Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 04

3242

1443 ശഅ്ബാന്‍ 01

സത്യം തുറന്നെഴുതുന്നവര്‍ക്ക് രാജ്യദ്രോഹ പട്ടമോ?

പി.കെ നിയാസ്

രാജാവ് നഗ്നനാണെന്ന് നാട്ടുകാര്‍ക്കറിയാം, പക്ഷേ പറയാന്‍ ധൈര്യമില്ല. പുകഴ്ത്തിയില്ലെങ്കില്‍ രാജ്യദ്രോഹ പട്ടം ലഭിക്കും. എല്ലാവരും പുകഴ്ത്തുന്നത് കേട്ട് വിഡ്ഢിയായ രാജാവ് ഞെളിഞ്ഞു നടന്നു. അപ്പോഴാണ് കൂട്ടത്തിലൊരു പയ്യന്‍ വിളിച്ചു പറഞ്ഞത്, അയ്യേ... ഈ രാജാവ് തുണിയുടുത്തിട്ടില്ല.... താന്‍ നഗ്‌നനാണെന്ന സത്യം രാജാവ് തിരിച്ചറിഞ്ഞേടത്ത് കഥ അവസാനിക്കുന്നു. പക്ഷേ, സമകാലീന ഇന്ത്യയില്‍ ഇത് തുടര്‍ക്കഥയാണ്. നഗ്നനായ രാജാവും പുകഴ്ത്താന്‍ പരിവാരങ്ങളുമുണ്ട്. രാജാവ് തുണിയുടുത്തിട്ടില്ലെന്ന് തുറന്നു പറയാന്‍ പക്ഷേ, ചുരുക്കം ചില മാധ്യമങ്ങളേയുള്ളൂ. സത്യം പറഞ്ഞതിന്റെ പേരില്‍ രാജ്യദ്രോഹികളായിരിക്കുന്നു അവര്‍. 
ഏകാധിപതികളും സ്വേഛാധിപതികളും പട്ടാള ജണ്ടയും രാജ കുടുംബങ്ങളുമൊക്കെ അധികാരം വാഴുന്നയിടങ്ങളിലാണ് മാധ്യമ സ്വാതന്ത്ര്യം കനത്ത ഭീഷണി നേരിടാറുള്ളത് എന്നത് പാതി സത്യമായ പ്രസ്താവനയാണ്. ജനാധിപത്യം കൊട്ടിഘോഷിക്കുന്ന രാജ്യങ്ങളിലുമുണ്ട് പത്രമാരണ നിയമങ്ങള്‍. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും ഇതിന് അപവാദമല്ല എന്നു മാത്രമല്ല, തെറ്റായ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയുമാണ്.
വെറുപ്പിന്റെ സംസ്‌കാരം അപകടകരമായ വിധത്തിലാണ് സമൂഹങ്ങളെ ബാധിക്കുകയെന്ന് ഫ്രഞ്ച് സേഷ്യോളജിസ്റ്റ് ഗബ്രിയേല്‍ താദ് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള സമൂഹം നേതാക്കളുടെ ഏതു മനുഷ്യവിരുദ്ധ പ്രവൃത്തിയെയും ന്യായീകരിക്കും. ഭരണകൂടത്തിന്റെ മനുഷ്യവേട്ടകള്‍ പോലും അവര്‍ക്ക് പ്രശ്‌നമാകില്ല. ഗുജറാത്ത് വംശഹത്യയെ ന്യായീകരിക്കുകയും, അത്തരം ഭീകര ചെയ്തികള്‍ ഇനിയും തുടരണമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നവരാണല്ലോ ഹിന്ദുത്വ വാദികള്‍. വംശഹത്യക്ക് ചുക്കാന്‍ പിടിച്ച മോദിയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലൂടെ കുപ്രസിദ്ധനായ അമിത് ഷായും അവര്‍ക്ക് വീര പുരുഷന്മാരാണ്. നോട്ടു നിരോധവും അടിക്കടിയുള്ള ഇന്ധന വില വര്‍ധനയും ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റാത്തതാണെന്ന് സമ്മതിക്കുമ്പോഴും അതിനെതിരെ പ്രതികരിക്കുന്ന മാധ്യമങ്ങളെ രാജ്യദ്രോഹ ചാപ്പ കുത്തുന്ന എത്രയോ സംഭവങ്ങള്‍ ദിവസവും നാം കാണുന്നു.
പൊതുവെ മാധ്യമ സ്വാതന്ത്ര്യത്തിന് പേരുകേട്ട ജര്‍മനി, റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ (ആര്‍.എസ്.എഫ്) മാധ്യമ സ്വാതന്ത്ര്യ ഇന്റക്‌സില്‍ പിറകെ പോകാന്‍ കാരണം ഇത്തരം ആള്‍ക്കൂട്ടമാണ്. ഭരണകൂടത്തിന്റെ തെറ്റായ നടപടികള്‍ക്കെതിരെ എഴുതുകയും പ്രതികരിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ അവര്‍ ആക്രമിക്കും. കോവിഡ് വിഷയത്തില്‍ മുന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ നിലപാടുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ പലയിടത്തും കൈയേറ്റം ചെയ്യപ്പെട്ടു.
ഇതു തന്നെയാണ് ട്രംപിന്റെ അധികാരാരോഹണ വേളയില്‍ യു.എസ് കാപ്പിറ്റളില്‍ അനുയായികള്‍ നടത്തിയ അഴിഞ്ഞാട്ടവും. 'മാധ്യമങ്ങളെ കൊല്ലൂ' എന്ന മുദ്രാവാക്യം വിളികളോടെയാണ് അവര്‍ പത്രക്കാരെ നേരിട്ടത്. രണ്ടാമൂഴത്തില്‍ പരാജയപ്പെട്ടപ്പോള്‍ അത് അംഗീകരിക്കാതെ അനുയായികളെ തെരുവിലിറക്കിയതും ട്രംപ് തന്നെ. 2021 ജനുവരി ആറിനുണ്ടായ കാപ്പിറ്റള്‍ കലാപത്തില്‍ ഒരൊറ്റ ദിവസം ആക്രമിക്കപ്പെട്ടത് 16 പത്രപ്രവര്‍ത്തകരാണ്. ഫോട്ടോ ജേര്‍ണലിസ്റ്റ് ജോണ്‍ ഹാരിംഗ്ടണിന് അഗ്നിശമനോപകരണം കൊണ്ട് തലക്ക് അടിയേല്‍ക്കുന്നത് ലൈവായി ലോകം കണ്ടതാണ്. 2021ല്‍ മാത്രം അമേരിക്കയില്‍ തൊഴിലിനിടയില്‍ ആക്രമിക്കപ്പെട്ടത് 142 മാധ്യമ പ്രവര്‍ത്തകരാണ്. 
2019 മുതല്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജെയെ തട്ടിക്കൊണ്ടു പോകാനും (വധിക്കാനും) ട്രംപ് ഭരണകൂടവും സി.ഐ.എയും നടത്തിയ നീക്കങ്ങള്‍ പുറത്തുവന്നിരുന്നു. അസ്സാന്‍ജെക്കെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനവും അമേരിക്കയിലും പുറത്തുമുള്ള മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണിയുമാണെന്ന് രണ്ട് ഡസനിലേറെ പൗരാവകാശ സംഘടനകള്‍ അറ്റോര്‍ണി ജനറലിനോട് തുറന്നു പറയുകയുണ്ടായി. എന്നാല്‍, ട്രംപിന്റെ ചെയ്തികളെ അതേപടി പിന്തുണക്കുന്ന നിലപാടാണ് ബൈഡനും കൈക്കൊണ്ടിരിക്കുന്നത്. ബ്രിട്ടനിലെ കോടതി അസ്സാന്‍ജെയെ അമേരിക്കക്ക് കൈമാറാന്‍ ഡിസംബറില്‍ വിധി പുറപ്പെടുവിച്ചിരുന്നു. വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ അമ്പതിലേറെ മാധ്യമ പ്രവര്‍ത്തകരാണ് അമേരിക്കയില്‍ വിചാരണ നേരിടുന്നത്. ട്രംപ് ഭരണത്തില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ നാലു റിപ്പോര്‍ട്ടര്‍മാരുടെ ഫോണുകള്‍ ചോര്‍ത്തിയിരുന്നതായി 2021 ജൂണ്‍ 2ന് യു.എസ് നീതി ന്യായ മന്ത്രാലയം പത്രത്തെ അറിയിക്കുകയുണ്ടായി.

അടിയന്തരാവസ്ഥ
ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ 75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ജനാധിപത്യം ഇല്ലാതായത് രണ്ടു വര്‍ഷമാണ്. 1975 ജൂണ്‍ 25 മുതല്‍ മുതല്‍ 1977 മാര്‍ച്ച് 21 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാ ഗാന്ധിയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടത്. ചരിത്രകാരന്മാര്‍ ഇരുളടഞ്ഞ ദിനങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന പ്രസ്തുത കാലഘട്ടത്തിലാണ് പ്രസ് സെന്‍സര്‍ഷിപ്പ് അഥവാ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണത്തിന് ആദ്യമായി രാജ്യം സാക്ഷ്യം വഹിച്ചത്. അന്ന് പത്രങ്ങള്‍ മാത്രമായിരുന്നു രാജ്യത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നത്തെപ്പോലെ സ്വകാര്യ ടെലിവിഷന്‍ ചാനലുകളോ റേഡിയോ സ്‌റ്റേഷനുകളോ ഉണ്ടായിരുന്നില്ല. റേഡിയോയും ടെലിവിഷനും പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു.
രാഷ്ട്രീയ സംബന്ധമായ ഒരു വാര്‍ത്തയും സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ പ്രസിദ്ധീകരിക്കരുതെന്നായിരുന്നു അന്നത്തെ പത്രനയം. അതുകൊണ്ടുതന്നെ വാര്‍ത്തകള്‍ എല്ലാ പത്രങ്ങളിലും ഏകദേശം ഒരേ പോലെയാണ് പ്രത്യക്ഷപ്പെട്ടത്. എന്താണ് വാര്‍ത്ത എന്ന് സര്‍ക്കാറാണ് നിര്‍ണയിക്കുക.
ഇന്ത്യന്‍ എക്‌സ്പ്രസ്, സ്റ്റേറ്റ്‌സ്മാന്‍, ദ ഹിന്ദു തുടങ്ങിയ പത്രങ്ങള്‍ അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഖപ്രസംഗ കോളം ഒഴിച്ചിട്ടാണ് 1975 ജൂണ്‍ 28ന് ഇന്ത്യന്‍ എക്‌സ്പ്രസ് അടിയന്തരാവസ്ഥയിലെ പത്രമാരണ നിയമങ്ങളില്‍ പ്രതിഷേധിച്ചത്. ഹിമ്മത്ത് (ധൈര്യം) എന്ന പേരിലുള്ള ഹിന്ദി വാരിക, പേരിനെ അന്വര്‍ഥമാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യരണ്ടു ലക്കം മുഖപ്രസംഗം ഒഴിച്ചിട്ടും മൂന്നാം ലക്കം മുതല്‍ നിശിതമായ വിമര്‍ശനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയും പ്രതിഷേധം അറിയിച്ചു. എന്നാല്‍, സെന്‍സര്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് നോട്ടീസ് കിട്ടിയതോടെ അതും നിലച്ചു.
ഭരണഘടനയുടെ പത്തൊമ്പതാം അനുഛേദം പൗരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്നുണ്ട്. അതില്‍ മാധ്യമ സ്വാതന്ത്ര്യവും ഉള്‍പ്പെടും. അതേ അനുഛേദത്തിന്റെ രണ്ടാം ഖണ്ഡം പറയുന്നത് പ്രസ്തുത അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളെപ്പറ്റിയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര പ്രയോജനപ്പെടുത്തിയതും അതുതന്നെ. രാജ്യ സുരക്ഷ, വിദ്വേഷ പ്രചാരണം തുടങ്ങിയവയാണ് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിന് ന്യായീകരണമായി ഇന്ദിരാ ഗാന്ധി പറഞ്ഞത്. 

മോദിക്കാലത്തെ മാധ്യമവേട്ട
ഇന്ദിരാ ഗാന്ധിയുടെ ഭരണത്തില്‍ രണ്ടു വര്‍ഷമാണ് ജനാധിപത്യവും അഭിപ്രായ സ്വാതന്ത്യവും അപഹരിക്കപ്പെട്ടതെങ്കില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മുതല്‍ രാജ്യം മൊത്തത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണ്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ചുട്ടെടുത്ത നിയമങ്ങളും രാത്രിയുടെ അന്ത്യയാമങ്ങളില്‍ മോദിയുടെ കിച്ചന്‍ ക്യാബിനറ്റ് പൗരന്മാരുടെമേല്‍ അടിച്ചേല്‍പിച്ച തിട്ടൂരങ്ങളും അടിയന്തരാവസ്ഥക്കു സമാനമായിരുന്നു. നോട്ട് നിരോധം, പൗരത്വ ഭേദഗതി നിയമം, കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കല്‍, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ തുടങ്ങിയവ ഒരു ജനാധിപത്യ രാജ്യത്തെ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി മോദി ഭരണകൂടം നടപ്പാക്കിയ നിയമങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രം.
മോദി സര്‍ക്കാറിന്റെ വര്‍ഗീയ ഫാഷിസ്റ്റ് അജണ്ടകളെ തുറന്നുകാട്ടുന്ന മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റമാണ് ചാര്‍ജ് ചെയ്യുന്നത്. സ്തുതിപാഠകരായ ഗോഡി മീഡിയ തരുന്നതു മാത്രം അറിഞ്ഞാല്‍ മതിയെന്നാണ് മോദിയുടെ നിലപാട്. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമുള്ള ഇന്ത്യ (ലോകവും) കണ്ട ഏക പ്രധാന മന്ത്രിയെന്ന റെക്കോര്‍ഡുള്ള മോദി അഭിമുഖം പോലും നല്‍കിയത് തന്റെ ഇഷ്ടദാസന്മാരായ അര്‍ണബ് ഗോസ്വാമിക്കും അക്ഷയ് കുമാറിനും. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ നേരിടാനാവാതെ കരണ്‍ ഥാപ്പറുടെ ഇന്റര്‍വ്യൂ ടേബിളില്‍നിന്ന് ഓടിക്കളഞ്ഞ മോദിക്ക് ചാനല്‍ ചര്‍ച്ചകളില്‍ കുരച്ചു ചാടുന്ന അര്‍ണബ് നല്‍കിയ തലോടല്‍ മാധ്യമ ലോകത്തിന് തന്നെ അപമാനമായിരുന്നു. 
മനുഷ്യാവകാശ ലംഘനങ്ങള്‍ വാര്‍ത്തയാക്കുന്നവര്‍ക്ക് രാജ്യദ്രോഹപട്ടം ചാര്‍ത്തുന്ന സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് റിപ്പബ്ലിക്കായി മാറിയിരിക്കുന്നു ഇന്ത്യ. കശ്മീരില്‍ സൈന്യം സിവിലിയന്‍മാര്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താലും ഹിന്ദുത്വവാദികളുടെ ഭീകരതകള്‍ പുറത്തെത്തിച്ചാലും പാകിസ്താന്‍ ചാരന്മാരാക്കുന്ന പുതിയ ഇന്ത്യയാണിത്. 
പത്താന്‍കോട്ട് സൈനിക താവളത്തിനുനേരെയുണ്ടായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിനാണ് 2016 നവംബറില്‍ എന്‍ഡി ടിവി ചാനലിനെ 24 മണിക്കൂര്‍ വിലക്കിയത്. സെന്‍സിറ്റീവ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നായിരുന്നു കുറ്റം. എന്നാല്‍, പബ്ലിക് ഡൊമെയിനിലുള്ള വിവരങ്ങളേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും അവ ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സിയും അതിനു പിന്നാലെ ഇന്ത്യന്‍ എക്‌സ്പ്രസും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും എന്‍ഡി ടിവി വ്യക്തമാക്കിയെങ്കിലും ഭരണകൂടത്തിന് വേണ്ടത് ആ ചാനലിനെ ആയിരുന്നു. പിന്നാലെ ന്യൂസ് ടൈം അസം എന്ന ചാനലിനും മറ്റു ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 24 മണിക്കൂര്‍ വിലക്കുണ്ടായി.
ദല്‍ഹിയില്‍ സംഘ് പരിവാരം അഴിച്ചുവിട്ട ഭീകരമായ മുസ്‌ലിം വേട്ടയെക്കുറിച്ച് സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്നതിനാണ് 2020 മാര്‍ച്ചില്‍ മീഡിയവണ്‍, ഏഷ്യാനെറ്റ് ചാനലുകളെ 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കാന്‍ തീരുമാനിച്ചത്. 24 മണിക്കൂര്‍ പോലും തികയും മുമ്പ് അത് പിന്‍വലിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായി. ഏഷ്യാനെറ്റ് മാപ്പു പറഞ്ഞു തടിയൂരിയപ്പോള്‍ ധീരമായ നിലപാടുകളുമായി നിര്‍ഭയ മാധ്യമ പ്രവര്‍ത്തനം തുടര്‍ന്ന മീഡിയവണിനെ ഭരണകൂടം നോട്ടമിട്ടിരുന്നു. ലൈസന്‍സ് പുതുക്കി നല്‍കുകയോ അതിനുള്ള കാരണം ബോധിപ്പിക്കുകയോ ചെയ്യാതെ ചാനലിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള നടപടി ഫാഷിസമല്ലെങ്കില്‍ പിന്നെന്താണ്? 
ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട് ഇന്ത്യയുടെ പരമോന്നത കോടതി. ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സുപ്രീം കോടതി രംഗത്തുവന്നതും പ്രസ്താവ്യമാണ്. രാജ്യസുരക്ഷയെപ്പോലെ തന്നെ പ്രധാനമാണ് വ്യക്തി സ്വാതന്ത്ര്യവുമെന്ന് ചൂണ്ടിക്കാട്ടി സംഭവം അന്വേഷിക്കാന്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇതെഴുതുമ്പോള്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. പാര്‍ലമെന്റിലടക്കം പ്രതിപക്ഷം വലിയ പ്രതിഷേധമുയര്‍ത്തിയെങ്കിലും പെഗാസസ് വാങ്ങിയെന്ന് കേന്ദ്രം സമ്മതിച്ചിരുന്നില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടലുണ്ടായത്. 
ഇക്കഴിഞ്ഞ ഡിസംബറില്‍ അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയ രാജ്യദ്രോഹ നിയമം സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി. ഒരു യൂറ്റിയൂബ് ടെലികാസ്റ്റില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് പത്മശ്രീ ജേതാവ് കൂടിയായ ദുവക്കെതിരെ തിരിയാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. അക്രമത്തിനു പ്രേരകമല്ലെങ്കില്‍, എത്ര കടുത്ത ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാലും രാജ്യദ്രോഹമല്ലെന്ന 1962 ലെ വിധിയുടെ സംരക്ഷണം മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ പരമോന്നത കോടതി ബെഞ്ച് അദ്ദേഹത്തെ വെറുതെ വിട്ടത്.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്ന് ആന്ധ്രാ പ്രദേശിലെ രണ്ടു ടെലിവിഷന്‍ ചാനലുകള്‍ക്കെതിരായ കേസുകള്‍ തള്ളി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്. 2021 ലെ റിപ്പബ്ലിക് ദിന ആഘോഷ വേളയില്‍ ഒരു ട്രാക്റ്റര്‍ റാലിക്ക് നേരെ പോലിസ് ഉദ്യോഗസ്ഥര്‍ നിറയൊഴിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് ആറു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചതും രാജ്യദ്രോഹ കുറ്റമായിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് ട്രാക്റ്റര്‍ റാലിയില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തതിന് ദി വയറിന്റെ സ്ഥാപക പത്രാധിപര്‍ സിദ്ധാര്‍ഥ വരദരാജനെതിരെ കേസെടുത്തത്. അതേദിവസം തന്നെ കാരവന്‍ മാസികയുടെ മന്‍ദീപ് പൂനിയയെയും ഓണ്‍ലൈന്‍ ന്യൂസ് ഇന്ത്യയുടെ ധര്‍മേന്ദര്‍ സിങ്ങിനെയും യു.പി പോലിസ് അറസ്റ്റ് ചെയ്തത് കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്തതിനാണ്. ഹത്രാസില്‍ ദലിത് യുവതിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നുതള്ളിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലില്‍ തള്ളിയത്. കശ്മീര്‍ വാല ന്യൂസ് പോര്‍ട്ടല്‍ എഡിറ്റര്‍ ഫഹദ് ഷായും രാജ്യദ്രോഹക്കുറ്റം ചാര്‍ത്തപ്പെട്ട് ജയിലിലാണ്.
2020 ഫെബ്രുവരി മുതല്‍ 2021 മേയ് വരെ മാത്രം 56 മാധ്യമ പ്രവര്‍ത്തകരെയാണ് വിവിധ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. പതിനാല് പേര്‍ പോലീസിന്റെ ഭേദ്യങ്ങള്‍ക്കും ഇരയായി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 51 മാധ്യമ പ്രവര്‍ത്തകരും ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് 2002 മുതലാണ് 180 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. വിവിധ രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെ മികച്ചത്, തൃപ്തികരം എന്നു തുടങ്ങി അഞ്ചു വകുപ്പുകളിലാണ് ആര്‍.എസ്.എഫ് വിലയിരുത്തുന്നത്. 2013ലാണ് ഇന്ത്യ ഈ പട്ടികയില്‍ ഉള്‍പ്പെട്ടു തുടങ്ങിയത്. അന്ന് 180ല്‍ 140-ാ0 റാങ്കായിരുന്നു. ഏറ്റവുമൊടുവില്‍ 2021ലെ റാങ്ക് പുറത്തു വന്നപ്പോള്‍ 142ല്‍ എത്തിയിരിക്കുന്നു. ഏറ്റവും ഗുരുതരമായ അഞ്ചാം കാറ്റഗറിക്കു മുമ്പുള്ള ഗുരുതരം എന്ന ലെവലിലാണ് ഇന്ത്യയുടെ സ്ഥാനം. രണ്ടു കൊല്ലമായി ഇതേ സ്ഥാനം ഇന്ത്യ നിലനിര്‍ത്തിവരുന്നു. ജനാധിപത്യ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്ന ഹോങ്കോങ്ങും (എണ്‍പതാം റാങ്ക്) മ്യാന്മറും (140) ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്.
വെറും 12 രാജ്യങ്ങളിലേ മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ വിലയിരുത്തല്‍. മാധ്യമ സ്വാതന്ത്ര്യ ഇന്റക്‌സില്‍ കുറേ വര്‍ഷമായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് നോര്‍വെയാണ്. തൊട്ടുതാഴെ ഫിന്‍ലന്റും സ്വീഡനും ഡന്മാര്‍ക്കും. 2019, 2020, 2021 വര്‍ഷങ്ങളില്‍ ഈ രാജ്യങ്ങളാണ് ആദ്യ നാലു സ്ഥാനങ്ങളില്‍. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് നോര്‍വേ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. മേല്‍പറഞ്ഞ നാലും നോര്‍ഡിക് രാജ്യങ്ങളാണ് എന്ന പ്രത്യേകതയുമുണ്ട്. ഐസ്‌ലന്റ് കൂടി ഉള്‍പ്പെടുന്നതാണ് നോര്‍ഡിക് രാജ്യങ്ങള്‍. 2019ലും 2020ലും ഐസ്‌ലന്റ് യഥാക്രമം പതിനാലും പതിനഞ്ചും സ്ഥാനത്ത് ഉണ്ടായിരുന്നുവെന്നും ഓര്‍ക്കുക. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലും അഞ്ച് നോര്‍ഡിക് രാജ്യങ്ങളും ആദ്യ പത്തില്‍ ഇടം പിടിക്കാറുണ്ട്.
എന്തുകൊണ്ട് നോര്‍ഡിക് രാജ്യങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ആദ്യ നാലോ അഞ്ചോ സ്ഥാനങ്ങളില്‍ എത്തുന്നു എന്നത് സംബന്ധിച്ച് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ പ്രസ് ആന്റ് മീഡിയ ഫ്രീഡം, യൂറോപ്യന്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് തുടങ്ങിയ സംഘടനകള്‍ 2019ല്‍ ഡന്മാര്‍ക്കും സ്വീഡനും സന്ദര്‍ശിച്ച് ഒരു പഠനം നടത്തിയിരുന്നു. അവയുടെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്:
1. ഇവിടങ്ങളിലെ മാധ്യമ സ്ഥാപനങ്ങളില്‍ പലതിന്റെയും ഉടമസ്ഥാവകാശം സ്വയംഭരണാധികാരമുള്ള ഫൗണ്ടേഷനുകള്‍ക്കാണ്. മാധ്യമ സ്വാതന്ത്ര്യം, പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനം എന്നിവയെ പിന്തുണക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2. ജേര്‍ണലിസ്റ്റുകളുടെ ട്രെയ്ഡ് യൂനിയനുകള്‍ പത്രപ്രവര്‍ത്തകരുടെ ജോലി സംരക്ഷിക്കുക മാത്രമല്ല, മാധ്യമ നൈതികത ഉയര്‍ത്തിപ്പിടിക്കാനും വ്യത്യസ്ത മാധ്യമങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുന്ന  രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാനും പരിശ്രമിക്കുന്നു. 3. മാധ്യമ നൈതികതയുടെ കാര്യത്തില്‍ പത്രങ്ങളുടെ നിലപാടുകള്‍ക്ക് ഗവണ്‍മെന്റുകള്‍ അകമഴിഞ്ഞ പിന്തുണ നല്‍കുന്നു. 4. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഭരണഘടനാ തത്വങ്ങളും സിവില്‍, ക്രിമിനല്‍ നിയമങ്ങളും മികച്ച പിന്തുണയാണ് നല്‍കുന്നത്. അതിനാല്‍ അപകീര്‍ത്തി കേസുകള്‍ പൊതുവെ കുറവാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് അനുയോജ്യമായ സാഹചര്യമുണ്ടെന്ന് മാത്രമല്ല, സര്‍ക്കാര്‍ രേഖകള്‍ അവര്‍ക്ക് പ്രാപ്യവുമാണ്. ഇതുവഴി ഉന്നതരുടെ അഴിമതികളും ക്രമക്കേടുകളും വരെ ജനങ്ങളിലെത്തിക്കാന്‍ അവസരമുണ്ടാകുന്നു.  
രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് ഭരണഘടന നല്‍കിയ അഭിപ്രായ സ്വാതന്ത്ര്യത്തിന് മൂക്കുകയറിടുന്ന അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് സംഘ്പരിവാര്‍ ഭരണകൂടം ഇന്ത്യയെ കൊണ്ടുപോകുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കാരണവും കാണിക്കാതെ ഒരു ചാനലിന്റെ സംപ്രേഷണം വിലക്കുന്ന സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതാണ്. ഭരണകൂടത്തിന്റെ ഇത്തരം ഫാഷിസ്റ്റ് നടപടികള്‍ക്കെതിരെ പൊതുസമൂഹവും മാധ്യമങ്ങളും ഒരുമിച്ച് പോരാടിയില്ലെങ്കില്‍ ഭയാനകമായിരിക്കും ഇന്ത്യയുടെ ഭാവി.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 51-55
ടി.കെ ഉബൈദ്‌

ഹദീസ്‌

സദ്‌വിചാരം സല്‍കര്‍മമാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌