Prabodhanm Weekly

Pages

Search

2012 മെയ് 12

വെട്ടിമാറ്റിയ ശിഖരങ്ങള്‍ തളിര്‍ക്കുന്ന കാലം വരും

ടി. റിയാസ് മോന്‍

2002-ല്‍ സംഭവിച്ച മുജാഹിദ് സംഘടനാ പിളര്‍പ്പ് 1921-ല്‍ മുസ്ലിം ഐക്യസംഘത്തോടെ ആരംഭിച്ച ഒരു മുന്നേറ്റത്തിന് പതര്‍ച്ചയുണ്ടാക്കുകയും, സമുദായത്തിന് പ്രകാശഗോപുരമായി നിന്ന പ്രസ്ഥാനത്തെ പരിഹാസ്യതയുടെ നോക്കുകുത്തിക്കോലമായി മാറ്റുകയും ചെയ്തു. ഈ പ്രതിസന്ധിഘട്ടത്തെ കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ അകാല ചരമത്തിനുള്ള രോഗാവസ്ഥയായി നിരീക്ഷിക്കുന്നവരുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ വമ്പിച്ച സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരുടെ പിന്മുറക്കാരാണ് ഇവരെന്ന് ആരെങ്കിലും മുജാഹിദുകളെ ചൂണ്ടി പറഞ്ഞാല്‍ കേട്ടവര്‍ വാപൊത്തി ചിരിക്കും വിധമുള്ള കോലത്തില്‍ വസ്ത്രധാരണത്തില്‍ പോലും അവര്‍ പിന്തിരിപ്പന്മാരായിത്തീരുകയും ചെയ്തിട്ടുണ്ട്. എങ്കിലും മുജാഹിദ് പ്രസ്ഥാനത്തിന് കേരളീയ മുസ്ലിം ഭൂപടത്തില്‍ നിര്‍ണായകമായി സ്വാധീനം ചെലുത്താന്‍ കഴിയുംവിധം നിലനില്‍ക്കാനും അതിജീവിക്കാനുമുള്ള കരുത്തുണ്ട്. അത്ര കണ്ട് ഹ്യൂമന്‍ റിസോഴ്സും വിഭവ ശേഷിയും അതിനുണ്ട്. പുതിയ കാലത്തെ മതനേതൃത്വം മൌലവിമാരില്‍ നിന്നും മുല്ലമാരില്‍ നിന്നും പ്രഫഷനലുകളിലേക്കും ഗവേഷകരിലേക്കും സോഷ്യോളജിസ്റുകളിലേക്കും പരിവര്‍ത്തിക്കുന്ന ഘട്ടമാണിത്. സമ്മേളനങ്ങള്‍ക്കും യാത്രകള്‍ക്കും വാള്‍പോസ്ററുകള്‍ക്കും റാലികള്‍ക്കും അപ്പുറത്ത് പ്രവര്‍ത്തനങ്ങളുടെ വിശാലമായ ഭൂമിക തുറന്നുവരുന്നുണ്ട്.
എന്നാല്‍, കാലത്തിന്റെ ആവശ്യകതക്കനുസരിച്ച് മാറാന്‍ സാധിക്കാതിരിക്കുകയും കാലത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാതിരിക്കുകയും ചെയ്ത മൌലവിമാര്‍ മുജാഹിദ് പ്രസ്ഥാനത്തെ ഇന്നീ കാണുംവിധം അപഹാസ്യമാക്കി മാറ്റി. വക്കം അബ്ദുല്‍ഖാദര്‍ മൌലവിയുടെ തുടര്‍ച്ച പുതിയ കാലത്തെ മൌലവിമാരില്‍ ഉണ്ടായില്ല. അവരില്‍ നമുക്ക് കാണാനായത് ഉത്തരേന്ത്യയിലെ മുല്ലമാരുടെയും മൌലാനമാരുടെയും തനിസ്വരൂപങ്ങളെയായി പോയി. അവര്‍ മൈതാനികളില്‍ ആളെക്കൂട്ടി ആവേശംകൊള്ളിക്കുകയും, കര്‍മശാസ്ത്ര പ്രശ്നങ്ങളില്‍ കുഴഞ്ഞു മറിയുകയും ചെയ്തു.
വക്കം മൌലവിയുടെയും മക്തിതങ്ങളുടെയും പിന്മുറക്കാര്‍ ഈ താല്‍ക്കാലിക പ്രതിഭാസങ്ങളോടെ നശിച്ച് മണ്ണടിയുമെന്ന് മാത്രം നിരീക്ഷിക്കരുത്. കുറച്ചു കാലം കൂടി അലക്ഷ്യമായി ഈ നൌക അലയും. എന്നാല്‍ വിവാദങ്ങളിലൂടെ ഈ പ്രസ്ഥാനത്തെ തുഴഞ്ഞു കാലം കഴിക്കുന്ന മുല്ലമാരെ കുത്തിനു പിടിച്ച് പുറത്തിട്ട് പ്രസ്ഥാനത്തിലെ കാര്യബോധമുള്ളവര്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. കേരളത്തിന്റെ സാമൂഹികാവസ്ഥകളെ കുറിച്ച് കൃത്യമായ ബോധ്യമുള്ള ഒരു തലമുറ മുജാഹിദ് പ്രസ്ഥാനത്തില്‍ വളരുന്നുണ്ട്. ഖൈറു ഉമ്മ എന്ന ഉജ്വലമായ സംസ്കാരത്തിന്റെ പ്രതിനിധാനങ്ങളാകേണ്ടവരാണ് തങ്ങള്‍ എന്ന ഉള്‍വിളി പ്രസ്ഥാനത്തിന്റെ പുത്തന്‍തലമുറക്കുണ്ട്. ആ ലക്ഷ്യത്തിലേക്ക് പ്രസ്ഥാനത്തെ എത്തിക്കുക എന്ന മഹത്തായ ഉത്തരവാദിത്വത്തിലേക്ക് തൌഹീദില്‍ ഊന്നിക്കൊണ്ട് നയിക്കാനുള്ള പ്രാപ്തി അവര്‍ക്കുണ്ട്. ഈ സമൂഹത്തെ ഈ കാലത്തും ലോകത്തും ജീവിക്കാന്‍ യോഗ്യതയുള്ളവരാക്കി തീര്‍ക്കുകയും, ചോദ്യങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ ത്രാണിയുള്ളവരാക്കുകയും ചെയ്യാനുള്ള ശിക്ഷണവും പാഠങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
'മുജാഹിദ് പ്രസ്ഥാനം നവോത്ഥാനത്തില്‍ നിന്ന് നവയാഥാസ്ഥിതികതയിലേക്ക്' എന്ന പഠനം (ലക്കം 46) പങ്കുവെക്കുന്ന ആശങ്കകള്‍ ഏറെക്കുറെ ശരിയാണ്. എന്നാല്‍, ചിലതു അതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വിവിധ സലഫീ ഗ്രൂപ്പുകളുടെ ചിന്താധാരകളില്‍ ഏതിനെയാണ് പിന്തുടരുന്നത്? സയ്യിദ് റശീദ് രിദയുടെ ഈജിപ്ഷ്യന്‍ ഇസ്ലാഹി മൂവ്മെന്റിനെയാണോ? സുഊദി വഹാബിസത്തെയാണോ, യമനിലെ ശൈഖ് മുഖ്ബിലിന്റെ സങ്കുചിത സലഫിയ്യത്തിനെയാണോ? കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും ചിന്താധാരയുടെ കേരള എഡിഷനല്ല എന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലര്‍ക്കും നഷ്ടമാവുകയാണ്. സലഫി പ്രസ്ഥാനങ്ങളുടെ സ്വഭാവവും രീതിയും അനുസരിച്ച് സലഫിയ്യ അഖ്ലാനിയ്യ, സലഫിയ്യ തഖ്ലീദിയ്യ, സലഫിയ്യ ജിഹാദിയ്യ, സലഫിയ്യ അല്‍ബാനിയ്യ എന്നൊക്കെയായി ഗവേഷകര്‍ തരംതിരിക്കുന്നുണ്ടായിരിക്കാം. എന്നാല്‍, വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെ ഉള്‍ക്കൊള്ളാനുള്ള വിശാലത ഉടനീളം കാണിച്ചവരാണ് സലഫികള്‍ എന്ന് മറന്നു പോകരുത്. അത് കൊണ്ടാണ് സുഊദി അറേബ്യയിലെ വഹാബി പ്രസ്ഥാനത്തിനകത്ത് ശൈഖ് ഇബ്നുബാസിനും ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ സാധിച്ചത്. എന്നാല്‍ സലഫികള്‍ അതേ തുടര്‍ന്ന് ബാസികളും അല്‍ബാനികളുമായി ചേരി തിരിഞ്ഞിട്ടില്ല. എന്നാല്‍ കുറച്ചു കാലമായി സ്ഥിതികള്‍ മാറിയിട്ടുണ്ട്.
കേരള നദ്വത്തുല്‍ മുജാഹിദീന്‍ 2002-ല്‍ നെടുകെ പിളര്‍ന്നതും ആ പിളര്‍പ്പിനിടയില്‍ ചെറു സംഘങ്ങള്‍ രൂപപ്പെട്ടതും ചിലര്‍ യമനിലേക്കും, മറ്റു ചിലര്‍ അത്തിക്കാട്ടേക്കും കുടിയേറിയതും ചെറുവാടിയിലും തിരൂര്‍ക്കാട്ടുമൊക്കെ ചില വിരുതന്മാര്‍ കിട്ടിയ അവസരത്തില്‍ ജിന്ന് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചതും ഒരു പ്രസ്ഥാനം അനുഭവിക്കുന്ന ദയനീയതകളാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍, അതിന്റെ അടിസ്ഥാന കാരണം മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും പ്രബോധന മര്യാദകളും മറന്ന് പോയത് തന്നെയാണ്. ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്ര പരിസരം രൂപപ്പെടുന്നത് തൊണ്ണൂറുകളിലാണ്. ആഗോളതലത്തില്‍ സലഫി പ്രസ്ഥാനത്തില്‍ രൂപപ്പെട്ട ആശയസംഘര്‍ഷങ്ങളുടെ അലയൊലിയാണ് കേരളത്തില്‍ ഉണ്ടായതെന്ന വാദവും അംഗീകരിക്കുന്നു. എന്നാല്‍ കേരള നദ്വത്തുല്‍ മുജാഹിദീനിലെ പിളര്‍പ്പ് വിലയിരുത്തപ്പെടേണ്ടത് കേരളീയ സാഹചര്യത്തില്‍ തന്നെയാണ്. കാരണം, തികച്ചും കേരളീയ സാഹചര്യത്തില്‍ രൂപപ്പെട്ട പ്രസ്ഥാനം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍ തന്നെയാണ്. 19-ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ലോകത്ത് ശക്തിയാര്‍ജിച്ച മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളുമായി അതിന് ബന്ധം ഉണ്ടായിരുന്നു. എങ്കിലും അതിന്റെ അജണ്ടകളും സ്വഭാവവും നിശ്ചയിക്കപ്പെട്ടത് മലയാളി മുസ്ലിമിന്റെ വര്‍ത്തമാന കാലാവസ്ഥയില്‍ നിന്നായിരുന്നു.
ഈജിപ്തിലെ സയ്യിദ് റശീദ് രിദയുടെ ഇസ്ലാഹി മൂവ്മെന്റിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മുന്നേറ്റം കെ.എം മൌലവിയുടെ കാലത്ത് സുഊദി വഹാബിസത്തോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയെന്ന കണ്ടെത്തല്‍ നടത്തുന്നത് അദ്ദേഹത്തിന്റെ സുഊദ് രാജാവുമായുള്ള കൂടിക്കാഴ്ചയെ അവംലംബമാക്കിയാണെങ്കില്‍ പൂര്‍ണമായും വസ്തുതാപരമല്ല. മുസ്ലിം ഐക്യസംഘത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു കെ.എം മൌലവി ചെയതത്. ആ ജീവിതം അക്കാര്യം വ്യക്തമാക്കുന്നുണ്ട്. തിരൂരങ്ങാടി യതീംഖാനയും ഫാറൂഖ് കോളേജും സ്ഥാപിക്കുന്നതില്‍ കെ.എം മൌലവി നേതൃപരമായ പങ്കാണ് വഹിച്ചത്. സുഊദിയില്‍ നിന്ന് പഠിച്ചല്ല കെ.എം മൌലവി അത് ചെയ്തത്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.എം മൌലവി മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. രാഷ്ട്രീയത്തിലും വിദ്യാഭ്യാസരംഗത്തും, സാമൂഹികക്ഷേമ രംഗത്തും അടിയുറച്ച് നിന്ന മതസംഘടനാ നേതാവായിരുന്നു തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ എന്ന കെ.എം മൌലവി. സുഊദി സലഫിസത്തിന്റെ സ്വാധീനം കെ.എം മൌലവിയുടെ കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കയറിവന്നു എന്ന നിരീക്ഷണം ചരിത്രവിരുദ്ധമാണ്.
മുജാഹിദ് പ്രസ്ഥാനത്തിലെ ചേരിപ്പോരിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ പ്രസ്ഥാനത്തിന് രാഷ്ട്രീയമായ ബോധ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വിലയിരുത്തുന്നതും ചരിത്രത്തോടുള്ള അനീതിയാണ്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ ഇന്നേവരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും പാര്‍ട്ടിയെ പരസ്യമായി പിന്തുണക്കുകയോ ചെയ്തിട്ടില്ല. കേരളീയ ജനാധിപത്യ സാഹചര്യങ്ങളില്‍ അതു സ്വീകരിച്ച ഇജ്തിഹാദി നിലപാട് കൂടിയാണ് അത്. കൃത്യമായ രാഷ്ട്രീയ ബോധമുള്ള പ്രവര്‍ത്തകരെ അത് മുസ്ലിം കേരളത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് സാലേ സേട്ട് സാഹിബ് രാജ്യസഭാ അംഗമായിരുന്നു. കെ.എം സീതിസാഹിബ് കേരള നിയമസഭാ സ്പീക്കറായിരുന്നു. സംഘടനാ ഭാരവാഹിത്വം ഉണ്ടായിരിക്കെയാണ് എ.വി അബ്ദുര്‍റഹ്മാന്‍ ഹാജി എം.എല്‍.എ ആയത്. ബി. പോക്കര്‍, ഉപ്പി സാഹിബ്, പി. സീതിഹാജി, അവുക്കാദര്‍ക്കുട്ടി നഹ എന്നിവര്‍ മുജാഹിദുകളായിരിക്കെ നിയമസഭയിലും പാര്‍ലമെന്റിലും നാടിനെ പ്രതിനിധീകരിച്ചവരാണ്.
കേരള മുസ്ലിം ഐക്യസംഘത്തിന്റെ തുടര്‍ച്ചയായ മുജാഹിദ് പ്രസ്ഥാനം കേവല രാഷ്ട്രീയ പാര്‍ട്ടിയായി പരിണമിച്ചില്ല എന്ന കാരണത്താല്‍ അതിന് രാഷ്ട്രീയ ബോധം ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ തന്ത്രപൂര്‍ണമായ ഇടപെടലുകള്‍ മാത്രമേ വിജയിക്കൂ എന്ന യാഥാര്‍ഥ്യം ഐക്യസംഘത്തിന്റെ പിന്മുറക്കാര്‍ ഉള്‍ക്കൊണ്ടിരുന്നു. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന് ധൈഷണിക നേതൃത്വവും ദിശാബോധവും നല്‍കി എന്നതാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സംഭാവന.
മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിന്റെ അടിസ്ഥാന കാരണം നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് സാമൂഹികബോധം നഷ്ടമായി എന്നത് തന്നെയാണ്. ഇത് മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിക്കരുതായിരുന്നു. എന്നാല്‍, സമൂഹത്തെയും മതസംഘടനകളെയും മൊത്തത്തില്‍ ബാധിച്ച ദുരിതം മുജാഹിദ് പ്രസ്ഥാനത്തെയും ഗ്രസിക്കുകയായിരുന്നു. മതനേതൃത്വം അതത് കാലത്തോട് സംവദിക്കാതെ പഴയ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ ചര്‍ച്ചകളിലേക്ക് കൂപ്പു കുത്തിയെന്ന ദുരന്തം ഇവിടെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതിന് വിരുദ്ധമായ ചിന്തകളും ധാരകളും മുജാഹിദ് പ്രസ്ഥാനത്തില്‍ സജീവമാണ്. ആ ധാരകള്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് തിരിച്ചു വരുന്ന കാലം വിദൂരമല്ല. അത്തരത്തിലുള്ള ചര്‍ച്ചകളും രഞ്ജിപ്പിന്റെ സാധ്യതകളും പൂര്‍ണമായും അടഞ്ഞുപോയിട്ടില്ല. എന്നു മാത്രമല്ല, മുജാഹിദ് പ്രസ്ഥാനം ഇറങ്ങിപ്പോയ വഴികളിലേക്ക് വിശാലമായ സമുദായ സ്നേഹത്തോടെയും ഇസ്ലാമിക പ്രതിബദ്ധതയോടെയും കയറിവരാന്‍ പിന്നില്‍ കാര്യമായി ആരും ഇല്ല എന്നും കഴിഞ്ഞ ദശാബ്ദം വിളിച്ചു പറയുന്നുണ്ട്.
riyasmuh@gmail.com 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം