേല്‍ക്കാനാവും.
അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു രാത്രി എഴുന്നേറ്റ് വിവിധ ആരാധനാകര്‍മങ്ങളില്‍ ഏര്‍പ്പെടുന്നതിനെയാണ് സാങ്കേതികമായി ഖിയാമുല്ലൈല്‍ എന്ന് പറയുന്നത്. നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദിക്റുകള്‍, പ്രാര്‍ഥനകള്‍ തുടങ്ങിയവയൊക്കെ ഖിയാമുല്ലൈലിന്റെ ഭാഗം തന്നെയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് നമസ്‌കാരം തന്നെയാണ്. ഇമാം ബൈദാവിയെ പോലുള്ള  പണ്ഡിതന്മാര്‍ നമസ്‌കാരം മാത്രമേ ഖിയാമുല്ലൈലില്‍ ഉള്‍പ്പെടുകയുള്ളൂവെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന്റെ പ്രാധാന്യവും ഹുകുമും പറയുന്ന ധാരാളം ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും ഉണ്ട്. ''അവര്‍ റബ്ബിന്റെ സമക്ഷത്തില്‍ പ്രണാമം ചെയ്തും നിന്നു പ്രാര്‍ഥിച്ചും രാത്രി കഴിച്ചുകൂട്ടുന്നു'' (അല്‍ ഫുര്‍ഖാന്‍ 64), ''ആ ഭക്തജനങ്ങള്‍ നിശാവേളകളില്‍ അല്‍പമേ ഉറങ്ങിയിരുന്നുള്ളൂ. രാവിന്റെ അന്ത്യയാമങ്ങളിലും അവര്‍ പാപമോചനം അര്‍ഥിക്കുന്നവരായിരുന്നു'' (അദ്ദാരിയാത്ത് 17, 18), ''നിശാവേളകളില്‍ പരലോകത്തെ ഭയപ്പെട്ടും തന്റെ റബ്ബിന്റെ അനുഗ്രഹം ആശിച്ചും സുജൂദ് ചെയ്തു വണങ്ങുന്നവന്റെ പരിണതി ബഹുദൈവാരാധകന്റേതുപോലെ ആയിരിക്കുകയോ?'' (സുമര്‍ 9).
സയ്യിദ് മൗദൂദി പറയുന്നു: ''അവര്‍ രാത്രി കഴിച്ചുകൂട്ടുന്നത് ആര്‍ഭാടങ്ങളിലാറാടിയോ ഗാനങ്ങളിലും സംഗീതങ്ങളിലും നൃത്തങ്ങളിലും മുഴുകിയോ കള്ളക്കഥകളും ഊഹാപോഹങ്ങളും പറഞ്ഞോ കൊള്ളകളിലും കവര്‍ച്ചകളിലും ഏര്‍പ്പെട്ടോ ആയിരിക്കുകയില്ല. ജാഹിലിയ്യത്തില്‍ പ്രചുരമായിരുന്ന ഏര്‍പ്പാടുകള്‍ക്കു വിരുദ്ധമായി, ഇക്കൂട്ടര്‍ തങ്ങളുടെ രാവുകള്‍ അല്ലാഹുവിന്റെ സമക്ഷത്തില്‍ നിന്നും ഇരുന്നും സാഷ്ടാംഗം പ്രണമിച്ചും ആരാധിച്ചുകൊണ്ടും പ്രാര്‍ഥിച്ചുകൊണ്ടുമാണ് കഴിച്ചുകൂട്ടുക.''
ഇത് ആദ്യകാലത്ത് നിര്‍ബന്ധമായിരുന്നുവെന്നും പിന്നീട് നബി(സ)ക്ക് മാത്രം നിര്‍ബന്ധവും മറ്റുള്ളവര്‍ക്ക് ഐഛികവുമായി നിശ്ചയിക്കപ്പെട്ടുവെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഏതായാലും ഇതിന്റെ മഹത്വം മനസ്സിലാക്കിയ സ്വഹാബികള്‍ ഇത് നിര്‍വഹിക്കാന്‍ മത്സരിക്കാറുണ്ടായിരുന്നു. ഈ നമസ്
കാരം പതിവാക്കിയവര്‍ അത് ഇടക്ക് ഒഴിവാക്കുന്നത് കറാഹത്താണെന്ന് അഭിപ്രയപ്പെട്ട പണ്ഡിതന്മാരുമുണ്ട്.
ഈരണ്ടു റക്അത്തുകള്‍ കഴിഞ്ഞതിന് ശേഷം സലാം വീട്ടുകയും അവസാനം ഒറ്റയാക്കി അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് ഖിയാമുല്ലൈലിന്റെ പ്രവാചകരീതി. ഇതിന്റെ റക്അത്തുകളുടെ കാര്യത്തില്‍ രണ്ടു മുതല്‍ പത്ത് വരെ എന്നതാണ് പ്രബലമായ അഭിപ്രായം. അവസാനത്തില്‍ ഒന്നോ മൂന്നോ റക്അത്ത് നമസ്‌കരിച്ചു 11-ഓ 13-ഓ ആക്കി അവസാനിപ്പിക്കാവുന്നതാണ്. അലി (റ) പറയുന്നു: ''ഫര്‍ദ് നമസ്‌കാരം പോലെ വിത്ര്‍ നിര്‍ബന്ധമില്ല. എങ്കിലും അല്ലാഹുവിന്റെ റസൂല്‍ (സ) വിത്ര്‍ നമസ്‌കരിച്ചിട്ടുണ്ട്. എന്നിട്ട് അദ്ദേഹം പറഞ്ഞു: ഖുര്‍ആനിന്റെ അനുയായികളേ, നിങ്ങള്‍ ഒറ്റയായി നമസ്‌കരിക്കുവിന്‍; കാരണം, അല്ലാഹു 'ഒറ്റ'യാകുന്നു. ഒറ്റയെ അവന്‍ ഇഷ്ടപ്പെടുന്നു'' (അഹ്മദ്, ഹാകിം). ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദ് എന്നിവരുടെ അഭിപ്രായത്തില്‍ ഈരണ്ടു റക്അത്ത് നമസ്‌കരിച്ചതിനു ശേഷം സലാം വീട്ടണം. 'രാത്രി നമസ്‌കാരം രണ്ടായി നമസ്‌കരിക്കുക'  എന്ന മുസ്‌ലിമിന്റെ ഹദീസാണ് അവര്‍ തെളിവായി ഉദ്ധരിക്കുന്നത്.
ഇമാം അബൂഹനീഫയുടെ അഭിപ്രായത്തില്‍ ഒറ്റ സലാം കൊണ്ട് രണ്ടോ നാലോ ആറോ എട്ടോ പത്തോ നമസ്‌കരിക്കുന്നതില്‍ തകരാറില്ല. ആഇശയില്‍ നിന്നും അബൂദാവൂദ്  ഉദ്ധരിക്കുന്ന ഹദീസാണ് അദ്ദേഹം തെളിവായി എടുക്കുന്നത്.
ഏതായാലും റമദാനില്‍ മാത്രം പതിവാക്കേണ്ടുന്ന ഒരു ഇബാദത്തല്ല ഇത്. ജീവിതത്തില്‍ എന്നും നിലനിര്‍ത്തേണ്ടുന്ന മഹത്തായ കര്‍മമാണ്. മറ്റു പല നല്ല കാര്യങ്ങളും നമ്മള്‍ റമദാനില്‍ ശീലമാക്കുന്നത് പോലെ ഖിയാമുല്ലൈലും റമദാനില്‍ ശീലമാക്കാം.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 71-76
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രാര്‍ഥനകള്‍ സഫലമാകാതിരിക്കില്ല
സഈദ് ഉമരി മുത്തനൂര്‍