Prabodhanm Weekly

Pages

Search

2012 മെയ് 19

വളരുന്ന ക്വട്ടേഷന്‍ സംസ്‌കാരം

വലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയുമായിരുന്ന ടി.പി ചന്ദ്രശേഖരന്‍ മെയ് 4-ന് മൃഗീയമായി കൊലചെയ്യപ്പെട്ടത് കേരളത്തിന്റെ പൊതുമനസ്സിനെ വല്ലാതെ നോവിച്ചിരിക്കുന്നു. മൃഗീയമായി എന്നു വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍ നാണിക്കുംവണ്ണം നിഷ്ഠുരവും ബീഭത്സവുമായാണ് കൃത്യം നടത്തപ്പെട്ടത്. ഒരു ക്വട്ടേഷന്‍ സംഘമാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്നാണിനി വ്യക്തമാകേണ്ടത്. പ്രഥമമായും പ്രധാനമായും സംശയിക്കപ്പെടുന്നത് സി.പി.എമ്മാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ അവിടെ ഇടതുപക്ഷത്തിന്റെ സാധ്യത ഗണ്യമായി കുറക്കുന്ന ഇത്തരമൊരു നടപടിക്ക് സി.പി.എം മുതിരില്ലെന്ന് കരുതുന്നവരുമുണ്ട്. ഈ അറുകൊലയുടെ ഗുണഭോക്താക്കള്‍ യു.ഡി.എഫ് ആണെന്നും യു.ഡി.എഫ് നേതൃത്വത്തെയാണ് സംശയിക്കേണ്ടതെന്നുമാണ് അവരുടെ നിലപാട്. ഒഞ്ചിയം പ്രദേശത്ത് പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന ഒരു വ്യവസായ സംരംഭം ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ആര്‍.എം.പിയുടെ എതിര്‍പ്പ് മൂലം മുടങ്ങിക്കിടക്കുന്നുണ്ട്. ചന്ദ്രശേഖരനെ ഇല്ലാതാക്കിയാലേ മുന്നോട്ടുപോകാനാകൂ എന്ന് മനസ്സിലാക്കിയ അതിന്റെ സംരംഭകരാകാം ഈ കൊലക്ക് പിന്നിലെന്നാണ് മറ്റൊരു സംശയം. മത തീവ്രവാദികളെയും സംശയിക്കേണ്ടതാണെന്ന് സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചിരിക്കുന്നു.
സഖാവ് അച്യുതാനന്ദന്‍ പറഞ്ഞപോലെ ധീരനായ കമ്യൂണിസ്റ്റുകാരനായിരുന്നു സഖാവ് ചന്ദ്രശേഖരന്‍. സി.പി.എം അതിന്റെ യഥാര്‍ഥ പാതയില്‍ നിന്ന് വ്യതിചലിക്കുന്നു എന്നു തോന്നിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കുകയായിരുന്നു അദ്ദേഹം. അന്നു മുതലേ സി.പി.എമ്മിന് ചന്ദ്രശേഖരന്‍ ബദ്ധശത്രുവാണ്. കുലംകുത്തികള്‍ എന്നാണ് അദ്ദേഹത്തെയും അനുയായികളെയും സി.പി.എം നേതൃത്വം വിളിച്ചിരുന്നത്. കുലകള്‍ കുത്തി നശിപ്പിക്കുന്ന ചെള്ളിനെപ്പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടവര്‍ എന്നൊരു സന്ദേശം ആ വിശേഷണത്തില്‍ തന്നെയില്ലേ? സി.പി.എം ആ സന്ദേശം വ്യക്തമായി പ്രഖ്യാപിക്കാതിരുന്നിട്ടുമില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം കോഴിക്കോട്ട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പശ്ചാത്തലത്തില്‍ ഒഞ്ചിയത്ത് സി.പി.എം മുഴക്കിയതായി പോലീസ് റെക്കോര്‍ഡ് ചെയ്ത ഒരു മുദ്രാവാക്യം ഇങ്ങനെയാണ്: ''പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞോട്ടെ, ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, വാളുകൊണ്ടൊരു പരിപാടി, ബോംബ് കൊണ്ടൊരു പരിപാടി.'' പ്രതിയോഗികളെയും വിമതരെയും ഉന്മൂലനം ചെയ്തതിന്റെ നീണ്ട ചരിത്രവും മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളതാണ്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞപ്പോള്‍ നേരത്തെ മുഴക്കിയ ഭീഷണി നടപ്പിലാക്കിയതാണോ അതല്ല ആ സാഹചര്യം മറ്റാരെങ്കിലും മുതലെടുത്തതാണോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. സത്യം രണ്ടിലേതായാലും സി.പി.എം ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മുക്തമാകുന്നില്ല.
സഖാവ് ചന്ദ്രശേഖരന്റെ അപമൃത്യുവില്‍ പോലീസിനും ഭരണകൂടത്തിനുമുള്ള ഉത്തരവാദിത്വവും ചെറുതല്ല. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസിനെയും മറ്റു ഉത്തരവാദപ്പെട്ടവരെയും ചന്ദ്രശേഖരന്‍ നേരത്തെ അറിയിച്ചിരുന്നു. ആ ഭീഷണി പരസ്യമായി മുഴക്കപ്പെട്ടിട്ടും അത് നടപ്പിലാക്കുന്നത് തടയുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ അക്ഷന്തവ്യമാണ്. ചന്ദ്രശേഖരന്‍ വധത്തിന്റെ പ്രത്യാഘാതമായി പ്രദേശത്ത് നടന്ന അക്രമങ്ങള്‍ തടയുന്നതിലും പോലീസ് പരാജയപ്പെട്ടു. നൂറോളം കടകളും വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തും തീ വെച്ചും നശിപ്പിക്കപ്പെട്ടിരിക്കുന്നു. രണ്ടു കോടി രൂപയാണ് കണക്കാക്കപ്പെടുന്ന നഷ്ടം. ഈ അക്രമത്തിന്റെയും നശീകരണത്തിന്റെയും ഗുരുതരമായ തിരിച്ചടി പ്രതീക്ഷിക്കുന്ന ഭീകരാന്തരീക്ഷമാണ് ഇപ്പോഴുള്ളത്. ചന്ദ്രശേഖരന്റെ ഘാതകര്‍ വലയിലായെന്ന് മെയ് 6-ന് അവകാശപ്പെട്ട പോലീസ് അടുത്ത ദിവസം പറഞ്ഞത് പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടുപോയെന്നാണ്. കൊലപാതകവുമായി നേരിട്ട് ബന്ധപ്പെട്ട ആരെയും പിടികൂടാന്‍ ഇതെഴുതുമ്പോഴും പോലീസിന് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ കക്ഷികളുടെയും മുതലാളിമാരുടെയും ശക്തമായ പിന്തുണയുള്ള മാഫിയ സംഘങ്ങളെ പിടികൂടുന്നത്, സാധാരണ ജീവിതം നയിക്കുന്ന നിരപരാധികളില്‍ തീവ്രവാദ ബന്ധമാരോപിച്ച് ഇമെയില്‍ ചോര്‍ത്തി കപട ദേശരക്ഷകര്‍ ചമയുന്നതുപോലെയും, അത് കണ്ടെത്തി വിളിച്ചുപറയുന്നവരെയും അവരെ കണ്ടവരെയും മിണ്ടിയവരെയുമെല്ലാം പിടികൂടി ജയിലിലടച്ച് പീഡിപ്പിക്കുന്നതുപോലെയും എളുപ്പമുള്ള കാര്യമല്ല എന്ന് സമ്മതിക്കുന്നു. എങ്കിലും പോലീസിനു തന്നെയും ക്വട്ടേഷന്‍ സംഘങ്ങളുമായി നല്ല സൗഹൃദവും ഇടപാടുമുണ്ടെന്നാണല്ലോ ഉണ്ണിത്താന്‍ വധശ്രമം പോലുള്ള കേസുകള്‍ സൂചിപ്പിക്കുന്നത്. ആ നിലക്ക് പോലീസ് വിചാരിച്ചാല്‍ ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘത്തെ പിടികൂടാനും വിചാരണാവിധേയരാക്കാനും കഴിയുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. പ്രതികളില്‍ ചിലര്‍ കണ്ണൂര്‍ ജയിലില്‍ പോലീസുകാര്‍ പോറ്റിയിരുന്നവരാണെന്ന് വരുമ്പോള്‍ വിശേഷിച്ചും.
രാഷ്ട്രീയ കക്ഷികളുടെ വളര്‍ച്ചയും വികാസവും സര്‍ഗാത്മകമായ ജനകീയബോധവത്കരണത്തിലൂടെയും ജനസേവന പ്രവര്‍ത്തനങ്ങളിലൂടെയുമായിരിക്കണം. അവരുടെ പരിപാടികള്‍ സമാധാനപരമായ സാമൂഹിക പുരോഗതിക്കും ആരോഗ്യ- വിദ്യാഭ്യാസ വികസനത്തിനുമുതകുന്നതാകണം. പാര്‍ട്ടികളും പ്രത്യയശാസ്ത്രങ്ങളും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ്. മനുഷ്യരെ ഉന്മൂലനം ചെയ്തുകൊണ്ട് ഈ ലോകത്ത് ആര്‍ക്കും ഒരു സ്വര്‍ഗവും പണിയാനാവില്ല. ലളിതമായ ഈ മൗലിക സത്യം വിസ്മൃതമാകുമ്പോഴാണ് പാര്‍ട്ടി പരിപാടികള്‍ വാളുകൊണ്ടും ബോംബുകൊണ്ടുമായിത്തീരുന്ന അവസ്ഥയുണ്ടാകുന്നത്. പണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പൊതു പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഇന്ന് പല പാര്‍ട്ടികളും പൊതു പരിപാടികളുടെ സംഘാടനം ഇവെന്റ് മാനേജ്‌മെന്റുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയാണ്. അതിന്റെ വികാസമാണ് രഹസ്യ പരിപാടികള്‍ മാഫിയകള്‍ക്ക് ക്വട്ടേഷന്‍ നല്‍കുക. ഈ ക്വട്ടേഷന്‍ സംസ്‌കാരം സാമാന്യ ജനങ്ങളിലേക്ക് പടര്‍ന്നതിന്റെ ഉത്കണ്ഠാജനകമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കുന്നേടത്തോളം കേരളം പുരോഗമിച്ചുകഴിഞ്ഞു. ഈ അവസ്ഥ ഭാവിതലമുറയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലുണ്ടായ സംഭവം. ലജിന്‍ എന്ന പതിനാലുകാരനെ അവന്റെ സഹപാഠി ആളൊഴിഞ്ഞ സ്ഥലത്ത് വിളിച്ചുകൊണ്ടുപോയി അടിച്ചും കുത്തിയും ക്രൂരമായി കൊന്നുകളഞ്ഞു. ആ പതിനഞ്ചുകാരന്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ലക്ഷങ്ങള്‍ കൊടുത്ത് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കാനൊന്നും കഴിയില്ലല്ലോ. അതുകൊണ്ട് അവനത് സ്വയമങ്ങു ചെയ്തു. വിരോധം തോന്നുന്നവരെ ഇല്ലാതാക്കുകയാണ് വേണ്ടതെന്ന പാഠം ആരില്‍നിന്ന്, എവിടെ നിന്നാണവന്‍ പഠിച്ചത് എന്ന ചോദ്യം ഏറെ പ്രസക്തമാകുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മനുഷ്യ സഹോദരങ്ങളുടെ കണ്ഠത്തില്‍ നിഷ്‌കരുണം കഠാരയിറക്കുന്ന സംഘടനകള്‍ക്ക് നെഞ്ചില്‍ കൈവെച്ച് പറയാനാകുമോ 'ഞങ്ങളില്‍ നിന്നല്ല' എന്ന്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം