Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 18

3244

1443 ശഅ്ബാന്‍ 15

ഹൈദറലി ശിഹാബ് തങ്ങള്‍ വിനയവും പക്വതയും സമന്വയിച്ച വ്യക്തിത്വം

എം.ഐ അബ്ദുല്‍ അസീസ്

തികഞ്ഞ വിനയവും സൗമ്യഭാവവുമാണ് മുസ്ലിംലീഗിന്റെയും സമസ്തയുടെയും വിടപറഞ്ഞ നേതാവ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത്. നിരവധി തവണ അദ്ദേഹവുമായി സന്ധിക്കുവാനും പല വിഷയങ്ങളിലും ഹ്രസ്വ, ദീര്‍ഘ സംഭാഷണങ്ങളിലേര്‍പ്പെടാനും അവസരമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെയും ആകര്‍ഷിച്ചതായിരുന്നു ഈ രണ്ട് മഹിമയാര്‍ന്ന വ്യക്തിത്വവിശേഷങ്ങളും.
ഏതവസരത്തില്‍ കാണണമെന്നറിയിച്ചാലും വീട്ടിലേക്ക് വരാന്‍ നിര്‍ദേശിക്കും. പലപ്പോഴും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവേണ്ട എന്ന് കരുതി അതിരാവിലെ എത്താമെന്ന് പറഞ്ഞാലും  സന്തോഷപൂര്‍വം സ്വാഗതം ചെയ്യും. കേരളത്തിലെ ഒരു പ്രധാന രാഷ്ര്ട്രീയ പ്രസ്ഥാനത്തിന്റെ അനിഷേധ്യ അമരക്കാരനെന്നോ ഏറ്റവും വലിയ മതസംഘടനയുടെ നേതാവെന്നോ ഉള്ള യാതൊരു ഭാവഭേദവുമില്ലാതെ, ഒരു സാധാരണക്കാരനായ മുസ്‌ലിമെന്ന നിലക്കുള്ള സ്വീകരണം അതീവ ഹൃദ്യമാണ്. സ്വീകരണ മുറിയില്‍ ഇരുത്തിയ ശേഷം അദ്ദേഹം അടുക്കളയില്‍ പോയി ഒരു കൈയില്‍ ചായക്കൂജയും മറു കൈയില്‍ ഗ്ലാസുകളുമായി തിരിച്ചുവരും. ഓരോരുത്തരുടെയും കൈകളില്‍ ഗ്ലാസ് നല്‍കിയ ശേഷം ചായ അതിലേക്ക് ഒഴിച്ചു കൊടുക്കും. ഒരിക്കല്‍ കൂടി അടുക്കളയിലേക്ക് പോയി ലഘു കടികളുള്ള ഒന്നോ രണ്ടോ പാത്രങ്ങളുമായി തിരിച്ചെത്തും. അനേകം പരിചാരകരെ ലഭ്യമാക്കാവുന്ന വ്യക്തിത്വമാണെങ്കിലും തന്റെ അതിഥികളെ സ്വീകരിക്കുന്നതിന്റെ പുണ്യം തനിക്ക് തന്നെ ആയിരിക്കട്ടെ എന്ന് ആ ശരീരവും മനസ്സും പറഞ്ഞു തരുന്നുണ്ടായിരുന്നു.
ജമാഅത്തിനും ജമാഅത്ത് നേതാക്കള്‍ക്കും വലിയ പരിഗണനയാണ് അദ്ദേഹം നല്‍കിയത്. രോഗബാധിതനായിരിക്കെ, പൊതുജന സമ്പര്‍ക്കമെല്ലാം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ കാണണമെന്നാഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം മറുത്തൊന്നാലോചിക്കാതെ സമ്മതം തന്നു. ജമാഅത്തിന്റെ മറ്റ്  നേതാക്കളോടൊപ്പം, അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ഏറെ നേരം അദ്ദേഹം ഞങ്ങളോട് സംസാരിച്ചു.
പറയുന്ന കാര്യങ്ങള്‍ ആദ്യാവസാനം ശ്രദ്ധയോടെ കേട്ടിരിക്കും. നമ്മുടെ സംസാരം കഴിഞ്ഞതിന് ശേഷം മാത്രം മിതമായ ശബ്ദത്തില്‍ പ്രതികരിക്കും. അതിനിടക്ക് ആരെങ്കിലും കാണാനെത്തിയാല്‍ അവര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.
എല്ലാ വിഭാഗം ജനങ്ങളോടും വിശ്വാസ, ആശയ, ജാതി ഭേദമന്യേ ഇടപഴകുന്നതിലൂടെ ഇസ്‌ലാമിന്റെ  മാനുഷിക മുഖത്തിന്റെ മാതൃകയാവുകയായിരുന്നു അദ്ദേഹം.
മുസ്ലിം സമുദായത്തെ ആള്‍ബലത്തിന്റെ ഉറവിടമായി സ്വീകരിച്ച ഒരു മതനിരപേക്ഷ പ്രസ്ഥാനത്തിന്റെ നായകനാവുന്നതിന് ഉചിതമാര്‍ന്ന വ്യക്തിത്വമായിരുന്നു തങ്ങള്‍. മുസ്‌ലിം സമുദായത്തിന് ന്യായമായും നീതിപൂര്‍വകമായും  ലഭിക്കേണ്ട പരിഗണനകളും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോള്‍ ആ സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനം അതിനെതിരെ ശബ്ദമുയര്‍ത്തുക സ്വാഭാവികമാണ്. അത്തരം ഘട്ടങ്ങളില്‍ സാമുദായിക ധ്രുവീകരണത്തിന്റെയോ വര്‍ഗീയ സ്പര്‍ധയുടെയോ അന്തരീക്ഷത്തിലേക്ക് കേരളീയ സമൂഹത്തെ വലിച്ചെറിയാതെ, മറ്റാരെയും മുറിവേല്‍പ്പിക്കാതെ വിഷയമുന്നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം ആ സംഘടനയെ വല്ലാതെ സഹായിച്ചിട്ടുണ്ട്.
മതസംഘടനയുടെയും രാഷ്ട്രീയ സംഘടനയുടെയും നേതൃത്വത്തിലിരിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ്. അനേകം ആരോപണങ്ങളും സംശയങ്ങളും അത്തരം വ്യക്തിത്വങ്ങള്‍ക്കെതിരെ ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കും; വിശേഷിച്ചും പുറമെ മതനിരപേക്ഷമായിരിക്കുമ്പോഴും അകമേ  ഇസ്‌ലാം ഭീതി പേറുന്ന കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക അന്തരീക്ഷത്തില്‍. അങ്ങനെ ഉണ്ടായിട്ടുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലൊക്കെയും അക്ഷോഭ്യനായി നിലകൊണ്ടു എന്നത് അദ്ദേഹത്തിന്റെ മാഹാത്മ്യം തന്നെയാണ്. സമൂഹത്തിനും സമുദായത്തിനും മുസ്‌ലിംലീഗിനുമൊക്കെ അതുകൊണ്ട് ഗുണമുണ്ടാവുകയും ചെയ്തു.
ദീനീവിജ്ഞാനങ്ങളിലുള്ള പാണ്ഡിത്യം ഹൈദറലി ശിഹാബ് തങ്ങളെ പക്വതയുള്ള നേതാവാക്കി തീര്‍ത്തു. മര്‍ഹൂം മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഗുണമായിരുന്നു അത്. കാര്യങ്ങളെ ദീനീപരമായി കാണാനും വിശകലനം ചെയ്യാനുമുള്ള ശേഷി മുസ്‌ലിം നേതൃത്വത്തിന് പ്രധാനമാണല്ലോ. മുസ്‌ലിം ജനസാമാന്യത്തിന് നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിക്കാനും അതുവഴി സാധിച്ചു. വരുംകാലങ്ങളിലും ഈ പാരമ്പര്യം മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനം ഉറപ്പുവരുത്തണം.
വിവിധ മുസ്‌ലിം സംഘടനകള്‍ നടത്തുന്ന നാനാതരം പ്രവര്‍ത്തനങ്ങളെ ആഹ്ലാദപൂര്‍വം നോക്കിക്കണ്ട മനസ്സായിരുന്നു തങ്ങളുടേത്. പലപ്പോഴും അത് നേരില്‍ പങ്കുവെച്ചിട്ടുമുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിട്ടില്ല. ചിന്തിക്കുകയും സജീവമായി സമൂഹത്തില്‍ ഇടപെടുകയും ചെയ്യുമ്പോള്‍ അത് സ്വാഭാവികമാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റെത്. അതേസമയം, ചെറിയ തോതിലെങ്കിലും പ്രകടമായിരുന്ന ശത്രുതാ ഭാവം പേറുന്ന ഭിന്നതകളിലും അസ്വാരസ്യങ്ങളിലും അദ്ദേഹം അതൃപ്തനായിരുന്നു. ശത്രുതയോടെയല്ല, സഹവര്‍ത്തിത്വത്തോടും സാഹോദര്യത്തോടും കൂടിയാണ് മുസ്‌ലിം ഉമ്മത്ത് മുന്നോട്ട് നീങ്ങേണ്ടതെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സമുദായത്തിന്റെ ഐക്യം എന്നും കൊതിച്ചു. മുസ്‌ലിം സംഘടനാ നേതൃത്വങ്ങളുടെ മിക്ക ഒത്തുചേരലുകളിലും അദ്ദേഹമായിരുന്നല്ലോ സാരഥി.
രാഷ്ട്രീയ രംഗത്തും സാംസ്‌കാരിക രംഗത്തും ഉണ്ടായിവരുന്ന മൂല്യച്യുതിക്കെതിരായ രോഷവും അദ്ദേഹം പലപ്പോഴായി പങ്ക് വെച്ചിട്ടുണ്ട്. മാതൃകാവിഭാഗമായിരിക്കേണ്ട മുസ്‌ലിം സമുദായത്തിനകത്ത് ദൃശ്യമാകുന്ന അധാര്‍മിക പ്രവണതകള്‍ അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തില്‍ സംഭവിക്കുന്ന മൂല്യങ്ങളുടെ അപചയത്തെ സംബന്ധിച്ചും പ്രതിബദ്ധതാ രാഹിത്യത്തെ കുറിച്ചും  അദ്ദേഹം ബോധവാനായിരുന്നു.
സമൂഹത്തിന് പൊതുവിലും മുസ്‌ലിം സമുദായ നേതൃത്വത്തിന് വിശേഷിച്ചും, ധാരാളം സദ്മാതൃകകള്‍ ബാക്കിവെച്ചാണ്  തങ്ങള്‍ വിടവാങ്ങിയത്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ.  ജന്നാത്തുല്‍ ഫിര്‍ദൗസില്‍ അദ്ദേഹത്തിനും നമുക്കെല്ലാവര്‍ക്കും ഇടം ലഭിക്കുമാറാകട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 60-63
ടി.കെ ഉബൈദ്‌

ഹദീസ്‌

വംശീയതയില്‍ അഭിരമിക്കുന്ന ചാണക വണ്ടുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌