Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 04

3238

1443 റജബ് 03

മദ്യനിരോധന യജ്ഞങ്ങള്‍  എന്തുകൊണ്ട് പരാജയപ്പെടുന്നു?

ബിഹാറിലെ നളന്ദ ജില്ലയില്‍ അനധികൃത മദ്യം കഴിച്ച് ഈയിടെ പതിനൊന്ന് പേര്‍ മരിച്ച സംഭവം സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് കാരണമാവുകയുണ്ടായി. ബിഹാറില്‍ മദ്യനിരോധനം ഉള്ളതിനാല്‍ എല്ലാതരം മദ്യവും നിയമവിരുദ്ധവും അനധികൃതവുമാണ്. പോലിസിന്റെ കണ്ണ് വെട്ടിച്ചാണ് അവിടെ മദ്യവ്യാപാരം. വിറ്റഴിക്കുന്നതാകട്ടെ പലപ്പോഴും പല വിഷപദാര്‍ഥങ്ങളും കലര്‍ത്തിയ നാടന്‍ മദ്യവുമായിരിക്കും. ഇത് കഴിച്ച് ആളുകള്‍ മരണപ്പെടുക അവിടെ സാധാരണവുമാണ്. അതിനാല്‍ മദ്യനിരോധനം എടുത്തുകളയണമെന്ന് പ്രതിപക്ഷം മാത്രമല്ല, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സഖ്യകക്ഷിയായ ബി.ജെ.പി പോലും ആവശ്യപ്പെട്ടുകഴിഞ്ഞു. അനധികൃത മദ്യലോബിയില്‍ നിന്ന് വന്‍തോതില്‍ പണം വാങ്ങിയാണ് 2016-ല്‍  ഈ നിയമം കൊണ്ട് വന്നതെന്ന് പോലും ഇപ്പോള്‍ ആരോപിക്കപ്പെടുന്നുണ്ട്. അത് തെറ്റോ ശരിയോ ആവാം. ഏതായാലും അത്തരം ആരോപണങ്ങള്‍ ജനം വിശ്വസിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ നവമ്പറില്‍ അനധികൃത മദ്യം കഴിച്ച് മുസഫര്‍പൂരിലും സമസ്തിപൂരിലും മരണപ്പെട്ടത് 33 പേരായിരുന്നു.
അവസരം മുതലെടുത്ത് മദ്യനിരോധനം എടുത്ത് കളയണമെന്ന് വാദിക്കുന്നവര്‍ ശക്തരായ 'നിയമാനുസൃത' മദ്യലോബിക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നതും വസ്തുതയാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റി വെച്ചാല്‍, ഈ വിലക്കിന് ഒട്ടു വളരെ സാമൂഹിക പ്രയോജനങ്ങളുണ്ടെന്ന് കാണാന്‍ കഴിയും. ബിഹാറിനെ സംബന്ധിച്ചാണെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തി ഒരു വര്‍ഷത്തിനകം കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളില്‍ ഇരുപത് ശതമാനം കുറവുണ്ടായി. ലഹളകള്‍ പതിമൂന്ന് ശതമാനവും റോഡപകടങ്ങള്‍ പത്ത് ശതമാനവും കുറഞ്ഞു. ഗൃഹനാഥന്റെ വരുമാനത്തിലും ഗണ്യമായ വര്‍ധനവുണ്ടായി. ഒപ്പം ഇതിന്റെ മറുവശവും കാണാതിരുന്നു കൂടാ. മദ്യം നിയമം മൂലം നിരോധിച്ചപ്പോള്‍ അനധികൃത വിഷമദ്യങ്ങളുടെ കുത്തൊഴുക്കായി. മദ്യപാനികളായ സാധാരണക്കാരുടെ ജീവന് അത് വലിയ ഭീഷണിയായി. അനധികൃത മദ്യം കടത്താന്‍ സഹായം ചെയ്തു കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വലിയ നെറ്റ്‌വര്‍ക്ക് രൂപപ്പെട്ടു. ഇതിന്റെ മറ്റൊരു പതിപ്പാണ് ഗുജറാത്തില്‍ നാം കാണുന്നത്. ആ സംസ്ഥാനത്ത് 1960 മുതല്‍ മദ്യനിരോധനമുണ്ട്. മദ്യ ഉപയോഗം കുറഞ്ഞില്ലെന്ന് മാത്രമല്ല അനധികൃത മദ്യവില്‍പ്പനക്കാരുടെ (Boot Leggers) ഒരു മാഫിയ തന്നെ രൂപപ്പെട്ടു എന്നതാണ് അതിന്റെ അനന്തരഫലം. 2001 മുതല്‍ 2010 വരെ ഗുജറാത്തില്‍ മദ്യവുമായി ബന്ധപ്പെട്ട് എണ്‍പതിനായിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതില്‍ ഒമ്പത് ശതമാനം മാത്രമേ ശിക്ഷിക്കപ്പെട്ടുള്ളൂ എന്നതില്‍നിന്ന് തന്നെ ഇവരുടെ സ്വാധീനം വ്യക്തമാണ്. ഒരു നൂറ്റാണ്ട് മുമ്പ് 1920-ല്‍ അമേരിക്കയില്‍ സംഭവിച്ചതും ഇത് തന്നെ. അവിടെ മദ്യം നിരോധിക്കുക മാത്രമല്ല മില്യന്‍ കണക്കിന് ഡോളര്‍ ചെലവിട്ട് നിയമം കര്‍ശനമായി നടപ്പാക്കി. നിയമം ലംഘിച്ച അഞ്ച് ലക്ഷത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. കോടിക്കണക്കിന് ഡോളര്‍ വിലയുള്ള വസ്തുവകകള്‍ പിടിച്ചെടുത്തു. ഒന്നും വിലപ്പോയില്ല. പൂര്‍ണ പരാജയം സമ്മതിച്ച് പതിനാല് വര്‍ഷത്തിന് ശേഷം മദ്യനിരോധനം അമേരിക്കന്‍ ഗവണ്‍മെന്റിന് എടുത്തു കളയേണ്ടി വന്നു. അമേരിക്കയില്‍ ഇറ്റാലിയന്‍ മാഫിയ ഒക്കെ ശക്തിപ്പെട്ടത് ഈ ഘട്ടത്തിലാണ് എന്നും നിരീക്ഷണമുണ്ട്.
കേരളത്തില്‍ മാഫിയ വിളയാട്ടങ്ങളും മറ്റു കുറ്റകൃത്യങ്ങളും സൈ്വരജീവിതത്തിന് വലിയ ഭീഷണി ഉയര്‍ത്തുമ്പോഴും മദ്യത്തിനും മയക്ക് മരുന്നുകള്‍ക്കും അതിലുള്ള പങ്ക് വേണ്ടത്ര ചര്‍ച്ചയാകുന്നില്ല. മദ്യപാനത്തിന്റെയും മയക്കുമരുന്ന് ഉപഭോഗത്തിന്റെയും ഗ്രാഫ് ഉയരുന്ന മുറക്കാണ് കുറ്റകൃത്യങ്ങളുടെയും ഗ്രാഫ് ഉയരുന്നത്. സംസ്ഥാന ഭരണകൂടമാകട്ടെ കേരളത്തെ മദ്യത്തില്‍ കുളിപ്പിച്ച് കിടത്താനുള്ള ആലോചനയിലുമാണ്. ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്ന ഭരണകൂടത്തിന് നിയമ സംവിധാനങ്ങളുടെ പിന്‍ബലത്തില്‍ മാത്രം കുറ്റകൃത്യങ്ങള്‍ തടയാന്‍ ഒന്നും ചെയ്യാനാവില്ല എന്നതാണ് സത്യം. മദ്യം കുറ്റകൃത്യങ്ങളുടെ മാതാവാണ് എന്ന് ജനത്തെ പഠിപ്പിക്കുകയും മദ്യവിരുദ്ധത വിശ്വാസ പ്രമാണമാക്കുകയും ചെയ്ത ദര്‍ശനത്തിനേ ഈ തിന്മക്കെതിരെ ഫലപ്രദമായി പോരാടാനായിട്ടുള്ളൂ എന്നതാണ് ഹിജ്‌റ ഒന്നാം നൂറ്റാണ്ട് മുതല്‍ ഇന്നു വരെയുള്ള ചരിത്ര യാഥാര്‍ഥ്യം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌