Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 04

3242

1443 ശഅ്ബാന്‍ 01

യെച്ചൂരിയുടെ പ്രസ്താവന, വാസ്തവമെന്ത്?

റഹ്മാന്‍ മധുരക്കുഴി

'സി.പി.ഐ.എമ്മില്‍ അംഗമാകാന്‍ നിരീശ്വരവാദിയാകണമെന്ന് നിര്‍ബന്ധമില്ല. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് സി.പി.എം' (ദേശാഭിമാനി 5.2.2022). സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേതാണ് മുകളില്‍ കൊടുത്ത പ്രസ്താവന.
'മതവിശ്വാസത്തെ തകര്‍ക്കുന്ന നിലപാട് ഒരിക്കലും മാര്‍ക്‌സിസ്റ്റുകള്‍ എടുത്തിട്ടില്ലെന്നും, മതത്തിന്റെ പേരില്‍ സംഘടിച്ചവര്‍ ബോധപൂര്‍വം നടത്തിയ പ്രചാരണമാണതെന്നും' പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും ഏതാനും വര്‍ഷങ്ങള്‍ മുമ്പ് പ്രസ്താവിച്ചിരുന്നു.
കമ്യൂണിസം അടിസ്ഥാനപരമായി മതവിരുദ്ധമായ ഭൗതിക വാദമാണെന്ന യാഥാര്‍ഥ്യം പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കാള്‍മാര്‍ക്‌സിന്റെ തീസിസ് വളരെ പ്രസിദ്ധമത്രെ. 1905-ല്‍, സഖാവ് ലെനിന്‍ 'നോസ്‌വായ സീസന്‍' എന്ന മാസികയില്‍ 'സോഷ്യലിസവും മതവും' എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍, മതത്തിനെതിരെ കമ്യൂണിസ്റ്റുകള്‍ പ്രചരിപ്പിക്കേണ്ട നിരീശ്വര വാദപദ്ധതിയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 'മതത്തിന്റെ നേര്‍ക്കുള്ള യുദ്ധം, വെറും ധാരണാപരമോ സിദ്ധാന്തപരമോ ആയ അതിര്‍ത്തിക്കുള്ളില്‍ പരിമിതമായാല്‍ പോരെന്നും, സമുദായത്തില്‍നിന്ന് മതത്തിന്റെ വേരുകള്‍ പറിച്ചെറിയുക എന്നതായിരിക്കണം ആ യുദ്ധത്തിന്റെ ലക്ഷ്യമെന്നും' (മതത്തെപ്പറ്റി, പേ. 104) എന്ന് വി.ഐ. ലെനിന്‍ വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. സമുദായത്തില്‍നിന്ന് മതത്തിന്റെ വേരുകള്‍ പറിച്ചെറിയുകയെന്നത് മതത്തിന്റെ നേര്‍ക്കുള്ള യുദ്ധമായി കമ്യൂണിസ്റ്റ് ആചാര്യന്‍ അര്‍ഥശങ്കക്കിടമില്ലാതെ പ്രഖ്യാപിക്കുമ്പോള്‍, മതവിശ്വാസത്തെ തകര്‍ക്കുന്ന നിലപാട് ഒരിക്കലും മാര്‍ക്‌സിസ്റ്റുകള്‍ എടുത്തിട്ടില്ലെന്ന പിണറായിയുടെ പ്രസ്താവനക്കും, സി.പി.ഐ.എമ്മില്‍ അംഗമാകാന്‍ നിരീശ്വരവാദിയാകണമെന്ന് നിര്‍ബന്ധമില്ലെന്നും എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് സി.പി.എം എന്നുമുള്ള യെച്ചൂരിയുടെ വാദത്തിനും എന്ത് വിലയാണുള്ളത്!
മാര്‍ക്‌സിസത്തിന്റെ പരമോന്നത മഹാചാര്യന്മാര്‍ അടിവരയിട്ട് പറഞ്ഞ നിലപാടില്‍ ഉറച്ച് നിന്ന് കൊണ്ട് ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് എഴുതുന്നത് നോക്കൂ: ''നാം മതത്തോട് ഏറ്റമുട്ടണം. അതാണ് എല്ലാ ഭൗതിക വാദത്തിന്റെയും തല്‍ഫലമായി മാര്‍ക്‌സിസത്തിന്റെയും ഹരിശ്രീ'' (സാംസ്‌കാരിക വിപ്ലവം, മതം, മാര്‍ക്‌സിസം. പേ. 56). ''മാര്‍ക്‌സിസം പറയുന്നു: മതത്തോട് എങ്ങനെ ഏറ്റുമുട്ടണമെന്ന് നമുക്ക് അറിഞ്ഞിരിക്കണം. അത് ചെയ്യാന്‍ വേണ്ടി ബഹുജനങ്ങള്‍ക്കിടയില്‍ വിശ്വാസത്തിന്റെയും മതത്തിന്റെയും പ്രഭവസ്ഥാനം ഏതെന്ന് ഭൗതികവാദപരമായി നാം വിശദീകരിക്കണം. മതത്തിന്റെ സാമൂഹ്യ വേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശം'' (അതേ പുസ്തകം).
''നാസ്തികതയുടെ പ്രചരണം നമ്മുടെ പ്രചരണത്തിന്റെ അവശ്യഘടകമാണ്'' (അതേ പുസ്തകം പേ. 51)
''മതവിശ്വാസത്തിനും അതിന്റേതായ അനാചാരങ്ങള്‍ക്കും ആശയപരമായും പ്രായോഗികമായും നിരന്തര സമരം നടത്തുവാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്കു കടമയുണ്ട്' (ചിന്ത 1984 ആഗസ്റ്റ് 17).
മതത്തോട് ഏറ്റുമുട്ടണമെന്നും സമുദായത്തില്‍നിന്ന് മതത്തിന്റെ വേരുകള്‍ പറിച്ചെറിയപ്പെടണമെന്നുമുള്ള മാര്‍ക്‌സിസ്റ്റ് ആചാര്യന്മാരുടെ അനുശാസനങ്ങള്‍ അതേപടി പ്രായോഗികമാക്കുവാന്‍, പാര്‍ട്ടിക്ക് പരമാധികാരം ലഭിച്ച രാഷ്ട്രങ്ങളിലെല്ലാം അവര്‍ കഠിനയത്‌നം നടത്തുകയുണ്ടായി.
സോവിയറ്റ് യൂനിയനില്‍ 1921 ജൂണ്‍ മുതല്‍ 18 വയസ്സിന് താഴെയുള്ള എല്ലാവര്‍ക്കും എവിടെ വെച്ചും മതപഠനം നിരോധിക്കപ്പെട്ടു. നാട്ടില്‍ മതാചാരങ്ങളെ പൂര്‍ണമായും നിരോധിച്ചു. പള്ളി ഇമാമുമാരും മതപണ്ഡിതന്മാരും അറസ്റ്റ് ചെയ്യപ്പെട്ടു. ആരാധനാലയങ്ങള്‍ മ്യൂസിയങ്ങളാക്കി മാറ്റി. മതത്തിന്റെ വളര്‍ച്ച തടയാനാണ് ഈ ബലപ്രയോഗ ചെയ്തികള്‍ നടപ്പിലാക്കിയതെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക ജിഹ്വ ചിന്ത വ്യക്തമാക്കുന്നതിങ്ങനെ: ''മതത്തിന്റെ വളര്‍ച്ച തടയുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ കര്‍ശനമായി നടപ്പില്‍ വരുത്തിയിട്ടുണ്ട്. സോവിയറ്റ് ജനതയുടെ മാര്‍ഗദീപമായ കമ്യൂണിസ്റ്റ് പാര്‍ട്ടി മതത്തിന്റെ മായിക മൂല്യങ്ങള്‍ക്കെതിരായി ശാസ്ത്രീയമായ നാസ്തിക പ്രചരണം നടത്തുക എന്നത് സ്വന്തം പരിപാടിയായി ഏറ്റെടുത്തിട്ടുണ്ട്'' (ചിന്ത 17.2.84).
''മതപരമായ പ്രചരണ സ്വാതന്ത്ര്യം യു.എസ്.എസ്.ആര്‍ അനുവദിക്കില്ലെന്ന് മാത്രമല്ല, നാസ്തിക പ്രചരണ സ്വാതന്ത്ര്യം അനുവദിക്കുന്നുമുണ്ട്'' (യു. കലാനാഥന്‍, യുക്തിരേഖ 1985 മെയ്).
അഫ്ഗാനിസ്താനില്‍, കമ്യൂണിസ്റ്റുകള്‍ ചെയ്ത മതവിരുദ്ധ നടപടികളെക്കുറിച്ച് 'ബ്ലാക് ബുക്ക് ഓഫ് കമ്യൂണിസം' എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. അല്‍ബേനിയ, ചൈന, ഹംഗറി തുടങ്ങി കമ്യൂണിസ്റ്റ് ആധിപത്യത്തിലുള്ള സകല രാഷ്ട്രങ്ങളിലും മതത്തിനെതിരായ നിലപാടായിരുന്നു അവിടങ്ങളിലെ സര്‍ക്കാറുകള്‍ സ്വീകരിച്ചു പോന്നത്. മതത്തോടും മതവിശ്വാസികളോടും എത്ര നിഷ്ഠുരമായ സമീപനമാണ് കമ്യൂണിസ്റ്റുകള്‍ സ്വീകരിക്കുന്നതെന്നതിനുള്ള  ജീവിക്കുന്ന തെളിവുകളാണ് ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍.
സി.പി.എമ്മില്‍ അംഗമാവാന്‍ നിരീശ്വരവാദിയാകണമെന്ന് നിര്‍ബന്ധമില്ലെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഏറ്റവും പുതിയ പ്രസ്താവന. എന്നാല്‍ സോവിയറ്റ് യൂനിയന്‍ 9-ാം പാര്‍ട്ടി കോണ്‍ഗ്രസ്, പാര്‍ട്ടി രേഖയുടെ 13-ാം ഖണ്ഡികയില്‍ വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുന്നതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടത്രെ.
തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ തത്വങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായി മതത്തോടും മതവിശ്വാസത്തോടും സി.പി.എം ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനം നിവൃത്തികേടിന്റേതാണ്. മാര്‍ക്‌സിസ്റ്റ് താത്വികാചാര്യന്മാരുടെ, മതത്തിനും ദൈവത്തിനുമെതിരായ അതേ സമീപനം മഹാഭൂരിപക്ഷം ദൈവവിശ്വാസികളും മതവിശ്വാസികളുമായ ഇന്ത്യാ മഹാരാജ്യത്ത് വിലപ്പോവുകയില്ലെന്ന ഉത്തമബോധ്യമാണ് കാപട്യ പൂര്‍ണമായ അടവ് നയം മതവിശ്വാസികളോട് സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിതമാക്കുന്നത്. തങ്ങള്‍ അങ്ങനെയൊന്നുമല്ല, മതത്തിന്റെ പേരില്‍ സംഘടിച്ചവര്‍ തങ്ങള്‍ക്ക് നേരെ തട്ടിവിടുന്ന ദുഷ്പ്രചാരണങ്ങളാണ് തങ്ങള്‍ മതവിരോധികളാണെന്ന ആരോപണം എന്ന പ്രസ്താവനയുടെ പൊരുളും മറ്റൊന്നല്ല. അധികാരം പൂര്‍ണമായും കൈവന്നാല്‍ തങ്ങളുടെ യഥാര്‍ഥ മുഖം അനാവരണം ചെയ്യപ്പെടുമെന്ന് മാര്‍ക്‌സിസത്തിന്റെ എ.ബി.സി പഠിച്ച ആര്‍ക്കും സുതരാം വ്യക്തമത്രെ. 


ഹിജാബ് വിവാദം; 
രാജ്യത്തിന് പുറത്തും  ചര്‍ച്ചയാവുന്നു

ജമാല്‍ ഇരിങ്ങല്‍

ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്ന ദലിത്, മുസ്ലിം പിന്നാക്ക വിരുദ്ധ സമീപനം രാജ്യത്തിന് പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്. നമ്മുടെ പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ രാജ്യത്തിന്റെ പൈതൃകമാണ് നാനാത്വത്തില്‍ ഏകത്വം എന്ന മഹിതമായ സങ്കല്‍പം. മനോഹരമായ ഒരു പൂന്തോട്ടത്തിലെ വിരിഞ്ഞു നില്‍ക്കുന്ന വ്യത്യസ്തങ്ങളായ പൂക്കളാണ് ഇവിടെയുള്ള ഓരോ മതങ്ങളും. എല്ലാ പൗരന്മാര്‍ക്കും അവരവരുടെ വിശ്വാസപ്രകാരം ജീവിക്കാനും അതിനു വേണ്ടി പ്രചാരണ പ്രവര്‍ത്തങ്ങളിലേര്‍പ്പെടാനും നമ്മുടെ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. മതവിശ്വാസത്തിനും പ്രചാരണത്തിനും പ്രയോഗത്തിനുമുള്ള അവകാശത്തെക്കുറിച്ചാണ് ഭരണഘടനയുടെ  25-ാം അനുഛേദം പറയുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനു ശേഷം ഇത്തരം ഭരണഘടനാ മൂല്യങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നതായാണ് കണ്ടുവരുന്നത്.
എന്‍.ആര്‍.സി, സി.എ.എ വിഷയത്തില്‍ ലോകരാഷ്ട്രങ്ങളില്‍ പലതും ശക്തമായ ഭാഷയില്‍ അവരുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ബഹ്റൈനിലെയും കുവൈത്തിലെയും പാര്‍ലമെന്റില്‍ അംഗങ്ങള്‍ ഇതിനെതിരെ അവരുടെ പ്രതിഷേധം രേഖപ്പെടുത്തിയത് ഏറെ മാധ്യമ ശ്രദ്ധ നേടി.
മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ ഭാഷയുടെയോ പേരില്‍ ഒരു പൗരനും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെടരുതെന്ന് ഭരണഘടനയുടെ 29-ാം അനുഛേദനം വ്യക്തമാക്കുന്നുണ്ട്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തും സംഘര്‍ഷം നടന്നുകൊണ്ടിരിക്കുകയാണ്. വിഷയം കോടതിയിലാണിപ്പോള്‍. ഈയൊരു നിരോധനത്തിലൂടെ ഭരണഘടനയുടെ 29-ാം അനുഛേദനം കൂടിയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിഷയത്തില്‍ പലയിടത്തു നിന്നും പല രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം (15/02 / 2022) ബഹ്റൈന്‍ പാര്‍ലമെന്റിലും ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നു. ഫെബ്രുവരി 15-നു നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അഹ്മദ് അല്‍ അന്‍സാരി, അബ്ദുര്‍റസാഖ് അബ്ദുല്ലാ ഹിത്വാബ് എന്നിവരാണ് പ്രത്യേക പ്രമേയത്തിലൂടെ വിഷയം ഉന്നയിച്ചത്.
നിലവില്‍ എല്ലാ രാജ്യങ്ങളുമായും വളരെ ശക്തവും ഊഷ്മളവുമായ ബന്ധമാണ് ബഹ്റൈന്‍ നിലനിര്‍ത്തിവരുന്നത്. ഇന്ത്യയുമായും സുദൃഢമായ നയതന്ത്രബന്ധമാണ് ബഹ്‌റൈനുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നീക്കം ഒട്ടും നീതീകരിക്കാവുന്ന നടപടിയല്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. നിലവില്‍ ഇന്ത്യയില്‍ മുസ്‌ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ വിവിധ തരത്തിലുള്ള പീഡനങ്ങളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരിക്കലും ന്യായീകരിക്കാന്‍ സാധ്യമല്ല. ഭരണകൂടത്തിന്റെ മൗന സമ്മതത്തോടെ തീവ്ര വര്‍ഗീയവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം അക്രമങ്ങളും മൗലികാവകാശങ്ങളുടെ ലംഘനങ്ങളും എതിര്‍ക്കപ്പെടേണ്ടതുണ്ട്. ഇതിനെതിരെ ആഗോളതലത്തില്‍ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്. അവരവര്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനും തങ്ങളുടെ മതാചാരപ്രകാരം ജീവിക്കാനും അതിനനുസരിച്ചുള്ള വസ്ത്രം തെരഞ്ഞടുക്കാനും ഭരണഘടന തന്നെ അനുവാദം നല്‍കുന്ന രാജ്യമാണ് ഇന്ത്യ. അവിടെയുള്ള ഒരു സംസ്ഥാനമായ കര്‍ണാടകയില്‍ ആണ് ഇപ്പോള്‍ ചില സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിച്ചു കൊണ്ടുള്ള സ്ഥാപനാധികാരികളുടെ സര്‍ക്കുലര്‍ വന്നിരിക്കുന്നത്. ഇത് ഏറെ ആശ്ചര്യകരമാണ്. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കണമെങ്കില്‍ തങ്ങളുടെ ശിരോവസ്ത്രം അഴിച്ചുവെക്കേണ്ടി വരുന്ന അവസ്ഥ അത്യന്തം അപകടകരമാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള അവകാശ  ധ്വംസനങ്ങള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. വേദനാജനകമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും ഇരുവരും അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 51-55
ടി.കെ ഉബൈദ്‌

ഹദീസ്‌

സദ്‌വിചാരം സല്‍കര്‍മമാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌