Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 11

3241

1443 ശഅ്ബാന്‍ 08

അധിനിവേശം നല്‍കുന്ന തിരിച്ചറിവുകള്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ നടത്തി വരുന്ന യുക്രെയ്ന്‍ അധിനിവേശ നീക്കങ്ങള്‍ പരാജയപ്പെടണമെന്നും അയാള്‍ സൈനികമായും രാഷ്ട്രീയമായും ദുര്‍ബലനാക്കപ്പെടണമെന്നും അതിയായി ആഗ്രഹിക്കുന്ന ഒരു ജനവിഭാഗം ഇദ്‌ലീബില്‍ താമസിക്കുന്നുണ്ട്. ഒരു സിറിയന്‍ ഗവര്‍ണറേറ്റ്/ പ്രവിശ്യ ആണ് ഇദ്‌ലീബ്. പക്ഷേ ആ പ്രവിശ്യ ഭരിക്കുന്നത് പുടിന്‍ ദമസ്‌കസില്‍ പ്രതിഷ്ഠിച്ച പാവ ഭരണാധികാരി ബശ്ശാറുല്‍ അസദ് എന്ന കൊലയാളിയല്ല. ബശ്ശാറിനെ മുന്നില്‍ നിര്‍ത്തി പുടിന്‍ നടത്തിയ സിറിയന്‍ അധിനിവേശത്തെ ഇപ്പോഴും ധീരമായി ചെറുത്ത് നില്‍ക്കുന്ന സിറിയന്‍ പ്രതിപക്ഷമാണ്. 2015-ലാണ് ബശ്ശാറിന്റെ അഭ്യര്‍ഥന പ്രകാരം പുടിന്‍ റഷ്യന്‍ സൈന്യത്തെ അങ്ങോട്ട് അയച്ചത്. യുദ്ധവിമാനങ്ങളും അത്യാധുനിക പീരങ്കികളുമായി ജനകീയ പ്രക്ഷോഭങ്ങളെ പുടിന്‍ ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു. അങ്ങനെയാണ് സിറിയയുടെ വലിയൊരു ഭാഗം കീഴ്‌പ്പെടുത്തിയിരുന്ന സിറിയന്‍ പ്രതിപക്ഷം ഇദ്‌ലീബിലേക്ക് മാത്രമായി ചുരുങ്ങിപ്പോയത്. അമേരിക്ക ഇടപെടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ അനങ്ങിയില്ല. യുക്രെയ്ന്‍ വിഷയത്തിലുള്ള അതേ അനങ്ങാപ്പാറ നയം തന്നെ. സിറിയന്‍ പ്രശ്‌നത്തില്‍ സൈനികമായി ഇടപെടാതിരിക്കാന്‍ അമേരിക്കയും അവരുടെ മേഖലയിലെ രാജാധിപത്യ - സേനാധിപത്യ കൂട്ടാളികളും പരസ്യമായിപ്പറഞ്ഞ ഒരു കാരണമുണ്ടായിരുന്നു. ബശ്ശാറിനെ പുറത്താക്കേണ്ടത് തന്നെ. പക്ഷേ അയാളെ പുറത്താക്കിയാല്‍ പിന്നെ അധികാരത്തിലെത്തുന്നത് ഇസ്‌ലാമിക ഭീകരവാദികളായിരിക്കും! അതിനേക്കാള്‍ നല്ലത് കൂട്ടക്കശാപ്പുകാരന്‍ ബശ്ശാര്‍ അധികാരത്തില്‍ തുടരുന്നതാണ്. അമേരിക്കക്കും റഷ്യക്കും ഇസ്രയേലിനും മേഖലാ സ്വേഛാധിപതികള്‍ക്കും ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. അങ്ങനെയാണ് സിറിയയിലെ സ്വാതന്ത്ര്യ പ്രക്ഷോഭം അട്ടിമറിക്കപ്പെട്ടത്; അന്താരാഷ്ട്ര വേദികളുടെ മൗനാനുവാദത്തോടെ റഷ്യ സിറിയയെ അധിനിവേശപ്പെടുത്തുന്നത്. ഇതിനെയും ഇത് പോലുള്ള പുടിന്റെ മറ്റു അധിനിവേശങ്ങളെയും തടയാന്‍ അന്താരാഷ്ട്ര സമൂഹം തക്ക സമയത്ത് ക്രിയാത്മകമായി ഇടപെട്ടിരുന്നെങ്കില്‍ യുക്രെയ്ന്‍ അധിനിവേശത്തിന് ഒരുപക്ഷേ റഷ്യ ധൈര്യപ്പെടുമായിരുന്നില്ല. അമേരിക്ക ഇടപെടില്ലെന്നും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് അതിനു ത്രാണിയില്ലെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് പുടിന്‍ പട നയിച്ചത്. ഇതെഴുതുന്നത് വരെ ആ വിശ്വാസത്തിന് കോട്ടം തട്ടിക്കുന്ന ഒരു നീക്കവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുമില്ല.
ഏത് യുദ്ധത്തിന്റേതുമെന്ന പോലെ ഈ യുദ്ധത്തിന്റെയും ഗതിവിഗതികള്‍ പ്രവചനാതീതമാണ്. പക്ഷേ യുദ്ധം ആര് ജയിച്ചാലും തോറ്റാലും ഡിപ്ലോമസിയുടെയും ദേശസുരക്ഷയുടെയും മറ്റും മറവില്‍ തല്‍പര കക്ഷികള്‍ കെട്ടിപ്പൊക്കിയ ഒരുപാട് നുണക്കോട്ടകളെ അത് പൊളിച്ചു കളയുയുന്നുണ്ട്. അത്തരം നുണക്കോട്ടകള്‍ കെട്ടിയാണ് അവര്‍ അന്യായമായ അധിനിവേശങ്ങള്‍ക്ക് ന്യായങ്ങള്‍ ചമയ്ക്കുന്നത്. ഇപ്പോള്‍ യുക്രെയ്ന്‍ അധിനിവേശത്തിന് പുടിന്‍ പറയുന്ന കള്ളങ്ങളേക്കാള്‍ വലിയ കള്ളങ്ങള്‍ പറഞ്ഞാണ് അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തിയത്. അറബ് വസന്താനന്തരം നിലവില്‍ വന്ന ശൈശവാവസ്ഥയിലുള്ള മുഴുവന്‍ ജനാധിപത്യ ക്രമങ്ങളെയും പ്രതിവിപ്ലവശക്തികള്‍ അട്ടിമറിച്ചത് 'ഇസ്‌ലാമിക ഭീകരവാദം വരുന്നേ' എന്ന പുകമറ സൃഷ്ടിച്ചാണ്. ഇരട്ട ടവര്‍ ആക്രമണത്തിന് ശേഷം  അമേരിക്ക തന്നെ പടച്ചുവിടുകയും പ്രചരിപ്പിക്കുകയും ചെയ്ത നരേഷനാണിത്. സകല സ്വേഛാധിപതികളും ജനാധിപത്യക്രമങ്ങളെ അട്ടിമറിക്കാനും മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കാനും 'ഭീകരവിരുദ്ധ യുദ്ധ'ത്തെ യഥേഷ്ടം ഉപയോഗപ്പെടുത്തി. ഇടതുപക്ഷക്കാര്‍ വരെ അമേരിക്കയുടെ ഈ നുണവണ്ടിയില്‍ ഇടിച്ച് കയറി. എല്ലാവരും ഒറ്റ ശ്വാസത്തില്‍ അലറി, 'ഇസ്‌ലാമിക ഭീകരവാദ'മാണ് ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന്. ഈയൊരു നുണബോംബെറിഞ്ഞാണ് അമേരിക്കയിലും യൂറോപ്പിലുടനീളവും തീവ്ര വലതുകക്ഷികള്‍ അധികാരസ്ഥാനങ്ങളില്‍ വരെ എത്തിയത്.
ഇന്നിപ്പോള്‍ ലോകസമാധാനത്തിന് മീതെ യുദ്ധവിമാനങ്ങള്‍ പറക്കുകയും ടാങ്കുരുളുകയും ചെയ്യുമ്പോള്‍ ഒരുത്തനും 'ഇസ്‌ലാമിക ഭീകരത'യെക്കുറിച്ച് മിണ്ടാനേ വയ്യ. ആ ഇസ്‌ലാമോഫോബുകള്‍ സകല ആയുധങ്ങളും നഷ്ടപ്പെട്ട് നിരായുധരായി നില്‍ക്കുകയാണ്. ആരാണ് ലോക സമാധാനത്തിന് ഭീഷണിയെന്ന് സുതരാം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഭൗതികതയെ പ്രത്യയശാസ്ത്രവും ജീവിത രീതിയുമാക്കിയ സാമ്രാജ്യത്വശക്തികളാണ് ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണി. പതിറ്റാണ്ടുകളായി അമേരിക്ക പിന്തുടരുന്ന സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ പകര്‍ത്തുക മാത്രമാണ് പുടിന്‍ ചെയ്യുന്നത്. ഇതു തന്നെയാകും തായ്‌വാന്റെ കാര്യത്തില്‍ നാളെ ചൈനയും ചെയ്യുക. ഇങ്ങനെ ഒരുപാട് തിരിച്ചറിവുകള്‍ നമുക്ക് നല്‍കുന്നുണ്ട് റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 56-59
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇസങ്ങളുടെ 'സാഹിറുകള്‍'
നൗഷാദ് ചേനപ്പാടി