Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 01

3246

1443 ശഅ്ബാന്‍ 29

മുസ്‌ലിം യുവത ഭാവിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്

കെ.കെ സുഹൈല്‍

പുതുമ തേടുന്ന തലമുറയാണ് സമകാലിക യുവത്വം. നവീന ആശയങ്ങളെക്കുറിച്ച് ചിന്തിക്കാനും പ്രയോഗവല്‍ക്കരിക്കാനുമുള്ള ആര്‍ജവവും ആവേശവും അവരുടെ സവിശേഷതയാണ്. കേള്‍ക്കുക, അനുസരിക്കുക, അനുകരിക്കുക എന്ന പഴയ കാലത്തിന്റെ സമീപനങ്ങളെ പുതിയ തലമുറ നിരാകരിക്കുന്നു. 'ഇന്നവേഷ'ന്റെ അനന്ത സാധ്യത നന്നായി ഉപയോഗപ്പെടുത്തുന്നു. മാതാപിതാക്കള്‍ ചിന്തിക്കാത്ത, മുതിര്‍ന്ന തലമുറക്ക് പലപ്പോഴും ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള നവീന നിലപാടുകള്‍ സര്‍വ മേഖലകളിലും സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് ഇന്നത്തെ യുവത. ഒരുതരം 'വ്യക്തിവാദം', വിമത മനോഭാവം പുതുതലമുറയില്‍ കാണാം. 'മുതിര്‍ന്നവര്‍ പറയുന്നത് അപ്പടി അനുസരിക്കുക' എന്ന നിലപാടിനെ അവര്‍ അംഗീകരിക്കുന്നില്ല. കല്‍പ്പിച്ചത് അനുസരിക്കുകയല്ല, കാരണങ്ങള്‍ ബോധ്യപ്പെട്ടതിന് ശേഷം സ്വയം തെരഞ്ഞെടുത്ത് പ്രവര്‍ത്തിക്കുകയാണ് ചെയ്യുക. 
തല മറയ്ക്കണം എന്ന് കല്‍പ്പിച്ചാല്‍, 'എന്തുകൊണ്ട്, എന്തിന് മറയ്ക്കണം' എന്ന് തിരിച്ച് ചോദിക്കും. ഈ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ലഭിക്കണം. അവര്‍ക്ക് ഏതെങ്കിലും അര്‍ഥത്തില്‍ അതിന്റെ കാരണം ബോധ്യപ്പെടണം. സദാചാര, മൂല്യ, നിയമ വിഷയങ്ങളിലെല്ലാം ഈ നിലപാടുണ്ട്. മറ്റൊരു സവിശേഷതയാണ് പുനര്‍നിര്‍ണയ മനസ്സ് (Revolutionary Mentality). ഒരു വ്യവസ്ഥക്കകത്ത് ഒതുങ്ങി നില്‍ക്കാന്‍ താല്‍പര്യപ്പെടാത്ത, നിയതമായ ഘടനയെ ചോദ്യം ചെയ്യുന്ന, വ്യവസ്ഥാപിതത്വങ്ങളെ പൊളിച്ചെറിയാന്‍ ശ്രമിക്കുന്നവരാണ് പുതുതലമുറ. ഉത്തരാധുനികതയുടെ പ്രത്യേകതയാണിത്. ഗുണാത്മകവും നിഷേധാത്മകവുമായ തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മൂന്ന് സവിശേഷതകളും. 'ഞാന്‍ കേന്ദ്രീകൃത നിലപാട്' (Me Centric) എന്നത് പുതിയ തലമുറയുടെ നിഷേധാത്മക പ്രത്യേകതയാണ്. ഇതിന്റെ അനന്തരഫലമായി ഏകാന്തത, നിരാശാബോധം, ഡിപ്രഷന്‍ തുടങ്ങിയവ സമകാലിക വിദ്യാര്‍ഥി, യുവതക്കിടയില്‍ ചെറുതല്ലാത്ത വിധം കണ്ടുവരുന്നുണ്ട്. അവര്‍ പലതരം മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതുകൊണ്ടാണ്, കൗണ്‍സലിംഗും മറ്റും വലിയ തോതില്‍ അനിവാര്യമാകുന്നത്. പെരുകി വരുന്ന സൈക്കോ ക്ലിനിക്കുകളെ ഈ വിധത്തില്‍ നാം പഠനവിധേയമാക്കേണ്ടതുണ്ട്.
നിഷേധാത്മകത (Negativeness) നിറഞ്ഞ സമൂഹമാണ് ഇന്ത്യയിലെ മുസ്‌ലിം യുവത. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇന്ത്യയിലുടനീളം ചെയ്ത യാത്രകളും പലവിധ പ്രശ്‌നങ്ങളില്‍ നടത്തിയ സജീവമായ ഇടപെടലുകളും വഴി ഇന്ത്യയിലെ മുസ്‌ലിം യുവതയുടെ ഹ്യദയം തൊട്ടറിയാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. നിരാശാബോധത്തിന് അവര്‍ അടിപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്നാണ് എന്റെ ബോധ്യം.  സ്ഥിരമായി ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ ഞാന്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. പ്രഭാഷണങ്ങള്‍, ചോദ്യോത്തര പരിപാടികള്‍ ധാരാളം നടത്താറുമുണ്ട്. ഇവയിലൂടെ മുസ്‌ലിം യുവതയുടെ വികാരങ്ങള്‍, ആശങ്കകള്‍, മാനസികാവസ്ഥകള്‍ തൊട്ടറിയാനായിട്ടുണ്ട്. മുമ്പ് പ്രതീക്ഷ നല്‍കുന്ന വര്‍ത്തമാനങ്ങള്‍ പറഞ്ഞാല്‍ കുറെയൊക്കെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നവര്‍, ഇന്ന് കൂടുതല്‍ നിരാശരായി മാറിയിരിക്കുന്നു. ശുഭപ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍, 'നിങ്ങള്‍ ഏതോ സ്വപ്‌ന ലോകത്താണ്' എന്ന് അവര്‍  പ്രതികരിക്കും. എല്ലാവിധ പ്രതീക്ഷകളും നഷ്ടപ്പെട്ട, ഡിപ്രസീവ് സ്റ്റേറ്റ് ഓഫ് മൈന്‍ഡ് അവരില്‍ വളര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക അവസ്ഥകളില്‍ ഭരണവ്യവസ്ഥക്കകത്ത് യാതൊരു പ്രതീക്ഷയും ബാക്കിയില്ലെന്ന് കരുതുന്നുവര്‍. കേരളത്തില്‍ ഉള്‍പ്പെടെ, ഇന്ത്യയിലെ മുസ്‌ലിം യുവതയുടെ പൊതു അവസ്ഥ ഇതാണ്. രണ്ടാമത്തെ വിഭാഗം, നെഗറ്റീവ് റെവല്യൂഷണറി മാനസികാവസ്ഥയില്‍ ഉള്ളവരാണ്. കടുത്ത നിരാശാ ബോധത്തില്‍ നിന്ന് ഉടലെടുത്ത തീവ്ര പോരാട്ടവാദമാണ് ഇവരുടേത്.
കേരളത്തില്‍ കുറേയൊക്കെ ഇന്‍ക്ലൂസിവായ ഒരു സൊസൈറ്റിയുണ്ട്. എന്നാല്‍, ഉത്തരേന്ത്യയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. പതിറ്റാണ്ടുകള്‍ നീണ്ട തിക്താനുഭവങ്ങള്‍,  മുസ്‌ലിംകളെ മാറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗമാക്കിത്തീര്‍ത്തിട്ടുണ്ട്. അതേ സമയം, നിരാശയില്‍ കേരളത്തിലെ മുസ്‌ലിം യുവത ഒട്ടും പിന്നിലല്ല എന്നതും വസ്തുതയാണ്. മുസ്‌ലിം യുവതയുടെ സോഷ്യല്‍ മീഡിയ എന്‍ഗേജ്‌മെന്റ് പഠിച്ചുകൊണ്ടാണ് ഇത് പറയുന്നത്. സി.എ.എ സമരം ഒരു ഉദാഹരണമായെടുക്കുക. വലിയൊരു സംഭവമായിരുന്നു അത്. പക്ഷേ, പിന്നീട് എന്ത് സംഭവിച്ചു? പൗരത്വ സമരത്തില്‍ ആവേശം കൊണ്ടിരുന്നവരില്‍ പോലും ഇപ്പോള്‍ നിരാശ പടര്‍ന്നിരിക്കുന്നു എന്നതാണ് എന്റെ അനുഭവം. കേരളത്തില്‍ നിന്നാണ് ഇന്ത്യയിലെ ഇതര ഭാഗങ്ങളിലേക്ക് ദിശാബോധത്തിന്റെ വെളിച്ചം പ്രസരിക്കേണ്ടിയിരുന്നത്. പക്ഷെ, അതൊട്ടും ഉണ്ടാകുന്നില്ല.
എന്നാല്‍, മുസ്‌ലിം സമൂഹത്തില്‍, ഗുണാത്മകമായി ചിന്തിക്കുന്ന ന്യൂനാല്‍ ന്യൂനപക്ഷം വരുന്ന ഒരു വിഭാഗത്തെയും കാണാം. ക്രിയാത്മക ചിന്തയും പ്രതീക്ഷാനിര്‍ഭരമായ മനസ്സും ഭാവി പദ്ധതികളെക്കുറിച്ച കാഴ്ചപ്പാടുകളും അവര്‍ക്കുണ്ട്. പക്ഷേ, അവര്‍ ശബ്ദം ഉയര്‍ത്താനാകാത്ത (Non Vocal Community) വിഭാഗമാണ്. നിരാശാ ബഹളങ്ങള്‍ക്കിടയില്‍ അവര്‍ പറയുന്നത് ആരും കേള്‍ക്കില്ല, അവരുടേത് വിചിത്ര വാദങ്ങളായി അവഗണിക്കപ്പെടും. പലപ്പോഴും അവര്‍ക്ക് സംസാരിക്കാനുള്ള അവസരങ്ങള്‍ തന്നെ നിഷേധിക്കപ്പെടുന്നു. എന്നാല്‍, നിലവിലെ രാഷ്ട്രീയ, സാമൂഹിക പ്രതികൂലാവസ്ഥകള്‍ യാഥാര്‍ഥ്യമായിരിക്കെത്തന്നെ, ഈ പ്രതിസന്ധികളെ മറികടക്കാനാകും എന്നതാണ് അവരുടെ ശുഭപ്രതീക്ഷ. അധികാര വാഴ്ചയുടെ ഭീഷണികളെ മറികടക്കാന്‍ മുസ്‌ലിം സമൂഹം ആന്തരിക ശക്തി ആര്‍ജിക്കുന്നുണ്ട്. അല്‍പ്പകാലം ആസൂത്രിതവും ത്യാഗപൂര്‍ണവുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ഗുണപരമായ മാറ്റങ്ങളും ശുഭകരമായ ഭാവിയും സാധ്യമാണ് എന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഇത്തരമൊരു പോസീറ്റിവ് യുവത മുസ്‌ലിം സമൂഹത്തിനകത്തുണ്ട്.
ഈ തലത്തില്‍ വിശകലനം ചെയ്യുമ്പോള്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്നു നേരിടുന്ന അസ്തിത്വ പ്രശ്‌നങ്ങളോട് മുസ്‌ലിം യുവത്വം പൊതുവായി മൂന്നു രീതികളിലാണ് ഇടപെടുന്നത് എന്ന് വിലയിരുത്താം. ഒന്ന്, നിരാശയും വിരസതയും കാരണമായി നിഷ്‌ക്രിയരാവുക. രണ്ട്, അതിവൈകാരികമായി പ്രതികരിക്കുക. മൂന്ന്, ക്രിയാത്മകമായ ആക്ടിവിസത്തില്‍ ഏര്‍പ്പെടുക. മൂന്നാമത്തേത്, വിവേകവും ദീര്‍ഘദൃഷ്ടിയും ആസൂത്രണവും സഹനശേഷിയും ത്യാഗ മനസ്സുമൊക്കെ ആവശ്യമുള്ളതാണ്. മുസ്‌ലിം യുവതയുടെ കര്‍മശേഷി ഈ തലത്തില്‍ വിനിയോഗിക്കാനാണ് നാം പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത്. സമുദായത്തിലെ മൂന്നില്‍ ഒരു ഭാഗത്തോളം യുവ ജനതയായതിനാല്‍, അവരുടെ കാഴ്ചപ്പാടുകള്‍ക്കും പ്രതികരണങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. 
മുസ്‌ലിം ആക്ടിവിസം പൊതുവില്‍ ഇന്നു ഏര്‍പ്പെട്ടിരിക്കുന്നത് പ്രതികരണത്തിലാണ്. മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുക, അതുമായി ബന്ധപ്പെട്ടു നീതി ആവശ്യപ്പെടുക എന്നിങ്ങനെ. അതുകൊണ്ട് മറ്റു പല രാഷ്ട്രീയ വിഭാഗങ്ങളെയും പോലെ, ഒരു പ്രതികരണ സംഘമായി നാം ചുരുങ്ങിപ്പോകുന്നു. ഇത്തരം വിഭാഗങ്ങളുടെ ആവശ്യം ഇല്ലെന്നല്ല; അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിക്കേണ്ടതുണ്ട്. എന്നാല്‍ അതില്‍ കേന്ദ്രീകരിക്കുന്നത് ക്രിയാത്മകമോ ഗുണപരമോ അല്ല. പലരും ഒരു 'സമര' ശക്തിയായാണ് ഇന്ന് മുസ്‌ലിംകളെ കാണുന്നത്. അതല്ല യാഥാര്‍ഥ്യം. അങ്ങനെയായിത്തീരാനുള്ള വിഭവങ്ങള്‍ നമ്മുടെ കൈയില്‍ ഇല്ല താനും. 'അവകാശങ്ങള്‍' എന്ന പരിമിതമായ തലത്തില്‍ നിന്നു കൊണ്ട്, സാമൂഹിക മാറ്റമോ രാഷ്ട്രീയ മുന്നേറ്റമോ സൃഷ്ടിക്കാന്‍ സാധിക്കില്ല. സാമൂഹിക നിയമങ്ങളെയും പൊതുബോധത്തെയും മാറ്റിയെഴുതാനും ഈ രീതി മതിയാവില്ല. 
പലതരം വെല്ലുവിളികള്‍ക്കിടയിലും പ്രതീക്ഷ നല്‍കുന്ന ഘടകങ്ങള്‍ പലതുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന വിഭാഗീയത നല്ലൊരു അളവില്‍ കുറഞ്ഞിട്ടുണ്ടെന്നതാണ് ഇതില്‍ ഒന്നാമത്തേത്. ഇസ്‌ലാമിക വിഷയങ്ങളില്‍ ഭിന്നാഭിപ്രായം സൂക്ഷിക്കുന്നവരും ഇന്ന് പല പൊതു വിഷയങ്ങളിലും സഹകരിക്കാനും ഒന്നിച്ചു പ്രവര്‍ത്തിക്കാനും തയാറാണ്. മോദി സര്‍ക്കാരിന്റെ നയങ്ങളുടെ പൊതുവായ മുസ്‌ലിംവിരുദ്ധ സ്വഭാവം ഈ വിഷയത്തില്‍ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. 
മുന്‍കാലത്തെ അപേക്ഷിച്ച് മുസ്‌ലിം യുവത്വം കുറേക്കൂടി ഉദ്ബുദ്ധരാണെന്നതും പ്രതീക്ഷ നല്‍കുന്നു. പൊതുവെ രാഷ്ട്രീയപരമായി ഇടപെടാതിരിക്കുകയും പ്രതികരണങ്ങളിലൂടെ കാര്യങ്ങള്‍ 'കൂടുതല്‍ വഷളാക്കാതിരിക്കാന്‍' ശ്രമിക്കുകയും ചെയ്തിരുന്ന യുവജനങ്ങള്‍ ഇന്നു രാഷ്ട്രീയ-സാമുദായിക മുന്നേറ്റങ്ങളെ  ഊര്‍ജസ്വലതയോടെ നയിക്കുന്നവരായി മാറിയിട്ടുണ്ട്. വ്യക്തി സംസ്‌കരണത്തില്‍ (തസ്‌കിയ) മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ഒരു സമുദായത്തില്‍ നിന്ന് രാഷ്ട്രീയമായും സാമുദായികമായും കര്‍മോത്സുകരായ ഒരു ജനതയായി മുസ്‌ലിംകള്‍ പതിയെ മാറുന്നുണ്ട്. ഈ സാഹചര്യത്തെ ക്രിയാത്മക വഴികളിലേക്ക് തിരിച്ചുവിടുക എന്നതാണ് പ്രധാനം.
ഒന്നാമതായി, മുസ്‌ലിംകളെ ബാധിക്കുന്ന കാര്യങ്ങളില്‍ മാത്രം ഒതുങ്ങിപ്പോവാതെ നാം ജീവിക്കുന്ന സമൂഹത്തിലെയും രാജ്യത്തിലെയും എല്ലാ വിഷയങ്ങളിലും ഇടപെടേണ്ടത് അനിവാര്യമാണ്. മുസ്‌ലിം യുവത ഗൗരവത്തില്‍ തിരിച്ചറിയേണ്ട കാര്യമാണിത്. ഈ ഇടപെടലുകള്‍ വെറും സമര-പ്രക്ഷോഭ രീതികളില്‍ മാത്രം ഒതുങ്ങിപ്പോവരുത്. സമരങ്ങള്‍ ആവശ്യമാണ്. എന്നാല്‍ നമ്മെ നിര്‍വചിക്കുന്നത് സമരങ്ങള്‍ മാത്രമാവരുത്. ഇസ്ലാമിക ദര്‍ശനം മറ്റെല്ലാ ദര്‍ശനങ്ങളുടെയും മുകളില്‍ പ്രതിഷ്ഠിക്കാന്‍ കഴിവും ബുദ്ധിയും ഊര്‍ജസ്വലതയും ദൈവഭയവും ആത്മാര്‍ഥതയുമുള്ള ഒരു സംഘം എന്ന വിശേഷണത്തിനു വേണ്ടിയാണ് മുസ്‌ലിം യുവത്വം പരിശ്രമിക്കേണ്ടത്. 
രണ്ടാമതായി, കേവല സ്വത്വരാഷ്ട്രീയം ഇന്ന് പടര്‍ന്നു പന്തലിച്ചിരിക്കുന്ന മുസ്‌ലിംവിരുദ്ധതക്ക് പരിഹാരമാവില്ല. മുസ്‌ലിംവിരുദ്ധ വംശീയതയെയാണ് ഇസ്‌ലാമോഫോബിയ എന്ന് വിശേഷിപ്പിക്കുന്നത്. വംശീയത, തീവ്ര ദേശീയത തുടങ്ങിയ പ്രവണതകളോടുള്ള ഇസ്‌ലാമിന്റെ മറുപടി സാര്‍വ ലൗകിക മാനവികതയും വിദ്വേഷികളോടുള്ള സ്‌നേഹപ്രകടനങ്ങളുമാണ്. ഇതിലൂടെ മാത്രമേ ശത്രുക്കളെ ഉറ്റ മിത്രങ്ങളായി മാറ്റാന്‍ സാധിക്കൂ. അവര്‍ പെരുമാറുന്ന അതേ രീതിയില്‍ തിരിച്ചു പെരുമാറുന്നതല്ല ഇസ്‌ലാമിക രീതി. 
മൂന്നാമതായി, ഹിന്ദുത്വ വാദികളെ നേരിടുമ്പോള്‍ അവരുടെ ശക്തികേന്ദ്രങ്ങളില്‍ ചെന്നല്ല, അവരുടെ ബലഹീനതകളെ തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ഹിന്ദുത്വ രാഷ്ട്രീയം സ്വത്വ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമാണ്. ഇതിന് മറുപടിയായി മുസ്‌ലിം പക്ഷത്ത് നിന്ന് ഉയര്‍ത്തുന്ന സ്വത്വരാഷ്ട്രീയം ഹിന്ദുത്വ ശക്തികളെയാണ് ശക്തിപ്പെടുത്തുക. ഹിന്ദുക്കളെയെല്ലാം ഒരൊറ്റ സ്വത്വമായി മാറ്റുന്നതിലാണ് ഹിന്ദുത്വ അജണ്ട നിലകൊള്ളുന്നത്. ഇതിന് തുല്യമായ പ്രതികരണ രാഷ്ട്രീയമല്ല മുസ്‌ലിം യുവതയുടെ അജണ്ടയാകേണ്ടത്. അംബേദ്കറും അയ്യങ്കാളിയും തങ്ങളുടെ സമുദായങ്ങള്‍ക്കു വേണ്ടി തുടങ്ങിവെച്ച സ്വത്വരാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ സാമൂഹിക പരിഷ്‌കരണ മുന്നേറ്റങ്ങളുടെ തുടര്‍ച്ച മാത്രമായി ഇസ്‌ലാമിക നവോത്ഥാനത്തെ പരിമിതപ്പെടുത്തുന്നത് വലിയ അപകടമാണ്. 
 നാലാമതായി, ആത്മപരിശോധന നടത്തി, തെറ്റുകള്‍ ധീരമായി തിരുത്തി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു പദ്ധതി രൂപീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സ്വത്വരാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങിപ്പോവുന്നവരില്‍ ആത്മപരിശോധനയുടെ സാധ്യതകള്‍ കുറവാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മുസ്‌ലിംകളുടെ നിലനില്‍പ്പിനാവശ്യമായ ഒരു 'ടൂള്‍കിറ്റ്' അത്യാവശ്യമായി വികസിപ്പിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യേണ്ടതുണ്ട്. അതില്‍ മുഖ്യമായും ഉള്‍പ്പെടുത്തേണ്ടുന്ന കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
* ആത്യന്തികമായി ഇന്ത്യയിലെ മുസ്‌ലിംകള്‍ ചെയ്യേണ്ടത്, മനസ്സില്‍ നിന്ന് ഭയം എടുത്തുകളയുക എന്നതാണ്. ആത്മവിശ്വാസമാണ് നമ്മുടെ കൈമുതല്‍. പ്രതിരോധ മനോഭാവവും (Defensive Attitude) നമ്മള്‍ ന്യൂനപക്ഷം ആണെന്നുള്ള അപകര്‍ഷതാബോധവും ഒഴിവാക്കുക. ന്യൂനപക്ഷമായിക്കൊണ്ടു തന്നെയാണ് മുസ്‌ലിംകള്‍ ഈ കണ്ടതൊക്കെയും ഇന്ത്യയില്‍ നേടിയെടുത്തത്; ചരിത്രപരമായും അല്ലാതെയും. മാത്രമല്ല, എണ്ണത്തില്‍ കുറഞ്ഞ എത്രയോ സമുദായങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്തും മാന്യമായ അളവില്‍ രാജ്യവിഭവങ്ങള്‍ പങ്കിട്ടെടുത്തും വിദ്യാഭ്യാസത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും വിവിധ മേഖലകളില്‍ ഏറെ വിജയം കൊയ്തും ജീവിക്കുന്നുണ്ട്. ജൂതന്മാര്‍, പാര്‍സികള്‍, ജൈനര്‍ തുടങ്ങിയവര്‍ ഉദാഹരണം. ജനസംഖ്യാപരമായി നമ്മുടെ നില എന്തു തന്നെയായാലും ഇസ്‌ലാമിനെ അതിന്റെ പൂര്‍ണവും മനോഹരവുമായ രീതിയില്‍ ഉള്‍ക്കൊണ്ടും പിന്തുടര്‍ന്നും നാം ഉയര്‍ന്ന് നില്‍ക്കണം.
* സ്വയം ഏകീകരിച്ചും ആത്മാര്‍ഥതയുള്ള സഖ്യശക്തികളെ കൂടെ നിര്‍ത്തിയുമാണ് മുസ്‌ലിം സമുദായം മുന്നോട്ടു പോകേണ്ടത്. മുസ്‌ലിം ഉമ്മത്തിനെ ഒരൊറ്റ സമുദായമായി മാറ്റുകയും അതോടൊപ്പം മതേതരത്വത്തിലും നാനാത്വത്തില്‍ ഏകത്വത്തിലും സാര്‍വ ലൗകിക മാനവികതയിലും വിശ്വസിക്കുന്ന ഇതര സമുദായങ്ങളുമായി ആത്മാര്‍ഥമായ ബന്ധം സ്ഥാപിക്കുകയും സഖ്യം സൃഷ്ടിക്കുകയും ചെയ്യണം. സവര്‍ണ-കീഴാള വ്യത്യാസമില്ലാതെ സാമൂഹിക, രാഷ്ട്രീയ സുഹൃത്തുക്കളെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. സഹവര്‍ത്തിത്വത്തെക്കുറിച്ചുള്ള ഇത്തരം കാഴ്ചപ്പാടുകള്‍ മാത്രമായിരിക്കണം ഇവിടെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനം.
* സമുദായത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് 'ആസൂത്രിത ദാന' (Strategic Charity) പദ്ധതി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തിന്റെ പരിമിതമായ വിഭവങ്ങള്‍ നമ്മുടെ നിലനില്‍പ്പിന് ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കണം. നമ്മുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാന്‍ നടപടികളെടുത്തതിനു ശേഷമാണ് മറ്റു കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആരംഭിക്കേണ്ടത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വിദ്യാഭ്യാസത്തിനും ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി സഹായങ്ങള്‍ നല്‍കുന്നത് ഇതിനെ തുടര്‍ന്നാവണം. മൗലിക മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന സംഘടനകളെ സമുദായം ഒന്നാകെ പിന്താങ്ങേണ്ടതുണ്ട്. അതിന്റെ ഗുണങ്ങള്‍ നാളെ ദരിദ്ര-സമ്പന്ന വ്യത്യാസമില്ലാതെ മുസ്‌ലിം സമുദായത്തിനൊന്നാകെ അനുഭവിക്കാന്‍ സാധിക്കും. ജനസേവനത്തിലെ വിഭവ വിനിയോഗത്തിന്റെ മുന്‍ഗണനകള്‍ നാം പുനക്രമീകരിക്കേണ്ടത് അനിവാര്യമാണ്.
* താല്‍പര്യമുള്ള യുവതീ-യുവാക്കള്‍ക്ക് ആസൂത്രിതമായ കരിയര്‍ ഗൈഡന്‍സ് ലഭിക്കേണ്ടതുണ്ട്. ഹ്യുമാനിറ്റീസ്, നിയമം, ജേര്‍ണലിസം, സിനിമാനിര്‍മാണം, നിര്‍മിതബുദ്ധി, റോബോട്ടിക്‌സ്, ഡാറ്റാ അനാലിറ്റിക്‌സ് എന്നിങ്ങനെ സമുദായത്തിന് ഏറ്റവും ആവശ്യമുള്ള മേഖലകളിലേക്ക് വേണ്ടത്ര മനുഷ്യവിഭവശേഷി ഉണ്ടാക്കാന്‍ നമുക്ക് കഴിയണം.  മനുഷ്യവിഭവ മേഖലയിലെ എല്ലാ കഴിവുകളും- പ്രസംഗം, എഴുത്ത്, സാങ്കേതിക ജ്ഞാനം, സിനിമാ നിര്‍മാണം തുടങ്ങിയവ- കഴിയുന്നത്ര ഉപയോഗപ്പെടുത്തണം. പ്രത്യാശയോടെ ചിന്തിക്കുകയും തീവ്ര വൈകാരികതകളില്‍ നിന്ന് മുക്തമാവുകയും ചെയ്യുക. ഇന്ത്യക്കകത്തും പുറത്തും ചരിത്രപരമായി മുസ്‌ലിംകള്‍ നല്‍കിയ മികച്ച സംഭാവനകള്‍ ഓര്‍ത്തുവെക്കുകയും അതിന്റെ പിന്തുടര്‍ച്ചക്കാരാവാന്‍ ശ്രമിക്കുകയും ചെയ്യുക. 
* മുസ്‌ലിംകളുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങളെയും സംഭവങ്ങളെയും രേഖപ്പെടുത്തുകയും (Documentation) ഗവേഷണവും (Research) അഭിഭാഷണവും (Advocacy) നിരന്തരം നിര്‍വഹിക്കുകയും ചെയ്യേണ്ടതുണ്ട്. ക്വില്‍ ഫൗണ്ടേഷന്‍ അടക്കമുള്ള സംഘടനകള്‍ അതിപ്രാധാന്യത്തോടെ ഏറ്റെടുത്തിരിക്കുന്ന ഒരു ദൗത്യമാണിത്. മുസ്‌ലിംകള്‍ക്കെതിരെ ദിനേനയെന്നോണം നടക്കുന്ന അതിക്രമങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും അതില്‍ നിന്ന് കണക്കുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയുടെയും ഉന്മൂലന ശ്രമങ്ങളുടെയും ആഴവും പരപ്പും അളക്കാനും വെളിപ്പെടുത്താനും സാധിക്കൂ. സമുദായത്തെക്കുറിച്ചുള്ള പല മുന്‍ധാരണകളും അകറ്റാനും ആഗോള തലത്തില്‍ തന്നെ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ശക്തി കൂട്ടാനും ഈ രേഖകള്‍ നമുക്ക് ആയുധമായി മാറും. ദേശീയ, അന്തര്‍ദേശീയ ജനാധിപത്യ സംഘടനകളുടെ സജീവ ശ്രദ്ധ നമ്മുടെ പ്രശ്‌നങ്ങളില്‍ പതിയാന്‍ ഈ ഡോക്യുമെന്റേഷന്‍ നിമിത്തമാകും. ദേശീയ തലത്തില്‍ മുസ്‌ലിംകളുടെ പോരാട്ടത്തിന് ഏറ്റവും കൂടുതല്‍ കരുത്തു പകരുന്ന സ്ഥാപനങ്ങളിലൊന്ന് കോടതിയാണ്. മനുഷ്യാവകാശ സംഘടനകളെയും ഈ പോരാട്ടത്തില്‍ നമുക്കേറെ ആവശ്യമുണ്ട്.
* ഹിന്ദുത്വവാദികളെ നേരിടുമ്പോള്‍ വര്‍ഗീയവാദികളല്ലാത്ത ഹിന്ദു നേതാക്കന്മാരുമായി സൗഹൃദം സ്ഥാപിക്കുകയും മതഭ്രാന്തിനെ അപലപിക്കുക വഴി വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തുകയും ചെയ്യുക. മുസ്‌ലിം യുവത പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലയാണിത്. മുഖ്യധാരാ ഹിന്ദു സമുദായത്തിനിടയില്‍ ഫാഷിസ്റ്റ് വിരുദ്ധ മനസ്സ് വളര്‍ത്താന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. ഒരു മതത്തിന്റെ പേരില്‍ അതിന്റെ അനുയായികള്‍ അക്രമവും ഹിംസയും അഴിച്ചുവിടുമ്പോള്‍ ഹിംസാവാദികളല്ലാത്ത അതിലെ മറ്റു അംഗങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളെ സാധാരണ അപലപിക്കുകയും ഇത്തരം ശക്തികള്‍ തങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടവരല്ല എന്ന് ഊന്നിപ്പറയുകയും ചെയ്യാറുണ്ട്. എന്നാല്‍ മുഖ്യധാരാ ഹിന്ദു സമുദായത്തില്‍ ഈയൊരു പ്രവണത കുറവാണെന്ന് മാത്രമല്ല വോട്ടുകള്‍ നല്‍കി ഇത്തരം സംഘങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന അപൂര്‍വവും പേടിപ്പെടുത്തുന്നതുമായ കാഴ്ചയാണ് കാണുന്നത്. ഇതില്‍ മാറ്റം വരുത്താനായി മുസ്‌ലിം യുവത പുതിയ സ്ട്രാറ്റജികള്‍ സ്വീകരിക്കണം. നിലവിലുള്ള പ്രതികരണ രാഷ്ട്രീയം ഇതിന്ന് പര്യാപ്തമല്ല.
* ഏറെ പ്രധാനപ്പെട്ട  പോരാട്ടം നടക്കുന്നത് സാമൂഹിക മാധ്യമങ്ങളിലാണ്- ക്രിയാത്മകമായ വാദങ്ങളിലുടെ വ്യാജവാര്‍ത്തകളെയും വിദ്വേഷ പ്രചാരണങ്ങളെയും നിരന്തരം നേരിടേണ്ടതുണ്ട്. ഇതോടൊപ്പം ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സൗന്ദര്യവും നന്മയും ബോധ്യപ്പെടുത്തുന്ന പ്രചാരണങ്ങള്‍ ത്വരിതപ്പെടുത്തണം. The more you know, the less you hate എന്ന തത്ത്വമാണ് ഈ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിക്കേണ്ടത്.
* മുസ്‌ലിമേതര വിഭാഗങ്ങളും മുസ്‌ലിംകളും അന്യോന്യം ഉപകാരപ്പെടുന്ന രീതിയില്‍ നിരന്തരം ഇടപഴകേണ്ടതുണ്ട്. ദശാബ്ദങ്ങളായി ഇന്ത്യയിലെ മുസ്‌ലിംകള്‍- പ്രത്യേകിച്ച് നഗരങ്ങളില്‍- ചേരിവത്കരിക്കപ്പെട്ടിട്ടുണ്ട്. സാമൂഹികമായ ഈ വിഭജനം മുസ്‌ലിംകളെ മറ്റു സമുദായങ്ങളുടെ കാഴ്ചയില്‍ നിന്ന് മാറ്റിയത് കാരണം അവര്‍ക്കെതിരെയുള്ള നുണപ്രചാരണങ്ങള്‍ മറ്റുള്ളവര്‍ എളുപ്പത്തില്‍ സത്യമാണെന്ന് കരുതുന്ന സാഹചര്യമുണ്ട്. രാഷ്ട്രീയ- സാമൂഹിക കാര്യങ്ങളില്‍ പരസ്പര സഹകരണം ഊര്‍ജിതമാക്കുകയും സ്വന്തം ജീവിതത്തെയും ആദര്‍ശത്തെയും കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ അകല്‍ച്ച മാറുകയുള്ളൂ.
* മുസ്‌ലിംകളുടെ രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ശാക്തീകരണം അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നു. മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കുകയും മുസ്‌ലിംകള്‍ക്ക് ദേശീയ തലത്തില്‍ തന്നെ ശക്തമായ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാവുകയും മാത്രമല്ല, ന്യൂനപക്ഷ പ്രാതിനിധ്യം കൂടുതലുള്ള മണ്ഡലങ്ങള്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കു വേണ്ടി സംവരണം ചെയ്യുന്നത് പോലെയുള്ള വിപരീത ഫലം നല്‍കുന്ന സമ്പ്രദായങ്ങള്‍ ഒഴിവാക്കാന്‍ പോരാടുകയും ചെയ്യേണ്ടതുണ്ട്.
 ഇന്ന് ഒരു സമുദായം എന്ന നിലക്ക് നാം അനുഭവിക്കുന്ന യാതനകള്‍ ഒരു സൃഷ്ടിപരമായ അവ്യവസ്ഥ (Constructive Chaos) ആയി നമുക്ക് കാണാം. ഇതെല്ലാം  നല്ലതിനാണ് എന്ന് നമുക്ക് വിശ്വസിക്കാം. ഇതിലൂടെ ഈ സമുദായം ഒരുപാട് തിരിച്ചറിവുകള്‍ നേടുന്നുണ്ട്, പരിഹാരങ്ങള്‍ കണ്ടെത്തുന്നുമുണ്ട്. ഉറച്ച ധാര്‍മിക ബോധവും ഇസ്‌ലാമിക മൂല്യങ്ങളും ക്രിയാത്മകമായ ഇടപെടലുകളുമാണ് ഈ തിരിച്ചറിവുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് മുസ്‌ലിം യുവതയെ സന്നദ്ധമാക്കുക.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 67-70
ടി.കെ ഉബൈദ്‌

ഹദീസ്‌

ശിപാര്‍ശകരായി നോമ്പും ഖുര്‍ആനും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌