Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 04

3238

1443 റജബ് 03

പുരുഷാധിപത്യത്തെ ശക്തിപ്പെടുത്തും

ഫ്‌ലാവിയ ആഗ്‌നസ്‌

കാലാകാലങ്ങളായി പുരുഷകേന്ദീകൃത സമൂഹം പടച്ചു വെച്ചിരുന്ന ആണധികാരത്തിന്റെ വാര്‍പ്പുമാതൃകകള്‍ കാലം  പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ്. അവകാശസമരങ്ങളും സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളും ചൂഷണത്തിനു നേരെയോങ്ങിത്തുടങ്ങിയ ശക്തമായ തുറന്നെഴുത്തുകളും ലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. കാലാനുസൃതമായ പുരോഗമനങ്ങള്‍ക്കിടയിലും തിരിച്ചറിയപ്പെടാതെ പോകുന്ന, മിഥ്യാ ധാരണകള്‍ സൃഷ്ടിച്ചുകൊണ്ട് പൊതുബോധത്തെ കബളിപ്പിക്കുന്ന മുന്നേറ്റങ്ങളും ഇപ്പോഴുമിവിടങ്ങളിലുണ്ടെന്നതാണ് വേദനാജനകമായ സത്യം.
സ്ത്രീശാക്തീകരണത്തിന്റെ അളവുകോലായി വിശേഷിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ ഈയടുത്തകാലത്ത് ആഘോഷിക്കപ്പെട്ട നിയമമാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 -ല്‍ നിന്ന് 21-ലേക്ക് ഉയര്‍ത്തല്‍. എന്നാല്‍ സര്‍ക്കാറിന്റെ ഈ നീക്കത്തെ രാജ്യത്തുടനീളമുള്ള നിരവധി വനിതാസംഘടനകള്‍ ശക്തമായി എതിര്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. തീര്‍ത്തും അപകടകരവും വിരോധാഭാസകരവുമായ നിയമമാണിതെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നുണ്ട്.
2020 ആഗസ്റ്റ് 15-ന് പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിനപ്രസംഗത്തിലൂടെയാണ്, വിവാഹ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഗവണ്‍മെന്റിന്റെ പുതിയ തീരുമാനത്തെ കുറിച്ച് ആദ്യമായി ജനങ്ങളോട് പറഞ്ഞത്.  സ്ഥിതിഗതികള്‍ പരിശോധിക്കാന്‍  ഒരു ടാസ്‌ക് ഫോഴ്‌സ് ടീമിനെ ഇതിനകം തന്നെ കേന്ദ്രം നിയോഗിച്ചിട്ടുണ്ടെന്നും അന്ന് അദ്ദേഹം അറിയിച്ചു. 'രാജ്യത്തെ പെണ്‍മക്കളുടെയും സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് സര്‍ക്കാറിന് ആശങ്കയുണ്ട്. പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന പോഷകാഹാരക്കുറവില്‍ നിന്നും അവരെ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ട് തന്നെ അവര്‍ മാനസികമായും ശാരീരികമായും പൂര്‍ണമായും തയ്യാറായ ശേഷം മാത്രമേ, അതിനുതകുന്ന പ്രായത്തില്‍ മാത്രമേ വിവാഹിതരാകാന്‍ പാടുള്ളൂ എന്നത് നിര്‍ബന്ധമാക്കുകയാണ്.' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ വാദമനുസരിച്ച് ഈ നയം രാജ്യത്തെ ഭൂരിഭാഗം പെണ്‍കുട്ടികളുടെയും സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് കൂടി നിദാനമാകുന്നതാണ്. അതായത് കൂടുതല്‍ പെണ്‍കുട്ടികള്‍ ഉപരിപഠനം നടത്തുകയും ജോലി നേടുക വഴി സ്വയം പര്യാപ്തരാവുകയും ചെയ്യും. ശിശുമരണ നിരക്ക്(IMR), മാതൃമരണ നിരക്ക് (MMR) എന്നിവയില്‍ ഗണ്യമായ കുറവുണ്ടാവും.
ഈ നീക്കത്തിനെതിരെ 2020 സെപ്റ്റംബര്‍ മാസം തന്നെ ഗുജറാത്തിലെ നിരവധി വനിതാ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു കൊണ്ട് രംഗത്ത് വന്നു. സ്ത്രീ ശാക്തീകരണത്തിനായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍, അതിന്റെ സുരക്ഷക്കായി നിയമം നിര്‍മിക്കുമ്പോള്‍ അവിടെ പ്രഥമ പരിഗണന വിവാഹത്തിനോ വിവാഹപ്രായ കണക്കുകള്‍ക്കോ ആയിരിക്കരുതെന്നായിരുന്നു അവരുടെ വാദം. ഇത് മാറ്റങ്ങളുടെ വ്യാപ്തിയെ ചുരുക്കിക്കളയുകയാണ്. ഇപ്പോഴും നിയമം വിവാഹത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അല്ലാതെ നേരത്തെയുള്ള  വിവാഹങ്ങള്‍ എന്ത് കൊണ്ട് സംഭവിച്ചുകൊണ്ടിരുന്നുവെന്നതിന്റെ മൂലകാരണങ്ങളെക്കുറിച്ചല്ല. അതല്ലേ സത്യത്തില്‍ തിരിച്ചറിഞ്ഞ് ഉന്മൂലനം ചെയ്യേണ്ടത് എന്നാണ് മെമ്മോറാണ്ടം ഉന്നയിച്ച ചോദ്യം.
യാഥാര്‍ഥ്യത്തിന്റെ അടിവേര് ചികയുമ്പോള്‍ നിയമം പലപ്പോഴും പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന വസ്തുത പുറത്ത് വരും. 1978-ലാണ് നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം 16-ല്‍ നിന്ന് 18 ആയി ഉയര്‍ത്തിയത്.  അന്ന് സ്ത്രീ വിമോചനവും വിദ്യാഭ്യാസവും ലക്ഷ്യമിട്ട് കൊണ്ടുവന്ന നിയമമാണത്. എന്നാല്‍ , നാഷ്‌നല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ (NFHS 5 2019-’21) ഏറ്റവും പുതിയ കണക്ക് പ്രകാരം 40 വര്‍ഷങ്ങള്‍ക്ക് ശേഷവും രാജ്യത്തെ ശൈശവ വിവാഹ  നിരക്ക് 23 ശതമാനത്തോളമുണ്ടെന്ന  ദയനീയ സത്യം നിലനില്‍ക്കുന്നു.
കൂടാതെ, ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലയുമായി 96 സിവില്‍ സൊസൈറ്റി സംഘടനകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച 'യംഗ് വോയ്‌സ്: നാഷ്‌നല്‍ വര്‍ക്കിംഗ് ഗ്രൂപ്പ്'  2020 ജൂലൈ 25-ന് സമര്‍പ്പിച്ച തങ്ങളുടെ റിപ്പോര്‍ട്ടിലും ഈ നീക്കത്തെ കാര്യ കാരണങ്ങളോടെ എതിര്‍ത്തിരുന്നു. 15 സംസ്ഥാനങ്ങളിലായി ഏകദേശം 2500 കൗമാരക്കാരിലായി ഇവര്‍ സര്‍വേ നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍  'സ്ത്രീശാക്തീകരണത്തിന് തടസ്സമാകുന്ന ആദികാരണങ്ങള്‍ പരിഹരിക്കപ്പെടാത്തിടത്തോളം കാലം വിവാഹ പ്രായം വര്‍ധിപ്പിക്കുന്നത് യാതൊരു വിധത്തിലുള്ള പ്രഭാവവും സമൂഹത്തില്‍ ഉണ്ടാക്കുകയില്ല; ചിലപ്പോള്‍  അത് വിപരീത ഫലത്തിനും കാരണമായേക്കാം.' എന്ന് നിരീക്ഷിക്കുന്നുണ്ട്.
പൗര സംഘടനകള്‍ ചൂണ്ടിക്കാണിച്ചതുപോലെ, പുരുഷാധിപത്യം ആഴത്തില്‍ വേരൂന്നിയ ഒരു സമൂഹത്തില്‍ നിന്നുകൊണ്ട് ഈ നിയമത്തിന് എന്തെങ്കിലും വികാസമുണ്ടാവുമെന്ന് കരുതാനാവില്ല. നമ്മുടെ സമൂഹത്തിലെ  പെണ്‍കുട്ടികള്‍ക്ക് നിലവില്‍ കല്‍പിച്ച് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തിനുമേല്‍ കൂടുതല്‍ കുരുക്കുകളിടാന്‍ മാത്രമേ ഇത്തരം നീക്കങ്ങള്‍ വഴിവെക്കൂ. മാതാപിതാക്കളുടെയും നിയമപാലകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും കൂടുതല്‍ ഉപാധികളും നിയന്ത്രണങ്ങളും പെണ്‍കുട്ടികള്‍ക്ക് മേല്‍ വന്നു പതിക്കുകയും ചെയ്യും. ഇത് നിലവിലുള്ള സന്തുലിതാവസ്ഥ കൂടി തകിടം മറിയുന്നതിലാണ് എത്തിച്ചേരുക. പെണ്‍കുട്ടികള്‍ പലതരത്തിലുള്ള നിര്‍ബന്ധങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയരാകേണ്ടി വരും.
പലപ്പോഴും നിയമത്തെ മറികടന്നുകൊണ്ടുള്ള വിവാഹങ്ങളുടെ എണ്ണം ഇതുവഴി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇവിടെ ഉയര്‍ന്നു വരുന്ന പ്രധാന വെല്ലുവിളിയെന്തെന്നാല്‍, ഇത്തരത്തില്‍ 18-ഓ 19-ഓ വയസ്സില്‍  വിവാഹിതയായ പെണ്‍കുട്ടിക്ക് ഭാവിയില്‍ അവളുടെ ദാമ്പത്യത്തില്‍ പൊരുത്തക്കേടുണ്ടാവുകയും നിയമപരമായി അവകാശങ്ങള്‍ നേടിയെടുക്കാന്‍ കോടതിയെ സമീപിക്കുകയും ചെയ്യുമ്പോള്‍ ഈ വിവാഹം നിയമാനുസൃതമായി സാധുവല്ലാത്തതിനാല്‍  ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ അവളുടെ ഭര്‍ത്താവിന് വാദിക്കാനാവും എന്നതാണ്. അത് പെണ്‍കുട്ടിയുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാനിടയാക്കും. ഇത് തന്നെയാണ് വിധവകളുടെ കാര്യത്തിലും നിലനില്‍ക്കുന്ന ആശങ്ക. അതുകൊണ്ട്, ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍,  സ്ത്രീ വിധവയായാലോ വിവാഹ മോചിതയായാലോ അവളുടെ വൈവാഹിക അവകാശങ്ങളോ അനന്തരാവകാശമോ നഷ്ടപ്പെടില്ലെന്ന് വ്യക്തമായ നിര്‍ദേശം ഉള്‍പ്പെടുത്തേണ്ടതുണ്ട്.
നാഷ്‌നല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ  (NFHS) കണക്കുകള്‍ പ്രകാരം, ശൈശവ വിവാഹത്തിന്റെ തോത് ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാനുള്ള പ്രധാന കാരണം അവികസിത, പിന്നാക്ക, ദാരിദ്ര്യ ബാധിത പ്രദേശങ്ങളിലെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനും അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുന്നതിനും  ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനും ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നതാണ്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കേ വിദ്യാഭ്യാസത്തേക്കാള്‍ അവര്‍ അതിജീവനത്തിന് പ്രാധാന്യം നല്‍കുമെന്നതാണ് വസ്തുത. അടിസ്ഥാന അവകാശങ്ങളും ജീവിത സൗകര്യങ്ങളും ഒരുക്കി നല്‍കാതെ, സ്ത്രീകളടക്കമുള്ളവരുടെ വിദ്യാഭ്യാസത്തിന് മികച്ച അവസരങ്ങള്‍ പ്രദാനം ചെയ്യാതെയുള്ള നീക്കങ്ങള്‍  സര്‍ക്കാരിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കേറ്റ പരാജയമായേ കണക്കാക്കാനാവൂ.
ഇങ്ങനെയാണ് സാഹചര്യമെങ്കില്‍ സ്ത്രീകളോടുള്ള യാഥാസ്ഥിതികവും സ്ത്രീവിരുദ്ധവുമായ മനോഭാവവും പെരുമാറ്റവും മാറുമെന്നും തോന്നുന്നില്ല. ആ നിലക്ക് വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കുന്നതിലൂടെ സ്ത്രീശാക്തീകരണം സാധ്യമാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത് എന്തടിസ്ഥാനത്തിലാണ്? നേരെമറിച്ച്, ഇത് പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിക്കാനാണ് ഇടയാക്കുക. കൂടുതല്‍ യുവാക്കള്‍ക്ക് മേല്‍ ഇതുവഴി ക്രിമിനല്‍ കുറ്റം ചാര്‍ത്തപ്പെടാനും സാധ്യതയേറുന്നു.
പെണ്‍കുട്ടികളെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും എത്തിക്കാനും പഠനത്തില്‍ കൂടുതല്‍ തല്‍പരരാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ടാസ്‌ക് ഫോഴ്സ് തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദൂരെയുള്ള പ്രദേശങ്ങളില്‍നിന്ന് പഠനാവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്നവര്‍ക്കായി അവരുടെ ഗതാഗതത്തിനു വേണ്ടുന്ന സൗകര്യങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കി നല്‍കുക, സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യവും ബിസിനസ് പരിശീലനവും നല്‍കുക, ലൈംഗിക വിദ്യാഭ്യാസം സിലബസില്‍  ഉള്‍പ്പെടുത്തുക തുടങ്ങി ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം നടപ്പാക്കാനുദ്ദേശിക്കുന്ന  നിയമം ഒരു തരത്തിലും  ഫലപ്രദമാകില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കുന്നതിനുള്ള മുന്‍കരുതലുകളായിട്ടായിരിക്കണം ഈ നടപടികളെന്ന് ടാസ്‌ക് ഫോഴ്സിന്റെ റിപ്പോര്‍ട്ട് പ്രത്യേകം സൂചിപ്പിക്കുന്നുമുണ്ട്.
അധഃസ്ഥിതരും ദരിദ്രരുമായ  സമൂഹങ്ങളില്‍ നിന്നുള്ള ധാരാളം പെണ്‍കുട്ടികള്‍ സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു വിട്ടുപോകുന്നവരാണ്. ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ലാത്ത ഒരു വലിയ വിഭാഗം പെണ്‍കുട്ടികളും ഇവിടെയുണ്ട്.  ദാരിദ്ര്യത്തോടുള്ള പോരാട്ടമാണ് അന്നേരം അവര്‍ക്ക് വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം. ലോക്ക്ഡൗണ്‍ കാലയളവില്‍ ഈ സ്ഥിതി കൂടുതല്‍ വഷളായി. ഇത്തരത്തില്‍ അടിയന്തരമായി ഉത്തരം കണ്ടെത്തി നടപടിയെടുക്കേണ്ടുന്ന ഒരുപാട് പ്രതിസന്ധികള്‍ രാജ്യം നിലവില്‍ അഭിമുഖീകരിക്കുന്നുണ്ട്. രാജ്യത്തെ ഓരോ കുട്ടിക്കും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നമുക്ക് കേന്ദ്രീകൃത പരിപാടികളും അതിനനുസൃതമായ ബജറ്റ് വിഹിതവും ആവശ്യമാണ്. ഒരു പെണ്‍കുട്ടി സ്‌കൂളില്‍ പഠിക്കുകയും പൊതുബോധമുള്‍ക്കൊള്ളുകയും ചെയ്തു തുടങ്ങുമ്പോള്‍ മാത്രമേ പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങളില്‍ കുറവുണ്ടാവുകയുള്ളൂ.
ഒരു ചട്ടം ഉണ്ടാക്കാന്‍ സര്‍ക്കാരിന്  സാമ്പത്തിക ബാധ്യതയൊന്നും വരുന്നില്ല. പക്ഷേ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുമാവശ്യമായ നടപടികള്‍ സ്വീകരിക്കുക വഴിയും, എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞത് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെയും മാത്രമേ ഔന്നത്യത്തിലേക്കും ലക്ഷ്യത്തിലേക്കുമുള്ള രാജ്യത്തിന്റെ പാത സുഗമമാവൂ എന്ന് സര്‍ക്കാര്‍ അറിയണം. അത് സാമ്പത്തിക ചെലവുള്ളതുമാണ്. ആയതിനാല്‍, വിവാഹപ്രായം വര്‍ധിപ്പിച്ചതിലൂടെ സ്ത്രീശാക്തീകരണ അധര വ്യായാമം മാത്രമാണ് നടത്തിയതെന്ന് പറയേണ്ടി വന്നിരിക്കുന്നു. 
(വിവ: അശിത നസ്‌റിന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌