Prabodhanm Weekly

Pages

Search

2022 ജനുവരി 28

3237

1443 ജമാദുല്‍ ആഖിര്‍ 25

ഹാശിര്‍ ഫാറൂഖി (1930-2022) പ്രാണിശാസ്ത്രത്തില്‍നിന്ന്  ഇസ്‌ലാമിക പത്രപ്രവര്‍ത്തനത്തിലേക്ക്

വി.എ കബീര്‍

 

 


എഴുപതുകളിലെയും എണ്‍പതുകളിലെയും പ്രബോധനം വായനക്കാര്‍ക്ക് സുപരിചിതമായ ഒരു ജര്‍ണലിന്റെ പേരാണ് ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഇംപാക്ട് ഇന്റര്‍നാഷ്‌നല്‍. മുസ്‌ലിം ലോകത്തിലെ സംഭവവികാസങ്ങളെക്കുറിച്ച അനന്യ ലഭ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രദ്ധേയമായ ധാരാളം ലേഖനങ്ങള്‍ക്ക് അക്കാലത്ത് പ്രബോധനം കടപ്പെട്ടിരുന്നത് 'ഇംപാക്ടി'നോടായിരുന്നു. രാഷ്ട്രീയ സംഭവവികാസങ്ങള്‍ മാത്രമല്ല ടി.ബി ഇര്‍വിംഗ്, ഡോ. ഹമീദുല്ല, ജെ.എസ് (ജഅ്ഫര്‍ ശൈഖ്) ഇദ്‌രീസ് തുടങ്ങിയവരുടെ വൈജ്ഞാനിക ലേഖനങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഈ ലേഖകന്‍ 1970-ല്‍ പ്രബോധനം സ്റ്റാഫില്‍ ചേരുമ്പോള്‍ മുസ്‌ലിം ലോക ചലനങ്ങളുടെ മുഖ്യ സ്രോതസ്സ് പാകിസ്താനില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദി മുസ്‌ലിം വേള്‍ഡ് എന്ന മാഗസിനായിരുന്നു. അന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തപാല്‍ വിനിമയത്തിന് തടസ്സങ്ങളൊന്നുമില്ലാത്തതിനാല്‍ പ്രസ്തുത മാഗസിനൊപ്പം ഉര്‍ദു ഡൈജസ്റ്റ്, ഏഷ്യ, സയ്യാറ ഡൈജസ്റ്റ്, ഫാറാന്‍ തുടങ്ങിയ ഒട്ടേറെ പ്രസിദ്ധീകരണങ്ങള്‍ തടസ്സമില്ലാതെ ലഭിച്ചിരുന്നു. പ്രസിദ്ധീകരണം നിലച്ച് പോയതിനാലാവാം 'മുസ്‌ലിം വേള്‍ഡ്' ഇടക്കാലത്ത് വരാതായി. ആ വിടവ് നികത്തിയത് ഇംപാക്ട് ആയിരുന്നു. ഉള്ളടക്കത്തില്‍ 'മുസ്‌ലിം വേള്‍ഡി'നേക്കാള്‍ ഗംഭീരമായിരുന്നു ഇംപാക്ട് എന്ന് എടുത്ത് പറയേണ്ടതുണ്ട്. മുസ്‌ലിം ലോകത്തെ സംബന്ധിച്ച 'ആധികാരിക സ്രോതസ്സ്' എന്നതായിരുന്നു ഇതര ആനുകാലികങ്ങള്‍ക്കിടയില്‍ പ്രബോധനത്തിന്റെ അക്കാലത്തെ ഒരു വ്യതിരിക്തത. അത് നിലനിറുത്തുന്നതില്‍ ഇംപാക്ടിന്റെ 'ഇംപാക്ട്' ചില്ലറയായിരുന്നില്ല.
പരേതനായ വി.പി അബ്ദുല്ല സാഹിബിന് അല്ലാഹുവിന്റെ കരുണയുണ്ടാകട്ടെ. ഇംപാക്ടിന്റെ ആദ്യലക്കം പ്രബോധനത്തിന് ലഭിക്കാന്‍ നിമിത്തമായത് അദ്ദേഹം നടത്തിയിരുന്ന ഇംഗ്ലീഷ് മാഗസിന്‍ 'മെസ്സേജ്' ആയിരുന്നു. 'പ്രബോധന'ത്തിന്റെ വിലാസം തന്നെയായിരുന്നു 'മെസ്സേജി'ന്റെയും വിലാസം. അതിനാല്‍ 'മെസ്സേജ്' പ്രസിദ്ധീകരണം നിലച്ച ശേഷവും പുതുതായിറങ്ങുന്നതടക്കം പല പ്രസിദ്ധീകരണങ്ങളും ഞങ്ങളുടെ ഓഫീസ് വിലാസത്തില്‍ വന്നുകൊണ്ടിരുന്നു. ഫാറൂഖി സാഹിബിനെ പോലെത്തന്നെ വിപുലമായ ഒരു നെറ്റ് വര്‍ക്ക് വി.പിയും ഉണ്ടാക്കിയെടുത്തിട്ടുണ്ടായിരുന്നു. റീഡേഴ്‌സ് ഡൈജസ്റ്റില്‍ മാര്‍ഗരറ്റ് മാര്‍ക്കസ് എഴുതിയ ഒരു ലേഖനം കണ്ടിട്ടാണ് വി.പി അവരുമായി ബന്ധപ്പെടുന്നതും പിന്നീടവര്‍ മൗദൂദിയുമായി ബന്ധപ്പെട്ടു മര്‍യം ജമീലയായി പാകിസ്താനിലെത്തുന്നതും. നേരിട്ട് കണ്ടിട്ടില്ലെങ്കിലും വി.പിയെ ഫാറൂഖി സാഹിബിന് നല്ല പരിചയമായിരുന്നു. വി.പി മരിച്ച വിവരം അദ്ദേഹത്തെ അറിയിച്ചപ്പോള്‍ അയച്ച മറുപടിയില്‍ തന്റെ സുഹൃത്തിനെക്കുറിച്ചുള്ള നല്ല ഓര്‍മകള്‍ ഫാറൂഖി സാഹിബ് പങ്കുവെക്കുകയുണ്ടായി.
ആദ്യലക്കവുമായി 'പ്രബോധന'ത്തില്‍ വന്നത് വി.പി തന്നെയായിരുന്നു എന്നാണ് ഓര്‍മ. ദ്വൈവാരികയായിട്ടായിരുന്നു ആദ്യം ഇറങ്ങിയിരുന്നത്. തീരേ കനം കുറഞ്ഞ 28 ജി.എസ്.എം ബൈബിള്‍ പേപ്പറില്‍ 16 പേജില്‍ ഒതുങ്ങുന്ന ഉള്ളടക്കം. രാഷ്ട്രീയം, സാമ്പത്തികം, വിദ്യാഭ്യാസം, ഗ്രന്ഥ നിരൂപണം എല്ലാം വാക്കുകള്‍ ഒട്ടും ദുര്‍വ്യയം ചെയ്യാതെയുള്ള പേജ് വിന്യാസം. ലോക നേതാക്കളുമായുള്ള അഭിമുഖങ്ങള്‍, പീപ്പിള്‍, ചരമങ്ങള്‍ തുടങ്ങിയവയൊക്കെ കൗതുകകരങ്ങളും പ്രയോജനപ്രദങ്ങളുമായ ഇനങ്ങളായുണ്ട്. ആദ്യ ലക്കത്തില്‍ തന്നെ ഡോ. നജാത്തുല്ല സിദ്ദീഖി, ഡോ. സൈനുല്‍ ആബിദീന്‍ തുടങ്ങിയ ഇസ്‌ലാമിക ബുദ്ധിജീവികളുടെ പ്രതികരണം വന്നത് ഓര്‍ക്കുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയിലെ ബുദ്ധിജീവിയായ നജാത്തുല്ല സിദ്ദീഖി ഇത്തരം പ്രസിദ്ധീകരണങ്ങളില്‍ പൊതുവെ കാണപ്പെടാറുള്ള പാക് പക്ഷപാതിത്വവും ഇന്ത്യാ വിരോധവും ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നെഴുതിയത് ഓര്‍ക്കുന്നു. പക്ഷേ, പാകിസ്താനിയായ പത്രാധിപര്‍ക്ക് ആ വിധം വിഷയങ്ങളില്‍ പാകിസ്താനോട് ഒരു പണതൂക്കം ചായ്‌വ് കൂടുതലുണ്ടാവുക സ്വാഭാവികം. എങ്കിലും വസ്തുനിഷ്ഠതയോട് പ്രതിബദ്ധത പുലര്‍ത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് എല്ലാ കാര്യത്തിലും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. വര്‍ത്തമാനകാല ഇന്ത്യ എത്ര മതേതര നാട്യം പ്രകടിപ്പിച്ചാലും ആഴത്തിലുള്ള ഹൈന്ദവ 'ഭൂത'ത്തിന്റെ പിടിത്തത്തില്‍നിന്ന് കുതറിമാറാന്‍ അതിന് കഴിയില്ല എന്ന തന്റെ നിലപാട് സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം ചിലരുമായി പങ്ക് വെച്ചതറിയാം.
ഇംപാക്ട് വായിച്ചതും തപാല്‍ ലിസ്റ്റില്‍ പ്രബോധനത്തിന്റെ വിലാസം കൂടി ഉള്‍പ്പെടുത്താന്‍ പത്രാധിപര്‍ എ. ഇര്‍ഫാന്ന് ഞങ്ങള്‍ എഴുതി. പത്രാധിപരുടെ പേര് അച്ചടിച്ചത് അങ്ങനെയായിരുന്നു. ഇര്‍ഫാന്‍ മകന്റെ പേരാണെന്നും പത്രാധിപരുടെ പേര് മുഹമ്മദ് ഹാശിര്‍ ഫാറൂഖി എന്നാണെന്നും കുറേ കാലത്തിന് ശേഷമാണ് മനസ്സിലായത്. ഇര്‍ഫാന്‍ എന്ന പേരില്‍ തന്നെയാണ് അദ്ദേഹം മറുപടി കുറിച്ചിരുന്നതും. പല മഹാന്മാരുടെതും പോലെ സങ്കീര്‍ണമായ അദ്ദേഹത്തിന്റെ കൈയക്ഷരം വായിച്ചെടുക്കണമെങ്കില്‍ നല്ല മെനക്കേടുണ്ടായിരുന്നു. ഒരെഴുത്തില്‍ അത് അദ്ദേഹം തന്നെ സൂചിപ്പിക്കാതെയല്ല. ഇംപാക്ട് അയച്ചുതരാന്‍ ഉദാരനായ അദ്ദേഹം പകരം ആവശ്യപ്പെട്ടത് ഇന്ത്യയില്‍നിന്നുള്ള വാര്‍ത്തകളും വിശകലനങ്ങളുമായിരുന്നു. അന്ന് രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന ഇംഗ്ലീഷ് ആനുകാലികങ്ങളില്‍ മുഖ്യം എടത്തട്ട നാരായണന്റെ ലിങ്കും കറഞ്ചിയയുടെ ബ്ലിറ്റ്‌സുമായിരുന്നു. രണ്ടും ഇടത് പക്ഷ പ്രസിദ്ധീകരണങ്ങള്‍. കറഞ്ചിയക്ക് കമ്യൂണിസ്റ്റ് ചായ്‌വിനൊപ്പം ഇന്ദിരാഗാന്ധിയോടും കൃഷ്ണയ്യരോടും പ്രത്യേക മമതയുണ്ടായിരുന്നുവെന്ന് മാത്രം. ഇംപാക്ടിന് വേണ്ടി രണ്ടിന്റെയും വരിസംഖ്യ അടച്ചുകൊടുത്തു. കൂട്ടത്തില്‍ ഇംഗ്ലീഷ്-ഉര്‍ദു മാധ്യമങ്ങളില്‍ വരുന്ന പ്രസക്തമായ വാര്‍ത്തകളുടെയും ലേഖനങ്ങളുടെയും ക്ലിപ്പിംഗുകള്‍ അയച്ചുകൊടുക്കുന്നതും പതിവാക്കി. അതോടെ ഫാറൂഖി സാഹിബിന്റെ മനസ്സില്‍ ലേഖകന്നും ഒരു ഇടം അനുവദിച്ചു കിട്ടി.
ഇന്ദിരാ ഭരണത്തില്‍ ഇന്ത്യ ആദ്യത്തെ ആണവ സ്‌ഫോടന പരീക്ഷണം നടത്തിയപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ആബു അബ്രഹാം ഒരു കാര്‍ട്ടൂണ്‍ വരച്ചിരുന്നു. ഒരു കമന്റുമില്ലാത്ത അതിശക്തമായ കാര്‍ട്ടൂണ്‍. ആണവചിഹ്നത്തിന്റെ വലയമുള്ള ശിവലിംഗത്തിന്റെ മുമ്പില്‍ മെലിഞ്ഞൊട്ടിയ മനുഷ്യക്കോലം പ്രണാമം ചെയ്യുന്ന ചിത്രം. ഇംപാക്ടിന് അയച്ചുകൊടുത്ത ഇത്തരം ഐറ്റങ്ങള്‍ ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളോട് കടപ്പാട് രേഖപ്പെടുത്തി വെളിച്ചം കണ്ടുകൊണ്ടിരുന്നു. ജയപ്രകാശ് നാരായണന്റെ ഇന്ദിരാവിരുദ്ധ പ്രക്ഷോഭ കാലത്ത് അദ്ദേഹം ലക്ഷ്യം വച്ചിരുന്ന 'സമ്പൂര്‍ണ വിപ്ലവ'ത്തിന്റെ കരട് രൂപമാണ് അയച്ചുകൊടുത്തിരുന്നത്. അടിയന്തരാവസ്ഥയില്‍ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ കൈസഞ്ചിയില്‍ ഇത്തരം 'സേവനങ്ങള്‍ക്ക്' നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഫാറൂഖി അയച്ച കത്തുകളുമുണ്ടായിരുന്നു. 'തൊണ്ടി' സാധനങ്ങളാക്കുമോ എന്ന് ഉള്‍ഭയമുണ്ടായിരുന്നെങ്കിലും ഫാറൂഖി സാഹിബിന്റെ കൈയ്യക്ഷരം രക്ഷയായത് പോലെയാണ് തോന്നിയത്. വിട്ടയച്ച ശേഷം തിരിച്ചുതന്ന ബാഗില്‍ പതിനായിരം രൂപയും (ജമാഅത്ത് നിരോധം മുന്‍കൂട്ടി കണ്ട് സെക്രട്ടറി അബ്ദുല്‍ അഹദ് തങ്ങള്‍ ബാങ്കില്‍നിന്ന് പിന്‍വലിച്ചു എന്നെ ഏല്‍പിച്ചതായിരുന്നു ആ സംഖ്യ) എന്റെ പാസ്‌പോര്‍ട്ടും ഒഴികെ ബാക്കിയെല്ലാം അതില്‍ ഭദ്രമായുണ്ടായിരുന്നു.

യു.പിയില്‍നിന്ന് പാകിസ്താനിലേക്ക്

1930 ജനുവരി 4-ന് യു.പിയിലെ ഗാസിപൂര്‍ സിറ്റിയിലാണ് ഫാറൂഖി സാഹിബിന്റെ ജനനം. വിദ്യാര്‍ഥിയായിരിക്കെത്തന്നെ പാകിസ്താന്‍ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. കാണ്‍പൂരിലെ അഗ്രികള്‍ച്ചറല്‍ കോളേജില്‍ (പിന്നീട് യൂനിവേഴ്‌സിറ്റിയായി) ആയിരുന്നു പഠനം. പഠനകാലത്ത് കോളേജിലെ മുസ്‌ലിം സ്റ്റുഡന്റ്‌സ് യൂനിയന്റെയും ഉര്‍ദു ലിറ്റററി അസോസിയേഷന്റെയും സെക്രട്ടറിയായി. പ്രാണിശാസ്ത്ര (Entomology)ത്തില്‍ ബിരുദമെടുത്ത ഫാറൂഖി സാഹിബ് രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ പാകിസ്താനിലേക്ക് കുടിയേറി. അവിടെ അഗ്രികള്‍ച്ചറല്‍ വകുപ്പില്‍ സീനിയര്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് ഉപരിപഠനാര്‍ഥം 1960-ല്‍ ലണ്ടനിലേക്ക് യാത്രയാകുന്നത്.

പത്രപ്രവര്‍ത്തകന്‍
ഇംപീരിയല്‍ കോളേജില്‍നിന്ന് പി.എച്ച്.ഡി എടുക്കാനാണ് 1960-ല്‍ ഫാറൂഖി ലണ്ടനില്‍ എത്തുന്നത്. എത്ര പെട്ടെന്നാണ് നിയതി ഒരാളുടെ ജീവിത ഗതി മാറ്റുന്നത്. പ്രാണിശാസ്ത്രത്തില്‍ പി.എച്ച്.ഡി എടുക്കാനെത്തിയ ഹാശിര്‍ ഫാറൂഖിനെ പിന്നീട് നാം കാണുന്നത് അസാധാരണ സിദ്ധിമാനായ ഒരു പത്രപ്രവര്‍ത്തകനും ബ്രിട്ടനിലെ മുസ്‌ലിം കമ്യൂണിറ്റിക്ക് ദിശാബോധം നല്‍കുന്ന പ്രജ്ഞയുടെ പ്രകാശ ഗോപുരവുമായാണ്. എഴുതാനുള്ള വാസന വിദ്യാര്‍ഥിയായിരിക്കെത്തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ മൊട്ടിട്ടു നിന്നിരുന്നു. ലണ്ടനിലെത്തിയ ആദ്യ നാളുകളില്‍ തന്നെ റീജന്‍സ് പാര്‍ക്കിലെ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി. ഇംപാക്ട് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫോസീസിന്റെ (ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് സൊസൈറ്റീസ് ഇന്‍ യു.കെ.ആന്റ് അയര്‍ലന്റ്) 'മുസ്‌ലിമി'ല്‍ 'സ്‌ക്രൈബ്' എന്ന തൂലിക നാമത്തില്‍ അദ്ദേഹം കോളമെഴുതുന്നുണ്ടായിരുന്നു. പൊളിറ്റിക്കല്‍ സറ്റയറായിരുന്നു ആ കോളത്തിന്റെ സ്വഭാവം. നിശിതവും എന്നാല്‍ കുലീനവുമായ ആ ഉപഹാസം പിന്നീട് തെളിഞ്ഞു കണ്ടത് ഇംപാക്ടിലെ 'പീപ്പിള്‍' എന്ന കോളത്തിലാണ്. താരിഖ് റമദാനെ അമേരിക്ക പ്രവേശമനുവദിക്കാതെ വിമാനത്താവളത്തില്‍നിന്ന് മടക്കിയപ്പോള്‍ അതിനെക്കുറിച്ചെഴുതിയ കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചത് 'ഒരു യൂറോപ്യന്‍ മുസ്‌ലിമാകാനുള്ള കഷ്ടപ്പാടുകള്‍' എന്ന വാചകത്തോടെയായിരുന്നു. 'റ്റു ബി എ യൂറോപ്യന്‍ മുസ്‌ലിം' എന്നത് റമദാന്റെ പ്രസിദ്ധമായ പുസ്തകമാണ്. യൂറോപ്പില്‍ ജീവിക്കുന്ന മുസ്‌ലിം യൂറോപ്യന്‍ സംസ്‌കാരവുമായി പൊരുത്തപ്പെടേണ്ടതിന്റെ പ്രസക്തിയാണ് അതില്‍ ചര്‍ച്ച ചെയ്യുന്നത്. അത് പ്രസിദ്ധീകരിച്ചത് ഫാറൂഖി സാഹിബിന്റെ കൂടി പങ്കാളിത്തത്തില്‍ നിലവില്‍ വന്ന ലണ്ടനിലെ ഇസ്‌ലാമിക് ഫൗണ്ടേഷനാണെന്നതാണ് കൗതുകകരം.

ഇംപാക്ട് തുടങ്ങുന്നു
എഴുപതുകളുടെ ആരംഭത്തില്‍ മുസ്‌ലിം ലോകത്തുണ്ടായ സംഭവവികാസങ്ങളാണ് 'ഇംപാക്ട്' പോലെയുള്ള ഒരു മാധ്യമത്തിന്റെ ആശയത്തിലേക്ക് ഫാറൂഖിയെ നയിച്ചത്. അതിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ ആശിഖ് അസ്ഗറിനെക്കുറിച്ച് എഴുതിയ ഒരു ചരമക്കുറിപ്പില്‍ ഇംപാക്ട് എന്ന വിസ്മയം സാക്ഷാത്കരിച്ച കഥയുടെ ചുരുക്കം ഫാറൂഖി തന്നെ അനാവരണം ചെയ്യുന്നുണ്ട്:
''അറുപതുകളുടെ തുടക്കം മുതല്‍ക്കേ ഇത്തരം ഒരു മാധ്യമത്തിന്റെ ആശയം പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളും ആസൂത്രണങ്ങളും നടന്ന് വരുന്നുണ്ടായിരുന്നു. 69'-ന്റെ അവസാനം എളുപ്പത്തില്‍ പൊതുഗതാഗതം പ്രാപ്യമായ ഓഫീസിനുള്ള ഒരു സ്ഥലത്തിന്റെ അന്വേഷണത്തിലായിരുന്നു ഞങ്ങള്‍; തീര്‍ച്ചയായും സാധ്യമാവുന്നത്ര കുറഞ്ഞ ചെലവില്‍ത്തന്നെ. 33 സ്ട്രൗഡ് ഗ്രീന്‍ റോഡില്‍ തന്റെ ഉടമസ്ഥതയിലുള്ള ഒരു രണ്ട് നില ഫ്‌ളാറ്റ് ഓഫര്‍ ചെയ്യുക മാത്രമല്ല ഉടനെ അങ്ങോട്ടു വൈകാതെ മാഗസിന്‍ പുറത്തിറക്കാന്‍ സമ്മര്‍ദം ചെലുത്തുക കൂടി ചെയ്തു. അത് റിപ്പയര്‍ ചെയ്ത് പെയിന്റടിച്ചു സജ്ജമാക്കാന്‍ എഴുത്തുകാരനും പണ്ഡിതനുമായ അബ്ദുല്‍ വാഹിദ് ഹാമിദും അദ്ദേഹത്തിന്റെ സഹോദരനും പിന്നെയും കുറച്ചു മാസങ്ങളെടുത്തു. കാരണം വൈകുന്നേരവും വാരാന്ത്യ ഒഴിവുകളിലും മാത്രമേ അവര്‍ക്ക് പണിയെടുക്കാന്‍ സാധിച്ചിരുന്നുള്ളൂ. അവസാനം അവര്‍ കൈയിലെ പെയിന്റും പോളി ഫില്ലറും പശയും കഴുകി വൃത്തിയാക്കി ആപ്രണ്‍ ഊരിവെച്ചതില്‍ പിന്നെ അബ്ദുല്‍ വാഹിദ് പഴയ ഒരു സെക്കന്റ് ഹാന്റ് കസേരയും ഡസ്‌കും സംഘടിപ്പിച്ചു കൊണ്ട് ഇംപാക്ടിന്റെ അസോസിയേറ്റ് എഡിറ്ററായി സ്ഥാനമേറ്റു. ഇതാണ് ഇംപാക്ടിന്റെ ലളിതമായ ചരിത്രം. ഈ കഠിനാധ്വാന ചരിത്രത്തിന്റെ ഭാഗമായിരുന്നു ആശിഖ് അസ്ഗര്‍. വാടക വളരെ ലളിതമായിരുന്നു. സൗകര്യം പോലെയാണ് അത് കൊടുത്ത് തീര്‍ത്തിരുന്നത്'' (ഇംപാക്ട്, ഏപ്രില്‍ 2003). സലീം സിദ്ദീഖിയായിരുന്നു മാനേജര്‍.
ഒന്നാംതരം ഒരു ആര്‍ക്കൈവ് ഉണ്ടാക്കി എടുത്തു എന്നതായിരുന്നു ഇംപാക്ടിന്റെ വിജയ നിദാനങ്ങളിലൊന്ന്. പിന്നെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് മുന്‍ സോവിയറ്റ് യൂനിയനിലെയും കിഴക്കന്‍ യൂറോപ്പിലെയും ഇരുമ്പുമറകള്‍ക്ക് പിന്നില്‍നിന്ന് വരെ, പ്രതിഫലം പറ്റാതെ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും അയച്ചു കൊടുത്തുകൊണ്ടിരുന്ന ലേഖകന്മാരുടെ വിപുലമായ നെറ്റ് വര്‍ക്കും. ബോസ്‌നിയ, അല്‍ബേനിയ എന്നിവിടങ്ങളിലെ ചലനങ്ങളും അലിയാ ഇസ്സത്ത് ബെഗോവിച്ചിന്റെ അറസ്റ്റും അവിടത്തെ അടിയൊഴുക്കുകളുമൊക്കെ മുഖ്യധാരാ ലോകമാധ്യമങ്ങളില്‍ വരുന്നതിനും എത്രയോ മുമ്പു ഇംപാക്ടിന്റെ താളുകളില്‍ വെളിച്ചം കണ്ടിരുന്നു. ഇറാന്‍ വിപ്ലവത്തിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഷാ പഹ്‌ലവി ആര്യ മെഹ്ര്‍ സാമ്രാജ്യത്തിന്റെ രണ്ടാം സഹസ്രാബ്ദി ആഘോഷിച്ചപ്പോള്‍ നജഫില്‍നിന്ന് ഖുമൈനി പുറപ്പെടുവിച്ച രൂക്ഷമായ പ്രതിഷേധ പ്രസ്താവന പ്രബോധനം പ്രസിദ്ധീകരിച്ചത് ഇംപാക്ടില്‍നിന്നായിരുന്നു. റഷ്യയിലെ ക്രീമിയന്‍ താര്‍ത്താരി പ്രക്ഷോഭത്തിന്റെ സംഭവവികാസങ്ങള്‍ യു.എസില്‍നിന്ന് സ്ഥിരമായി ഇംപാക്ടില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്ന ആഇശ എന്ന ലേഖികയെ ഓര്‍ക്കുന്നു.
യാസര്‍ അറഫാത്ത്, ഖുമൈനി, ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുഹാര്‍ത്തോ, സിയാഉല്‍ ഹഖ്, ഡോ. ഹസന്‍ തുറാബി, ഫൈസല്‍ രാജാവ് തുടങ്ങി ഒട്ടനവധി ലോക നേതാക്കളെ ഹാശിര്‍ ഫാറൂഖി ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. ലാസ് വാഗസില്‍ ചൂതാടാന്‍ പോയ ഫഹദ് രാജകുമാരനെ ഫൈസല്‍ രാജാവ് ശാസിച്ച വാര്‍ത്ത ഇംപാക്ടില്‍നിന്ന് ഞങ്ങള്‍ പ്രബോധനത്തില്‍ എടുത്ത് ചേര്‍ത്തത് ഇവിടത്തെ സ്ഥാപനങ്ങളില്‍ ചിലര്‍ക്കെങ്കിലും നീരസമുണ്ടാക്കാതെയല്ല.
ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്കിന്റെ ചെയര്‍മാനായപ്പോഴും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫ്രന്‍സി (ഇപ്പോള്‍ ഇസ്‌ലാമിക് കോ ഓപറേഷന്‍)ന്റെ സെക്രട്ടറി ജനറലായിരുന്നപ്പോഴും തുങ്കു അബ്ദുര്‍റഹ്്മാനെ ഫാറൂഖി ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. തുങ്കുവിന്റെ ഊര്‍ജസ്വലതയുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല പല മുസ്‌ലിം രാജ്യങ്ങളിലെയും തലവന്മാരുടെ സ്വഭാവം. എഴുത്തുകുത്തുകള്‍ അക്‌നളഡ്ജ് ചെയ്യുന്നതില്‍ പോലും അമാന്തം കാണിക്കുന്നവരായിരുന്നു ഭൂരിപക്ഷവും എന്ന് ആ അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞത് ഓര്‍ക്കുന്നു.

ചാള്‍സ് രാജകുമാരന് സ്വീകരണം
ഫാറൂഖി സാഹിബിന് ഒരു സംഘടനയുമായും ഔപചാരിക ബന്ധമൊന്നുമുണ്ടായിരുന്നില്ലെങ്കിലും മൗലാനാ മൗദൂദിയോട് അദ്ദേഹത്തിന് പ്രത്യേക ഹൃദയബന്ധം തന്നെ ഉണ്ടായിരുന്നു. യു.കെ ഇസ്‌ലാമിക് മിഷന്‍, ഇസ്‌ലാമിക് ഫൗണ്ടേഷന്‍, മുസ്‌ലിം എയ്ഡ്, ഇസ്‌ലാമിക് സൊസൈറ്റി ഓഫ് ബ്രിട്ടന്‍ (പിന്നീട് മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍) തുടങ്ങി ബ്രിട്ടനിലെ പല ഇസ്‌ലാമിക സംരംഭങ്ങളും യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ മസ്തിഷ്‌ക സംഭാവനകളായിരുന്നു.
2003-ല്‍ ചാള്‍സ് രാജകുമാരന്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചതിന്റെ പിന്നില്‍ ഫാറൂഖി സാഹിബായിരുന്നു. ഫൗണ്ടേഷന്റെ സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് രാജകുമാരന്‍ ചെയ്ത പ്രസംഗത്തില്‍ ഇസ്‌ലാം തന്നെയായിരുന്നു വിഷയം. സല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വേഴ്‌സസി'ന്റെ വിവാദ കാലത്ത് രാജകുമാരന്റെ ആ പ്രസംഗം സവിശേഷം ശ്രദ്ധിക്കപ്പെടുകയുണ്ടായി. പ്രസംഗത്തിന്റെ പൂര്‍ണരൂപം ഇംപാക്ടില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്‌ലാമോ ഫോബിയക്കെതിരെ തന്റെ ഉറച്ച നിലപാട് പ്രഖ്യാപിച്ചുകൊണ്ട് രാജകുമാരന്‍ പ്രസ്താവനകള്‍ പുറപ്പെടുവിച്ച സന്ദര്‍ഭങ്ങള്‍ പിന്നെയും പലതവണയുണ്ടായി.

മുസ്്‌ലിം ന്യൂസ് അവാര്‍ഡ്
2013-ല്‍ 'മുസ്്‌ലിം ന്യൂസ്' ഫാറൂഖി സാഹിബിന് അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ മാനിച്ച് അവാര്‍ഡ് നല്‍കുകയുണ്ടായി. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് 'മുസ്്‌ലിം ന്യൂസ്' എഡിറ്റര്‍ അഹ്്മദ് വര്‍സിക്ക് ആശങ്കയുണ്ടായിരുന്നു. ഇംപാക്ട് സ്റ്റാഫിലുണ്ടായിരുന്ന ഗസാലിഖാനെയും കൂട്ടിയാണ് വര്‍സി ആ ചടങ്ങിന് മുമ്പ് ഫാറൂഖി സാഹിബിനെ കാണുന്നത് (കലീം സിദ്ദീഖിയുടെ മുസ്്‌ലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഫ. പി. കോയയോടൊപ്പം ജേണലിസം പരിശീലനത്തിന് പോയ ഗസ്സാലി ഖാനെ ഇംപാക്ടിലെത്തിച്ചത് കോയയായിരുന്നു). പുതിയ തലമുറക്കുള്ള പ്രചോദനം എന്ന നിലക്കാണ് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് ബോധിപ്പിച്ച ശേഷമാണ് അത് സ്വീകരിക്കാന്‍ ഫാറൂഖി സാഹിബിനെ രണ്ട് പേരും കൂടി സമ്മതിപ്പിക്കുന്നത്.

റിയാദിലെ കൂടിക്കാഴ്ച
ലണ്ടനിലുള്ള ഫാറൂഖി സാഹിബിനെ കോഴിക്കോട്ടുള്ള ഈ ലേഖകന് എപ്പോഴെങ്കിലും കാണാന്‍ സാധിക്കുമെന്ന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പക്ഷേ, മനുഷ്യന്‍ ചിന്തിക്കുന്നതല്ലല്ലോ അല്ലാഹു തീരുമാനിക്കുന്നത്. 1986-ല്‍ റിയാദില്‍ ചേര്‍ന്ന വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്തി(വമി)ന്റെ കോണ്‍ഫ്രന്‍സില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാനുള്ള ക്ഷണം യാദൃഛികമായി പ്രബോധനത്തിന് ലഭിച്ചു. അതിന്റെ ഫോറം പൂരിപ്പിച്ച് നിശ്ചിത സമയത്തിനകം തന്നെ പ്രബന്ധത്തിന്റെ അബ്‌സ്ട്രാക്റ്റ് അയച്ചുകൊടുത്തത് സ്വീകരിച്ചതായി മറുപടി വന്നു. അവിടെ എത്തിയപ്പോഴാണ് സമ്മേളനം കവര്‍ ചെയ്യാന്‍ ക്ഷണം ലഭിച്ചവരുടെ കൂട്ടത്തില്‍ ഫാറൂഖി സാഹിബും ഉണ്ടെന്നറിഞ്ഞത്. ''മുതിര്‍ന്ന ഒരാളാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഇത്ര ചെറുപ്പമാണെന്ന് ഒട്ടും കരുതിയിരുന്നില്ല.'' കോണ്‍ഫ്രന്‍സ് ഹാളില്‍ തമ്മില്‍ കണ്ടപ്പോള്‍ ഉടനെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം അതായിരുന്നു. ഫാറൂഖി സാഹിബിന്റെ മുന്നില്‍ ഏത് സീനിയറും ജൂനിയര്‍ തന്നെ എന്ന് ഞാന്‍ ചിരിച്ചു.
യമനില്‍ കമ്യൂണിസ്റ്റുകള്‍ തമ്മില്‍ പൊരിഞ്ഞയുദ്ധം നടക്കുന്ന സമയമായിരുന്നു അത്. സുഊദി മാധ്യമങ്ങളിലും ചാനലുകളിലും പ്രധാന വാര്‍ത്ത അതായിരുന്നു. കോണ്‍ഫ്രന്‍സ് കവര്‍ ചെയ്യാന്‍ യമനില്‍നിന്നുള്ള ഒരു പത്ര പ്രവര്‍ത്തകനും അവിടെ ഉണ്ടായിരുന്നു. 'ഇംപാക്ട് കേലിയേ ഉന്‍സെ ഇന്റര്‍വ്യൂ കീജിയേ യാര്‍'' (ഇംപാക്ടിന് വേണ്ടി അയാളെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യൂ) എന്നായി ഫാറൂഖി സാഹിബ്. യമനിലെ ഇസ്‌ലാമിക പ്രസ്ഥാനമായ 'ജംഇയ്യത്തുല്‍ ഇസ്‌ലാഹു'മായി ബന്ധമുള്ള പത്രലേഖകനായിരുന്നു അയാള്‍. സംസാരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഒന്ന് രണ്ട് ചോദ്യങ്ങള്‍ അയാള്‍ക്ക് മുന്നില്‍ ഉന്നയിച്ചു. 'ദ ഹര്‍ബുര്‍റുഫഖാ' (ഇത് സഖാക്കള്‍ തമ്മിലുള്ള യുദ്ധമാണ്) എന്ന ഒരു വാക്കിനപ്പുറം സംഭാഷണം ഒരടി മുന്നോട്ട് നീങ്ങിയില്ല. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ ആളുണ്ടെങ്കില്‍ 'ശര്‍ഖുല്‍ ഔസത്തി'ലെ കട്ടിംഗുകള്‍ ശേഖരിച്ചു തരാം എന്ന് പറഞ്ഞു ഞാന്‍ ഫാറൂഖി സാഹിബില്‍നിന്ന് ഒഴിഞ്ഞുമാറി.

ഇറാന്‍ എംബസി തടങ്കലില്‍
ഇറാന്‍ വിപ്ലവകാലത്ത് വിദ്യാര്‍ഥികള്‍ തെഹ്‌റാനിലെ അമേരിക്കന്‍ എംബസി കൈയേറിയപ്പോള്‍ പ്രതികാരമായി ചില വിപ്ലവ വിരുദ്ധ ശക്തികള്‍ ലണ്ടനിലെ ഇറാന്‍ എംബസി ഉപരോധിക്കുകയുണ്ടായി. ആ സമയത്ത് ഹാശിര്‍ ഫാറൂഖിയും എംബസിയില്‍ കുടുങ്ങുകയുണ്ടായി. ഇംപാക്ടുമായി ബന്ധപ്പെട്ടു ചില വിവരങ്ങള്‍ ശേഖരിക്കാന്‍ എംബസിയിലെത്തിയതായിരുന്നു അദ്ദേഹം. ഡോ. എ. ഇസ്സത്തി (ഹിസ്റ്ററി ഓഫ് സ്‌പ്രെഡ് ഓഫ് ഇസ്്‌ലാം' എന്ന കൃതിയുടെ കര്‍ത്താവ്. എംബസിയിലെ കള്‍ച്ചറല്‍ അറ്റാഷെയായിരുന്നുവെന്ന് തോന്നുന്നു അദ്ദേഹം)യോടൊപ്പമായിരുന്നു അദ്ദേഹം. ആയുധധാരികളുടെ മുന്നില്‍ ഇസ്സത്തി ദയനീയമായി വെപ്രാ
ളപ്പെട്ടപ്പോള്‍ ഫാറൂഖി നിര്‍ഭീതനായി ഉപരോധം ആസ്വദിക്കുകയായിരുന്നു. ആയുധധാരികളുമായി സമചിത്തതയോടെ സംഭാഷണം നടത്തി അക്രമ സംഭവമൊക്കെ ഒഴിവാക്കി സമാധാനപരമായി ഉപരോധം അവസാനിപ്പിച്ചതിലും അദ്ദേഹത്തിനായിരുന്നു മുഖ്യ പങ്കാളിത്തം. പിന്നീട് ഉപരോധ സംഭവത്തിലെ അനുഭവങ്ങള്‍ ഇംപാക്ടിലെഴുതിയ വിശദമായ ലേഖനത്തില്‍ വായനക്കാരുമായി അദ്ദേഹം പങ്കുവെക്കുകയുമുണ്ടായി.
ഇറാന്‍ വിപ്ലവ കാലത്ത് അവിടത്തെ സംഭവവികാസങ്ങള്‍ ആധികാരികമായും സത്യസന്ധതയോടു കൂടിയും റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ അദ്ദേഹം നിഷ്ഠ പുലര്‍ത്തിയിരുന്നു. എങ്കിലും വിപ്ലവത്തിന്റെ ശിയാവിഭാഗീയതയില്‍ അദ്ദേഹത്തിന് ആശങ്കകളുണ്ടായിരുന്നു. അതുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തന്റെ നിലപാടിലെ ഈ സംവരണം ചിലരുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം പങ്ക് വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിംഗിലെ സത്യസന്ധതയില്‍ അതൊന്നും ഒട്ടും നിഴലിക്കുകയുണ്ടായില്ല.

ഇംപാക്ട് നിറുത്തുന്നു
2013-ലാണ് ഇംപാക്ടിന്റെ അവസാന ലക്കം ഇറങ്ങിയത്. അതിന് മുമ്പും പലതവണ മുടങ്ങുമെന്നായപ്പോള്‍ അഭ്യുദയ കാംക്ഷികളുടെ പിന്തുണയോടെ പിടിച്ചു നില്‍ക്കുകയായിരുന്നു ഡോ. സഈദ് റമദാന്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ തന്റെ പരിചിത വൃത്തങ്ങളുമായി ബന്ധപ്പെട്ട് സഹായിച്ചത് അദ്ദേഹത്തെ സംബന്ധിച്ച ചരമക്കുറിപ്പില്‍ ഫാറൂഖി സാഹിബ് തന്നെ അനുസ്മരിച്ചിട്ടുണ്ട്. കൂടുതല്‍ വരിക്കാരെ സംഘടിപ്പിക്കാനുള്ള ഫാറൂഖി സാഹിബിന്റെ അപേക്ഷ മാനിച്ചു ഒരിക്കല്‍ ഈ ലേഖകനും 'പ്രബോധന'ത്തില്‍ ഒരു കുറിപ്പ് എഴുതുകയുണ്ടായി.
നിലപാടുകള്‍ നേര്‍പ്പിച്ചിരുന്നെങ്കില്‍ ചില മുസ്‌ലിം രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ തന്നെ ഇംപാക്ട് ഏറ്റെടുക്കാന്‍ തയാറായിരുന്നു. അതില്‍ രാജിയാകാന്‍ അദ്ദേഹം തയാറായില്ല. തന്റെ സുഹൃത്തും സുഊദി വര്‍ത്തക പ്രമുഖനുമായ സലാഹുദ്ദീന്‍ ലണ്ടനില്‍നിന്ന് 'അറേബ്യ' എന്ന പ്രൗഢ മാഗസിന്‍ തുടങ്ങിയപ്പോള്‍ ഇംപാക്ട് നിര്‍ത്തി അതേറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴും ഫാറൂഖി സാഹിബ് ഒഴിഞ്ഞു മാറുകയാണുണ്ടായത്. ലിബറല്‍ ഇസ്‌ലാമിസ്റ്റുകളായ ഫത്ഹീ ഉസ്മാ
നും ഫഹ്മീ ഹുവൈദയുമൊക്കെയാണ് പിന്നീട് അതിന്റെ അമരക്കാരായത് (തുടക്കം ഗംഭീരമായിരുന്നെങ്കിലും അധികം വൈകാതെ 'അറേബ്യ'യും അസ്തമിച്ചു പോവുകയാണുണ്ടായത്).
അവസാനം 2013-ല്‍ ഇംപാക്ടിന്റെ പ്രസിദ്ധീകരണം നിലച്ചു. പിന്നെയും ഞങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധം ഇമെയിലുകളിലൂടെ തുടര്‍ന്നു. ഖത്തറിലായിരിക്കെ, ഇംഗ്ലീഷില്‍ എഴുതി ശീലമില്ലാത്ത ഈ ലേഖകനെക്കൊണ്ടുപോലും അദ്ദേഹം ചരമക്കോളത്തില്‍ ചെറിയ കുറിപ്പുകള്‍ എഴുതിച്ചിരുന്നു.
'പ്രബോധന'ത്തിലുണ്ടായിരുന്നപ്പോള്‍ ഇംപാക്ടിന്റെ എല്ലാ ലക്കങ്ങളും ബൈന്റ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഗള്‍ഫില്‍നിന്ന് തിരിച്ചുവന്നപ്പോള്‍ ചില പഴയ ലക്കങ്ങള്‍ ആവശ്യമായി വന്നപ്പോള്‍ കിട്ടിയില്ല. ഫാറൂഖി സാഹിബിന്നെഴുതിയപ്പോള്‍ അദ്ദേഹം അത് തിരഞ്ഞുപിടിച്ച് തപാലില്‍ അയച്ചുതന്നു. യൂസുഫ് ഇസ്‌ലാ(കാറ്റ് സ്റ്റീവന്‍സന്‍)മിന്റെ ആത്മകഥ 'വൈ ഐ കാരിഡ് എഗന്‍ എ ഗിറ്റാര്‍' ഐ.പി.എച്ച് പ്രസിദ്ധീകരിച്ചപ്പോള്‍ അനുമതിക്കായി ഗ്രന്ഥകാരന്റെ വിലാസം തേടി ഫാറൂഖി സാഹിബിന്നാണ് എഴുതിയിരുന്നത്. മറുപടി അയച്ച കൂട്ടത്തില്‍ അദ്ദേഹം ഇത്രകൂടി എഴുതുകയുണ്ടായി: 'ഏതായാലും വീണ്ടും ഗിത്താര്‍ കൈയിലെടുക്കുന്നതിന് മുമ്പ് ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.' മറ്റൊരിക്കല്‍ സിയാഉദ്ദീന്‍ സര്‍ദാറിന്റെ 'റീഡിംഗ് ഖുര്‍ആനെ' കുറിച്ച ഒരു കുറിപ്പു അദ്ദേഹത്തിനയച്ചു കൊടുത്തു. 'സര്‍ദാറിന് അറബി എന്നല്ല ഉര്‍ദുപോലും അറിയില്ലെന്ന് നിങ്ങള്‍ക്കറിയുമോ' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സര്‍ദാറിനെ മലയാളികള്‍ അറിയുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പല ലേഖനങ്ങളും വെളിച്ചം കണ്ടിരുന്നത് ഇംപാക്ടിലാണെന്ന് കൂടി ഇവിടെ ഓര്‍ക്കണം.
ഇന്ത്യയിലെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ വരുന്ന, അദ്ദേഹത്തിന് താല്‍പര്യമുള്ള ലേഖനങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് വരെ അദ്ദേഹത്തിന് ഫോര്‍വേഡ് ചെയ്ത് കൊടുക്കാറുണ്ടായിരുന്നു. തിരിച്ചു അദ്ദേഹവും അയക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം മുസ്‌ലിം ലീഗ് നേതാവ് ഇസ്മാഈല്‍ സാഹിബിന്റെ ജീവചരിത്രമാണ് ആവശ്യപ്പെട്ടത്. അത് അന്വേഷിക്കുന്നതിനിടയില്‍ നിരന്തരം അദ്ദേഹം റിമൈന്ററുകള്‍ അയച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷില്‍ അത് ലഭ്യമായിരുന്നില്ല. പകരം മുഹമ്മദ് റസാ ഖാന്റെ വാട്ട് പ്രൈസ് ഫ്രീഡത്തിന്റെ ഒരു സിഡി അയച്ചുകൊടുത്തു.
കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പുവരെ ഞങ്ങള്‍ തമ്മിലുള്ള ഈ വിനിമയം തുടര്‍ന്നുകൊണ്ടിരുന്നു. കോവിഡിന്റെ കുറച്ചു മുമ്പാണ് അത് നിലച്ചുപോയത്. നവതി കഴിഞ്ഞ അദ്ദേഹം പറ്റേ കിടപ്പിലായിക്കാണണം. ഭാര്യ ഫാഖിറ ബീഗം നേരത്തെ തന്നെ നിര്യാതയായിരുന്നു. യു.കെയിലുള്ള ഷാഹീന്‍ കെ. മൊയ്തുണ്ണി വഴിയാണ് പിന്നീടദ്ദേഹത്തിന്റെ ക്ഷേമാന്വേഷണങ്ങള്‍ നടന്നത്. ചരമവിവരം അറിയിച്ചതും ഷാഹീന്‍ തന്നെ. എല്ലാ നിലക്കും ദഅ്‌വത്ത് പത്രാധിപര്‍ മുസ്‌ലിം സാഹിബിന്റെതിന് സമാനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സമ്പാദിക്കാന്‍ ഒരുപാടവസരം അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതാന്ത്യം വരെ നിരാര്‍ഭാടമായ ഒരു വാടക വീട്ടിലായിരുന്നു അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും താമസം. അദ്ദേഹം എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അത് പരലോകത്തിലേക്ക് വേണ്ടി മാത്രമായിരുന്നു.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ -23-27
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റച്ചെരിപ്പിലെ നടത്തം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌