Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 04

3242

1443 ശഅ്ബാന്‍ 01

മീഡിയവണും ഫാഷിസ്റ്റ് കാലത്തെ മാധ്യമ സ്വാതന്ത്ര്യവും

സഈദ് പൂനൂര്‍

 

മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വിവര-പ്രക്ഷേപണ വകുപ്പിന്റെ ഉത്തരവ് ഭരണകൂടത്തോട് വിയോജിക്കുന്നവരെ ദേശദ്രോഹ ചാപ്പയടിച്ച് ഇല്ലായ്മ ചെയ്യാനുള്ള പ്രീപ്ലാന്‍ഡ് അജണ്ടകളുടെ ഭാഗമാണ്.
ജനാധിപത്യഭരണകൂടത്തെ വിമര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമാകുന്ന ഫാഷിസ്റ്റുകാലത്ത്  സര്‍ക്കാര്‍ നടപടികളേറ്റുവാങ്ങുന്നത് സ്വാഭാവികമാണെങ്കിലും, 1995-ലെ കേബിള്‍ ടി.വി നെറ്റ്വര്‍ക്കുകള്‍ (റെഗുലേഷന്‍) നിയമത്തില്‍ അടങ്ങിയിരിക്കുന്ന, ഭരണഘടനയുടെ 19-ാം അനുഛേദത്തില്‍ അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന് കടകവിരുദ്ധമാണിത്.
തെറ്റ് ചെയ്യുന്ന ഭരണകൂടത്തിന് കീഴില്‍ ശരിയുടെ പക്ഷത്ത് നില്‍ക്കുന്നത് അപകടം നിറഞ്ഞ നിലപാടാണെന്ന വോള്‍ട്ടയറിന്റെ വാചകത്തെ അന്വര്‍ത്ഥമാക്കും വിധമാണ് ഫാഷിസ്റ്റ് ഭരണകൂടത്തിന് കീഴിലെ മീഡിയവണിന്റെ നേരിനൊപ്പമുള്ള നില്‍പ്പ്. ഇന്ത്യയില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അസാധ്യമായിക്കൊണ്ടിരിക്കുകയാണന്ന ഫ്രഞ്ച് - അന്താരാഷ്ട്ര മാധ്യമ നിരീക്ഷണ സംഘടന റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ്‌സിന്റെ (ആര്‍.എസ്.എഫ്) റിപ്പോര്‍ട്ട് ഈ മാസമാണ് പുറത്തുവന്നത്.
മാധ്യമ സ്വാതന്ത്ര്യം മാത്രമല്ല, രാജ്യ സുരക്ഷയുടെ പേര് പറഞ്ഞാല്‍ ആരുടേയും സ്വാതന്ത്ര്യത്തിന് ഈ രാജ്യത്ത് ഗ്യാരന്റിയില്ലെന്ന പ്രഖ്യാപനമാണ് മീഡിയവണ്‍ നിരോധനത്തിലൂടെ ഹിന്ദുത്വ ശക്തികള്‍ നടത്തിയിരിക്കുന്നത്.

മീഡിയവണ്‍ വിലക്ക് അന്യായം

2020 മാര്‍ച്ച് ആറിന് ദല്‍ഹി പൗരത്വ പ്രക്ഷോഭത്തിന്റെ കാലത്ത്, മുസ്‌ലിം വിരുദ്ധ കലാപത്തെ തുറന്നു കാണിച്ചതിനാണ് നേരത്തെ ഇതുപോലൊരു നടപടി മീഡിയവണിനെതിരെ ഉണ്ടായത്. അന്ന് ഏഷ്യാനെറ്റിനും മീഡിയവണിനും എതിരെ ഒരുമിച്ചായിരുന്നു നടപടി. എന്നാല്‍  ഏഷ്യാനെറ്റ് മാപ്പപേക്ഷിച്ചുവെന്നും, അങ്ങനെ ഏഷ്യാനെറ്റിനു എതിരായ നടപടി പിന്‍വലിച്ചതോടെ, സമാനമായ കേസില്‍ രണ്ട് ചാനലുകള്‍ക്കും ഒരേ നടപടി എന്ന നിലക്ക് മാപ്പ് പറയാതിരുന്ന മീഡിയവണിനും നടപടി ഇളവ് നല്‍കി എന്നുമായിരുന്നു വാര്‍ത്ത വന്നത്. മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കാനും അത് പരിശോധിച്ച് നടപടി സ്വീകരിക്കാനുമുള്ള സംവിധാനങ്ങള്‍ രാജ്യത്തുണ്ട്. പത്രങ്ങളുടെ കാര്യത്തില്‍ പ്രസ് കൗണ്‍സിലും ദൃശ്യമാധ്യമങ്ങള്‍ക്ക്  ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് സമിതിയും ഇന്നും സുതാര്യമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രോട്ടോകോള്‍ മറികടന്ന് ഏകപക്ഷീയമായിട്ടാണ് സര്‍ക്കാറിന്റെ ഐ ആന്റ് ബി മന്ത്രാലയം 2020 മാര്‍ച്ച് ആറിന് മലയാളത്തിലെ രണ്ട് ചാനലുകള്‍ക്കെതിരെയും ചാടിപ്പുറപ്പെട്ടത്. ദല്‍ഹി പോലീസിനെയും ആര്‍.എസ്.എസി നെയും വിമര്‍ശനാത്മകമായി സമീപിച്ചുവെന്നതാണ് അന്ന് കാരണം പറഞ്ഞത്.  Channels seem to be critical towards Delhi Police and RSS എന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ദല്‍ഹി വംശീയ അതിക്രമം ഈ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്ത രീതി ശരിയായില്ലെന്നും ചാനലുകള്‍ പ്രോഗ്രാം കോഡിന്റെ 6 (1) (ഇ), (1) (എഫ്) നിയമങ്ങള്‍ ലംഘിച്ചതായും മന്ത്രാലയം ആരോപിച്ചു.
സി.എ.എ, എന്‍.ആര്‍.സി സമരം ചൂടുപിടിച്ച സമയത്തും ദല്‍ഹിയിലിരുന്ന് നിരന്തരം മീഡിയയില്‍ വര്‍ഗീയത പറഞ്ഞ 'റിപ്പബ്ലിക്' ടി.വിയുടെ അര്‍ണാബ്  ഗോസ്വാമിക്ക് ഒരു വക്കീല്‍ നോട്ടീസ് പോലും അയക്കാന്‍ കഴിയാത്ത സര്‍ക്കാറാണ് ഇത് ചെയ്തതെന്നോര്‍ക്കണം.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ (എം.ബി.എല്‍) ഉടമസ്ഥതയിലുള്ള ചാനലാണ് മീഡിയവണ്‍. 2011 സെപ്റ്റംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് സുരക്ഷ അനുമതി നേടിയാണ് 2013-ല്‍ പ്രവര്‍ത്തനം തുടങ്ങിയത്. അനുമതിയുടെ സാധുത 2021 സെപ്റ്റംബറില്‍ അവസാനിക്കുമെന്നതിനാല്‍, ജൂണ്‍ രണ്ടിന് പുതുക്കുന്നതിനായി അപേക്ഷിക്കുകയും, മറുപടിയായി, മന്ത്രാലയം 2022 ജനുവരി അഞ്ചിന് എം.ബി.എല്ലിന് ക്ലിയറന്‍സ് പുതുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചുവെന്നറിയിച്ച് ഒരു കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയുമുായി.
അനുമതി നിരസിക്കാനുള്ള കാരണങ്ങളെക്കുറിച്ച് കൃത്യമായ വിശദീകരണം ലഭിച്ചതുമില്ല. എം.ബി.എല്ലിന്റെ പ്രതികരണം തൃപ്തികരമല്ലെന്നു കാണിച്ച് മന്ത്രാലയം അനുമതി അടിയന്തരമായി നിഷേധിക്കുകയായിരുന്നു, അനുമതിയുള്ള ചാനലുകളുടെ പട്ടികയില്‍നിന്ന് മീഡിയവണിന്റെ പേര് നീക്കം ചെയ്യുകയും ചെയ്തു. രാജ്യത്തെ ക്രിമിനല്‍ നടപടി ചട്ടപ്രകാരംപോലും എല്ലാ കുറ്റാരോപിതര്‍ക്കും തങ്ങള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്നിരിക്കെ സുരക്ഷ ക്ലിയറന്‍സ് നിഷേധിച്ചത് എന്തുകൊണ്ട് എന്ന് വിശദീകരിക്കാതെ ചാനല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന കേവല ആരോപണത്തിന്റെ അന്തസ്സത്ത ഊഹിക്കാവുന്നതേയുള്ളൂ.
അഭിപ്രായ സ്വാതന്ത്ര്യം, രാജ്യ സുരക്ഷയെ ബാധിക്കരുതെന്ന് ആര്‍ട്ടിക്കിള്‍ 19 (2) പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധമെങ്കില്‍, മീഡിയവണ്‍  സംപ്രേഷണം ചെയ്ത ഏത് വാര്‍ത്തയുടെ ഉള്ളടക്കമാണ് രാജ്യ സുരക്ഷയെ ബാധിക്കുന്നത് എന്ന് വിശദീകരിക്കേണ്ട ബാധ്യത ബന്ധപ്പെട്ടവര്‍ക്കുണ്ട്. ഒരു നോട്ടീസ് പോലും നല്‍കാതെയാണ് കേന്ദ്രം സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത്.
സാങ്കേതികമായി മാത്രം പരിശോധിച്ച് തീരുമാനമെടുക്കാവുന്ന കാര്യങ്ങളല്ല മാധ്യമസ്വാതന്ത്ര്യമെന്ന്  രാം ജെത്മലാനി യൂനിയന്‍ ഓഫ് ഇന്ത്യ (2011) കേസില്‍ സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്: ''മൗലികാവകാശങ്ങള്‍ക്കുനേരേ ഭീഷണി ഉയരുമ്പോള്‍ ഭരണകൂടം എതിരായൊരു നിലപാട് എടുക്കാന്‍ പാടില്ല. മൗലികാവകാശങ്ങളുടെ സംരക്ഷണം പ്രാഥമികമായും സര്‍ക്കാറിന്റെ ബാധ്യതയാണ്. പരാതിക്കാരില്‍നിന്ന് വിവരങ്ങള്‍ മറച്ചുവെക്കുന്നതോ സര്‍ക്കാറിന് അനുകൂലമായി വസ്തുതകളും സംഭവങ്ങളും വ്യാഖ്യാനിക്കുന്നതോ ഭരണഘടനയുടെ 32-ാം വകുപ്പ് ഉറപ്പുനല്‍കുന്ന മൗലികാവകാശ സംരക്ഷണത്തിന് വിരുദ്ധമാണ്. മറ്റൊരിടത്ത് ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: 'പരാതിക്കാരെ അന്ധരാക്കുന്നത് 32-ാം വകുപ്പ് സംബന്ധിച്ച നീതിനടത്തിപ്പിന്റെ സമഗ്രതയെ പ്രതികൂലമായി ബാധിക്കുന്നതാണ്.'
ഈ വിധിപ്രസ്താവങ്ങള്‍ രാജ്യത്തെ നിയമവ്യവസ്ഥയുടെ ഭാഗമായിത്തീര്‍ന്നവയാണ്.
മീഡിയവണ്‍ മാനേജ്‌മെന്റിന് സംപ്രേഷണ വിലക്കിന്റെ ഉത്തരവ് ലഭിച്ചപ്പോഴും, കോടതിയില്‍ ഹര്‍ജിയില്‍ വാദം നടക്കുമ്പോഴും, പലതവണ ചാനലിലും ആവര്‍ത്തിച്ച് ചോദിച്ച 'എന്താണ് കുറ്റം' എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല!
ഫാഷിസ്റ്റ് വിമര്‍ശനവും, ഫാഷിസ്റ്റ് ഭരണകൂടത്തിന് എതിരായ നിലപാടും അല്ലാതെ വേറെന്ത് കുറ്റമാണ് മീഡിയവണിനെതിരെ പറയാനുള്ളത്..
പൊതുജനങ്ങള്‍ അറിയാതിരിക്കാന്‍ മാത്രം തീവ്രസ്വഭാവമുള്ള വിവരമാണ് കാരണമെങ്കില്‍ നടപടി സ്വീകരിക്കാന്‍ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ കിട്ടുംവരെ കാത്തിരിക്കുകയാണോ കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്? എന്തുകൊണ്ട് ആ വിവരം ലഭിച്ച ഉടന്‍ തന്നെ ചാനല്‍ ലൈസന്‍സ് റദ്ദാക്കിയില്ല?
ഇന്ത്യയില്‍ ആദ്യമായി ശിക്ഷാനടപടി എന്ന നിലക്ക് പ്രക്ഷേപണത്തിനു വിലക്കേര്‍പ്പെടുത്തിയതിനെതിരെ വിവാദം ഉണ്ടാകുന്നത് 2016-ല്‍ എന്‍.ഡി.ടി.വിക്കെതിരെയാണ്. പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് രാജ്യസുരക്ഷക്ക് ഭീഷണിയായേക്കാവുന്ന വിവരങ്ങള്‍ സംപ്രേഷണം ചെയ്തു എന്ന പേരില്‍ ഉണ്ടായ ഈ നടപടി എടുത്തത്, മാസങ്ങളോളം നീണ്ടു നിന്ന അന്വേഷണവും വാദങ്ങള്‍ കേള്‍ക്കലും നടന്നതിനു ശേഷമായിരുന്നു. എന്നാല്‍, മീഡിയവണിന്റെ നിരോധനമാകട്ടെ തിരക്കിട്ട് മറുപക്ഷത്തിനു വിശദീകരണത്തിനുള്ള അവസരം പോലും കൊടുക്കാതെയും. എന്‍.ഡി.ടി.വിയുടെ നിരോധനത്തിനു കാരണമായി അന്നു ചൂണ്ടിക്കാണിച്ചിരുന്നത് 'രാജ്യസുരക്ഷ' എന്ന തുറുപ്പുചീട്ടായിരുന്നു. 1994-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക് ആക്ടിന്റെ, സംപ്രേഷണം തടയാനുള്ള കാരണങ്ങള്‍ നിരത്തുന്ന സെക്ഷന്‍ ആറ് കാലഹരണപ്പെട്ടതാണെന്നും വികലവും നിസ്സാരവുമായ നിബന്ധനകള്‍കൊണ്ട് നിറഞ്ഞ ഈ ആക്ട് അധികാര ദുരുപയോഗത്തിന് ഏറ്റവും എളുപ്പം വഴങ്ങുന്നതാണെന്നും എന്‍.ഡി.ടി.വി വിവാദം ഉണ്ടായപ്പോള്‍ തന്നെ നിയമവിദഗ്ധര്‍ എടുത്തു പറഞ്ഞിട്ടുണ്ട്. നിലവില്‍ ഗവണ്‍മെന്റിന് തികച്ചും ഏകപക്ഷീയമായി നടപ്പാക്കാവുന്ന ഒന്നാണ് പ്രോഗ്രാം ആക്ടിലൂടെയുള്ള നിരോധനം. സത്യം തെളിയിക്കാനുള്ള ബാധ്യത മൊത്തമായും ശിക്ഷിക്കപ്പെട്ട മാധ്യമസ്ഥാപനത്തിന്റേതാകുന്നു എന്നതാണ് ഈ നിയമത്തിലെ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധ ഘടകം. ഭരണഘടന അനുശാസിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന ഈ സെക്ഷന്‍ പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവെക്കുന്നുണ്ട്  മീഡിയവണ്‍ നേരിട്ട നിരോധനം.

പോസ്റ്റ് ട്രൂത്ത് കാലവും 
മാധ്യമ സ്വാതന്ത്ര്യവും

ഏതാണ്ട് മൂന്നു നൂറ്റാണ്ടു മുമ്പാണ് ഡേവിഡ് ഹ്യൂം 'മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ' (OF THE LIBERTY OF THE PRESS - David Hume) എന്ന ലേഖനം എഴുതുന്നത്. റോബര്‍ട്ട് വാല്‍പോള്‍ നടപ്പാക്കാന്‍ ശ്രമിച്ച പത്രമാരണ നയത്തിന്റെ പശ്ചാത്തലത്തില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പത്ര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ദിശാബോധം നല്‍കിയ പഠനമായിരുന്നു ഹ്യൂമിന്റേത്. അതില്‍ അദ്ദേഹം ഊന്നിപ്പറയുന്ന ഒരു കാര്യമുണ്ട്- 'സ്വേഛാപരമായ അധികാരം, അതിന്റെ വളര്‍ച്ച തടയാന്‍ നാം ശ്രദ്ധാലുക്കളല്ലെങ്കില്‍, അതിന്റെ വരവിനെക്കുറിച്ച് നാട്ടിലെങ്ങും വിളിച്ചു പറയാന്‍ നമുക്ക് മാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍, നമ്മുടെ ഇടയിലേക്ക് ഒളിച്ചുകടന്നു കൊണ്ടിരിക്കും. സ്വേച്ഛാധികാരത്തിന്റെ താല്‍പര്യങ്ങളെ തടയാന്‍ ജനങ്ങളുടെ ആത്മസ്ഥൈര്യം നിരന്തരം ഉണര്‍ത്തേണ്ടതുണ്ട്. ജനങ്ങളുടെ ആത്മസ്ഥൈര്യം ഉണരുന്നു എന്നതു മാത്രമാണ് സ്വേച്ഛാധികാരത്തെ തടയാനുള്ള ഒരേയൊരു മാര്‍ഗം. സ്വതന്ത്ര മാധ്യമങ്ങളേക്കാള്‍ ഈ ജോലി നന്നായി ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. രാഷ്ട്രത്തിന്റെ തീക്ഷ്ണ ധൈഷണികത മുഴുവന്‍ അതിനാല്‍ മാധ്യമസ്വാതന്ത്ര്യത്തിനു പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്.' മാധ്യമ സ്വാതന്ത്ര്യത്തെയും അതിന്റെ അനിവാര്യതയെയും കൃത്യമായി വരച്ചു കാട്ടുന്നു ഡേവിഡ് ഹ്യൂം.
മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തിയാല്‍ ഭരണചക്രം തിരിക്കാന്‍ എളുപ്പമാണെന്ന തന്ത്രമാണ് കൊളോണിയലിസം ലോകത്ത് പയറ്റിയത്. എത്തിക്‌സുള്ള മീഡിയ ഒഴികെ ബഹുഭൂരിഭാഗവും ആ ചാക്കില്‍ വീഴുകയും ചെയ്യും.
സമഗ്രാധിപത്യത്തിന് വിലങ്ങുതടിയാവുന്നിടത്തൊക്കെയും  ഇത്തരം മാധ്യമ തമസ്‌കരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വിവര വിനിമയം കച്ചവടമായ കെട്ട കാലത്ത് നിഷ്പക്ഷതയുടെ കുപ്പായമണിഞ്ഞ മാധ്യമങ്ങള്‍ സാമ്രാജ്യത്വ ഭരണകൂടങ്ങളുടെ മൂടുതാങ്ങികളായത് ലോകം കണ്ടതാണ്. ബ്രിട്ടന്റെ അധിനിവേശ - സാമ്രാജ്യത്വ താല്‍പര്യങ്ങളെ വിജയിപ്പിക്കുന്നതില്‍  റോയിട്ടര്‍ വഹിച്ച പങ്ക് അതിന്റെ മേധാവികള്‍ തന്നെ സമ്മതിച്ച കാര്യമാണ്. 1930-കള്‍ക്ക് ശേഷവും റോയിട്ടര്‍ പ്രത്യക്ഷവും പരോക്ഷവുമായി  ബ്രിട്ടന്റെ  നയപ്രചാരകരായിരുന്നു. 
അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഇന്ത്യയിലെ ഇംഗ്ലീഷ് പത്രങ്ങള്‍ പുലര്‍ത്തിയ കുറ്റകരമായ നിസ്സംഗതയുടെ ആധികാരിക രേഖയാണ് ദേബശിഷ് ചക്രവര്‍ത്തിയുടെ Why the Dog Does Not Bark (എന്ത് കൊണ്ട് നായ കുരക്കുന്നില്ല) എന്ന പുസ്തകം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മാധ്യമ ലോകം നേരിട്ട കൊടിയ പരീക്ഷണ ഘട്ടത്തിലും ഭരണകൂടം നല്‍കുന്ന ദാക്ഷിണ്യങ്ങളില്‍ അഭിരമിക്കാനായിരുന്നു മെയിന്‍സ്ട്രീമിലെ ഇംഗ്ലീഷ് മീഡിയക്ക് താല്‍പ്പര്യം.
അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുകയാണ് ആദ്യം ചെയ്തത്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് രാജ്യത്തെങ്ങും ഇരുട്ടറ സൃഷ്ടിക്കാനായിരുന്നു ഭരണകൂടം തുനിഞ്ഞത്. ടെലിവിഷന്‍ നിലവില്‍ വന്നിട്ടില്ലാത്ത അക്കാലത്ത് ആകെയുണ്ടായിരുന്ന ആകാശവാണി കേന്ദ്രം നിയന്ത്രണത്തിന് വിധേയമായിരുന്നു. പക്ഷേ അന്നും സര്‍ക്കാറിനെ പൂജിക്കാന്‍ തയാറാവാത്ത മാധ്യമങ്ങളും നിലപാടുള്ള ജേര്‍ണലിസ്റ്റുകളും ഈ നാട്ടിലുണ്ടായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിലെ കുല്‍ദീപ് നയാരും ഹിന്ദുസ്ഥാന്‍ ടൈംസിലെ ബി.ജി വര്‍ഗീസും മെയിന്‍ സ്ട്രീമിലെ നിഖില്‍ ചക്രവര്‍ത്തിയും ഒക്കെ അങ്ങനെ ചെറുത്ത് നിന്നവരാണ്. അടിയന്തിരാവസ്ഥക്കാലത്തെ പേക്കൂത്തുകള്‍ക്ക് രാജിയാവാതെ ഗവണ്‍മെന്റിനെ പച്ചക്ക് വിമര്‍ശിച്ച രാമനാഥ് ഗോയങ്കയുടെ ഇന്ത്യന്‍ എക്‌സ്പ്രസും സി.ആര്‍ ഇറാനിയുടെ സ്റ്റേറ്റ്‌സ്മാനും   ദ ഹിന്ദുവുമെല്ലാം ഇതേ തന്റേടം കാണിച്ചവരാണ്. 

മീഡിയ ഫാഷിസം

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എത്രത്തോളം സാധ്യമാണ് എന്നന്വേഷിക്കുന്ന കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (Reporters Without Borders) തയാറാക്കുന്ന പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ ഇന്ത്യയുടെ റാങ്കിംഗ് വീണ്ടും താഴേക്ക് വന്നു. ആകെ 180 രാജ്യങ്ങളുള്ള സൂചികയില്‍ 142 ആണ് നിലവിലത്തെ സ്ഥാനം. ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ സൗത്ത് സുഡാനും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കും ഫിലിപ്പൈന്‍സും അഫ്ഗാനിസ്താനുമൊക്കെ കാണാം.
നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള വിദ്വേഷ പ്രതികരണങ്ങള്‍ വര്‍ധിച്ചതായും, ഭരണപക്ഷത്തിന് അസുഖകരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ റിപ്പോര്‍ട്ടര്‍ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത ആക്രമണം നേരിടുന്നതായും ആര്‍.ഡബ്ല്യു.ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ 2020-ലെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം സൂചികയിലും ഇന്ത്യയുടെ സ്ഥാനം സ്വേഛാധിപത്യ രാജ്യങ്ങളുടെ പട്ടികയിലാണ്.
ഫാഷിസം അധികാരത്തില്‍ വന്നപ്പോള്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ കൃത്യമായ അജണ്ടയുണ്ടായിരുന്നു. അത് കൃത്യമായി നടപ്പിലാവുന്നുമുണ്ട്. സംഘ്പരിവാര്‍ രാഷ്ട്രീയത്തോട് സമരസപ്പെട്ടുകഴിഞ്ഞ മാധ്യമ മുതലാളിമാര്‍ എഡിറ്റോറിയല്‍ പോളിസി തന്നെ വര്‍ഗീയ രാഷ്ട്രീയത്തിനുള്ള പ്രോപഗണ്ട മിഷനറിയാക്കി മാറ്റിയിട്ടുണ്ട്. കച്ചവട താല്‍പര്യങ്ങള്‍ അടക്കിവാഴുന്ന മാധ്യമ ലോകത്ത് നൈതികതയെ പറ്റി അല്‍പമെങ്കിലും വീണ്ടുവിചാരമുള്ള മാധ്യമങ്ങള്‍ക്കാകട്ടെ വിലക്കുകളുമാണ്. വാര്‍ത്തകള്‍ക്ക് പകരം പ്രോപഗണ്ടകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രോപഗണ്ട മെഷീനുകളായി മാധ്യമങ്ങള്‍ മാറിയിട്ടുണ്ട്.
സംഘപരിവാര്‍ ഭരണകൂടം തങ്ങളുടെ നയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു കൂട്ടം 'പ്രതിബദ്ധരായ' മാധ്യമങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ടൈംസ് നൗ, സീ ന്യൂസ്, റിപ്പബ്ലിക്ക് ടി.വി, ആജ് തക്, എ.ബി.പി ന്യൂസ്, സുദര്‍ശന്‍ ന്യൂസ് തുടങ്ങിയ 'ഗോഡി മീഡിയ' എന്ന് അറിയപ്പെടുന്ന പത്രങ്ങളും ചാനലുകളും ഭരണകൂട താല്‍പര്യങ്ങളെ സേവിക്കുക എന്ന ദൗത്യം കൃത്യമായി തന്നെ നിര്‍വഹിക്കുന്നവരാണ്. ഇന്ത്യയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനു ശേഷം ഇവിടെ നടന്ന ചില പ്രധാന സംഭവങ്ങള്‍ ഈ മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കിയാല്‍ മതി ഇവരുടെ പ്രവര്‍ത്തന രീതി മനസ്സിലാക്കാന്‍. കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കി, മാധ്യമങ്ങളെ നിരോധിക്കുകയും ഫോണ്‍-ഇന്റര്‍നെറ്റ് ബന്ധം ഉള്‍പ്പെടെ വിഛേദിച്ചു ആ ജനതയെ  ബന്ദികളാക്കുകയും ചെയ്തപ്പോള്‍ അവിടെ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇത്തരം മാധ്യമങ്ങള്‍ മൂടി വെക്കുകയാണ് ഉണ്ടായത്. സി.എ.എ, എന്‍.ആര്‍.സി പ്രക്ഷോഭങ്ങളെയും കര്‍ഷക സമരങ്ങളെയും മര്‍ദിച്ചു ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തി ഇതേ മാധ്യമങ്ങള്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കുകയാണുണ്ടായത്. സര്‍ക്കാരിന്റെ അശാസ്ത്രീയമായ നോട്ട് നിരോധനവും കോവിഡ് കൈകാര്യം ചെയ്യുന്നതിലെ പരാജയവുമെല്ലാം ഈ രീതിയില്‍ വെള്ള പൂശിയിട്ടുണ്ട്.
യോഗി ആദിത്യനാഥിനെതിരെ എഴുതിയതിന് ദി വയറിന്റെ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസ് ഫയല്‍ചെയ്തതും സംഘപരിവാര്‍ അജണ്ടകള്‍ തുറന്നുകാണിക്കുന്നതില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസിന് മുടങ്ങാതെ വധ ഭീഷണി വരുന്നതും ഗൗരവസ്വഭാവമുള്ളതാണ്. 2014-നും 2019-നുമിടക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ 200-ലധികം ഗുരുതരമായ ക്രിമിനല്‍ ആക്രമണങ്ങളുണ്ടായി. അന്‍പതിലധികം മാധ്യമപ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുകയും ചെയ്തു എന്നാണ് കണക്കുകള്‍ പറയുന്നത്.
വാര്‍ത്തകള്‍ പ്രോപഗണ്ടകള്‍ക്ക് വഴിമാറുന്ന ഈ പ്രതിഭാസത്തെ കുറിച്ച് നോം ചോംസ്‌കിയും എഡ്വേഡ് ഹെര്‍മനും 'പ്രോപഗണ്ട മോഡല്‍' എന്ന തങ്ങളുടെ പഠനത്തില്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വാര്‍ത്താ വിതരണം അവസാനിപ്പിച്ച് സമൂഹത്തിലെ ഒരു വരേണ്യ വിഭാഗത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കുന്ന അവസ്ഥയിലേക്ക് മാധ്യമ സ്ഥാപനങ്ങള്‍ മാറുന്ന സ്ഥിതിവിശേഷമാണ് പ്രോപഗണ്ട മോഡലില്‍ ചൂണ്ടിക്കാണിക്കുന്നത്. ഭരണത്തിലുള്ളവരും സാമ്പത്തിക രംഗം നിയന്ത്രിക്കുന്നവരും തമ്മിലുള്ള കൂട്ടുകെട്ട് മാധ്യമങ്ങളെ വാങ്ങി ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതോടെ അഭിപ്രായ രൂപീകരണത്തില്‍ കടുത്ത അട്ടിമറിയും അഴിമതിയും സംജാതമാകും. 2014-ലെ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് കൃത്യമായും ഇതുതന്നെയാണ്.
മുഖ്യധാര എന്ന 'ഭാര'മില്ലാത്ത, എന്നാല്‍ സാമൂഹിക മാധ്യമങ്ങളുടെ ഇടങ്ങളിലുണ്ടായിരുന്ന സാധ്യതകള്‍ കൃത്യമായി ഉപയോഗപ്പെടുത്തിയ നവ മാധ്യമങ്ങളായ ദി വയറും ദി ക്വിന്റും  സംഘപരിവാര്‍- കോര്‍പറേറ്റ്- മാധ്യമ അജണ്ടകളെ മറികടന്നു വന്ന മാധ്യമ ശ്രമങ്ങളാണ്. അപ്പോഴും ഇത്തരം നവമാധ്യമങ്ങള്‍ക്ക് നിരവധി പരിമിതികളുണ്ട്. ഇതിന്റെയെല്ലാം പ്രേക്ഷകരും വായനക്കാരും പരിമിതമായിരിക്കും. ഈ പരിമിതികളാണ് ഇവരുണ്ടാക്കുന്ന നൈതിക മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രതിഫലനങ്ങള്‍ വ്യാപകമായി ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന്റെ കാരണം. അതായത് സുധീര്‍ ചൗധരിയുടെ അതിലളിതമായ ഹിന്ദി അവതരണത്തിലും അര്‍ണാബിന്റെ കുരച്ചുചാട്ടത്തിലും 'തൃപ്തരാ'യ പ്രേക്ഷകരെ ഗതിമാറ്റാന്‍ ഈ പറഞ്ഞ മാധ്യമ മുന്നേറ്റങ്ങള്‍ക്ക് ത്രാണിയില്ല. രവീഷ് കുമാറിനെ പോലുള്ളവരുടെ എന്‍.ഡി.ടി.വിയിലെ ശ്രമങ്ങള്‍ക്കും സാമ്പത്തിക പരാധീനതകളുടെ  തടസ്സങ്ങളുണ്ട്. പിന്നെയും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ വഴിയിലേക്ക് തിരിഞ്ഞ ബര്‍ഖാ ദത്തിനെ പോലുള്ളവരുടെയോ, റാണാ അയ്യൂബിനെ പോലുള്ളവരുടെയോ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകാന്‍ അവരുടെയും പരിമിതമായ പ്രേക്ഷകരും വായനക്കാരും ഇനിയും ഒരുപാട് വലിയ വൃത്തമായി പരിണമിക്കേണ്ടിവരും.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 51-55
ടി.കെ ഉബൈദ്‌

ഹദീസ്‌

സദ്‌വിചാരം സല്‍കര്‍മമാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌