Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 18

3240

1443 റജബ് 17

കൊടുങ്ങല്ലൂരിന്റെ പെരുമ മുനവ്വിറുല്‍ ഇസ്‌ലാമിലെ പഠനം

കെ.കെ അബൂബക്കര്‍ /സദ്‌റുദ്ദീന്‍ വാഴക്കാട്

കര്‍മപാത-ഒന്ന് 


വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകനും എം.ഇ.എസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് കെ.കെ അബൂബക്കര്‍. കൊടുങ്ങല്ലൂര്‍ എറിയാട്ടെ കറുകപ്പാടത്ത് വേടിയില്‍ കുടുംബത്തില്‍ 1930 ഏപ്രില്‍ 22ന് ജനനം. പിതാവ് കറുകപ്പാടത്ത് കൊച്ചുണ്ണി എന്ന കുഞ്ഞിപ്പോക്കരുട്ടി. മാതാവ് പുന്നിലത്ത് ഖാദര്‍ ഹാജിയുടെ മകള്‍ കൊച്ചയിഷ. കൊടുങ്ങല്ലൂര്‍ കേരളവര്‍മ ഹൈസ്‌കൂളില്‍ നിന്ന് 1945-ല്‍ ഏഴാം ക്ലാസും എറണാകുളം മുനവ്വിറുല്‍ ഇസ്‌ലാം ഹൈസ്‌കൂളില്‍നിന്ന് 1948-ല്‍ പത്താം ക്ലാസും പൂര്‍ത്തിയാക്കി. 1948-'50 കാലത്ത് തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനം. 1950ല്‍ കാമ്പസ് സെലക്ഷനിലൂടെ നേവിയില്‍ ഉദ്യോഗസ്ഥനായി. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനി കപ്പല്‍ കമീഷന്‍ ചെയ്യാനുള്ള സംഘാംഗമായി 1957-ല്‍ യു.കെയിലേക്ക് നിയോഗിക്കപ്പെട്ടു. ഒരു വര്‍ഷം ലിവര്‍പൂളില്‍ താമസിച്ചു. 1964-ല്‍ നേവിയില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് എറണാകുളത്ത് താമസമാരംഭിച്ചു. ഇതേ വര്‍ഷം തന്നെ മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റിയില്‍ (എം.ഇ.എസ്) അംഗമായി. സീനിയര്‍ സ്റ്റോര്‍ കീപ്പര്‍, ഷിപ്പിങ്ങ് ഓഫീസര്‍, എക്‌സ്‌പോര്‍ട്- ഇംപോര്‍ട്ട് മാനേജര്‍ തുടങ്ങിയ തസ്തികകളിലായി 1964- 1989 കാലത്ത് എച്ച്.എം.ടിയില്‍ ജോലി ചെയ്തു. 
1965 മുതല്‍ വിദ്യാഭ്യാസ, സാമൂഹിക സേവന രംഗത്ത് സജീവമായ കെ.കെ അബൂബക്കര്‍ അഞ്ച് തവണ എം.ഇ.എസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും   മൂന്ന് തവണ പ്രസിഡന്റും (1989-'99) ആയി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ, എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം തുടങ്ങിയ ചുമതലകള്‍ വഹിക്കുകയുണ്ടായി. അര്‍ജുന്‍ സിംഗ് മാനവശേഷി വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് കേന്ദ്ര ഗവണ്‍മെന്റിന്റെ മൈനോറിറ്റി എജുക്കേഷന്‍ എംപവര്‍മെന്റ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്കിന്റെ (ഐ.ഡി.ബി) ഇന്ത്യയിലെ സതേണ്‍ റീജിയന്‍ കണ്‍വീനര്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം (2006), ആലുവ അസ്ഹറുല്‍ ഉലൂം ട്രസ്റ്റ് വൈസ് പ്രസിഡന്റ്, കൊച്ചിന്‍ പബ്ലിക് സ്‌കൂള്‍ ട്രസ്റ്റ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എറണാകുളത്തിന്റെ സാമൂഹിക മണ്ഡലത്തിലും മുസ്‌ലിം ഉണര്‍വുകളിലും സജീവ സാന്നിധ്യമായിരുന്ന കെ.കെ, പ്രസിദ്ധമായ എറണാകുളം ഫ്രൈഡേ ക്ലബ്ബിന്റെ രൂപീകരണത്തിലും  പ്രവര്‍ത്തനങ്ങളിലും പങ്കുവഹിക്കുകയുണ്ടായി.
1957-ലായിരുന്നു വിവാഹം. ഭാര്യ പി. എം ഫാത്വിമാബി. മക്കള്‍, അബ്ദുല്‍ മനാഫ്, ആയിഷ, സാജിദ. ഇപ്പോള്‍ എറണാകുളത്തെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന കെ.കെയുടെ ജീവിതാനുഭവങ്ങളിലൂടെ....

*** *** *** *** 
പണ്ടുകാലത്തേ പെരുമയുള്ള നാടാണ് കൊടുങ്ങല്ലൂര്‍. ഇസ്‌ലാമിന്റെ ശബ്ദവും വെളിച്ചവും ഇന്ത്യയില്‍ ആദ്യമെത്തിയ മണ്ണ്. അതുകൊണ്ട് തന്നെ, ഇന്ത്യന്‍ മുസ്ലിംകളുടെ തുടക്കമാണ് കൊടുങ്ങല്ലൂര്‍ മുസ്ലിംകള്‍ എന്നു പറയാം. അതിന്റെയൊരു പോരിമ കൊടുങ്ങല്ലൂരിന് എന്നും ഉണ്ടായിട്ടുണ്ട്. മാലിക് ബ്‌നു ദീനാറിന്റെ പാരമ്പര്യത്തില്‍, അഥവാ ഇസ്‌ലാം ആദ്യം എത്തിയ പ്രദേശത്തെ മുസ്ലിംകള്‍ എന്ന നിലയില്‍ ഊറ്റം കൊള്ളുന്നവരായിരുന്നു ഞങ്ങള്‍ കൊടുങ്ങല്ലൂരുകാര്‍. ഉയര്‍ന്ന് ചിന്തിക്കുന്ന, കൂടുതല്‍ അറിവ് നേടാന്‍ ത്വര കാണിക്കുന്ന ധാരാളമാളുകള്‍  അവിടെ ഉണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ മുസ്‌ലിംകളുടെ പ്രൗഢമായ പാരമ്പര്യം വ്യത്യസ്ത മേഖലകളില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. വിദ്യാഭ്യാസ വളര്‍ച്ച, സാമ്പത്തിക ഉന്നമനം, സാമൂഹിക നവോഥാനം, രാഷ്ട്രീയ മുന്നേറ്റം തുടങ്ങിയവയില്‍ കൊടുങ്ങല്ലൂര്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടല്ലോ. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് മുതല്‍ സിദ്ദീഖ് ഹസന്‍ സാഹിബ് വരെയുള്ള ഒട്ടനവധി വ്യക്തിത്വങ്ങള്‍ ഈ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുന്നവരാണ്. 
കൊടുങ്ങല്ലൂരിന്റെ ജനസംഖ്യാ ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിംകളേക്കാള്‍ ഹിന്ദു മത വിശ്വാസികളാണ് എന്നും ഇവിടെ കൂടുതലുണ്ടായിരുന്നത്. പക്ഷേ, ഏറക്കുറെ മുസ്‌ലിംകള്‍ക്കായിരുന്നു സാമൂഹിക ജീവിതത്തില്‍ മേല്‍ക്കൈ. പ്രമാണിമാര്‍ അധികവും മുസ്‌ലിംകളും മറ്റുള്ളവര്‍ അവരുടെ ആശ്രിതരുമായിരുന്നു. കൊങ്കിണി ബ്രാഹ്മണരും നായന്മാരുമൊക്കെ കൊടുങ്ങല്ലൂര്‍ ടൗണിനോട് ചേര്‍ന്നാണ് താമസിച്ചിരുന്നത്. ഞങ്ങളുടെ എറിയാട് ഭാഗത്ത് അധികവും ഈഴവര്‍ ഉള്‍പ്പെടെയുള്ള മററു ജാതിക്കാരായിരുന്നു. വിഭിന്ന മത സമുദായക്കാര്‍ ഇടകലര്‍ന്ന് ജീവിച്ചിട്ടും, ജനങ്ങള്‍ തമ്മില്‍ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും മുമ്പ് ഇവിടെ ഉണ്ടായിരുന്നില്ല.  മത വിവേചനപരമായ യാതൊരു വേര്‍തിരിവുകളും ചിന്തകളും ഇല്ലായിരുന്നു. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയ ചിന്തകള്‍ ഉരുത്തിരിയാതിരിക്കുന്നതില്‍ മുസ്‌ലിം കുടുംബങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. കാരണം, ഇതര സമുദായക്കാരെ ആശ്രിതരായി കണ്ട് അടിച്ചമര്‍ത്താന്‍ നോക്കാതെ, മനുഷ്യരായി പരിഗണിക്കുകയാണ് മുസ്ലിംകള്‍ ചെയ്തത്. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ പരസ്പര സ്‌നേഹവും ബഹുമാനവും വളര്‍ന്നു വരാന്‍ ഇത് കാരണമായി. മുസ്‌ലിംകള്‍ ഇതര മതത്തില്‍ പെട്ട ജോലിക്കാരെ കുടുംബാംഗങ്ങളെപ്പോലെ തന്നെയാണ് കണ്ടിരുന്നത്. എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ ആറ് ജോലിക്കാരുണ്ടായിരുന്നു. എന്തെങ്കിലും ഭാഗം വെക്കുമ്പോള്‍ അവരെക്കൂടി ചേര്‍ത്താണ് ഭാഗിക്കുക. അത്തരത്തിലായിരുന്നു അന്നത്തെ സ്‌നേഹബന്ധം.
കൊടുങ്ങല്ലൂരിലെ മുസ്‌ലിംകള്‍ പ്രമാണിമാരും ഭൂ ഉടമകളുമായത് എങ്ങനെയാണെന്ന് വ്യക്തമല്ല. മാലിക്ബ്‌നു ദീനാറിനൊപ്പം വന്ന് കുടിയേറിപ്പാര്‍ത്തവരുടെ പിന്‍മുറക്കാരാണോ എന്നതും കൃത്യമായി അറിയില്ല. അവിടത്തെ മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗം തികഞ്ഞ ധാര്‍മിക ബോധത്തോടെ ജീവിതം നയിക്കുന്നവരായിരുന്നു. മറ്റൊരു വിഭാഗം, ഹറാമില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരായിരുന്നെങ്കിലും ചെയ്യേണ്ട കടമകളും കര്‍ത്തവ്യങ്ങളും പലതും കൃത്യമായി ചെയ്യാതെ, ദീനീനിഷ്ഠ പാലിക്കാതെ ജീവിച്ചവരായിരുന്നു. ചേരമാന്‍ പള്ളിയിലും എറിയാട് പള്ളിയിലും ഒരു കാലത്ത് ഖബ്ര്‍ ആരാധനയും നേര്‍ച്ചയും വിളക്ക് കത്തിക്കലുമൊക്കെ ഉണ്ടായിരുന്നു. പില്‍ക്കാലത്തെ പരിഷ്‌കരണ യത്‌നങ്ങളാണ് ഈ അവസ്ഥയില്‍ മാറ്റമുണ്ടാക്കിയത്. എറിയാട് പള്ളിയില്‍ മലയാളത്തില്‍ ഖുത്വ്ബ തുടങ്ങിയത് എന്‍.കെ അബ്ദുല്‍ ഖാദര്‍ മൗലവിയാണ്. 
മലബാറിനെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം കൊടുത്ത പ്രദേശമാണ് കൊടുങ്ങല്ലൂര്‍. വിദ്യാഭ്യാസപരമായും സാമൂഹികമായും ഉന്നതങ്ങളിലെത്തിയ കൊടുങ്ങല്ലൂരിലെ വ്യക്തിത്വങ്ങള്‍ ഇതിന് തെളിവാണ്. ഐക്യ സംഘം വന്നതിനു ശേഷമാണ് ഇങ്ങനെയൊരു സമീപനമുണ്ടായതെന്ന് ഞാന്‍ കരുതുന്നില്ല. അതിന് മുമ്പും കൊടുങ്ങല്ലൂരിലെ മുസ്‌ലിംകള്‍ മക്കളെ പഠിപ്പിക്കാന്‍ താല്‍പര്യമുള്ള കൂട്ടത്തിലായിരുന്നു. കൊടുങ്ങല്ലൂരിന്റെ വിദ്യാഭ്യാസ തല്‍പരതക്ക് ഏറ്റവും വലിയ ഉദാഹരണം ഡോ. പി.കെ അബ്ദുല്‍ ഗഫൂറിന്റെ കുടുംബമാണ്. വിദ്യാധനം കൊണ്ട് ദൈവം ആവോളം അനുഗ്രഹം ചൊരിഞ്ഞവര്‍. ഞാന്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴാണ് ഡോ.ഗഫൂറിന്റെ പെങ്ങള്‍ ഫാത്വിമ റഹ്മാന്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്നത്. അവരാണ് നാട്ടിലെ ആദ്യത്തെ ബിരുദധാരി. അന്ന് അവര്‍ക്കായി ഒരുക്കിയ സ്വീകരണത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അവരെ കൂടാതെ ഒരുപാട് പേര്‍ ഈ ഗണത്തിലുണ്ടായിരുന്നു. ഡോ. ഗഫൂറിന്റെ സഹോദരിമാരെ കൂടാതെ സഹോദരങ്ങളായ ഹൈദ്രോസ് ഹാജി, ഇബ്‌റാഹീം ഹാജി, അബ്ദുര്‍റഹ്മാന്‍ ഹാജി, ഡോ. ഗഫൂറിന്റെ ഇളയ സഹോദരങ്ങളായ ഹഖ്, അബ്ദുസ്സലാം, മറ്റു സഹോദരിമാര്‍ എല്ലാവരും ഉന്നത വിദ്യാഭ്യാസമുള്ളവരായിരുന്നു. ആ കാലം ഏതാണെന്ന് ഓര്‍ക്കണം! അന്ന് സ്ത്രീകള്‍ പ്രാഥമിക വിദ്യാഭ്യാസവും കടന്ന് ബിരുദം നേടി എന്നത് നാടിനെ സംബന്ധിച്ച് അത്ഭുതകരമായ മുന്നേറ്റമായിരുന്നു.

രാഷ്ട്രീയ പാരമ്പര്യം

ഒരു ഘട്ടത്തില്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, സീതി സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ശക്തിപ്പെടുകയുണ്ടായി. അബ്ദുര്‍റഹ്മാന്‍ സാഹിബ് കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായി ഉയര്‍ന്നു വന്നു. മറുഭാഗത്ത്, സീതി സാഹിബിന്റെ  നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തനം സജീവമാക്കുകയും പല കുടുംബങ്ങളിലെയും കാരണവന്‍മാരടക്കമുള്ളവര്‍ അതിന്റെ ഭാഗമാവുകയുമുണ്ടായി. രാഷ്ട്രീയമായി ചിന്തിച്ചാല്‍ നാടിന് രണ്ട് മനസ്സായിരുന്നെന്ന് പറയാം. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനും സീതി സാഹിബിനും ഒപ്പം നിന്ന് കൊടുങ്ങല്ലൂര്‍, വിശേഷിച്ചും അവിടത്തെ മുസ്‌ലിംകള്‍ ചാഞ്ചാടിക്കൊണ്ടിരുന്നു. മലബാറിലെ ഒരു മണ്ഡലത്തില്‍ ഇവര്‍ പരസ്പരം മത്സരിച്ചതായി കേട്ടിട്ടുണ്ട്. അബ്ദുര്‍റഹ്മാന്‍ സാഹിബ് എന്റെ  വാപ്പയുടെ കസിനാണ്. വാപ്പ അദ്ദേഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍  പോകാറുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരകാലത്തെ നേതാക്കളുടെ സ്വാധീനം കൊണ്ടോ മറ്റോ പാകിസ്താന്‍ ലീഗിനോട് യാതൊരു തരത്തിലുള്ള അനുഭാവവും കൊടുങ്ങല്ലൂര്‍ മുസ്ലിംകള്‍ക്ക് ഇല്ലായിരുന്നു.
കൊടുങ്ങല്ലൂരില്‍ ഒരു കാലത്ത് മുസ്‌ലിം എം.എല്‍.എ.മാര്‍ മാത്രമേ  ജയിക്കാറുണ്ടായിരുന്നുള്ളൂ. അതിനൊരു മാറ്റം വന്നത് ഇ. ഗോപാലകൃഷ്ണ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായ അദ്ദേഹം കൊടുങ്ങല്ലൂരിന്റെ എം.എല്‍.എയായി ഒരുപാട് വര്‍ഷം തുടര്‍ന്നു. പണ്ടുമുതലേ കമ്യൂണിസത്തിന് വേരോട്ടമുള്ള മണ്ണായിരുന്നു കൊടുങ്ങല്ലൂര്‍. തൊഴിലാളി വര്‍ഗത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും കൂടെയായിരുന്നല്ലോ അന്നത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. അത് വരെ കോണ്‍ഗ്രസ് ശക്തമായിരുന്ന ഇടമായിരുന്നു കൊടുങ്ങല്ലൂര്‍. അതിന് ശേഷവും കോണ്‍ഗ്രസ് പലതവണ വിജയിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിനും  ആഴത്തിലുള്ള സ്വാധീനമുണ്ടായിരുന്നു. പക്ഷേ, അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. 
1956-ല്‍ ആണെന്നാണ് എന്റെ ഓര്‍മ; അന്ന് ബ്ലാക്ക് ഡേ (ലിയാഖത്ത് ഡേ) ആചരിക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍, അതിനെ അനുകൂലിക്കണോ വേണ്ടയോ എന്നതിനെ സംബന്ധിച്ച് വീട്ടില്‍ കാരണവന്മാരൊക്കെ കൂടിയാലോചന നടത്തിയിരുന്നു. ഞാന്‍ അന്ന് ചെറിയ കുട്ടിയാണ്. ആ സമയത്ത് നാട്ടില്‍ ഒരുതരം മത വിഭാഗീയത രൂപപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.

കുടുംബം, കുട്ടിക്കാലം

കൊടുങ്ങല്ലൂരിലെ എറിയാട്ട്, കറുകപ്പാടത്ത് തറവാട്ടിലാണ് ഞാന്‍ ജനിച്ചത്. അക്കാലത്ത് പ്രമാണിത്തവും തറവാട്ടു പെരുമയുമുള്ളവരായി കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ കണക്കാക്കിയിരുന്ന കുടുംബങ്ങളില്‍ ഒന്നായിരുന്നു ഞങ്ങളുടേത്. കറുകപ്പാടത്ത് തറവാടിന് ഒരുപാട് ഉപ തറവാടുകളുണ്ട്. കറുകപ്പാടത്ത് വേടിയില്‍ എന്നാണ് ഞങ്ങളുടെ കുടുംബപ്പേര്. യഥാര്‍ഥത്തില്‍ കറുകപ്പാടം കുടുംബത്തിന്റെ തായ് വേര് പടര്‍ന്നു കിടക്കുന്നത് മലബാറിലെ തിരൂര്‍ കൂട്ടായിലാണ്. അവിടെ നിന്ന് മഹാരാജാവിന്റെ കാലത്ത് കൊടുങ്ങല്ലൂരിലേക്ക് ചേക്കേറിയവരാണ് ഞങ്ങളുടെ പൂര്‍വികര്‍. അറബന മുട്ടുമായി  നാടുചുറ്റി  കൊടുങ്ങല്ലൂരെത്തുകയും പിന്നീട് അന്നത്തെ നിയമമനുസരിച്ച് മഹാരാജാവിന്റെ അനുമതിയോടെ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഞാന്‍ ജനിക്കുന്നതിനും മൂന്നോ, നാലോ തലമുറ മുമ്പേയായിരുന്നു ഈ കുടിയേറ്റം.
കറുകപ്പാടത്ത് മുഹമ്മദ് എന്നാണ് എന്റെ വല്ല്യുപ്പയുടെ - വാപ്പയുടെ ഉപ്പയുടെ - പേര്. കൊച്ചുണ്ണി എന്ന കുഞ്ഞിപ്പോക്കര്‍ കുട്ടിയാണ് എന്റെ വാപ്പ. കുഞ്ഞിപ്പോക്കര്‍ കുട്ടി എന്ന പേര് ഞങ്ങളുടെ കുടുംബത്തില്‍ ഒരുപാട് പേര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് ഇവരെല്ലാവരും അറിയപ്പെടുന്നത് എന്തെങ്കിലും വിളിപ്പേര് ചേര്‍ത്തായിരിക്കും. വാപ്പ കൊച്ചുണ്ണി ചേര്‍ത്താണ് അറിയപ്പെട്ടിരുന്നത്. പലപ്പോഴും ഔദ്യോഗിക രേഖകളില്‍ പോലും ഈ പേരാണ് ഉപയോഗിച്ചിരുന്നത്. കൊച്ചുണ്ണി എന്ന പേര് അന്ന് എല്ലാ മതസ്ഥരും ഉപയോഗിക്കുന്ന വിളിപ്പേരായിരുന്നു. അന്ന് മുസ്‌ലിംകള്‍ക്കിടയില്‍ മക്കള്‍ക്ക് അറബിയില്‍ പേരിടണമെന്നോ, അര്‍ഥം നോക്കണമെന്നോ ഉള്ള ശാഠ്യമൊന്നും ഉണ്ടായിരുന്നില്ല. നമ്മുടെ ചരിത്രത്തില്‍ നിന്ന്, ഖലീഫമാരുടെയോ മറ്റോ പേരുകള്‍ ഉപയോഗിച്ചിരുന്നു എന്നല്ലാതെ അവര്‍ അതിലൊന്നും കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്ന് വേണം മനസ്സിലാക്കാന്‍. കൊച്ചുണ്ണി പോലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ വ്യാപകമായുള്ള പേരുകളാണ് കുട്ടിക്കമ്മദ്, കോമു തുടങ്ങിയവ.  കൊച്ചയ്ഷ എന്നാണ് എന്റെ ഉമ്മയുടെ പേര്. അന്നത്തെ പേരുകളിലൊക്കെത്തന്നെയും പ്രാദേശികത കൂടി കലര്‍ന്നിരിക്കും. കൊച്ചെന്നും കുഞ്ഞെന്നും ചേര്‍ത്ത് ഓരോ നാടിന്റെയും അഭിസംബോധനകളും സ്‌നേഹവായ്പുകളും പേരുകളില്‍ തന്നെ തെളിഞ്ഞു കാണാവുന്നതാണ്. 
പുന്നിലത്ത് ഖാദര്‍ ഹാജി, ഉമ്മയുടെ ഉപ്പ. പഴയ കൊച്ചി സ്റ്റേറ്റിന്റെ അതിര്‍ത്തിയായിരുന്ന ഇന്നത്തെ പടിഞ്ഞാറേ  വെമ്പല്ലൂരുകാരനായിരുന്നു. പ്രദേശത്തെ പ്രമാണിമാരില്‍ ഒരാളായ അദ്ദേഹം 1929-ല്‍ പുന്നിലത്ത് വടക്കേചാലില്‍ എന്ന പള്ളി പണിയുകയുണ്ടായി. അക്കാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കല്ലുകളും മറ്റു വസ്തുക്കളും ലഭിക്കാനുള്ള ബുദ്ധിമുട്ട് ഊഹിക്കാവുന്നതേയുള്ളൂ. വളരെ കഷ്ടപ്പെട്ടാണെങ്കിലും താഴികക്കുടം സ്ഥാപിച്ച്, പണി പൂര്‍ത്തിയാക്കിയ പള്ളിയില്‍ നിന്നും നിസ്‌കരിച്ചിറങ്ങി അവിടെ നിന്ന് തന്റെ മൂന്ന് ആണ്‍മക്കളെയും കൂട്ടി നേരെ ഹജ്ജിനു പോവുകയായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അവര്‍ക്കൊപ്പം ഹജജിന് വല്യുമ്മയുമുണ്ടായിരുന്നു. 1929-30 കാലത്തൊക്കെ ഹജ്ജിന് പോവുകയെന്നത് വലിയ സാഹസികതയാണ്. കേരളത്തിനു പുറത്ത് ബോംബെയിലെത്തുന്നത് തന്നെ അന്ന് അസാധാരണമാണ്. അങ്ങനെയുള്ള കാലത്താണ്  ഇവര്‍ അഞ്ച് പേരും കൂടെ ട്രെയിനിലും ബസിലുമായി ബോംബെയിലേക്ക് പോകുന്നത്. ബോംബെയില്‍ നിന്നും സൗദിയിലേക്ക് പോകാന്‍ കപ്പല്‍  മാത്രമേയുള്ളൂ. മക്കയിലെത്തി ഹജ്ജ് ചെയ്ത വല്ല്യുപ്പ അവിടെ വെച്ച് തന്നെ മരിച്ചു. അദ്ദേഹം മരിച്ച് ഏകദേശം 80 ദിവസം കഴിഞ്ഞാണ് വല്ല്യുമ്മയും മക്കളും നാട്ടില്‍ തിരിച്ചെത്തിയത്. അന്ന് ഹജ്ജ് ചെയ്ത സ്ത്രീകള്‍ നന്നേ കുറവാണെന്ന് പറഞ്ഞല്ലോ. അതിനാല്‍ ഹജ്ജ് കഴിഞ്ഞെത്തിയ വല്യുമ്മയെ കാണാന്‍ ദൂരെ ദിക്കുകളില്‍ നിന്നു പോലും സ്ത്രീകള്‍ വരുമായിരുന്നത്രേ. ലക്ഷദ്വീപില്‍ നിന്നുവരെ ബീവികള്‍ വന്ന് വല്ല്യുമ്മക്കൊപ്പം താമസിച്ചിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്.
അന്നൊക്കെ വലിയ കുടുംബങ്ങളിലെ കാരണവന്‍മാരും മറ്റും വൈകുന്നേരങ്ങളില്‍ കൂടിയിരുന്ന് സംസാരിക്കുകയും സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. അവര്‍ക്ക് ഒരു പ്രാദേശിക ജഡ്ജിംഗ് പാനല്‍ തന്നെയുണ്ടായിരുന്നെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. റമദാനില്‍ നോമ്പെടുക്കാതെ നടക്കുന്നവരെ പരസ്യമായി ഈ സഭ ശാസിക്കുകയും അയാള്‍ക്ക് ശിക്ഷ വിധിക്കുകയും  മറ്റും ചെയ്തിരുന്നുവത്രെ. വാപ്പയും ഇതിന്റെയൊക്കെ ഭാഗമായിരുന്നു. എന്റെ ഓര്‍മയില്‍ ഉപ്പയുടെ സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ വലുതും ദൃഢവുമായിരുന്നു. എന്റെ സ്‌കൂള്‍ പഠനകാലത്തെ ഒരു അനുഭവം പറയാം. ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട്  അന്ന് മലബാറില്‍ നിന്ന് കൊടുങ്ങല്ലൂരില്‍ വന്ന് താമസിച്ചിരുന്ന ചിലരും ഇ.കെ മൗലവിയുമൊക്കെയായി ഉപ്പക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. അക്കാലത്ത് മുണ്ടാണല്ലോ പുരുഷന്‍മാരുടെ വേഷം. ഞാന്‍  അന്ന് വലത്തോട്ടാണ് മുണ്ടുടുത്തിരുന്നത്. ഒരു ദിവസം സ്‌കൂളില്‍ പോകുന്ന വഴിക്ക്  കാരണവന്‍മാരില്‍ ചിലര്‍ എന്നെ വിളിച്ചു; 'ഇങ്ങനെയാണോ മുണ്ടുടുക്കുന്നത്' എന്ന് ചോദിച്ച്, സ്‌നേഹത്തില്‍ ശാസിക്കുകയും ഇടത്തോട്ട് മുണ്ട് ഉടുപ്പിക്കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് ഞാന്‍ ഇടത്തോട്ട് മാത്രമേ മുണ്ടുടുത്തിട്ടുള്ളൂ.
കുടുംബ സ്വത്തില്‍ പ്രധാനം ഭൂമിയും കൃഷിയുമായിരുന്നു. ഇതില്‍ അധികവും പാട്ടത്തിന് കൊടുത്തിരിക്കുകയാവും. നമ്മുടെ കൈയില്‍ ഒന്നുമുണ്ടാകണമെന്നില്ല. കരാറെഴുതിയാണ് പാട്ടത്തിന് കൊടുക്കുക. ഓരോ സ്ഥലത്തിനും ഇത്ര മൂല്യം എന്ന് കല്‍പിച്ച് കരാറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. വിളവെടുപ്പിന്റെ 50 ശതമാനം, അല്ലെങ്കില്‍ 25 ശതമാനം ഒക്കെയായിരിക്കും പാട്ടക്കരാര്‍. പാട്ടത്തിന് കൊടുത്തില്ലെങ്കില്‍ അത്രയും ഭൂമി നോക്കി നടത്താനൊന്നും ആര്‍ക്കും സാധിക്കില്ല. അതുകൊണ്ട് എല്ലാവരും പാട്ടത്തിന് കൊടുക്കും. 
ഒരുകാലത്ത് സര്‍ക്കാരിന്റെ ഭൂമി പാട്ടത്തിനെടുക്കാന്‍ ആളില്ലാത്തതിനാല്‍ നികുതിക്ക് വേണ്ടി ഭൂമി വ്യക്തികള്‍ക്ക് ഏല്‍പിച്ച് കൊടുക്കുന്ന രീതി ഉണ്ടായിരുന്നു. ഭൂമി വെറുതെ കിടന്നപ്പോള്‍  സര്‍ക്കാരിന് നികുതി കിട്ടാനില്ലാതായി. ഇത് പരിഹരിക്കാനായി വാക്കാല്‍ കരാര്‍ ഉറപ്പിച്ച് ഭൂമി വ്യക്തികള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കാന്‍ തുടങ്ങി. അങ്ങനെ സര്‍ക്കാര്‍ പതിച്ചു കൊടുത്ത ഭൂമിയാണ് കുഞ്ഞുമുഹമ്മദ് ഹാജിയുടെ കൈവശമുണ്ടായിരുന്ന വൈക്കത്തെ സ്ഥലം. തിരുവിതാംകൂര്‍ മഹാരാജാവാണ് അത് പതിച്ചു കൊടുത്തത്. ഇതാണ് പിന്നീട് കുഞ്ഞഹമ്മദ് ഹാജി എന്‍.എസ്.എസിന് കൈമാറിയത്. എന്‍.എസ്.എസിന് ഭൂമി കൊടുത്ത സംഭവമൊക്കെ എനിക്ക് അവ്യക്തമായ ഓര്‍മയേ ഉള്ളൂ. അവര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കൊടുത്തതെന്നാണ് അറിവ്. കുഞ്ഞുമുഹമ്മദ് ഹാജിക്ക് കൊച്ചി മഹാരാജാവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന് 'വീര ശൃംഖല' ബഹുമതിയൊക്കെ കിട്ടിയിട്ടുണ്ട്. പ്രഗത്ഭര്‍ക്ക് മാത്രം കൊടുത്തിരുന്ന ബഹുമതിയായിരുന്നു അത്. കരിക്കുളം കുടുംബത്തിലെ ഖാന്‍ സാഹിബ് കരിക്കുളവും 'വീര ശൃംഖല' ലഭിച്ച മറ്റൊരാളാണ്. കൊച്ചി സംസ്ഥാനത്ത് ആകെ ഈ ബഹുമതി ലഭിച്ചത് കരിക്കുളത്തിനാണ്. എം.ഇ.എസിന്റെ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന ഡോ. സിദ്ദീഖിന്റെ പിതാവാണ് അദ്ദേഹം.

വിദ്യാഭ്യാസ കാലം 

ഓത്തു പള്ളിയിലായിരുന്നു ഞങ്ങളുടെ പ്രാഥമിക പഠനം. അന്ന് മൊല്ലാക്കയോട് വലിയ ബഹുമാനമാണ്, പേടിയും. പഠിക്കാതിരുന്നാലും വികൃതി കാണിച്ചാലും നല്ല ശിക്ഷ കിട്ടും എന്നതായിരുന്നു പേടിയുടെ കാരണം. പക്ഷേ, കുറേ വര്‍ഷങ്ങള്‍ക്കിപ്പുറം ചിന്തിക്കുമ്പോള്‍ നമുക്ക് അവരുടെ ഉദ്ദേശ്യ ശുദ്ധി തിരിച്ചറിയാന്‍ പറ്റുന്നുണ്ട്. അവര്‍ തങ്ങളുടെ ജോലി ആത്മാര്‍ഥമായി ചെയ്യുകയായിരുന്നു. നിസ്‌കാരപള്ളികളോട് ചേര്‍ന്നാണു ഓത്തുപള്ളികള്‍ ഉണ്ടാവുക. മുപ്പത് ജുസ്അ് ഓതി പഠിപ്പിച്ച്  രണ്ടോ മൂന്നോ ഖത്തം തീര്‍ക്കും. 'യാസീന്‍' മനഃപാഠമാക്കും, നിസ്‌കാരം പഠിപ്പിക്കും. അതോടെ മൊല്ലാക്കയുടെ അടുത്തുള്ള പഠനം തീര്‍ന്ന്, മുസ്‌ലിയാരുടെ അടുത്തു പോയി 'ഫത്ഹുല്‍ മുഈന്‍' പഠിക്കാന്‍ തുടങ്ങും. പള്ളിയില്‍ നടക്കുന്ന ദര്‍സിലേക്കാണ് പോകുക. ഞാന്‍ പഠിച്ചത് എറിയാട് ഓത്തുപള്ളിയിലാണ്. അന്ന് എറിയാട് വലിയ ജുമുഅത്ത് പള്ളി കഴിഞ്ഞാല്‍ പിന്നെ ചേരമാന്‍, അഴീക്കോട്, മാടവന എന്നിവിടങ്ങളിലേ കൊടുങ്ങല്ലൂര്‍ മേഖലയില്‍ പള്ളികളുള്ളൂ. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെയാണ് ഓത്തുപള്ളിയിലും പോകുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം ആദ്യം എറിയാട് കടമ്പൂരുള്ള  അല്‍മദ്‌റസത്തുല്‍ ഇത്തിഹാദിയയിലാണ് തുടങ്ങുന്നത്. എന്നെയും ജ്യേഷ്ഠനെയും ഒരേ ദിവസമാണ് സ്‌കൂളില്‍ ചേര്‍ത്തത്. അവിടെ നാലാം ക്ലാസുവരെയേ ഉള്ളൂ. അത് കഴിഞ്ഞ് എറിയാട് കേരള വര്‍മ സ്‌കൂളാണുള്ളത്. അവിടെ പഠിക്കാന്‍ ഫീസ് കൊടുക്കണം. ഞങ്ങള്‍ പത്ത് മക്കളുടെയും സ്‌കൂള്‍ ഫീസ് അടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഉപ്പ എന്നെയും നേരെ മൂത്ത ജ്യേഷ്ഠനെയും മലബാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മതിലകം ഗോപാലകൃഷ്ണ ഹയര്‍ എലിമെന്ററി സ്‌കൂളിലാണ് ചേര്‍ത്തത്. അവിടെ പഠിക്കാന്‍ ഫീസ് വേണ്ടിയിരുന്നില്ല. എട്ട് കിലോമീറ്റര്‍ നടന്ന് വേണം ഈ സ്‌കൂളിലെത്താന്‍. അന്ന് പത്തോ പതിനൊന്നോ ആണ് പ്രായം. അവിടെ അഞ്ചാം ക്ലാസ് വരെ പഠിച്ചു. പിന്നീട് കേരളവര്‍മയില്‍ ചേര്‍ന്നു. ആറും ഏഴും ക്ലാസുകള്‍ അവിടെയായിരുന്നു. ഇന്നത്തെ എസ്.എസ്.എല്‍.സി പോലെ പബ്ലിക് പരീക്ഷയായിരുന്നു അന്ന് ഏഴാം ക്ലാസില്‍. കേരളവര്‍മയില്‍ അന്ന് ഏഴാം ക്ലാസ് വരെയുള്ളൂ. പിന്നീട്, എട്ടാം ക്ലാസ് മുതല്‍ ഞാന്‍ എറണാകുളത്തുള്ള എന്റെ ജ്യേഷ്ഠനോടൊപ്പമായിരുന്നു. അന്ന് തുടങ്ങിയതാണ് എറണാകുളത്തെ താമസം. എന്റെ ജീവിതത്തിന്റെ സിംഹ ഭാഗവും ഇവിടെയായിരുന്നുവെന്ന് പറയാം.
എറണാകുളത്ത് മുനവ്വിറുല്‍ ഇസ്‌ലാമിലാണ് ചേര്‍ന്നത്. ആ സ്‌കൂള്‍ ഇന്നില്ല. ഇന്നത്തെ എറണാകുളം  മാര്‍ക്കറ്റ് റോഡിന് മുമ്പിലായിരുന്നു മുസ്‌ലിം മാനേജ്‌മെന്റിന് കീഴില്‍ അന്ന് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ഏഴാം ക്ലാസ് വരെ നേരത്തെയുണ്ട്. ഹൈസ്‌കൂളായി ഉയര്‍ത്തിയത് 1945ലാണ്. എ.എസ് ബാവയുടെ മകന്‍ കൊച്ചുണ്ണി സാഹിബായിരുന്നു അന്നത്തെ മാനേജര്‍. അദ്ദേഹം നല്ലൊരു സാമൂഹിക പ്രവര്‍ത്തകനായിരുന്നു. അദ്ദേഹവും മജീദ് മരക്കാര്‍ സാഹിബും മറ്റും ചേര്‍ന്നാണ് കേരളത്തിലെ ആദ്യത്തെ മുസ്‌ലീം ഡയറക്ടറി ജമാഅത്ത് ഫെഡറേഷന്റെ പേരില്‍ പുറത്തിറക്കിയത്. കൂടുതലും മുസ്‌ലിം കുട്ടികളാണ് അന്ന് സ്‌കൂളിലുണ്ടായിരുന്നത്. അധ്യാപകരില്‍ പലരും മുസ്‌ലിംകളായിരുന്നു, അറബി അധ്യാപകനായി ഇ.കെ മൗലവിയുമുണ്ടായിരുന്നു. കൊച്ചുണ്ണി സാഹിബിന്റെ മരണശേഷം 1954-55 കാലഘട്ടമായപ്പോഴേക്കും  സ്‌കൂളിന്റെ  പ്രവര്‍ത്തനം ദുര്‍ബലപ്പെട്ടു തുടങ്ങി.
മുനവ്വിറുല്‍ ഇസ്‌ലാമിലെ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ചില്‍ (1948) അംഗമാണ് ഞാന്‍. എന്റെ സഹപാഠിയാണ് എം.എം ലോറന്‍സ്. ആ വര്‍ഷം എസ്. എസ്.എല്‍.സിക്ക്, ഞങ്ങള്‍ മൂന്ന് പേര്‍ക്ക് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു; എനിക്കും ടി.പി മുഹമ്മദിനും പുഷ്പ കുമാരിക്കും. എന്നെ മലയാളം പഠിപ്പിച്ച ചാക്യാര്‍ മാഷിന്റെ വിരമിക്കല്‍ ചടങ്ങില്‍ സംസാരിക്കാനായി പില്‍ക്കാലത്ത്  എന്നെ  സ്‌കൂളിലേക്ക് ക്ഷണിച്ചിരുന്നു. ഞാന്‍ അന്ന് ഫ്രൈഡേ ക്ലബും മറ്റുമായി പൊതുരംഗത്ത് സജീവമായി തുടങ്ങിയ കാലമാണ്. അപ്പോഴൊക്കെ അവിടത്തെ മാനേജ്‌മെന്റ് കൊച്ചുണ്ണി സാഹിബിന്റെ സഹോദരന്‍മാരായിരുന്നു. അന്ന് ഞാന്‍ സ്‌കൂളിന്റെ ശോചനീയാവസ്ഥയെ കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. എന്നെകൊണ്ട് ആരോ പറയിച്ചതായിരുന്നുവോ ഇതെല്ലാം എന്ന സംശയമായിരുന്നു അവര്‍ക്ക്. എന്നെ വിളിപ്പിച്ച് അതിനെക്കുറിച്ച് അവര്‍ അന്വേഷിക്കുകയും ചെയ്തു.
പിന്നീട് ഉടമസ്ഥ തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂളും സ്ഥലവും കേസില്‍ പെടുകയും അങ്ങനെ പതിയെ പതിയെ അത് ക്ഷയിക്കുകയും ചെയ്തു. സിയാദ് കോക്കറിന്റെ കുടുംബമാണ് സ്‌കൂള്‍ സ്ഥാപിച്ചതെന്നും അവരുടേതാണ് ഭൂമിയെന്നുമൊക്കെയാണ് പറയപ്പെടുന്നത്. അവര്‍ തന്നെയായിരുന്നു മാനേജ്‌മെന്റ്. എന്നാല്‍, തങ്ങളാണ് സ്‌കൂള്‍ സ്ഥാപിച്ചതെന്ന അവകാശവാദവുമായി യങ് മെന്‍ മുസ്ലിം അസോസിയേഷന്‍ (YMMA) രംഗത്ത് വരികയുണ്ടായി. കൃത്യമായി പറയാന്‍ ഇരു വശത്തും രേഖകളുണ്ടായിരുന്നില്ല എന്നാണ് എന്റെ അറിവ്. ഇതിനെച്ചൊല്ലി ചേരിതിരിവുകള്‍ ഉണ്ടാവുകയും ഒരു പാട് കാലം കേസ്  നടക്കുകയും ചെയ്തു. വലിയ രീതിയില്‍ വളര്‍ന്നു വരേണ്ട സ്‌കൂളായിരുന്നു അത്. മുനവ്വിറുല്‍ ഇസ്‌ലാമിനൊപ്പം അന്ന് എറണാകുളത്തുണ്ടായിരുന്ന മറ്റു സ്‌കൂളുകളെല്ലാം തന്നെ ഇന്ന് വലിയ പാരമ്പര്യമുള്ള, അഡ്മിഷന് വേണ്ടി കുട്ടികള്‍ മത്സരിക്കുന്ന വളര്‍ച്ച നേടി.
വീട്ടുകാര്‍ക്ക് എന്നെ തുടര്‍ന്ന് പഠിപ്പിക്കാന്‍ നല്ല താല്‍പര്യമായിരുന്നു; പഠിക്കാന്‍ എനിക്കും. എന്നെ അലിഗഢില്‍ അയച്ച് പഠിപ്പിക്കണമെന്ന മോഹം വാപ്പക്കുണ്ടായിരുന്നു. അക്കാലത്ത് കൊടുങ്ങല്ലൂരില്‍ നിന്ന് കുറേ പേര്‍ അലീഗഢില്‍  പഠിക്കുകയുണ്ടായി. പി. അബ്ദുല്ല സാഹിബ്, പി.കെ കുഞ്ഞാലി സാഹിബ്, സീതി സാഹിബിന്റെ അനിയന്‍ മൊയ്തീന്‍ സാഹിബ്, ഇബ്‌റാഹീം സാഹിബ് തുടങ്ങി ഒരുപാട് പേര്‍. എല്ലാവരും എടുത്തിരുന്നത് ഒരേ ഡിഗ്രിയാണ്; എം.എ, എല്‍.എല്‍ ബി. അന്ന്, ഇന്നത്തെ പോലെ സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ടോയെന്നും, അത് എങ്ങനെ നേടാമെന്നും എനിക്ക് അറിയില്ലായിരുന്നു. പാരമ്പര്യ സ്വത്തുണ്ടെങ്കിലും വരുമാനം കുറവായിരുന്നു. ഞങ്ങള്‍ പത്ത് മക്കളുണ്ടല്ലോ. ഫീസ് കൊടുത്ത് ഞങ്ങളെയെല്ലാം പഠിപ്പിക്കുക എളുപ്പമായിരുന്നില്ല. അതുകൊണ്ട്, അലീഗഢില്‍ അയക്കാന്‍ വാപ്പക്ക് കഴിഞ്ഞില്ല. അവിടെ പോയി പഠിക്കാന്‍ പറ്റാത്തതില്‍ എനിക്ക് വലിയ വിഷമമായിരുന്നു. ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞ് തേവര കോളേജിലാണ് ചേര്‍ന്നത്. ഫസ്റ്റ് ഗ്രൂപ്പ് എടുത്തു. അന്ന് ഞാന്‍ താമസിച്ചിരുന്നത്  മുസ്‌ലിം സ്ട്രീറ്റിലായിരുന്നു. അവിടെയാണ് ജ്യേഷ്ഠന്റെ വീട്. ബസ് സര്‍വീസൊക്കെ വളരെ കുറവാണ്. നടന്നാണ് കോളേജില്‍ പോയിരുന്നത്. എന്നും 8/9 കിലോമീറ്റര്‍ നടക്കും. അതുകൊണ്ട് എനിക്ക് എറണാകുളത്തെ എല്ലാ റോഡും നന്നായി അറിയാമായിരുന്നു.  
അന്നത്തെ അധ്യാപകരെയൊക്കെ ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. കെമിസ്ട്രി അധ്യാപകനായിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ വര്‍ഗീസ്, 95 വയസ്സുവരെ ജീവിക്കുകയുണ്ടായി. ഫാദര്‍ തിയോഡോഷ്യസ് അച്ചനായിരുന്നു പ്രിന്‍സിപ്പല്‍. ഹോസ്റ്റല്‍ വാര്‍ഡനായിരുന്നു ഡിസ്മാസ് അച്ചന്‍. അങ്ങനെ പലരെയും ഓര്‍ക്കുന്നുണ്ട്. അന്ന് കോളേജ് ഇലക്ഷനില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചത് പി.ടി ചാക്കോയുടെ അനിയന്‍ പി.ടി തോമസായിരുന്നു. അന്നാണ് സര്‍ സി.പിയെ തേവര കോളേജില്‍ വെച്ച് ആക്രമിച്ചത്. കോളേജ് തേവരയാണെങ്കിലും തിരുവിതാംകൂറില്‍ നിന്നുള്ള ക്രിസ്ത്യാനികളായിരുന്നു അവിടത്തെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും. സര്‍ സി.പി കൊണ്ടുവന്ന പരിഷ്‌കാരങ്ങളോട് അമര്‍ഷമുള്ളവരായിരുന്നു ഇവര്‍. അന്ന് ഇദ്ദേഹം എന്ത് പറഞ്ഞാലും മഹാരാജാവ് നടപ്പിലാക്കുന്ന അവസ്ഥയായിരുന്നു. സര്‍ സി.പി കോളേജില്‍ ഒരു പരിപാടിക്ക് വന്നപ്പോഴാണ് പി.ടി തോമസ് അടക്കമുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിച്ചത്. സുരക്ഷാ വലയമുള്ളതുകൊണ്ട് കൂടുതല്‍ അപകടമൊന്നും പറ്റിയില്ല. ഞാനും അന്ന് കോളേജില്‍ ഉണ്ടായിരുന്നു. എന്റെ കൂടെയാണ് ഇ.കെ അബ്ദുല്‍ ഖാദറും പഠിച്ചിരുന്നത്. എന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഇടയില്‍ ഇ.കെയെപ്പോലെ ഇത്രയും ശുദ്ധതയും ആത്മാര്‍ഥതയുമുള്ള  മറ്റൊരാളുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. പ്രീഡിഗ്രിക്ക് ശേഷം ഞാന്‍ അവിടെത്തന്നെ ബി.എസ്.സി കെമിസ്ട്രിക്ക് ജോയിന്‍ ചെയ്തു. ആറ് മാസം കഴിഞ്ഞപ്പോഴേക്കും എനിക്ക് നേവിയില്‍ സെലക്ഷന്‍ കിട്ടി. 

(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 38-45
ടി.കെ ഉബൈദ്‌