Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 11

3241

1443 ശഅ്ബാന്‍ 08

ശഅ്ബാന്‍ റമദാനിലേക്കുള്ള മുന്നൊരുക്കം

ഇല്‍യാസ് മൗലവി

വിശ്വാസികള്‍ക്കുള്ള പരിശീലനത്തിന്റെ മാസമാണ് ശഅ്ബാന്‍. വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്യാന്‍ മാനസികമായി ഒരുങ്ങിയും ആ മാസത്തിലെ ആരാധനാകര്‍മങ്ങള്‍ക്ക് സമയക്രമം നിശ്ചയിച്ചും ജീവിതത്തിനൊരു പുതുമുഖം നല്‍കാന്‍ വിശ്വാസികള്‍ തയാറാവണം. സംശുദ്ധമായ തൗബ യിലൂടെ ഈമാനികമായ തയാറെടുപ്പ് നടത്തുന്നതോടൊപ്പം വൈജ്ഞാനികമായ മുന്നേറ്റവും ശഅ്ബാനില്‍ സാധ്യമാകണം. വായിച്ചും പഠിച്ചും നോമ്പിനെ ആഴത്തില്‍ ഉള്‍ക്കൊള്ളണം. വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ വേണ്ടി കുടുംബത്തെ പ്രേരിപ്പിക്കുകയും എല്ലാവരും ഭാഗഭാക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തയാറെടുപ്പുകള്‍ നടത്തുകയും വേണം. പള്ളികളും മറ്റും അലംകൃതമാക്കിയും വീടുകളില്‍ 'നനച്ചുകുളി' നടത്തിയും വൃത്തി കാത്തുസൂക്ഷിക്കണം. മനസ്സില്‍ നിന്ന് അസൂയ, പക, വിദ്വേഷം തുടങ്ങിയ തിന്മകള്‍ നിഷ്‌കാസനം ചെയ്ത് ആത്മസമരം നടത്തി ഹൃദയശുദ്ധി വരുത്തുകയും വേണം.
അബൂബക്ര്‍ അല്‍വര്‍റാഖ് ബല്‍ഖി(റ) പറഞ്ഞു: ''റജബ് വിത്തിറക്കുന്ന മാസമാണ്. ശഅ്ബാന്‍ കൃഷിനനക്കാനുള്ള മാസമാണ്. റമദാനാകട്ടെ വിള കൊയ്യാനുള്ള മാസവും.'' അദ്ദേഹത്തില്‍നിന്നുതന്നെ ഉദ്ധരിക്കപ്പെടുന്നു: ''റജബ് മാസത്തിന്റെ ഉപമ കാറ്റിനെ പോലെയാണ്. ശഅ്ബാന്‍ കാര്‍മേഘത്തെപ്പോലെ, റമദാനോ മഴയെപ്പോലെയും.'' വേറെ ചിലര്‍ പറഞ്ഞു: ''വര്‍ഷം വൃക്ഷത്തെപ്പോലെയും, റജബ്മാസം അതിന് ചില്ലകള്‍ വളരുന്നതുപോലെയുമാണ്. റമദാനാകട്ടെ അതിന്റെ കനികള്‍ പറിക്കുന്ന ദിവസങ്ങളും. വിളവെടുക്കുന്നവര്‍ സത്യവിശ്വാസികളും.'' (ലത്വാഇഫുല്‍ മആരിഫ്).
റജബില്‍ കര്‍മങ്ങള്‍ നട്ടുപിടിപ്പിക്കുകയും ശഅ്ബാനില്‍ വെള്ളമൊഴിച്ചുകൊടുക്കുകയും ചെയ്യാത്തവര്‍ക്ക് റമളാനില്‍ കൊയ്ത്തിനു സാധിക്കില്ലല്ലോ. അതുകൊണ്ട് ശഅ്ബാനില്‍ ആരാധനകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്ത് കൊണ്ട് റമദാനിനെ വരവേല്‍ക്കണം.
പൊതുജനങ്ങള്‍ അശ്രദ്ധരാകുന്ന സമയങ്ങളില്‍ ആരാധനകള്‍കൊണ്ട് ധന്യമാക്കല്‍ പ്രത്യേകം പുണ്യമുള്ള കാര്യമാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഖുര്‍ആന്‍ പലയിടങ്ങളിലും വിശ്വാസികളെ അശ്രദ്ധയില്‍ നിന്നുണര്‍ത്തുന്നത്. ''ഏതൊരാളുടെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധരാക്കുകയും അയാള്‍ തന്നിഷ്ടം പിന്തുടരുകയും ചെയ്തുവോ അവനെ നീ അനുസരിച്ചുപോവരുത്'' (അല്‍ കഹ്ഫ്: 28). ''വിനയത്തോടെയും ഭയത്തോടെയും ഉച്ചത്തിലല്ലാതെയും നീ നിന്റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാവരുത്'' (അല്‍ അഅ്‌റാഫ്: 205). 

പ്രത്യേകതകള്‍
നബിതിരുമേനി (സ) പ്രത്യേകം പരിഗണിച്ചിരുന്ന മാസമാണ് ശഅ്ബാന്‍ മാസമെന്ന് പ്രബലമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരുമാസത്തിലും അവിടുന്ന് സുന്നത്ത് നോമ്പനുഷ്ഠിക്കുകയുണ്ടായിട്ടില്ല, റമദാനിലല്ലാതെ. അതേപ്പറ്റി ചോദിച്ചപ്പോള്‍ പൊതുവേ ആളുകള്‍ അശ്രദ്ധവരുത്താന്‍ സാധ്യതയുള്ള മാസമാണതെന്നും, യഥാര്‍ഥത്തില്‍ അല്ലാഹുവിലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണതെന്നും, അതിനാല്‍ എന്റെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ നോമ്പ്‌നോറ്റ ഏറ്റവും പരിശുദ്ധമായ അവസ്ഥയിലാകണമെന്ന് എനിക്കാഗ്രഹമുണ്ടെന്നും അതിനാലാണ് താനത്രയധികം ദിവസം ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നതെന്നും തിരുമേനി (സ) വ്യക്തമാക്കുകയുണ്ടായി.
തിരുമേനി (സ) സൂചിപ്പിച്ചപോലെ പൊതുവേ നാമെല്ലാം ശ്രദ്ധിക്കാതെ വിടുന്ന മാസമായിരിക്കുന്നു ശഅ്ബാന്‍. 
ആഇശ (റ)പറയുന്നു: ''അല്ലാഹുവിന്റെ റസൂല്‍ (സ) പതിവായി നോമ്പെടുക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നുവെച്ചാല്‍ തിരുമേനി ഒട്ടും നോമ്പ് ഒഴിവാക്കാറേ ഇല്ല എന്ന് ഞങ്ങള്‍ പറയുവോളം.  അത്‌പോലെ തിരുമേനി നോമ്പെടുക്കാറില്ല എന്ന് പറയുവോളം ചില സന്ദര്‍ഭങ്ങളില്‍ നോമ്പെടുക്കാത്ത സ്ഥിതിയും ഉണ്ടാവാറുണ്ട്. എന്നാല്‍ റമദാനല്ലാത്ത മറ്റൊരുമാസവും പൂര്‍ണമായി നോമ്പനുഷ്ഠിച്ചതായി ഞാന്‍ കണ്ടിട്ടില്ല. റമദാന്‍ കഴിഞ്ഞാല്‍ പിന്നെ ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസവും നോമ്പനുഷ്ഠിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല'' (ബുഖാരി, മുസ്‌ലിം).
മറ്റുചില റിപ്പോര്‍ട്ടുകളില്‍ ശഅ്ബാന്‍ മുഴുവന്‍ നബി (സ) നോമ്പനുഷ്ഠിച്ചിരുന്നു എന്നും കാണാം.  ഇത്തരം ധാരാളം ഹദീസുകളില്‍നിന്ന്, നബി (സ) ഏറ്റവും കൂടുതല്‍ സുന്നത്ത്‌നോമ്പുകള്‍ അനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നുവെന്ന് മനസ്സിലാവുന്നു. 
ഇതിന്റെ രഹസ്യത്തെപ്പറ്റി സ്വഹാബിവര്യന്‍ ഉസാമ (റ) റസൂലിനോട് അന്വേഷിക്കുകയുണ്ടായി. ''അല്ലാഹുവിന്റെ റസൂലേ, ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു  മാസത്തിലും താങ്കള്‍ നോമ്പനുഷ്ഠിക്കുന്നത് ഞാന്‍  കണ്ടിട്ടില്ലല്ലോ?'' തിരുമേനി പറഞ്ഞു: ''റജബിന്റെയും റമദാനിന്റെയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ പോവുന്ന മാസമാണത്. യഥാര്‍ഥത്തില്‍ ലോകരക്ഷിതാവായ അല്ലാഹുവിങ്കലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണത്. അതിനാല്‍ ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.'' (നസാഈ 2357)
ഇവിടെ പരാമര്‍ശിക്കപ്പെട്ട റജബ്, യുദ്ധം വിലക്കപ്പെട്ട പവിത്രമാസങ്ങളില്‍ പെട്ടതാണ്. മറ്റൊന്ന് പരിശുദ്ധമായ റമദാനും. അവ രണ്ടിനും ഇടയിലുള്ള  ശഅ്ബാന്‍ ശ്രദ്ധിക്കപ്പടാതെ പോവുക സ്വാഭാവികം. എന്നാല്‍ അവഗണിക്കേണ്ട മാസമല്ല ശഅ്ബാനെന്നും പ്രത്യുത പരമാവധി സല്‍ക്കര്‍മങ്ങള്‍ വര്‍ധിപ്പിച്ച് തങ്ങളുടെ കര്‍മരേഖ അല്ലാഹുവിന് സമര്‍പ്പിക്കപ്പെടാന്‍ പാകത്തില്‍ ഒരുങ്ങിയിരിക്കേണ്ട മാസമാണെന്നും, ആ മാസത്തില്‍ ചെയ്യാവുന്ന പുണ്യകര്‍മങ്ങളില്‍ ഏറ്റവും ഉത്തമം സുന്നത്ത് നോമ്പുകള്‍ ആണെന്നും പഠിപ്പിക്കുകയാണ് നബി (സ).

ശഅ്ബാന്‍ 15-ന് ശേഷം 
സുന്നത്ത് നോമ്പ് 
ശഅ്ബാന്‍ മാസം പാതിപിന്നിട്ടാല്‍ പിന്നെ നോമ്പ്  നോല്‍ക്കരുത് എന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസ് നബി (സ) യില്‍നിന്നും വന്നിട്ടുണ്ട്. അത് ഇപ്രകാരമാണ്: 
അബൂ ഹുറൈറ (റ)യില്‍നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: ''ശഅ്ബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്'' (തിര്‍മിദി: 749).
ശഅ്ബാന്‍ ഏറക്കുറെ പൂര്‍ണമായും നബി (സ) നോമ്പ് നോറ്റിരുന്നു എന്നു പറയുന്ന ഹദീസുകളും ഈ ഹദീസും തമ്മില്‍ എങ്ങനെ യോജിപ്പിക്കും എന്ന് ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്.
ശൈഖ് ഇബ്‌നു ബാസ് പറയുന്നു: ''അതിന്റെ പൊരുള്‍ ശഅ്ബാന്‍ പാതിക്ക് വെച്ച് നോമ്പ് നോല്‍ക്കാന്‍ തുടങ്ങരുത് എന്നാണ്. എന്നാല്‍ ഒരാള്‍ ശഅ്ബാന്‍ പൂര്‍ണമായോ ഭൂരിഭാഗമോ നോമ്പെടുത്താല്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു.'' (മജ്മൂഉ ഫതാവ: വാ: 25)
അഥവാ ശഅ്ബാന്‍ പാതിക്ക് വെച്ച് നോമ്പ് നോറ്റു തുടങ്ങരുത്. എന്നാല്‍ ശഅ്ബാന്‍ ഏറക്കുറെ പൂര്‍ണമായും നോമ്പെടുക്കണം എന്ന ഉദ്ദേശ്യത്തോടെ നേരത്തേ നോമ്പ് നോറ്റു തുടങ്ങിയവര്‍ക്ക് പാതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നതില്‍ കുഴപ്പമില്ല. ആ നിലക്ക് തദ്‌വിഷയകമായ മറ്റു ഹദീസുകള്‍ക്ക് ഈ ഹദീസ് വിരുദ്ധമാവുന്നില്ല. അതുപോലെ ശഅ്ബാന്‍ മാസത്തിന്റെ അവസാനത്തില്‍ റമദാന് ഒന്നോ രണ്ടോ ദിവസം മുന്‍പായി നിങ്ങള്‍ നോമ്പ് നോല്‍ക്കരുത്. എന്നാല്‍ ആരെങ്കിലും സാധാരണയായി നോമ്പ് നോറ്റു വരുന്നുണ്ടെങ്കില്‍ ആ നോമ്പുമായി പൊരുത്തപ്പെട്ട് വന്നാല്‍ (ഉദാ: തിങ്കള്‍, വ്യാഴം സ്ഥിരമായി നോല്‍ക്കുന്നവര്‍) അവര്‍ക്ക് നോല്‍ക്കാവുന്നതാണ് എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
അബൂഹുറൈറ (റ)യില്‍നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: ''ശഅ്ബാന്‍ പകുതി കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്'' (അബുദാവൂദ്: 2339).
ഈ ഹദീസിന്റെ വെളിച്ചത്തില്‍ ശഅ്ബാന്‍ പകുതി കഴിഞ്ഞാല്‍ സുന്നത്തു നോമ്പുകളൊന്നും അനുഷ്ഠിക്കാന്‍ പാടില്ലെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ ഹദീസ് സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനിയുള്‍പ്പെടെ അഭിപ്രായപ്പെട്ടിട്ടുമുണ്ട് (സ്വഹീഹ് അല്‍ജാമിഅ്). എന്നാല്‍ ഇതിന് വിരുദ്ധമായ അര്‍ത്ഥത്തിലുള്ള ഹദീസുകളും കാണാവുന്നതാണ്. 
ഇമാം മുസ്ലിം ഉദ്ധരിച്ച ഒരുഹദീസ് ഇപ്രകാരമാണ്:
റസൂല്‍ (സ) പറഞ്ഞു: ''റമദാനിന്റെ തലേന്നോ അതിന്റെ തൊട്ട് രണ്ട് ദിവസം മുമ്പോ നിങ്ങള്‍ നോമ്പെടുക്കരുത്.  എന്നാല്‍ നേരത്തെതന്നെ നോമ്പെടുത്തുവരുന്ന ഒരാള്‍ക്കങ്ങനെ ആകാവുന്നതാണ്'' (മുസ്‌ലിം 2570).
ഈ രണ്ട് ഹദീസുകളും പ്രത്യക്ഷത്തില്‍ വിരുദ്ധമായി തോന്നാമെങ്കിലും യഥാര്‍ഥത്തില്‍ അങ്ങനെയല്ല.  പണ്ഡിതന്മാര്‍ അതിങ്ങനെ വിശദീകരിക്കുന്നു: തിങ്കള്‍, വ്യാഴം തുടങ്ങിയ ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് സുന്നത്താണല്ലോ. അത് പതിവാക്കിയ ഒരാള്‍ ശഅ്ബാന്‍ പാതികഴിഞ്ഞാലും നോമ്പെടുക്കുന്നതിന് വിരോധമില്ല. ആദ്യമായി ഒരാള്‍ നോമ്പെടുക്കുന്നത് പാതികഴിഞ്ഞാവുന്നതിനാണ് വിലക്ക്. നേരത്തെ നോമ്പെടുത്ത് പോരുന്നവര്‍ക്കിത് ബാധകമല്ല. ഈ കാര്യം ഇമാം നവവി രിയാളുസ്സ്വാലിഹീനില്‍ (412) വ്യക്തമാക്കിയിട്ടുണ്ട്. 
ഇമാം ഇബ്‌നുഹജര്‍ അല്‍ഹൈതമി പറയുന്നു: ''ശഅ്ബാന്‍ മുഴുവന്‍ നോമ്പെടുക്കുന്നത് സുന്നത്താണ്. അതില്‍ മിക്ക ദിവസങ്ങളിലും നോമ്പെടുക്കുന്നതും തഥൈവ.  എന്നാല്‍ ശഅ്ബാന്‍ 15-ാം ദിവസം നോമ്പെടുക്കാതെ അതിന്റെ ശേഷം തുടങ്ങരുതെന്ന് ഉപാധിയുണ്ട്. കാരണം 15-ാം ദിവസവുമായി ബന്ധമില്ലാതെയോ, അല്ലെങ്കില്‍ അങ്ങനെയൊരു പതിവ് ഇല്ലാതെയോ, അതുമല്ലെങ്കില്‍ നേര്‍ച്ച, ഖളാവീട്ടല്‍  തുടങ്ങിയ കാരണങ്ങളാലോ അല്ലാതെ ശഅ്ബാന്‍ പകുതി കഴിഞ്ഞ് നോമ്പെടുക്കരുത്; ഇമാം നവവി ശര്‍ഹുല്‍ മുഹദ്ദബില്‍ പറഞ്ഞതുപോലെ'' (അല്‍ഫതാവല്‍ ഫിഖ്ഹിയ്യതുല്‍ കുബ്‌റാ 2/77).
ഇമാം ഇബ്‌നുഖയ്യിം തഹ്ദീബുസ്സുനനിലും വിശദമായി ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇടക്കിടെ സുന്നത്ത് നോമ്പെടുക്കുന്ന ശീലമുള്ളവര്‍ക്കും ശഅ്ബാന്‍ തുടക്കം മുതലേ സുന്നത്ത് നോമ്പെടുത്തു തുടങ്ങിയവര്‍ക്കും ഈ വിലക്ക് ബാധകമല്ല എന്ന് ചുരുക്കം. നബി (സ) ശഅ്ബാന്‍ മിക്ക ദിവസങ്ങളിലും നോമ്പെടുക്കാറുണ്ടായിരുന്നു  എന്ന് ആഇശ(റ) വ്യക്തമാക്കിയത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. അത്‌പോലെ നോറ്റുവീട്ടാനുള്ള നോമ്പുകള്‍ ഖളാവീട്ടുന്നതിനും വിരോധമില്ല. തനിക്ക് നോറ്റുവീട്ടാനുള്ള നോമ്പുകള്‍ കടമായി ഉണ്ടാവാറുണ്ടായിരുന്നു എന്നും, അവ ഞാന്‍ ശഅ്ബാനിലാണ് നോറ്റുവീട്ടിയിരുന്നതെന്നും ആഇശ (റ) വ്യക്തമാക്കിയത് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട് (ബുഖാരി: 1595).
ശഅ്ബാന്‍ 15-ന് ശേഷം നോമ്പെടുക്കുന്നതിന് യാതൊരു വിരോധവുമില്ല എന്ന വീക്ഷണക്കാരാണ് ഒരു വിഭാഗം ഫുഖഹാക്കള്‍. അത് പാടില്ലെന്ന് കുറിക്കുന്ന ഹദീസുകളെല്ലാം അവര്‍ തിരസ്‌കരിക്കുന്നു. അവയെല്ലാം ദുര്‍ബലമാണെന്നാണ് അവരുടെ വീക്ഷണം. ചുരുക്കത്തില്‍, ശഅ്ബാന്‍ 15 -ന് ശേഷം പുതുതായി ഒരു സുന്നത്തുനോമ്പ് തുടങ്ങാതിരിക്കുക എന്നതാണ് കുടൂതല്‍ പ്രബലമായ വീക്ഷണം. എന്നാല്‍ പതിവായി സുന്നത്തു നോമ്പുകള്‍ ശീലിച്ചവരും നോമ്പ് നോറ്റുവീട്ടാന്‍ ബാക്കിയുള്ളവരും അത് മാറ്റിവെക്കേണ്ടതുമില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 56-59
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇസങ്ങളുടെ 'സാഹിറുകള്‍'
നൗഷാദ് ചേനപ്പാടി