Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 04

3238

1443 റജബ് 03

ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ക്കുന്നത് ഇതിന് വേണ്ടിയാണ്

എം.എം അക്ബര്‍

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം: 
സിദ്ധാന്തവും പ്രയോഗവും - 3


ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെതിരെയുള്ള ഒന്നാമത്തെ വാദം അതിന്റെ ലക്ഷ്യം അപകടകരമാണ് എന്നതാണ്. അത് നടപ്പാക്കുന്നതിന്റെ ലക്ഷ്യം എതിര്‍വര്‍ഗത്തിലുള്ളവര്‍ തമ്മില്‍ നടക്കുന്ന  ലൈംഗികബന്ധമാണ്  സ്വാഭാവികമെന്ന  പൊതുബോധത്തെ തകര്‍ക്കുകയാണെന്ന് മന്ത്രി തന്നെ പ്രസ്താവിച്ചു കഴിഞ്ഞതാണ്. അങ്ങനെ തകര്‍ക്കപ്പെടുന്നത് വഴി ഉണ്ടാകാന്‍ പോകുന്നത് വലിയ സാമൂഹിക ദുരന്തമാണെന്ന് ചരിത്രവും വര്‍ത്തമാനവും നമ്മെ പഠിപ്പിക്കുന്നു. ലക്ഷ്യം അപകടകരമാണ്. വലിയ നാശമാണ് അതുകൊണ്ട് സമൂഹത്തിലുണ്ടാവുക; മാനവരാശിയെ തകര്‍ക്കാന്‍ പോന്ന നാശം.
എതിര്‍വര്‍ഗത്തിലുള്ളവര്‍ തമ്മില്‍ നടക്കുന്ന  ലൈംഗികബന്ധമാണ്  സ്വാഭാവികമെന്ന  പൊതുബോധം തകര്‍ക്കപ്പെട്ട ആദ്യത്തെ സമൂഹം സദോം ഗമോറാ ദേശക്കാരായിരുന്നുവെന്നാണ് വേദഗ്രന്ഥങ്ങള്‍ പറയുന്നത് (ഖുര്‍ആന്‍ 7:80-82; ഉല്‍പത്തി 19:1-26). സ്വവര്‍ഗാനുരാഗത്തെ സ്വാഭാവികമായി കരുതുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത അവരെ ദൈവം നശിപ്പിച്ചുവെന്ന വേദങ്ങള്‍ നല്‍കുന്ന പാഠം ഹെറ്ററോ നോര്‍മേറ്റീവ് സൊസൈറ്റിയെ തകര്‍ത്താല്‍  ഉണ്ടാകാന്‍ പോകുന്ന അപകടമെന്താണെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്.
പുരാതന ഗ്രീസില്‍  ആര്‍ക്കേയിക് കാലം (Archaic Period) എന്നറിയപ്പെടുന്ന, ക്രിസ്തുവിന് 650 വര്‍ഷം മുതല്‍ 480 വര്‍ഷം മുമ്പ്  വരെയുള്ള  കാലത്ത്  വ്യാപകമായ രൂപത്തില്‍ കൗമാരപ്രായത്തിലെത്തിയ ആണ്‍കുട്ടികളുമായി പ്രായമായവര്‍ നടത്തിയിരുന്ന കൗമാര സ്വവര്‍ഗരതി (Pederasty) നിലനിന്നിരുന്നുവെന്ന് ചുമര്‍ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സഹസ്രാബ്ദങ്ങളായി തലയുയര്‍ത്തി നിന്നിരുന്ന ഗ്രീക്ക് നാഗരികത തകര്‍ന്നതിനുള്ള പല കാരണങ്ങളിലൊന്ന്  എതിര്‍വര്‍ഗത്തിലുള്ളവര്‍ തമ്മില്‍ നടക്കുന്ന ലൈംഗികബന്ധമാണ് സ്വാഭാവികമെന്ന  പൊതുബോധം ഇല്ലാതായതായിരിക്കാം. സ്വവര്‍ഗാനുരാഗവും രതിയുമെല്ലാം പുരാതനമായ പല സംസ്‌കാരങ്ങളിലും നിലനിന്നിരുന്നുവെങ്കിലും അവയിലെല്ലാം അതിന്നെതിരെയുള്ള നിയമങ്ങളും ശക്തമായിരുന്നുവെന്ന് കാണാം. സ്വവര്‍ഗരതി നാശത്തിനുള്ള ഹേതുകമാണെന്ന് പൂര്‍വ്വസമൂഹങ്ങളില്‍ നിന്ന് പകര്‍ന്നുകിട്ടിയ അനുഭവങ്ങള്‍ പഠിപ്പിച്ചതുകൊണ്ടാവണം അതിന്നെതിരെയുള്ള കര്‍ക്കശമായ നിയമങ്ങള്‍ സമൂഹത്തിലുണ്ടായത്. സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് മരണശിക്ഷയാണ് ബൈബിള്‍ പഴയനിയമവും (ലേവ്യ: 20:13) ക്രിസ്തുവിന് 149 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമില്‍ നിലനിന്നിരുന്ന 'ലെക്സ് സ്‌കാന്റിനിയ' നിയമവും ഇസ്‌ലാമിക നിയമവും (തിര്‍മിദി, അബൂദാവൂദ്, ഇബ്നുമാജ) വിധിച്ചിരിക്കുന്നത്. ഇരുന്നൂറ് പണം പിഴയും രണ്ട് വിരലുകള്‍ മുറിച്ച് മാറ്റലും മൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി നാട് ചുറ്റിക്കലും ജാതിഭ്രഷ്ടുമെല്ലാമാണ് മനുസ്മൃതി പ്രകാരമുള്ള ശിക്ഷ (മനുസ്മൃതി 8:369,370; 11:68). എതിര്‍ലിംഗത്തിലുള്ളവര്‍ തമ്മിലുള്ള ലൈംഗികതയാണ് സ്വാഭാവികമെന്ന ചിന്ത തകരാതിരിക്കുവാന്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള നിയമദാതാക്കള്‍ ശ്രദ്ധിച്ചിരുന്നുവെന്ന് മനസ്സിലാക്കിത്തരുന്നതാണ് കര്‍ക്കശമായ ഈ നിയമങ്ങള്‍. അത് തകര്‍ന്നാല്‍ സര്‍വ്വനാശമായിരിക്കുമെന്ന വസ്തുത വ്യക്തമാക്കുന്നുണ്ട് സദോം ഗാമോറക്കാരുടെ ചരിത്രം.
വര്‍ത്തമാനകാലത്തേക്ക് വന്നാല്‍, 1969-ലെ സ്റ്റോണ്‍വാള്‍ കലാപങ്ങള്‍ക്ക് (Stonewall Riots) ശേഷമാണ് അമേരിക്കയില്‍ സ്വവര്‍ഗാനുരാഗി സംഘങ്ങള്‍ സജീവമാകുന്നതും അത് അന്താരാഷ്ട്ര തലത്തില്‍ തന്നെയുള്ള ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ പിറവിക്ക് നിമിത്തമാകുന്നതും.
ന്യൂയോര്‍ക്ക് പട്ടണത്തിനടുത്ത ഗ്രീന്‍വിച്ച് വില്ലേജിലെ അറിയപ്പെടുന്ന ഗേ ക്ലബ്ബും റസ്റ്റോറന്റുമായിരുന്നു 'സ്റ്റോണ്‍വാള്‍ ഇന്‍'. അവിടെ 1969 ജൂണ്‍ 28-ന് അതിരാവിലെ പോലീസ് റെയ്ഡ് നടത്തി. അതോടനുബന്ധിച്ചുണ്ടായ കലാപങ്ങളില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. സ്റ്റോണ്‍ വാള്‍ കലാപങ്ങള്‍ വഴി സ്വവര്‍ഗാനുരാഗികള്‍ തങ്ങളെ  തൊട്ടുകളിച്ചാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും നിയമ സംവിധാനങ്ങളുമെല്ലാം ആക്രമിക്കപ്പെടുമെന്ന സന്ദേശം നല്‍കുകയായിരുന്നു. കലാപത്തിന്റെ പരിണിതിയെന്നവണ്ണം, സ്വവര്‍ഗാനുരാഗസംഘങ്ങള്‍ യോജിപ്പിലെത്തി 'ഗേ ലിബറേഷന്‍ ഫ്രണ്ട്' എന്ന ഐക്യവേദി രൂപീകരിക്കുകയുണ്ടായി. പിന്നെ അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളുടെ വിളയാട്ടമായിരുന്നു. ഡോ. ക്രിസ്റ്റഫര്‍ 1998 നവംബര്‍ മാസത്തിലെ 'ജേര്‍ണല്‍ ഓഫ് സെക്സ് റിസേര്‍ച്ച്' മാഗസിനില്‍ എഴുതിയ  ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ: ''1970കളിലെ ഗേ ലിബറേഷന്‍ സ്വവര്‍ഗലൈംഗികതയില്‍ വലിയ പൊട്ടിത്തെറിയാണുണ്ടാക്കിയത്. സ്വവര്‍ഗാനുരാഗികള്‍ കൂടുതലായുള്ള ന്യൂയോര്‍ക്ക് സിറ്റിയിലും സാന്‍ഫ്രാന്‍സിസ്‌കോയിലുമെല്ലാം ഈ പൊട്ടിത്തെറി രൂക്ഷമായിരുന്നു. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഈ സ്ഥിതിവിശേഷത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: അവരുടെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പല പുരുഷന്മാരും ഒരു വര്‍ഷത്തില്‍ നിരവധി പേരുമായി ശാരീരികവേഴ്ചയിലേര്‍പ്പെടുന്നുണ്ടായിരുന്നു. നൂറുകണക്കിനും ആയിരക്കണക്കിനും ലൈംഗിക പങ്കാളികളുള്ളവര്‍ വരെ അവരിലുണ്ടായിരുന്നു. മേല്‍വിലാസമറിയാത്തവരുമായി നടക്കുന്നതും പെട്ടെന്ന് തട്ടിക്കൂട്ടുന്നതുമായ ലൈംഗികബന്ധങ്ങള്‍ വ്യാപകമായി. കുളിമുറികള്‍, ബാറുകളുടെയും ക്ലബ്ബുകളുടെയുമെല്ലാം പിന്‍മുറികള്‍, പുസ്തകശാലകള്‍ മുതല്‍ സിനിമാശാലകള്‍ വരെയുള്ള പൊതുസ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളെല്ലാം സ്വവര്‍ഗരതിക്കുവേണ്ടി തുറന്നുവെക്കപ്പെട്ട കേന്ദ്രങ്ങള്‍പോലെയായി.... 1970-കളുടെ അവസാനം കാണപ്പെട്ട എയിഡ്സ് വൈറസിന്റെ ധ്രുതഗതിയിലുള്ള വ്യാപനത്തിന് ഇത് നിമിത്തമായി. ആണുങ്ങളില്‍ ഗുദത്തിലും വായിലുമുണ്ടാകുന്ന ഗൊണേറിയ വര്‍ധിച്ചുകൊണ്ടിരുന്നു...''
അമേരിക്കയിലെ 'സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളി'ന്റെ (CDC) 2003-ലെ കണക്കുകള്‍ പ്രകാരം എയിഡ്സ് രോഗികളില്‍ 63 ശതമാനം പുരുഷന്മാര്‍ക്കും പ്രസ്തുത രോഗമുണ്ടായിട്ടുള്ളത് സ്വവര്‍ഗസംഭോഗം വഴിയാണ്. നിലവിലുള്ള ആന്റിബയോട്ടിക്കുകളെയെല്ലാം നിര്‍വീര്യമാക്കുന്ന തരത്തിലുള്ള സ്റ്റാഫ് ബാക്ടീരിയകള്‍ പരത്തുന്ന പുതിയ ഒരു തരം ത്വക്ക് രോഗം സാന്‍ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വവര്‍ഗപ്രണയികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നതായി 2008 ജനുവരി 15-ന് പുറത്തിറങ്ങിയ 'സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്ക്ള്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്റിബയോട്ടിക്കുകള്‍ക്ക് വഴങ്ങാത്ത ബാക്ടീരിയകളാണ് ഈ അസുഖമുണ്ടാക്കുന്നത് എന്നതുകൊണ്ടുതന്നെ ഇത് ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് അമേരിക്കന്‍ ആരോഗ്യവകുപ്പ്. അമേരിക്കയില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടുവെന്ന് കരുതിയിരുന്ന സിഫിലിസും 2000 മുതല്‍ സ്വവര്‍ഗഭോഗികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണെന്നും ഇന്ന് അവിടെയുള്ള സിഫിലിസ് രോഗികളില്‍ 65 ശതമാനവും സ്വവര്‍ഗഭോഗികളാണെന്നും 2009 ജനുവരി 15-ന് പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുന്നു. ഗൊണേറിയ, ലിംഫോഗ്രാനുലോമവെനേറിയം, പ്രോക്ടിറ്റിസ്,  ഹെപ്പറ്റൈറ്റിസ്, ഷിഗില്ലോസിസ്, ഗുദ ക്യാന്‍സര്‍ തുടങ്ങിയ ലൈംഗികരോഗങ്ങളെല്ലാം സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ വളരെ കൂടുതലാണ്. സ്വവര്‍ഗഭോഗികള്‍ക്ക് ഗുദത്തിലും വന്‍കുടലിലുമുണ്ടാവുന്ന രോഗങ്ങളെ മൊത്തത്തില്‍ ഗേ ബവല്‍ സിന്‍ഡ്രോം (Gay bowel Syndrome) എന്നു വിളിക്കുന്നത്  1976 മുതല്‍ ഭിഷഗ്വരന്മാര്‍ക്കിടയില്‍ വ്യാപകമായിരുന്നു. സ്വവര്‍ഗാനുരാഗികളുടെ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് അമേരിക്കയിലും യൂറോപ്പിലുമുള്ളവര്‍ അങ്ങനെ പ്രയോഗിക്കുന്നതില്‍ നിന്നും മാറിനില്‍ക്കുവാന്‍ നിര്‍ബന്ധിതമാവുകയാണുണ്ടായത്. സ്വവര്‍ഗാനുരാഗികള്‍ക്കുണ്ടാവുന്ന രോഗങ്ങളെക്കുറിച്ച പുതിയ വിവരങ്ങളില്‍ പലതും ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ വക്താക്കള്‍ ബോധപൂര്‍വ്വം മറച്ചുവെക്കുകയും അത്തരം വാര്‍ത്തകളെ തമസ്‌കരിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്.
'പ്രൈഡ് പരേഡുകള്‍' എന്നറിയപ്പെട്ട സ്വവര്‍ഗാനുരാഗികളുടെ പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1970 ജൂണ്‍ 28-ന് സ്റ്റോണ്‍വാള്‍ കലാപങ്ങളുടെ  വാര്‍ഷികദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ച് ഗേ ലിബറേഷന്‍ ഫ്രണ്ട് സംഘടിപ്പിച്ച പരേഡോടു കൂടിയായിരുന്നു. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പരേഡുകള്‍ സംഘടിപ്പിക്കപ്പെട്ടു. 2008 സെപ്റ്റംബര്‍ 28-ന് ഞായറാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍  നടന്ന പ്രൈഡ് പരേഡിനെപ്പറ്റി അമേരിക്കന്‍ ഫാമിലി അസോസിയേഷന്‍ ഓഫ് പെന്‍സില്‍വാനിയയുടെ വക്താവ് ഡയാന്‍ഗ്രാം ലി സങ്കടത്തോടെ ചോദിക്കുന്നത്, 'ഒരു നഗരം എന്തിനാണ് ഇതെല്ലാം അനുവദിക്കുന്നത്?' എന്നാണ്.  പൂര്‍ണനഗ്‌നരും അര്‍ദ്ധനഗ്‌നരുമായ ആണും പെണ്ണും ലിംഗങ്ങള്‍ സ്വയം പിടിച്ചും മറ്റുള്ളവരുടെ ശരീരത്തില്‍ ഉരസിയും കുടിച്ചും കൂത്താടിയും നടത്തുന്ന പരേഡ്. സ്വവര്‍ഗാനുരാഗ സ്വാതന്ത്ര്യത്തിന്റെ പൂര്‍ണമായ പ്രകടനം! പൊതുസ്ഥലത്തെ ലൈംഗികത കണ്ടും കേട്ടും കണ്ണും കാതും മരവിച്ചുപോയ ശരാശരി അമേരിക്കക്കാരന്‍ പോലും ഈ പരേഡ് കാണുമ്പോള്‍ 'ഇത്രയ്ക്കു വേണോ?' എന്ന് ചോദിച്ചു പോകുന്നു. ഹെറ്ററോ നോര്‍മേറ്റീവിറ്റിയില്‍ നിന്ന് രക്ഷപ്പെട്ട സമൂഹത്തിന്റെ ചിത്രമാണിത്. നമ്മുടെ കേരളത്തിന് ഇത് വേണോ എന്നാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ മികവുകളെക്കുറിച്ച് വാചാലരാകുന്നവരോട് ചോദിക്കാനുള്ളത്.
1970-കള്‍ അമേരിക്കയിലും യൂറോപ്പിലുമെല്ലാമുള്ള സ്വവര്‍ഗാനുരാഗികളുടെ വിളയാട്ട കാലമായിരുന്നു. റാലികള്‍ സംഘടിപ്പിച്ചും പ്രസിദ്ധീകരണങ്ങളിലൂടെയും അവര്‍ ഹെറ്ററോ നോര്‍മേറ്റിവിറ്റിക്കെതിരെ ബോധവല്‍ക്കരിച്ചുകൊണ്ടിരുന്നു. അതോടനുബന്ധിച്ച് നിരവധി കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1977 ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബോസ്‌കണിലെ കേസ് ആയിരുന്നു ഇക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കേസുകളിലൊന്ന്. എട്ടിനും പതിനഞ്ചിനുമിടയിലുള്ള നിരവധി ആണ്‍കുട്ടികളെ ഇരുപത്തിനാല് സ്വവര്‍ഗാനുരാഗികള്‍ ചേര്‍ന്ന് നിരവധി തവണ ബലാല്‍സംഗം ചെയ്തുവെന്നതായിരുന്നു കേസ്. ബലാല്‍സംഗമല്ല, പ്രത്യുത കുട്ടികളുടെ ഇഷ്ടപ്രകാരമുള്ള വേഴ്ചയാണ് നടന്നതെന്ന് പ്രചരിപ്പിച്ചുകൊണ്ട് ഈ കുറ്റകൃത്യത്തെ ന്യായീകരിക്കുവാന്‍ സ്വവര്‍ഗാനുരാഗസംഘങ്ങള്‍ ധൃഷ്ടരായി. മുന്‍ മിസ് അമേരിക്കയായിരുന്ന അനിതാ ബ്ര്യാന്റിന്റെ നേതൃത്വത്തില്‍ ''നമ്മുടെ മക്കളെ രക്ഷിക്കുക'' (Save Our Children) എന്ന തലക്കെട്ടോടെ മാതാപിതാക്കള്‍ക്ക് സ്വവര്‍ഗരതിക്കാര്‍ക്കെതിരെ ഒരു കാമ്പയിന്‍ തന്നെ സംഘടിപ്പിക്കേണ്ടിവന്നു. സ്വന്തം മക്കളെ സംരക്ഷിക്കുന്നതിനായി കാമ്പയിനുകള്‍ സംഘടിപ്പിക്കേണ്ടി വന്ന അമേരിക്കന്‍ മാതാപിതാക്കളുടെ ഗതികേടാണ് ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ക്കപ്പെടുന്നതോടെ കേരളത്തിലെ മാതാപിതാക്കള്‍ക്കും ഉണ്ടാകാന്‍ പോകുന്നത് എന്ന ഭയമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെതിരെ സംസാരിക്കാന്‍ ഉത്തരവാദിത്തമുള്ള രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്.
ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ത്തുകൊണ്ട് ഹോമോസെക്ഷ്വാലിറ്റിയെ സ്വാഭാവിക ലൈംഗികതയായി അംഗീകരിക്കുന്ന അമേരിക്കന്‍ സംഘങ്ങളുടെ സ്ഥിതിയെക്കുറിച്ച്  അമേരിക്കന്‍ മനഃശാസ്ത്രജ്ഞനും മാനസികാപഗ്രഥന വിദഗ്ധനും ഭൗതികശാസ്ത്രജ്ഞനുമായ ജെഫ്റി സാറ്റിനൊവേര്‍ തന്റെ 1996-ല്‍ പുറത്തിറങ്ങിയ Homosexuality and the Politics of Truth എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സാമൂഹിക വിരുദ്ധമായ സകല തിന്മകളും നടമാടുന്ന ആള്‍ക്കൂട്ടം; മദ്യവും മയക്കുമരുന്നുകളും കുട്ടികളെ പീഡിപ്പിക്കലും കുഴപ്പങ്ങളുണ്ടാക്കലും കലാപങ്ങളുമെല്ലാം  മുഖമുദ്രയാക്കിയ സമൂഹം; എയ്ഡ്‌സിനെയും ഗൊണേറിയയെയും ഹെപ്പറ്റൈറ്റിസിനേയും പോലെയുള്ള രോഗങ്ങളാല്‍ പൊറുതിമുട്ടുന്നവര്‍; കുടുംബങ്ങളില്‍ നിന്നുള്ള അകല്‍ച്ചയും സാമൂഹിക ബന്ധങ്ങളുടെ തകര്‍ച്ചയും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാല്‍ മനോരോഗികളായിത്തീരുന്നവരുടെ കൂട്ടായ്മ. ഇത്തരം കൂട്ടായ്മകളിലേക്ക് ഇരുപത് വയസ്സിന് മുമ്പ് എത്തിപ്പെട്ടാല്‍ മുപ്പത് വയസ്സാകുമ്പോഴേക്ക് മരിക്കുകയോ എയ്ഡ്‌സ് രോഗിയാവുകയോ ചെയ്യുമെന്നാണ് കണക്ക്. ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ക്കപ്പെട്ട സമൂഹത്തിന്റെ ദാരുണമായ ചിത്രം. കേരളത്തെയും ഈ ചിത്രത്തിലേക്ക് കയറ്റണോ എന്നാണ്  ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനുവേണ്ടി വാദിക്കുന്നവരോട് ചോദിക്കാനുള്ളത്.
ഹെറ്ററോ നോര്‍മേറ്റിവിറ്റി തകരുകയും ലൈംഗികതയെ വിലക്കുകളില്‍ നിന്ന് സ്വതന്ത്രമാക്കുകയും ചെയ്ത നാസ്തികരുടെ സ്വര്‍ഗമായ സ്‌കാന്റിനേവിയന്‍ രാജ്യങ്ങളിലാണ് ഏറ്റവുമധികം വിവാഹേതരരതി നടക്കുന്നതെന്നത് അവര്‍ക്ക് അഭിമാനമായിരിക്കാം. നമുക്ക് ആ അഭിമാനം വേണോ എന്ന് ചിന്തിക്കാന്‍ മലയാളികള്‍ സന്നദ്ധരാകണം. നോര്‍വേയില്‍  41 ശതമാനം പേരും ഡെന്‍മാര്‍ക്കില്‍  46 ശതമാനം പേരും ഫിന്‍ലാന്റില്‍ 36 ശതമാനം പേരും വിവാഹബാഹ്യബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു എന്നാണ് കണക്ക്.  വിവാഹിതരായവര്‍ക്ക് അതിന്ന് പുറത്തുള്ള ലൈംഗിക പങ്കാളികളെ കണ്ടെത്താനായുള്ള  ബെല്‍ജിയത്തിലെ വെബ്സൈറ്റില്‍ പത്ത് ലക്ഷത്തിലധികം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  വിവാഹത്തിന് പുറത്തെ രതിയും അവിടെ പരസ്യപ്പെടുത്തുന്നുണ്ട് എന്നര്‍ത്ഥം. ഇതിന്റെ ഫലമായി അവിടങ്ങളില്‍ ലൈംഗിക രോഗങ്ങള്‍ വ്യാപകമാകുന്നു. സ്വീഡനില്‍ ഗൊണേറിയയും സിഫിലിസും 15-നും 24-നും ഇടയില്‍ പ്രായമുള്ള യുവതികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2010-ല്‍ 60 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. അവിടെ  ഓരോ വര്‍ഷവും 200 മുതല്‍ 300 വരെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈംഗികാതിക്രമങ്ങള്‍ കാരണം പരിക്കേല്‍ക്കേണ്ടി വരുന്നു; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പെരുകിയതിനാല്‍ കുട്ടികളുടെ പോര്‍ണോഗ്രാഫി 1970-ല്‍ അവിടെ നിരോധിച്ചിരുന്നു. അത് നിയമ വിധേയമാക്കണമെന്ന മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്  അവിടെ. 2012-ല്‍ പൈറേറ്റ് പാര്‍ട്ടി ഓഫ് സ്വീഡന്‍  കുട്ടികളുടെ അശ്ലീല പ്രദര്‍ശനം വീണ്ടും നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ബെല്‍ജിയം മുതല്‍ സ്‌പെയിന്‍ വരെയുള്ള നാടുകളില്‍ പലതിലും  അഗമ്യഗമനം നിയമവിധേയമാണ്. ആര്‍ക്കും രക്ഷയില്ലാത്ത സ്ഥിതി. കുട്ടികളും മൃഗങ്ങളും അമ്മയും പെങ്ങളുമെല്ലാം ലൈംഗികമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥ. ഹെറ്ററോ നോര്‍മേറ്റിവിറ്റി തകര്‍ന്നാലുള്ള സമൂഹത്തിന്റെ സ്ഥിതിയാണിത്.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കുന്നത് ഹെറ്ററോ നോര്‍മേറ്റിവിറ്റിയെ തകര്‍ക്കാനാണ്; അത് തകര്‍ക്കുകയെന്നത് ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ലക്ഷ്യമാണ്. കുടുംബ സംവിധാനത്തെ തകര്‍ക്കുകയും യാതൊരുവിധ വിലക്കുകളുമില്ലാതെ ആര്‍ക്കും എപ്പോഴും എങ്ങനെയും ലൈംഗികത ആസ്വദിക്കാനാവുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുന്നത് അതിന്റെ വക്താക്കള്‍ തന്നെയാണ്. ഈ ലക്ഷ്യം അപകടകരമാണ്. ഈ അപകടത്തിലേക്കുള്ള ഒന്നാമത്തെ കാല്‍വെപ്പാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം. അതുകൊണ്ടാണ് ധാര്‍മ്മികബോധമുള്ളവര്‍ അതിനെ എതിര്‍ക്കുന്നത്. 
(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌