Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 04

3238

1443 റജബ് 03

ഖുര്‍ആനും ശാസ്ത്രവും പുതുതലമുറക്ക് വേണ്ടി നാം ചെയ്യേണ്ടത്‌

രെജിഷ മുഹമ്മദ് ഷുക്കൂര്‍, തൊയക്കാവ്, തൃശൂര്‍

എന്താണ് ശാസ്ത്രം എന്നതിന് വ്യക്തമായ വിശദീകരണം തരുന്നതായിരുന്നു ഡോ. സയൂബുമായി സുഹൈറലി തിരുവിഴാംകുന്ന് നടത്തിയ അഭിമുഖം (ലക്കം: 3229). സ്രഷ്ടാവായ അല്ലാഹു ഈ ഭൂമിയില്‍ നമുക്കായി ഒരുക്കി വച്ചിട്ടുള്ള സൗകര്യങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കിയാല്‍ ചിന്താശേഷിയുള്ള ഒരാള്‍ക്കും ദൈവവിശ്വസിയല്ലാതെയാവാനോ ആ ദൈവത്തോട് നന്ദിയുള്ളവരാകാതിരിക്കാനോ കഴിയില്ല. ഖുര്‍ആന്‍ ഒരു ശാസ്ത്ര വിജ്ഞാനകോശമല്ല. എന്നാല്‍, ഖുര്‍ആനിന്റെ പ്രഥമ സംബോധിതര്‍ക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ കഴിയുന്ന ചില ശാസ്ത്ര സത്യങ്ങളും, ശാസ്ത്രം ഇതുവരെയും കണ്ടെത്തിയ പ്രപഞ്ച സത്യങ്ങളിലേക്കും ഇനിയും ശാസ്ത്രത്തിനു മനസ്സിലാക്കാനോ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലാത്ത പ്രപഞ്ച രഹസ്യങ്ങളിലേക്കുമുള്ള ചില സൂചനകളും ഖുര്‍ആനില്‍ ഉണ്ട്. അത് തിരിച്ചറിയാന്‍ ഖുര്‍ആനും ശാസ്ത്രവും ഒരുപോലെ മനസ്സിലാക്കേണ്ടതുണ്ട്.
അതിനുള്ള പരിശീലനം നമ്മുടെ ദീനീ മദ്‌റസകളില്‍ നിന്ന് തുടങ്ങണം. ചെറുപ്രായത്തില്‍ തന്നെ നമ്മുടെ മക്കള്‍ ആരംഭിക്കുന്ന ദീനീ വിദ്യാഭ്യാസത്തില്‍ ഖുര്‍ആനിലെ ശാസ്ത്രസൂചനകളും കൂടി ഉള്‍പ്പെടുത്തി മദ്‌റസാ പാഠ്യപദ്ധതി പുനഃക്രമീകരിക്കണം. മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ ഭൗതിക വിദ്യാഭ്യാസത്തെ പോലെ തന്നെ ദീനീ വിദ്യാഭ്യാസത്തിലും ശ്രദ്ധ ചെലുത്തിയാലേ ഇത് പോലുള്ള പരിഷ്‌കരണങ്ങള്‍ കൊണ്ട് വരാന്‍ കഴിയൂ.  ഖുര്‍ആന്‍ പാരായണവും നമസ്‌കാരവും ശരിയായിക്കഴിഞ്ഞാല്‍ മക്കളുടെ ദീനീ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്ന് കരുതി പിന്നെയുള്ള മുഴുസമയവും ഭൗതിക വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം നീക്കിവെക്കുന്ന കുടുംബങ്ങള്‍ ഏറെയുണ്ട്. ഈ അവസ്ഥക്ക് മാറ്റം വരണം.
ശാസ്ത്രത്തിന്റെ ഏത് ശാഖയും പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ മുസ്‌ലിം സമൂഹത്തില്‍ നിന്ന് മുന്നോട്ടു വരുന്നതിനു ഒരു പക്ഷെ തടസ്സം നില്‍ക്കുന്നത് മാതാപിതാക്കളോ സമൂഹമോ തന്നെയാണ്. കാരണം ശാസ്ത്രം എന്ന് പറയുമ്പോള്‍ മെഡിസിനും ഡോക്ടറുമല്ലാത്ത മറ്റൊരു വിഷയവും പ്രഫഷനും മക്കളുടെ ജീവിതലക്ഷ്യമാക്കാന്‍ താല്‍പര്യപ്പെടാത്തവരാണ് നമ്മുടെ സമൂഹത്തില്‍ ഭൂരിഭാഗവും. ആദ്യം ആ കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്. കേരളത്തില്‍ മുസ്‌ലിം സമൂഹം സാമ്പത്തികമായി ഉയര്‍ന്നിട്ടും മുസ്‌ലിം മാനേജ്‌മെന്റില്‍ ഉള്ള ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും ശാസ്ത്രവും ഖുര്‍ആനും ഒരുമിച്ചു പഠിക്കാന്‍ സൗകര്യമുള്ള ഒരു സ്ഥാപനവും കേരളത്തിലോ നമ്മുടെ സമീപ സംസ്ഥാനങ്ങളിലോ ഇല്ല. ശാസ്ത്രത്തിന്റെ ഏതു ശാഖയും കുട്ടികളുടെ താല്‍പര്യത്തിനനുസരിച്ചു തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകണം. ഖുര്‍ആന്‍ ആശയ പഠനവും ഒപ്പം മുന്നോട്ട് കൊണ്ടുപോകണം. അതിനു എന്ത് ചെയ്യാന്‍ കഴിയും എന്ന് സംഘടനാതലത്തില്‍ കൂടിയാലോചിച്ചു തീരുമാനിക്കണം. 

ധീരനായ പണ്ഡിതന്‍
ജമാലുദ്ദീന്‍ ചങ്ങരംകുളം

കെ.എ ഖാസിം മൗലവിയുടെ ഓര്‍മക്കുറിപ്പുകള്‍ പ്രബോധനത്തില്‍ വായിച്ചപ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരോര്‍മ ഇവിടെ പങ്ക് വെക്കണമെന്ന് തോന്നി.
ചേന്ദമംഗല്ലൂരില്‍ അദ്ദേഹം ജോലി ചെയ്തിരുന്ന കാലത്ത് ഞാന്‍ അവിടെ കുറച്ച് കാലം വിദ്യാര്‍ഥിയായിരുന്നു. ആ കാലത്ത് റമദാന്‍ കലക്ഷനുമായി ബന്ധപ്പെട്ട് അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ വരികയും എന്റെ പിതാവ് മര്‍ഹും അഹമ്മദുണ്ണി ഹാജിയുമായുള്ള സ്‌നേഹ ബന്ധത്തില്‍ വീട്ടില്‍ താമസിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ വന്നപ്പോള്‍ മൂന്ന്  ദിവസത്തെ വഅള് പരമ്പര നടത്താന്‍ നിശ്ചയിച്ചു.
ഞങ്ങളുടെ വീടിനടുത്തുള്ള മാന്തടം എന്ന സ്ഥലത്തായിരുന്നു വേദി. ഖാസിം മൗലവിയും മര്‍ഹും എടപ്പാള്‍ അബ്ദുല്ലക്കുട്ടി മൗലവിയുമായിരുന്നു പ്രഭാഷകര്‍. സദസ്യര്‍ കുറവായിരുന്നുവെങ്കിലും ഒരു സംഘം ആള്‍ക്കാര്‍ വന്ന് സ്വലാത്ത് ചൊല്ലി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അതിനെതിരെ പ്രതികരിച്ച ബഹുമാന്യനായ ഖാസിം മൗലവിക്ക് നേരെ കല്ലേറുണ്ടായി. 'എന്നെ ഇതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഇത് കൊണ്ടൊന്നും സാധ്യമല്ല; കല്ലെറിയേണ്ടവര്‍ എന്റെ നെഞ്ചത്തേക്ക് എറിഞ്ഞോളൂ' എന്ന് പറഞ്ഞ് നെഞ്ച് വിരിച്ച് കാണിച്ച് കൊടുക്കുകയുണ്ടായി അദ്ദേഹം. ഇത് കണ്ട അവര്‍ പിരിഞ്ഞ് പോവുകയാണുണ്ടായത്.
അന്ന് ഞാന്‍ ചെറുപ്പമായിരുന്നുവെങ്കിലും എനിക്ക് അതില്‍ നിന്ന് കിട്ടിയ പ്രചോദനം വളരെ വലുതായിരുന്നു. അല്ലാഹു അദ്ദേഹത്തിന് ആരോഗ്യവും ദീര്‍ഘായുസ്സും പ്രദാനം ചെയ്യട്ടെ. 


ഇത് എങ്ങോട്ടുള്ള 
പോക്കാണ്?
ഫാത്തിമ മക്തൂം


ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണത്തെക്കുറിച്ച എം.എം അക്ബറിന്റെ പഠനപരമ്പര തികച്ചും കാലിക പ്രസക്തമാണ്. ധാര്‍മികതക്കും സഭ്യതക്കും മനുഷ്യര്‍ സ്വയം അതിരുകള്‍ നിശ്ചയിക്കുമ്പോള്‍, അല്ലെങ്കില്‍ അതിരുകള്‍ വേതില്ലെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുമ്പോള്‍ വ്യക്തി സ്വാതന്ത്ര്യമെന്ന പേരില്‍ എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നു. കാര്യങ്ങളിത്തിരി പുരോഗമനപരമാകട്ടെ(?) എന്ന് കരുതി ധാര്‍മിക അടിത്തറകളില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. ഒരുകാലത്ത് ടലഃൗമഹ ഉല്ശമശേീി െആയിക്കണ്ട കാര്യങ്ങള്‍ ഇന്ന് വ്യക്തിസ്വാതന്ത്ര്യമെന്ന പേരില്‍ അനുവദിക്കുമ്പോള്‍ ഇതെവിടെ ചെന്നെത്തുമെന്ന് ഇതിന്ന് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് തന്നെ നിശ്ചയമുണ്ടാവില്ല. ഇസ്‌ലാമിക സമൂഹത്തിനു മുറുകെ പിടിക്കാന്‍ ഒരു ശരീഅത്ത് ഉണ്ടെന്നത് അഭിമാനമായി കാണാനും, അത് കൂടുതല്‍ പഠിക്കുകയും പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഓര്‍മിപ്പിക്കാനും ഇത്തരം പഠനങ്ങള്‍ സഹായകമാവട്ടെ. 


മാധ്യമങ്ങളേ, നിങ്ങളും!?
ഹബീബ് റഹ്മാന്‍, കരുവന്‍പൊയില്‍


ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നും, ജനങ്ങളുടെ ശബ്ദമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന സംവിധാനങ്ങളാണ് മാധ്യമങ്ങള്‍. ഭരണാധികാരികളും അധികാരിവര്‍ഗവും എങ്ങനെയായാലും ഒരു നാടിന്റെ യഥാര്‍ഥ ചിത്രം നല്‍കുന്നത് അന്നാട്ടിലെ ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളാണ്; ഇപ്പോള്‍ സോഷ്യല്‍ മീഡിയയും അത് ഒരു പരിധിവരെ നിറവേറ്റുന്നുണ്ട്. ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ നിന്ന് ഭിന്നമായി കേരളം അക്കാര്യത്തില്‍ കുറച്ചു കൂടി മെച്ചമായിരുന്നു.
ഇപ്പോള്‍ ഇതിവിടെ കുറിക്കാന്‍ കാരണം, ഈ അടുത്തകാലത്തായി ഇവിടെയുള്ള മാധ്യമങ്ങളും അധികാരി വര്‍ഗത്തോടും പണ-പരസ്യദാതാക്കളോടും കൂടുതല്‍ ഒട്ടിപ്പിടിച്ചു നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്. ലോകത്തെയും ഉത്തരേന്ത്യയിലെയും പല ദൃശ്യ-അച്ചടി മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളോ അധികാര-ഉദ്യോഗസ്ഥ വര്‍ഗമോ ആണ്. അപ്പോഴും കേരള മാധ്യമങ്ങള്‍ അത്തരം അല്‍പത്തത്തിലേക്ക് കൂപ്പുകുത്തിയിരുന്നില്ല. എന്നാല്‍ അടുത്തിടെ നടന്ന ഗുരുതരമായ പല വാര്‍ത്തകളുടെയും തിരസ്‌കാരം നമ്മെ ഞെട്ടിപ്പിക്കുന്നു.
കേരളത്തിലെയും ഇന്ത്യയിലെയും ചില വിദ്യാര്‍ഥിനികളും ചെറുപ്പക്കാരികളും സാമൂഹിക മാധ്യമങ്ങളിലൂടെ അവമതിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. ബുള്ളി ബായ്, സുള്ളി ഡീല്‍ എന്നിങ്ങനെ സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളിലൂടെ അവരുടെ പ്രൊഫൈലുകളും ചിത്രങ്ങളും വളരെ മോശമായും മ്ലേച്ഛമായും ചിത്രീകരിക്കപ്പെടുകയും വില്‍പനക്ക് വെക്കപ്പെടുകയും ചെയ്യുന്നു. അത് ഇന്ത്യയിലെ ഏതൊരു നിയമമനുസരിച്ചും ഗുരുതരവും കുറ്റകരവുമാണ്. അതിനാല്‍ അപമാനിക്കപ്പെട്ട ഏതാനും പെണ്‍കുട്ടികള്‍ കോഴിക്കോട്ട് പത്ര സമ്മേളനം നടത്തുന്നു. അവരുടെ വേദനകളും അവരുടെ നേരെയുള്ള അവഹേളനങ്ങളും അവര്‍ മാധ്യമങ്ങളോട് പങ്കു വെക്കുന്നു. പക്ഷെ ഒന്നോ രണ്ടോ മാധ്യമങ്ങള്‍ മാത്രം വാര്‍ത്ത നല്‍കുന്നു!
കാലങ്ങളായി ഒരു കൂട്ടം കന്യാ സ്ത്രീകള്‍ മഠങ്ങളില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏറ്റവും ഉയര്‍ന്ന മത മേലധ്യക്ഷന്‍ തന്നെയാണ് അതിലെ കുറ്റവാളി. പീഡിതരുടെ നിരന്തരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നു. ഒടുവില്‍ പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും തണലില്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുന്നു. മാധ്യമങ്ങള്‍ അദ്ദേഹത്തിന് അമിത പ്രാധാന്യം കൊടുക്കുന്നു. ഇരകളായ പാവം കന്യാ സ്ത്രീകള്‍ തിരസ്‌കൃതരാവുന്നു!
മേല്‍ പറഞ്ഞ വാര്‍ത്തകളും പ്രതിഷേധങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കപ്പെടുന്നു. ആശ്ചര്യകരമെന്ന് പറയട്ടെ, അവ പങ്ക് വെക്കുന്നവരെ സാമൂഹിക സമാധാനം തകര്‍ക്കുന്നവരെന്ന പേരില്‍ പിടികൂടി കേസ് ചുമത്തുന്നു! ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നു. പക്ഷെ അവരോട് മാന്യമായി പെരുമാറാന്‍ പോലും അദ്ദേഹത്തിന് സമയമില്ല. ഇതൊക്കെ അരങ്ങേറിയിട്ടും ഇവിടെ പ്രമുഖ മുഖ്യധാരാ മാധ്യമങ്ങളൊക്കെ മൗനത്തിലാണ്.
ഇത്തരത്തിലുള്ള പല വിഷയങ്ങളിലുമിപ്പോള്‍ മാധ്യമങ്ങള്‍ അതിലുള്‍പ്പെട്ട ആളുകളെ തരവും പദവിയുമൊക്കെ നോക്കിയാണ് വാര്‍ത്ത കൊടുക്കുന്നത്. ആരും തുണക്കെത്തിയില്ലെങ്കിലും മാധ്യമങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുമെന്ന മനസ്സമാധാനവും ആത്മ വിശ്വാസവും നഷ്ടപ്പെട്ടാല്‍ പിന്നെ ജനാധിപത്യത്തിന് എന്തര്‍ത്ഥം?
മാധ്യമപ്രവര്‍ത്തനം ജനപക്ഷമാകണമെന്നും ജനകീയമാകണമെന്നും അഭിപ്രായമുള്ളവരാണ് മാധ്യമപ്രവര്‍ത്തകരില്‍ ഏറിയ പങ്കും. പനമ്പിള്ളി ഗോവിന്ദമേനോന്‍ മന്ത്രിയായിരിക്കെ രാഷ്ട്രീയരംഗത്തെ ഒരുവശം മാത്രം കാണുന്ന കാഴ്ചപ്പാടുകളെ, 'ഏകലോചനം' എന്ന് വിശേഷിപ്പിച്ചിരുന്നു. കേരളത്തിലെ മാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനം ഇന്ന് ഈ രീതിയിലാണ്. ഏകപക്ഷീയമായി മാത്രം കാര്യങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ച് വരുന്നു.
ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കളായി നിഷ്പക്ഷമെന്നും നേരിനൊപ്പമെന്നും നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രഖ്യാപിക്കുന്നവര്‍ പുലര്‍ത്തുന്ന ഈ തിരസ്‌കാരവും മൗനവും ഭീതിയുണര്‍ത്തുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌