Prabodhanm Weekly

Pages

Search

2022 ജനുവരി 28

3237

1443 ജമാദുല്‍ ആഖിര്‍ 25

സാക്ഷാത്കരിക്കേണ്ടത് തുല്യതയല്ല, നീതിയാണ്

ടി. മുഹമ്മദ് വേളം

ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് ജെന്‍ഡര്‍ ഇക്വാലിറ്റി അഥവാ ലിംഗസമത്വം എന്ന ആശയം ഉണ്ടാക്കാനുള്ള പ്രയോഗ വഴിയാണ്. ലിംഗപരമായ പ്രകടനങ്ങളെല്ലാം ഏകീകരിച്ചാല്‍ ലിംഗസമത്വം ഉണ്ടാകുമോ എന്നത് തന്നെ സംവാദ സാധ്യതയുള്ള വിഷയമാണ്. ലിംഗവ്യത്യാസം പ്രകൃതിപരമായതുകൊണ്ടുതന്നെ ബാഹ്യനടപടികളിലൂടെ അതിനെ സമ്പൂര്‍ണമായി ഇല്ലാതാക്കാനാവില്ല. ഇല്ലാതാക്കേണ്ടതില്ല എന്നത് നൈതിക താല്‍പര്യം കൂടിയാണ്. ആത്മാവിന്റെ തലത്തില്‍ ആണും പെണ്ണും തുല്യരാണ്. ഭൗതിക ജീവിതത്തില്‍ തുല്യത ഉണ്ടാവേണ്ട കാര്യങ്ങളും ഉണ്ടാവേണ്ടതില്ലാത്ത കാര്യങ്ങളുമുണ്ട്. തുല്യത നടപ്പിലാക്കിയാല്‍ അത് സ്ത്രീയെ പ്രതികൂലമായി ബാധിക്കുന്ന മേഖലകളും കാണാന്‍ കഴിയും.
അടിസ്ഥാനപരമായി വ്യത്യസ്തതയുള്ളവര്‍ക്കിടയില്‍ സാക്ഷാത്കരിക്കപ്പെടേണ്ടത് തുല്യതയല്ല നീതിയാണ്. മനുഷ്യജീവിതത്തിലെ ഏറ്റവും പരമപ്രധാനമായ തത്ത്വം നീതിയാണ്. അതേസമയം സമത്വത്തെ സമ്പൂര്‍ണമായി നിരാകരിക്കുന്നത് അബദ്ധവുമായിരിക്കും. സമത്വം നീതിയുടെ കീഴില്‍ വരേണ്ട മൂല്യമാണ്. മൂല്യങ്ങളുടെ നായകപദവി കൈയാളേണ്ടത്, അധ്യക്ഷപദവി ഏറ്റെടുക്കേണ്ടത് സമത്വമല്ല നീതിയാണ്. നീതി കൈവരിക്കാന്‍ സമത്വം ഉണ്ടാവണമെങ്കില്‍ സമത്വം നടപ്പിലാക്കണം. സമത്വം നടപ്പിലാക്കിയാല്‍ അനീതിയാണ് സംഭവിക്കുക എങ്കില്‍ സമത്വം നടപ്പിലാക്കരുത്. സമത്വം എപ്പോഴും നീതി പ്രദാനം ചെയ്തുകൊള്ളണമെന്നില്ല. 
അതിനുദാഹരണമാണ് ഇന്ത്യയിലെ സംവരണ സംവിധാനം. സംവരണത്തിലുള്ളത് സമത്വമല്ല, നീതിയാണ്. എന്നല്ല 1990-ല്‍ വി.പി സിംഗ് ഗവണ്‍മെന്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ശിപാര്‍ശ ചെയ്യുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയപ്പോള്‍ അതിനെതിരെ ഉയര്‍ന്നുവന്ന പ്രസ്ഥാനത്തിന്റെ പേര് സാമൂഹിക സമത്വ പ്രസ്ഥാനം (Movement for Social Equality) എന്നായിരുന്നു. സംവരണത്തിലുള്ളത് സമത്വമല്ല; സാമൂഹിക നീതിയാണ്. സമത്വം താല്‍പര്യപ്പെടുന്നത് മുഴുവന്‍ സീറ്റുകളും തുറന്ന മത്സരത്തിന് വെക്കുക എന്നതാണ്. ബസ്സില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണമുണ്ട്. നമ്മുടെ ബസ്സിലെ കുറച്ചു സീറ്റുകളെങ്കിലും ജന്‍ഡര്‍ ന്യൂട്രല്‍ അല്ല. അങ്ങനെ ന്യൂട്രല്‍ ആയിരുന്നെങ്കില്‍ തിരക്കുള്ള ഒരു ബസില്‍ അതിലെ സീറ്റുകള്‍ ഭൂരിഭാഗവും കൈക്കരുത്തുള്ള പുരുഷന്മാര്‍ക്ക് ലഭിക്കാനായിരുന്നു സാധ്യത. ഇനി ബസ്സിലെ സ്ത്രീ സംവരണത്തിനകത്തുതന്നെ ഉപസംവരണമുണ്ട്. അമ്മയും കുഞ്ഞും എന്ന സംവരണ സീറ്റ് ഈ ഉപസംവരണത്തിന്റ ഭാഗമാണ്. ഈ ഉപസംവരണമില്ലെങ്കില്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെട്ട മുഴുവന്‍ സീറ്റുകളും  കൈകുഞ്ഞില്ലാത്ത സ്ത്രീകളിലെ കരുത്തുള്ളവര്‍ക്ക് ലഭിക്കാനാണ് സാധ്യത. സമത്വം എപ്പോഴും നീതി കൊണ്ടുവരുന്നില്ല എന്നത് ഇനിയും ഒരുപാടു ജീവിതസന്ദര്‍ഭ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാന്‍ കഴിയും. എന്നാല്‍ നീതി സ്ഥാപിക്കാന്‍ സമത്വം അനിവാര്യമായ സന്ദര്‍ഭങ്ങളും ജീവിതത്തില്‍ കാണാന്‍ കഴിയും. മക്കളെ വളര്‍ത്തുമ്പോള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ വിവേചനം കല്‍പ്പിക്കാതെ വളര്‍ത്താന്‍ പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്. 'ഒരാള്‍ക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരിക്കുകയും അവനവളെ കുഴിച്ചുമൂടുകയോ നിന്ദിക്കുകയോ അവളേക്കാള്‍ തന്റെ ആണ്‍സന്താനത്തിന് പ്രാമുഖ്യം നല്‍കുകയോ ചെയ്യാതിരുന്നാല്‍ അവനെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും' (അബൂദാവൂദ്). വിദ്യാഭ്യാസത്തില്‍ പൊതുവില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ തുല്യ അവസരം നല്‍കിയാല്‍ മാത്രമേ നീതി സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ.
സ്ത്രൈണ ഗുണങ്ങളെല്ലാം ഗാര്‍ഹികവല്‍ക്കരിക്കപ്പെടേണ്ടതും പൗരുഷ ഗുണങ്ങളെല്ലാം സാമൂഹിക ജീവിതത്തിനു വേണ്ടിയുള്ളതുമാണെന്ന ദ്വന്ദ്വയുക്തിയും ഇസ്ലാം അംഗീകരിക്കുന്നില്ല. കുടുംബജീവിതത്തിന്റെ നായകനായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത് പുരുഷനെയാണ്. പലതരം  സാമൂഹികോത്തരവാദിത്തങ്ങള്‍ ചിലപ്പോള്‍ നിര്‍ബന്ധമായും ചിലപ്പോള്‍ ഐഛികമായും ഇസ്ലാം സ്ത്രീകളെയും ഏല്‍പ്പിക്കുന്നുണ്ട്. സ്ത്രീകളുടെ കാര്യത്തില്‍ കേവലമായ ജീവശാസ്ത്ര നിര്‍ണ്ണയ വാദമല്ല ഇസ്ലാം മുന്നോട്ടുവെക്കുന്നത്. സ്ത്രീകളുടെ ജൈവികമായ ചുമതലകളെ നിഷേധിക്കാതെയും ചെറുതായി കാണിക്കാതെയുമാണ് ഇത് ചെയ്യുന്നത് എന്നു മാത്രം. അത് സ്ത്രീ പ്രകൃതിയോടും മനുഷ്യവംശത്തോടും ഇസ്ലാം പുലര്‍ത്തുന്ന നീതിയുടെ ഭാഗമാണ്. 
തൊഴിലും രാഷ്ട്രീയരംഗവും കായികശക്തിപ്രധാനമായ കാലത്തിന്, യന്ത്രകാലം മൗലികമായിത്തന്നെ മാറ്റം വരുത്തിയിരിക്കുന്നു എന്നതും ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ തീര്‍ത്തും ജൈവപരമായ ഉത്തരവാദിത്തങ്ങളെ യന്ത്രം പകരം വെക്കുകയില്ല. സ്ത്രീകളുടെ ജൈവപരം തന്നെയായ പല ഗുണങ്ങളെയും ഇനിയും സാമൂഹികവല്‍ക്കരിക്കേണ്ടതുണ്ട്. ഒരേ കാര്യത്തില്‍ സ്ഥിരചിത്തതയോടെ ദീര്‍ഘനാള്‍ ഉറച്ചുനില്‍ക്കാനുള്ള കഴിവ് പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണുള്ളത്. പരീക്ഷാ വിജയങ്ങളില്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ നടത്തുന്ന മുന്നേറ്റത്തിന്റെ കാരണം അതാണ്.
സ്ത്രീക്ക് ലഭ്യമാവേണ്ട നീതി എന്നത് നീതിയെക്കുറിച്ച ചര്‍ച്ചയില്‍ പരമപ്രധാനമാണ്. കാരണം പുരുഷന്റെ കൈക്കരുത്തില്‍ നീതി നിഷേധിക്കപ്പെടാന്‍ ഏറെ സാധ്യതയുള്ളവളാണ് സ്ത്രീ. ശക്തിയെ ധാര്‍മികതകൊണ്ട് നിയന്ത്രിക്കുന്നിടത്താണ് നീതി പൂക്കുക. അതുകൊണ്ടാണ് പ്രവാചകന്‍ പറഞ്ഞത്, സന്‍അയില്‍നിന്ന് ഹളറമൗത്തിലേക്ക് ഒരാള്‍ക്ക് അവന്റെ ഒപ്പമുള്ള ആടിനെ ചെന്നായ പിടിക്കുമോ എന്നല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ സഞ്ചരിക്കാന്‍ കഴിയുന്ന കാലം വരുമെന്ന്. ഹീറയില്‍ നിന്ന് ഒരു സ്ത്രീ ഒറ്റക്ക് ഹജ്ജിനു വന്നു തിരിച്ചു പോകുന്ന കാലം വരുമെന്നും പ്രവാചകന്‍ പറയുന്നുണ്ട്. ഇസ്ലാമിന്റെ സാമൂഹികപ്പുലര്‍ച്ച നീതിയുടെ സാമൂഹികപ്പുലര്‍ച്ചയാണ്. നീതി പുലരുന്നതിന്റെ അടയാളം ഒരു സമൂഹത്തില്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യമാണ്. കേവല സമത്വം നീതി ആയിരിക്കുകയില്ല എന്ന് മാത്രമല്ല ശക്തന്റെ അധികാര പ്രയോഗത്തിനുള്ള പശ്ചാത്തല സൗകര്യമൊരുക്കല്‍ കൂടിയായിരിക്കും. ജെന്‍ഡര്‍ ന്യൂട്രല്‍ ബാത്ത്റൂമുകളും ഹോസ്റ്റലുകളും ആത്യന്തികമായി പുരുഷന് സ്ത്രീശരീരത്തെ ചൂഷണം ചെയ്യാനുള്ള പശ്ചാത്തല സൗകര്യമൊരുക്കുകയാണ് ചെയ്യുക. അത് മനുഷ്യന്‍ ആര്‍ജിച്ച സംസ്‌കാരത്തില്‍നിന്ന് കേവല പ്രകൃതിയിലേക്കുള്ള  തിരിഞ്ഞുനടത്തമാണ്. മനുഷ്യവിതാനത്തില്‍ നിന്ന് മൃഗവിതാനത്തിലേക്കുള്ള പതനം. ആ പതനത്തിന് എത്ര നല്ല പുത്തന്‍ പേരുകള്‍ നല്‍കിയാലും പതിക്കുന്നത് മൃഗാവസ്ഥയിലേക്കാണ്. 

മുതലാളിത്ത അജണ്ട

മുതലാളിത്തം നിരന്തരമായി പുതുമയെത്തേടുന്ന (Innovative) ഒരാശയവും പ്രയോഗ പദ്ധതിയുമാണ്. നടന്നുകൊണ്ടിരിക്കുന്ന കച്ചവടം എങ്ങനെ കൂടുതല്‍ നന്നായി നടത്താം എന്നുമാത്രമല്ല, നിലവില്‍ കച്ചവടത്തിന്റെ മേഖലയല്ലാത്ത കാര്യങ്ങളെ എങ്ങനെ കച്ചവടത്തിലേക്ക് കൊണ്ടുവരാം എന്നു കൂടിയാണ് മുതലാളിത്തം ചിന്തിക്കുക. ഇന്ന് സാര്‍വത്രികമായ കുപ്പിവെള്ളം ഇതിന്റെ ചെറിയ ഉദാഹരണമാണ്. പച്ചവെള്ളം കച്ചവടം ചെയ്യാന്‍ കഴിയും എന്നത് അതിനുമുമ്പ് അത്ര ചിന്തിക്കാനാവുന്ന കാര്യമായിരുന്നില്ല. കുപ്പിവെള്ളത്തിനുമുമ്പും യാത്രകളില്‍ ആളുകള്‍ക്ക് വെള്ളം ലഭിച്ചിരുന്നു. കുപ്പിവെള്ളം തീര്‍ത്തും തെറ്റായ ഒരു കാര്യമാണെന്ന് ഇതിനര്‍ഥമില്ല.
മുതലാളിത്തത്തെ സംബന്ധിച്ചേടത്തോളം ലൈംഗികത വലിയ വിപണി സാധ്യതയുള്ള മനുഷ്യന്റെ ജൈവാവശ്യമാണ്. ഒരു പുതിയ കച്ചവട മേഖലയുടെ സാധ്യതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍  അതിനെ കച്ചവടവല്‍ക്കരിക്കുന്നതിനു മുന്നിലുള്ള തടസ്സങ്ങളെകുറിച്ചും ആ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചും മുതലാളിത്തം ചിന്തിക്കും. ലൈംഗികതയെ കച്ചവടവല്‍ക്കരിക്കുന്നതിനു മുമ്പിലുള്ള തടസ്സം സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ മതവും സദാചാരവും സൃഷ്ടിച്ച അതിരുകളും വിലക്കുകളുമാണ്. ഇതിനെ സമനിരപ്പാക്കി മാത്രമേ ലൈംഗികതയെ വിപണിവല്‍ക്കരിക്കാന്‍ കഴിയുകയുള്ളൂ. സ്ത്രീ പുരുഷ ബന്ധങ്ങളിലെ ഈ നിരപ്പാക്കല്‍ പ്രക്രിയയാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി പ്രോജക്ട്. ഇത് സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള അന്തരവും വിവേചനവും ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതാണ് എന്ന മുതലാളിത്തത്തിന്റെ വാദം തികഞ്ഞ കാപട്യമാണ്. ലോകത്തെ മൊത്തം ജെന്‍ഡര്‍ ന്യൂട്രല്‍ ആക്കിയാലും ശാരീരികമായി ആണും പെണ്ണും വ്യത്യസ്തമായി നിലനില്‍ക്കുമെന്ന് മുതലാളിത്തത്തിനും അറിയാം. എന്നുമാത്രമല്ല ആണിന്റെയും പെണ്ണിന്റെയും ലൈംഗിക ആവശ്യങ്ങള്‍ മുഖ്യമായും എതിര്‍ലിംഗങ്ങളിലൂടെയാണ് നിറവേറ്റപ്പെടുക എന്നും മുതലാളിത്തത്തിന്നറിയാം. എന്നാല്‍ സ്ത്രീപുരുഷന്മാര്‍ക്ക് ഇടയിലുള്ള സദാചാരത്തിന് അതിര്‍വരമ്പുകള്‍ ഇല്ലാതാക്കിയാല്‍ ലൈംഗിക വിപണിക്ക് ധാരാളം ഉല്‍പാദകരെയും ഉപഭോക്താക്കളെയും ലഭിക്കുമെന്ന് അത് കരുതുന്നു. ലൈംഗിക സദാചാര വിലക്കുകളില്ലാത്ത ലോകമാണ് മുതലാളിത്തത്തിന്റെ സ്വപ്‌നം. അത് ലൈംഗിക വിപണിയുടെ അനന്ത വിസ്തൃത ഭൂമിയാണ്.
ഇത് ലോകത്ത് ഒരുപാട് രാജ്യങ്ങളില്‍ കോര്‍പറേറ്റുകള്‍ നടപ്പിലാക്കി വിജയിപ്പിച്ച കാര്യമാണ്. തായ്‌ലാന്റിന്റെ ദേശീയ വ്യവസായങ്ങളില്‍ പ്രധാനപ്പെട്ടതാണ് സെക്സ് ടൂറിസം. കാനഡയുടെയും നെതര്‍ലന്‍ഡിലെയും ദേശീയ വരുമാനത്തില്‍ നല്ലൊരു ഭാഗം സെക്സ് ടൂറിസത്തില്‍ നിന്നാണ്. ഫിലിപ്പൈന്‍സ്, കൊറിയ, ജപ്പാന്‍, പടിഞ്ഞാറന്‍ യൂറോപ്പ്, മധ്യ യൂറോപ്പ് എന്നിവിടങ്ങളില്‍  സെക്‌സ് ടൂറിസവും ലൈംഗിക വിപണിയും തഴച്ചുവളരുകയാണ്. അമേരിക്കയില്‍ ഹോട്ടല്‍ വ്യവസായവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ലൈംഗികവിപണി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വസ്ത്രാക്ഷേപ വ്യവസായമാണ് പ്രധാനപ്പെട്ട വരുമാനമാര്‍ഗം.
അമേരിക്കയിലെ നഗരങ്ങളില്‍ മാത്രമല്ല ഉള്‍നാടുകളില്‍ പോലും ഹുട്ടേഴ്സ് റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ മുലകള്‍ക്ക് പറയുന്ന ഗ്രാമ്യമൊഴിയാണ് ഹുട്ടേഴ്സ് എന്നത്. യുവതികളായ പരിചാരികമാരാണ് അത്തരം റസ്റ്റോറന്റുകളിലെ ജീവനക്കാര്‍. ഇറക്കം കുറഞ്ഞ അരപ്പാവാടയും മുറുകിക്കിടക്കുന്ന ടീഷര്‍ട്ടുമാണ് ഈ യുവതികളുടെ വേഷം. മാറിടത്തില്‍ ഹുട്ടേഴ്സ് എന്ന് എഴുതിയിട്ടുണ്ടാവും. വസ്ത്രമുരിഞ്ഞു ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കസ്റ്റമേഴ്സിനെ ഷോപ്പുകളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് അവരുടെ പ്രധാനപ്പെട്ട തൊഴില്‍ (Sherry Lee Short Not For Sale, page 306). പല രാജ്യങ്ങളും അശ്ലീല രചനാ വ്യാപാരത്തിന് നിയമസാധുത്വം നല്‍കിയതിലൂടെ 500 കമ്പനികള്‍ മൂലധന നിക്ഷേപകരായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഒരുകാലത്ത് സോഷ്യലിസ്റ്റ് നാടായിരുന്ന ഹങ്കറിയാണ് ഇന്ന് നീലച്ചിത്ര നിര്‍മാണത്തിന്റെ ഹോളിവുഡ് (Not For Sale, page 40). വിലക്കുകള്‍ എടുത്തുമാറ്റുന്നതിലൂടെ ശ്ലീലതയും അശ്ലീലതയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്നു (ഡോ. പി. സോമന്‍ മാര്‍ക്‌സിസം, ലൈംഗികത, സ്ത്രീപക്ഷം: പേജ് 225). ജെന്‍ഡര്‍ ന്യൂട്രാലിറ്റി അതിര്‍വരമ്പുകളെ മായ്ച്ചുകളയാനാണ് ശ്രമിക്കുന്നത്. അത് കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള വിടുപണിയാണ്. 
ഇത് കേവല ഗൂഢാലോചനാസിദ്ധാന്തമല്ല. സമൂഹത്തില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത് ആരും എവിടെയും ഒരു ആസൂത്രണവും നടത്താതെയാണ് എന്ന് കരുതുന്നത് പരമനിഷ്‌കളങ്കതയായിരിക്കും. എന്നാല്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കുവേണ്ടി വാദിക്കുന്നവരെല്ലാം ഒരു മുതലാളിത്ത ഗൂഢാലോചനയില്‍ പങ്കാളിയാവുകയാണെന്നല്ല  ഇതിനര്‍ഥം. പല പരിപ്രേക്ഷ്യങ്ങളില്‍ നിന്നുകൊണ്ട് ഈ വാദത്തിന്റെ ഭാഗമാകുന്നവരുണ്ടാവും. പക്ഷേ ഈ വാദത്തിന്റെ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെ മനസ്സിലാക്കാതെ ഇതിനെ ഒരിക്കലും നമുക്ക് പൂര്‍ണ്ണമായും ശരിയായും മനസ്സിലാക്കാനാവില്ല. 
ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിവാദം ഉണ്ടാവുന്നതിന്റെ തൊട്ടുമുമ്പാണ് കേരളത്തില്‍ ഹലാല്‍ വിവാദം ഉണ്ടായത്. ഇത് രണ്ടും തമ്മില്‍ ഗൂഢാലോചനപരമായ ബന്ധമൊന്നുമില്ലെങ്കിലും മുതലാളിത്ത താല്‍പര്യങ്ങളുമായി ചേര്‍ന്നുകിടക്കുന്ന ബന്ധങ്ങളുണ്ട്. ഹലാല്‍ വിവാദം ഇസ്ലാമോഫോബിക് ആയ ഒരു പ്രചാരണം ആയിരിക്കെതന്നെ മറ്റൊരര്‍ഥത്തില്‍ പൊതുജീവിതത്തില്‍ വിലക്കുകള്‍ ഉണ്ടാവുന്നതിനെതിരായ വിവാദം കൂടിയായിരുന്നു. ഭക്ഷണത്തില്‍ മതപരമായ വിലക്കുകള്‍ ഉണ്ടാവാന്‍ പാടില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അത് പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാന്‍ പാടില്ല, എന്നതായിരുന്നു ഹലാല്‍ വിവാദം മുന്നോട്ടുവെക്കാന്‍ ശ്രമിച്ച പ്രമേയം. രതിയും രുചിയുമൊക്കെ മതവിലക്കുകളില്‍ നിന്ന് മുക്തമായിരിക്കണമെന്ന മുതലാളിത്ത ആശയമാണ് ഈ വിവാദത്തിന്റെ  പ്രധാന മൂലധനം.
സംഘ്പരിവാറും സി.പി.എമ്മും ഈ വിവാദത്തില്‍ ഇടപെട്ടതും മേല്‍പ്പറഞ്ഞ ലിബറല്‍ യുക്തി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. ഭക്ഷണത്തിലെ മതവിലക്ക് പബ്ലിക്കില്‍ കൊണ്ടുവരരുത് എന്നതായിരുന്നു ബി.ജെ.പിയുടെ ഒരു പ്രധാന വാദം. മുസ്‌ലിംകള്‍ക്കെതിരായ  വിദ്വേഷ പ്രചാരണം നടത്തുന്നതോടൊപ്പംതന്നെ. അതില്‍ ഇടപെട്ടുകൊണ്ട് സി.പി.എം പറഞ്ഞത് ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്നായിരുന്നു. ഈ രണ്ടു വാദങ്ങളും ഭക്ഷണത്തെക്കുറിച്ച ലിബറല്‍ യുക്തിയാണ്. ഭക്ഷണത്തില്‍ വംശീയ വ്യത്യാസങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരാണ് സംഘ്പരിവാര്‍. വംശീയതക്ക് ലിബറലിസത്തില്‍ എപ്പോഴും ഒരു ഇടം ഉണ്ടാവും. ഇസ്ലാമിന്റെ ഇതുപോലുള്ള മത വിലക്കുകള്‍ അങ്ങനെയല്ല. അത് ലിബറലിസത്തിനു പുറത്താണ്. മത വിലക്കുകളില്ലാത്ത പൊതുമണ്ഡലം എന്ന കോര്‍പ്പറേറ്റ് അജണ്ടയാണ് ആ വിവാദത്തില്‍ ബി.ജെ.പിയും സി.പി.എമ്മും ആശയപരമായി പ്രതിനിധീകരിക്കാന്‍ ശ്രമിച്ചത്. ഹലാല്‍, കോര്‍പ്പറേറ്റുകള്‍ സമനിരപ്പാക്കുന്ന ലോകത്തിനെതിരായ പ്രതിരോധം കൂടിയാണ്. 
പെണ്‍കുട്ടികളുടെ വിവാഹപ്രായമുയര്‍ത്താനുളള കേന്ദ്രഗവണ്‍മെന്റിന്റെ നീക്കത്തില്‍ ബഹുവിധ താല്‍പര്യങ്ങളുണ്ട്. ഇത്വഴി മുസ്ലിം വിരുദ്ധതയെ ഊതിക്കത്തിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നുണ്ടാവും; ഇത് മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന കാര്യമൊന്നുമല്ലെങ്കിലും. ജനസംഖ്യ നിയന്ത്രണ പദ്ധതികളുമായും ഇതിന് ബന്ധമുണ്ടാകാനിടയുണ്ട്. അതിനെല്ലാമൊപ്പം ജന്‍ഡര്‍ ന്യൂട്രാലിറ്റിയിലെ കോര്‍പറേറ്റ് അജണ്ട ഇതിലും പ്രവര്‍ത്തിക്കുന്നുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിയമസാധുതയുള്ള പ്രായം പതിനെട്ടാണ്. പക്ഷെ വിവാഹം കഴിക്കണമെങ്കില്‍ 21 വയസ്സാവണം. സദാചാരവിലക്കുകളെ തകര്‍ക്കുക, വിവാഹബാഹ്യബന്ധങ്ങളുടെ സംസ്‌കാരം വളര്‍ത്തിയെടുക്കുക, ലൈംഗിക വിപണിയെ ത്വരിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളും ഇതിന്റെ പിന്നിലുണ്ട്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി ദല്ലാള്‍പണി ചെയ്യുന്നതിന്റെ ഭാഗമാണ് കേരള ഗവണ്‍മെന്റിന്റെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി പ്രൊജക്ടും കേന്ദ്രഗവണ്‍മെന്റിന്റെ പെണ്‍കുട്ടികളുടെ വിവാഹപ്രായമുയര്‍ത്തല്‍ നയവും. 
ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് ഒരു അബദ്ധത്തില്‍നിന്ന് ഉത്ഭവിച്ച അബദ്ധപരമ്പരയുടെ പേരാണ്. പുരുഷ ശരീരവും സ്ത്രീ മനസ്സും ഉള്ളവരെയും സ്ത്രീ ശരീരവും പുരുഷ മനസ്സും ഉള്ളവരെയും കുറിക്കാനാണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്. ഈ പ്രശ്നം എന്തുകൊണ്ട് ഉണ്ടാവുന്നു എന്നത് ഇനിയും വിശകലനങ്ങള്‍ നടക്കേണ്ട കാര്യമാണ്. അതിനു പരിഹാരം  അവരുടെ ശരീരത്തെ പരിഗണിച്ചുകൊണ്ടുള്ള സമീപനം അവരോട് സ്വീകരിക്കുക എന്നതാണ്. ലഭ്യമാവുന്ന ചികിത്സകളിലൂടെയും ഭേദമാവാത്ത മാനസികമായ കാര്യങ്ങളില്‍ അവര്‍ നിയന്ത്രണവും ക്ഷമയും കൈക്കൊള്ളുകയാണ് ചെയ്യേണ്ടത്. അതിനുപകരം ഈ വ്യതിയാനത്തെ മൊത്തം മനുഷ്യരുടെ ലൈംഗിക സ്വത്വ നിര്‍ണയത്തിന് അടിസ്ഥാനമാക്കുകയാണ് ലിബറലിസം ചെയ്തത്. അതുവഴി അവര്‍ സെക്സിനെയും  ജെന്‍ഡറിനെയും കൂട്ടിക്കുഴച്ചു. ഒടുവില്‍ ഇതില്‍ ഒരു നിര്‍മ്മിത സ്വത്വത്തിനുവേണ്ടി മനുഷ്യനിലെ യഥാര്‍ത്ഥ ലിംഗ സ്വത്വപ്രകാശനങ്ങള്‍ അടിച്ചമര്‍ത്തുന്ന രീതികളിലേക്ക് അവര്‍ക്ക് എത്തേണ്ടിവന്നു. ഇത് ഒരു വലിയ വൈരുധ്യത്തിലാണ് ലിബറലിസത്തെ കൊണ്ടുചെന്നെത്തിച്ചത്. ഒരു ഭാഗത്ത് ഉത്തരാധുനിക ലിബറലിസം എല്ലാ സ്വത്വങ്ങളുടെയും പ്രകാശനത്തെ ആഘോഷിക്കുന്നു. മറുഭാഗത്ത് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയിലൂടെ സ്ത്രീകളുടെ സ്വത്വപ്രകാശനത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു!
വിശാലമായ അര്‍ഥത്തില്‍ ഇതൊരു പൈശാചിക പ്രവണതയാണ്. അല്ലാഹു പറയുന്നു: ''അല്ലാഹുവില്‍ പങ്കാളികളെ കല്‍പ്പിക്കുന്നവര്‍ ദുര്‍മാര്‍ഗത്തില്‍ ഏറെ ദൂരം പിന്നിട്ടവരാണ്. അവര്‍ അല്ലാഹുവിനെ വെടിഞ്ഞ് ദേവതകളെ ആരാധ്യരാക്കുന്നു. ധിക്കാരിയായ സാത്താനെ ആരാധ്യനാക്കുന്നു. അല്ലാഹുവാകട്ടെ അവനെ ശപിച്ചിരിക്കുന്നു. അവന്‍ അല്ലാഹുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. നിന്റെ അടിമകളില്‍ ഒരു നിശ്ചിതമാളുകളെ ഞാന്‍ പിടിച്ചെടുക്കുക തന്നെ ചെയ്യും. ഞാന്‍ അവരെ വഴിതെറ്റിക്കും, വ്യാമോഹങ്ങളില്‍ അകപ്പെടുത്തും ....... ഞാനവരോട് ആജ്ഞാപിക്കും. എന്റെ ആജ്ഞയനുസരിച്ച് അവര്‍ അല്ലാഹുവിന്റെ സൃഷ്ടിയെ അലങ്കോലപ്പെടുത്തും. അല്ലാഹുവിനെ കൂടാതെ സാത്താനെ മിത്രവും രക്ഷകനും ആക്കുന്നവന്‍ സ്പഷ്ടമായ നഷ്ടത്തില്‍ അകപ്പെട്ടതുതന്നെ. അവന്‍ അവരോട് വാഗ്ദാനങ്ങള്‍ ചെയ്യുന്നു. അവരില്‍ വ്യാമോഹങ്ങള്‍ ജനിപ്പിക്കുന്നു. പക്ഷേ സാത്താന്റെ വാഗ്ദാനങ്ങള്‍ വെറും വഞ്ചനയല്ലാതെ മറ്റൊന്നുമല്ല'' (അന്നിസാഅ് 116 - 120).
ഇവിടെ പിശാചിനെ വിളിച്ചു പ്രാര്‍ത്ഥിക്കുക അല്ലെങ്കില്‍ ആരാധിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് പിശാചാരാധനയല്ല. അതു വളരെ നാമമാത്രമായ അളവിലുള്ള ഒരു സമീപകാല പ്രതിഭാസമാണ്. മറിച്ച് ഇവിടെ അര്‍ത്ഥമാക്കുന്നത് പിശാചിന്റെ ആജ്ഞ അനുസരിച്ച് ജീവിത കാര്യങ്ങള്‍ ചിട്ടപ്പെടുത്തുക എന്നതാണ്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ മാറ്റംവരുത്താന്‍ പിശാച് പ്രേരിപ്പിക്കുകയും അതിന്റെ സാധ്യതകളെക്കുറിച്ച് വ്യാമോഹിക്കുകയും ചെയ്യുമെന്ന്  അല്ലാഹു പറയുന്നു. ജെന്‍ഡര്‍ ഫ്ലൂയിഡിറ്റിയും, ന്യൂട്രാലിറ്റിയുമൊക്കെ അല്ലാഹുവിന്റെ സൃഷ്ടിഘടനയില്‍ മാറ്റം വരുത്താനുള്ള പൈശാചിക പ്രേരണയുടെ ഭാഗമാണ്. പിശാച് ഇത് ചെയ്യുന്നത് മനുഷ്യനെ അല്ലാഹു ആദരിച്ചതിനുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ്. അതുകൊണ്ടുതന്നെ ജെന്‍ഡര്‍ ഫ്ലൂയിഡിറ്റി, ന്യൂട്രാലിറ്റി വാദങ്ങള്‍ മൗലികമായി മനുഷ്യവിരുദ്ധ വാദങ്ങളാണ്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ -23-27
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റച്ചെരിപ്പിലെ നടത്തം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌