Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 08

3247

1443 റമദാന്‍ 6

സകാത്ത്  ധാര്‍മിക, സാമൂഹിക പാഠങ്ങള്‍

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

 


ഇബാദത്തുകളുടെ പരമപ്രധാനമായ ലക്ഷ്യം ആത്മീയ ഉല്‍ക്കര്‍ഷയാണ്. മനുഷ്യന്‍ അവന്റെ സ്രഷ്ടാവുമായി ഏറെ അടുക്കുകയും അതുവഴി ദൈവഭയമുള്ള നല്ല അടിമയായി മാറുകയുമാണ് ഇബാദത്തുകളിലൂടെ. ഇബാദത്തുകളുടെ പ്രാഥമിക താല്‍പര്യങ്ങള്‍ വ്യക്തി-ആത്മീയ കേന്ദ്രീകൃതമാണെങ്കിലും ഇസ്‌ലാമിലെ ആരാധനാനുഷ്ഠാനങ്ങള്‍ക്ക് വ്യക്തമായ ധാര്‍മിക-സാമൂഹിക മാനങ്ങളുമുണ്ട്. നമസ്‌കാരം ദൈവവുമായി, അവന്റെ ദാസന്റെ ഏറ്റവും അടുത്ത സ്വകാര്യ സംഭാഷണവും പ്രാര്‍ഥനയുമൊക്കെ ആകുമ്പോള്‍ തന്നെ, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാമൂഹിക താല്‍പ്പര്യങ്ങള്‍ കൂടി അത് ജമാഅത്തായി നിര്‍വഹിക്കുന്നതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു. തിന്മകളോട് അകലം പാലിക്കലും കൃത്യനിഷ്ഠയുമൊക്കെ നമസ്‌കാരം ഒരാളില്‍ വളര്‍ത്തിയെടുക്കുന്ന ഉന്നത സ്വഭാവ ഗുണങ്ങളാണ്. സകാത്തിന്റെ പ്രഥമ താല്‍പര്യവും പരിഗണനയും വ്യക്ത്യാധിഷ്ഠിതമാണ്. സകാത്ത് ദാതാവിന്റെ സാമ്പത്തിക ശുദ്ധീകരണവും ആത്മസംസ്‌കരണവുമാണത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''പ്രവാചകാ, നീ അവരുടെ സമ്പത്തില്‍നിന്ന് ധര്‍മം വസൂല്‍ ചെയ്ത് അവരെ ശുദ്ധീകരിക്കുകയും (നന്മയുടെ മാര്‍ഗത്തില്‍) വളര്‍ത്തുകയും ചെയ്യുക. അവര്‍ക്കു കാരുണ്യം ലഭിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയും വേണം'' (സൂറത്തുത്തൗബ 103). സകാത്തിന്റെ ആത്മീയ ലക്ഷ്യങ്ങള്‍ക്കപ്പുറം ധാര്‍മിക-സംസ്‌കരണ ധര്‍മങ്ങളും സാമൂഹികവും സാമ്പത്തികവുമായ മാനങ്ങളും സകാത്തിനുണ്ട്. അതുകൂടി പൂര്‍ത്തീകരിക്കപ്പെടുമ്പോഴേ, സകാത്ത് കൊണ്ടുള്ള പ്രയോജനങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ സമൂഹത്തില്‍ പ്രതിഫലിക്കൂ. 
 
സകാത്ത് പരിശീലിപ്പിക്കുന്ന 
ഉല്‍കൃഷ്ട സ്വഭാവഗുണങ്ങള്‍
സകാത്ത് മനുഷ്യനില്‍ ഉന്നത ധാര്‍മിക സ്വഭാവഗുണങ്ങള്‍ കൂടി വളര്‍ത്തിയെടുക്കുന്നു. സമ്പത്ത് അല്ലാഹു നല്‍കിയ വലിയ ഒരനുഗ്രഹമായി തിരിച്ചറിയലും അതിന്റെ നന്ദിപ്രകാശനവും കൂടിയാണ് സകാത്ത്. ഭൗതികജീവിത വിഭവങ്ങളോടുള്ള മോഹങ്ങളില്‍ നിന്ന് നന്മകളിലേക്ക് തിരിയാന്‍ ഹൃദയത്തിനുള്ള ചികിത്സ കൂടിയാണത്. സമ്പത്ത് സകാത്തിന്റെ അവകാശികളിലേക്ക് വീതം വെക്കുന്നതിലൂടെ, ഭൗതിക വിഭവങ്ങളോടുള്ള മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കുമേല്‍ നിയന്ത്രണം വരുന്നു. അത് സമ്പത്തിനോടുള്ള ആര്‍ത്തിയെ കടിഞ്ഞാണിട്ടു നിര്‍ത്തുന്നു. തനിക്ക് നല്‍കപ്പെട്ട വിഭവങ്ങളും സൗകര്യങ്ങളും തന്റെ മാത്രം മിടുക്കുകൊണ്ട് നല്‍കപ്പെട്ടതാണെന്നും അതിനാല്‍ അത് അനുഭവിക്കേണ്ടത് താന്‍ മാത്രമാണെന്നുമുള്ള ഖാറൂനിയന്‍ ചിന്താഗതിയെ മറിച്ചിടുകയാണ് സകാത്ത്. ആധുനിക മുതലാളിത്ത സാമ്പത്തികക്രമം മുന്നോട്ടുവെക്കുന്ന ചിന്താഗതിയും മറ്റൊന്നല്ല. പകരം, നല്‍കപ്പെട്ട സമ്പത്ത് അടിസ്ഥാനപരമായി ദൈവാനുഗ്രഹം മാത്രമാണെന്നും അതിന്റെ താല്‍ക്കാലിക ഉടമസ്ഥാവകാശം മാത്രമേ തനിക്കുള്ളൂവെന്നും, തന്റെ സമ്പത്തില്‍ മറ്റു അവകാശികള്‍ ഉണ്ടെന്നുമുള്ള തിരിച്ചറിവാണ് സകാത്ത് നല്‍കുന്ന ആദ്യ പാഠം. അങ്ങനെ അല്ലാഹു അനുഗ്രഹമായി നല്‍കിയ സമ്പത്ത് അര്‍ഹരായ അവകാശികള്‍ക്ക് നല്‍കുന്നതിലൂടെ സമ്പത്തിന്റെ ശുദ്ധീകരണവും മനസ്സിന്റെ വിമലീകരണവും സാധ്യമാവുന്നു. സൂറഃ അത്തൗബയിലെ മേല്‍ സൂചിപ്പിച്ച സൂക്തത്തെ വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാവ് സഅ്ദീ എഴുതുന്നു: ''സകാത്ത് എടുത്തുകൊണ്ട് അവരെ ശുദ്ധീകരിക്കുക എന്നാല്‍ ദുഃസ്വഭാവങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും അവരെ ശുദ്ധീകരിക്കുക എന്നാണ്. വ തുസക്കീഹിം എന്നാല്‍ അവരുടെ സ്വഭാവ പെരുമാറ്റ രീതികളില്‍ ഉല്‍കൃഷ്ടമായ സ്വഭാവ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നുമാണ്. അതുവഴി ഇഹ-പര ലോകങ്ങളില്‍ അവന് പ്രതിഫലം ലഭിക്കും'' (തഫ്‌സീറു സഅ്ദീ).
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കാനുള്ള ഒരു പരിശീലനക്കളരി കൂടിയാണ് സകാത്ത്. സകാത്തിന്റെ പൂര്‍ത്തീകരണം ഒരു ശീലമായി മാറാത്തിടത്തോളം ദൈവിക മാര്‍ഗത്തിലെ ചെലവഴിക്കല്‍ സമ്പൂര്‍ണമാവില്ല. സകാത്ത് മാറ്റിയെടുക്കാന്‍ ഉദ്ദേശിക്കുന്ന മനുഷ്യരുടെ ഒരു ദുശ്ശീലമാണ് പിശുക്ക്. തനിക്കോ ആവശ്യക്കാര്‍ക്കോ ചെലവഴിക്കാതെ, കെട്ടിപ്പൂട്ടിവെക്കുന്ന പ്രവണത. ഖുര്‍ആന്‍ നിരവധി സന്ദര്‍ഭങ്ങളില്‍ സമ്പത്ത് കെട്ടിപ്പൂട്ടിവെക്കുന്ന സ്വഭാവത്തെയും ധനത്തോടുള്ള ആര്‍ത്തിയെയും അപലപിക്കുന്നുണ്ട്. വിശ്വാസികള്‍ ധനപൂജകരാവരുതെന്ന ഗൗരവതരമായ താക്കീതുകള്‍ ഖുര്‍ആന്‍ നല്‍കുന്നു: ''ധനത്തെ അന്ധമായി പ്രേമിക്കുകയാണ് നിങ്ങള്‍'' (സൂറഃ അല്‍ഫജ്ര്‍ 20). ആ അര്‍ഥത്തില്‍, സകാത്ത് മനുഷ്യന്റെ ലുബ്ധ് എന്ന സ്വഭാവദൂഷ്യത്തെ മാറ്റിയെടുക്കാനുള്ള പരിശീലന സംവിധാനം കൂടിയാണ്. മനുഷ്യരില്‍ ധൂര്‍ത്തരും പിശുക്കരുമുണ്ട്. ചെലവഴിക്കുന്നതിലെ മിതത്വം ഖുര്‍ആന്‍ പലവുരു സൂചിപ്പിക്കുന്നുണ്ട്. 
ശൈഖ് യൂസുഫുല്‍ ഖറദാവി എഴുതുന്നു: ''സകാത്ത് ഒരു സ്വഭാവ സംസ്‌കരണ പ്രക്രിയയാണ്. അതുകൊണ്ടുദ്ദേശിക്കുന്നത് ലുബ്ധിന്റെയും സ്വാര്‍ഥതയുടെയും വിനാശകരമായ ദോഷങ്ങളില്‍ നിന്ന് ധനികരുടെ മനസ്സുകളെ ശുദ്ധീകരിക്കുക എന്നതാണ്. നന്മയെ സ്വീകരിക്കുന്നതിലൂടെയും, ഉള്ളത് ഇല്ലാത്തവര്‍ക്ക് പങ്കുവെക്കുന്നതിലൂടെയുമുള്ള ശുദ്ധീകരണമാണത്. അതുവഴി സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ വൈകാരികമായ ഇഴയടുപ്പം സാധ്യമാകുന്നു. ശ്രദ്ധേയമായ മറ്റൊരു സ്വഭാവ സംസ്‌കരണം സാധ്യമാകുന്നത് മനുഷ്യര്‍ക്കിയില്‍ ഉണ്ടാവുന്ന അസൂയയുടെ അഗ്നിജ്വാലകളെ സകാത്ത് കരിച്ചുകളയുന്നു എന്നതാണ്. സമ്പത്തും ജീവിത വിഭവങ്ങളും സൗകര്യങ്ങളുമുള്ളവരോട്, അതില്ലാത്തവര്‍ക്ക് സ്വാഭാവികമായും അസൂയയുണ്ടാകുന്നു. എന്നാല്‍ സകാത്ത് അവശതയനുഭവിക്കുന്ന അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് പങ്കുവെക്കുന്നതിലൂടെ സാഹോദര്യവും സ്‌നേഹവുമാണ് അസൂയക്ക് പകരമായി മനുഷ്യമനസ്സുകളില്‍ സ്ഥാനം പിടിക്കുക.  
സാമൂഹിക ജീവിതത്തിന്റെ അനിവാര്യതകള്‍ പൂര്‍ത്തീകരിച്ചു നല്‍കി, ദരിദ്രന്റെ വ്യക്തിത്വത്തെ ശുദ്ധീകരിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയുമാണ് സകാത്ത്. സമ്പന്നന്റെ സമ്പത്ത് ഇല്ലാത്തവരിലേക്കുകൂടി വീതം വെക്കുന്നതിലൂടെ, സമ്പന്നരോട് ദരിദ്രര്‍ക്കുണ്ടായേക്കാവുന്ന അസൂയയും വെറുപ്പും ഇല്ലാതെയാകുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുണ്ടാകുന്ന സംഘട്ടനങ്ങളുടെ സാഹചര്യങ്ങളിലേക്ക് അതുകൊണ്ടെത്തിക്കുന്നില്ല. സകാത്ത് ശേഖരണവും വിതരണവുമൊക്കെ കൃത്യമായി നടപ്പിലാക്കപ്പെടുന്ന സമൂഹത്തില്‍, ഇല്ലാത്തവന്‍ ഉള്ളവനെ ശത്രുപക്ഷത്ത് കാണേണ്ട സാഹചര്യമുണ്ടാവുകയില്ല.'' 

സകാത്ത്: സാമൂഹികപാഠങ്ങള്‍
ദരിദ്രരോടും അഗതികളോടും ദുര്‍ബല വിഭാഗങ്ങളോടുമുള്ള ഇസ്‌ലാമിന്റെ പരിഗണനയും പിന്തുണയും മാനുഷിക-ധാര്‍മിക മാനങ്ങളില്‍ പരിമിതമല്ല. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്കുള്ള സാമ്പത്തിക പിന്തുണ ഒരു അനിവാര്യതയായി കാണുകയാണ് ഇസ്‌ലാം. അതാണ് സകാത്ത്. അനാഥകള്‍, അഗതികള്‍, ദരിദ്രര്‍, ദുര്‍ബലര്‍ ഇവരെ പരിഗണിക്കാനുള്ള പൊതുവായ ആഹ്വാനങ്ങള്‍ക്കു പുറമെ, സകാത്തിന്റെ അവകാശികളായി അവരെ പരിഗണിക്കുക വഴി, മനുഷ്യര്‍ക്കിടയില്‍ പല കാരണങ്ങളാല്‍ ഉണ്ടായിത്തീരുന്ന വലിയ സാമ്പത്തിക അസമത്വത്തെ പരമാവധി ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് ഇസ്‌ലാം.
ലോക സാമ്പത്തികക്രമം പരിശോധിക്കുമ്പോള്‍ മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വലിയ സാമ്പത്തിക അസമത്വം ബോധ്യപ്പെടും. ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന ഫോര്‍ബ്‌സ് മാഗസിന്റെ 2021-ലെ കണക്കു പ്രകാരം, 2755 അതിസമ്പന്നരാണ് ലോകത്തുള്ളത്. അതേസമയം ലോകബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം ലോകത്തെ 711 മില്യന്‍ ജനങ്ങളും പ്രതിദിനം രണ്ട് ഡോളര്‍ പോലും വരുമാനം തികച്ചില്ലാത്ത പരമ ദരിദ്രരാണ്. സമ്പത്ത് ചുരുക്കം ചില സമ്പന്നരുടെ കൈകളില്‍ മാത്രം പരിമിതപ്പെടുകയും അതിന്റെ ചെറുവിഹിതം പോലും സമൂഹത്തിലെ അവശ വിഭാഗങ്ങളിലേക്ക് ഒഴുകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. ഇക്കഴിഞ്ഞ കോവിഡ് കാലം ജനങ്ങള്‍ക്കിടയിലെ സാമ്പത്തിക അസമത്വം കൂടുതല്‍ വര്‍ധിപ്പിച്ചെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. യു.എന്‍ പോലുള്ള അന്താരാഷ്ട്ര സംവിധാനങ്ങള്‍ ആഗോള തലത്തില്‍ തന്നെ  സാമ്പത്തിക അസമത്വവും സാമൂഹിക അനീതിയും ഇല്ലാതാക്കാന്‍ പല പദ്ധതികളും നടപ്പാക്കിവരുന്നു. യു എന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സസ്റ്റെയ്‌നബ്ള്‍ ഡവലപ്‌മെന്റിന്റെ 17 ഗോളുകളില്‍ പത്താമത്തേത്, സാമ്പത്തിക, സാമൂഹിക രംഗങ്ങളിലെ അസമത്വം കുറച്ചുകൊണ്ടുവരിക എന്നതാണ്. എന്നാല്‍ ഇത്തരം പദ്ധതികളൊക്കെ ഉണ്ടെങ്കിലും, സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ദരിദ്രര്‍ കൊടും ദരിദ്രരായിത്തീരുകയും ചെയ്യുന്ന സാഹചര്യം കാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുതലാളിത്ത വ്യവസ്ഥയിലൂന്നിയ ലോക ക്രമത്തില്‍ മറിച്ചാവുക സാധ്യമല്ല. സമ്പന്നരെ അതിസമ്പന്നരാക്കുന്ന ധനികരുടെ കൈകളിലേക്ക് കൂടുതല്‍ കൂടുതല്‍ പണം ഒഴുകിയെത്തുന്ന, ലാഭം മാത്രം മുന്നില്‍ കണ്ടുള്ള സാമ്പത്തിക ക്രയവിക്രയ ക്രമത്തില്‍ അസമത്വം നിലനില്‍ക്കുമെന്നത് തീര്‍ച്ചയാണ്. നിസ്സഹായരെയും നിരാലംബരെയും കടം കൊണ്ട് പൊറുതി മുട്ടിയവരെയും സഹായിക്കുന്ന രീതികളൊന്നും മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ പക്കലില്ല. കടം എന്ന പേരില്‍ നല്‍കുന്ന ലോണുകള്‍ പോലും, വരാനിരിക്കുന്ന കൊള്ളപ്പലിശയുടെ ലാഭം മുന്നില്‍ കണ്ടുകൊണ്ടുള്ള പലിശക്കച്ചവടം മാത്രമാണ്. സമൂഹത്തിലെ മുഴുവന്‍ മനുഷ്യരിലേക്കും സാമ്പത്തിക സേവന രംഗങ്ങളിലേക്കും പണമൊഴുകി, സമ്പത്തിന്റെ പ്രയോജനം സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗങ്ങളിലേക്കു കൂടി കൊണ്ടുവരുന്ന സംവിധാനമാണ് സകാത്ത്. സമ്പത്തിന്റെ ക്രയവിക്രയം സമ്പന്നര്‍ക്കിടയില്‍ മാത്രം പരിമിതപ്പെട്ടുപൊകരുതെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു (അല്‍ഹശര്‍ 7). 
ഈ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് മൗലാനാ മൗദൂദി എഴുതുന്നു: ''വിശുദ്ധ ഖുര്‍ആനില്‍ ഇസ്‌ലാമിക സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും സാമ്പത്തിക നയത്തിന്റെ അടിസ്ഥാന തത്ത്വം പ്രഖ്യാപിക്കുന്ന സുപ്രധാന സൈദ്ധാന്തിക സൂക്തങ്ങളിലൊന്നാണിത്. സമ്പത്തിന്റെ കറക്കം സമൂഹത്തെ മുഴുവന്‍ പൊതുവില്‍ സ്പര്‍ശിച്ചുകൊണ്ടായിരിക്കണം. സമ്പത്ത് സമ്പന്നരില്‍ മാത്രമായി ചുറ്റിത്തിരിഞ്ഞുകൂടാ. അല്ലെങ്കില്‍, പ്രമാണി എന്നും കൂടുതല്‍ പ്രമാണിയും പാവപ്പെട്ടവന്‍ എന്നും കൂടുതല്‍ പാവപ്പെട്ടവനും ആയിക്കൊണ്ടിരിക്കരുത്. ഖുര്‍ആന്‍ ഈ നയം പ്രഖ്യാപിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. അതിന്റെ സാക്ഷാത്കരണത്തിനുവേണ്ട നിയമങ്ങളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പലിശ നിരോധിച്ചു. സകാത്ത് നിര്‍ബന്ധമാക്കി. യുദ്ധാര്‍ജിത സ്വത്തുക്കളില്‍നിന്ന് അഞ്ചിലൊന്ന് നീക്കിവെക്കാന്‍ വിധിച്ചു. ഐഛിക ദാനങ്ങളെ അടിക്കടി പ്രോത്സാഹിപ്പിച്ചു. സമ്പത്തിന്റെ ഒഴുക്ക് ദരിദ്രവിഭാഗത്തിലേക്ക് തിരിച്ചുവിടുന്ന രൂപത്തില്‍ പലതരം പ്രായശ്ചിത്തങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. മരിച്ചുപോകുന്നവരുടെ സ്വത്തുക്കള്‍ ഏറെ വിശാലമായ വൃത്തത്തില്‍ വ്യാപിക്കാനുതകുന്ന അനന്തരാവകാശ നിയമങ്ങളും ആവിഷ്‌കരിച്ചു. ധാര്‍മികതലത്തില്‍ ലുബ്ധ് ആക്ഷേപാര്‍ഹവും ഉദാരത വിശിഷ്ടവുമായ ഗുണങ്ങളായി നിശ്ചയിക്കപ്പെട്ടു. സമ്പന്ന വിഭാഗത്തെ, അവരുടെ സ്വത്തുക്കളില്‍ യാചകര്‍ക്കും ജീവിതമാര്‍ഗം വിലക്കപ്പെട്ടവര്‍ക്കും അവരുടെ അവകാശം എന്ന നിലക്കുതന്നെ അതു നല്‍കേണ്ടതുണ്ടെന്നും ഉദ്‌ബോധിപ്പിച്ചു'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, സൂറത്തുല്‍ ഹശ്ര്‍ 7).
ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാമ്പത്തിക വ്യവസ്ഥ സമ്പത്തും സാമ്പത്തികോപാധികളും ധനാഢ്യരില്‍ പരിമിതപ്പെട്ടുകൂടാ എന്ന് നിഷ്‌കര്‍ഷിക്കുന്നു. സമ്പത്ത് നിശ്ചലമായി ധനികരില്‍ കെട്ടിക്കിടക്കുന്നതോ ധനികരില്‍ത്തന്നെ കറങ്ങിക്കൊണ്ടിരിക്കുന്നതോ ആവരുത്. മറിച്ച് സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങളിലേക്കും എത്തുന്നതായിരിക്കണമത്. തൊഴിലില്ലായ്മ, ഭിക്ഷാടനം പോലുള്ള സാമൂഹികദുരന്തങ്ങള്‍ക്കുള്ള പ്രായോഗികമായ പരിഹാരമാണ് സകാത്ത്. സമ്പത്ത് വിനിയോഗിക്കാനും അത് വളര്‍ത്താനും കഴിവുള്ള ആളുകളിലേക്ക് അത് പ്രസരിക്കുക വഴി സമൂഹത്തിലെ ഭിക്ഷാടനവും തൊഴിലില്ലായ്മയും കുറയും.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 71-76
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രാര്‍ഥനകള്‍ സഫലമാകാതിരിക്കില്ല
സഈദ് ഉമരി മുത്തനൂര്‍