Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 18

3244

1443 ശഅ്ബാന്‍ 15

സി.പിഎമ്മിന്റെ വികസന രേഖയും ചില അനുഭവ പാഠങ്ങളും

എ.ആര്‍

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്)യുടെ 23-ാം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്ന് മുതല്‍ നാലു വരെ തീയതികളില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ സാഘോഷം നടന്നു. നേതാക്കളും പ്രതിനിധികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. കോവിഡ് കാല നിയന്ത്രണങ്ങളില്‍ അയവ് വന്ന സാഹചര്യത്തില്‍ ബ്രാഞ്ച് കമ്മിറ്റി മുതല്‍ സ്‌റ്റേറ്റ് കമ്മിറ്റി വരെ പാര്‍ട്ടി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് അപശബ്ദങ്ങളും വിഭാഗീയ പ്രവണതകളും ഇല്ലാതെ നടന്നതാണ് ശ്രദ്ധേയമായ നേട്ടം. സംസ്ഥാന ചരിത്രത്തിലാദ്യമായി പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച കൈവന്ന ആഹ്ലാദവും ആവേശവും പ്രതിഫലിച്ച സമ്മേളനം പുതിയ പ്രതീക്ഷകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും ഇടം നല്‍കിക്കൊണ്ടാണ് സമാപിച്ചത്. ഇനി ഏപ്രിലില്‍ കണ്ണൂരില്‍ ചേരാനിരിക്കുന്ന പാര്‍ട്ടി ദേശീയ കോണ്‍ഗ്രസ്സ് കൂടി കഴിയുമ്പോള്‍ വര്‍ധിത വീര്യത്തോടെ രംഗത്തിറങ്ങാന്‍ രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിക്ക് അവസരമൊരുങ്ങും. പക്ഷേ കേരളത്തില്‍ പാര്‍ട്ടിയുടെ നില പൂര്‍വാധികം ശക്തവും ഭദ്രവുമാണെന്ന തോന്നല്‍ നിലനില്‍ക്കെത്തന്നെ ദേശീയ തലത്തില്‍ പ്രത്യാശാജനകമായ മാറ്റങ്ങളൊന്നും പ്രകടമല്ല. ബംഗാള്‍ ജനത മൂന്നര പതിറ്റാണ്ട് ഭരിച്ച പാര്‍ട്ടിയെ കൈവിട്ടതില്‍ പിന്നെ ഒരു വീണ്ടുവിചാരവും ഉണ്ടായതിന്റെ സൂചനകളില്ല. ലോക്‌സഭ, നിയമസഭ, തദ്ദേശസഭ തെരഞ്ഞെടുപ്പുകളിലുടനീളം തൃണമൂലിന്റെ മുന്നില്‍ അടിയറ പറയുകയായിരുന്നു ഇടതു പാര്‍ട്ടികള്‍. തുല്യ ദുഃഖിതരായ കോണ്‍ഗ്രസ്സുമായി ധാരണയിലേര്‍പ്പെട്ടിട്ടും കോണ്‍ഗ്രസ്സിനുണ്ടായ നേട്ടങ്ങള്‍ പോലും സി.പി.എമ്മിന് കൈവരിക്കാനായില്ല. പകരം സാമ്പ്രദായിക സമ്മതിദായകരില്‍ വലിയൊരു വിഭാഗം തീവ്ര വലതുപക്ഷത്തിലാണ് ചേക്കേറിയത്. കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ബിഹാറില്‍ പോലും മുന്‍ നക്‌സലൈറ്റുകളുടെ സി.പി.ഐ(എല്‍.എല്‍)ന്റെ താഴെയാണ് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സ്ഥാനം. ഇപ്പോള്‍ 403 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന യു.പിയിലാകട്ടെ അഖിലേഷ് യാദവിന്റെ പ്രാദേശിക പാര്‍ട്ടിക്ക് ഏകപക്ഷീയമായി പിന്തുണ നല്‍കാനേ സി.പി.എമ്മിന് സാധിച്ചുള്ളൂ. ഒരു സീറ്റില്‍ പോലും മത്സരിക്കാന്‍ സമാജ് വാദി അവസരം നല്‍കിയില്ല. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മതേതര പാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് ബി.ജെ.പിയെ അധികാര ഭ്രഷ്ടമാക്കാനുള്ള തന്ത്രമാവും രൂപപ്പെടുത്തുക. പക്ഷേ ആരോടൊക്കെ കൂട്ടു ചേരാം, ആരെ മാറ്റിനിര്‍ത്തണം എന്ന വിഷയത്തില്‍ സുചിന്തിത തീരുമാനത്തിലെത്തുന്ന കാര്യത്തില്‍ തികഞ്ഞ ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. എറണാകുളം സമ്മേളനം ഉദ്ഘാടനം ചെയ്ത ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസ്സിനെ ഒറ്റ വാക്കില്‍ പോലും പരാമര്‍ശിക്കാതിരുന്നത് വാര്‍ത്തയായി. കേരളത്തില്‍ മുഖ്യ രാഷ്ട്രീയ പ്രതിയോഗിയായ കോണ്‍ഗ്രസ്സിനോട് ഏതെങ്കിലും തലത്തിലുള്ള ബാന്ധവം ആത്മഹത്യാപരമായി കേരള ഘടകം കണക്കാക്കുമ്പോള്‍, ദേശീയ നേതൃത്വത്തില്‍ പ്രബല വിഭാഗം മതേതര സഖ്യത്തില്‍നിന്ന് പ്രധാന പ്രതിപക്ഷ കക്ഷിയെ ഒഴിച്ചുനിര്‍ത്തുന്നത് ലക്ഷ്യപ്രാപ്തിക്ക് സഹായകമല്ല എന്ന അഭിപ്രായം വെച്ചുപുലര്‍ത്തുന്നു. മൃദു ഹിന്ദുത്വം മുഖമുദ്രയാക്കിയ കോണ്‍ഗ്രസ്സിനെ വിശ്വസിക്കാവുന്ന മതേതര കക്ഷിയായി കാണാനാവില്ലെന്ന അഭിപ്രായത്തില്‍ ശരിയുണ്ട്. പണവും പദവിയും ഓഫര്‍ ചെയ്താല്‍, അല്ലെങ്കില്‍ ഇ.ഡി അന്വേഷണം നടത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കളടക്കം കളം മാറിച്ചവിട്ടുന്ന അനുഭവം വേണ്ടത്രയുണ്ടല്ലോ. തൃണമൂല്‍, എസ്.പി, ടി.പി.എസ് തുടങ്ങിയ പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സിതര സഖ്യമാണ് മുന്നോട്ട് വെക്കുന്നതും. അതേസമയം മൂന്ന് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഭരണത്തിലിരിക്കുന്ന, മറ്റു ചില സംസ്ഥാനങ്ങളില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനെ പുറത്ത് നിര്‍ത്തിക്കൊണ്ടുള്ള ഏത് സഖ്യവും വോട്ട് ശിഥിലമാക്കി തീവ്ര ഹിന്ദുത്വ വിജയം സുനിശ്ചിതമാക്കുകയേ ചെയ്യൂ. അതിനാല്‍ സി.പി.എമ്മിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് സാധിച്ചേ പറ്റൂ.
കാല്‍ നൂറ്റാണ്ടെങ്കിലും നിര്‍വിഘ്‌നം തുടരുന്ന ഇടതുപക്ഷ സര്‍ക്കാറിനെ സ്വപ്‌നം കണ്ടുകൊണ്ടാണ് സി.പി.എം കേരള വികസന രേഖ തയാറാക്കിയിരിക്കുന്നത്. സൈദ്ധാന്തിക പിടിവാശി ഉപേക്ഷിച്ച് യാഥാര്‍ഥ്യബോധത്തോടെ നയംമാറ്റത്തിന് സന്നദ്ധമാവുക മാത്രമാണ് പിടിച്ചു നില്‍ക്കാനുള്ള വഴി എന്ന് പിണറായിയും സഹപ്രവര്‍ത്തകരും തിരിച്ചറിഞ്ഞിരിക്കുന്നു. വ്യവസായങ്ങളിലും സാമ്പത്തികാസൂത്രണത്തിലും മാത്രമല്ല, ഉന്നത വിദ്യാഭ്യാസ രംഗത്തും സ്വകാര്യ നിക്ഷേപവും പങ്കാളിത്തവും അനുവദിക്കുമെന്ന പ്രഖ്യാപനം വിമര്‍ശനവും പരിഹാസവും ക്ഷണിച്ചുവരുത്തുക സ്വാഭാവികമാണെങ്കിലും പാര്‍ട്ടി അണികളില്‍നിന്ന് അപശബ്ദങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം വ്യക്തമാണ്. കാലം മാറി, കഥ മാറി. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളൊക്കെ മൗലിക മാറ്റങ്ങള്‍ക്ക് വിധേയമായി. ഏക കമ്യൂണിസ്റ്റ് ശക്തിയായ ചൈന മൗലിക മാറ്റത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. ഇനിയും പഴയ സൈദ്ധാന്തിക വാശിയുമായി അള്ളിപ്പിടിച്ചിരുന്നാല്‍ ജനം കൈയൊഴിയും. ബുദ്ധദേവ് ഭട്ടാചാര്യ ബംഗാള്‍ മുഖ്യമന്ത്രി പദത്തിലിരുന്നപ്പോള്‍ ബംഗാളില്‍ നടപ്പാക്കിയ പരീക്ഷണം പാര്‍ട്ടിയെയും ഇടതു ഭരണത്തെയും ശ്മശാനത്തിലേക്ക് നയിച്ചത് പാഠമാവേണ്ടതാണ്. പക്ഷേ, സിംഗൂരിലും നന്ദിഗ്രാമിലും വന്‍ കോര്‍പ്പറേറ്റുകളെ കുടിയിരുത്താനുള്ള പരിപാടി പാവപ്പെട്ട കര്‍ഷക ലക്ഷങ്ങളുടെ ചെലവിലായതും തൃപ്തികരമായ ബദല്‍ ഓഫര്‍ ചെയ്യാന്‍ കഴിയാതെ പോയതുമൊക്കെ നയം മാറ്റത്തെ പരാജയപ്പെടുത്തിയ കാരണങ്ങളാണ്. ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയും, തൊഴിലവസരങ്ങള്‍ വേണ്ടത്ര സൃഷ്ടിച്ചും ആയിരിക്കും കേരളത്തിലെ വികസന പദ്ധതി എന്നാണ് വാദ്ഗാനം. സംസ്ഥാനത്തിന്റെ മാനവ വിഭവശേഷി പരമാവധി മെച്ചപ്പെടുത്തി രാജ്യത്തിനകത്തും പുറത്തും യുവതലമുറക്ക് പൊരുതി ജയിക്കാനുള്ള മനക്കരുത്ത് ഉറപ്പുവരുത്തുന്നതാവണം വിദ്യാഭ്യാസ രംഗത്ത് വിദേശ ഏജന്‍സികളുടെ പങ്കാളിത്തം. ഇതിനൊക്കെ അവശ്യം ആവശ്യമായ മൂലധനം സ്വരൂപിക്കാന്‍ സംസ്ഥാനത്തിനാവില്ല. കേന്ദ്രം സഹായിക്കുമെന്ന് ഉറപ്പിക്കാനും വയ്യ. അപ്പോള്‍ പിന്നെ വിദേശ മൂലധനത്തെ സ്വാഗതം ചെയ്യുകയല്ലാതെ വഴിയില്ല. കിഫ്ബിയിലൂടെ തുടങ്ങി വെച്ച വികസന മാതൃകയുടെ വിപുലീകൃത രൂപമാവും ചുരുക്കത്തില്‍ സമഗ്ര വികസന പദ്ധതിയും. കേരളത്തിന്റെ ദുര്‍ബല പാരിസ്ഥിതിക സാഹചര്യങ്ങളും ജനസാന്ദ്രതയും വന്‍കിട പദ്ധതികള്‍ക്ക് ഭീഷണിയായിരിക്കെ പാര്‍ട്ടിയുടെ ജനപിന്തുണയും പോഷക സംഘടനകളുടെ സജീവ സഹകരണവും വഴി എതിര്‍പ്പുകളെ മറികടക്കാനാവുമെന്നാണ് കണക്കു കൂട്ടല്‍. കഴിഞ്ഞ പാര്‍ട്ടി സമ്മേളന കാലത്തെ അപേക്ഷിച്ച് എറണാകുളം സമ്മേളനമാവുമ്പോഴേക്ക് സി.പി.എം മെമ്പര്‍ഷിപ്പില്‍ 60749 പേരുടെ വര്‍ധനവുണ്ടായി എന്നാണ് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ റിപ്പോര്‍ട്ട്. ബ്രാഞ്ചുകള്‍ 3682-ഉം ലോക്കല്‍ കമ്മിറ്റികള്‍ 121-ഉം പുതുതായി നിലവില്‍ വന്നു. വനിതാ മെമ്പര്‍മാരുടെ എണ്ണത്തിലും ശ്രദ്ധേയ വര്‍ധനയുണ്ടായി. ഇനിയങ്ങോട്ട് വനിതകളിലാവും കൂടുതല്‍ ഊന്നല്‍.
ഇവ്വിധം ശോഭനവും ശുഭകരവുമാണ് ഭാവിയെങ്കിലും ഭരണത്തുടര്‍ച്ചക്ക് മറ്റെന്തിനേക്കാളും നിമിത്തമായത് പ്രളയകാലത്തെ കിറ്റും കോവിഡ്കാല പ്രതിരോധ നടപടികളും ഒപ്പം തന്ത്രപൂര്‍വം സൃഷ്ടിച്ചെടുത്ത സാമുദായിക ധ്രുവീകരണവുമാണെന്ന സത്യം വിസ്മരിച്ചിട്ട് കാര്യമില്ല. കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വ ശക്തിയുടെ തീവ്ര വര്‍ഗീയ നയങ്ങളും പ്രവര്‍ത്തനങ്ങളും സ്വാഭാവികമായി സൃഷ്ടിച്ച ഭീതി രണ്ട് പ്രബല ന്യൂനപക്ഷങ്ങളുടെ വര്‍ധിത പിന്തുണ ഉറപ്പാക്കിയതോടൊപ്പം കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിന്റെ പാളിച്ചകളും പിടിപ്പുകേടുകളും മുതല്‍ക്കൂട്ടായി. മുസ്‌ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അകല്‍ച്ച തന്ത്രപരമായി ഉപയോഗപ്പെടുത്താനും പാര്‍ട്ടിക്ക് സാധിച്ചു. മതേതര ജനാധിപത്യ കൂട്ടായ്മയെന്ന് നിരന്തരം അവകാശപ്പെടുന്ന ഇടത് മുന്നണിക്ക്, ഒരിക്കലും അഭിമാനകരമല്ല ഈ കുത്തിത്തിരുപ്പെങ്കിലും ലക്ഷ്യം മാര്‍ഗത്തെ നീതീകരിക്കുന്നത് കൊണ്ട് ഉടനടി ഒരു പുനര്‍വിചിന്തനം പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിലെ വര്‍ധിത ആര്‍.എസ്.എസ് സ്വാധീനം, സര്‍ക്കാര്‍ വകുപ്പുകളില്‍ മൊത്തം പി.എസ്.സിയെ നോക്കുകുത്തിയാക്കി ത്വരിതപ്പെടുത്തുന്ന പാര്‍ട്ടി റിക്രൂട്ട്‌മെന്റ്, മുമ്പൊരിക്കലും കാണാത്തവിധം ഉയരുന്ന അഴിമതിയാരോപണങ്ങള്‍, നിയമവാഴ്ചയെ വെല്ലുവിളിച്ച് മുന്നേറുന്ന ഗുണ്ടായിസം, മദ്യം-മയക്കുമരുന്ന് മാഫിയയുടെ അപ്രതിരോധ്യ വളര്‍ച്ച, വിദ്യാര്‍ഥി-യുവജന വിഭാഗത്തില്‍ വ്യാപകമാവുന്ന താന്തോന്നിത്ത ജീവിത ശൈലി തുടങ്ങിയ തിക്ത സത്യങ്ങളുടെ നേരെ കണ്ണടക്കുന്ന നയം തുടര്‍ന്നാല്‍ എന്തു സംഭവിക്കുമെന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ലോകത്തിലെ ഒന്നാമത്തെ കമ്യൂണിസ്റ്റ് ആദര്‍ശ സ്‌റ്റേറ്റിന്റെ തകര്‍ച്ചയിലേക്ക് നയിച്ച ഹേതുക്കള്‍ അപഗ്രഥിക്കെ പെരിസ്‌ട്രോയ്ക്കയില്‍ മിഖായേല്‍ ഗോര്‍ബച്ചേവ് ചൂണ്ടിക്കാട്ടിയത് മറക്കാതിരിക്കുന്നത് നന്നാവും.
''പൊതു ധാര്‍മിക മൂല്യങ്ങള്‍ ക്ഷയിക്കാന്‍ തുടങ്ങി. വിപ്ലവത്തിന്റെയും ആദ്യ പഞ്ചവത്സര പദ്ധതികളുടെയും മഹത്തായ ദേശാഭിമാന യുദ്ധത്തിന്റെയും യുദ്ധാനന്തര പുനരുദ്ധാരണത്തിന്റെയും വീരോചിതമായ നാളുകളില്‍ ഊട്ടിവളര്‍ന്നുവന്ന അന്യോന്യമുള്ള ഐക്യദാര്‍ഢ്യം എന്ന മഹത്തായ വികാരം ദുര്‍ബലമായിക്കൊണ്ടിരുന്നു. മദ്യപാനാസക്തിയും മയക്കുമരുന്നിനോടുള്ള വിധേയത്വവും കുറ്റകൃത്യങ്ങളും വര്‍ധിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്കന്യമായ ജനക്കൂട്ട സംസ്‌കാരത്തിന്റെ നുഴഞ്ഞുകയറ്റം ആഭാസത്തരവും അധമമായ അഭിരുചികളും വളര്‍ത്തി. പ്രത്യയശാസ്ത്രപരമായ വന്ധ്യത വര്‍ധിച്ചു''  (പെരിസ്‌ട്രോയ്ക്ക, മലയാള പരിഭാഷ, പേജ് 16).
''വിശ്വാസവും ഉത്തരവാദിത്തവും നേടിയിരുന്ന ആളുകള്‍ അധികാര ദുര്‍വിനിയോഗം നടത്തി. വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തി. അവിഹിതമായി വലിയ സ്വത്ത് സമ്പാദിച്ചു. ചില കേസ്സുകളില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. ഈ പെരുമാറ്റങ്ങള്‍ അധ്വാനിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ന്യായമായും രോഷം വളര്‍ത്തി'' (പേജ് 17).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 60-63
ടി.കെ ഉബൈദ്‌

ഹദീസ്‌

വംശീയതയില്‍ അഭിരമിക്കുന്ന ചാണക വണ്ടുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌