Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 04

3242

1443 ശഅ്ബാന്‍ 01

ഇസ്‌ലാമോഫോബിയയെ  എങ്ങനെ പ്രതിരോധിക്കാം

ശൈഖ് മുഹമ്മദ് കാരകുന്ന്

മുമ്പെന്ന പോലെ ഇന്നും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളും രൂക്ഷമായ ആക്ഷേപങ്ങളും നിശിതമായ വിമര്‍ശനങ്ങളും നടന്നുകൊണ്ടേയിരിക്കുന്നു. തീവ്രവാദം, ഭീകരത, ക്രൂരത, അസഹിഷ്ണുത, അപരിഷ്‌കൃതം, സ്ത്രീവിരുദ്ധം, ദേശവിരുദ്ധം തുടങ്ങി നിരവധി ആരോപണങ്ങളാണ് വിമര്‍ശകര്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഇതിലൂടെ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇസ്‌ലാം വിരുദ്ധ ശക്തികള്‍ ലക്ഷ്യം വെക്കുന്നത്. ഒന്ന്: ഇസ്‌ലാം പേടി സൃഷ്ടിച്ച് മുസ്ലിംകളോട് വെറുപ്പ് വളര്‍ത്തി മറ്റുള്ളവരെ അവരില്‍ നിന്നകറ്റുക. അങ്ങനെ ഇസ്‌ലാമിനെ സംബന്ധിച്ച് അറിയാനും മുസ്‌ലിംകളെ അനുഭവിക്കാനുമുള്ള അവസരം ഇല്ലാതാക്കുക. രണ്ട്:  മുസ്‌ലിംകള്‍ നാടിനും സമൂഹത്തിനും ആപത്താണെന്ന പൊതുബോധം വളര്‍ത്തി അവരെ ഉന്മൂല നാശം വരുത്താന്‍ പശ്ചാത്തലമൊരുക്കുക. അങ്ങനെ തങ്ങളുടെ വംശീയാധിപത്യം അരക്കിട്ടുറപ്പിക്കുക.
പ്രതിയോഗികള്‍ നിരന്തരമായ വ്യാജാരോപണങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാംപേടിയെ പ്രതിരോധിക്കാനും അതിജയിക്കാനും അങ്ങനെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും അതിജീവനം സാധ്യമാക്കാനും ബോധപൂര്‍വവും ആസൂത്രിതവുമായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില വശങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.
1) ഇസ്‌ലാമോഫോബിയ വളരെ വേഗം പടരുന്നത് രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സഹോദര സമുദായങ്ങള്‍ക്ക് ഇസ്‌ലാമിനെ സംബന്ധിച്ച തികഞ്ഞ അജ്ഞതയും ഗുരുതരമായ തെറ്റിദ്ധാരണകളും ഉള്ളത് കൊണ്ടാണ്. മുസ്‌ലിംകളുമായി അടുത്തിടപഴകാനോ അവരെ അനുഭവിച്ചറിയാനോ അവസരം ലഭിക്കാത്തതിനാല്‍ വ്യാപകമായ എതിര്‍ പ്രചാരണങ്ങള്‍ സമൂഹത്തെ സാരമായി സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്ന്, സഹോദര സമുദായങ്ങളുമായി പരമാവധി അടുത്ത ബന്ധം സ്ഥാപിച്ചും വ്യത്യസ്ത കൂട്ടായ്മകളുണ്ടാക്കിയും അന്യോന്യം അനുഭവിച്ചറിയാനും മനസ്സിലാക്കാനും അവസരമൊരുക്കുകയെന്നതാണ്. ഇന്ത്യയിലെ വര്‍ഗീയ ഫാഷിസ്റ്റുകളെപ്പോലെ ഇസ്ലാമിനോട് ശത്രുത പുലര്‍ത്തുകയും മുസ്‌ലിം ഉന്മൂലനത്തിന് പ്രചാരണം നടത്തുകയും ചെയ്യുന്ന ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയാണ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി. അതിന്റെ പ്രമുഖ നേതാവ് ആര്‍തര്‍ വാഗ്‌നറിന് മനം മാറ്റവും ആദര്‍ശ മാറ്റവുമുണ്ടായത്  ചെച്‌നിയന്‍ അഭയാര്‍ഥികളായ മുസ്ലിംകളുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചതിനാലാണ്. നെതര്‍ലന്‍ഡിലെ തീവ്ര മുസ്‌ലിം വിരുദ്ധ സംഘടനയായ ഫ്രീഡം പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ജെറാം വാന്‍ ക്ലവരനെ മറ്റൊരു മനുഷ്യനാക്കി മാറ്റിയതും മുസ്ലിംകളുമായുള്ള അടുത്ത ബന്ധം തന്നെ.
പുതിയ കാലത്ത് ഇസ്‌ലാം സ്വീകരിച്ച ലോകത്തിലെ ഏറ്റവും ശ്രദ്ധേയയായ വനിത മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറുടെ ഭാര്യാസഹോദരി ലോറന്‍ ബൂത്താണ്. ഫലസ്ത്വീന്‍ മുസ്‌ലിംകള്‍, നിരപരാധികളെ കശാപ്പ് ചെയ്യുന്ന  ഭീകരന്‍മാരാണെന്ന ധാരണയാണ് മാധ്യമ പ്രവര്‍ത്തകയായ ലോറന്‍ ബൂത്തിനുണ്ടായിരുന്നത്. 2010-ല്‍ ഫലസ്ത്വീനിലെത്തിയ അവര്‍ റോഡിലൂടെ നടക്കുകയായിരുന്നു. നല്ല തണുപ്പുണ്ടായിരുന്നു. അപ്പോള്‍ മധ്യവയസ്‌കയായ ഒരു ഫലസ്ത്വീനീ വനിത ലോറന്റെ കൈപിടിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവര്‍ക്ക് ഇംഗ്ലീഷ്  അറിയില്ലായിരുന്നു. ലോറന്‍ ബൂത്തിന് അറബിയും അറിയില്ല. തന്നെ കൊല്ലാന്‍ കൊണ്ടു പോവുകയാണെന്ന് ലോറന്‍ ഭയപ്പെട്ടു. വീട്ടിലെത്തിയ ഉടനെ ആ ഫലസ്ത്വീനീ വനിത ചൂടുള്ള കാപ്പിയും പലഹാരവും കൊടുത്തു. അകത്തുപോയി തന്റെ മകളുടെ സ്വറ്റര്‍ കൊണ്ടുവന്ന് അവരെ പുതപ്പിച്ചു. പിന്നീട്  അവരെ കൊണ്ടുപോയ അതേ സ്ഥലത്ത് തന്നെ തിരിച്ചു കൊണ്ട് വന്നാക്കി. ഇതേക്കുറിച്ച് അവര്‍ പറഞ്ഞത്, 'എന്റെ ആദ്യത്തെ ഫലസ്ത്വീനിയന്‍ ഇസ്‌ലാം അനുഭവം' എന്നാണ്. 2010 ഒക്‌ടോബര്‍ 23-ന് ഇസ്‌ലാം ചാനലില്‍ ഗ്ലോബല്‍ പീസ് ആന്റ് യൂനിറ്റി പരിപാടിയില്‍ ഹിജാബ് ധരിച്ചെത്തിയ അവര്‍ പറഞ്ഞു: 'എന്റെ പേര് ലോറന്‍ ബൂത്ത്. ഞാനൊരു മുസ്‌ലിമാണ്. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഫലസ്ത്വീനിലെ അനുഭവങ്ങളാണ് എന്നെ ഇസ്‌ലാമിലെത്തിച്ചത്.'
2.) ഇസ്‌ലാം വിരുദ്ധ ശക്തികളുടെ അജണ്ട തിരിച്ചറിയുകയും അതില്‍ വീഴാതിരിക്കുകയും ചെയ്യുക. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് വെറുപ്പ് വളര്‍ത്തി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയെന്നതാണ് അവരുടെ അജണ്ട. അതവര്‍ക്ക് വമ്പിച്ച നേട്ടമുണ്ടാക്കുന്നതും മുസ്‌ലിംകള്‍ക്കു വലിയ നഷ്ടം വരുത്തുന്നതുമാണ്. അതുകൊണ്ടുതന്നെ സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടിയേക്കാവുന്ന ഒന്നും മുസ്‌ലിംകളുടെ ഭാഗത്ത് ഉണ്ടാവാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. വെറുപ്പിനെ വെറുപ്പ് കൊണ്ടോ വര്‍ഗീയതയെ വര്‍ഗീയത കൊണ്ടോ വംശീയതയെ സാമുദായികത കൊണ്ടോ അക്രമത്തെ അക്രമം കൊണ്ടോ അല്ല നേരിടേണ്ടത്. വെറുപ്പിനെ സ്‌നേഹം കൊണ്ടും തിന്മയെ നന്മ കൊണ്ടും വര്‍ഗീയതയെ സഹിഷ്ണുത കൊണ്ടും വംശീയതയെ സാഹോദര്യം കൊണ്ടുമാണ് അഭിമുഖീകരിക്കേണ്ടത്.
ഒരു പ്രബോധക സംഘമെന്ന നിലയില്‍ മുസ്ലിംകള്‍ക്ക് അല്ലാഹു നല്‍കിയ നിര്‍ദേശം ഒരു കാരണവശാലും വിസ്മരിക്കാവതല്ല.
''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാ ഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല'' (41: 34,35).
3) ഒരു കാരണവശാലും അപകര്‍ഷബോധത്തിനോ ആത്മനിന്ദക്കോ അടിമപ്പെടരുത്. ക്ഷമാപണ ശൈലിയോടെ സംസാരിക്കരുത്. ആത്മവിശ്വാസവും ആത്മാഭിമാനവും കൈവിടാതെ സഹോദര സമുദായങ്ങളുമായി ആരോഗ്യകരമായ ആശയ സംവാദത്തിലേര്‍പ്പെടുക. സംവാദം എപ്പോഴും ജനാധിപത്യപരവും സര്‍ഗാത്മകവുമായിരിക്കണം. വൈകാരികമായ ഏറ്റുമുട്ടലുകള്‍ക്ക് പകരം പക്വവും വിവേകപൂര്‍വവും ബുദ്ധിപരവും രചനാത്മകവുമായ സമീപനമാണ് സ്വീകരിക്കേണ്ടത്. ചര്‍ച്ചകളും സംഭാഷണങ്ങളും വാദിക്കാനും ജയിക്കാനും തര്‍ക്കിക്കാനും തോല്‍പിക്കാനുമാവരുത്. ഗുണകാംക്ഷാപൂര്‍ണമായ ആശയവിനിമയത്തിന് വേണ്ടിയായിരിക്കണം.
4) ഇസ്‌ലാംവിരുദ്ധ ശക്തികളുടെ പ്രചാരണം കാരണമായി ഇസ്‌ലാം വളരെയേറെ ചര്‍ച്ചാ വിധേയമായിട്ടുണ്ട്. എന്നല്ല, ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച വര്‍ത്തമാനമില്ലാത്ത ഒരു നിമിഷം പോലും ഇല്ലെന്നതാണ് സമകാലീനാവസ്ഥ. ഇതൊരവസരമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകള്‍ ഇസ്‌ലാമിലെ ജിഹാദ്, ഹിജാബ്, ഹലാല്‍, ഇതര സമൂഹങ്ങളോടുള്ള സമീപനം, നിര്‍ബന്ധ മതംമാറ്റം പോലുള്ള വിവിധ വിവാദ വിഷയങ്ങളെ സംബന്ധിച്ച് അറിയാന്‍ അതിയായ താല്‍പര്യമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെ സംബന്ധിച്ചും അതിലെ വിവാദപരമായ വിഷയങ്ങളെക്കുറിച്ചും സമൂഹത്തോട് സംസാരിക്കാന്‍  പറ്റിയ നല്ല അവസരമാണിത്. സത്യം മനസ്സിലാക്കുമ്പോള്‍ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ സുമനസ്സുകള്‍ സന്നദ്ധമാവാതിരിക്കില്ല.
5) ഇസ്‌ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കാനും അതിനെ പരിചയപ്പെടുത്താനും നിങ്ങള്‍ മത പണ്ഡിതന്മാര്‍ ആകണമെന്നില്ല. 1256 മുതല്‍ 1267 വരെ അധികാരം നടത്തിയ മംഗോളിയന്‍ ഭരണാധികാരി ബറാക്കാ ഖാന്‍ ഇസ്‌ലാം സ്വീകരിച്ചത് അദ്ദേഹം ബുഖാറയില്‍ നിന്ന് വരുമ്പോള്‍ ഒരു കച്ചവട സംഘത്തിലെ രണ്ടാളുകളുമായി ബന്ധപ്പെടാനും അവരിലൂടെ ഇസ്ലാം മനസ്സിലാക്കാനും സാധിച്ചതിലൂടെയാണ്. പതിനായിരക്കണക്കിന് ചെറുപ്പക്കാരെ ക്രൂരമായി കൊലപ്പെടുത്തിയ താര്‍ത്താരികള്‍ അവരുടെ ഭാര്യമാരെയും മക്കളെയും സഹോദരിമാരെയും വെപ്പാട്ടികളാക്കി. പ്രമുഖരായ ഭരണാധികാരികളുള്‍പ്പെടെ ആയിരക്കണക്കിന് താര്‍ത്താരികള്‍ ഇസ്‌ലാം സ്വീകരിച്ചത് നിര്‍ബന്ധിതരായി അവരുടെ ജീവിത പങ്കാളികളായി മാറിയ അടിമസ്ത്രീകളായ ആ മുസ്‌ലിം വനിതകളിലൂടെയാണ്. കാസാന്‍ ഷായുടെ സഹോദരനായ അവല്‍ ജാതൂഖാന്‍ ഇസ്‌ലാമില്‍ ആകൃഷ്ടനായത് അദ്ദേഹത്തിന്റെ അടിമ സ്ത്രീയായിരുന്ന മുസ്‌ലിം വനിതയിലൂടെയാണ്. അങ്ങനെ ആ രാജ കുടുംബം മുഴുവന്‍ വിശ്വാസികളായി.
മുസ്‌ലിംകളോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്നു ചക് തായി ഗോത്രം. മുസ്‌ലിമായ ജീവിതപങ്കാളിയിലൂടെ സന്‍മാര്‍ഗം സ്വീകരിച്ച ഹലാകുഖാനിലൂടെയാണ് ആ ഗോത്രം മുഴുവന്‍ മാറിയത് (പ്രബോധനം അനുഭവങ്ങളും പാഠങ്ങളും, പേജ്: 69).
6) തെറ്റിദ്ധാരണകള്‍ നീക്കുന്നതിലും ഇസ്‌ലാമിനെ അറിയുന്നതിലും പുസ്തകങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഓരോ മുസ്‌ലിമും സാധ്യതയുടെ പരമാവധി സഹോദര സമുദായാംഗങ്ങളുമായി ഉറ്റ ബന്ധം സ്ഥാപിക്കുക. അവരോട് തികഞ്ഞ ഗുണകാംക്ഷ പുലര്‍ത്തുക. വാക്കുകളിലൂടെയും കര്‍മ്മങ്ങളിലൂടെയും ഇസ്‌ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കാനും അതിനെ പരിചയപ്പെടാനും അവസരമൊരുക്കുക. അതിന് സഹായകമായ പുസ്തകങ്ങളും വീഡിയോകളും മറ്റും കൈമാറുക.
7) മാധ്യമങ്ങളിലൂടെ ഇസ്‌ലാമിനെ സംബന്ധിച്ച് നടത്തുന്ന ദുഷ്പ്രചാരണങ്ങളെ മാധ്യമങ്ങളിലൂടെ തന്നെ ഫലപ്രദമായി പ്രതിരോധിക്കുക. ഇപ്പോള്‍ ഇതിനായി കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് സാമൂഹികമാധ്യമങ്ങളെയാണ്. അതിനാല്‍ ഈ നവ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ചിലരെങ്കിലും ഇന്ന് പ്രയോഗിക്കുന്ന ഭാഷയും ശൈലിയും മാറ്റുക തന്നെ വേണം. വിമര്‍ശകര്‍ എത്ര തന്നെ പ്രകോപനം സൃഷ്ടിച്ചാലും ഒട്ടും പ്രകോപിതരാവരുത്. അതിവൈകാരികതക്ക് അടിപ്പെടരുത്. അസഭ്യമോ അശ്ലീലമോ ആയ പദങ്ങള്‍ പ്രയോഗിക്കരുത്. എല്ലാം  മാന്യവും ഗുണകാംക്ഷാപരവുമാകണം. അഥവാ എഴുതുന്നതും പറയുന്നതും അനുയായികളുടെ ലൈക്ക് വാങ്ങാനോ അവരുടെ അധമവികാരം തൃപ്തിപ്പെടുത്താനോ ആകരുത്. വിയോജിപ്പുള്ളവരില്‍ പോലും ആദരവും മതിപ്പുമുളവാക്കുന്നതാവണം. വിമര്‍ശകരെ സ്വാധീനിക്കലും അവരുടെ മനസ്സ് മാറ്റലുമായിരിക്കണം ലക്ഷ്യം. അതുകൊണ്ട് തന്നെ ഒട്ടും നിഷേധാത്മകമാകരുത്. തീര്‍ത്തും രചനാത്മകമായിരിക്കണം.
8) 'ഉത്തമ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഞാന്‍ നിയോഗിതനായതെന്ന്' പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ചരിത്രത്തില്‍ പ്രമുഖരായ പലരെയും അഗാധമായി സ്വാധീനിച്ചത് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവരുടെ സ്വഭാവ മഹിമയും പെരുമാറ്റ നന്മയുമാണ്. യുവാന്‍ റിഡ്‌ലിയും അബ്ദുല്ല അടിയാറുമൊക്കെ അതിന്റെ മികച്ച ഉദാഹരണങ്ങളാണ്.
9) ഇസ്‌ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണ വളര്‍ത്തുന്നതില്‍ മുസ്‌ലിംകളുടെ ജീവിതരീതിയും അനല്‍പമായ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇസ്‌ലാമോഫോബിയക്ക് അറുതി വരുത്തുന്നതില്‍ സമുദായത്തിന്റെ സംസ്‌കരണത്തിന് വമ്പിച്ച പങ്കുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച പോലെ ജീവിത വിശുദ്ധിയിലൂടെ മാതൃകാപരമായ ഉത്തമ സമൂഹമായി മാറുകയെന്നതാണ് സര്‍വപ്രധാനം. ഇസ്‌ലാമിക ചരിത്രത്തിലുടനീളം ലക്ഷക്കണക്കിനാളുകളെ സന്മാര്‍ഗത്തിലെത്തിച്ചത് മുസ്‌ലിം സമൂഹത്തിന്റെ ജീവിത വിശുദ്ധിയാണ്. നമ്മുടെ നാട്ടില്‍ ലക്ഷക്കണക്കിനാളുകളെ ഇസ്‌ലാമിന്റെ ഗുണകാംക്ഷികളാക്കിയതും അത് തന്നെ. വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ മുഹമ്മദ് മാര്‍മഡ്യൂക്ക് പിക്താള്‍ ഇസ്‌ലാമില്‍ ആകൃഷ്ടനായത് ഒരിടയ ബാലന്റെ ജീവിത നന്മ കണ്ടാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ബാരിസ്റ്റര്‍ സി.ആര്‍ ദാസ് ഇസ്ലാമിനോടും മുസ്ലിംകളോടും അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. അല്ലാമാ ഇഖ്ബാലിന്റെ ജീവിതവിശുദ്ധി അനുഭവിച്ചറിയാന്‍ അവസരം ലഭിച്ചതാണ് അദ്ദേഹത്തെ അഗാധമായി സ്വാധീനിച്ചത്.
10) ഇസ്‌ലാംവിരുദ്ധ ശക്തികളിലുള്‍പ്പെട്ടവരുള്‍പ്പെടെ സമൂഹത്തിലെ എല്ലാവര്‍ക്കും സാധ്യമാം വിധം സാമ്പത്തികവും ശാരീരികവും മറ്റുമായ സഹായസഹകരണങ്ങള്‍ ചെയ്ത് കൊടുക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്. ഹിജ്‌റ അഞ്ചാം വര്‍ഷം മക്കയില്‍ കൊടിയ ക്ഷാമമുണ്ടായപ്പോള്‍ അവിടെയുണ്ടായിരുന്നത് തങ്ങളെ നാട്ടില്‍ നിന്ന്  ആട്ടിപ്പായിക്കുകയും, നാട് വിട്ട് മദീനയിലെത്തിയിട്ടും സൈ്വരം തരാതെ യുദ്ധം നടത്തുകയും, വേണ്ടപ്പെട്ട പലരെയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത ശത്രുക്കളായിരുന്നിട്ടും പ്രവാചകനും അനുയായികളും അവര്‍ക്കാവശ്യമായ ആഹാരം എത്തിച്ചുകൊടുത്ത കാര്യം വിസ്മരിക്കാവതല്ല. മുറാദ് ഹോഫ്മാനെപ്പോലുള്ള പ്രഗല്‍ഭ വ്യക്തികളെ സന്മാര്‍ഗത്തിലേക്ക് നയിച്ചത് ഏറെ പ്രയാസകരമായ ഘട്ടത്തില്‍ അവര്‍ക്ക് ലഭിച്ച സഹായസഹകരണങ്ങളാണ്.

11) ഇസ്‌ലാമിക സമൂഹത്തിന്റെ നിയോഗ ലക്ഷ്യങ്ങളിലൊന്നായ നീതിക്ക് വേണ്ടി നിലകൊള്ളുക. വാക്കുകളിലും സമീപനങ്ങളിലും പ്രയോഗത്തിലും നീതിയുടെ പക്ഷത്തായിരിക്കുക. നല്ലതിനെ പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും പിന്തുണക്കുകയും ചെയ്യുക. ചീത്തയെ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുക. സാമുദായികതയോ കക്ഷി താല്‍പര്യമോ നീതിബോധത്തെ ക്ഷതപ്പെടുത്താതിരിക്കുക.
12) ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ച പ്രതീക്ഷ കൈവിടാതിരിക്കുക. അടിസ്ഥാനപരമായി മനുഷ്യരെല്ലാം നല്ലവരാണെന്നും ഏത് മനുഷ്യനും നന്നാവാന്‍ സാധ്യതയുണ്ടെന്നും മനസ്സിലാക്കുക. ഫിര്‍ഔന്‍  പോലും നന്നായേക്കാമെന്ന് പറഞ്ഞാണല്ലോ അല്ലാഹു മൂസാ നബിയെയും ഹാറൂന്‍ നബിയെയും അയാളുടെ അടുത്തേക്കയച്ചത്.
13) രാജ്യത്ത് നിലവിലുള്ള അവസ്ഥ അന്തിമമല്ലെന്ന് മനസ്സിലാക്കുക. ഏത് പാതിരാവിന് ശേഷവും പ്രഭാതമുള്ള പോലെ ഘനാന്ധകാരത്തിന്റെ ഈ തുരങ്കത്തിനപ്പുറം വെളിച്ചമുണ്ടെന്നോര്‍ക്കുക. അതുകൊണ്ടുതന്നെ പ്രതീക്ഷ കൈവിടാതിരിക്കുക. അപകര്‍ഷതാബോധത്തിനും നിരാശക്കും അശുഭ ചിന്തകള്‍ക്കും വിരാമമിടുക.
''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ തുണക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെയും തുണക്കും. നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തും'' (47:7).
''നമ്മുടെ കാര്യത്തില്‍ സമരം ചെയ്യുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും. സംശയമില്ല; അല്ലാഹു സച്ചരിതരോടൊപ്പമാണ്'' (29:69).
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 51-55
ടി.കെ ഉബൈദ്‌

ഹദീസ്‌

സദ്‌വിചാരം സല്‍കര്‍മമാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌