Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 08

3247

1443 റമദാന്‍ 6

സാമൂഹിക പുരോഗതിക്ക്  സംഘടിത സകാത്ത് 

വി.കെ അലി

ആരാധനയിലൂടെ വ്യക്തി വിശുദ്ധി വളര്‍ത്തുന്നതോടൊപ്പം തന്നെ സഹജീവികളെ ഉള്‍ക്കൊള്ളാനും പരിഗണിക്കാനും കൂടി താല്‍പര്യപ്പെടുന്ന രീതിയിലാണ് ഇസ്ലാം സകാത്തിനെ സംവിധാനിച്ചിരിക്കുന്നത്. ഇസ്ലാമിക സമൂഹത്തിന്റെ ആത്മവിശ്വാസത്തെ ജ്വലിപ്പിച്ചുനിര്‍ത്താന്‍ കെല്‍പ്പുള്ള സാമ്പത്തിക വിഭവം എന്നതാണ് സകാത്തിനെ നിര്‍ണായകമാക്കുന്ന ഘടകം. സമൂഹത്തിന്റെയും വ്യക്തികളുടെയും പ്രതിസന്ധികള്‍ക്കിടയില്‍ പങ്കാളിത്ത കരുതലിന്റെ സാമൂഹിക ഇടം തീര്‍ക്കുന്നുവെന്നതാണ് സംഘടിത സകാത്തിന്റെ സൗന്ദര്യം. സമ്പത്തിന്റെ ഉടമസ്ഥതയുമായി  ബന്ധപ്പെട്ട ഇസ്ലാമിന്റെ മൗലിക കാഴ്ചപ്പാടുകള്‍, ഹലാലായ രീതിയിലൂടെ സാധ്യമാവുന്നത്ര  സമ്പാദിക്കുന്നതിനുള്ള  പ്രോത്സാഹനം, സമ്പത്ത് ലഭ്യമാവുന്ന രീതിയനുസരിച്ച് അതില്‍ ദരിദ്രര്‍ക്കും ആവശ്യക്കാര്‍ക്കും അവകാശം നിശ്ചയിക്കല്‍, കുടുംബത്തിന്റെ ആവശ്യങ്ങള്‍ അഭിമാനകരമായ രീതിയില്‍ നിര്‍വഹിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍, സാമൂഹിക പുരോഗതിയുടെ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സകാത്ത് അവകാശികളുടെ നിര്‍ണയം, സകാത്ത്  മാനേജ്മെന്റിന് ശാസ്ത്രീയ സംവിധാനവും ആവശ്യമായ മനുഷ്യവിഭവങ്ങളെയും നിശ്ചയിക്കണമെന്ന നിര്‍ദേശം, സകാത്ത്  ലഭിക്കുന്നതിലൂടെ അതിന്റെ അവകാശികള്‍ ഐശ്വര്യവാന്മാരായിത്തീരണമെന്ന ശാക്തീകരണ കാഴ്ചപ്പാട്, സമൂഹത്തിലെ എല്ലാവരിലേക്കും സമ്പത്ത് ഇറങ്ങിവന്ന് സാമ്പത്തിക, സാമൂഹിക പ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നതിനുള്ള സംവിധാനം എന്ന നിലയിലൊക്കെ സകാത്തിനെ വിലയിരുത്തുമ്പോഴാണ് സകാത്തിന്റെ സൗന്ദര്യവും ശക്തിയും ജൈവികതയും കൂടുതല്‍ ബോധ്യപ്പെടുക.
ദാരിദ്ര്യ നിര്‍മാര്‍ജനം ലോകത്തെ എല്ലാ സംഘടിത സംവിധാനങ്ങളുടെയും ലക്ഷ്യമാണ്. രാജ്യങ്ങളും രാജ്യാന്തര കൂട്ടായ്മകളും ആഗോള എന്‍.ജി.ഒകളും ദേശീയ, അന്തര്‍ദേശിയ കൂട്ടായ്മകളും പ്രാദേശിക സന്നദ്ധ സംഘടനകളുമൊക്കെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ആഗോള രാഷ്ട്രീയ ചേരികളും രാജ്യങ്ങള്‍ക്കിടയിലെ ശത്രുതയും സമൂഹങ്ങള്‍ തമ്മിലുള്ള ആഭ്യന്തര കലാപങ്ങളും ഭരണകൂടങ്ങളുടെ വംശീയ-വര്‍ഗീയ നയങ്ങളും സാമ്രാജ്യത്വ മോഹങ്ങളും സാമ്പത്തിക താല്‍പര്യങ്ങളും ആഗോള താപനവും ചുഴലിക്കാറ്റും ഭൂകമ്പവുമടക്കമുള്ള പ്രകൃതി ദുരന്തങ്ങളുമെല്ലാം വ്യക്തികളുടെയും സമൂഹത്തിന്റെയും ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ ദുസ്സഹമാക്കുന്നു.
2030-ഓടെ ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പട്ടിണി മാറ്റുകയെന്ന ലക്ഷ്യത്തോടെ യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി) തയാറാക്കിയ എസ്.ഡി.ജി പ്രോഗ്രാം വളരെ ശ്രദ്ധേയമാണ്. ദാരിദ്ര്യമില്ലായ്മ (No Poverty), വിശപ്പ് രഹിത സമൂഹം (Zero Hunger),  നല്ല ആരോഗ്യവും ക്ഷേമവും (Good Health and Well-being),  ഗുണനിലവാരമുള്ള വിദ്യാഭ്യാസം (Quality Education),  ലിംഗസമത്വം (Gender Equality), ശുദ്ധജലവും ശുചിത്വവും (Clean Water and Sanitation), താങ്ങാനാവുന്നതും ശുദ്ധവുമായ ഊര്‍ജം (Affordable and Clean Energy), മാന്യമായ ജോലിയും സാമ്പത്തിക വളര്‍ച്ചയും (Decent Work and Economic Growth), വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങള്‍ (Industry, Innovation and Infrastructure), അസമത്വം കുറയ്ക്കല്‍ (Reduced Inequality), സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും (Sustainable Cities and Communities),  ഉത്തരവാദിത്തമുള്ള ഉപഭോഗവും ഉല്‍പ്പാദനവും (Responsible Consumption and Production), കാലാവസ്ഥാ പ്രവര്‍ത്തനം (Climate Action), വെള്ളത്തിലുള്ള ജീവികളുടെ ആവാസ വ്യവസ്ഥയുടെ സംരക്ഷണം (Life Below Water), കരയിലെ മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷണം (Life on Land), സമാധാനവും നീതിയും ശക്തമായ സ്ഥാപനങ്ങളും (Peace,  Justice and Strong Institutions), ലക്ഷ്യം നേടുന്നതിനുള്ള പങ്കാളിത്തം (Partnerships to achieve the Goal) തുടങ്ങിയ പതിനേഴ് ലക്ഷ്യങ്ങളാണ് യു.എന്‍.ഡി.പി ഈ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട്  നിര്‍ണയിച്ചിട്ടുള്ളത്.
സുസ്ഥിര വികസന ലക്ഷ്യങ്ങളും (SDGs) സകാത്തും തമ്മില്‍ ശ്രദ്ധേയമായ ചില സാമ്യതകളുണ്ട്്. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍  വിശ്വാസം, ജീവിതം, സന്താനങ്ങള്‍, ബുദ്ധി, സമ്പത്ത് എന്നിവയുടെ സംരക്ഷണം ഉള്‍പ്പെടുന്നു. ദാരിദ്ര്യവും പട്ടിണിയും ലഘൂകരിക്കുക, ആരോഗ്യം, വിദ്യാഭ്യാസം, ജലം, ശുചിത്വം എന്നിവയുടെ ലഭ്യത മെച്ചപ്പെടുത്തുക, അസമത്വം കുറയ്ക്കുക, പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ  ഇസ്‌ലാമിക മൂല്യങ്ങളില്‍ ഭൂരിഭാഗവും ടഉഏകളില്‍ പ്രതിഫലിക്കുന്നു.
സുസ്ഥിര വികസന പദ്ധതി (SDG) നടപ്പിലാക്കുന്നതിനുള്ള ബജറ്റായി UNDP നിശ്ചയിച്ചത് 3.5-5  ട്രില്യന്‍ ഡോളറായിരുന്നു. എന്നാല്‍ സാധ്യമാവുന്ന മുഴുവന്‍ ലോക രാജ്യങ്ങളും പങ്കാളിത്തം വഹിച്ചിട്ടും 1.4  ട്രില്യന്‍ ഡോളറിന്റെ കുറവ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അനുഭവപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് സമാന സ്വഭാവത്തോടെയും ലക്ഷ്യങ്ങളോടെയും പ്രവര്‍ത്തിക്കുന്ന ഫിലാന്ത്രോപിക് സംഘടനകളുടെ പങ്കാളിത്തം UNDP സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിച്ചത്. സകാത്തിന്റെ ലക്ഷ്യങ്ങളുമായി ഉള്‍ച്ചേര്‍ന്ന് നില്‍ക്കുന്ന ധാരാളം ലക്ഷ്യങ്ങളുള്ളതിനാലും, മികച്ച അഡ്മിനിസ്‌ട്രേഷന്‍ സംവിധാനവും ഭരണകൂട പിന്തുണയും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയും ലഭിക്കുന്നതിനാലും  അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമായ സകാത്ത് ഏജന്‍സികള്‍ UNDP-യുടെ സുസ്ഥിര വികസന പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
2016-ലെ ഗ്ലോബല്‍ ഇസ്‌ലാമിക് ഫിനാന്‍സ് റിപ്പോര്‍ട്ട് പ്രകാരം അറബ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് മാത്രം ഒരു വര്‍ഷം ഒരു ട്രില്യന്‍ യു.എസ് ഡോളറാണ് സകാത്തിനത്തില്‍ സമൂഹത്തിലേക്ക് ഒഴുകിയെത്തുന്നത്. ലോക ജനസംഖ്യയുടെ 22  ശതമാനം മുസ്‌ലിം സമൂഹമാണ്. ലോകത്തെ 58  മുസ്ലിം  രാജ്യങ്ങളില്‍ 6 രാജ്യങ്ങളിലാണ് സകാത്ത് Mandatory ആയി നിശ്ചയിച്ചിരിക്കുന്നത്. ബാക്കിയുള്ള മുസ്‌ലിം രാജ്യങ്ങളില്‍ സകാത്ത് മാനേജ്‌മെന്റ് നിര്‍വഹിക്കുന്നത് സ്വതന്ത്ര ഏജന്‍സികളും എന്‍.ജി.ഒകളുമാണ്. അന്റാര്‍ട്ടിക്ക ഒഴികെയുള്ള മുഴുവന്‍ ഭൂഖണ്ഡങ്ങളിലും സംഘടിത സകാത്ത്  സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
അറബ് മുസ്‌ലിം രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പിലും അമേരിക്കന്‍ നാടുകളിലും ആഫ്രിക്കയിലും ഏഷ്യന്‍ രാജ്യങ്ങളിലും സകാത്ത്  മാനേജ്മെന്റ് സ്ഥാപനങ്ങള്‍ സജീവമാണ്. ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയിലെ BASNAZ, സൗത്ത് ആഫ്രിക്കയിലെ SANZAF, ഇന്റര്‍നാഷണല്‍ സകാത്ത്  ഓര്‍ഗനൈസേഷന്‍ മലേഷ്യ, നാഷണല്‍ സകാത്ത് ഫൗണ്ടേഷന്‍ യു.കെ, സകാത്ത് ഫൗണ്ടേഷന്‍ ഓഫ് അമേരിക്ക (56 രാജ്യങ്ങളില്‍ സകാത്ത് ചെലവഴിക്കുന്നു), ഇസ്‌ലാമിക് റിലീഫ് വേള്‍ഡ് വൈഡ് (അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ജര്‍മനി, സ്വീഡന്‍, മലേഷ്യ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, കെനിയ, റഷ്യന്‍ ഫെഡറേഷന്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സകാത്ത് സംഭരണ പ്രവര്‍ത്തനങ്ങള്‍. 32 ദരിദ്ര രാജ്യങ്ങളില്‍ സകാത്ത് ചെലവഴിക്കുന്നു), ഇസ്‌ലാമിക് എയ്ഡ്, മുസ്‌ലിം എയ്ഡ്, ഉമ്മ റിലീഫ് ഇന്റര്‍നാഷണല്‍, യു.കെ ഇസ്‌ലാമിക് മിഷന്‍, ഇസ്‌ലാമിക് റിലീഫ് ഓസ്‌ട്രേലിയ, മുസ്‌ലിം ചാരിറ്റി സിംഗപ്പൂര്‍, സകാത്ത് ഫ്രാന്‍സ്, മുസ്‌ലിം റെഫ്യൂജീസ് അസോസിയേഷന്‍ ദക്ഷിണാഫ്രിക്ക, ആഫ്രിക്ക മുസ്‌ലിം ഏജന്‍സി, മുസ്‌ലിം ഹാന്‍ഡ്സ് ദക്ഷിണാഫ്രിക്ക (40 രാജ്യങ്ങള്‍), ഗിഫ്റ്റ് ഓഫ് ഗിവേഴ്‌സ് ദക്ഷിണാഫ്രിക്ക (43 രാജ്യങ്ങള്‍), ബൈത്തുസ്സകാത്ത് കുവൈത്ത് (70 രാജ്യങ്ങള്‍), ഖത്തര്‍ ചാരിറ്റി 
(50 രാജ്യങ്ങള്‍), ഹൗസ് ഓഫ് സകാത്ത് ആന്റ് വഖ്ഫ് ഉഗാണ്ട, സോകോടോ സ്റ്റേറ്റ് സകാത്ത് ഏജന്‍സി നൈജീരിയ, നൈജര്‍ സകാത്ത് ഫൗണ്ടേഷന്‍ തുടങ്ങിയവയാണ് ലോകത്ത് എന്‍.ജി.ഒ മാതൃകയില്‍ സകാത്ത് മാനേജ്മെന്റ് നിര്‍വഹിക്കുന്ന പ്രധാന ഏജന്‍സികള്‍.
യുദ്ധം, കലാപം, ആഭ്യന്തര കലഹങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയവയുടെ ഇരകളായി അഭയാര്‍ഥികളാക്കപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത് അന്തര്‍ദേശീയ തലത്തിലെ സകാത്ത് ഏജന്‍സികളാണ്. അഭയാര്‍ഥി സമൂഹങ്ങളുടെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, ഭവനം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സ്ഥിര സ്വഭാവത്തിലുള്ള നിരവധി പദ്ധതികള്‍ സകാത്ത്  ഏജന്‍സികള്‍ ഏറ്റെടുത്തു നിര്‍വഹിക്കുന്നുണ്ട്. മുസ്‌ലിം രാജ്യങ്ങളുടെ കീഴിലുള്ള ഔദ്യോഗിക സകാത്ത്  ഏജന്‍സികള്‍ ഊര്‍ജ ഉല്‍പാദനം, തൊഴില്‍ പദ്ധതികള്‍, കാര്‍ഷിക വികസനം, സാമ്പത്തിക വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വിദ്യാഭ്യാസ പദ്ധതികള്‍  തുടങ്ങിയ വിവിധ മേഖലകളില്‍ ക്രിയാത്മകമായി സകാത്ത്  വിനിയോഗിക്കുന്നു.
ലോകത്ത്  ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 20000 കോടി രൂപ ഇന്ത്യയില്‍ നിന്നും സകാത്തിനത്തില്‍ ശേഖരിക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്‍ സംഘടിത സകാത്ത് സംരംഭങ്ങളുടെ അപര്യാപ്തത രാജ്യത്തെ സകാത്ത് മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കേരളം, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാമാന്യം നല്ല രീതിയില്‍ സംഘടിത സകാത്ത്  പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. രാജ്യത്തെ മുസ്‌ലിം  സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യവസ്ഥാപിത സകാത്ത് സംവിധാനങ്ങള്‍ അനിവാര്യമാണ്. സംഘടിത സകാത്ത് സംവിധാനത്തെ വ്യവസ്ഥാപിതമായി വളര്‍ത്തിയെടുക്കാത്തത് രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക പുരോഗതിയെയും അടിസ്ഥാന സൗകര്യ വികസനത്തെയും സാരമായി ബാധിച്ചുവെന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ന്യൂദല്‍ഹി ആസ്ഥാനമായുള്ള ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ അടക്കമുള്ള ധാരാളം എന്‍.ജി.ഒകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമായും സകാത്താണ്  ഉപയോഗപ്പെടുത്തുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ 2022-ല്‍ ആരംഭിച്ച സകാത്ത് സെന്റര്‍ ഇന്ത്യ രാജ്യത്തെ സകാത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശ നിര്‍ണയിക്കുമെന്നു പ്രതീക്ഷിക്കാം.

പ്രതീക്ഷയായി കേരളം

സംഘടിത സകാത്ത്  പ്രവര്‍ത്തനങ്ങളില്‍ കേരളം പൊതുവെ പ്രതീക്ഷ നല്‍കുന്ന സംസ്ഥാനമാണ്. കേരളത്തില്‍ ആയിരത്തോളം പ്രദേശങ്ങളില്‍ സംഘടിത സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നിലവിലുള്ള ഏഴായിരത്തോളം മുസ്‌ലിം മഹല്ലുകളുമായി  താരതമ്യം ചെയ്യുമ്പോള്‍ ഈ കണക്ക് ചെറുതാണെങ്കിലും പൗരോഹിത്യ തിട്ടൂരങ്ങള്‍ മറികടന്ന് മുസ്‌ലിം സമൂഹം സംഘടിത സകാത്തുമായി സഹകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംഘടിത സകാത്തുമായി ബന്ധപ്പെട്ട് നേരത്തെ എതിര്‍ത്തു എന്ന കാരണത്താല്‍ മാത്രം ഇതിനെ പരസ്യമായി പ്രോത്സാഹിപ്പിക്കാത്തവര്‍ മറ്റു രീതികളിലൂടെ സംഘടിത സകാത്തിനെ പ്രയോഗവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തെയടക്കം ശക്തമായി എതിര്‍ത്തിരുന്നവര്‍ പില്‍ക്കാലത്തു അതിന്റെ ഏറ്റവും വലിയ വക്താക്കളായത് പോലെ സംഘടിത സകാത്തിന്റെ വിഷയത്തിലും അവര്‍ സമീപ ഭാവിയില്‍ തന്നെ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരളീയ മുസ്‌ലിം സമൂഹം സംഘടിത സകാത്ത്  സംവിധാനം ശക്തിപ്പെടുത്തിയാല്‍ സമുദായത്തിന്റെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും സാമൂഹിക പുരോഗതിയില്‍ അത് വലിയ മാറ്റം വരുത്തും. മഹല്ല് തലത്തില്‍  ശക്തമായ സകാത്ത് സംരംഭങ്ങള്‍ ശക്തിപ്പെട്ടാല്‍ നിശ്ചിത വര്‍ഷം കൊണ്ട് തന്നെ മഹല്ലിലെ ഓരോ കുടുംബത്തിലും  അഭിമാനകരമായ ജീവിത സാഹചര്യം ഉറപ്പുവരുത്താന്‍ കഴിയും. കേരളത്തില്‍ നിന്ന് ഒരു വര്‍ഷം  അയ്യായിരം കോടി രൂപ സകാത്തിനത്തില്‍ ലഭ്യമാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. എന്നാല്‍ സംഘടിത രീതിയില്‍ സകാത്ത് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതില്‍ ഇനിയും പൂര്‍ണത കൈവരിക്കാന്‍ സാധിക്കാത്തതിനാല്‍ സകാത്തിലൂടെ ലഭ്യമാവേണ്ട പുരോഗതിയും നേട്ടങ്ങളും ലഭ്യമാവുന്നില്ല.

ബൈത്തുസ്സകാത്ത് കേരള

ബൈത്തുസ്സകാത്ത് കേരള കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമാണ്. സകാത്തിന്റെ  പ്രാധാന്യവും പ്രസക്തിയും പ്രചരിപ്പിക്കുന്നതിനും സകാത്ത് ശേഖരണത്തിനും വിതരണത്തിനും സുശക്തമായ സംവിധാനമൊരുക്കുന്നതിനും വേണ്ടി 2000 ഒക്‌ടോബര്‍ മുതല്‍ കോഴിക്കോട് ആസ്ഥാനമായി  പ്രവര്‍ത്തിച്ചു വരുന്ന സകാത്ത് മാനേജ്മെന്റ് ഏജന്‍സിയാണ് ബൈത്തുസ്സകാത്ത് കേരള. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ കാല്‍ ലക്ഷത്തിലധികം അവകാശികളിലേക്ക് സകാത്ത്  എത്തിക്കാന്‍ ബൈത്തുസ്സകാത്ത് കേരളക്ക് സാധിച്ചിട്ടുണ്ട്. 1250 വീടുകളുടെ നിര്‍മാണത്തിന് പൂര്‍ണ സഹായം, 3438  വീടുകളുടെ നിര്‍മാണത്തിന് ഭാഗിക സഹായം, 2855  വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠന സ്‌കോളര്‍ഷിപ്പ്, 4322 പേര്‍ക്ക് ചികിത്സ സഹായം, 1855 പേര്‍ക്ക് കടബാധ്യതയില്‍ നിന്ന് മോചനം, 2314  വ്യക്തികള്‍ക്ക് തൊഴില്‍ പദ്ധതികള്‍, പിന്നാക്ക മേഖലകളില്‍ 280 കുടിവെള്ള പദ്ധതികള്‍, 2150 നിരാലംബര്‍ക്ക് റേഷന്‍, പെന്‍ഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ബൈത്തുസ്സകാത്ത് കേരള സകാത്ത് ചെലവഴിച്ചത്. സംഘടിതമായി സകാത്ത് ശേഖരിച്ച് കൃത്യമായ മാനേജ്മെന്റ് സംവിധാനത്തില്‍ വിനിയോഗിക്കുന്നതിലൂടെ സകാത്ത് സാമൂഹിക പുരോഗതിയില്‍ സൃഷ്ടിക്കുന്ന ഗുണഫലങ്ങളെ അടയാളപ്പെടുത്തുന്നു ബൈത്തുസ്സകാത്ത് കേരള.
പബ്ലിക് റിലീജിയസ് ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമാണ്  ബൈത്തുസ്സകാത്ത്  കേരള. പ്രാദേശിക - ജില്ലാ തലങ്ങളില്‍ 1700 കോഡിനേറ്റര്‍മാര്‍ ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തന ശൃംഖലയും ഓണ്‍ലൈന്‍ അഡ്മിനിസ്‌ട്രേഷന്‍ സംവിധാനവും ബൈത്തുസ്സകാത്ത് കേരളയുടെ പ്രത്യേകതയാണ്. മഹല്ല് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ അഞ്ഞൂറിലധികം പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ക്ക് അഫിലിയേഷന്‍ നല്‍കി അവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിനും സകാത്ത് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ബൈത്തുസ്സകാത്ത്  കേരള പരിശീലനവും പിന്തുണയും നല്‍കി വരുന്നു. കേരളത്തിന്റെ സാമൂഹിക സാഹചര്യം വിലയിരുത്തി ഓരോ വര്‍ഷത്തെയും മുന്‍ഗണന നിശ്ചയിച്ചാണ്  ബൈത്തുസകാത്ത്  കേരള സകാത്ത് വിനിയോഗിക്കുന്നത്. സകാത്തിന്റെയും സംഘടിത സകാത്തിന്റെയും പ്രചാരണവും സകാത്തുമായി ബന്ധപ്പെട്ട അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങളും  ബൈത്തുസ്സകാത്ത് കേരളയുടെ സുപ്രധാന പ്രവര്‍ത്തന മേഖലകളാണ്.
കേരളം മുഴുവന്‍ പ്രവര്‍ത്തന ശൃംഖലയുള്ള വിപുലമായ സംവിധാനമെന്ന നിലയില്‍ കേരളത്തിലെ ഏറ്റവും അര്‍ഹരായ വ്യക്തികളിലേക്കാണ് ബൈത്തുസകാത്ത്  കേരള മുഖേന സകാത്ത്  എത്തിച്ചേരുന്നത്. കേരളത്തില്‍  അതിതീവ്ര പിന്നാക്കാവസ്ഥ അനുഭവിക്കുന്ന  ധാരാളം പ്രദേശങ്ങളുണ്ട്. 24000 ലക്ഷം വീട് കോളനികളും 5000 എസ്.ടി കോളനികളും 222 മത്സ്യബന്ധന കോളനികളും കേരളത്തിലുണ്ട്. സാമൂഹികമായും സാമ്പത്തികമായും അതിതീവ്ര പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ഇത്തരം മേഖലകളില്‍  ബൈത്തുസ്സകാത്ത് കേരള പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. പ്രാദേശിക സകാത്ത്  റിലീഫ് സംരംഭങ്ങളുടെ ശ്രദ്ധ പതിയാത്ത മേഖലകളാണ് ഇത്തരം ഭൂരിഭാഗം കോളനികളെന്നതും ബൈത്തുസ്സകാത്ത്  കേരളയുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ കൂടുതല്‍ അനിവാര്യമാക്കുന്നു.
ഭവന  നിര്‍മാണം, തൊഴില്‍ പദ്ധതികള്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ചികിത്സാ സഹായം തുടങ്ങിയ മേഖലകളിലാണ് ബൈത്തുസ്സകാത്ത്  കേരളയുടെ 86 ശതമാനം ഫണ്ടും വിനിയോഗിക്കുന്നത്. കേരളത്തില്‍ ആപേക്ഷിക ദാരിദ്ര്യം കൂടുതലാണ്. കേരളത്തിലെ ജീവിത നിലവാര സൂചികയില്‍ സ്വന്തമായ ഭവനമെന്നതിന് വലിയ പ്രാധാന്യമുണ്ട്. വീടില്ലാത്തവര്‍ക്കും സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും വീട് നിര്‍മിച്ചു നല്‍കുന്ന കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് 2022-ലെ അപേക്ഷകളുടെ എണ്ണം 20 ലക്ഷമാണ്. അതിരൂക്ഷമായ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്ത് റിലീഫ് സംവിധാനങ്ങള്‍ക്കും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ബൈത്തുസ്സകാത്ത്  കേരളയുടെ സഹകരണത്തോടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരളത്തിലെ മുന്‍നിര സന്നദ്ധ സംഘടനയായ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പൂര്‍ത്തീകരിച്ചത് 1000  വീടുകളാണ്. തൊഴില്‍ സംരംഭങ്ങളുടെ മേഖലയിലും സകാത്ത് ഫണ്ട് വിനിയോഗിച്ചു സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ബൈത്തുസ്സകാത്ത് കേരള നിര്‍വഹിക്കുന്നത്. 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഏകദേശം 310 ഓട്ടോറിക്ഷകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ ബൈത്തുസ്സകാത്ത് കേരളക്ക് സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ നിയമ പഠനം, മാധ്യമ പഠന മേഖല, മാനേജ്മെന്റ് പഠനം, വിദ്യാര്‍ഥികളുടെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി പഠനം, ഹ്രസ്വകാല തൊഴില്‍ പരിശീലന കോഴ്സുകള്‍  തുടങ്ങിയവക്കാണ്  ബൈത്തുസ്സകാത്ത്  കേരള പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍  സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സകാത്ത്  മാനേജ്മെന്റ് മേഖല കൂടുതല്‍ ശക്തിപ്പെടണം. സകാത്ത്  നല്‍കാന്‍ ബാധ്യതപ്പെട്ട മുഴുവന്‍ വിശ്വാസികളെയും സംഘടിത സകാത്ത് മേഖലയില്‍  പങ്കാളികളാവുന്നതിന് പ്രേരിപ്പിക്കണം. സകാത്ത്  കേവലമൊരു ചാരിറ്റി എന്നതിനപ്പുറം ഒരു സാമ്പത്തിക ജീവിത കാഴ്ചപ്പാടായി പരിവര്‍ത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സജീവമാകണം. സകാത്ത്  സിസ്റ്റം അതിന്റെ പൂര്‍ണതയില്‍ പ്രവര്‍ത്തിക്കുന്നതിനനിവാര്യമായ സകാത്ത് ഏജന്‍സികള്‍, സകാത്ത് ജീവനക്കാര്‍, സകാത്ത്  പ്രചാരണങ്ങള്‍, ഡോക്യൂമെന്റേഷന്‍, ഫോളോഅപ് തുടങ്ങിയവ ശാസ്ത്രീയമായി സംവിധാനിക്കപ്പെടണം. വിശ്വാസികളുടെ സാമ്പത്തിക ക്രയവിക്രയങ്ങളുടെയും സൂക്ഷ്മതയുടെയും അടിസ്ഥാനമായി സകാത്ത്  നിയമങ്ങളും രീതികളും സ്വീകരിക്കപ്പെടണം. സകാത്തിനെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായുള്ള ഒരു സിസ്റ്റമായി ചിന്താ - പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പ്രായോഗികവല്‍ക്കരിക്കുമ്പോഴാണ് സംഘടിത സകാത്ത്  സംവിധാനം ശക്തിപ്പെടുക.

സകാത്ത് അവകാശികള്‍

ഐശ്വര്യവാന്മാരായിത്തീരണമെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. വ്യക്തികള്‍ക്ക് ലഭിക്കേണ്ട അവകാശമെന്ന  നിലയില്‍ സകാത്ത് അതിന്റെ അവകാശികളിലേക്ക്  എത്തിച്ചേരുന്നതിലൂടെ അവരുടെ ജീവിതത്തില്‍ വലിയ മാറ്റമാണ് ഇസ്ലാം പ്രതീക്ഷിക്കുന്നത്. വ്യക്തികള്‍ വ്യക്തികള്‍ക്ക് വിധേയപ്പെടുന്ന ഒന്നായി ഇസ്ലാം സകാത്തിനെയോ സ്വദഖയെയോ മറ്റു ചാരിറ്റി പ്രവര്‍ത്തനങ്ങളെയോ നിശ്ചയിച്ചിട്ടില്ല. വലത് കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന മഹത്തായ കാഴ്ചപ്പാട് വ്യക്തിഗത സഹായങ്ങളുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ മൗലികാധ്യാപനം തന്നെയാണ്. വ്യക്തികള്‍ വ്യക്തികളിലേക്ക് സകാത്ത്  കൈമാറുമ്പോള്‍ അത് നിയ്യത്തില്‍ നിന്നും ലക്ഷ്യത്തില്‍ നിന്നും മാറുകയും ലോകമാന്യതയിലേക്കും വ്യക്തിവിധേയത്വത്തിലേക്കും വഴിമാറുമെന്നതും അനുഭവമാണ്. സകാത്ത് വിതരണത്തെ വ്യക്തിഗത ബാധ്യതയില്‍ നിന്ന് മാറ്റി ഭരണ കൂടത്തിന്റെയോ, അത് സാധ്യമല്ലാത്തിടങ്ങളില്‍ സംഘടിത സംവിധാനങ്ങളുടെയോ കടമയാക്കി നിശ്ചയിച്ചത് ഇസ്ലാം സകാത്തിലൂടെ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി വിശുദ്ധിയും സാമൂഹിക പുരോഗതിയും മുന്‍നിര്‍ത്തിയാണ്.
Charity is vertical; Solidarity is horizontal എന്നത് ചാരിറ്റിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ മുദ്രാവാക്യം കൂടിയാണ്. Empathetic Approach അടിസ്ഥാനമാക്കിയുള്ള സമീപനമാണ് സകാത്തിന്റെ അവകാശികളോട് സ്വീകരിക്കേണ്ടത്. ഗുണഭോക്താവിന്റെ ആവശ്യങ്ങള്‍ സകാത്ത്  ഏജന്‍സിയുടെ ആവശ്യം കൂടിയായി മാറണം. അപ്പോള്‍ മാത്രമാണ് ആവശ്യക്കാരായ വ്യക്തികളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുകയുള്ളൂ. ദരിദ്രരായ വ്യക്തികളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു ആത്മാഭിമാനത്തോടെ ജീവിത വഴിയില്‍ മുന്നേറാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിന് സകാത്ത്  ഏജന്‍സികള്‍ക്ക് സാധ്യമാവണം.
സകാത്തിന്റെ അവകാശികള്‍ക്ക് സകാത്ത് ലഭിക്കുന്നതിലൂടെ അവരുടെ ആത്മാഭിമാനം വര്‍ധിക്കണം. സകാത്ത്  ലഭ്യമാവുന്നതിലൂടെ അവര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം (Financial Freedom) ലഭിക്കണം. ഗുണഭോക്താക്കള്‍ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കയാല്‍ സകാത്ത് പദ്ധതികളുടെ ഉടമസ്ഥാവകാശം ഗുണഭോക്താക്കള്‍ക്ക് വിട്ടു നല്‍കാത്ത അപൂര്‍വം അനുഭവങ്ങള്‍ സകാത്ത് സംരംഭങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവാറുണ്ട്. സകാത്ത് അതിന്റെ അവകാശികളുടെ അവകാശമാണെന്ന  ബോധ്യത്തോടെ കൈകാര്യം ചെയ്യാന്‍ പ്രാദേശിക സകാത്ത് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണം. സകാത്ത് ഏജന്‍സികളെന്ന നിലയില്‍ എറ്റവും അര്‍ഹരായ  ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് അത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പു വരുത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് ചെയ്യേണ്ടത്. സകാത്ത്  വാങ്ങുന്നവര്‍ ആരോടും വിധേയപ്പെടേണ്ടവരല്ലെന്നും അവര്‍ നമ്മോടൊപ്പം വളര്‍ന്ന് വികസിച്ചു മുന്നേറേണ്ടവരാണെന്നുമുള്ള കാഴ്ചപ്പാടാണ് സകാത്ത് ദായകരും ഏജന്‍സികളും പുലര്‍ത്തേണ്ടത്.
സകാത്തിലൂടെ ദായകരിലും അതിന്റെ അവകാശികളിലും വലിയ നന്മകളാണ് പ്രതിഫലിക്കുന്നത്. വ്യക്തി വിശുദ്ധി, സാമ്പത്തിക വിശുദ്ധി, അല്ലാഹുവിനോടുള്ള അടിമത്തം പ്രഖ്യാപിക്കല്‍, സഹജീവികളോടുള്ള കടപ്പാട് നിര്‍വഹിക്കല്‍ തുടങ്ങിയവയിലൂടെ അല്ലാഹുവിന്റെ തൃപ്തിയും സാമീപ്യവും അനുഗ്രഹവും ആഗ്രഹിക്കുന്ന തലത്തിലേക്കാണ് വിശ്വാസികള്‍ വളരുന്നത്. ജീവിത പുരോഗതിക്ക് അല്ലാഹു നിശ്ചയിച്ച വിഭവങ്ങള്‍ ലഭ്യമാവുന്നതിലൂടെ സകാത്ത്  അവകാശികളില്‍ ആത്മവിശ്വാസവും ഉത്തരവാദിത്ത ബോധവും വര്‍ധിക്കുകയാണ്.
കോവിഡ് സൃഷ്ടിച്ച സാമൂഹിക സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു മുന്നേറുന്നതില്‍ സമൂഹങ്ങള്‍ ജാഗ്രതയോടെ മുന്നേറുകയാണ്. തൊഴില്‍ നഷ്ടം, തൊഴിലാളി അവകാശ നഷ്ടം, സാമൂഹിക സേവന മേഖലയില്‍ നിന്നുള്ള കോര്‍പറേറ്റുകളുടെ പിന്മാറ്റം തുടങ്ങിയവയൊക്കെ സൃഷ്ടിച്ച ആഘാതങ്ങള്‍ ലഘൂകരിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ സകാത്ത് സംവിധാനങ്ങള്‍ക്ക് ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കും.
ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യവും   ജി.സി.സി രാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന  തൊഴില്‍ നഷ്ടവും  വര്‍ധിക്കുന്ന സാഹചര്യത്തില്‍  കേരളത്തിലെ തൊഴില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ഈ പ്രതിസന്ധി സാമൂഹിക സുരക്ഷയെയും സാമൂഹിക നീതിയെയും സാരമായി ബാധിക്കും. അതിനാല്‍ തന്നെ സംരംഭകത്വ മേഖലയില്‍ കൂടുതല്‍ ശ്രദ്ധയോടെ ഇടപെടുകയും സകാത്ത്  ഫണ്ട് കൂടുതലായി സംരംഭകത്വ മേഖലയില്‍ വിനിയോഗിക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കേരളത്തിന്റെ സാമ്പത്തിക - തൊഴില്‍  പുരോഗതിയും ഭക്ഷ്യ സുരക്ഷയും വിദ്യാഭ്യാസ മുന്നേറ്റവും എന്ത് വിലകൊടുത്തും നിലനിര്‍ത്താന്‍  നാം പരിശ്രമിക്കേണ്ടതുണ്ട്.   സകാത്ത് ഫണ്ടുകള്‍ ഇത്തരം അടിസ്ഥാന ആവശ്യങ്ങളെ  ശക്തിപ്പെടുത്തുന്നതിനുള്ള  റിസോഴ്‌സായി ഉപയോഗപ്പെടുത്തുന്നതിനുള്ള സ്ട്രാറ്റജി രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്.
സമുദായത്തിന്റെ ഭാവി ശോഭനമാവണം. ഇസ്‌ലാമിക സമൂഹത്തിന്റെ പുരോഗതിയില്‍ സകാത്ത് വലിയ പങ്കു വഹിച്ചിട്ടുണ്ട്. സകാത്ത് മാനേജ്‌മെന്റ് ഫലപ്രദമാവുന്നതിലൂടെ വ്യക്തികളുടെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും  രാഷ്ട്രത്തിന്റെയും  ഭാവി തലമുറയുടെയും  പുരോഗതിക്ക് ശക്തമായ അടിത്തറയൊരുങ്ങുമെന്നതില്‍ സംശയമില്ല. ചരിത്രത്തിലുടനീളമുള്ള വികസിത ഇസ്ലാമിക സമൂഹങ്ങളുടെ അടിസ്ഥാന ഗുണങ്ങളില്‍ ശക്തമായ സകാത്ത് സംവിധാനത്തിന്റെ സാന്നിധ്യം ദര്‍ശിക്കാനാവും. സംഘടിത സകാത്ത് പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നതിലൂടെ ഇസ്ലാമിക സമൂഹത്തിന്റെ അഭിമാനകരമായ അസ്തിത്വത്തെ നിലനിര്‍ത്തുന്നതിനും  മുന്നോട്ടു നയിക്കുന്നതിനുമുള്ള പ്രയത്‌നത്തിലാണ് മുസ്ലിം സമൂഹം  അണിചേരുന്നത്. 
(ബൈത്തുസ്സകാത്ത് കേരളയുടെ ചെയര്‍മാനാണ് ലേഖകന്‍)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 71-76
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രാര്‍ഥനകള്‍ സഫലമാകാതിരിക്കില്ല
സഈദ് ഉമരി മുത്തനൂര്‍