Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 18

3244

1443 ശഅ്ബാന്‍ 15

സംവാദത്തിന്റെ ഇസ്‌ലാമിക സംസ്‌കാരം

മുഷ്താഖ് ഫസല്‍

ചരിത്രത്തിലെ ആദ്യ സംവാദം ആരൊക്കെ തമ്മിലാണ് നടന്നത്? എവിടെ വെച്ചാണ് നടന്നത്? എന്തായിരുന്നു സംവാദ വിഷയം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊാണ് സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ സംവാദത്തിന്റെ സംസ്‌കാരം എന്ന പുസ്തകം ആരംഭിക്കുന്നത്. പ്രപഞ്ചനാഥനായ അല്ലാഹുവും അവന്റെ മാലാഖമാരും തമ്മില്‍ മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരലോകത്തു വെച്ചാണ് ചരിത്രത്തിലെ ആദ്യ സംവാദം നടന്നതെന്ന് വിശുദ്ധ ഖുര്‍ആന്റെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു്.
നാഗരികതകളുടെ വളര്‍ച്ചക്കും വികാസത്തിനും ആരോഗ്യകരമായ സംവാദങ്ങള്‍ എക്കാലവും മികച്ച സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.  അനാരോഗ്യകരമായ സംവാദ ശൈലികള്‍ നാഗരികതകളുടെ പതനത്തിന് കാരണമായിട്ടുണ്ടെന്നും ചരിത്ര പാഠങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. സംവാദം എന്ന പദത്തിന്റെ ഉല്‍പത്തിയും വ്യത്യസ്ത അര്‍ഥങ്ങളും അറബി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ സംവാദത്തിന്റെ വിവക്ഷകളും അതുല്‍പാദിപ്പിക്കുന്ന ആശയങ്ങളും  വായനക്കാരെ സംവാദം എന്ന വ്യവഹാരത്തെ കുറിച്ച പുനര്‍വായനയിലേക്ക് നയിക്കും. നല്ലൊരു സംവാദകന്‍ നല്ലൊരു കേള്‍വിക്കാരന്‍ കൂടിയാകണമെന്ന് പുസ്തകം ആവശ്യപ്പെടുന്നു. സ്വന്തം അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും അടിച്ചേല്‍പ്പിക്കാനോ ഏകപക്ഷീയമായി സ്ഥാപിക്കാനോ ആകരുത് സംവാദങ്ങള്‍ സംഘടിപ്പിക്കേണ്ടത്. എതിര്‍പക്ഷത്തുള്ളവരുടെ വാദം ശരിയെന്ന് തോന്നിയാല്‍ അതിനെ അംഗീകരിക്കാനുള്ള ഹൃദയ വിശാലത കൂടി ഉണ്ടാകണം.
ഇസ്‌ലാമിന്റെ സന്ദേശം ജനങ്ങളില്‍ അടിച്ചേല്‍പിക്കാനല്ല പ്രവാചകന്മാര്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  സന്ദേശം ജനങ്ങളിലെത്തിക്കേണ്ട ദൗത്യം മാത്രമാണ് പ്രവാചകന്മാര്‍ നിര്‍വഹിക്കേണ്ടതുള്ളൂ എന്ന് ഖുര്‍ആനികാധ്യാപനങ്ങള്‍ മുന്‍നിര്‍ത്തി ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. മക്ക, മദീന, എത്യോപ്യ എന്നിവിടങ്ങളിലെ നിഷേധികളോടും വേദപണ്ഡിതന്മാരോടും പ്രവാചകന്‍ തുറന്ന സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. ആ സംവാദങ്ങളൊന്നും ആശയങ്ങള്‍   ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന തരത്തിലായിരുന്നില്ല.
വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും കണക്കിലെടുക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. അഖീദാപരമായ വിഷയങ്ങളിലും കര്‍മശാസ്ത്ര വിഷയങ്ങളിലും ഇസ്‌ലാം വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും അംഗീകരിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആന് എണ്ണിയാലൊടുങ്ങാത്ത തഫ്സീറുകളും രണ്ടാം പ്രമാണമായ ഹദീസിന് അനവധി വിശദീകരണ ഗ്രന്ഥങ്ങളുമുണ്ടായത് ഇസ്‌ലാമിന് വൈവിധ്യങ്ങള്‍ അംഗീകരിക്കുന്ന വിശാല കാഴ്ചപ്പാട് ഉള്ളതു കൊണ്ടാണ്. എന്നാല്‍ ഇന്ന് നടക്കുന്ന മതാന്തര സംവാദങ്ങളടക്കം,  ഇസ്‌ലാം അംഗീകരിക്കുകയും മാനിക്കുകയും ചെയ്ത വൈവിധ്യങ്ങളെ റദ്ദ് ചെയ്യുന്നതും തങ്ങളുടെ എതിര്‍പക്ഷത്തുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ അവരെ ദീനില്‍നിന്ന് പുറത്താക്കാനുള്ള ആഹ്വാനം ഉയര്‍ത്തുന്നതുമാണ്. മുസ്‌ലിമായ ഒരാളെ ദീനില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കാണ് അവകാശം എന്ന് ഇത്തരം ചോദ്യങ്ങളെ പ്രശ്നവല്‍ക്കരിച്ചുകൊണ്ട് പുസ്തകത്തില്‍ ചോദ്യമുയരുന്നുണ്ട്.
ഇസ്‌ലാമിന്റെ ചരിത്രത്തില്‍ പണ്ഡിതന്മാര്‍ സ്വീകരിച്ച മാതൃകാപരമായ നിലപാടുകളും സംവാദകനുണ്ടാകേണ്ട യോഗ്യതകളും വിശദീകരിക്കുന്ന പുസ്തകം ബിദ്അത്തുകാരോട് സ്വീകരിക്കേണ്ട നിലപാടും സമീപനവും എന്താകണമെന്ന് ചരിത്ര പാഠങ്ങള്‍ മുന്‍നിര്‍ത്തി അവതരിപ്പിക്കുന്നു. ലോകം കൈക്കുമ്പിളിലേക്ക് ഒതുങ്ങുന്ന സോഷ്യല്‍ മീഡിയ കാലത്ത് ഇസ്‌ലാം ആവശ്യപ്പെടുന്ന സംവാദ ശൈലിയും സംസ്‌കാരവും കൈമോശം വന്നിരിക്കുകയാണ്. ഇതും പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്.
പുസ്തകം സമാപിക്കുന്നത് കേരള മുസ്‌ലിം സമുദായത്തോട്, മുസ്‌ലിം സ്പെയിനിന്റെ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ്. എട്ടു നൂറ്റാണ്ട് ഉഗ്ര പ്രതാപത്തോടെ സ്പെയില്‍ ഭരിച്ച മുസ്‌ലിം സമുദായം ദയനീയമായി തകര്‍ന്നടിയുന്നത് പരസ്പരമുള്ള ശ്രത്രുതയും കലഹവും മൂലമാണ്. മുസ്‌ലിം വിദ്വേഷവും വെറുപ്പും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സവിശേഷ സാഹചര്യത്തില്‍ വൈവിധ്യങ്ങളും ഭിന്നാഭിപ്രായങ്ങളും നിലനില്‍ക്കെ തന്നെ മുസ്‌ലിം ഉമ്മത്തിന് ഉണ്ടാകേണ്ട ഐക്യത്തിന്റെ ചരിത്രപരവും വര്‍ത്തമാനപരവുമായ പ്രാധാന്യം അവസാന ഭാഗത്ത് ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യുന്നു. സംവാദ സംസ്‌കാരത്തിന്റെ പരിധി ലംഘിച്ചു കൊണ്ടുള്ള ശൈലിയും ആഖ്യാനങ്ങളും ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ പര്യാപ്തമല്ല. സംവാദമെന്ന ആശയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു അതിന്റെ സംസ്‌കാരവും ചിട്ടവട്ടങ്ങളും മനസ്സിലാക്കി വായനക്കാരെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്ന വേറിട്ട ഗ്രന്ഥമാണ് 'സംവാദത്തിന്റെ സംസ്‌കാരം'. 
പ്രസാധനം: ഐ.പി.എച്ച്
മുഖവില: 170 രൂപ
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 60-63
ടി.കെ ഉബൈദ്‌

ഹദീസ്‌

വംശീയതയില്‍ അഭിരമിക്കുന്ന ചാണക വണ്ടുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌