Prabodhanm Weekly

Pages

Search

2022 ജനുവരി 28

3237

1443 ജമാദുല്‍ ആഖിര്‍ 25

അബ്ദുല്ല മുനഫര്‍ തങ്ങള്‍

അഷ്‌ക്കറലി കൊയിലാണ്ടി

 

1955 മുതല്‍ തുടങ്ങിയ പ്രബോധനം വായനയാണ് കൊയിലാണ്ടി അബ്ദുല്ല മുനഫര്‍ തങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കോഴിക്കോട് കുറ്റിച്ചിറയിലെ ഹല്‍വ ബസാറില്‍ നിന്നാണ് പ്രബോധനം ലഭിക്കുക. ആ കാലത്ത് പ്രബോധനം വായിക്കുന്നതോ വാങ്ങുന്നതോ അറിഞ്ഞാല്‍ യാഥാസ്ഥിതിക കുടുംബമായതിനാല്‍ വലിയ പ്രയാസം നേരിടും എന്ന് മനസ്സിലാക്കി വളരെ സ്വകാര്യത്തില്‍ ആയിരുന്നു ഈ വാങ്ങലും വായനയും. അങ്ങനെയിരിക്കെ ഒരിക്കല്‍ തന്റെ പുതപ്പിനുള്ളില്‍ ഒളിച്ചുവെച്ച പ്രബോധനം ഉപ്പ കാണുകയുണ്ടായി. കലികയറിയ ഉപ്പ മുനഫര്‍ തങ്ങളെയും കാത്ത് വീട്ടില്‍ ഇരിക്കുകയാണ്. വിവരം പുറത്തു നിന്ന് അറിഞ്ഞ മുനഫര്‍ തങ്ങള്‍ അന്ന് വീട്ടില്‍ വരാതെ ഏതോ കുടുംബവീട്ടില്‍ തങ്ങി. പിറ്റേന്ന് ഉപ്പ പുറത്തുപോയ സന്ദര്‍ഭം നോക്കി വീട്ടില്‍വന്ന് പുസ്തകങ്ങളും വസ്ത്രങ്ങളും പാക്ക് ചെയ്ത് ഉമ്മയോട് യാത്രയും പറഞ്ഞു വൈകിട്ട് ചെന്നൈ മെയിലില്‍ മദിരാശിക്കു പുറപ്പെട്ടു. തന്റെ ഇരുപത്തിനാലാം വയസ്സില്‍ (1957) യാത്ര തുടങ്ങിയതില്‍ പിന്നെ അദ്ദേഹം  യാത്രകളുടെ കളിക്കൂട്ടുകാരനായിരുന്നു. 1957 മുതല്‍ 1960 വരെ അദ്ദേഹം ചെന്നൈയില്‍ തങ്ങി. 1959-ലാണ്  വിവാഹം. 1961-ല്‍ ബോംബെക്ക് പോയി. ബോംബെ കോര്‍പ്പറേഷന്റെ ബസ്സില്‍ കണ്ടക്ടറായി ജോലി ചെയ്തു. പിന്നെ നാട്ടില്‍ തിരിച്ചെത്തി 1966-ല്‍ പാലക്കാട് പറമ്പിക്കുളം വനംവകുപ്പില്‍ ബോര്‍ഡറില്‍ ജോലിക്ക് കയറി. അവിടെനിന്നാണ് തമിഴ് ഭാഷ സ്വായത്തമാക്കിയത്. 1971-ല്‍ ആ ജോലി രാജി വെച്ചു. പിന്നെ കുവൈത്തിലും ലണ്ടനിലും സുഊദിയിലും ജോലി നോക്കി. സഊദിയിലായിരിക്കെ 13 തവണ  അദ്ദേഹം ഹജ്ജ് ചെയ്തിട്ടുണ്ട്. ഇതില്‍ 11-ഉം ഭാര്യയോടൊപ്പം ആയിരുന്നു.
1999-ലാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് വായിച്ച അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ  പി.എം.വി അബ്ദുല്‍ ഖാദര്‍ സാഹിബുമായി സംസാരിച്ച് പ്രസ്ഥാനത്തെ അടുത്തറിഞ്ഞു. 2000-ത്തിനു ശേഷം കൊയിലാണ്ടി ഹല്‍ഖയിലെ സജീവസാന്നിധ്യമായിരുന്നു മുനഫര്‍ തങ്ങള്‍.
ഹല്‍ഖയുടെ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്. 2000 - 2002 കാലത്ത് വടകര ശാന്തിനികേതന്‍ വനിതാ കോളേജില്‍ സി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്ത് ഓഫീസ് ക്ലാര്‍ക്ക് ആയി ജോലി ചെയ്തിട്ടുണ്ട്. 2002 മുതല്‍ കോഴിക്കോട് മൊയ്തീന്‍ പള്ളി റോഡ് ഐ.പി.എച്ച് ഹെഡ് ഓഫീസില്‍ എ.പി മൂസകോയ സാഹിബ് മാനേജറായിരിക്കെ അവിടെയും ജോലി നോക്കി. ആറുമാസം ഐ.പി.എച്ച് വിജ്ഞാനകോശം പ്രൂഫ് റീഡിങ്ങില്‍ ഉണ്ടായിരുന്നു.
2008-ലാണ് അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെടുന്നത്. തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷവും മുനഫര്‍ തങ്ങള്‍ തന്റെ വീട്ടില്‍ ഒറ്റക്കായിരുന്നു.
2008 മുതല്‍ 2016 വരെ കോഴിക്കോട് ഹിറ സെന്ററില്‍ സേവനം ചെയ്തിട്ടുണ്ട്. ഹിറയില്‍ ജോലിചെയ്തു തുടങ്ങിയ ആദ്യ കാലത്ത് അബ്ദുല്‍ അഹദ് തങ്ങളുടെ കീഴില്‍ ഖുര്‍ആന്‍ സ്റ്റഡി വിഭാഗത്തിലായിരുന്നു. ജമാഅത്ത് അംഗമായതിന് ശേഷം ദല്‍ഹി, ഹൈദരാബാദ് റുക്ന്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തു. 2016-ല്‍ ഹിറയില്‍ നിന്ന് വിരമിച്ചതിന് ശേഷം കുറച്ചുകാലം വീട്ടില്‍ ഒതുങ്ങിയെങ്കിലും പിന്നീട് ഹല്‍ഖാ അമീറിനോട് സമ്മതം വാങ്ങി തുടര്‍ന്നും ഹിറയില്‍ പോകാന്‍ തുടങ്ങി. ഹിറയിലെ ജോലികഴിഞ്ഞ് വീട്ടില്‍ വന്നാലും, ഒഴിവു ദിവസങ്ങളിലും സുഹൃത്തുക്കളും പ്രസ്ഥാന ബന്ധുക്കളും ഏല്‍പ്പിക്കുന്ന ഡി.റ്റി.പി വര്‍ക്കുകളും മറ്റും അദ്ദേഹം ചെയ്തുകൊടുക്കാറുണ്ടായിരുന്നു.
മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ എഴുതാനും വായിക്കാനും അറിയാവുന്ന മുനഫര്‍ തങ്ങള്‍ക്ക് അറബി സംസാരിക്കാനും അറിയുമായിരുന്നു.
ജനനം: 1/12/1933. പിതാവ്: സയ്യിദ് അഹമ്മദ് കുഞ്ഞിക്കോയ തങ്ങള്‍. മാതാവ്: സല്‍മ മുല്ലബി. ഭാര്യ അലവിയു കുഞ്ഞിബി. മക്കളില്ല
എണ്‍പത്തിയെട്ടാം വയസ്സില്‍ മരിക്കുന്നതിന്റെ തലേന്ന് വരെ ഹിറയില്‍ അദ്ദേഹം തന്റെ ജോലിയില്‍ കര്‍മനിരതനായിരുന്നു.
അഷ്‌ക്കറലി കൊയിലാണ്ടി
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ -23-27
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റച്ചെരിപ്പിലെ നടത്തം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌