Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 18

3244

1443 ശഅ്ബാന്‍ 15

ചവിട്ടിയരക്കപ്പെടുന്ന  പത്രധാര്‍മികത

മുഅ്തസ്സ് അല്‍ ഖത്വീബ്

യുക്രെയ്‌നെതിരെ റഷ്യ നടത്തിവരുന്ന യുദ്ധം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ മാധ്യമ ധാര്‍മികതയോ തങ്ങളുടെ തൊഴില്‍ മാനദണ്ഡങ്ങളോ പാലിക്കുകയുണ്ടായില്ല. ഈ കുറ്റകരമായ വീഴ്ച വരുത്തിയവരില്‍ French MSM, BBC, ITV, CBS, NBC തുടങ്ങിയ വമ്പന്‍ മാധ്യമങ്ങള്‍ മാത്രമല്ല അല്‍ജസീറ (ഇംഗ്ലീഷ്) വരെയുണ്ട്. ഉദാഹരണത്തിന് എന്‍.ബി.സി റിപ്പോര്‍ട്ടര്‍ അതിര്‍ത്തി കടന്ന് പോളണ്ടിലേക്കെത്തിയ യുക്രെയ്ന്‍കാരെ വിശേഷിപ്പിക്കുന്നത് കാണുക: ''ഇവര്‍ സിറിയന്‍ അഭയാര്‍ഥികളെപ്പോലെയല്ല. ഇവര്‍ തൊട്ടയല്‍പക്കത്തുള്ള യുക്രെയ്‌നില്‍ നിന്നുള്ളവരാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ഇവര്‍ ക്രിസ്ത്യാനികളാണ്; വെളുത്ത നിറമുള്ളവരാണ്. പോളണ്ടില്‍ ജീവിക്കുന്നവരോട് സാദൃശ്യമുള്ള ആളുകളാണ്.'' സി.ബി.എസ് റിപ്പോര്‍ട്ടര്‍ ചാര്‍ലി ഡി അഗത്ത(Charlie D’ Agata)യുടെ വിവരണം ഇങ്ങനെ: ''പതിറ്റാണ്ടുകളായി യുദ്ധം നടക്കുന്ന അഫ്ഗാന്‍ പോലെയോ ഇറാഖ് പോലെയോ അല്ല ഈ പ്രദേശം. ഇതൊരു പരിഷ്‌കൃത ദേശമാണ്, യൂറോപ്യന്‍ ദേശമാണ്. ഇതുപോലുള്ള കാര്യങ്ങള്‍ ഇവിടെ സംഭവിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല.''
യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ട്രെയ്‌നില്‍ തിക്കിത്തിരക്കി കയറുന്ന യുക്രെയ്ന്‍കാരെ അല്‍ ജസീറ ഇംഗ്ലീഷ് ചാനലിന്റെ  Peter Dobbie വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: ''ഈ ആള്‍ക്കാരുടെ വസ്ത്രങ്ങള്‍ നോക്കൂ. ഇവര്‍ സമ്പന്ന മധ്യവര്‍ഗത്തില്‍ പെടുന്നവരാണ്. മധ്യ പൗരസ്ത്യ ദേശങ്ങളില്‍ നിന്നോ വടക്കനാഫ്രിക്കയില്‍നിന്നോ ഓടിപ്പോകുന്ന അഭയാര്‍ഥികളെപ്പോലെയല്ല ഇവര്‍. തൊട്ടയല്‍പ്പക്കത്ത് പാര്‍ക്കുന്ന യൂറോപ്യന്‍ കുടുംബമാണിവര്‍.'' ബ്രിട്ടനിലെ ടെലഗ്രാഫ് റിപ്പോര്‍ട്ടര്‍ Daniel Hannan പറഞ്ഞു: ''ഇവര്‍ നമ്മോട് സാദൃശ്യമുള്ളവരാണ്. ഇതാണ് പ്രശ്‌നത്തിന്റെ വലിയ ആഘാതമുണ്ടാക്കുന്ന വശം. ടെലിഫിക്‌സ് കാണുന്നവരും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളവരുമായ ജനത താമസിക്കുന്ന യൂറോപ്യന്‍ രാജ്യമാണ് യുക്രെയ്ന്‍. അവര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നു. അവിടെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമുണ്ട്. ഒറ്റപ്പെട്ട ദരിദ്ര രാഷ്ട്രങ്ങളില്‍ മാത്രമല്ല യുദ്ധം നടക്കുന്നത്; അതാര്‍ക്കും വന്നുപെടാം.''
യുദ്ധ വിവരണത്തിന്റെ ചില സാമ്പിളുകള്‍ മാത്രമാണിത്. ഇത്തരം കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷമായി വിമര്‍ശിക്കപ്പെടുകയുണ്ടായി. ഇവ വാര്‍ത്താ മാധ്യമങ്ങളില്‍ പരിമിതമായിരുന്നു എന്ന് കരുതരുത്. ഉയര്‍ന്ന ഗവണ്‍മെന്റ് വക്താക്കളും ഇതേ രീതിയില്‍ സംസാരിച്ചിട്ടുണ്ട്. ബള്‍ഗേറിയന്‍ പ്രധാനമന്ത്രി പറഞ്ഞത് നോക്കൂ: ''യുക്രെയ്ന്‍ അഭയാര്‍ഥികള്‍ നമുക്ക് പരിചയമുള്ള അഭയാര്‍ഥികളല്ല. അതിനാല്‍ ഇവരെ നാം സ്വാഗതം ചെയ്യുന്നു. ഇവര്‍ വിവരവും ബുദ്ധിയുമുള്ള യൂറോപ്യന്മാരാണ്. ഭീകരന്മാരാകാന്‍ സാധ്യതയുള്ള, നിഗൂഢ ഭൂതകാലമുള്ള ആളുകളല്ല.'' മുന്‍ യുക്രെയ്‌നിയന്‍ അറ്റോര്‍ണി David Sakvarelidze ബി.ബി.സിയോട് പറഞ്ഞത് ഇങ്ങനെ: ''നമ്മുടെ മനസ്സിനെ പിടിച്ചുകുലുക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. നീലക്കണ്ണും ചെമ്പന്‍ മുടിയുമുള്ള യൂറോപ്യന്മാരെ ഞാന്‍ കാണുന്നു. അവരുടെ കുഞ്ഞുങ്ങള്‍ ദിനംപ്രതി പുടിന്റെ മിസൈലുകളേറ്റ് മരിക്കുന്നു.'' പോളണ്ടിലെ പോലീസ് യുക്രെയ്‌നില്‍ പഠിക്കാനെത്തിയ ആഫ്രിക്കക്കാരായ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ വിസമ്മതിച്ചതും 'ഞങ്ങള്‍ അഭയാര്‍ഥികളല്ല, വിദ്യാര്‍ഥികളാണ്' എന്ന് അവര്‍ വിളിച്ചു പറഞ്ഞതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചോദ്യമിതാണ്. എന്തുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, ആ സംഭവത്തോട് നീതി ചെയ്യാത്ത, മറ്റു സമൂഹങ്ങള്‍ക്ക് അപഖ്യാതിയുണ്ടാക്കുന്ന വിധത്തില്‍ കമന്റുകളിടുന്നത്; താരതമ്യങ്ങള്‍ നടത്തുന്നത്? റിപ്പോര്‍ട്ടിംഗ് നിഷ്പക്ഷമാവണമെന്ന മാധ്യമ ധാര്‍മികതയെയും തൊഴില്‍പരമായ പ്രതിബദ്ധതയെയും ചവിട്ടിയരക്കുകയല്ലേ ഇവിടെ ചെയ്യുന്നത്? ഒന്നാമത്തെ വിഷയം മാധ്യമ ധാര്‍മികത തന്നെയാണ്. രണ്ടാമത്തേത്, വംശീയമായ വിവേചനവും മുന്‍വിധികളും.

മാധ്യമ ധാര്‍മികതയും 

താരതമ്യത്തിന്റെ രീതിശാസ്ത്രവും
മേല്‍ കൊടുത്ത ഉദ്ധരണികള്‍ ശ്രദ്ധിച്ചാല്‍, യുക്രെയ്‌നിയന്‍ ജനതയുടെ ദുരന്തത്തെ മറ്റു ജനവിഭാഗങ്ങളുടെ ദുരന്തങ്ങളുമായി താരതമ്യപ്പെടുത്തുന്നതായാണ് കാണാനാവുക; പ്രത്യേകിച്ച് മധ്യപൗരസ്ത്യ -വടക്കനാഫ്രിക്കന്‍ ജനസമൂഹങ്ങളുമായി. ഈ താരതമ്യത്തില്‍ ഇരു വിഭാഗം അഭയാര്‍ഥികളെ കൃത്യമായി വിവേചിച്ച് മാറ്റിനിര്‍ത്തുന്നത് കാണാം. അത് മതത്തിന്റെയും വര്‍ണത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും ('ക്രിസ്ത്യാനികള്‍', 'വെള്ളക്കാര്‍', 'നമ്മുടെ അയല്‍ക്കാര്‍') പേരില്‍ മാത്രമല്ല, സാമ്പത്തിക നിലയുടെ പേരില്‍ പോലുമുണ്ട്. യുക്രെയ്‌നിയന്‍ അഭയാര്‍ഥികള്‍ മറ്റു അഭയാര്‍ഥികളെപ്പോലെയല്ല; കാരണമവര്‍ 'സമ്പന്ന മധ്യ വര്‍ഗങ്ങളി'ല്‍ പെടുന്നവരാണല്ലോ! യുദ്ധം നടക്കുന്ന നാടുകളെയും വിവേചിച്ച് തന്നെയാണ് പറയുന്നത്. യുക്രെയ്ന്‍ പരിഷ്‌കൃത യൂറോപ്യന്‍ നാട്; അത് യുദ്ധം പതിവായ ഇറാഖും അഫ്ഗാനിസ്താനും പോലെയല്ല! ഒറ്റപ്പെട്ട ദരിദ്ര രാഷ്ട്രത്തിലല്ല, യൂറോപ്യന്‍ ജീവിത ശൈലി പിന്തുടരുന്ന (നെറ്റ് ഫ്‌ളിക്‌സ്, ഇന്‍സ്റ്റഗ്രാം, വോട്ടെടുപ്പ്, സ്വതന്ത്ര പത്രപ്രവര്‍ത്തനം...) രാജ്യത്താണ് ഇത് നടക്കുന്നതതെന്ന് പറയുമ്പോള്‍, യുദ്ധം നടക്കേണ്ടത് പിന്നാക്ക മൂന്നാം ലോക രാജ്യങ്ങളിലാണെന്ന സൂചനയുണ്ട്. യുക്രെയ്‌നെ തകര്‍ത്ത അതേ റഷ്യയാണ് സിറിയയെയും തകര്‍ത്തതെന്ന സത്യമാണ് ഇവിടെ മൂടിവെക്കപ്പെടുന്നത്; ഫലസ്ത്വീനില്‍ യുദ്ധമഴിച്ചു വിടുന്നത് ഇസ്രയേലാണെന്നും അഫ്ഗാനിലും ഇറാഖിലും അധിനിവേശം നടത്തിയത് അമേരിക്കയാണെന്നുമുള്ള സത്യവും. ഇതൊക്കെ മറച്ചുവെച്ച്, ദുര്‍ബല രാഷ്ട്രങ്ങളുടെ സഹജ ദൗര്‍ബല്യമാണ് യുദ്ധങ്ങള്‍ എന്ന മട്ടിലാണ് മാധ്യമ വിവരണങ്ങള്‍.
ഈ വര്‍ണവെറിയന്‍ പത്രപ്രവര്‍ത്തനത്തെ അറബ് ആന്റ് മിഡില്‍ ഈസ്റ്റേണ്‍ ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ (AMEJA) ശക്തമായി അപലപിക്കുകയുണ്ടായി. അവരിറക്കിയ പ്രസ്താവനയില്‍ ചില പ്രധാന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒന്ന്: ചില യുദ്ധങ്ങളെ ന്യായീകരിക്കുകയും ചില യുദ്ധങ്ങളിലെ ഇരകളോട് സഹതപിക്കുകയും ചെയ്യുന്ന ഈ താരതമ്യം തീര്‍ത്തും അസ്വീകാര്യമാണ്. ചില അധിനിവേശ ഭീകരതകള്‍ക്ക് ഒളിത്താവളമൊരുക്കാന്‍ ഇതുവഴി കഴിയുന്നുണ്ട്. രണ്ട്: ഇരകളില്‍ ഒരു വിഭാഗത്തെ താങ്ങുകയും മറ്റു വിഭാഗങ്ങളെ കൈയൊഴിയുകയും ചെയ്യുന്നത് നീതിയല്ല. മൂന്ന്: താരതമ്യത്തിലൂടെ മധ്യപൗരസ്ത്യവും വടക്കനാഫ്രിക്കയും അപരിഷ്‌കൃതമാണെന്ന് ധ്വനിപ്പിച്ചുകൊണ്ട് അവര്‍ യുദ്ധം അര്‍ഹിക്കുന്നു എന്നു വരുത്തിത്തീര്‍ക്കുന്നത് കുടില മനസ്‌കതയാണ്.
വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനും അപഗ്രഥിക്കാനുമുള്ള ഒരു വിശകലനോപാധിയാണ് താരതമ്യം എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ ഇവിടെ താരതമ്യത്തിലേക്ക് വംശീയമായ മുന്‍വിധികള്‍ കടന്നുവരികയാണ്. അപ്പോള്‍ അപഗ്രഥനത്തിനല്ല, മൂടുറച്ചുപോയ വംശീയ വിവേചന ചിന്തകളെ ഊട്ടിയുറപ്പിക്കാനാണ് ഈ താരതമ്യം നിമിത്തമാവുന്നത്. ഇവിടെ പത്രപ്രവര്‍ത്തനം ധാര്‍മികമായി മാത്രമല്ല, ഒരു പ്രൊഫഷന്‍ എന്ന നിലക്കും പരാജയപ്പെടുകയാണ്. നിഷ്പക്ഷതയും വസ്തുനിഷ്ഠതയുമാണ് ഒരു പത്രപ്രവര്‍ത്തകന്റെ യഥാര്‍ഥ മൂലധനം. യൂറോപ്പിലെ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സിരകള്‍ക്ക് തീ പിടിക്കുകയും മധ്യപൗരസ്ത്യ ദേശത്തെ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സിരകള്‍ തണുത്തുറയുകയും ചെയ്യുന്നത് എന്തൊരു തരം പത്രപ്രവര്‍ത്തനമാണ്! വിശ്വാസ്യതയും വസ്തുനിഷ്ഠതയും അപ്പടി കളഞ്ഞുകുളിക്കുകയാണ് ഈ പത്രപ്രവര്‍ത്തകര്‍.
മുകളില്‍ കൊടുത്ത കമന്റുകളുടെ വരികള്‍ക്കിടയില്‍ വായിച്ചാല്‍, യുക്രെയ്ന്‍ അഭയാര്‍ഥികള്‍ സഹായവും സഹതാപവും അര്‍ഹിക്കുന്നത് അവര്‍ യൂറോപ്യന്മാരോട് 'സദൃശര്‍' ആയതുകൊണ്ടാണ് എന്ന് തോന്നും. അവര്‍ അന്യായമായി കൈയേറ്റം ചെയ്യപ്പെട്ടു എന്നതല്ല പ്രശ്‌നം. അങ്ങനെയെങ്കില്‍ അന്യായമായി കൈയേറ്റം ചെയ്യപ്പെട്ട എല്ലാ ജനവിഭാഗങ്ങളെയും ഇവര്‍ക്ക് ഒരേ കണ്ണുകൊണ്ട് കാണാന്‍ കഴിയേണ്ടതല്ലേ? മാത്രവുമല്ല ഈ കമന്റുകളെക്കുറിച്ച് ഞഞ്ഞാപിഞ്ഞ വര്‍ത്തമാനം എന്നേ പറയാനാവൂ. ഇത്തരം കാര്യങ്ങള്‍ വിളമ്പിയത് കൊണ്ട് വാര്‍ത്താ വിശകലനത്തെ അത് ഏതെങ്കിലും തരത്തില്‍ സഹായിക്കുന്നുണ്ടോ? വാര്‍ത്തകള്‍ സത്യസന്ധമായും വിവേചനരഹിതമായും റിപ്പോര്‍ട്ട് ചെയ്യുകയും വിശകലനം ചെയ്യുകയുമാണ് പത്രപ്രവര്‍ത്തകന്റെ ധര്‍മം. കൂടുതല്‍ വ്യക്തതക്ക് വേണ്ടിയാണ് താരതമ്യങ്ങള്‍ വരേണ്ടത്.
വിവിധ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ പലതരം സന്ദര്‍ഭങ്ങളിലാണ് ഉണ്ടാവുന്നതെങ്കിലും താരതമ്യം വഴി നമുക്കവയെ വിശകലനം ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ സ്വയം ചാവേറായി പാലം തകര്‍ത്ത യുക്രെയ്ന്‍ ഭടനെ ന്യൂയോര്‍ക്ക് പോസ്റ്റ് വിശേഷിപ്പിച്ചത്, 'ധീര യുക്രെയ്‌നിയന്‍ സൈനികന്‍' എന്നാണ്. ഫലസ്ത്വീനില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയും ഇത്തരം ചാവേറാക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. പശ്ചാത്തലങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഇവ തമ്മില്‍ താരതമ്യം അര്‍ഹിക്കുന്നുണ്ട്. പക്ഷേ താരതമ്യം ഉണ്ടാവുന്നില്ല. യുക്രെയ്‌ന് വേണ്ടി പൊരുതാന്‍ പോകുന്ന ബ്രിട്ടീഷുകാര്‍ക്ക് വേണ്ട സഹായമൊക്കെ ചെയ്യുമെന്ന് പ്രഖ്യാപിക്കുന്ന ബ്രിട്ടീഷ് വിദേശകാര്യമന്ത്രി, റഷ്യയുടെ തന്നെ അധിനിവേശത്തിനെതിരെ സിറിയയില്‍ പോയവരോട് മറ്റൊരു വര്‍ത്തമാനമാണ് പറയുന്നത്. താരതമ്യത്തിലൂടെ ഇവിടെ വിഷയത്തിന് കൂടുതല്‍ വ്യക്തത കൈവരുന്നുണ്ടെന്ന് ഉറപ്പാണല്ലോ.

വംശീയതയും പത്രധര്‍മവും

വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ ന്യായങ്ങളും വാദമുഖങ്ങളും കൊണ്ടുവരുന്നത് വംശീയ വിവേചനത്തിന്റെ നിര്‍വചനത്തില്‍ പെടുമെന്ന് 1978-ലെ ഒരു യു.എന്‍ പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. വംശത്തിന്റെയും (നിറം, ശരീരഘടന), സംസ്‌കാരത്തിന്റെയും (വസ്ത്രധാരണം, ജീവിതശൈലി) മതത്തിന്റെയും (ഇവിടെ ക്രിസ്തുമതം, ഇസ്‌ലാം) അടിസ്ഥാനത്തിലുള്ള വിവേചനങ്ങളാണ് ഇവിടെ നാം കാണുന്നത്.
വംശീയത യൂറോപ്യന്‍ കൊളോണിയലിസത്തോടൊപ്പവും അവരുടെ അടിമ വ്യാപാരത്തോടൊപ്പവും സഞ്ചരിച്ച ഒരു ആശയമാണ്. കൊളോണിയലിസത്തിനും തദ്ദേശീയരുടെ കൂട്ട ഉന്മൂലനത്തിനും ആ വംശീയത ന്യായങ്ങള്‍ ചമച്ചു. ഓറിയന്റല്‍ ആഖ്യാനങ്ങള്‍ പ്രതിഫലിക്കുന്ന മേല്‍ ഉദ്ധരണികളിലുള്ളതും മറ്റൊന്നല്ല. വെള്ളക്കാരല്ലാത്തവരുടെ ദുരിതങ്ങള്‍ അവരുടെ അപരിഷ്‌കൃത സംസ്‌കാരത്തിന്റെ സൃഷ്ടിയാണെന്നും അവരത് അനുഭവിക്കാന്‍ ബാധ്യസ്ഥരാണെന്നും വെള്ളക്കാരുടെ ദുരിതങ്ങളേ സഹാനുഭൂതി അര്‍ഹിക്കുന്നുള്ളൂവെന്നുമാണ് ഇത് പറഞ്ഞ് വെക്കുന്നത്. അതിനാല്‍ യുദ്ധവും ഭീകരതയുമൊക്കെ മുസ്‌ലിംകളെപ്പോലുള്ള 'അപരന്മാരി'ലേക്കേ അവര്‍ ചേര്‍ത്തിപ്പറയൂ.
മേല്‍ കൊടുത്ത ഉദ്ധരണികളിലെ കേന്ദ്ര ആശയം, 'നമ്മോട് സാദൃശ്യം' ഉള്ളവരോടുള്ള ചായ്‌വ് ആണ്. അത് ശരീര ഘടനയിലോ നിറത്തിലോ വസ്ത്രത്തിലോ ജീവിത ശൈലിയിലോ ഒക്കെ ആവാം. സ്വാതന്ത്ര്യം, ബഹുസ്വരത, സഹിഷ്ണുത എന്നിവയൊക്കെ ഉദ്‌ഘോഷിക്കുന്ന ലിബറലിസത്തിന് എത്രയായിട്ടും ഈ വംശീയവെറി തുടച്ചുനീക്കാനാവുന്നില്ല. ഈ ചിന്ത ദുരന്തത്തില്‍ പെടുന്ന ഒരു വിഭാഗത്തിന് പ്രാമുഖ്യം കൊടുക്കുക എന്ന നിലവിട്ട് കുറഞ്ഞ മനുഷ്യത്വമുള്ളവര്‍, കൂടുതല്‍ മനുഷ്യത്വമുള്ളവര്‍ എന്ന നിലക്ക് ലോകജനതകളെ കള്ളി തിരിക്കുകയും ചെയ്യുന്നു. 
(അല്‍ജസീറ കോളമിസ്റ്റാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 60-63
ടി.കെ ഉബൈദ്‌

ഹദീസ്‌

വംശീയതയില്‍ അഭിരമിക്കുന്ന ചാണക വണ്ടുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌